Photo: alpsthokkampara

ഒളിച്ചുകളി

തിരിച്ചുള്ള യാത്രയിൽ വല്ലാത്തൊരു സങ്കടം വന്ന് എന്നെ മൂടി. എന്തിനായിരിക്കും അയാൾ എന്നെ കാണണമെന്ന് പറഞ്ഞത്? ഏറെ ചിന്തിച്ചിട്ടും എനിക്കൊരുത്തരം കിട്ടിയില്ല.

നിക്കേറെ അടുപ്പമുള്ള വിദ്യാർത്ഥികളിൽ ഒരാളൊന്നുമല്ല അവൻ.
അവന്റെ അനുമതിയോടെയാണീ കുറിപ്പെങ്കിലും അവന്റെ പേര് മറഞ്ഞുതന്നെയിരിക്കട്ടെ.
തൽക്കാലം ഞാൻ അവനെ ബിനു തങ്കച്ചൻ എന്ന് വിളിക്കുകയാണ്.

കഴിഞ്ഞ ഏപ്രിലിൽ ഹയർസെക്കൻഡറി പരീക്ഷാ ഡ്യൂട്ടി കഴിഞ്ഞ് ബൈക്കിൽ മടങ്ങുകയാണ്. ഉച്ചസമയം, നല്ല വെയിൽ.
കയ്യിൽ അന്നത്തെ പരീക്ഷയുടെ ഉത്തരക്കടലാസിന്റെ കെട്ടുണ്ട്.
അത് വാല്വേഷൻ ക്യാമ്പിലേക്ക് അയക്കണം. അൽപം വേഗത്തിലാണ് യാത്ര. പോക്കറ്റിൽ ഫോണടിക്കുന്നു. ബൈക്ക് നിർത്തണം എന്നതുകൊണ്ട് എടുക്കേണ്ടെന്ന് കരുതിയെങ്കിലും വേഗം തീരുമാനം മാറ്റി ബൈക്ക് വഴിയരികിൽ തണലത്തേക്ക് മാറ്റി നിർത്തി ഫോൺ എടുത്തു.
‘ഹലോ...നിയാസ് സാറല്ലേ'
‘അതെ'
‘സാർ ഞാൻ ബിനു തങ്കച്ചനാണ്...' ; ഒപ്പം അവൻ സ്ഥലവും കൂടി പറഞ്ഞു. അത്രയും മതിയായിരുന്നു 13 വർഷങ്ങൾക്കുശേഷവും അവനെ തിരിച്ചറിയാൻ. ഞാൻ എന്തെങ്കിലും പറയുന്നതിനുമുൻപേ വളരെ വിഷമത്തോടെ അവൻ പറഞ്ഞു;
‘സാർ ഒരു വിവരം പറയാനാണ് വിളിച്ചത്, അച്ഛൻ രണ്ടാഴ്ച മുമ്പ്​ മരിച്ചു.'
എന്നെ ഒരുതരത്തിലും ബാധിക്കാത്ത ഒരു മരണം. എങ്കിലും ഔപചാരികതക്കുവേണ്ടി ‘അയ്യോ! എന്തു പറ്റിയതാ’ എന്നു ഞാൻ ചോദിച്ചു.
‘കാൻസറായിരുന്നു സാർ, നാലുവർഷമായി അറിഞ്ഞിട്ട്. ഒരു വർഷം മുമ്പാണ് തീരെ കിടപ്പിലായത്'; അവൻ ഒരു നിമിഷമൊന്ന് നിർത്തി, എന്നിട്ട് തുടർന്നു; ‘കിടപ്പിലായ സമയത്ത് സാറിനെ കാണണം എന്ന് എന്നോടുപറഞ്ഞിരുന്നു. ഞാനതത്ര കാര്യമാക്കിയില്ല. കൊറോണയൊക്കെ കഴിയട്ടെന്ന് പറഞ്ഞൊഴിഞ്ഞു'; ഇടർച്ചയോടെ അതുപറഞ്ഞ് അവനൊന്ന് തേങ്ങി.

