ഡോ. ടി. എസ്. ശ്യാംകുമാർ

അധ്യാപകൻ എന്ന പ്രിവിലേജ് അഴിച്ചുവെച്ചപ്പോൾ ക്ലാസ്‌റൂമിൽ സംഭവിച്ചത്

സംവരണത്തെ സംബന്ധിച്ച ചർച്ചകളിൽ ചില ഡിഗ്രി വിദ്യാർത്ഥികളെങ്കിലും എന്നെ അതിനിശിതമായി വിമർശിച്ചു. സംവരണാവകാശങ്ങൾക്കായുള്ള എന്റെ വാദഗതികൾ തീർത്തും പൊള്ളയാണെന്നുപോലും ഒരു വിഭാഗം വിദ്യാർത്ഥികൾ കരുതി.

വേഷണാനന്തരം അധ്യാപകനായി ജോലിയിൽ പ്രവേശിക്കുമ്പോൾ മൂന്നുവിധത്തിലുള്ള അധ്യാപകരായിരുന്നു മനസിനെ പ്രക്ഷോഭത്തിലാഴ്ത്തിയത്. അതിലൊരു അപ്പർ പ്രൈമറി സ്‌കൂൾ അധ്യാപിക ഉച്ചക്ക് കഞ്ഞി നൽകുമ്പോൾ ഞങ്ങൾ കുട്ടികൾക്ക് ചെറുപയറിന്റെ അംശം ഏറ്റവും കുറച്ച് നൽകി ബാക്കി മുഴുവൻ ചെറുപയറുമായി സ്റ്റാഫ് റൂമിലേക്ക് കയറിപ്പോകും. ഉത്തരം തെറ്റിയാൽ ആ അധ്യാപിക സ്ലേറ്റ് എടുത്തെറിയും. നോട്ടുബുക്കാണെങ്കിൽ ക്ലാസ് റൂമിന്റെ പുറത്തെ പറമ്പിൽ നിന്നും കണ്ടെത്തേണ്ടി വരും. അത്ര ദേഷ്യത്തോടെയാണ് ബുക്ക് അവർ വലിച്ചെറിയുക. വൈകുന്നേരം സ്ലേറ്റ് പൊട്ടിച്ചതിന് അമ്മയുടെ വക ശകാരവും അടിയും ഉറപ്പാണ് താനും. ഞാനല്ല സ്ലേറ്റ് പൊട്ടിച്ചതെന്ന് പറഞ്ഞാലും അമ്മയുടെ ചൂരൽക്കഷായ പാനത്തിൽ നിന്ന് വിടുതിയില്ല.

ഭാസനാടകത്തിന്റെ ക്ലാസിനിടയിൽ ശബരിമല കലാപവും ചർച്ചയാവും. വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയായി കണ്ടുകൊണ്ട് സംവാദാത്മകമായി എന്നോട് ഏറ്റുമുട്ടി.

മറ്റൊരു സർവകലാശാലാ അധ്യാപകനെ ഓർക്കുമ്പോൾ കടിച്ചു തിന്നാൻ വരുന്ന ഒരു വന്യമൃഗത്തിന്റെ ചിത്രമാണ് തെളിയുക. എന്തുചോദിച്ചാലും ദേഷ്യപ്പെടുന്ന പ്രസ്തുത അധ്യാപകൻ സവർണ ജാതിയിൽ പെട്ട വിദ്യാർത്ഥികൾക്ക് ഒരു മധുരമിഠായി പോലെ മൃദുവായിരുന്നുതാനും. എന്നാൽ ഇതിൽ നിന്ന് തികച്ചും വ്യത്യസ്തനായിരുന്നു ഗവേഷണ മാർഗദർശിയായ സംഗമേശൻ എന്ന എന്റെ അധ്യാപകൻ. അദ്ദേഹം എന്നെ സ്വഗൃഹത്തിൽ പാർപ്പിച്ചുകൊണ്ട് കൂടെ നിർത്തി ഗവേഷണത്തിന് നേതൃപരമായ പങ്കുവഹിച്ചു. ഉച്ചയൂണ് തയ്യാറാക്കി വാഴയിലയിൽ പൊതിഞ്ഞ് എനിക്കായി നൽകി. രാപകൽ എനിക്കായി അദ്ദേഹം അധ്വാനിച്ചു. കർക്കശ ബുദ്ധിയോടെ സ്‌നേഹത്താൽ ശാസിച്ച് മികച്ച ഗവേഷകനായിത്തീരാൻ നിർദ്ദേശിച്ചു. മികച്ച അധ്യാപകനായിത്തീരാൻ അതിനിശിതമായി വിമർശിച്ചു. സംസ്‌കൃത ഗ്രന്ഥങ്ങളുടെ പാഠപാരായണങ്ങളിൽ എന്നെ അദ്ദേഹം നിരന്തരം ജാഗ്രത്താക്കി. സ്‌നേഹത്തിലും കരുണയിലും നിലീനമായ സംവാദാത്മക ജനാധിപത്യത്തെ പറ്റി നിരന്തരം ഓർമിപ്പിച്ചു. പൊതു സമൂഹത്തിനായുള്ള സമരമായി അദ്ദേഹം ഗവേഷണത്തെയും അധ്യാപനത്തെയും എന്നിൽ ഗാഡമാക്കിത്തീർത്തു. ഈ അധ്യാപകരുടെ ഓർമകളുടെ വീണ്ടുവിചാരങ്ങളിലാണ് ആദ്യമായി സംസ്‌കൃത അധ്യാപകനായി തേവര സേക്രട്ട് ഹാർട്ട് കോളേജിൽ നിയമിതനാവുന്നത്.

