സമീന ടീച്ചർ

പാരിതിലെല്ലാമെന്നെ പഠിപ്പിക്കുന്നുണ്ടെന്തോ!

കഥയും കഥാപ്രസംഗവും ഇല്ലാതെ, ആരുടേയും കണ്ണിലുണ്ണി ആവാതെ മൃദുവായി വന്ന് കൈ പിടിക്കുന്ന ചില അദ്ധ്യാപകരുണ്ട്​. കൂട്ടത്തിൽ നമ്മുടെ ഒച്ച വേറിട്ട് കേട്ടവർ.

"ഉദാഹരണം സുജാത'യിൽ ഒരു കണക്കുമാഷുണ്ട്.
​"കുതിരകളെപ്പോലെ കുതിയ്ക്കണോ കഴുതകളെപ്പോലെ കിതയ്ക്കണോ' എന്ന് ഒച്ചയുയർത്തി ചോദിച്ച് "കുതിര...കുതിര...' എന്ന് കുട്ടികളെക്കൊണ്ട് ഓരിയിടീക്കുന്ന ഒരു മാഷ്. "തണ്ണീർമത്തൻ ദിനങ്ങ'ളിൽ ഒരു രവി പത്മനാഭനുണ്ട്.
ആദ്യ ദിവസം തന്നെ സെൻ കഥ പറഞ്ഞ് ക്ലാസ്സിനെ കയ്യിലെടുക്കുന്നൊരു മാഷ്. ഇതിലൊന്നും പെടാത്ത ഒരു കൂട്ടരുണ്ട്. കഥയും കഥാപ്രസംഗവും ഇല്ലാതെ, ആരുടേയും കണ്ണിലുണ്ണി ആവാതെ മൃദുവായി വന്ന് കൈ പിടിക്കുന്ന ചില അദ്ധ്യാപകർ. കൂട്ടത്തിൽ നമ്മുടെ ഒച്ച വേറിട്ട് കേട്ടവർ.

പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി പഠനത്തിനായി ചേർന്നത് ഒരു കോൺവെൻറ്​ കോളേജിലായിരുന്നു. കോഴ്‌സ് തുടങ്ങി അധികം കാലമായിട്ടില്ല. കൗതുകം ലേശം കൂടുതലായതുകൊണ്ടും ക്ലാസ്​ കട്ട് ചെയ്യാമെന്ന ധാരണയിലും ആ വർഷത്തെ കോളേജ് ആർട്ട്‌സ് ഫെസ്റ്റിലെ കണ്ടാലറിയാവുന്ന ചില മത്സരങ്ങൾക്ക് പേരുകൊടുത്തിരുന്നു. അങ്ങനെ പങ്കെടുക്കാൻ പോയ കഥാരചന, കവിതാരചന മത്സരങ്ങളിൽ ഇൻവിജിലേഷൻ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു ഇംഗ്ലീഷ് വിഭാഗത്തിലെ ഗസ്റ്റ് അധ്യാപിക ആയിരുന്ന സമീന മിസ്​.

"തണ്ണീർമത്തൻ ദിനങ്ങ'ളിൽ വിനീത് ശ്രീനിവാസൻ
"തണ്ണീർമത്തൻ ദിനങ്ങ'ളിൽ വിനീത് ശ്രീനിവാസൻ

കിട്ടിയ വിഷയത്തിൽ പണ്ടെപ്പോഴോ അമ്മ പറഞ്ഞു കേട്ട ഒരു കന്യാസ്ത്രീയുടെ കഥ ചേർത്തുകെട്ടി. സ്ഥാനത്തും അസ്ഥാനത്തും അമ്മ മൂളി നടക്കാറുള്ള "മറ്റത്തെപ്പള്ളീല് കുമ്പിടാൻ പോകുന്ന മൊട്ടച്ചിപ്പെണ്ണുങ്ങളെ' എന്ന പാട്ടും കുത്തിക്കേറ്റി, "പിതാവിനും പുത്രനും പരിശുദ്ധാത്മാവിനും' എന്ന് തലക്കെട്ടും വെച്ച്, ആഹാ! അന്തസ്സ് എന്ന് ഏമ്പക്കം വിട്ട് ഒന്നുരണ്ട് തവണ കൂടി വായിച്ചുനോക്കി. ക്ലാസ്​ കഴിയേണ്ട സമയമായി എന്ന് ഉറപ്പായപ്പോൾ ഇറങ്ങിവന്നു. എന്തായാലും ഉച്ചയോടെ ആദ്യഫലസൂചനകൾ കിട്ടിത്തുടങ്ങി. സമാധാനത്തോടെ ചോറുണ്ടിരിക്കുമ്പോൾ ആരൊക്കെയോ വന്ന് അന്വേഷിക്കുന്നുണ്ട്, "കാവ്യ ഈ ക്ലാസിലാണോ?', "ഇവിടെ കാവ്യ എന്നൊരു കൊച്ചുണ്ടോ?'. ഇടയ്‌ക്കൊരു കുട്ടി വാതിൽക്കൽ വന്ന് ക്ലാസ്സിലേക്ക് തലയിട്ട്, ചോറുണ്ട് കഴിഞ്ഞാൽ മലയാളം ഡിപ്പാർട്ട്‌മെന്റിലേക് ചെല്ലണമെന്ന് അറിയിച്ചു.