‘സാർ ഇതിനുമുൻപ് പൊലീസിലും പൂജപ്പുര സെൻട്രൽ ജയിലിലും ഒക്കെയാ ജോലി ചെയ്തിരുന്നത്. സൂക്ഷിച്ചും കണ്ടും നിന്നാ നിനക്കൊക്കെ കൊള്ളാം'; ടീച്ചറുടെ പരിചയപ്പെടുത്തൽ കേട്ട്​ ക്ലാസ് നിശ്ശബ്ദമായി.

എന്റെയുള്ളിൽ എന്തോ ഒന്നു കൊളുത്തി വലിച്ചു. എന്തു പറയണമെന്നറിയാതെ ഒരു നിമിഷം ഞാനും നിശബ്ദനായി. പിന്നെ പറഞ്ഞു; ‘ബിനൂ... മോനേ....ഞാൻ വരാവെടാ'
‘അയ്യോ...സാറ് വരാൻവേണ്ടി പറഞ്ഞതൊന്നുമല്ല. അച്ഛൻ കിടപ്പിലായപ്പോൾ പറഞ്ഞ ഒരു കാര്യം സാധിച്ചു കൊടുക്കാൻ എനിക്ക് കഴിഞ്ഞില്ലല്ലോ. ഫേസ്ബുക്കീന്നാ സാറിന്റെ നമ്പർ എനിക്ക് കിട്ടിയത്. എനിക്കത് അന്നേ പറ്റുമായിരുന്നു.'
‘മരണമൊക്കെ മുൻകൂട്ടി കാണാൻ ആർക്കാണ് ബിനൂ കഴിയുക, സാരമില്ല നീ..സമാധാനപ്പെട്.’

2007 ജൂൺ നാലിനാണ് യു.പി സ്‌കൂൾ അധ്യാപകനായത്.
ഹൈസ്‌കൂൾ കൂടിയുള്ളിടത്തായിരുന്നു നിയമനം. നിലവിൽ ജോലി ചെയ്തിരുന്ന ആരോഗ്യവകുപ്പിൽ നിന്ന് റിലീവ് ചെയ്ത് സ്‌കൂളിലെത്തുമ്പോൾ ഉച്ചകഴിഞ്ഞു.
ആദ്യ ദിവസമായതിനാൽ ഉച്ചക്ക് സ്‌കൂൾ വിട്ട് കുട്ടികൾ പോയിരുന്നു. അധ്യാപകർ എന്നെക്കാത്തിരിക്കുന്നു. ഞാൻ ചെന്നിട്ടുവേണം സ്റ്റാഫ് മീറ്റിംഗ് തുടങ്ങാൻ. മീറ്റിങ്ങിൽ സ്വയം പരിചയപ്പെടുത്തി. അധ്യാപകവൃത്തിയോടുള്ള അഭിനിവേശവും നേരത്തെ ജോലി ചെയ്തിരുന്ന പൊലീസ്, ജയിൽ, ഹെൽത്ത് ഡിപ്പാർട്ടുമെന്റുകളിലെ അനുഭവവുമെല്ലാം ആ ചെറു സംസാരത്തിൽ കടന്നു വന്നു. തുടർന്ന് ആറാം ക്ലാസിന്റെ ക്ലാസ് ചാർജ് എനിക്ക് വന്നുചേർന്നു.

പിറ്റേന്നുരാവിലെ ക്ലാസിൽ പോകുന്നതിനു മുൻപ് ആറാം ക്ലാസ്സിന്റെ ചാർജ്ജുണ്ടായിരുന്ന ടീച്ചർ പറഞ്ഞു; ‘സാറേ ഞാനും വരാം. ക്ലാസ് ഞാൻ ഒന്ന് പരിചയപ്പെടുത്തി തരാം.'
അത് നന്നായിരിക്കും എന്ന് എനിക്കും തോന്നി. തട്ടും തടവുമില്ലാതങ്ങ് തുടങ്ങാമല്ലോ. ക്ലാസിലേക്ക് നടക്കുന്നതിനിടയിൽ ടീച്ചർ പറഞ്ഞു; ‘വെളഞ്ഞ വിത്തുകളാ... ഒരു സമയോം നാക്കകത്തിടത്തില്ല.'
ഞാൻ ചിരിച്ചു.
ക്ലാസിലേക്ക് ആദ്യം ടീച്ചറാണ് കയറിയത്.
‘ഗുഡ്‌മോണിങ് ടീച്ചർ'
പല ശ്രുതികളിൽ പല ടെമ്പോയിൽ പ്രഭാതവന്ദനം.
ഒരാമുഖവുമില്ലാതെ ടീച്ചർ കാര്യത്തിലേക്കുകടന്നു; ‘ഇതാണ് നിയാസ് സാർ. ഇനി മുതൽ സാറാണ് നിങ്ങൾടെ ക്ലാസ് ടീച്ചർ.'

