Photo : Unsplash

എങ്കിലും എന്റെ ഇംഗ്ലീഷേ...

പ്രൈമറി ക്ലാസിൽനിന്ന്​ ഹൈസ്​കൂളിലെത്തി ഇംഗ്ലീഷ്​ പഠിപ്പിക്കാൻ നിയോഗിക്കപ്പെട്ട ഒരു അധ്യാപകന്റെ ഉറക്കം നഷ്​ടപ്പെടുത്തിയ ക്ലാസനുഭവം

""സർ, എനിക്ക് പത്താം ക്ലാസിൽ ഇംഗ്ലീഷ് പഠിപ്പിയ്ക്കാൻ പറ്റൂല. എനിക്ക് ഇംഗ്ലീഷ് ഒട്ടും അറിയാത്തതാണ് കാരണം. ഡിഗ്രിയൊക്കെ ഇംഗ്ലീഷ് എങ്ങനോ കാണാപ്പാഠം പഠിച്ച് പാസ്സായതാണ്.''
എന്റെ ദയനീയാവസ്ഥ കേട്ട്, യാതൊരു കുലുക്കവുമില്ലാതെ ഹെഡ്മാസ്റ്റർ ഏതോ അവതാരപുരുഷനെപ്പോലെ പുഞ്ചിരിതൂകിക്കൊണ്ടിരിക്കുകയാണ്. ആ മുഖത്ത് ദേഷ്യത്തിന്റെ ലാഞ്ചന പോലുമില്ല. ഞാനെന്റെ അവസാന അടവും പ്രയോഗിച്ചുനോക്കുകയാണ്: ‘‘മാഷെ, എനിക്ക് ഇംഗ്ലീഷ് പഠിപ്പിച്ചൊരു പരിചയവുമില്ല. നാലാം ക്ലാസിലെ കുട്ടികളെ പോലും ഞാൻ ഇംഗ്ലീഷ് പഠിപ്പിച്ചിട്ടില്ല. എനിക്കാണെങ്കിൽ ഗ്രാമറൊന്നും ഒട്ടുമറിഞ്ഞുകൂടാ...''

എന്റെ പരിദേവനം തുടർന്നെങ്കിലും മാഷിന്റെ മുഖത്തെ പുഞ്ചിരി മായുന്നില്ല. പുതിയതായി ജോലിക്കുചേർന്ന, പുതിയ സ്‌കൂളിൽ ഒരു പിരിയഡുപോലും പഠിപ്പിയ്ക്കാത്ത ഒരധ്യാപകനോട് സ്വാഭാവികമായും കാണിക്കേണ്ട ദേഷ്യം അദ്ദേഹം പ്രകടിപ്പിക്കുന്നില്ല എന്നതാണ് എന്നെ അതിശയിപ്പിച്ചത്. ഞാൻ ഒരു സ്‌കൂൾ അധ്യാപകനാകാൻ കാരണക്കാരായ ആളുകളെയും അതിലേക്ക് നയിച്ച സാഹചര്യങ്ങളെയും മനസാ ശപിച്ചു.

എന്നെ ടി.ടി.സി. കോഴ്‌സിന് (പ്രൈമറി അധ്യാപകനാകാൻ വേണ്ടി പഠിയ്ക്കുന്ന ദ്വിവത്സര കോഴ്‌സ്) ചേരാൻ പ്രേരിപ്പിച്ച എന്റെ സ്വന്തം സുജാത ചേച്ചിയെ, ടി.ടി.സി. കഴിഞ്ഞപ്പോൾ അവിടംകൊണ്ട് നിർത്തരുത് എന്നുപറഞ്ഞ് തുടർന്ന് പഠിയ്ക്കാൻ പ്രേരിപ്പിച്ച പനങ്ങാട് ഹൈസ്‌കൂൾ അധ്യാപകൻ മാധവൻ സാറിനെ, പ്രൈമറി അധ്യാപകനായി സുഖമായി ജോലി ചെയ്തിരുന്ന എനിക്ക് ഹൈസ്‌കൂൾ പ്രമോഷന് അപേക്ഷ കൊടുക്കാൻ തോന്നിയ നിമിഷത്തെ, എന്നെ ഈ എറിയാട് കേരളവർമ ഗവ. ഹൈസ്‌കൂളിലേക്കുതന്നെ പ്രമോഷൻ തന്ന് നിയമിച്ച തൃശൂർ ജില്ലാ വിദ്യാഭ്യാസ ഓഫീസറെ...

