സിസ്​റ്ററിനോടൊപ്പം അമ്മു വള്ളിക്കാട്ട്​

ആണിയടിച്ചുപൊടിഞ്ഞ ഒരു ചോരത്തുള്ളി

മലകൾ തഴുകി ഒഴുകും നീർച്ചാലുപോലെ എന്റെ കുഞ്ഞിക്കൈകൾ ആ മുടിയിഴകളിലൂടെ പലവട്ടം ഒഴുകി. കാറ്റുവീശി എന്റെ കണ്ണുകളടഞ്ഞു തുറന്നപ്പോൾ ജനലിനിടയിലൂടെ ക്രൂശിലേറ്റിയവന്റെ നെഞ്ചു കാണായി. ആണിയടിച്ചു പൊടിഞ്ഞ, കട്ടിയായി തിളങ്ങുന്ന ചോരത്തുള്ളികളിൽ നിന്ന് ചുവന്ന പൂക്കൾ വിരിഞ്ഞ് താഴേക്ക് ഉതിർന്നുവീണുകൊണ്ടേയിരുന്നു.

രു ഡിസംബറിലാണ് ഞാൻ സിസ്റ്ററിനെ വീണ്ടും ഓർത്തെടുക്കാൻ ശ്രമിച്ചത്.
മുൻപ് എത്രയോ തവണ ഞാൻ തരാതരം ഓർക്കുകയും മറക്കുകയും ചെയ്തവരാണ് അവർ. മനുഷ്യർ സത്വരമായ ആവശ്യം, തൊട്ടടുത്ത നിമിഷത്തിലെ അവസരം നോക്കുന്നവരാണെന്നും, സ്വയം കൽപിക്കപ്പെടുന്ന അല്ലെങ്കിൽ പ്രക്ഷേപിക്കുന്ന നന്മ, കരുതൽ എന്നിവ നമ്മളുടെ ആസന്നാവശ്യങ്ങളുടെ പൂർത്തിക്ക് വേണ്ടിയുള്ളതല്ലെങ്കിൽ തന്നിലെ നിരാസവും സ്വാർഥതയുമായി പോരിട്ട് പരാജയം ഏറ്റുവാങ്ങുന്നതാണെന്നും എനിക്കറിയാമായിരുന്നു. ബന്ധങ്ങളുടെ തിരഞ്ഞെടുപ്പിലും നിലനിൽപ്പിനും ഇതേ സൂത്രവാക്യത്തിൽ തന്നെ ഉത്തരം തേടുന്നവരാണ് മനുഷ്യർ. ഞാനും ഒട്ടും വ്യത്യസ്തമല്ലായിരുന്നു. ഇപ്പോഴുമല്ല എന്ന തിരിച്ചറിവോടുകൂടി തന്നെയാണ് ഇത് എഴുതുന്നത്.

പതിനൊന്നാമത്തെ വയസ്സിൽ, ആറാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിസ്റ്റർ ഞാൻ പഠിച്ചിരുന്ന, കന്യാസ്ത്രീകൾ നടത്തിവരുന്ന സ്‌കൂളിലേക്ക് ഞങ്ങളെ പഠിപ്പിക്കാൻ വരുന്നത്. മഠത്തിലെ കന്യാസ്ത്രീകളെ ഞങ്ങൾ സിസ്റ്റർ എന്നാണ് വിളിക്കാറ്. വടക്കേ ഇന്ത്യയിലെ ഏതോ പ്രൊവിൻസിലെ അംഗമായിരുന്നു ഈ പുതിയ സിസ്റ്റർ. അവർക്ക് മലയാളം അറിയില്ലായിരുന്നു. കേരളവും അറിയില്ലായിരുന്നു. എന്നിട്ടുമവർ അപരിചിതമായ കേരളത്തിലേക്കുവന്നത് ആയുർവേദ ചികിത്സ ചെയ്യാനായിരുന്നുവെത്രെ. ചെറിയ പ്രായത്തിൽ തന്നെ കഠിനമായി ഗ്രസിച്ച ആർത്രൈറ്റിസ് രോഗം അവരെ ലോകത്തെവിടേക്കും ശാന്തിയും വേദനയില്ലായ്മയും തേടി അയക്കുമായിരുന്നു. ആ സ്‌കൂളിൽ പഠിപ്പിച്ച് ഒരു വർഷത്തെ ചികിത്സയ്ക്കായിട്ടാണ് അവരെത്തിയത്.

അവർ നിറയെ കഥകളും പാട്ടുകളും നാടകങ്ങളും ഞങ്ങളെ പഠിപ്പിച്ചു. കരുണയോടെ പെരുമാറാൻ പഠിപ്പിച്ചു. സന്തോഷത്തോടെ ഇരിക്കാൻ പഠിപ്പിച്ചു. പാഠ്യപദ്ധതിക്ക് മുകളിൽ പലതും പഠിപ്പിച്ചു.

അതുവരെ ഞങ്ങൾ കുട്ടികൾ കണ്ടിട്ടില്ലാത്ത ഒരു രൂപം. ചുവന്നുതുടുത്ത് സുന്ദരിയായൊരു പാവക്കുട്ടിയെ പോലെ തോന്നിക്കുന്ന ഒരു സിസ്റ്റർ. വെള്ളയും നീലയും നിറമുള്ള ഇസ്തിരിയിട്ട വടിപോലെയുള്ള ഉടുപ്പുമിട്ട്, മുത്തുപോലെ ചിരിക്കുന്ന സിസ്റ്റർ. അതുവരെ അത്ര ഭംഗിയായി മധുരിതമായി ഇംഗ്ലീഷിൽ സംസാരിക്കുകയും പാടുകയും നന്നായി പെരുമാറുകയും ചെയ്യുന്ന ഒരു ടീച്ചർ ഞങ്ങൾക്ക് ഉണ്ടായിരുന്നില്ല. അവർ സ്‌നേഹത്തോടെയും വാത്സല്യത്തോടെയും കൂടി ഞങ്ങളെ അടുപ്പിച്ചുനിർത്തി. സിസ്റ്റർ വളരെ പെട്ടെന്നുതന്നെ ഞങ്ങൾ കുട്ടികളുമായി അടുത്തു. അവർ നിറയെ കഥകളും പാട്ടുകളും നാടകങ്ങളും ഞങ്ങളെ പഠിപ്പിച്ചു. കരുണയോടെ പെരുമാറാൻ പഠിപ്പിച്ചു. സന്തോഷത്തോടെ ഇരിക്കാൻ പഠിപ്പിച്ചു. പാഠ്യപദ്ധതിക്ക് മുകളിൽ പലതും പഠിപ്പിച്ചു.