കുട്ടികൾ നിൽക്കുകയാണ്. ഇരിക്കാൻ അനുമതി കിട്ടിയിട്ടില്ല.
അതിലൊന്നും അസ്വസ്ഥരാവാതെ അവരുടെ പുഞ്ചിരിക്കുന്ന കുസൃതിക്കണ്ണുകൾ എന്റെ മുഖത്തേക്ക് നീണ്ടു. തുടർന്ന് ടീച്ചർ ഇടിവെട്ടുന്ന ശബ്ദത്തിൽ തുടർന്നു;
‘സാർ ഇതിനുമുൻപ് പൊലീസിലും പൂജപ്പുര സെൻട്രൽ ജയിലിലും ഒക്കെയാ ജോലി ചെയ്തിരുന്നത്. സൂക്ഷിച്ചും കണ്ടും നിന്നാ നിനക്കൊക്കെ കൊള്ളാം.'
ക്ലാസ് നിശ്ശബ്ദമായി.
ഞാനാകെ വല്ലാതായി. ആദ്യ ദിവസം അത് പറയേണ്ടിയിരുന്നില്ലെന്ന് തോന്നി. കുട്ടികളെ കയ്യിലെടുക്കാനും ഒരു ബന്ധമുണ്ടാക്കാനുമൊക്കെ കരുതി വെച്ചിരുന്ന സകലതും ഒറ്റ നിമിഷം കൊണ്ട് തകർന്നു തരിപ്പണമായി. കിട്ടിയ ബിൽഡപ്പ് വില്ലന്റേതായി.
‘എന്നാ സാറ് നിന്നാട്ടെ', എന്നുപറഞ്ഞ് ടീച്ചർ പോയി.

ഞാനൊരു പരാജയമായിത്തീരുമോ എന്ന ചിന്ത എന്നെ പിടികൂടി. അവരിൽ ഒരാളാകാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അന്നവർ എന്നെ അതിനനുവദിച്ചില്ല.

കുട്ടികൾ നിൽക്കുകയാണ്.
കണ്ണുകളിലെ കുസൃതിച്ചിരി ചെറിയൊരുത്കണ്ഠയായി മാറിയിരിക്കുന്നു.
‘എല്ലാവരും ഇരിക്കൂ.'
ഒട്ടും ശബ്ദമുണ്ടാക്കാതെ അവരിരുന്നു. (അത്രയും നിശ്ശബ്ദമായി പിന്നീടൊരിക്കലും എന്റെ ക്ലാസ്സിൽ കുട്ടികൾ ഇരുന്നിട്ടില്ല.) സ്വയം പരിചയപ്പെടുത്തിയ ശേഷം അവരെ പരിചയപ്പെടുത്താൻ ക്ഷണിച്ചു. 18 ആൺകുട്ടികളും 9 പെൺകുട്ടികളുമുണ്ട്. ഓരോരുത്തരും മടിച്ചുമടിച്ച് മുന്നോട്ടുവന്ന് എന്റെ നിർബന്ധത്തിന് വഴങ്ങി യാന്ത്രികമായി എന്തൊക്കെയോ പറയുകയാണ്. ഞാനൊരു പരാജയമായിത്തീരുമോ എന്ന ചിന്തയും എന്നെ പിടികൂടി. അവരിൽ ഒരാളാകാൻ എത്രയൊക്കെ ശ്രമിച്ചിട്ടും അന്നവർ എന്നെ അതിനനുവദിച്ചില്ല. ഏഴെട്ട് വർഷത്തെ ട്യൂട്ടോറിയൽ കോളേജ് അധ്യാപനത്തിനിടെ ഇറക്കിയിട്ടുള്ള ചില സ്റ്റോക്ക് തമാശയൊക്കെ ഇറക്കി നോക്കിയെങ്കിലും ‘ശോഭ ചിരിക്കുന്നില്ലേ' എന്ന അവസ്ഥയിലായി ഞാൻ.

