സിംഗപ്പൂരിലെ ലോകപ്രശസ്ത നാടകപഠന കേന്ദ്രമായ തിയറ്റർ ട്രെയിനിംഗ് ആൻറ്റിസർച്ച് പ്രോഗ്രാമിൽ (പിന്നീടതിനെ ഇന്റർ കൾച്ചറൽ തിയറ്റർ എന്ന് പുനർനാമകരണം ചെയ്തു) പരിശീലനം പൂർത്തിയായപ്പോൾ മുന്നിലേക്കെത്തിയ ഏറ്റവും ആകർഷകമായ അവസരം ഞാൻ ബിരുദാനന്തര ബിരുദമെടുത്ത ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്‌സിറ്റിയിലെ തിയറ്റർ വിഭാഗത്തിലേക്ക് ആറു മാസത്തെ അഭിനയ പരിശീലകനായുള്ള അതിഥി അധ്യാപകന്റെ വേഷമായിരുന്നു. അന്നത്തെ വകുപ്പധ്യക്ഷനും മലയാളിയുമായ പ്രൊഫ. ബി. അനന്തകൃഷ്ണനാണ് അതിനായി മുൻകൈ എടുത്തത്.
എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഒരു നാടകാധ്യാപകനായി മാറുക എന്നൊന്നുണ്ടായിരുന്നില്ല. അഭിനേതാവ്, സംവിധായകൻ തുടങ്ങി നാടകത്തിന്റെ സമസ്ത മേഖലകളിലും സ്വതന്ത്രമായി അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം.
ഒട്ടേറെ ആശങ്കകളോടെയായിരുന്നു ആ വലിയ ഉത്തരവാദിത്വം ഏറ്റെടുത്തത്. എന്റെ വിദൂര സ്വപ്നങ്ങളിൽ പോലും ഒരു നാടകാധ്യാപകനായി മാറുക എന്നൊന്നുണ്ടായിരുന്നില്ല. അഭിനേതാവ്, സംവിധായകൻ തുടങ്ങി നാടകത്തിന്റെ സമസ്ത മേഖലകളിലും സ്വതന്ത്രമായി അന്തർദേശീയ തലത്തിൽ പ്രവർത്തിക്കുക എന്നതായിരുന്നു ജീവിത ലക്ഷ്യം. പക്ഷെ ഇന്ത്യയിലെ നാടകപ്രവർത്തകരെ സംബന്ധിച്ച് ജീവിതാവശ്യത്തിന് മതിയായ വരുമാനം ലഭിക്കാത്തയിടമായതുകൊണ്ടു കൂടി ഇത്തരമൊരു ജോലി സാമ്പത്തിക സുരക്ഷിതത്വവും, നമുക്കിഷ്ടമുള്ളതിനോട് ചേർന്നുനിൽക്കാൻ കഴിയുമെന്നുള്ളതിനാലും ആറു മാസത്തിനായി വന്ന ഞാൻ അവിടുത്തെ ആവശ്യപ്രകാരം രണ്ടു വർഷകാലം സേവനമനുഷ്ഠിച്ചു. നാടക വിദ്യാർത്ഥികളിലുണ്ടായ പുരോഗതിയും സ്വീകാര്യതയും ഈ രംഗത്ത് ഉറച്ചുനിൽക്കാൻ എന്നെ പ്രാപ്തനാക്കി. പിന്നീടിങ്ങോട്ടുള്ള തൃശൂർ സ്‌കൂൾ ഓഫ് ഡ്രാമയിലെ അധ്യാപക ജീവിതത്തിനാവശ്യമായ കരുത്തും ആത്മവിശ്വാസവും വളർത്തിയെടുത്തത് ഇന്ത്യയിലെ വിവിധ ഭാഗങ്ങളിൽ നിന്നും വന്ന പല ഭാഷക്കാരായ, ശരീരപ്രകൃതമുള്ളവരും, സംസ്‌ക്കാര വൈവിധ്യമുള്ളവരുമായ നാടക വിദ്യാർത്ഥികളുമായുള്ള നിരന്തര സമ്പർക്കത്തിലൂടെ, പരിശീലനത്തിലൂടെ, നാടകം ചെയ്ത്തിലൂടെയായിരുന്നു.