ഒട്ടും ഭംഗിയില്ലാത്ത കൈയക്ഷരമായിരുന്നു എന്റേത്. പേന കൊണ്ടെഴുതുമ്പോൾ തുള്ളിയുറ്റുന്ന മഷി പലവട്ടത്തിൽ പുസ്തകത്തിൽ കാണാം. കൈയിലും ചൂണ്ടുവിരലിനും നടുവിരലിനുമിടയിലും ഷർട്ടിലും ഡസ്‌ക്കിലും ബെഞ്ചിലും എല്ലാം നീല മഷി പുരണ്ടിട്ടുണ്ടാകും. സിസ്റ്റർ എന്റെ ബുക്കിൽ വീണ മഷിത്തുള്ളികളിൽ വട്ടമിട്ട് ചുവന്ന അക്ഷരത്തിൽ "കൗ ടങ്ങ്' എന്ന് എഴുതിവെച്ചു. ജീവിതത്തിന്റെ രണ്ടറ്റങ്ങൾ കൂട്ടിമുട്ടിക്കാൻ വേണ്ടി ജോലിക്കും യാത്രാക്ഷീണത്തിനും വീടുപണിക്കുമിടയിൽ വടംവലിക്കുന്ന അച്ഛനും അമ്മയും ഇത്തരം കാര്യങ്ങളൊന്നും ശ്രദ്ധിച്ചിരുന്നില്ല. "കേയോസ്' എന്ന വാക്ക് കേട്ടാൽ "ഞാൻ' എന്ന ഓർമ വരുന്ന കുട്ടിക്കാലമായിരുന്നു അത്. ഇസ്തിരിയിടാത്ത മഞ്ഞച്ച ഷർട്ടുമിട്ട് നിറയെ മഷിപ്പാടുകളും ചെളിപിടിച്ച മുഖവും ആയിരുന്ന എന്നെ എപ്പോഴും സിസ്റ്റർ വാത്സല്യത്തോടെ ചേർത്തുനിർത്തി.

അന്നും ഇന്നും സിസ്റ്റർ വസന്തം ഓർമിപ്പിച്ചു. അത്രയ്ക്ക് ഊർജസ്വലയായിരുന്നു അവർ. വൈകുന്നേരം മറ്റു കുട്ടികൾ സ്‌കൂൾ വിട്ട് വണ്ടിയിൽ കയറി വീട്ടിലെത്തിയിട്ടുണ്ടാവും. അപ്പോഴും ഞങ്ങളിൽ ചിലർ തൊട്ടടുത്ത് വീടുള്ളവർ, നടന്നുപോകേണ്ട ദൂരത്ത് വീടുള്ളവർ, അവിടെ ചുറ്റിപ്പറ്റി നിൽക്കും. സാധാരണ വേഷത്തിൽ സിസ്റ്ററെ കാണണമെന്ന് എനിക്ക് അതിയായ ആഗ്രഹം ഉണ്ടായിരുന്നു. പലപ്പോഴും ശിരോവസ്ത്രത്തിനുപുറകിൽ മറഞ്ഞിരിക്കുന്ന സിസ്റ്ററുടെ മുടി കാണിച്ചുതരണം എന്ന ആവശ്യവുമായി ഞാൻ ചെന്നു. എന്നാൽ എത്ര ചോദിച്ചിട്ടും സിസ്റ്റർ കളിയും തമാശയും പറഞ്ഞ് എന്നെ തിരിച്ചയച്ചു. ഇടയ്ക്കിടെ നെറ്റിയില് അവിടെവിടെയായി ഇറങ്ങിവന്ന നനുത്ത മുടിയിഴകൾ ഞാൻ കൗതുകത്തോടെ നോക്കിനിൽക്കും. ഒരു ദിവസം കോൺവെന്റ് ചാപ്പലിന്റെ അടുത്തുള്ള പച്ചക്കറി തോട്ടത്തിൽ വച്ച് സിസ്റ്റർ പറഞ്ഞു.
"വരൂ നിനക്കെന്റ മുടി കാണണ്ടേ?'
ഭംഗിയായി ഒതുക്കി കെട്ടിവച്ച മുടി മെല്ലെ വകഞ്ഞുമാറ്റി മുന്നോട്ട് ഇട്ടു. എന്ത് സൗന്ദര്യമാണ് കർത്താവേ നീ എടുത്തുമാറ്റി വെച്ചിരിക്കുന്നത് എന്ന് തോന്നിപ്പോകും വിധം മനോഹരമായത്.
മലകൾ തഴുകി ഒഴുകും നീർച്ചാലുപോലെ എന്റെ കുഞ്ഞിക്കൈകൾ ആ മുടിയിഴകളിലൂടെ പലവട്ടം ഒഴുകി. കാറ്റുവീശി എന്റെ കണ്ണുകളടഞ്ഞു തുറന്നപ്പോൾ ജനലിനിടയിലൂടെ ക്രൂശിലേറ്റിയവന്റെ നെഞ്ചു കാണായി.
ആണിയടിച്ചു പൊടിഞ്ഞ, കട്ടിയായി തിളങ്ങുന്ന ചോരത്തുള്ളികളിൽ നിന്ന് ചുവന്ന പൂക്കൾ വിരിഞ്ഞ് താഴേക്ക് ഉതിർന്നുവീണുകൊണ്ടേയിരുന്നു. പൂപ്പരവതാനി അവർക്കുവേണ്ടി വിരിച്ച പോലെ നിലം ചുവന്നുനിന്നു. ചാപ്പലിലെ മോസൈക്ക് തറയിലെ ഓരോ കല്ലുകളും പല വർണത്തിലുള്ള ഇത്തിരി പൂക്കളായി. ഈശോ ഇറങ്ങിവന്ന് അവർക്ക് നേരെ കൈ നീട്ടിയതായി എനിക്ക് തോന്നി. നീണ്ട കൊലുന്നനെ മുഖമുള്ള വെള്ളക്കാരൻ കർത്താവിന്റെ സുന്ദരിയായ മണവാട്ടി.