പിന്നീട് ഞാൻ സംസാരിച്ച ഭാഷ ഇംഗ്ലീഷാണോ മലയാളമാണോ അതോ മൂന്നാമതൊരു ഭാഷയാണോ എന്നെനിക്ക് ഓർമയില്ല. പീരിയഡ് അവസാനിക്കുന്നതായുള്ള ബെല്ലടിച്ചു എന്ന് കുട്ടികൾ പറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്.

ഇദ്ദേഹത്തിന്റടുത്ത് അടവൊന്ന് മാറ്റിച്ചവിട്ടിയാലോ?
""മാഷെ, എനിക്ക് തന്നിട്ടുള്ള ടൈംടേബിളിൽ നാലും പത്താം ക്ലാസാണ്. മൂന്ന് മാത്‌സും ഒരിംഗ്ലീഷും. അതിൽ ഇംഗ്ലീഷ് ഒഴിവാക്കി നാല് പത്താംക്ലാസിലെ മാത്‌സ് തന്നാലും എനിക്ക് കുഴപ്പമില്ല''- ഇതുവരെ നാലാംക്ലാസ് വരെയുള്ള പീക്കിരിപ്പിള്ളാരെ പഠിപ്പിച്ചുനടന്നിരുന്ന എനിക്ക് ഹൈസ്‌കൂൾ അധ്യാപന ജീവിതത്തിന്റെ തുടക്കത്തിൽത്തന്നെ പത്താം ക്ലാസിൽ പഠിപ്പിയ്ക്കാനുള്ള അവസരം ലഭിച്ചതിലുള്ള അഭിമാനം മറച്ചുവെച്ചുകൊണ്ട് ഞാൻ പറഞ്ഞു.
ഇപ്പോൾ മമ്മുണ്ണി മാഷിന്റെ മുഖത്തെ പുഞ്ചിരി ഒരു പൊട്ടിച്ചിരിയായി മാറി. ചിരി നിയന്ത്രിച്ചുകൊണ്ട് മാഷ് പറഞ്ഞു. ""ഇത് സർക്കാർ സ്‌കൂളല്ലേ മാഷേ. ഇവിടെ ഒരാൾ സ്ഥലംമാറിപ്പോയാൽ പകരം വരുന്ന ആൾക്ക് പോയ ആളുടെ ടൈംടേബിൾ കൊടുക്കണം. ഇവിടുണ്ടായിരുന്ന വത്സല ടീച്ചർ എടവിലങ്ങ് ഹൈസ്‌കൂളിലേക്ക് സ്ഥലംമാറിപ്പോയ ഒഴിവിലാണ് മാഷിനെ പോസ്റ്റ് ചെയ്തിരിക്കുന്നത്. അതുകൊണ്ടാ മാഷ്‌ക്കീ ടൈംടേബിൾ തന്നത്.''
എന്റെ അസംതൃപ്തി ഒളിച്ചുവെക്കണമെന്നുണ്ടായിരുന്നെങ്കിലും മുഖം അത് വിളിച്ചുപറഞ്ഞു.
‘‘ഇപ്പോ എന്തായാലും മാഷ് ഈ ടൈംടേബിൾ അനുസരിച്ച് ക്ലാസിൽ പോ. പറ്റുമെങ്കിൽ പിന്നെ മാറ്റിത്തരാം.''
ഇനി പറഞ്ഞിട്ടൊരു കാര്യവുമില്ലെന്ന് കറുത്തൊരു വാക്കുപോലും പറയാതെ തന്നെ അദ്ദേഹം എന്നെ ബോധ്യപ്പെടുത്തിക്കഴിഞ്ഞു.