2008 ജൂലൈ 30ന് അവിടെ ജോലിയിൽ പ്രവേശിക്കാനെത്തുമ്പോൾ ഉണ്ടായ ഏറ്റവും ആകസ്മികമായ സംഗതി, ഞാൻ പി.ജിയ്ക്ക് പഠിക്കുമ്പോൾ വിസിറ്റിങ് ഫാക്കൽറ്റിയായി വന്ന നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ഫോർമർ ഡയറക്ടർ വർഷങ്ങളുടെ ഇടവേളക്കുശേഷം വീണ്ടും അവിടെ ജോയിൻ ചെയ്യാൻ എത്തി എന്നതായിരുന്നു. പഠിച്ചിരുന്ന കാലത്ത് ആത്മബന്ധമുണ്ടാവുകയും വ്യക്തിപരമായ എന്റെ വളർച്ചയ്ക്ക് വലിയ താൽപര്യമെടുക്കുകയും ചെയ്ത രാംഗോപാൽ ബജാജ് സാറിനൊപ്പം ഫാക്കൽറ്റിയായി പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ അഭിമാന നിമിഷങ്ങളായി ഇന്നും കാത്തു സൂക്ഷിക്കുന്നു. കലാലയത്തിൽ ഞാൻ താമസിച്ചിരുന്ന അതിഥിമന്ദിരത്തിനടുത്തുള്ള വി.ഐ.പി ഗസ്റ്റ്ഹൗസിലായിരുന്നു ബജാജ് സാറിന് താമസം ഒരുക്കിയിരുന്നത്. അതിനാൽ തന്നെ പാചകപ്രിയനായ സാറിന്റെ ഭക്ഷണം ആവോളം ആസ്വദിച്ചു, നിരന്തര സംവാദവും സാധ്യമായിരുന്നു. പഠിച്ചിരുന്ന കാലത്തെ പോലെ അധ്യാപക ജീവിതകാലത്തും ആ വലിയ മനുഷ്യൻ നൽകിയ സൗഹൃദവും, സ്‌നേഹവും, പ്രോത്സാഹനവും എന്നെ രൂപപ്പെടുത്തുന്നതിൽ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. 2000 ത്തിൽ ബാംഗ്ലൂരിൽ നടന്ന നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യഘട്ട അഭിമുഖത്തിൽ ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കാനറിയാത്തതിനാൽ എന്നെ നൊടിയിടയിൽ പുറത്താക്കിയതും ഇതേ ബജാജ് സാർ തന്നെയായിരുന്നു എന്നത് ചരിത്രത്തിന്റെ മറ്റൊരു വൈരുദ്ധ്യം.
പലപ്പോഴും യൂണിവേഴ്‌സിറ്റി തലത്തിൽ മറ്റു കോഴ്‌സുകൾക്ക് കിട്ടുന്ന പരിഗണനയോ, സാമ്പത്തിക- ഭൗതിക സംവിധാനങ്ങളോ തിയറ്റർ ഡിപ്പാർട്ടുമെന്റുകൾക്ക് കിട്ടാറില്ല. ഇവിടെയും മറിച്ചായിരുന്നില്ല സ്ഥിതി.
പലപ്പോഴും അതിഥി അധ്യാപകർ സ്ഥിരഅധ്യാപകരേക്കാൾ നാടകവിദ്യാർത്ഥികൾക്ക് വലിയൊരാശ്വസവും പ്രയോജനപ്രദവുമാണ്. ഡ്രാമാ സ്‌കൂളിലെ ബിരുദ പഠന സമയത്ത് തന്നെ ഈ പ്രയോജനം തിരിച്ചറിഞ്ഞിട്ടുള്ളതും, വയലാ വാസുദേവൻപിള്ള സാർ പലതവണ സൂചിപ്പിച്ചിട്ടുള്ളതുമാണ് ഈ വസ്തുത. കാരണം ഒരു നിശ്ചിത സമയത്തേക്ക് വരുന്ന ഇവരുടെ പരിപൂർണ സമർപ്പണം പ്രവർത്തനത്തിൽ വിദ്യാർത്ഥികൾക്ക് പ്രതീക്ഷിക്കാം. വീട്ടിൽ നിന്നകന്ന് ഗസ്റ്റ് ഹൗസിൽ നിൽക്കുന്നതിനാൽ മുഴുവൻ സമയ പ്രവർത്തനത്തിന് അതിഥി അധ്യപകർ സദാ സന്നദ്ധരായിക്കും. വിദ്യാർത്ഥിയായിരിക്കുമ്പോൾ പ്രൊഫ. രാമാനുജം സാറിനെ പല തവണ അതിഥി അധ്യപകനായി ലഭിച്ചത് ഇപ്പോഴും മധുരമുള്ള ഓർമകളായി മനസ്സിൽ തങ്ങിനിൽക്കുന്നുണ്ട്. പലപ്പോഴും രാപകലില്ലാതെ സഹായിക്കാൻ കൂടിയിട്ടുള്ളതിനാൽ സാറിന്റെ ദിനചര്യകളടക്കം അടുത്തുനിന്ന് അനുഭവിക്കാൻ കഴിഞ്ഞിട്ടുണ്ട്.
എന്നെ സംബന്ധിച്ചും മറിച്ചായിരുന്നില്ല. വിദ്യാർത്ഥികൾക്കായി മാറ്റിവച്ച നല്ല സമയത്തിന്റെ ബാക്കി മുഴുവൻ സമയവും ഗവേഷണത്തിനും, പുതിയ നാടക പദ്ധതികൾ രൂപീകരിക്കുന്നതിനും, എന്റേതായ ഒരു ടീച്ചിങ് മെത്തഡോളജി കണ്ടെത്തി പ്രയോജനപ്പെടുത്താനും എനിക്ക് ആ കാലയളവിൽ കഴിഞ്ഞിട്ടുണ്ട്.