അമ്മു വള്ളിക്കാട്ട് ബട്ടിൻഡ റെയിൽവേ സ്റ്റേഷനിൽ

ആറാംക്ലാസ് കഴിഞ്ഞു. സിസ്റ്റർ ചികിത്സ പൂർത്തീകരിച്ച് കഴിഞ്ഞതുകൊണ്ട് കേരളം വിട്ടുപോകാൻ ഒരുങ്ങി. നീണ്ട വേനലവധിയിൽ അവരുടെ വിയോഗം വെയിലേറ്റുവാടി. ഒന്നിൽ നിന്ന് ഒന്നിലേക്കു തുമ്പി പോലെ പറക്കുന്ന കുട്ടിക്കാലം. ഒരു വേദനയിലും ഉടയാത്ത മനസ്സ്. അവർ കേരളം വിട്ട് അലഹബാദിലേക്ക് തന്നെ തിരിച്ചുപായി. ഞാൻ കരഞ്ഞിരുന്നതായി ഓർക്കുന്നില്ല. എങ്കിലും മായാതെ അവരുടെ ഓർമകൾ ക്ലാസ് മുറിയും വിട്ട് എന്നെ പിന്തുടരുന്നുണ്ടായിരുന്നു. പിന്നീട് സിസ്റ്റർ ഇടയ്ക്കിടയ്ക്ക് കത്തുകളും ക്രിസ്മസ് കാർഡുകളും അയച്ചിരുന്നു. ഒരു കത്തിന് പോലും ഞാൻ മറുപടി എഴുതിയതായി ഓർക്കുന്നില്ല.

രണ്ടു വർഷത്തിനുശേഷം ഒരിക്കൽ സിസ്റ്റർ ഇങ്ങനെ എഴുതി; അവർ അലഹബാദിൽ നിന്ന് മാഗ്ലൂർക്ക് പോകുന്നു, ട്രെയിൻ രാത്രി എട്ടുമണിയോടടുപ്പിച്ച് കാലിക്കറ്റ് സ്റ്റേഷനിൽ എത്തുമെന്നും, ഞാൻ സിസ്റ്ററെ കാണാനായി വരണമെന്നും. ഞാൻ ശരിക്കും വിഷണ്ണയായി. അച്ഛനും അമ്മയും ഒരിക്കലും എന്നെ കോഴിക്കോട് സ്റ്റേഷനിൽ രാത്രി കൊണ്ടുപോകില്ല എന്നുറപ്പായിരുന്നു. ജോലികഴിഞ്ഞ് രാത്രി ഏറെ വൈകി വരുന്ന അച്ഛൻ. അമ്മയ്ക്ക് ഒരു വണ്ടി പിടിച്ചു വേണം എന്നെ എവിടെയെങ്കിലും ഒന്ന് കൊണ്ടുപോകാൻ. കോഴിക്കോട് നിന്ന് രാമനാട്ടുകര വരെയുള്ള വിദൂരയാത്ര അസാധ്യമായിയെനിക്കുതന്നെ തോന്നി. സ്വന്തമായി ഒരു വാഹനവും സൗകര്യവും ഇല്ലാത്തതുകൊണ്ട്, ചെലവും അധ്വാനവും ഏറെയുള്ള ഒരനാവശ്യമായിരുന്നു എന്ന് ഉള്ളിൽ തോന്നിയിരിക്കണം. അതുകെണ്ടുതന്നെ അമ്മയോട് ചോദിക്കാൻ പോലും ഞാൻ മുതിർന്നില്ല. കത്ത് അമ്മയെ കാണിച്ചുവെങ്കിലും അമ്മ ഒന്നും ഇങ്ങോട്ടു ഒന്നും പറഞ്ഞതുമില്ല.
മധ്യവർഗ കുടുംബത്തിന്റെ യാത്രാപരിധി എന്ന ക്ലേശം മറയില്ലാതെ എന്നെ ദുഃഖിതയാക്കി. അന്ന് അനുഭവിച്ചതിന്റെ ഭാരം ഇന്നും എന്നെ വിട്ടുമാറിയിട്ടില്ല എന്നുതോന്നുന്നു. സിസ്റ്റർ അന്നേദിവസം ട്രെയിനിൽ എന്നെയും പ്രതീക്ഷിച്ച് പുറത്തേക്ക് ജനലഴികളിലൂടെ നോക്കുന്നുണ്ടായിരിക്കും എന്നോർത്തപ്പോൾ ഞാൻ പൊട്ടിക്കരഞ്ഞു. ട്രെയിൻ വരുന്നതും തമ്മിൽ കണ്ടുമുട്ടാതെ സ്റ്റേഷൻ വിട്ടുപോകുന്നതും ഓർത്തോർത്ത് ഞാൻ ഏറ്റം വിഷാദം പൂണ്ടു. എന്തൊരു ഭാരമേറിയ ദുഃഖമായിരുന്നത്.

വീട്ടിലറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലാത്ത യാത്രയ്ക്ക് അവന്റെ ഒത്താശയോടെ വിശദമായി പദ്ധതിയിട്ടു. സിസ്റ്റർക്കുള്ള സമ്മാനങ്ങളും വാങ്ങി യാത്ര പുറപ്പെടേണ്ട ദിവസവും കാത്തുകിടന്നു. എന്നാൽ പോകുന്നതിന് തലേന്ന് എന്റെ ദേഹമാസകലം പരുപരുത്ത കുരുക്കൾ പൊന്തി.

പിന്നീട് ഞാൻ സിസ്റ്ററെ ഏറെ നാളത്തേക്ക് തേടി പോയതേയില്ല. അവരെക്കുറിച്ച് ആലോചിക്കുമ്പോൾ തന്നെ വല്ലാത്തൊരു കുറ്റബോധവും നിസ്സഹായതയും എന്നെ വേട്ടയാടുകയായിരുന്നു. എങ്കിലും ഒരു കത്ത് പോലും എഴുതാൻ ഞാൻ ശ്രമിച്ചില്ല എന്നതാണ് വാസ്തവം. നഷ്ടബോധം എന്നൊന്ന് ഉള്ളിലിങ്ങനെ നീറിനീറി കനൽ പോലെ നിൽപ്പുണ്ടായിരുന്നു. ഞാൻ ആരോടും ഒരിക്കലും പരാമർശിച്ചിട്ടില്ലാത്തൊരു നോവ് മനസ്സിലെവിടെയോ തങ്ങിക്കിടപ്പുണ്ടായിരുന്നു.
ആ ബന്ധം നിലനിർത്താൻ സാധിക്കാത്തതിന്റെ സാമൂഹിക- സാമ്പത്തിക കാരണങ്ങൾ ഞാൻ അന്ന് മനസ്സിലാക്കിയിരുന്നില്ല. മറവിയിൽ അവരെ കൊരുത്തുവച്ച് എന്റെ ബോധത്തെ ഞാൻ കുറ്റമറ്റതാക്കി.