ക്ലാസ് റൂം ഒരു സെമിനാർ ഹാളായി, സംവാദ കേന്ദ്രമായി രൂപാന്തരപ്പെടുന്നത് സ്വയം തിരിച്ചറിഞ്ഞ ദിവസങ്ങളായിരുന്നു അത്. വാല്മീകി രാമായണം പഠിപ്പിക്കുമ്പോൾ ഇന്ത്യാ ചരിത്രത്തിലേക്ക് കടന്നുപോയി. കുമാരസംഭവത്തിൽ തുടങ്ങുന്ന ക്ലാസ് ചിലപ്പോൾ സംവരണത്തെ സംബന്ധിച്ച ചർച്ചയിലാവും അവസാനിക്കുക. ഭാസനാടകത്തിന്റെ ക്ലാസിനിടയിൽ ശബരിമല കലാപവും ചർച്ചയാവും. വിദ്യാർത്ഥികൾ മറ്റൊരു വിദ്യാർത്ഥിയായി കണ്ടുകൊണ്ട് സംവാദാത്മകമായി എന്നോട് ഏറ്റുമുട്ടി. അധ്യാപകൻ എന്ന പ്രിവിലേജ് അഴിച്ചുവെച്ച് ക്ലാസ് റൂം സംവാദാത്മക ഇടമായി മാറ്റാൻ സ്വയം പരിവർത്തിക്കപ്പെട്ടു. സ്വയം വിമർശിച്ച് ആർത്തിയോടെ ക്ലാസെടുത്തു. എന്റെ കുട്ടികളുടെ ചോദ്യങ്ങളുടെ നിശിതശരങ്ങൾ എന്നെ കൂടുതൽ വായിക്കാനും പഠിക്കാനും പ്രേരിപ്പിച്ചു. പലപ്പോഴും അവരെന്റെ അധ്യാപകരായി. അവരിൽ നിന്ന് എനിക്കൊരുപാട് പഠിക്കാനുണ്ടായിരുന്നു. ആ പഠനം ഇന്നും അവസാനിച്ചിട്ടില്ല.

