1995 മുതൽ ഞാൻ ജില്ലാ വിദ്യാഭ്യാസ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ (DIET ) അധ്യാപകനായിരുന്നു. 20 വർഷത്തിലധികം ജോലി ചെയ്തതും വയനാട്ടിലാണ്. ഡയറ്റുകളിൽ ഇൻ സർവീസ് പ്രീ-സർവീസ് വിഭാഗങ്ങളുണ്ട്. ഞാനധികവും ഇൻ സർവീസ് മേഖലയിലാണ് പ്രവർത്തിച്ചത്.
പുസ്തക രചന, പാഠ്യപദ്ധതി പരിഷ്‌കരണം, പങ്കാളിത്ത പരിശീലനം അങ്ങനെയുള്ള വിഭാഗങ്ങളിൽ പ്രവർത്തിക്കാനുള്ള അവസരം അതുമൂലം ലഭ്യമായി. പ്രൈമറി അധ്യാപകരെ പരിശീലിപ്പിക്കുന്ന ടി.ടി.സി കോഴ്‌സായിരുന്നു ഡയറ്റിൽ നടത്തിയിരുന്ന പ്രീ സർവീസ് വിഭാഗം. വയനാട്ടിൽ ഈ കോഴ്‌സിൽ പട്ടിക വർഗത്തിൽ നിന്ന് കുറച്ചു കുട്ടികളേ അഡ്മിഷൻ കിട്ടി വന്നിരുന്നുള്ളു. 40 ൽ ഒന്നോ രണ്ടോ പേർ മാത്രം. ഓരോ വർഷവും അങ്ങനെ വന്നിരുന്ന കുട്ടികൾ അധികവും കുറുമ, കുറിച്യ വിഭാഗങ്ങളിൽ നിന്നായിരുന്നു. പണിയർ, കാട്ടുനായ്ക്കർ, ഊരാളിമാർ, അടിയർ എന്നീ വിഭാഗങ്ങളിൽ നിന്ന് ആരും വന്നിരുന്നില്ല.
സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പിന്നാക്കാവസ്ഥ തന്നെ കാരണം. അങ്ങനെയിരിക്കെ ഡി.പി.ഇ.പി പദ്ധതിയുടെ ഭാഗമായി ഒരു ട്രൈബൽ ടി.ടി.സി ബാച്ച് തുടങ്ങാൻ പോകുന്നതായി കേട്ടു. ഡയറ്റിനായിരുന്നു അതിന്റെ ചുമതല. അത് പ്രത്യേകമായുള്ള കോഴ്‌സായതിനാൽ എല്ലാ വിഭാഗത്തിൽ നിന്നും കുട്ടികളെ ചേർക്കുന്നത് നല്ലതായിരിക്കുമെന്ന അഭിപ്രായം ഞാൻ അന്നത്തെ പ്രിൻസിപ്പാളിനോട് പറഞ്ഞു. അദ്ദേഹം അത് ചെവിക്കൊണ്ടില്ല.
അന്ന് ഞാൻ ഡി. പി. ഇ. പി ഡയറക്ടറായിരുന്ന കെ.സുരേഷ് കുമാറിന് ഇക്കാര്യങ്ങൾ കാണിച്ച് ഒരു കത്തയച്ചു. ആ കത്ത് വായിച്ച ഉടനെ അദ്ദേഹം എന്നെ ഫോണിൽ വിളിച്ചു. എന്തുകൊണ്ടിക്കാര്യം നേരത്തെ അദ്ദേഹത്തോട് പറഞ്ഞില്ല എന്നു ചോദിച്ചു. വയനാട്ടിൽ അപ്പോഴേക്കും അഡ്മിഷൻ അധികവും നടന്നുകഴിഞ്ഞിരുന്നു. ബാക്കി സീറ്റുകളിലേക്ക് ഞാൻ പറഞ്ഞ വിഭാഗക്കാർക്ക് അഡ്മിഷൻ കൊടുക്കാൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ നാമമാത്രമായെങ്കിലും കുറച്ചുപേർക്ക് ഈ വിഭാഗങ്ങളിൽ നിന്ന് അഡ്മിഷൻ കിട്ടി. അവരൊക്കെ ഇപ്പോൾ അധ്യാപകരായി ജോലി ചെയ്യുന്നു. പ്രൈമറി വിഭാഗത്തിലെങ്കിലും ആദിവാസി വിഭാഗക്കാരായ അധ്യാപകർ അവരുടെ വിദ്യാഭ്യാസ പുരോഗതിക്കത്യാവശ്യമാണ്.