പ്രൈമറി അധ്യാപക ജോലിയിൽ നിന്ന് സ്വർഗം തേടി ഹൈസ്‌കൂൾ അധ്യാപകനാകാനെത്തിയ എനിക്ക് കിട്ടിയ നരകം സഹിക്കുക തന്നെ. ഭാഗ്യത്തിന് പുതിയ സ്ഥാപനത്തിൽ ജോലിക്ക് ചേരേണ്ട നടപടിക്രമങ്ങൾ അവസാനിച്ചപ്പോൾ ഉച്ചകഴിഞ്ഞതിനാൽ അന്ന് ഇംഗ്ലീഷ് ക്ലാസിൽ പോകേണ്ടിവന്നില്ല.
മറ്റു മൂന്ന് ഗണിത ക്ലാസുകളും കുഴപ്പമില്ലാതെ ഞാൻ കൈകാര്യം ചെയ്തപ്പോൾ ഇംഗ്ലീഷ് ക്ലാസ് എനിക്ക് പേടിസ്വപ്‌നമായി തുടർന്നു. ക്ലാസിലെ ഒന്നോ രണ്ടോ കുട്ടികൾക്കെങ്കിലും ഇംഗ്ലീഷ് നന്നായി അറിയാം എന്നത് എന്റെ ഭയം ഇരട്ടിപ്പിച്ചു. Wren and Martin പോലുള്ള പഴയ ഇംഗ്ലീഷ് ഗ്രാമർ പുസ്തകങ്ങൾ എന്റെ വേദപുസ്തകങ്ങളായി. നാളെ പരീക്ഷ എഴുതേണ്ട കുട്ടികളെപ്പോലെ ഗ്രാമർ നിയമങ്ങൾ അർഥമറിയാതെ ഉരുവിട്ടുപഠിച്ചു. ഇംഗ്ലീഷ് അറിയാവുന്ന സുഹൃത്തുക്കളോട് എന്റെ സങ്കടങ്ങൾ പങ്കുവെച്ചു. സംശയങ്ങൾ ദൂരീകരിച്ചു. അങ്ങനെ മാസം ഒന്നുകഴിഞ്ഞു.

ഒരു ദിവസം ഹെഡ്മാസ്റ്ററുടെ മുറിയിൽ ചെന്നപ്പോൾ മമ്മുണ്ണി മാസ്റ്റർ സ്വതസിദ്ധമായ പുഞ്ചിരിയോടെ ചോദിച്ചു, ""എന്താ ഹരീഷ്, ഇനി പത്താം ക്ലാസിലെ ഇംഗ്ലീഷ് മാറണോ?''
"വേണം' എന്നുപറയാൻ കൊതിച്ചെങ്കിലും, ഫലമുണ്ടാകില്ല എന്നതിനാൽ "വേണ്ട' എന്നു മറുപടി പറഞ്ഞു.
മറ്റൊന്ന്​, ഇതിനകം ഉറക്കമില്ലാത്ത മുപ്പത് രാത്രികൾ ഞാൻ പിന്നിട്ടിരുന്നു എന്നതാണ്.