ഞാനവിടെ ജോയിൻ ചെയ്ത സമയത്ത് ചേർന്ന വിദ്യാർത്ഥികളുടെ രണ്ടാം വർഷത്തെ മേജർ പ്ലേ പ്രൊഡക്ഷൻ ചെയ്യാനുള്ള ചുമതല അനന്തകൃഷ്ണൻ സാർ എന്നെയാണ് ഏൽപ്പിച്ചത്. ആന്ധ്രാപ്രദേശിലെ ഗ്രാമീണ പ്രദേശങ്ങളിൽ നിന്നുവന്ന ആറ് ആൺകുട്ടികളും കൂടാതെ മലയാളിയായ സനൽ അമനും ആയിരുന്നു ആ ബാച്ചിലെ വിദ്യാർത്ഥികൾ. ‘മാലിക്' എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തിലൂടെ മലയാളികൾക്കെല്ലാം സുപരിചിതനാണ് സനലിപ്പോൾ. തൃശ്ശൂർ ഡ്രാമ സ്‌കൂളിലെ തിയേറ്റർ പരിശീലനത്തിന്റെ അനുഭവമുള്ള സനൽ ഒഴിച്ച് ബാക്കി വിദ്യാർത്ഥികൾക്കെല്ലാം ഇതൊരു അപരിചിത മേഖലയായിരുന്നു. അതുകൊണ്ടുതന്നെ എല്ലാം ഒന്നിൽ നിന്ന് തുടങ്ങേണ്ട അവസ്ഥയായിരുന്നു.
പലപ്പോഴും യൂണിവേഴ്‌സിറ്റി തലത്തിൽ മറ്റു കോഴ്‌സുകൾക്ക് കിട്ടുന്ന പരിഗണനയോ, സാമ്പത്തിക- ഭൗതിക സംവിധാനങ്ങളോ തിയറ്റർ ഡിപ്പാർട്ടുമെന്റുകൾക്ക് കിട്ടാറില്ല. ഇവിടെയും മറിച്ചായിരുന്നില്ല സ്ഥിതി. വളരെ പരിതാപകരമായ ചുറ്റുപാടിൽ ഒഴിവാക്കപ്പെട്ട ഒരു കെട്ടിടത്തിലായിരുന്നു തിയറ്റർ ഡിപ്പാർട്ട്‌മെന്റ് പ്രവർത്തിച്ചിരുന്നത്. പക്ഷേ ഇപ്പോൾ സ്ഥിതിയാകെ മാറിയിട്ടുണ്ട്. മികച്ച സംവിധാനങ്ങൾ ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ പെർഫോർമിങ് ആർട്‌സ് വിഭാഗത്തിനായി ഒരുക്കിയിട്ടുണ്ട്. അതിനായി നിരവധി വർഷങ്ങൾ ഓഫിസ് സമയത്തിനു ശേഷവും ഇരുന്നു പ്രവർത്തിച്ചിരുന്ന അനന്തകൃഷ്ണൻ സാറിന്റെ പ്രവർത്തന മികവ് കണ്ട് വലിയ ആദരവ് തോന്നിയിട്ടുണ്ട്.
എന്നെ മാനസികമായി വേദനിപ്പിച്ച ഒരു സംഭവത്തെ സൂചിപ്പിച്ചുകൊണ്ട് ഈ കുട്ടികളെ വച്ച് രൂപപ്പെടുത്തിയ നാടകത്തിലേക്കുവരാം. കാപസിന്റെ പുതിയ ഫാഷൻ സങ്കല്പങ്ങളുടെ നാലയലത്തുപോലും ഇല്ലാത്ത ഈ വിദ്യാർത്ഥികളുടെ വസ്ത്രധാരണ രീതികളും, ഹെയർ സ്റ്റെലും, സംഭാഷണ രീതികളുമെല്ലാം തികച്ചും ഗ്രാമീണവും പഴഞ്ചനുമായിരുന്നു. എനിക്ക് എന്നെത്തന്നെ അവരിൽ കാണാൻ കഴിഞ്ഞു. സാമ്പത്തികമായി താഴേതട്ടിൽ നിന്നുവരുന്ന ഇവർ അതുകൊണ്ടുതന്നെ പ്രിവിലേജ്ഡ് വിദ്യാർത്ഥി സമൂഹത്തിന്റെയോ, അധ്യാപകരുടേയോ ശ്രദ്ധയിലേക്ക് ഒരിക്കലും വരാറുണ്ടായിരുന്നില്ല. അതിന്റെ ആത്മവിശ്വാസക്കുറവും അവരിൽ പ്രകടമായിരുന്നു. തിയറ്റർ ഡിപ്പാർട്ട്‌മെന്റിലെ തലമുതിർന്ന ഒരു പ്രൊഫസർ കലാലയത്തിൽ ഡ്രാമാ ക്ലബ് രൂപീകരിക്കുകയും മറ്റു ഡിപ്പാർട്ടുമെന്റുകളിലെ വിദ്യാർത്ഥികളെ വച്ച് നാടകം ചെയ്ത് അവതരിപ്പിക്കുന്നുമുണ്ടായിരുന്നു. നന്നായി ഇംഗ്ലീഷും, ഹിന്ദിയും സംസാരിക്കുന്ന സുന്ദരീ സുന്ദരൻമാരായ മറ്റു ഡിപ്പാർട്ടുമെന്റിലെ വിദ്യാർത്ഥികളെ ഉപയോഗിച്ച് ആകർഷകമായതെന്ന് തോന്നിപ്പിക്കുന്ന നാടകം ചെയ്ത് ആത്മസംതൃപ്തിയടയാൻ വലിയ ബുദ്ധിമുട്ടില്ല. നല്ലൊരു വെർബൽ സ്‌ക്രിപ്റ്റ് കണ്ടെത്തേണ്ട കാര്യമേ ഇത്തരം നാടകങ്ങൾക്കുള്ളൂ.