ഇത്രയും ആമുഖമായി പറഞ്ഞത് പണിയ വിഭാഗത്തിൽ നിന്ന് ടി.ടി.സി ക്ക് അഡ്മിഷൻ കിട്ടി വയനാട് ഡയറ്റിലെത്തിയ ഒരു വിദ്യാർത്ഥിനിയുടെ അനുഭവം പറയാനാണ്. സംഗീത എന്നായിരുന്നു അവളുടെ പേര്. നേരത്തെ സൂചിപ്പിച്ച കോഴ്‌സിൽ പഠിച്ച രണ്ടുമൂന്ന് പേരല്ലാതെ പണിയ വിഭാഗത്തിൽ നിന്ന് ആരും അതിനുമുമ്പ് ഡയറ്റിൽ അഡ്മിഷൻ കിട്ടി വന്നിട്ടില്ല. സംഗീത താമസിച്ചിരുന്നത് കേരളത്തോടുചേർന്ന് കിടക്കുന്ന തമിഴ്‌നാടൻ ഗ്രാമമായ എരുമാട് ആയിരുന്നു.
അവിടത്തെ ഭാഷ മലയാളം തന്നെയാണ്. ഭൂപ്രകൃതിയും ജനങ്ങളുമൊക്കെ വയനാട്ടിലെ തന്നെ. കേരളത്തിൽ നിന്ന് വ്യത്യസ്തമായി അവിടത്തെ പണിയർക്ക് സ്വന്തമായി കൃഷിഭൂമിയുണ്ട്. സംഗീതയുടെ കുടുംബത്തിനും സ്വന്തമായി ഭൂമിയുണ്ട്. ഇത്ര കാലത്തിനിടയിൽ പണിയ വിഭാഗത്തിൽ നിന്നും അതും ഒരു പെൺകുട്ടി ‘ഡയറ്റി'ലെത്തിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ. ആ സമയത്ത് ഞാൻ ടി.ടി.സിക്ക് ക്ലാസെടുക്കുന്നില്ലെങ്കിലും സംഗീതയുടെ കാര്യം ഞാൻ പ്രീ സർവീസ് ഫാക്കൽറ്റിയുടെ ചുമതലക്കാരനായ എന്റെ സുഹൃത്ത് പി.സുരേഷ് മാഷോട് സംസാരിച്ചിരുന്നു. അവൾ നന്നായി പഠിക്കുന്നുണ്ടെന്ന് അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെ കുറച്ച് കാലം കഴിഞ്ഞു.
ഒരു ദിവസം ക്ലാസിലെ ഒരു പെൺകുട്ടി, സംഗീത ഇപ്പോൾ ക്ലാസിൽ വരുന്നില്ലെന്ന് എന്നോട് പറഞ്ഞു. അവൾ ഇപ്പോൾ എരുമാടല്ല വയനാട്ടിൽ തന്നെ മീനങ്ങാടിക്കടുത്തുള്ള അവളുടെ അമ്മയുടെ വീട്ടിലാണെന്നും അറിയിച്ചു. ആ വിദ്യാർത്ഥിനിയുടെ വീടിനടുത്താണത് എന്നു പറഞ്ഞതിനാൽ അവളേയും കൂട്ടി ഞാൻ അപ്പോൾ തന്നെ അങ്ങോട്ടു തിരിച്ചു. വീട്ടിൽ സംഗീതയെ കൂടാതെ അവളുടെഅച്ഛനും അമ്മയും സഹോദരിയുമാണുള്ളത്. അവളുടെ അച്ഛന് കാൻസർ ബാധിച്ച് ഗുരുതരമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. അമ്മ അച്ഛനെ നോക്കാൻ കൂടെ പോയതിനാൽ സംഗീതയും സഹോദരിയും അമ്മ വീട്ടിലേക്ക് വന്നതാണ്.
ഞങ്ങൾ സംഗീതയുടെ അമ്മ വീട്ടിലെത്തിയപ്പോൾ അവൾ മുത്തശ്ശിയോടൊപ്പം അടുത്തുള്ളൊരു തോട്ടത്തിൽ വിറക് പെറുക്കാൻ പോയിരിക്കുകയാണ്. അവിടെ ചെന്നവളെ കണ്ട് ഞാൻ സംസാരിച്ചപ്പോൾ ഇനി പഠിക്കാൻ വരുന്നില്ലെന്നവൾ എന്നോട് പറഞ്ഞു. അക്കാര്യം പറഞ്ഞു വന്നതിന് എന്നോടവൾ രോഷാകുലയായി. ഞാൻ വളരെ പണിപ്പെട്ടവളെ അനുനയിപ്പിച്ച് വീണ്ടും ഡയറ്റിൽ വന്ന് പഠിക്കാമെന്ന് സമ്മതിപ്പിച്ചു. അവളുടെ മുത്തശ്ശിയേയും മാമനേയും അവളെ അയക്കാൻ ചുമതലപ്പെടുത്തി. സുരേഷ് മാഷുമായി ആലോചിച്ച് അവളെ തൽക്കാലം ഹോസ്റ്റലിൽ താമസിപ്പിക്കാൻ തീരുമാനിച്ചു, അതിന് ഏർപ്പാടുകൾ ചെയ്തു. അങ്ങനെ അവൾ വേണ്ടെന്നു വെച്ച പഠനം തുടർന്നു. അതിനിടെ അവളുടെ അച്ഛൻ മരിച്ചു. എങ്കിലും അവൾ പഠനം തുടർന്നു.