ആ വ്യാഴാഴ്ച രാവിലെ പത്തരയോടെ കാഴ്ചയിൽ 30നടുത്ത് പ്രായം തോന്നിക്കുന്ന നീണ്ടുമെലിഞ്ഞ ഒരു സ്ത്രീ ക്ലാസിന്റെ വാതുക്കൽ വന്നു.
‘സാർ ഞാൻ ബിനുവിന്റെ അമ്മയാണ്...ബിനു തങ്കച്ചന്റെ...'
‘എന്തുപറ്റി ബിനുവിന്? ഇന്നലെയും ഇന്നും ക്ലാസിൽ വന്നില്ലല്ലോ?'
‘അവനെ വേറൊരു സ്‌കൂളിൽ ചേർക്കുവാണ് സാർ ...'
‘അയ്യോ.... അതെന്താ ഈ വർഷമാണല്ലോ അവനെ ഇവിടെ ചേർത്തത് '
‘അതേ സാർ, ഞങ്ങളിവിടെ പുതിയ ആൾക്കാരാ...ഈ സ്‌കൂളും കൂട്ടുകാരുവൊന്നും അവനങ്ങോട്ട് ഇഷ്ടവായില്ല. സ്‌കൂൾ മാറ്റിയില്ലേ അവൻ ഇനി പഠിക്കുന്നില്ലെന്നാ പറേന്നെ '
‘അത് തുടക്കമായതുകൊണ്ടാ, കുറച്ചു കഴീമ്പോ അതൊക്കെയങ്ങ് മാറും ഞങ്ങള് അധ്യാപകർ ആരെങ്കിലും വീട്ടിൽ വന്ന് അവനോട് സംസാരിക്കാം'
‘അതൊന്നും വേണ്ട സാർ..കുഞ്ഞല്ലേ അവന്റെയിഷ്ടംപോലെ ആട്ടെ എന്നാ അവന്റച്ഛനും പറേന്നെ.’

എന്റെ ഏറെ നേരത്തെ പരിശ്രമത്തിനും അവരുടെ തീരുമാനം മാറ്റാൻ കഴിഞ്ഞില്ല. ഒടുവിൽ ഞാൻ പറഞ്ഞു; ‘ടി.സി തരേണ്ടത് ഞാനല്ല, നിങ്ങൾ ഹെഡ് മാസ്റ്ററോട് സംസാരിക്കൂ. '
കുറച്ചുനേരം കഴിഞ്ഞ് അവർ തിരിച്ചുവന്നു; ‘ആറാമത്തെ വർക്കിംഗ്‌ഡേ കഴിഞ്ഞ് തരാം എന്ന് ഹെഡ് മാസ്റ്റർ പറഞ്ഞു.’
‘ശരി ആയിക്കോട്ടെ, പിന്നെ; ടി.സി വാങ്ങുന്നവരെ അവനെ വീട്ടിൽ ഇരുത്തണ്ട. സ്‌കൂളിൽ വരട്ടെ.’

മറുപടിയൊന്നും പറയാതെ അവർ പോയി.
പിറ്റേന്ന് വെള്ളിയാഴ്ച ബിനു ക്ലാസ്സിൽ വന്നു. രണ്ടുദിവസം കൊണ്ട് കുട്ടികളുമായി ഒരടുപ്പം ഞാൻ ഉണ്ടാക്കിയിരുന്നു. അന്നുച്ചയ്ക്ക് രണ്ടുമണിക്കൂർ ഇന്റർവെലിൽ അവനുമായി സംസാരിക്കണമെന്നും അവന്റെ തീരുമാനത്തിൽ നിന്ന് എങ്ങനെയും പിന്തിരിപ്പിക്കണമെന്നും മനസ്സിലുറപ്പിച്ചിരുന്നു.
രണ്ടു പിരീഡ് കഴിഞ്ഞുള്ള ഇന്റർവെൽ തീരാറായപ്പോൾ നാലഞ്ചു കുട്ടികൾ ഓടിക്കിതച്ച് സ്റ്റാഫ് റൂമിലെത്തി; ‘ബിനു....ബിനു തങ്കച്ചൻ വീണു. അനന്ദു പിടിച്ച് തള്ളിയതാ ... ബോധമില്ല'