ഞാനവിടെ കണ്ട കാഴ്ച, ചെറിയ സംഭാഷണം തിയറ്റർ വിദ്യാർത്ഥികൾ നന്നായി പറയാത്തതിനാൽ മറ്റു ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളുടെ മുന്നിൽ ഇവരെ നിരത്തി നിർത്തി 1000 വാട്ട്‌സിന്റെ ലൈറ്റ് ഇവരുടെ മുഖത്തേക്ക് ശക്തമായി പ്രകാശിപ്പിച്ച്, തെറി പറഞ്ഞ് അവരെ അപമാനിക്കുന്നതാണ്.
ഇത്തരത്തിൽ അദ്ദേഹം ചെയ്ത ബ്രിറ്റോൾഡ് ബ്രഹ്ത്തിന്റെ ‘കൊക്കേഷ്യൻ ചോക്ക് സർക്കിൾ' എന്ന നാടകത്തിന് കോറിയോഗ്രഫി ചെയ്യാൻ എന്നെ ക്ഷണിച്ചു. ഒരു ദിവസം റിഹേഴ്‌സൽ കാണാൻ ചെന്നപ്പോൾ കണ്ട കാഴ്ച എന്നെ ശരിക്കും ഞെട്ടിച്ചു കളഞ്ഞു. മുൻ സൂചിപ്പിച്ച തിയറ്റർ ഡിപ്പാർട്ട്‌മെന്റിലെ അഞ്ചുവിദ്യാർത്ഥികളേയും അദ്ദേഹം ഈ നാടകത്തിന്റെ ഭാഗമാക്കിയിട്ടുണ്ടായിരുന്നു. വരാനിരിക്കുന്ന ദുരനുഭങ്ങൾ മുൻകൂട്ടി കണ്ടിട്ടാകണം സനൽ അമനെ പോലുള്ളവർ തന്ത്രപൂർവ്വം അതിൽ നിന്ന് ഒഴിഞ്ഞുനിന്നു. അത്യാവശ്യം സാങ്കേതിക സഹായങ്ങൾക്കും കോറസ് വർക്കുകൾക്കും ഇവരെ ഉപയോഗിക്കുകയായിരുന്നു ലക്ഷ്യം.
ഞാനവിടെ കണ്ട കാഴ്ച, അന്നദ്ദേഹം പരിശീലിപ്പിച്ച രംഗത്തിലെ ചെറിയ സംഭാഷണം തിയറ്റർ വിദ്യാർത്ഥികൾ നന്നായി പറയാത്തതിനാൽ മറ്റു ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളുടെ മുന്നിൽ ഇവരെ നിരത്തി നിർത്തി 1000 വാട്ട്‌സിന്റെ ലൈറ്റ് ഇവരുടെ മുഖത്തേക്ക് ശക്തമായി പ്രകാശിപ്പിച്ച്, തെറി പറഞ്ഞ് അവരെ അപമാനിക്കുന്നതാണ്. വളരെ അറപ്പുളവാക്കുന്ന രീതിയിൽ വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്ന കാഴ്ച എന്നിൽ വലിയ വിഷമവും അമർഷവും ഉണ്ടാക്കി. വേണ്ട രീതിയിൽ ശബ്ദപരിശീലനം നൽകിയാൽ ലളിതമായി തന്നെ ഈ വിദ്യാർത്ഥികൾക്കത് നന്നായി പറയാൻ കഴിയും. സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ വിദ്യാർത്ഥികളെ പരിശീലിപ്പിച്ച് ഉയർത്തി കൊണ്ടുവരാതെ അവരുടെ സാന്നിദ്ധ്യം കൊണ്ടുകൂടി കിട്ടുന്ന ശമ്പളം വാങ്ങി ചെയ്യുന്ന ഇത്തരം പ്രവർത്തികൾക്കുള്ള മറുപടി ഈ വിദ്യാർത്ഥികളിലുടെ തന്നെ അർത്ഥവത്തായ നാടകം ചെയ്ത് കാണിച്ചു കൊടുക്കണമെന്ന് ഉറക്കമില്ലാരാത്രിയിൽ ഞാൻ തീരുമാനമെടുത്തു. ഭാഷയ്ക്കും, ബാഹ്യസൗന്ദര്യത്തിനും, കെട്ടുകാഴ്ചകൾക്കുമപ്പുറം തിയറ്ററിന് അത്തരമൊരു ശക്തിസൗന്ദര്യവും, സത്യവും ഉണ്ടെന്ന് അത്രയും കാലത്തെ നാടക പ്രവർത്തനം കൊണ്ട് ഉറച്ച ബോധ്യം വന്നിട്ടുണ്ടായിരുന്നു.