ടി.ടി.സി കോഴ്‌സ് അവസാനിക്കാൻ ദിവസങ്ങൾ അവശേഷിക്കേ സംഗീത വീണ്ടും വരാതായി. ഇത്തവണ പെട്ടെന്ന് തന്നെ ഞാനും സുരേഷ് മാഷും കൂടി അവളുടെ വീട്ടിൽ പോയി. അവിടെ ചെന്നപ്പോഴറിയാൻ കഴിഞ്ഞു അവൾ അമ്മയോട് എന്തോ പറഞ്ഞ് തെറ്റി അവിടെയടുത്തുള്ള ഒരു ബന്ധുവീട്ടിൽ പോയതാണെന്ന്. രാത്രിയായെങ്കിലും ഞങ്ങളവിടെ ചെന്നപ്പോൾ അറിഞ്ഞു കുറച്ചു ദൂരെയുള്ള വേറൊരു വീട്ടിലേക്ക് പോയെന്ന്. അന്നത്തെ ദൗത്യം മതിയാക്കി ഞങ്ങൾ തിരിച്ചു വന്നു. പിറ്റേദിവസം ആ ബന്ധുവീട് കണ്ടുപിടിച്ച് അവിടെ ചെന്നപ്പോൾ അന്നു രാവിലെയവൾ എരുമാടുള്ള മറ്റൊരു ബന്ധുവിന്റെ അടുത്തേക്ക് പോയതായി അറിഞ്ഞു. ഞങ്ങൾ അവിടെ ചെന്ന് അവളെ കണ്ടു. ഇത്തവണ ഞാനവളെ നന്നായി ചീത്ത പറഞ്ഞു. അവളെ കൂട്ടി ഞങ്ങൾ വീട്ടിൽ കൊണ്ടുചെന്നാക്കി. അമ്മയുടെ പരിഭവമൊക്കെ പറഞ്ഞുമാറ്റി തുടർന്നുള്ള ദിവസങ്ങളിൽ ഡയറ്റിൽ വരാൻ ഏർപ്പാടു ചെയ്തു.
അങ്ങനെ അവൾ ‘ഡയറ്റി'ൽ വന്ന് റിക്കാർഡുകൾ സമർപ്പിച്ച് ഇന്റേണൽ പരീക്ഷ പാസായി. രണ്ടാം വർഷ പരീക്ഷ എഴുതി ടി.ടി.സി കോഴ്‌സ് പൂർത്തിയാക്കി. കഷ്ടകാലത്തിന് അവൾ ഒരു പേപ്പറിന് തോറ്റു. ആ പേപ്പർ വീണ്ടുമെഴുതിക്കാൻ അവളെ അന്വേഷിച്ച് വീട്ടിൽ ചെന്നപ്പോൾ, അതിനിടെ അവൾ ഇഷ്ടപ്പെട്ട ഒരു പയ്യനെ കല്യാണം കഴിച്ച് മാനന്തവാടിയിലുള്ള അയാളുടെ വീട്ടിലേക്ക് പോയിരുന്നു. അതിനിടെ വീണ്ടും പരീക്ഷ എഴുതാനുള്ള അപേക്ഷ കൊടുത്ത് ഞാൻ സംഗീതയെ കണ്ടെത്തി അതെഴുതണമെന്ന് പറഞ്ഞു. എഴുതാമെന്നു അവളും ഭർത്താവും സമ്മതിച്ചു. പഠിക്കേണ്ട കാര്യങ്ങളൊക്കെ ചർച്ച ചെയ്തു. പക്ഷേ അവൾ വന്ന് പരീക്ഷ എഴുതിയില്ല. ഞാനാകെ നിരാശനായി. അങ്ങനെ ആ ശ്രമത്തിൽ നിന്നും അധ്യാപക വൃത്തിയിൽ നിന്ന് ഞാൻ പിൻവാങ്ങി. 30 വർഷത്തെ അധ്യാപന ജീവിതത്തിലെ ഉണങ്ങാത്ത മുറിവും വേദനയുമായി സംഗീതയുടെ കിട്ടാത്ത ടീച്ചർ ട്രെയിനിംഗ് സർട്ടിഫിക്കറ്റ്. ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.