എനിക്കാകെ കുറ്റബോധം. എന്റെ നിർബന്ധം കൊണ്ടാണ് അവൻ സ്‌കൂളിൽ വന്നത്. ബിനുവിന്റമ്മ അത് പറഞ്ഞില്ലെങ്കിലും അവരുടെ മുഖത്തതുണ്ട്.

ഞാനും കുറച്ച് അധ്യാപകരും ഗ്രൗണ്ടിലേക്കോടി. കുട്ടികളുടെ കൂട്ടത്തെ വകഞ്ഞ് മാറ്റി, ആരൊക്കെയോ മുതിർന്ന കുട്ടികൾ അവനെ എഴുന്നേൽപ്പിച്ച് ദേഹത്തോട് ചേർത്തിരുത്തിയിരിക്കുകയാണ്. കുട്ടികൾ പറഞ്ഞത് നേരാണ്, ബോധമില്ല. നെറ്റിയിൽ ആഴത്തിൽ മുറിവുണ്ട്. രക്തം ഒരുപാട് പോകുന്നുണ്ട്. കാൽമുട്ടിനും നല്ല മുറിവുണ്ട്. ഉടൻ താങ്ങിയെടുത്ത് സ്റ്റാഫ് റൂമിലെത്തിച്ചു. നെറ്റിയിലെ മുറിവിൽ തുണികൊണ്ട് അമർത്തിപ്പിടിച്ചു. മുഖത്ത് വെള്ളം തളിച്ചപ്പോൾ ബോധം വന്നു.
പകുതി ആശ്വാസമായി.

വേഗം ആശുപത്രിയിലെത്തിക്കണം. പെട്ടെന്ന് ടാക്‌സി വിളിച്ചു. എനിക്കൊപ്പം രണ്ട് അധ്യാപകർ കൂടി വന്നു 10 മിനിറ്റ് കൊണ്ട് ആശുപത്രിയിലെത്തി.
നെറ്റിയിലെ മുറിവ് ആഴത്തിലാണ്. മുറിവിൽ തുന്നലിടുമ്പോൾ ബിനു ഛർദ്ദിച്ചു. ഉടൻ സ്‌കാൻ വേണമെന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും വീട്ടിൽ വിവരം അറിയിച്ചിരുന്നു. കരഞ്ഞു വിളിച്ചെത്തിയ അമ്മയെ, പേടിക്കാനൊന്നുമില്ലന്നും കുഴപ്പമില്ലെന്ന് ഉറപ്പുവരുത്തുന്നതിനാണ് സ്‌കാൻ ചെയ്യുന്നതെന്നും പറഞ്ഞു ബോധ്യപ്പെടുത്താൻ നന്നായി പണിപ്പെട്ടു. പേടിച്ചതുപോലെ ഒന്നും സംഭവിച്ചില്ല. സ്‌കാൻ റിപ്പോർട്ടിൽ പ്രശ്‌നമൊന്നുമില്ല. എങ്കിലും ഒരു ദിവസം ഒബ്‌സർവേഷൻ വേണം അതുകഴിഞ്ഞേ വീട്ടിൽ വിടൂ എന്ന് ഡോക്ടർ പറഞ്ഞു. അപ്പോഴേക്കും ബിനുവിന്റെ ഒന്നുരണ്ട് ബന്ധുക്കൾ കൂടി ആശുപത്രിയിലെത്തി. അവനെ വാർഡിലേക്ക് മാറ്റിയപ്പോൾ ഞങ്ങൾ തിരിച്ച് സ്‌കൂളിലെത്തി.