സേക്രഡ് ഹാർട്ട് കോളേജ്, തേവര
സേക്രഡ് ഹാർട്ട് കോളേജ്, തേവര

സംസ്‌കൃത പഠനം പാരമ്പര്യബദ്ധമായി നോക്കിക്കാണുന്നതിൽ നിന്ന് തികച്ചും വ്യത്യസ്തമായി വിമർശനപരമായി അതിനെ അഴിച്ചുകാണിക്കുന്നത് പലപ്പോഴും എന്റെ ചില വിദ്യാർത്ഥികളെയെങ്കിലും അസ്വസ്ഥരാക്കിത്തീർത്തിട്ടുണ്ട്. സംവരണത്തെ സംബന്ധിച്ച ചർച്ചകളിൽ ചില ഡിഗ്രി വിദ്യാർത്ഥികളെങ്കിലും എന്നെ അതിനിശിതമായി വിമർശിച്ചു. സംവരണാവകാശങ്ങൾക്കായുള്ള എന്റെ വാദഗതികൾ തീർത്തും പൊള്ളയാണെന്നുപോലും ഒരു വിഭാഗം വിദ്യാർത്ഥികൾ കരുതി. ശബരിമല വിഷയവുമായി ബന്ധപ്പെട്ട ചർച്ചകൾ ക്ലാസിലെ ഒരു വിഭാഗം വിദ്യാർത്ഥികളെയെങ്കിലും ആശങ്കയിലാഴ്ത്തി. ഒരു കൂട്ടം വിദ്യാർത്ഥികൾ ആചാരങ്ങൾക്കായി വാദിച്ചപ്പോൾ ചുരുക്കം ചിലരെങ്കിലും പുരോഗമനപരമായ നിലപാട് കൈക്കൊണ്ടു. സേക്രട്ട് ഹാർട്ട് കോളേജിൽ നിന്ന് പോരുമ്പോൾ നിരവധി വിദ്യാർത്ഥികൾക്കിടയിലും ഞാനിന്നും ഓർക്കുന്നത് അന്ന കാതറിൻ എന്ന വിദ്യാർത്ഥിയെയാണ്. എന്റെ ക്ലാസുകൾക്കിടയിലുള്ള സാമൂഹ്യ വിമർശനങ്ങളെ നിശിതമായി ചോദ്യം ചെയ്ത ഒരു വിദ്യാർത്ഥിയായിരുന്നു അന്ന. എന്നാൽ അവിടെ നിന്ന് ജോലി പൂർത്തികരിച്ച് പോരുമ്പോൾ എനിക്കയച്ച സന്ദേശത്തിൽ അന്ന കാതറിൻ തുറന്നുപറഞ്ഞത്, സംസ്‌കൃത ക്ലാസുകൾ സിലബസിൽ മാത്രം ഒതുങ്ങി നിൽക്കാതെ നിരവധി അടരുകളിലേക്ക് ചർച്ചകൾ കൊണ്ടുപോയത് ഏറെ പ്രയോജനകരമായിരുന്നുവെന്നും എന്റെ അധ്യാപനസാന്നിദ്ധ്യം നഷ്ടപ്പെട്ടതിൽ ദുഃഖമുണ്ടെന്നുമാണ്. ഒരു അധ്യാപകൻ എന്ന നിലക്ക് ഞാൻ പുരസ്‌കൃതനായ ഒന്നായിരുന്നു അന്നയുടെ ആ സന്ദേശം.

ഒരു അധ്യാപകനായും ഗവേഷകനായും ഇന്നും തുടരുമ്പോഴും ജീവിതം നിരന്തരം സമരമാക്കിത്തീർക്കുന്നത് കടന്നുപോന്ന വഴിത്താരകളുടെ അവസാനിക്കാത്ത അനുഭവസമ്മർദ്ദങ്ങളും അറിവിനായുള്ള ഒടുങ്ങാത്ത ആർത്തിയുമാണ്.

ക്ലാസ് റൂമിൽ നിന്ന് ചെന്നിറങ്ങുന്ന സ്റ്റാഫ് റൂം വിഷ്ണു മാഷുമായുള്ള
( മലയാളം അധ്യാപകൻ) ചൂടുപിടിച്ച സംവാദങ്ങളുടെ അരങ്ങ് കൂടിയായിരുന്നു. ചർച്ചകളിൽ മറ്റ് ഡിപ്പാർട്ട്‌മെന്റിലുള്ള അധ്യാപകരും ക്രമേണ ഭാഗഭാക്കാവാൻ തുടങ്ങി. ഗാന്ധിയും അംബേദ്കറും സംവരണവും സാമൂഹ്യനീതിയും പലപ്പോഴും ചർച്ചയുടെ കേന്ദ്രമായി. ചൂടുപിടിച്ച ചർച്ചകളിൽ വാദഗതികളിൽ സൂക്ഷ്മതർക്കം ഉന്നയിക്കുമ്പോഴും ഞങ്ങൾ അധ്യാപകർ സ്‌നേഹത്താലും കാരുണ്യത്താലും സംവാദം പുഷ്‌കലമാക്കി. പ്രത്യേകിച്ച് വിഷ്ണു മാഷുമായുള്ള ചർച്ചകൾ അത്രയേറെ ഹൃദ്യമായിരുന്നു. ഇന്ന് മറ്റൊരു സ്ഥാപനത്തിൽ അധ്യാപകനായി തുടരുമ്പോഴും സേക്രട്ട് ഹാർട്ട് കോളേജിലെ അധ്യാപന ജീവിതത്തിന്റെ ഓർമകൾ എന്നെ നിരന്തര പരിഷ്‌കരണത്തിന് പ്രേരിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