വർഷങ്ങൾക്കുശേഷം ഞാൻ മൈസൂരിൽ ജോലിചെയ്യുന്ന സമയം.
സിസ്റ്ററെക്കറിച്ചുള്ള ആധി വീണ്ടും എന്നെ തേടിയെത്തി. പലവഴിക്ക് അന്വേഷിച്ച് ഞാൻ സിസ്റ്ററുടെ നമ്പർ കൈക്കലാക്കി. എന്റെ കൂടെ പഠിച്ചിരുന്ന മറ്റു രണ്ടുപേർ നിരന്തരം സിസ്റ്ററുമായി സമ്പർക്കം പുലർത്തിയിരുന്നു. ഞാൻ വീണ്ടും അവരുമായി ബന്ധം സ്ഥാപിച്ചു. അവർ അന്ന് മംഗ്ലൂരിലായിരുന്നു. കൂടെ ജോലിചെയ്യുന്ന സുഹൃത്തിന്റെ സഹായത്തോടെ മൈസൂരിൽ നിന്ന് മംഗ്ലൂരിലേക്ക് ബാംഗ്ലൂർ- മംഗ്ലൂർ എക്​സ്​പ്രസിൽ പോയി അവരെ കാണാൻ ഞാൻ തയ്യാറെടുത്തു. വീട്ടിലറിഞ്ഞാൽ ഒരിക്കലും സമ്മതിക്കില്ലാത്ത യാത്രയ്ക്ക് അവന്റെ ഒത്താശയോടെ വിശദമായി പദ്ധതിയിട്ടു. സിസ്റ്റർക്കുള്ള സമ്മാനങ്ങളും വാങ്ങി യാത്ര പുറപ്പെടേണ്ട ദിവസവും കാത്തുകിടന്നു. എന്നാൽ പോകുന്നതിന് തലേന്ന് എന്റെ ദേഹമാസകലം പരുപരുത്ത കുരുക്കൾ പൊന്തി. പിറ്റേദിവസം ഞാൻ ചുട്ടുപൊള്ളുന്നുണ്ടായിരുന്നു. അങ്ങനെ തയ്യാറെടുപ്പുകൾ എല്ലാം വൃഥാവിലായി. ആ യാത്ര ഞാൻ മാറ്റിവെച്ചു, എന്നെന്നേക്കുമായി.

പിന്നീട് സിസ്റ്ററെ കാണാനുള്ള മോഹം വീണ്ടും തോന്നിയത് കോഴിക്കോട് വച്ചാണ്. അവരുടെ മഠത്തിനു കീഴിലുള്ള കോൺവെന്റിൽ പോയി അവരെപ്പറ്റി എന്തെങ്കിലും വിവരം കിട്ടുമോ എന്ന് അന്വേഷിച്ചു. അവിടുത്തെ അന്തേവാസികൾക്കാർക്കും അവരെ അറിയുക പോലും ഇല്ലായിരുന്നു. അവരെ കണ്ടെത്തൽ അസാധ്യമാണ് എന്ന് കരുതിയിരിക്കെ ടീപ്പോയിൽ വെച്ചിട്ടുള്ള ഒരു മാഗസിൻ വെറുതെ ഞാൻ മറിച്ചുനോക്കി. ഒരു ചിത്രത്തിൽ കുട്ടികളുമായി ചെടികൾ നടുന്ന സിസ്റ്ററിനെ ഞാൻ കണ്ടു. എനിക്ക് കണ്ണുകളെ വിശ്വസിക്കാനായില്ല.
ഇവരാണ് ഞാൻ അന്വേഷിച്ചു നടക്കുന്ന സിസ്റ്റർ! അടിക്കുറിപ്പ് നോക്കി. ഇവിടെയപ്പോൾ ഉണ്ടായിരുന്ന സിസ്റ്റർ ആരെയോ വിളിച്ച് നമ്പർ തരപ്പെടുത്തി.

വളരെ ഉയരത്തിൽ പറത്തുകയും പിന്നെ പിടിവിട്ടു കളയുകയും ചെയ്യുന്ന ഒരു പട്ടം പോലെയായിരുന്നു ഞങ്ങൾക്കിടയിലെ ഓരോ കൂടിക്കാഴ്ചയും. എനിക്കൊരിക്കലും അത് പിടിച്ചുനിർത്തി വെക്കാൻ സാധിച്ചില്ല. കുറച്ചു വർഷങ്ങൾക്കുശേഷം വീണ്ടും കോഴിക്കോട് ആയിരുന്ന സമയത്ത് സിസ്റ്ററെ ഫോണിൽ വിളിച്ചു. അന്നേരം ഞാൻ വിവാഹിതയും ഒരു കുഞ്ഞിന്റെ അമ്മയുമായിരുന്നു. അത്തവണ സിസ്റ്റർ ഞാൻ വളർന്നു വലിയ കുട്ടിയായത് വിശ്വസിക്കാൻ പറ്റുന്നില്ല എന്നും ഭർത്താവിന്റെയും കുഞ്ഞിന്റെയും ഫോട്ടോകളൊക്കെ അയച്ചുതരണം എന്നുമൊക്കെ പറഞ്ഞു. ഇനി ഇടയ്ക്കിടക്ക് ഇങ്ങനെ ഞാൻ വിളിക്കും എന്നുറപ്പ് കൊടുത്തു. അടുത്ത ദിവസം തന്നെ ഫോട്ടോ എല്ലാം അയച്ചുകൊടുക്കാം എന്നുറപ്പിച്ചു പറഞ്ഞുവെങ്കിലും ഞാനതൊന്നും ചെയ്തില്ല. അത്തവണ നാട്ടിൽ ഞാനുപയോഗിച്ചിരുന്ന ഇന്ത്യൻ മൊബൈൽ നമ്പർ അവസാനിക്കുന്നതോടുകൂടി ആ നമ്പറും വിളിയും അവസാനിച്ചു.

ഒരു ജീവിതം മുഴുവൻ പല സന്തോഷങ്ങളും ത്യജിച്ച് ആരുടെയൊക്കെയോ മക്കൾക്ക് വേണ്ടി, ആർക്കൊക്കെയോ വേണ്ടി പ്രാർഥിച്ചും, ദാരിദ്ര്യവ്രതമനുഷ്ഠിച്ചും കഴിയുന്നവർ. അവരുടെ ജീവീതോദ്ദേശ്യം എന്നെ അത്ഭുതപ്പെടുത്തി.