അൽപനേരത്തെ നിശബ്ദതക്കുശേഷം അയാൾ എനിക്കുമാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു, ‘പൂജപ്പുര ജയിലിൽ ജോലി ചെയ്ത ആളാണ് അവന്റെ സാർ എന്ന് എന്നോട് അന്നുതന്നെ പറഞ്ഞിരുന്നു. പേരുകേട്ടപ്പോൾ ആളെ മനസ്സിലായി.’

എനിക്കാകെ കുറ്റബോധം. എന്റെ നിർബന്ധം കൊണ്ടാണ് അവൻ സ്‌കൂളിൽ വന്നത്. ബിനുവിന്റമ്മ അത് പറഞ്ഞില്ലെങ്കിലും അവരുടെ മുഖത്തതുണ്ട്. സ്‌കൂൾ വിട്ടു പോകുമ്പോൾ വൈകിട്ട് ഒന്നുകൂടി ആശുപത്രിയിൽ കയറണം.
വൈകിട്ട് ആശുപത്രിയിലെത്തി.
വാർഡിൽ രണ്ടു വരികളിലായി മുപ്പതോളം ബെഡുണ്ട്. അങ്ങേ അറ്റത്താണ് ബിനു കിടക്കുന്നത്. നടന്ന് ഏതാണ്ട് പകുതിയായപ്പോഴാണ് അവന്റെ ബഡിന്റെ അടുത്ത് ഒരു സഞ്ചിയിൽനിന്ന് ഫ്‌ളാസ്‌ക് എടുക്കുന്ന മനുഷ്യനെ കണ്ടത്. ഒറ്റക്കാഴ്ചയിൽ തന്നെ ഞാനയാളെ തിരിച്ചറിഞ്ഞു. പെട്ടെന്നൊരുൾവിളിയിൽ ഞാൻ തിരിഞ്ഞുനടന്നു. എന്നെ കണ്ടു കാണുമോ? അവന്റമ്മയും കൂടെയുണ്ട്.
ഇല്ല!
കണ്ടിട്ടില്ല!

സന്ദർശന സമയമായതിനാൽ വാർഡിൽ നല്ല തിരക്കുണ്ട്. അതിനിടയിൽ കാണാൻ സാധ്യതയില്ല. അയാൾ ചായ വാങ്ങാനോ മറ്റോ പുറത്തിറങ്ങുകയാണ്. അയാൾ പുറത്തേക്ക് വരുന്നതുവരെ ഞാൻ കാത്തു നിന്നു.
എന്നെ കണ്ടതും എത്ര ഒളിച്ചിട്ടും പിടിക്കപ്പെട്ടവനെ പോലെ അയാൾ ഒന്നും മിണ്ടാതെ നിന്നു.
‘അപ്പൊ ബിനുവിന്റെ പേരിനൊപ്പമുള്ള തങ്കച്ചൻ താനാണ്'
(അയാളുടെ മുന്നിൽ പഴയ കാക്കിക്കുള്ളിലാണ് ഞാൻ എന്ന തോന്നലിലാണ് ആ ഡയലോഗ് വന്നത്. പക്ഷേ പെട്ടെന്നുതന്നെ ഞാനെന്നെ തിരിച്ചെടുത്തു)
അയാൾ ഒന്നും മിണ്ടിയില്ല. എന്റെ മുഖത്തുനോക്കാതെ നിന്നു.
അൽപനേരത്തെ നിശബ്ദതക്കുശേഷം അയാൾ എനിക്കുമാത്രം കേൾക്കാവുന്ന ഒച്ചയിൽ പറഞ്ഞു, ‘പൂജപ്പുര ജയിലിൽ ജോലി ചെയ്ത ആളാണ് അവന്റെ സാർ എന്ന് എന്നോട് അന്നുതന്നെ പറഞ്ഞിരുന്നു. പേരുകേട്ടപ്പോൾ ആളെ മനസ്സിലായി.’
‘അതുകൊണ്ടാണോ ടി.സി വാങ്ങുന്നത് ?'
‘അതെ '.
എനിക്ക് നൊന്തു.
‘അവൻ അവിടെ പഠിക്കുന്നിടത്തോളം എത്രയൊക്കെ ഒളിച്ചാലും നമ്മൾ തമ്മിൽ കാണും. അവൻ ഒരു ജയിൽ പുള്ളിയുടെ മകനാണെന്ന് ആരും അറിയാതിരിക്കാനാണ് സാറെ നാടുവിട്ട് ഇത്രയും ദൂരം താമസമാക്കിയെ. സാറിന് അറിയാമല്ലോ എന്റെ കഥ. എനിക്കവനൊരുത്തനേയുള്ളു.’