പിന്നീടുള്ള ദിനരാത്രങ്ങൾ അതിന്നുള്ള മനനത്തിലായിരുന്നു. വളരെ വലിയൊരു ക്ലാസിസ് ടെക്‌സ്‌റ്റോ കഥാപാത്രങ്ങളേയോ ഉൾക്കൊള്ളാനുള്ള ശാരീരിക- മാനസിക അവസ്ഥയിലേക്ക് അവർ ഉയന്നുവന്നിട്ടുണ്ടായിരുന്നില്ല. അതിനാൽ തന്നെ ഇവരുടെ ശരീര സാധ്യതകളെ, തിരിച്ചറിയാതെ കിടക്കുന്ന കഴിവുകളെ പുറത്തെത്തിക്കാൻ സാധിക്കുന്ന പുതിയൊരു അരങ്ങു രൂപത്തിനായുള്ള അന്വേഷണം ആരംഭിച്ചു. അതിനായി അവരുടെ ജീവിത സാഹചര്യത്തെ കുറിച്ച്, ശരീരപ്രത്യേകതകളെ പറ്റി, ശബ്ദപ്രയോഗരീതികളെ പറ്റി ഞാൻ ആഴത്തിൽ വിശകലനം ചെയ്യാനും മനസ്സിലാക്കാനും തുടങ്ങി. അപ്പോഴൊന്നും എന്തു ചെയ്യണമെന്നും എവിടെ നിന്ന് തുടങ്ങണമെന്നും ഒരു രൂപവുമില്ലായിരുന്നു.
ഈശുനാഥ് റാഥോഡ്, രാജ് ബാല, റാം മോഹൻ, രിതീഷ്, രാമാഞ്ജനേലു, വെങ്കൽ റാവു, സനൽ അമൻ എന്നീ ആൺകുട്ടികൾ മാത്രമായിരുന്നു ഈ ബാച്ചിൽ. പെൺകുട്ടികളുടെ സാന്നിദ്ധ്യം ഇവരുടെ മനോഭാവത്തിലും ചെയ്യപ്പെടാൻ പോകുന്ന നാടകത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ സാധ്യതയുള്ളതിനാൽ പുറമേ ഡിപ്പാർട്ടുമെന്റിൽ നിന്ന് രണ്ട് പെൺകുട്ടികളെ കൂടി ഉൾപ്പെടുത്തി. ചരിത്ര വിഭാഗത്തിൽ നിന്ന് അഥിതിയും, പെയിന്റിങ്ങിൽ നിന്ന് ആത്മജയും ഞങ്ങളോടൊപ്പം ചേർന്നു. പിന്നീട് ബിനാലെയിലടക്കം പങ്കെടുത്തിട്ടുള്ള പ്രമുഖ ആർടിസ്റ്റാണ് ആത്മജ. ഇവരെ കൂടാതെ സാങ്കേതിക വിഭാഗങ്ങൾ കൈകാര്യം ചെയ്യാൻ വലിയൊരു സംഘത്തിനെ അണിനിരത്തി. ഹൈദരാബാദിലെ കല്യാണങ്ങളിൽ ബാന്റ് വായിക്കുന്ന സംഘവും പശ്ചാത്തല സംഗീതത്തിനായി ചേർന്നത് മറ്റൊരു സവിശേഷമായ അനുഭവമായിരുന്നു.
ഡിവൈസിംഗ് പ്രൊജക്ടിന്റെ സാധ്യതകളിലൂടെയായിരുന്നു ഈ നാടകം വികസിപ്പിക്കാൻ ശ്രമിച്ചത്. അഭിനേതാക്കളിലൂടെ രൂപം കൊള്ളുന്ന തിയറ്ററിന്റെ പല വിഭാഗങ്ങളേയും കോർത്തിണക്കാൻ പറ്റുന്ന അരങ്ങുഭാഷയ്ക്കായുള്ള അന്വേഷണം ഓരോ ദിവസവും തുടർന്നുകൊണ്ടിരുന്നു. മനോധർമ്മാഭിനയ പദ്ധതികളിലൂടെ രൂപം നൽകുന്നതിന്റെ ഭാഗമായി അഭിനേതാക്കൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒട്ടേറെ സംഗതികൾ ഉൾപ്പെടുത്തിയിട്ടുണ്ടായിരുന്നു. Special skill, Funny skill, sad skill, object skill, sound skill, Nature skill തുടങ്ങിയ improvisation പദ്ധതികളും, സമകാലീന സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള structured improvisation ലൂടെയുമാണ് ഇവരുടെ ഉള്ളിലുറഞ്ഞു കിടന്ന കഴിവുകളെ പുറത്തെത്തിച്ചത്. ആദ്യമാദ്യം ഞങ്ങൾക്ക് യാതൊരു കഴിവുമില്ല എന്ന് സ്വയം തീരുമാനിച്ച് പെർഫോം ചെയ്തു കൊണ്ടിരുന്ന ഇവരിൽ നിന്ന് പതുക്കെ പതുക്കെ ചില രസകരമായ പ്രവൃത്തികൾ കാണാൻ തുടങ്ങി.