സിസ്റ്ററെ കാണാൻ സാധിക്കാത്തതിലുള്ള നിസ്സഹായമായ അവസ്ഥ ഉൾക്കൊള്ളാനാവാതെ പൂർണമായി എല്ലാ ഇടപെടലുകളിൽ നിന്നും ഞാൻ വിട്ടുനിൽക്കുന്ന പോലെയാണ് തോന്നുന്നത്. ഒരുതരം എസ്‌കെയ്പിസം.
20 വർഷങ്ങൾ പിന്നിട്ടു. ഞാൻ വീണ്ടും സിസ്റ്ററെ കണ്ടെത്താൻ ശ്രമം തുടങ്ങി. കണ്ടെത്തി, ഉപേക്ഷിച്ച് പിന്നെയും ശ്രമിച്ചു കണ്ടെത്തി, ഉപേക്ഷിച്ച് പോരുന്ന ഈ കളി ഇങ്ങനെ വിരാമമില്ലാതെ തുടർന്നു. അവരുടെ വേർപാട് കുട്ടിക്കാലം കടന്ന് എന്നെ ആജീവനാന്തം പിന്തുടരാൻ പോന്നതാണ് എന്ന തിരിച്ചറിവുണ്ടായി.
ഞാൻ ഒടുവിലത്തെ പരിശ്രമത്തിൽ, ഒരു ഡിസംബറിൽ വീണ്ടും സിസ്റ്ററുമായി സംസാരിച്ചുതുടങ്ങി. സിസ്റ്റർ അപ്പോഴേക്കും സ്മാർട്ട് ഫോണെല്ലാം ഉപയോഗിച്ച് തുടങ്ങിയിരുന്നു. എന്റെ കൂടെ പഠിച്ച ഒരു കുട്ടിയാണ് സിസ്റ്റർക്ക് സമ്മാനമായി അത് നൽകിയത്. അതോടുകൂടി സിസ്റ്ററുടെ ലോകം വിശാലവും സുസ്ഥിരവുമായി. ആ പ്രവൃത്തിയിൽ അവനോടെനിക്ക് എന്തെന്നില്ലാത്ത ആരാധന തോന്നി. സിസ്റ്റർ അപ്പോഴും എപ്പോഴുമെന്നപോലെ ഞങ്ങൾ കുട്ടികളെ മാത്രം ഓർത്ത് കഴിയുകയായിരുന്നു. ഞങ്ങളുടെ ജീവിതാക്കങ്ങളിൽ അവരെ എന്നേ ഞങ്ങൾ ഉപേക്ഷിച്ചതാണ്. അവർക്കു പക്ഷേ ഞങ്ങളുടെ ഓർമകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ കൂട്ടിന്. ഒരു ജീവിതം മുഴുവൻ പല സന്തോഷങ്ങളും ത്യജിച്ച് ആരുടെയൊക്കെയോ മക്കൾക്ക് വേണ്ടി, ആർക്കൊക്കെയോ വേണ്ടി പ്രാർഥിച്ചും, ദാരിദ്ര്യവ്രതമനുഷ്ഠിച്ചും കഴിയുന്നവർ. അവരുടെ ജീവീതോദ്ദേശ്യം എന്നെ അത്ഭുതപ്പെടുത്തി.

പാൽക്കുട്ടിയെ ഇട്ട് ഇരുപത് കൊല്ലം മുമ്പേ പഠിപ്പിച്ച ഏതോ ഒരു സിസ്റ്ററെ പഞ്ചാബിലെവിടെയോ കാണാൻ പോകുന്നു എന്നുപറഞ്ഞ് എല്ലാവരും മൂക്കത്തു വിരൽ വച്ചു.

വാർധക്യത്തിൽ തീർത്തും ഒറ്റയായി എന്ന തോന്നലിന്റെ ആധിയും ഭയാനകമായ ഭീതിയും സിസ്റ്റർക്കുണ്ടായിരുന്നതായി ആദ്യത്തെ സംസാരത്തിൽ തന്നെ എനിക്ക് മനസ്സിലായി. രോഗപീഡയാൽ അവർ വലയുന്നുണ്ടായിരുന്നു. ഒറ്റയ്ക്ക് സ്വന്തം കാര്യങ്ങൾ പലതും ചെയ്യാൻ പറ്റാത്ത സ്ഥിതിയായെങ്കിലും ഒറ്റയ്ക്കുതന്നെ പലതും ചെയ്യേണ്ടിവന്നു. പല ദിവസങ്ങളിലും നടക്കാൻ പോലുമാവാത്തവിധം കഠിനമായ സന്ധിവേദന അനുഭവിച്ചു. സഹനത്തിന്റെ ആയുസ് തീർന്നിരിക്കുന്നു. ഇനിയുള്ള ജീവിതത്തെ ഭയന്ന് നിസ്സഹായമായി ശങ്കിച്ച് ശങ്കിച്ച് മെഴുകുതിരി പോലെ അവർ ഉരുകി.
"ചൈൽഡ്, വിൽ ഐ എവർ ബി എബിൾ റ്റു സീ യു, എഗൈൻ ഇൻ ദിസ് ലൈഫ്?'
എന്നെന്നോട് പലവട്ടം ചോദിച്ചു.
"സിസ്റ്റർ ഞാൻ നിങ്ങളെ കാണാനൊരുങ്ങുകയാണ്. നമ്മൾ ഉടനെ കണ്ടുമുട്ടും.'
ഞാൻ വാക്കു കൊടുത്തു.
രണ്ട് വയസ്സ് പ്രായമുള്ള കുഞ്ചുവിനെ ഭർത്താവിന്റെയും അമ്മയുടെയും അടുക്കൽ ഏൽപ്പിച്ച ഞാൻ പോകാൻ തീരുമാനിച്ചു.
"നീയെന്തു ഭ്രാന്താണ് പറയുന്നത്. ഈ പറയുന്ന സ്ഥലം എവിടെയാണ് എന്ന് വെച്ചിട്ടാ? നീ പഞ്ചാബിൽ ഇതുവരെ പോയിട്ടില്ല, അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ ഇല്ല.'
ഭർത്താവ് ആദ്യം വിലക്കി.
"ഞാൻ പോകും, എന്തു വിലകൊടുത്തും ഞാൻ പോകും, എനിക്ക് ഒറ്റയ്ക്കുപോകാൻ ഒരു ഭയവുമില്ല! ഇനി ഒരു കാത്തിരിപ്പ് വയ്യ.'