ബിനുവിന്റെയും അമ്മയുടെയും മുഖത്തെ ഉത്ക്കണ്ഠ ആശ്വാസമായി പരിണമിക്കുന്നത് ഞാനറിഞ്ഞു. അവന്റച്ഛനെ ഞാൻ തിരിച്ചറിഞ്ഞില്ല എന്ന ചിന്ത അവനെ കൂടുതൽ ഉല്ലാസവാനാക്കി.

എന്തു പറയണം എന്നറിയാതെ ഞാൻ നിന്നു.
ഞങ്ങൾക്കിടയിൽ മൗനം കനത്തു. ഒടുവിൽ ഞാൻ പറഞ്ഞു,
‘ഇല്ല ആരുമറിയില്ല. ടി.സി ഒന്നും വാങ്ങേണ്ട. നിങ്ങളെ എനിക്കറിയില്ല. പത്തുരണ്ടായിരം തടവുകാരിൽ നിന്ന് നിങ്ങളെ എങ്ങനെ തിരിച്ചറിയാനാണ്. മാത്രമല്ല ആ ലേബൽ നിങ്ങളൊരിക്കലും അർഹിക്കുന്നുമില്ല. പോയി ചായ വാങ്ങി വാ.'

ഞാൻ ബിനുവിന്റെ ബെഡിനടുത്തേക്ക് ചെന്നു.
എന്നെ കണ്ട അവന്റെയും അമ്മയുടെയും മുഖത്തെ വേവലാതി ഞാൻ വായിച്ചെടുത്തു. എന്നെ പെട്ടെന്ന് ഒഴിവാക്കാനുള്ള അവരുടെ ശ്രമങ്ങൾക്ക് ഞാൻ വഴങ്ങിയില്ല അപ്പോഴേക്കും തങ്കച്ചൻ ചായയുമായി വന്നു.
‘അച്ഛനാണോ?'

നിയാസ് ഇസ്​മയിൽ

ഞാൻ ബിനുവിനോടും അയാളോടുമായി ചോദിച്ചു.
‘അതെ'; അയാളാണ് മറുപടി പറഞ്ഞത്.
‘ഞാൻ ബിനുവിന്റെ ക്ലാസ് ടീച്ചറാ, എന്താ അച്ഛന്റെ പേര്?’
‘തങ്കച്ചൻ'
‘ശ്ശൊ!..പറഞ്ഞപോലവന്റെ പേരിലുണ്ടല്ലോ അത്...’ ; ഞാൻ ചിരിച്ചു.
‘എന്തുചെയ്യുന്നു?’
‘എല്ലാ പണിക്കും പോകും, ഇപ്പോൾ മരം വെട്ടാൻ പോകുവാ'
‘നിങ്ങളിവിടെ പുതിയ ആൾക്കാരാണെന്ന് ബിനൂന്റമ്മ പറഞ്ഞു. നേരത്തെ എവിടെയായിരുന്നു '.
‘നെടുമങ്ങാടാ. ഇവിടെ ഇവൾടെ അനിയത്തി താമസിക്കുന്നുണ്ട്. അതുകൊണ്ടാ ഇങ്ങോട്ട് മാറിയെ. അനിയന് മരംവെട്ടാ പണി. അവന്റെ കൂടെ പോകുവാ.’

ബിനുവിന്റെയും അമ്മയുടെയും മുഖത്തെ ഉത്ക്കണ്ഠ ആശ്വാസമായി പരിണമിക്കുന്നത് ഞാനറിഞ്ഞു. അവന്റച്ഛനെ ഞാൻ തിരിച്ചറിഞ്ഞില്ല എന്ന ചിന്ത അവനെ കൂടുതൽ ഉല്ലാസവാനാക്കി. ഒരു മണിക്കൂറോളം അവിടെ ഇരുന്ന ശേഷം ഞാൻ അവരോട് യാത്ര പറഞ്ഞു.