ഗുൽബർഷൻ സിങ്ങ് മൈതാനിയിൽ സർക്കസ് കൂടാരത്തിന് സമാനമായ ലളിതമായ അരങ്ങായിരുന്നു ഇതിന് ഒരുക്കിയത്. അവിടെയുണ്ടായിരുന്ന വലിയൊരു വൃക്ഷവും, ചെറിയൊരു പാറകൂട്ടവും സെറ്റിന്റെ ഭാഗമായി തന്നെ നിലനിർത്തി.
ഗോത്രസമൂഹത്തിൽ നിന്നു വന്ന റാഥോടിന് മൂർച്ചയേറിയ ബ്ലയിഡ് വായിലിട്ട് ചവച്ച് പൊട്ടിക്കാൻ കഴിയുമായിരുന്നു. മൂക്കിൽ വച്ച് സിഗററ്റ് വലിക്കുക, സൈക്കിൾ കടിച്ച് പൊക്കുക തുടങ്ങി ഒട്ടനവധി ട്രിക്കുകൾ വേറെയും. രാമാഞ്ജനേലൂ ആകട്ടെ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആയതിനാൽ വയറിലൂടെ ബൈക്കോടിക്കൽ, വലിയ പാറ കഷണം വയറിൽ വച്ച് കൂടം കൊണ്ട് അടിച്ചു പൊട്ടിക്കൽ, റോപ് ട്രിക്ക്‌സ് തുടങ്ങി ഒട്ടനവധി കഴിവുകൾ പുറത്തെടുത്തു. അതിശയകരമായ ഈ പ്രവൃത്തികൾ ഇവരിൽ നിന്ന് ഞാൻ തീരെ പ്രതീക്ഷിച്ചവയായിരുന്നില്ല. ഇതു മതിയായിരുന്നു എന്നെ സംബന്ധിച്ച് നാടകത്തിന്റെ മൂലരൂപം സ്യഷ്ടിച്ചെടുക്കാൻ. ഇത് കണ്ടതോടെ ബാല്യകാലത്ത് എന്റെ ഗ്രാമത്തിൽ വന്ന് തമ്പടിച്ച് ‘സൈക്കിൾ യജ്ഞം' നടത്തിയ സംഘത്തിന്റെ അവതരണ രീതി സമ്പ്രദായങ്ങൾ മനസ്സിലേക്കോടി വന്നു. അത്തരമൊരു കലാരൂപത്തിന് ഒട്ടനവധി ചെറുഅരങ്ങുകലകളെ ഉൾകൊള്ളാനുള്ള ശേഷി ഉണ്ടായിരുന്നു. അതുകൊണ്ടു തന്നെ സെക്കിൾ യജ്ഞത്തിന്റേയും, സർക്കസിന്റേയും സാധ്യതകളെ സമന്വയിപ്പിച്ച് സമകാലികമായ പുതിയൊരു അരങ്ങു ഭാഷ സ്യഷ്ടിച്ച് വിവിധ സിനാറിയോകളിലൂടെ കഥ പറയുന്ന രീതിയായിരുന്നു ആ നാടകത്തിനായി ആവിഷ്‌കരിച്ചത്. തികച്ചും Post dramatic performance ന്റെ ശ്രേണിയിൽ വരുന്ന അരങ്ങവതരണമായിരുന്നു രണ്ടുമാസ കാലത്തെ റിഹേഴ്‌സൽ കാലയളവിലൂടെ രൂപപ്പെട്ടത്.