പാൽക്കുട്ടിയെ ഇട്ട് ഇരുപത് കൊല്ലം മുമ്പേ പഠിപ്പിച്ച ഏതോ ഒരു സിസ്റ്ററെ പഞ്ചാബിലെവിടെയോ കാണാൻ പോകുന്നു എന്നുപറഞ്ഞ് എല്ലാവരും മൂക്കത്തു വിരൽ വച്ചു. പിന്നെ എപ്പോഴെങ്കിലും പോയാൽ മതിയല്ലോ, അടുത്ത തവണ നാട്ടിൽ വരുമ്പോൾ പോയാൽ മതിയല്ലോ... പലതുണ്ടായിരുന്നു നിർദേശങ്ങൾ. വർഷങ്ങളായി കനൽ പോലെ ഉള്ളിൽ നീറുന്ന ഒരു ആഗ്രഹമാണ്, ഒരു വട്ടം കൂടി അവരെ ഒന്ന് കാണണം എന്ന്. എനിക്കുവേണ്ടി പലതും സമയം കാത്തുവച്ചേക്കില്ല എന്ന ബോധ്യം അമ്മയുടെ വിയോഗത്തോടെ എനിക്കു കൈവന്നിരുന്നു. ഇന്ന് അതുമാത്രമേ എന്റെ കൈയിലുള്ളൂ.
"നമ്മൾ എന്തായാലും കണ്ടുമുട്ടും,
എനിയ്ക്ക് നിങ്ങൾ അത്രയ്ക്ക് പ്രിയപ്പെട്ടതാണ്,
നമ്മൾ തമ്മിൽ കാണാൻ പോകുന്നു; ഞാൻ സിസ്റ്ററോട് ഇതാവർത്തിച്ചു
യാത്ര തീരുമാനിച്ചു വരുന്നതോടെ എനിക്ക് ചെറിയ പേടി തോന്നി. ശരിക്കും സ്ഥലമോ മര്യാദയ്ക്ക് ഭാഷയോ അറിയില്ല. ഡൽഹി വരെ ഫ്ളൈറ്റ്, തുടർന്ന് ട്രെയിനിൽ പഞ്ചാബ് വരെ പോകണം. അതും ഡൽഹിയിലേക്ക് നേരെ എനിക്ക് ഫ്‌ളൈറ്റ് കിട്ടിയില്ല. അഹമ്മദാബാദ് വഴിക്കുള്ള ഫ്‌ളൈറ്റിൽ വേണം പോകാൻ. കുറഞ്ഞ ലേ ഓവർ സമയം മാത്രം.
"നീയും എന്റെ കൂടെ വരുമോ? എനിക്ക് ഭയം തോന്നുന്നു'; ഞാൻ അനീഷിനോട് പറഞ്ഞു. അവൻ കൂടെ വരാമെന്ന് സമ്മതിക്കുകയും ചെയ്തു. എന്റെ എല്ലാ ഭ്രാന്തിനും അവൻ വഴങ്ങി തന്നിട്ടേയുള്ളൂ. കുട്ടിയെ അമ്മയെ ഏൽപ്പിച്ച് ഞങ്ങൾ യാത്രതിരിച്ചു.

വർഷങ്ങൾക്കു പിറകിലേക്ക് ഞാൻ യാത്ര ചെയ്യുകയായിരുന്നു എന്നുതോന്നി. മാർച്ചിലെ ഡൽഹിയിലെ പുകയുന്ന ചൂടിലേക്ക് ഞങ്ങളിറങ്ങി. ഡൽഹിയിൽ നിന്ന് ബട്ടിൻഡയിലേക്ക് ഇന്റർസിറ്റി ട്രെയിനിൽ യാത്ര തിരിച്ചു. അവർ പ്രതീക്ഷയുടെ ഓരോ നിമിഷവും ഞങ്ങളെ ഓർത്തുകൊണ്ടേയിരുന്നു.
"ഐ കാന്റ് സ്പീക്ക്. ഒൺലി ജോയ് ഓഫ് മീറ്റിങ് യു.'
എനിക്ക് വാക്കുകൾ കിട്ടുന്നില്ല എന്ന് പലവട്ടം സിസ്റ്റർ എനിക്ക് മെസ്സേജുകൾ അയച്ചു. അതുവായിച്ച് ഞാനും യാത്രയ്ക്കിടയിൽ എന്തെന്നില്ലാത്ത ആനന്ദത്തിലായി.
കർത്താവിനു മുന്നിൽ എനിക്കുവേണ്ടി എരിയുന്ന മെഴുകുതിരികൾ അയച്ചുതന്നു.
ഏകദേശം വൈകുന്നേരം ആറുമണിയായി കാണും. ഇറങ്ങുന്നതിന്റെ തൊട്ടുമുമ്പ് "പ്ലീസ് ഗെറ്റ് ഡൗൺ ആൻഡ് ഡോണ്ട് പ്രോസീഡ്' എന്നൊരു മെസ്സേജ് സിസ്റ്റർ അയച്ചു.