കഥ എഴുതുമ്പോൾ മുഴങ്ങാതിരുന്ന അപായ മണി ചെറുതായൊന്ന് ശബ്ദിച്ചു. തിരക്കിട്ട് ചെല്ലുമ്പോൾ HoD അടക്കം രണ്ട് കന്യാസ്ത്രീകൾ അധ്യാപകരായിട്ടുള്ള മലയാളം ഡിപ്പാർട്ട്‌മെൻറ്​ ചുണ്ടുകൂർപ്പിച്ച് എന്നെ കാത്തിരിക്കുന്നു, മേശപ്പുറത്ത് ചുരുണ്ടുകൂടി കിടക്കുന്ന ചൂടാറാത്ത കഥ കാണാൻ പോകുന്ന പൂരം ചെറിയതോതിൽ പറഞ്ഞറിയിക്കുന്നു. കൂട്ടത്തിൽ ഒരു സിസ്റ്റർ എന്റെ തോളിൽ കയ്യിട്ട് വരാന്തയിലേക്ക് നടന്നു.

"ആ കവിത ഞങ്ങൾ വായിച്ചു. അത് വേറൊരു കവിതേടെ ഈച്ചക്കോപ്പിയാണല്ലോ. ഡിപ്പാർട്ടുമെന്റിലെ ഒരു ടീച്ചർ കണ്ടുപിടിച്ചതാ.. തനിക്ക് പേരെടുക്കാനാണെങ്കി സ്വന്തമായി എഴുതി ചെയ്യ്...'

"ഞങ്ങടെ കോളേജിൽ പഠിച്ച് ഞങ്ങൾക്കെതിരെ എഴുതാൻ തനിക്ക് നല്ല ധൈര്യം ഉണ്ടല്ലോ'
അത് ധൈര്യമായിരുന്നോ വിവരമില്ലായ്മയായിരുന്നോ എന്ന് റിവൈൻഡ് ചെയ്യുന്നതിനിടെ അടുത്ത ആരോപണം:
"ആ കവിത ഞങ്ങൾ വായിച്ചു. അത് വേറൊരു കവിതേടെ ഈച്ചക്കോപ്പിയാണല്ലോ. ഡിപ്പാർട്ടുമെന്റിലെ ഒരു ടീച്ചർ കണ്ടുപിടിച്ചതാ.. തനിക്ക് പേരെടുക്കാനാണെങ്കി സ്വന്തമായി എഴുതി ചെയ്യ്...'
വരാന്തയ്ക്ക് അഭിമുഖമായി നിൽക്കുന്ന ഇരുനില ബ്ലോക്കിലെ കുട്ടികൾ ഇങ്ങോട്ട് പാളിനോക്കുന്നുണ്ട്. "ഞാൻ തന്നെ എഴുതിയതാ' എന്ന് മുഴുമിപ്പിച്ചില്ല. കരച്ചിൽ അമർത്താൻ നോക്കി ക്ലാസിലേക്ക് തിരിച്ചോടുമ്പോൾ ഇംഗ്ലീഷ് ഡിപ്പാട്ട്‌മെന്റിൽ നിന്നും ഇറങ്ങി വരുന്ന സമീന മിസ്​ ഒന്നും മിണ്ടാതെ എന്റെ കയ്യിൽ പിടിച്ചു, കടന്നുപോയി. കോളേജിലെ ഗസ്റ്റ് അധ്യാപിക മാത്രമായിരുന്ന മിസിന് ചെയ്യാവുന്ന ഏറ്റവും സഹാനുഭൂതി നിറഞ്ഞ പ്രവൃത്തി ആയിരുന്നു അത്.