ഗുൽബർഷൻ സിങ്ങ് മൈതാനിയിൽ സർക്കസ് കൂടാരത്തിന് സമാനമായ ലളിതമായ അരങ്ങായിരുന്നു ഇതിന് ഒരുക്കിയത്. അവിടെയുണ്ടായിരുന്ന വലിയൊരു വൃക്ഷവും, ചെറിയൊരു പാറകൂട്ടവും സെറ്റിന്റെ ഭാഗമായി തന്നെ നിലനിർത്തി. രാമപ്പ സർക്കസ് കമ്പനിയെന്ന പേരിൽ നാട്ടുകാരുടെ മുമ്പിൽ വിവിധ ട്രിക്കുകളുമായെത്തുന്ന സംഘമായിട്ടാണ് ഈ അഭിനേതാക്കൾ അരങ്ങ് കൈയ്യടക്കുന്നത്. ഒരു മ്യൂസിയത്തിൽ നിന്നിറങ്ങിവരുന്ന കഥാപാത്രങ്ങളെ പോലെയാണവർ അരങ്ങിലേക്ക് പ്രവേശിക്കുന്നത്. ശ്വാസമടക്കി പിടിച്ച് കാണേണ്ട ഒട്ടനവധി പ്രകടനങ്ങളിലൂടെയാണ് ഈ നാടകത്തിന്റെ ഓരോ സിനാറിയോയും മുന്നേറുന്നത്. Stick work , Fire dance, വയറിൽ വെച്ചിട്ടള്ള പാറ വലിയ കൂടം കൊണ്ട് അടിച്ച് പൊട്ടിക്കൽ, സൈക്കിൾ കടിച്ച് ഉയർത്തൽ, Rope tricks, mime, physical theatre, കോമാളി പ്രകടനങ്ങൾ, സൽസ, filmi dance, കോഴിയെ ലേലം ചെയ്യൽ തുടങ്ങി ഒട്ടനവധി രസകരമായ പദ്ധതികളിലൂടെ പ്രേക്ഷകരെ കൈയ്യിലെടുക്കുന്ന ഈ സംഘത്തിന്റെ യഥാർത്ഥ ഉദ്ദേശ്യം മറ്റൊന്നായിരുന്നു. ചില പൊള്ളുന്ന സമകാലീന യാഥാർത്ഥ്യങ്ങളെ സത്യസന്ധമായി ജനങ്ങളിലേക്കെത്തിക്കുകയും അധികാരിവർഗത്തിനെതിരെ ജനങ്ങളെ അണിനിരത്തുകയും ചെയ്യുക എന്നതായിരുന്നു അഭിനേതാക്കളുടെ യഥാർത്ഥ ലക്ഷ്യം. അവരുടെ എല്ലാ സിനാറിയോയിലും ഇതിന്റെ ചില അംശങ്ങൾ ഒളിപ്പിച്ചുവച്ചിട്ടുണ്ടായിരുന്നു, സൂക്ഷ്മമായി നോക്കുന്നവർക്ക് മാത്രം മനസ്സിലാകുന്ന രീതിയിൽ.
നാടകം പുരോഗമിക്കുന്തോറും അവരുടെ യഥാർത്ഥ ലക്ഷ്യത്തിലേക്ക് ഉയരും. ചരിത്രത്തിലിടം നേടിയ മഹാരഥൻമാരായ വിപ്ലവകാരികളുടെ പ്രസംഗങ്ങളും, ചില മോണോലോഗുകളും അവതരിപ്പിച്ച് തുടങ്ങും. ഡോ. അംബേദ്കർ, മാർട്ടിൻ ലൂഥർ കിങ്, സൂസൻ. ബി. ആന്റണി, ആൻ ഫ്രാങ്ക്, സുഭാഷ് ചന്ദ്രബോസ്, ഗ്രേയ്‌ലൻ ഹാഗ്ലർ, ‘ഗ്രേറ്റ് ഡിക്‌റ്റേറ്ററിലെ' ചാപ്ലിൻ, ‘ലോവർ ഡെപ്ത്തി'ലെ സാറ്റിൻ തുടങ്ങി ഒട്ടനവധി ചരിത്രകഥാപാത്രങ്ങളായി അഭിനേതാക്കൾ അടിത്തട്ടിലുള്ളവരുടെ പ്രശ്‌നങ്ങൾ ഉറക്കെ വിളിച്ചുപറയാൻ തുടങ്ങി. അതിനു ശേഷം ആർഭാടങ്ങളും, കോമാളി വേഷങ്ങളും വലിച്ചെറിഞ്ഞ് തെരുവുനാടക സ്വഭാവത്തിലുള്ള നാടകം കളിക്കാൻ അവർ പ്രേക്ഷകർക്കു മുന്നിൽ തയ്യാറെടുപ്പുകൾ തുടങ്ങി.
അഭിനേതാക്കളുടെ ഉൾവസ്ത്രങ്ങളിൽ മുഴുവൻ അധികാരികൾക്കെതിരെയുള്ള പ്രകോപനപരമായ മുദ്രാവാക്യങ്ങൾ എഴുതിയിട്ടുണ്ടായിരുന്നു. ശരിയായ നാടകത്തിന് സംഘം തയ്യാറെടുക്കുമ്പോൾ തന്നെ പ്രേക്ഷകരുടെ ഇടയിൽ നിന്ന് അധികാരിവർഗത്തിന്റെ പ്രതിനിധികൾ അരങ്ങിലെത്തി എല്ലാ അരങ്ങുപകരണങ്ങളും ഒഴിവാക്കി അഭിനേതാക്കളെ അറസ്റ്റ് ചെയ്ത് മ്യൂസിയം പീസ് ആക്കി മാറ്റുന്നു. ഈ സമയം നാടകം നിരോധിച്ചതിന്റെ കോടതി ഉത്തരവ് അന്തരീക്ഷത്തിൽ വോയസ് ഓവർ ആയി മുഴങ്ങികൊണ്ടിരുന്നു, പ്രൊഫ. രാംഗോപാൽ ബജാജിന്റെ ശബ്ദത്തിൽ. ഈ ആദ്യ അവതരണത്തിനു ശേഷം കാമ്പസ് കമ്യൂണിറ്റി ഈ നാടകം ഏറ്റെടുത്തു. തുടർച്ചയായ അവതരണങ്ങൾ. പാസ്സിനായി നാലു മണി മുതൽ കൗണ്ടറിനു മുന്നിൽ നീണ്ട ക്യൂ. ആൾക്കൂട്ടത്തെ നിയന്ത്രിക്കാനാകാതെ ഒരേ ദിവസം തന്നെ രണ്ടാമതൊരു അവതരണം കൂടി നടത്തേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട്. നാടകപ്രവർത്തകരെ സംബന്ധിച്ച് ആവേശമുളവാക്കുന്ന കാഴ്ചയും അനുഭവങ്ങളുമായിരുന്നു ഈ ദിവസങ്ങളിൽ.