ഇംഗ്ലീഷ് ഭാഷയിൽ മോശമായിരുന്നു എങ്കിലും ഇംഗ്ലീഷ് ബോധനരീതി പരിമിതമായ തോതിലെങ്കിലും പ്രൈമറി അധ്യാപക പരിശീലനത്തിന്റെ ഭാഗമായി പഠിച്ചിട്ടുണ്ട്. അന്നും ഇംഗ്ലീഷിൽ മോശമായിരുന്ന എനിയ്ക്ക് ഇംഗ്ലീഷ് ക്ലാസിൽ അധ്യാപിക/കൻ ഇംഗ്ലീഷ് ഭാഷയിൽ തന്നെയായിരിക്കണം ആശയവിനിമയം നടത്തേണ്ടത് എന്ന കാര്യം തലയിൽ കയറിയിട്ടുണ്ടായിരുന്നു.
എന്തായാലും അത്തരമൊരു പരീക്ഷണത്തിന്, ഒരു ഇംഗ്ലീഷ് വാക്യത്തിന്റെ അർഥം മനസ്സിലാക്കാൻ കുറഞ്ഞത് പത്ത് പ്രാവശ്യം നിഘണ്ടു നോക്കിയിരുന്ന ഞാൻ, ആദ്യ ഒന്നുരണ്ട് വർഷങ്ങൾക്കുള്ളിൽ തയ്യാറായിരുന്നില്ല എന്നത് പ്രത്യേകം എടുത്തുപറയേണ്ടതില്ലല്ലോ.

ഒരു അധ്യാപികയെ/ അധ്യാപകനെ സംബന്ധിച്ച്​ പുതുവർഷം പിറക്കുന്നത് ജൂൺ മാസത്തിലാണ്. മിക്കവാറും എല്ലാ അധ്യാപകരും സ്‌കൂൾ തുറക്കുന്ന ദിവസം ഒരു പുതിയ പ്രതിജ്ഞയുമായാണ് ക്ലാസിൽ പോകുക. ഈ വർഷം കാര്യങ്ങൾ ചിട്ടയായി ചെയ്യും, കുട്ടികളെ മുൻ വർഷത്തേക്കാളും നന്നായി പഠിപ്പിയ്ക്കും എന്നതുതന്നെയായിരിക്കും ആ പ്രതിജ്ഞ. പലപ്പോഴും പുതുവത്സര പ്രതിജ്ഞകൾ ജലരേഖയാകാറുണ്ടെങ്കിലും ഞാൻ ഇത് ഗൗരവത്തോടെയാണ് എടുക്കുന്നത്​എന്നത് സത്യമാണ്.

ഇനി ഇംഗ്ലീഷ് ക്ലാസിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ എന്ന് പ്രതിജ്ഞയെടുത്തു. എന്ത് പ്രകോപനമുണ്ടായാലും ആംഗലേയത്തിൽ മാത്രമെ പ്രതികരിക്കൂം എന്നും തീരുമാനിച്ചു.