പിന്നീട് ഒരിക്കൽപ്പോലും ഈ വിഷയത്തെപ്പറ്റി ടീച്ചർ സംസാരിച്ചിട്ടില്ലെങ്കിലും ഇടയ്ക്ക് കാണുമ്പോഴൊക്കെ എഴുതുന്നുണ്ടോയെന്ന് അന്വേഷിക്കും... വായിക്കുന്നില്ലേ എന്ന് ഓർമിപ്പിക്കും. ഒരു ദിവസം വായിച്ച ഇംഗ്ലീഷ് പുസ്തകങ്ങളെപ്പറ്റി ചോദിച്ചു. പഠിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണെങ്കിലും ആദ്യമായൊരു ഇംഗ്ലീഷ് നോവൽ വായിക്കുന്നത് ഡിഗ്രി ആദ്യവർഷമാണ്, ചേതൻ ഭഗതിന്റെ റവലൂഷൻ 2020. മറുപടി പറയാതെ ഞാൻ നിന്ന് നീളം വെയ്ക്കുന്നത് കണ്ടാവണം ടീച്ചർ ഇങ്ങോട്ട് ചോദിച്ചു, "ചേതൻ ഭഗതിന്റെയാണല്ലേ...

അതിനെന്തിനാ ഇത്ര മടിക്കുന്നെ... സാഹിത്യ വിദ്യാർത്ഥികൾ ഷേക്‌സ്പിയറെ മാത്രേ വായിക്കാൻ പാടൂ എന്നൊന്നൂല്ല... എന്നാലും പലതരം പുസ്തകങ്ങൾ വായിക്കാൻ ശ്രമിക്കണം...'
എന്റെ വായനാവേഗത്തിന് പറ്റിയ പുസ്തകങ്ങളുടെ ഒരു ചെറിയ ലിസ്റ്റെനിക്ക് തന്നു. ഏതെല്ലാം വായിച്ചുവെന്ന് കാണുമ്പോഴെല്ലാം ചോദിച്ചു. ഇടക്കിടെ പുസ്തകങ്ങൾ സമ്മാനമായി തന്നു.

പഠിക്കുന്നത് ഇംഗ്ലീഷ് സാഹിത്യമാണെങ്കിലും ആദ്യമായൊരു ഇംഗ്ലീഷ് നോവൽ വായിക്കുന്നത് ഡിഗ്രി ആദ്യവർഷമാണ്, ചേതൻ ഭഗതിന്റെ റവലൂഷൻ 2020. മറുപടി പറയാതെ ഞാൻ നിന്ന് നീളം വെയ്ക്കുന്നത് കണ്ടാവണം ടീച്ചർ ഇങ്ങോട്ട് ചോദിച്ചു, "ചേതൻ ഭഗതിന്റെയാണല്ലേ...

അതിന്റെ ആദ്യപേജിൽ ഇനിയും കുറേ വായിക്കാനുണ്ടെന്ന് ഓർമപ്പെടുത്തി. സൈക്കിൾ ഓടിക്കാൻ പഠിപ്പിക്കുമ്പോൾ, ഓടിക്കുന്നയാൾക്ക് ബാലൻസ് കിട്ടിത്തുടങ്ങി എന്ന് തോന്നുമ്പോൾ അതുവരെ താങ്ങിയ കൈ പതിയെ പിൻവലിക്കുന്ന പോലെ, ഇനിയൊറ്റയ്ക്ക് പോയ്‌ക്കൊള്ളുമെന്ന് ഉറപ്പായപ്പോൾ വന്ന പോലെത്തന്നെ ശബ്ദമുണ്ടാക്കാതെ മടങ്ങിപ്പോയ ടീച്ചർ.
​ഒരുപാട് പുസ്തകം വായിക്കുന്ന, ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന, തനിച്ച് ജീവിക്കുന്ന, സാഹിത്യ അക്കാദമിയിൽ, പുസ്തകമേളകളിൽ ഓർക്കാപ്പുറത്ത് പ്രത്യക്ഷപ്പെടുന്ന, ഒച്ചയുയർത്താതെ ക്ലാസെടുക്കാൻ അറിയുന്ന ടീച്ചർ എന്നെ വന്ന് തൊട്ട വഴികളിൽ ഒരു പുല്ലു പോലും ഞെരിഞ്ഞമർന്നിട്ടില്ല. ▮


കാവ്യ പി.ജി.

കവി. പാലക്കാട് ഐ.ഐ.ടിയിൽ ഹ്യുമാനിറ്റീസ് ആൻറ്​ സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെൻറിൽ ഗവേഷണ വിദ്യാർഥി.

Comments