അമ്മു വള്ളിക്കാട്ട് ബട്ടിൻഡ റെയിൽവേ സ്റ്റേഷനിൽ

ഞങ്ങൾ അതുപ്രകാരം മുന്നിൽ തന്നെ കവാടത്തിൽ കാത്തുനിന്നു. 10 മിനിറ്റ് കാത്തുനിന്ന ശേഷം അനീഷ് പറഞ്ഞു, നീ ഒന്ന് വിളിച്ചുനോക്ക്. വിളിച്ചിട്ട് എനിക്ക് കിട്ടുന്നില്ലായിരുന്നു. ഒന്നു രണ്ടു വട്ടം വിളിച്ചിട്ടും ഫോൺ കട്ട് ചെയ്തുകൊണ്ടിരുന്നു. എനിക്കെന്തോ ഭയം തോന്നി.
എന്തുചെയ്യും? എനിക്ക് താമസിക്കാനുള്ള ഒരുക്കങ്ങൾക്ക് സിസ്റ്റർ കോൺവെന്റിൽ തന്നെ ഏർപ്പാടാക്കുന്നു എന്നാണ് അറിയിച്ചിരുന്നത്. ഒന്നുകൂടി വിളിച്ചു നോക്കി. സിസ്റ്റർ ഫോണെടുത്തു.
ഞാൻ ചോദിച്ചു; "എങ്ങോട്ടാണ് വരേണ്ടത്?, ഞാനിവിടെ നിങ്ങൾക്കുവേണ്ടി കാത്തു നിൽക്കുന്നു.'
റെയിൽസ്റ്റേഷനുമുന്നിലെ വാഹനങ്ങളുടെ മുരൾച്ചയ്ക്കും കലപിലകൾക്കും ഇടയിലൂടെ ഞാൻ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിച്ചു.
സിസ്റ്റർ വല്ലാതെ ദേഷ്യപ്പെട്ടു; "നിങ്ങളാരാണ്? എനിക്ക് നിങ്ങളെ അറിയില്ല, ഒന്നു ഫോൺ വച്ചിട്ട് പോകൂ. ഞാൻ വളരെ തിരക്കിലാണ്.'
ഞാൻ ദയനീയമായി അനീഷിനെ നോക്കി.
"അമ്മു, ഇങ്ങനെ ഒരു ആൾ ഉണ്ടോ? നീ അവരോട് തന്നെയാണോ സംസാരിക്കുന്നത്? നിന്നെ ആരെങ്കിലും പറ്റിക്കുകയാണോ...?
ഒരു നിമിഷം ഞാനും ശങ്കിച്ചു പോയി. എല്ലാം കെട്ടുകഥ പോലെ തോന്നി.
"ഇല്ല, ഇല്ല... അരമണിക്കൂർ മുമ്പുപോലും എനിക്ക് മെസ്സേജ് അയച്ചതാണ്.. ഇതാ നോക്ക്...'
"നീ അവരോട് ഫോണിൽ നേരെ സംസാരിച്ചിട്ടുണ്ടോ?'
ഞാൻ നിന്നനിൽപ്പിൽ അന്നേവരെ ഞങ്ങൾക്കിടയിൽ ഉണ്ടായിട്ടുള്ള എല്ലാ സംഭാഷണങ്ങളിലൂടെയും ഒന്ന് മനസ്സോടിച്ചു.
"ഇല്ല, ഞാൻ സംസാരിച്ചിട്ടില്ല, പക്ഷേ അത് സിസ്റ്റർ തന്നെയാണ്.'
"അമ്മൂ, അവർക്ക് ഓർമത്തെറ്റ്... അങ്ങനെ വല്ലതും ആണോ? കിടപ്പിലോ മറ്റോ ആണോ? നിന്നെ ആരോ പറ്റിച്ചതാണ് എന്നാണെനിക്ക് തോന്നുന്നത്.'
ഞാൻ മതിലിന് ചേർന്നുള്ള തിണ്ണയിലിരുന്നുപോയി. റോഡിന് പുറത്തുള്ള മഞ്ഞയും പച്ചയും നിറത്തിലുള്ള ഏതോ ഒരു പഴയ ഹോട്ടൽ ചൂണ്ടിക്കാണിച്ച് അനീഷ് പൊട്ടിച്ചിരിക്കാൻ തുടങ്ങി.
"നമ്മൾ അവിടെ താമസിക്കാൻ പോകുന്നു.'
രാത്രി ഏഴു മണി, പരിചയമില്ലാത്ത നാട്, ഭാഷ, ആളുകൾ. അന്നേരം അവൻ കൂടെയില്ലായിരുന്നെങ്കിൽ ഞാൻ എന്ത് ചെയ്യുമായിരുന്നു എന്നോർത്ത് തരിച്ചുപോയി.

പണ്ടത്തെപ്പോലെ തന്നെ അലക്കിത്തേച്ച വെള്ള കുപ്പായവും ധരിച്ച് സിസ്റ്റർ ഒരു മാലാഖയെപ്പോലെ തോന്നിച്ചു. അവർക്കൊപ്പമുണ്ടായിരുന്ന സമയം മുഴുവൻ ചുറ്റും പൂക്കൾ വിടർന്ന് സുഗന്ധം പരത്തുകയും മാലാഖമാർ ചിറകുവിടർത്തി പറക്കുകയും ചെയ്തിരുന്നു

നമുക്ക് കോൺവെൻറ്​ വരെ ഒന്നുപോയി നോക്കാം എന്ന് ഞാൻ അനീഷിനോട് പറഞ്ഞു. ഞങ്ങൾ ഒരു ഓട്ടോ എടുത്ത് കോൺവെന്റ് വരെ പോയി. ഗേറ്റ് അടഞ്ഞുകിടക്കുന്നു. അൽപനേരം തട്ടി നോക്കി. ഒരു വാച്ച്മാൻ വാതിൽ തുറന്നു. തുറന്നതും അവിടെ ഞങ്ങളെ കാത്ത് സിസ്റ്റർ നിൽപ്പുണ്ടായിരുന്നു. ഞാൻ വലിയ ആശ്വാസത്തോടെ അവരെ നോക്കി. ഓടിച്ചെന്ന് ആവേശത്തോടെ അവരെ പുണർന്നു. ഉണ്ടായ സംഭവങ്ങളെല്ലാം അറിയിച്ചു. റെയിൽവേ സ്റ്റേഷനിലെ ആരവങ്ങൾക്കിടയിൽ ഞാൻ ഇന്ത്യൻ നമ്പറിൽ നിന്നാണ് വിളിക്കുന്നത്, മറ്റാരോ ഇടയ്ക്ക് വിളിക്കുന്നു എന്ന് തെറ്റിദ്ധരിച്ചതാണ് സിസ്റ്റർ. എന്റെ കാൾ നഷ്ടപ്പെടുമെന്നു കരുതിയാണ് അപ്പോൾ കയർത്തു സംസാരിച്ചത്. ബട്ടിൻഡയിൽ തന്നെ ഇറങ്ങണം, മുന്നോട്ട് പോകരുത് അത്ര മാത്രമേ അവർ അവസാനത്തെ ആ മെസ്സേജിൽ ഉദ്ദേശിച്ചിട്ടുള്ളൂ.

പണ്ടത്തെപ്പോലെ തന്നെ അലക്കിത്തേച്ച വെള്ള കുപ്പായവും ധരിച്ച് സിസ്റ്റർ ഒരു മാലാഖയെപ്പോലെ തോന്നിച്ചു. അവർക്കൊപ്പമുണ്ടായിരുന്ന സമയം മുഴുവൻ ചുറ്റും പൂക്കൾ വിടർന്ന് സുഗന്ധം പരത്തുകയും മാലാഖമാർ ചിറകുവിടർത്തി പറക്കുകയും ചെയ്തിരുന്നു. അവർ എന്നും എന്നും നിത്യവസന്തത്തെ ഓർമിപ്പിച്ചു.
500 രൂപയാണ് മാസ ചെലവിന് അവർക്ക് കിട്ടുന്നത്. അതിൽ അവർക്ക് വേണ്ട ഡ്രസും സോപ്പും പൗഡറും എല്ലാം വാങ്ങിക്കണം. എങ്ങനെയിങ്ങനെ ഭംഗിയായി കാര്യങ്ങൾ കൊണ്ടുനടക്കുന്നത് എന്നെനിക്ക് അത്ഭുതം തോന്നി. എന്തായിരിക്കും ഈ ത്യാഗപൂർണമായ ജീവിതത്തിന്റെ അർഥം? എന്നോടൊത്ത് ക്ലേശം ഇല്ലാതെ സമയം ചെലവഴിക്കാനായി, ഞാനവിടെ നിന്ന 24 മണിക്കൂറുകൾ അവർ വേദനസംഹാരി വാരിത്തിന്നു.