കടന്നു പോയ വിദ്യാർത്ഥി ജീവിതത്തിന്റെ വൈജ്ഞാനികമായ അനുഭവ പാoങ്ങൾ നിരന്തരം അധ്യാപനത്തിന്റെ കണ്ണാടിയായി. സംസ്‌കൃതം പഠിച്ച് സംസ്‌കൃത അധ്യാപകനായിത്തീരുമെന്ന ധാരണകൾ ഇല്ലാതിരുന്ന കാലത്ത് തന്നെ ഭാഗവതം പഠിക്കാൻ നാട്ടിലെ മണികണ്ഠൻ പിള്ളയുടെ ശിഷ്യനായി. പിന്നീട് സംസ്‌കൃതവും ജ്യോതിഷവും തന്ത്രവും പഠിക്കാൻ ദാമോദരൻ എന്ന അമ്മാവൻ കുമാരൻ നമ്പൂതിരിയുടെ അടുത്തെത്തിച്ചു. പിന്നീട് സന്യാസിയായിത്തീരാനുള്ള ആഗ്രഹം നിമിത്തം വിദ്യാനന്ദ സ്വാമികളോടൊപ്പം ശിവഗിരിയിലെത്തി. അവിടെ നിന്ന് അക്കാദമികമായ സംസ്‌കൃതപഠനത്തിനും ഗവേഷണത്തിനുമായി കാലടി സംസ്‌കൃത സർവകലാശാലയിലെത്തിച്ചേർന്നു. കാലടിയിലെ പ്രഗൽഭമതികളും സംസ്‌കൃത പണ്ഡിതരുമായ ഡോ. പി.വി. നാരായണൻ, ഡോ. വി. ആർ. മുരളീധരൻ തുടങ്ങിയ അധ്യാപകരുടെ മാർഗദർശനം ഗവേഷണത്തെ കൂടുതൽ ഉത്തരവാദിത്വപൂർണമാക്കി.

ഒരു അധ്യാപകനായും ഗവേഷകനായും ഇന്നും തുടരുമ്പോഴും ജീവിതം നിരന്തരം സമരമാക്കിത്തീർക്കുന്നത് കടന്നുപോന്ന വഴിത്താരകളുടെ അവസാനിക്കാത്ത അനുഭവസമ്മർദ്ദങ്ങളും അറിവിനായുള്ള ഒടുങ്ങാത്ത ആർത്തിയുമാണ്. ഒരർത്ഥത്തിൽ ഇന്നത്തെ അധ്യാപന ഗവേഷണ ജീവിതത്തിന്റെ അടിയാധാരമായിരിക്കുന്നത് എന്റെ പൂർവികരുടെ ഒടുങ്ങാത്ത ആത്മപീഡനങ്ങളുടെയും ജാതിമർദ്ദനങ്ങളുടെയും അവരുടെ വൈജ്ഞാനിക അവബോധത്തിന്റെയും ആഴമേറിയ ഗാഢബോധ്യങ്ങളാണ്. അങ്ങനെ നോക്കുമ്പോൾ ഞാനായിരിക്കുന്ന അധ്യാപകൻ കണ്ണീരിന്റെയും സമരങ്ങളുടെയും വലിയ ചരിത്ര പാതയിലെ ഒരു കണ്ണിയാണ്. എന്റെ ജനതതിയുടെ ആത്മവീര്യം നിറഞ്ഞ സമരങ്ങളും വൈജ്ഞാനിക ബോധ്യങ്ങളും ജനാധിപത്യ സ്‌നേഹ മൂലകവുമാണ് എന്നെ ഞാനാക്കിത്തീർക്കുന്നത്. ▮


ഡോ. ടി. എസ്. ശ്യാംകുമാർ

എഴുത്തുകാരൻ, പ്രഭാഷകൻ, സാംസ്​കാരിക വിമർശകൻ. തന്ത്രപ്രായശ്ചിത്തം: കേരള സമൂഹവും ചരിത്രവും, ശബരിമല: ഹിന്ദുത്വ തന്ത്രങ്ങളും യാഥാർഥ്യവും, ആരുടെ രാമൻ? എന്നിവ പ്രധാന പുസ്തകങ്ങൾ.

Comments