തിരിച്ചുള്ള യാത്രയിൽ വല്ലാത്തൊരു സങ്കടം വന്ന് എന്നെ മൂടി. എന്തിനായിരിക്കും അയാൾ എന്നെ കാണണമെന്ന് പറഞ്ഞത്?

2009 ൽ പുതിയ നിയമനം കിട്ടി ആ സ്‌കൂളിൽ നിന്ന് വിടപറയുമ്പോൾ ബിനു അവിടെത്തന്നെ എട്ടാംക്ലാസിൽ പഠിക്കുന്നുണ്ടായിരുന്നു.
മരണവിവരമറിഞ്ഞതിന്റെ നാലാം ദിവസം ഞാൻ ബിനുവിന്റെ വീട്ടിലെത്തി. അവൻ പത്താം ക്ലാസ് കഴിഞ്ഞപ്പോൾ അവർ മറ്റൊരിടത്തേക്ക് താമസം മാറിയിരുന്നു. ഭൂതകാലം വേട്ടയാടുന്ന മനുഷ്യർക്ക് എവിടെയാണ് ഒളിക്കാനാവുക. കുറെ നേരം ഞങ്ങൾ സംസാരിച്ചിരുന്നു. ജീവിതം ഏൽപ്പിച്ച കടുത്ത പ്രഹരങ്ങളിൽ കരുവാളിച്ച ബിനുവിന്റെ അമ്മയുടെ മുഖം 45ാം വയസ്സിൽ ഒരു വയോധികയുടേതുപോലെ തോന്നിച്ചു. ഇറങ്ങാൻ നേരം യാത്രയാക്കാൻ അവനും വഴിയിലേക്ക് വന്നു.
‘സാർ, പത്താംക്ലാസ് കഴിഞ്ഞ് താമസം മാറുമ്പോൾ അച്ഛൻ എന്നോടും അമ്മയോടും അത് പറഞ്ഞിരുന്നു.’
‘ഏത് ?'
‘സാറന്ന് ആശുപത്രിയിൽവച്ച് അച്ഛനെ തിരിച്ചറിഞ്ഞിരുന്നെന്ന്.’
‘ഓ... അതോ ...അതിലൊന്നും വലിയ കാര്യമില്ല.’
‘കാര്യമുണ്ട് സാർ....'
അവൻ എന്നെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു.
കുറച്ചുനേരത്തേക്ക് എനിക്കൊന്നും പറയാൻ കഴിഞ്ഞില്ല. ഞാൻ അവന്റെ പുറത്ത് തട്ടിക്കൊണ്ടിരുന്നു. അൽപം കഴിഞ്ഞ് എന്നെ വിട്ടവൻ കണ്ണുതുടച്ചു. ഞങ്ങളുടെ ഇടയിൽ മൗനത്തിന് വിരാമമിട്ട് ഞാൻ പറഞ്ഞു; ‘ജയിലിൽ എത്തുന്ന പലരും മനഃസ്സാക്ഷിക്കുമുന്നിൽ തെറ്റുകാരല്ല ബിനൂ, നീതിയും നിയമവും രണ്ടാണ്. നിന്റച്ഛന്റെ കാര്യത്തിൽ നിയമം നടപ്പായി, നീതി നടപ്പായോ എന്നറിയില്ല...'
ഒന്നുകൂടി അവന്റെ പുറത്ത് തട്ടി ഞാൻ യാത്ര പറഞ്ഞു.

തിരിച്ചുള്ള യാത്രയിൽ വല്ലാത്തൊരു സങ്കടം വന്ന് എന്നെ മൂടി. എന്തിനായിരിക്കും അയാൾ എന്നെ കാണണമെന്ന് പറഞ്ഞത്? ഏറെ ചിന്തിച്ചിട്ടും എനിക്കൊരു ഉത്തരം കിട്ടിയില്ല. ഉത്തരമില്ലാത്ത എത്ര ചോദ്യങ്ങൾ കൊണ്ടാണ് ഒരു ജീവിതം പൂർത്തിയാവുക!▮

Comments