ഹൈസ്‌കൂൾ അധ്യാപക ജീവിതം തുടങ്ങി രണ്ടുവർഷമായിരുന്നു. ഇംഗ്ലീഷിന്റെ കാര്യത്തിൽ അൽപം ആത്മവിശ്വാസമൊക്കെയായി. ആ വർഷം ജൂൺ മാസത്തിൽ, ‘ഇനി ഇംഗ്ലീഷ് ക്ലാസിൽ ഇംഗ്ലീഷ് മാത്രമേ സംസാരിക്കൂ’ എന്ന് പ്രതിജ്ഞയെടുത്തു. ‘എന്ത് പ്രകോപനമുണ്ടായാലും ആംഗലേയത്തിൽ മാത്രമേ പ്രതികരിക്കൂ’ എന്നും തീരുമാനിച്ചു. മേയ് മാസം തന്നെ റിഹേഴ്‌സൽ തുടങ്ങി. വീട്ടിലെ പൂച്ചയോടും പട്ടിയോടും ഞാൻ ഇംഗ്ലീഷ് മാത്രം സംസാരിച്ചു. വീട്ടുകാർക്ക് ചെറിയൊരമ്പരപ്പുണ്ടായിരുന്നെങ്കിലും അവരൊന്നും പറഞ്ഞില്ല. അങ്ങനെ പുതുവർഷം പിറന്നു. പുതിയ ക്ലാസ്, പുതിയ കുട്ടികൾ, പുതുപ്രതിജ്ഞകൾ.
അത് ഒരു ഒമ്പതാം ക്ലാസായിരുന്നു. ക്ലാസ് ടീച്ചർ ഞാനായിരുന്നു. ആദ്യം കുട്ടികളുടെ ഹാജർ വിളി. അതുകഴിഞ്ഞ് ഞാൻ ക്ലാസ് തുടങ്ങുകയാണ്.""I am Hareesh Kumar'' ഒന്ന് നിർത്തി കുട്ടികളെ ശ്രദ്ധിച്ചു.
ഇംഗ്ലീഷിൽ സംസാരിച്ചാൽ കുട്ടികൾക്ക് മനസ്സിലാകില്ല എന്ന് പറയുന്നവരെ മനസ്സിൽ പരിഹസിച്ചുകൊണ്ട് ഞാൻ തുടരുകയാണ്; ""I am your English teacher. I am going to teach you English in English...''
ക്ലാസിൽ പരിപൂർണ നിശബ്ദത. എനിക്ക് ആത്മവിശ്വാസമൊക്കെയാണ്. ""Really I am a Mathematics teacher...'' അടുത്ത വാചകം തുടങ്ങുന്നതിനുമുമ്പ് രണ്ടാം ബെഞ്ചിൽ നിന്ന് പ്രതികരണം. കുട്ടികളോട് ഇംഗ്ലീഷിൽ ആശയവിനിമയം നടത്തിയാൽ അവർ അതിനോട് പ്രതികരിക്കുമെന്ന് ഇന്ന് സഹപ്രവർത്തകരോട് ഞാൻ വാദിച്ചിരുന്നതാണ്. അവർക്ക് ചുട്ട മറുപടി കൊടുക്കാൻ ഇതാ ജീവിക്കുന്ന തെളിവ്.
‘സർ', അവന്റെ ശബ്ദം കേട്ട് ഞാൻ കോരിത്തരിച്ചു.
‘സർ, സാറ് കണക്ക് മാഷാണെന്ന് ഞങ്ങൾക്ക് മനസ്സിലായി, മാഷ് വിക്കിവിക്കി തപ്പിത്തടഞ്ഞ് സംസാരിക്കുന്നത് കണ്ടപ്പോൾ.'

പിന്നീട് ഞാൻ സംസാരിച്ച ഭാഷ ഇംഗ്ലീഷാണോ മലയാളമാണോ അതോ മൂന്നാമതൊരു ഭാഷയാണോ എന്നെനിക്ക് ഓർമയില്ല. പീരിയഡ് അവസാനിക്കുന്നതായുള്ള ബെല്ലടിച്ചു എന്ന് കുട്ടികൾ പറഞ്ഞപ്പോഴാണ് എനിക്ക് സ്ഥലകാലബോധം തിരിച്ചുകിട്ടിയത്.

പിന്നീട് ബംഗളൂരിവിലെ Regional Institute of English ൽ നാലുമാസത്തെ പരിശീലനം, ഹൈദരാബാദ്​ English and Foreign Language University യിൽ ഇംഗ്ലീഷ് അധ്യാപനത്തിൽ PGLTE, PGDTE എന്നീ കോഴ്‌സുകളും, തുടർന്ന് ഇംഗ്ലീഷ് അധ്യാപന പരിശീലനങ്ങളിൽ റിസോഴ്​സ്​ പേഴ്​സൺ എന്നിങ്ങനെ തുടർന്നപ്പോൾ എടവിലങ്ങ് പഞ്ചായത്തിലെ കാര എന്ന ഗ്രാമപ്പദേശത്തുകാരനായ രാഗേഷ് എന്ന, എറിയാട് ഹൈസ്‌കൂളിൽ പഠിച്ചിരുന്ന മെലിഞ്ഞ പയ്യന്റെ കമൻറ്​ എന്നെ സ്വാധീനിച്ചിരുന്നില്ലേ?. ▮

വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments