പത്മനാഭൻ ബ്ലാത്തൂർ

ക്ലാസിൽനിന്ന് പുറത്താക്കപ്പെട്ട രണ്ടുപേരുടെ ജീവിതം

അന്നത്തെ ആ പിടിവാശി ഞങ്ങൾ അധ്യാപകർക്ക് ഒഴിവാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ ഞാൻ അയാളെ നോക്കി.

വിത്തെറിഞ്ഞ കൃഷിക്കാരൻ കതിർക്കനമളന്ന് തന്റെ അധ്വാനത്തെ മതിക്കുന്നതുപോലെ, പണിക്കുറ തീർന്ന ശിൽപത്തെ തിരിച്ചും മറിച്ചും നോക്കി ശിൽപി തന്നെത്തന്നെ അളക്കുന്നതുപോലെ, തന്റെ വിദ്യാർത്ഥികളിലേക്ക് തിരിഞ്ഞുപോയി അധ്യാപകന് തന്നെത്തന്നെ അടയാളപ്പെടുത്താൻ കഴിയുമെങ്കിൽ എത്ര നന്നായിരുന്നു എന്നുതോന്നാറുണ്ട്.

‘അധ്യാപനം സേവനമാണ്, വെറുമൊരു തൊഴിലല്ല ' എന്ന കാൽപനികമായ അവകാശവാദം ഉയർന്നു കേട്ട നാളുകളിലാണ് ജോലിയുടെ തുടക്കം. വെർച്വൽ ക്ലാസ് മുറി എന്ന സാധ്യതയിലേക്ക് ലോകം മാറിത്തുടങ്ങിയ, അധ്യാപകൻ സഹപഠിതാവും സുഹൃത്തും വഴികാട്ടിയും ഒക്കെയായി പുതു വേഷങ്ങളണിയാൻ തുടങ്ങിയ കാലത്തിലേക്ക് അത് ചെന്നെത്തിയിരിക്കുന്നു. ഇന്നാളുകളിൽ കുട്ടികൾ അധ്യാപകരെയും അധ്യാപകർ തിരിച്ചും എങ്ങനെയൊക്കെയാവും ഓർത്തെടുക്കുക എന്ന ചിന്ത തന്നെ കൗതുകകരമാവും.

പല വർഷങ്ങൾ കഴിച്ചുകൂട്ടിയ വിദ്യാലയത്തെ പഴയ വിദ്യാർത്ഥികൾ ഓർക്കുന്നതു പോലെ സ്നേഹത്തോടെയാണോ വിദ്യാലയം അവരെ ഓർക്കുന്നത്?

നൻമയുടെ മൂർത്തിയായ ഗുരുവിനെ ഓർമിച്ച് ശിഷ്യർ എഴുതുന്നതും ജീവിത വിജയം നേടിയ വിദ്യാർത്ഥിയെ ഗുരു ഓർമിക്കുന്നതുമായ എഴുത്തുകൾ ഇന്ന് മലയാള സാഹിത്യത്തിലെ പ്രബല ശാഖ തന്നെയായിട്ടുണ്ടല്ലോ. ഇങ്ങനെ തിരിഞ്ഞു നോക്കുമ്പോൾ പതിറ്റാണ്ടുകൾ നീണ്ട സേവനത്തിനിടയിൽ വിരലിലെണ്ണാനുള്ള ശിഷ്യരെ മാത്രമേ മികച്ചവരായി വാർത്തെടുക്കാൻ കഴിഞ്ഞുള്ളൂ എന്ന് വലിയ നിരാശയോടെയാവും ‘ഗുരു' മനസ്സിലാക്കുന്നത്. ജീവിതത്തിന്റെ നാൽക്കവലയിൽ കുഴങ്ങിനിൽക്കുന്ന മഹാഭൂരിപക്ഷം ശിഷ്യർക്കാവട്ടെ തങ്ങളുടെ നൂറുകണക്കായ അധ്യാപകരിൽ വളരെ ചുരുക്കം പേരെ മാത്രമേ പേരെടുത്ത് ഓർക്കാൻ പോലും കഴിയുന്നുള്ളൂ എന്നും തിരിയും.

പല വർഷങ്ങൾ കഴിച്ചുകൂട്ടിയ വിദ്യാലയത്തെ പഴയ വിദ്യാർത്ഥികൾ ഓർക്കുന്നതു പോലെ സ്നേഹത്തോടെയാണോ വിദ്യാലയം അവരെ ഓർക്കുന്നത്? നന്നായി പഠിച്ച്, വലിയ ജോലിയും ശമ്പളവും നേടിയവരെയും നന്നായി പഠിച്ചില്ലെങ്കിലും പിന്നീട് പ്രശസ്തരും സമ്പന്നരും ആയവരെയും അവരുടെ പൂർവ വിദ്യാലയം പട്ടും വളയും നൽകി ബഹുമാനാദരങ്ങളോടെ എഴുന്നള്ളിക്കുന്നത് നമ്മൾ കാണാറുണ്ട്. പകരമായി വിദ്യാലയത്തിന് ശിഷ്യർ വാരിക്കോരി സംഭാവന നൽകും. അതൊരു കൊടുക്കൽ - വാങ്ങൽ ഇടപാടാണ്. അവരുടെ സഹപാഠികൾക്ക് അന്നേരം കാഴ്ചക്കാരായിപ്പോലും അവിടെ പ്രവേശനം കിട്ടിയില്ലെന്നു വരും. ചുരുക്കത്തിൽ ഈ ഓർമയെഴുത്ത് ഒരു തരം ഉപകാരസ്മരണയുടെ പങ്കുവെക്കലിന് അപ്പുറമല്ല എന്നു തന്നെ കാണാം.

പല പണിക്കാർ ചേർന്ന് പണിതെടുക്കുന്ന മറ്റേതൊരു ഉൽപന്നവും എന്നതുപോലെ കൂട്ടായ്മയുടെ നിർമിതിയാണ് വിദ്യാർത്ഥിയും - ചീത്തയായാലും മികച്ചതായാലും. പണിക്കാരന്റെ അറിവും കുറവും ഉല്പന്നത്തിലും കാണും -അത്ര തന്നെ. പഠിപ്പിക്കൽ ജോലിയായ ഒരാൾ എന്ന നിലയിൽ ഞാൻ എന്നെ കാണുന്നതും അങ്ങനെയാണ്.
മൂന്നു പതിറ്റാണ്ടു മുമ്പ് കാസർക്കോട്ട് ജില്ലയിലെ തീരദേശ ഗ്രാമത്തിലെ സ്‌കൂളിലാണ് ആദ്യ നിയമനം. മുസ്‌ലിം ജനവിഭാഗം തിങ്ങിപ്പാർക്കുന്ന പ്രദേശം. കാൽപ്പന്തുകളിയും മാപ്പിളപ്പാട്ടുമാണ് അവരുടെ ജീവൻ. പഠനം എന്നാൽ ഏതാണ്ട് മതപഠനം മാത്രമായിരുന്ന സാധാരണക്കാർക്ക് സ്‌കൂളിലെ പഠിപ്പ് വലിയ കാര്യമായിരുന്നില്ല. പരിമിത സൗകര്യങ്ങൾ മാത്രമുള്ള അന്നത്തെ സ്‌കൂൾ ഒട്ടും ആകർഷകമായിരുന്നില്ല എന്നു തന്നെ പറയണം. സമരം ചെയ്യാനും അടിപിടികൂടാനും മാത്രം സ്‌കൂളിൽ എത്തിയിരുന്ന ചില കുട്ടികൾ അധ്യാപകരുടെ പേടിസ്വപ്നമായിരുന്നു. പഠിപ്പിച്ചും പോരടിച്ചും അങ്ങനെ പോയിരുന്ന ഒരു കാലം.
പഠിച്ചിറങ്ങിയ ഉടൻ നിയമനം കിട്ടുന്ന അധ്യാപകരും പത്താം തരത്തിലെ മുതിർന്ന പൗരൻമാരും ഏതാണ്ട് സമപ്രായക്കാരായിരുന്നു! ആ ഒരു തുല്യതയിൽത്തന്നെയായിരുന്നു കുട്ടികളുടെ പെരുമാറ്റവും. തല്ലി ജയിക്കാൻ അധ്യാപകർക്കായിരുന്നു കൂടുതൽ സാധ്യത എന്നതായിരുന്നു ആകെയുള്ള സമാധാനം.