ഇതിനെ കുറിച്ചറിഞ്ഞ വൈസ് ചാൻസലറുടെ പ്രത്യേക നിർദ്ദേശപ്രകാരം അദ്ദേഹത്തിനായി സെമസ്റ്ററിന്റെ അവസാനം വീണ്ടും കളിക്കേണ്ടി വന്നു. നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ അന്തർദേശീയ നാടകോത്സവത്തിലടക്കം 11 ഓളം അവതരണങ്ങൾ ഒരു സ്റ്റുഡൻസ് പ്രൊഡക്ഷനു കിട്ടുക എന്നത് വിസ്മയകരമായ കാര്യമായിരുന്നു. ഒരു പക്ഷേ അക്കാദമിക് പരിസരത്തല്ലായിരുന്നെങ്കിൽ ഇന്ത്യയൊട്ടാകെ കളിക്കപ്പെടേണ്ട നാടകമായിരുന്നു ‘Museum of Lost Pieces'. വിഷമത്തോടെ പറയട്ടെ, എന്റെ പല നാടകങ്ങൾക്കും ഈ ദുർവിധി അനുഭവിക്കേണ്ടി വന്നിട്ടുണ്ട്.
ആദ്യ അവതരണം കണ്ടിറങ്ങിയ പ്രൊഫ. രാമാനുജം സാർ പറഞ്ഞത്, ‘ശ്രീജിത്ത് ഈ കുട്ടികളെ അരങ്ങിൽ കണ്ടിട്ട് പ്രൊഫഷണൽ അഭിനേതാക്കളായിട്ടാണ് എനിക്കനുഭവപ്പെട്ടത്' എന്നാണ്. അതൊരു വലിയ അംഗീകാരമായി മനസ്സിലിന്നും സൂക്ഷിക്കുന്നു.
ശാസ്ത്രീയ പരിശീലനത്തിലുടെ മികച്ച പ്രകടനം കാഴ്ചവെച്ച നാടക വിദ്യാർത്ഥികൾ കലാലയത്തിന്റെ ശ്രദ്ധാകേന്ദ്രമായി. അരങ്ങിന്റെ ശക്തി കലാലയത്തിലാകെ പരന്നു തുടങ്ങി. അഭിനേതാക്കളുടെ ശരിയായ അഴകും, കഴിവും എല്ലാവരും തിരിച്ചറിയാനും ചർച്ച ചെയ്യാനും തുടങ്ങി. ഗേൾസ് ഹോസ്റ്റലിൽ ഇവർക്കായി ഫാൻ ക്ലബുകൾ രൂപം കൊണ്ടു. തിയറ്റർ ഡിപ്പാർട്ട്‌മെന്റ് മിക്കയിടത്തും മുഖ്യ ചർച്ചാവിഷയമായി മാറി. ഒരു വർഷ ഡിപ്ലോമ കൊടുത്ത് ഒഴിവാക്കാമെന്ന് കരുതിയ വിദ്യാർത്ഥികൾ തിയറ്റർ ഡിപ്പാർട്ട്‌മെന്റിന്റെ അഭിമാനമായി മാറി. അരങ്ങിന്റെ സത്യം വീണ്ടും അനുഭവിച്ചറിഞ്ഞ മഹത്തായ നിമിഷങ്ങൾ. അരങ്ങിന്റെ ശക്തി എന്നിലേക്ക് സന്നിവേശിപ്പിച്ച എല്ലാ ഗുരുക്കൻമാർക്കും, വിദ്യാർത്ഥികൾക്കും നന്ദി. എന്റെ പല നാടകങ്ങളുടേയും ഡ്രമാറ്റർഗ് ആയിരുന്ന എൻ.പി. ആഷ്‌ലിയായിരുന്നു ഈ നാടകത്തിന്റേയും കൂടെ ഉണ്ടായിരുന്നത്. ആഷ്‌ലി ഡൽഹി സെന്റ് സ്റ്റീഫൻ കോളേജിൽ ഇംഗ്ലീഷ് വിഭാഗം പ്രൊഫസറാണ്. ആ വിദ്യാർത്ഥികളെല്ലാം അവരുടേതായ മേഖലകളിൽ ഉന്നത സ്ഥാനങ്ങളിൽ വ്യാപരിക്കുകയും അരങ്ങ് സൗഹൃദം കാത്തുസൂക്ഷിക്കുകയും ചെയ്യുന്നു. അരങ്ങിലെ കൂടുതൽ തീക്ഷ്ണമായ യാഥാർത്ഥ്യങ്ങൾ കണ്ടെത്താനുള്ള യാത്ര ഇപ്പോഴും തുടർന്നു കൊണ്ടേയിരിക്കുന്നു. ▮