മാപ്പു പറഞ്ഞാൽ ക്ലാസിലിരുത്തും, അല്ലെങ്കിൽ പുറത്ത് എന്ന് തീരുമാനമായി. രണ്ടു പേരൊഴികെ മാപ്പു ചോദിച്ച് ക്ലാസിൽ കയറി. മാപ്പു പറയാതെ ക്ലാസിൽ കയറ്റില്ല എന്ന തീരുമാനം തന്നെ ജയിച്ചു. രണ്ടുപേർ പിന്നെ സ്‌കൂളിലേക്കു വന്നില്ല

ഒരു ദിവസം, ഒന്നാമത്തെ പിരിഡ്. ഞങ്ങളെല്ലാം ക്ലാസ്സിലാണ്. ദൂരെ നിന്ന് ഒരു മണിമുഴക്കം കേൾക്കുന്നതുപോലെ. തോന്നലായിരുന്നില്ല. അത് അടുത്തുവരുന്നുണ്ട്. നോക്കിയപ്പോൾ ഒരു കൂട്ടം കുട്ടികൾ ഐസ് വില്പനക്കാരന്റെ മണിയും കിലുക്കി ക്ലാസുകളിലൂടെ കയറി ഇറങ്ങുകയാണ്. സമരമാണത്രേ. കുട്ടികളെല്ലാം ആർത്തുവിളിക്കുന്നു. ആകെ ബഹളം. ഞങ്ങളുടെ ക്ലാസിൽ കയറിയാൽ കൈകാര്യം ചെയ്യണമെന്ന് അടുത്തടുത്ത ക്ലാസുകളിലെ അധ്യാപകർ തിരുമാനിക്കുന്നു.

അവർ തൊട്ടടുത്ത ക്ലാസിൽ കയറുന്നതു കണ്ടു. അവിടെയുണ്ടായിരുന്ന അധ്യാപകൻ മണി പിടിച്ചു വാങ്ങാൻ ശ്രമിച്ചു. കൊടുക്കാതിരിക്കാൻ സമരക്കാരും. ആകെ ബഹളമായി. തമ്മിൽ ചീത്ത വിളിയായി. തിരക്കിനിടയിൽ ആരോ കൂട്ടമണിയടിച്ചു. സ്‌കൂൾ ചിതറിയോടി.

സ്‌കൂള് വിട്ട് അധ്യാപകർ യോഗം ചേർന്നു. ഇതിങ്ങനെ വിട്ടാൽ പറ്റില്ല എന്നായി യുവ അധ്യാപകർ. കുട്ടികല്ലേ, ക്ഷമിച്ചുകൂടേ എന്ന് ചില മുതിർന്ന അധ്യാപകരും. നിങ്ങളൊക്കെ ഇങ്ങനെ ക്ഷമിച്ചു ക്ഷമിച്ചാണ് കാര്യങ്ങൾ ഇത്രത്തോളമായത് എന്ന കുത്തുവാക്കിനുമുന്നിൽ അവർ നിശ്ശബ്ദരായി. കുറ്റക്കാർക്കെതിരെ അച്ചടക്ക നടപടി വേണം എന്ന ധാരണയിൽ അന്നു പിരിഞ്ഞു. പിറ്റേന്ന് കുട്ടികൾ സമരം പ്രഖ്യാപിച്ചു. അധ്യാപകർക്കെതിരെ നടപടി വേണം എന്നായിരുന്നു അവരുടെ ആവശ്യം. രണ്ടു വിഭാഗവും പിൻമാറാൻ തയ്യാറായില്ല. ഒടുവിൽ അധ്യാപകർ ജയിച്ചു.

മാപ്പു പറഞ്ഞാൽ ക്ലാസിലിരുത്തും, അല്ലെങ്കിൽ പുറത്ത് എന്ന് തീരുമാനമായി. ആദ്യമൊക്കെ പിടിച്ചു നിന്നെങ്കിലും സമ്മർദങ്ങൾക്കു വഴങ്ങിയാവണം രണ്ടു പേരൊഴികെ മാപ്പു ചോദിച്ച് ക്ലാസിൽ കയറി. മാപ്പു പറയാതെ ക്ലാസിൽ കയറ്റില്ല എന്ന തീരുമാനം തന്നെ ജയിച്ചു. രണ്ടുപേർ പിന്നെ സ്‌കൂളിലേക്കു വന്നില്ല - അവർ മാപ്പു പറയാൻ തയ്യാറായിരുന്നില്ല. മറ്റൊരു പരിഹാര നിർദേശം എന്തുകൊണ്ടോ ഉയർന്നു വന്നുമില്ല.
ഞാൻ സ്‌കൂളുമാറിപ്പോയി.

എനിക്കെല്ലാം ഓർമ വന്നു. ഒരു വേദന മിന്നൽ പോലെ എന്നിലൂടെ പാഞ്ഞു.
മറ്റെയാളോ എന്ന ചോദ്യത്തിന് തിരക്കിൽ നിന്ന് മാറി ദൂരെയിരിക്കുന്ന ചെറുപ്പക്കാരനെ കാട്ടിത്തന്നു.

രണ്ടു വർഷം മുന്നേ; ചില കുട്ടികൾ കാണാൻ വന്നു. അവരുടെ ബാച്ചിലെ കുട്ടികൾ കൂട്ടായ്മ ഉണ്ടാക്കിയിരിക്കുന്നു. റീ യൂണിയൻ നടത്തുന്നുണ്ട്. കുടുംബമേളയടക്കമുള്ള വിപുലമായ പരിപാടികൾ ഒരുക്കിയിട്ടുണ്ട്. ഭക്ഷണവും കലാപരിപാടികളുമുണ്ട്. അതിഥിയായി മാഷ് വരണം എന്നാണ് അവരുടെ ആവശ്യം. അന്നത്തെ എല്ലാ അധ്യാപകരെയും വിളിച്ചിട്ടുണ്ട്. ടിക്കറ്റെടുത്തു കൊടുത്ത് വരും എന്ന് ഉറപ്പാക്കിയിട്ടുണ്ട്. പറഞ്ഞ സമയത്തു തന്നെ അവിടെ എത്തി. നിറയെ സ്ത്രീകളും പുരുഷൻമാരും കുട്ടികളും. കളി ചിരി മേളം. കൊച്ചു കൊച്ചു മത്സരങ്ങളും ഉടൻ സമ്മാനവും. ഒരു ഉത്സവാന്തരീക്ഷം തന്നെ.
ഏറെയിഷ്ടത്തോടെയാണ് അവർ എന്നെ സ്വീകരിച്ചത്. അതിഥിമുറിയിൽ ഇരുത്തി സൽക്കരിച്ചു. ഓരോരുത്തരായി വന്ന് കുശലം പറഞ്ഞു. പ്രധാന സംഘാടകൻ എന്നു തോന്നിപ്പിക്കുന്ന ചെറുപ്പക്കാരനോട് എന്തു ചെയ്യുന്നു എന്നു ചോദിച്ചു. നാട്ടിൽത്തന്നെയുണ്ട്. വലിയൊരു വ്യവസായ സ്ഥാപനം നടത്തുന്നു എന്ന മറുപടിക്കൊപ്പം "നന്നായി പഠിച്ചവരൊക്കെ ചെറിയ ജോലിയും കൂലിയുമായി കഷ്ടിച്ചു ജീവിക്കുന്നതു കാണുമ്പോൾ അന്നു പുറത്തായതു നന്നായി' എന്നൊരു ചിരിയും.

എനിക്കെല്ലാം ഓർമ വന്നു. ഒരു വേദന മിന്നൽ പോലെ എന്നിലൂടെ പാഞ്ഞു.
മറ്റെയാളോ എന്ന ചോദ്യത്തിന് തിരക്കിൽ നിന്ന് മാറി ദൂരെയിരിക്കുന്ന ചെറുപ്പക്കാരനെ കാട്ടിത്തന്നു. അയാൾ പിന്നെ പഠിക്കാൻ പോയില്ലെന്നും പൂഴി വാരാനും വണ്ടി കഴുകാനും പോയി ജീവിതം മുന്നോട്ടു നടത്താൻ ശ്രമിക്കുകയായിരുന്നെന്നും അറിഞ്ഞു. വാടക വീട്ടിൽ താമസിക്കുന്ന അയാൾക്ക് കൂട്ടായ്മ ചെറിയൊരു സാമ്പത്തിക സഹായം നൽകിയെന്നും ഒരു വീടുവെച്ചു കൊടുക്കാനുള്ള ആലോചനയിലാണ് എന്നും അറിഞ്ഞു. അന്നത്തെ ആ പിടിവാശി ഞങ്ങൾ അധ്യാപകർക്ക് ഒഴിവാക്കാമായിരുന്നു എന്ന കുറ്റബോധത്തോടെ ഞാൻ അയാളെ നോക്കി. എന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്ന അയാൾ പൊടുന്നനെ കണ്ണുവെട്ടിച്ചു, തന്റെ അടുത്തേക്ക് ഓടി വന്ന ഒരു കുഞ്ഞിന്റെ കൈ പിടിച്ച് ഭക്ഷണമേശയ്ക്കു നേരെ നടന്നു.▮

Comments