അമ്മു വള്ളിക്കാട്ട് സിസ്റ്റർക്കൊപ്പം

കോൺവെന്റലെ ഗസ്റ്റ് റൂമിലാണ് ഞങ്ങൾ ആ രാത്രി താമസിച്ചത്. ഈ ഏഴുപതാം വയസ്സിൽ മര്യാദയ്ക്ക് നടക്കാൻ പോലും സാധിക്കാത്ത ദയനീയമായ അവസ്ഥയിൽ പോലും ഒറ്റയ്ക്ക് പല ജോലികളും ചെയ്യേണ്ടിവന്നു. എന്തെങ്കിലും ആവശ്യത്തിന് പുറത്തുപോകാനോ ഡോക്ടറെ കാണാനോ യുവതികളായ മറ്റു കന്യാസ്ത്രീകളുടെ സഹായം തേടേണ്ടിവന്നു. അവരുടെ സമയവും തരവും പോലെ മാത്രം അവർ സഹായങ്ങൾ ചെയ്തു. ജാർഖണ്ഡിൽ നിന്നും മറ്റ് ഉൾഗ്രാമങ്ങളിൽ നിന്നും വന്ന കുറേ പെൺകുട്ടികൾ ഇവിടങ്ങളിൽ ജോലി ചെയ്യാറുണ്ട്. പാവങ്ങൾ; നിവൃത്തികേടുകൊണ്ട് കുറഞ്ഞ വേതനത്തിൽ ജോലിചെയ്യാൻ തയ്യാറായി വന്ന ഈ പെൺകുട്ടികൾ ദയാരഹിതമായി അവർക്കുണ്ടായിരുന്ന അടങ്ങാത്ത അമർഷം പലപ്പോഴും അന്തേവാസികളിൽ അബലരായ വൃദ്ധരോട് കാണിക്കാറുഉള്ളതായി തോന്നി. അധികാരം പ്രയോഗിക്കാനുള്ള എല്ലാ ചെറിയ സാധ്യതകളും അവർ തന്നാലാവും പോലെ നന്നായി ഉപയോഗിച്ചു. അധികാരം ഇല്ലാത്തവരെ അവഗണിക്കുകയും ചെയ്തു.

ക്ഷാമത്തിലാണ് മനുഷ്യർ പരസ്പരം പോരടിക്കുന്നത്. ചൂഷകരും മർദിതരുമാണ് സഹായത്തിനുവേണ്ടി അശരണമായി കൈകൾ നീട്ടാറ്. സൗഭാഗ്യങ്ങളിൽ നിലകൊള്ളുന്നവർ സംസ്‌കാരസമ്പന്നരായിരിക്കും എന്നത് വലിയ തമാശയാണ്. ഇല്ലായ്മയിലുള്ള ഇടപെടലിലാണ് നമ്മളുടെ പറയപ്പെടുന്ന ഈ സംസ്‌കാരം ശരിയ്ക്കും പുറത്തുവരുന്നത്. ആ കണക്കിന് നോക്കിയാൽ കുറഞ്ഞ മനുഷ്യർ മാത്രമേ ശരിക്കും വിശാലഹൃദയരായിട്ടുള്ളൂ. ചില താപനിലയിൽ മാത്രം ചില പരീക്ഷണങ്ങൾ സാധു ആകുന്നതുപോലെ, അധികാരം പ്രീസെറ്റ് ചെയ്‌തേ ആളുകളുടെ മഹാമനസ്‌കത അളന്നു നോക്കാവൂ. പലപ്പോഴും കൊടിയ അവഗണനയിലും പരസഹായത്തിനായി അവർ കെഞ്ചി, കാത്തുകിടന്നു.

കന്യാസ്ത്രീ എന്ന ഒറ്റപ്പെട്ട, നിയന്ത്രിതമായ ജീവിതബലിയിലേക്ക് പോകേണ്ടി ഇരുന്നില്ല എന്ന് തോന്നുന്നുണ്ടോ? വിവാഹം ഒക്കെ കഴിച്ച് കുടുംബവും കുട്ടികളുമായി ജീവിക്കാമായിരുന്നില്ലേ! എന്ന് ഞാൻ ചോദിച്ചു. അവരുടെ മുഖം പെട്ടെന്ന് വാടിയ മുല്ലപ്പൂ പോലെയായി.

ജീവിതം സാധാരണ മനുഷ്യരെ പോലെ മതിയായിരുന്നു എന്ന് നിങ്ങൾക്ക് ഇപ്പോൾ തോന്നുന്നുണ്ടോ. കന്യാസ്ത്രീ എന്ന ഒറ്റപ്പെട്ട, നിയന്ത്രിതമായ ജീവിതബലിയിലേക്ക് പോകേണ്ടി ഇരുന്നില്ല എന്ന് തോന്നുന്നുണ്ടോ? വിവാഹം ഒക്കെ കഴിച്ച് കുടുംബവും കുട്ടികളുമായി ജീവിക്കാമായിരുന്നില്ലേ! എന്ന് ഞാൻ ചോദിച്ചു.
അവരുടെ മുഖം പെട്ടെന്ന് വാടിയ മുല്ലപ്പൂ പോലെയായി. അതികഠിനമായ വേദനയോടെ അവർ കാതുകൾ പൊത്തി; "ഞാൻ... ഞാൻ... എന്റെ ഒരായുസ്സ് മുഴുവൻ ഇവിടെ ചെലവഴിച്ചു. ഇത്തരത്തിലുള്ള ചോദ്യങ്ങൾ നീ എന്നോട് ചോദിക്കാൻ പാടുള്ളതല്ല. ഞാൻ അത്തരത്തിൽ ചിന്തിക്കാൻ പാടുള്ളതല്ല.'
50 വർഷം കന്യാസ്ത്രീയായി ജീവിച്ചുതീർത്ത ഒരാളോട്, ഒരുപക്ഷേ ജീവിതത്തിലെ പരിസമാപ്തിയോടടുക്കുന്ന ഈ സമയത്ത് ഞാൻ അവരുടെ ജീവിതത്തെ പറ്റി ആരാഞ്ഞ ഒരു "പാസിംഗ് കമന്റ്'... അതിലെനിക്ക് ലജ്ജ തോന്നി. ഇനി ഒരിക്കലും തിരുത്താൻ കഴിയാതെ എഴുതി തീർത്ത ഒരു പുസ്തകം. ഒന്നും ബാക്കിയില്ല. ഓരോ ഏടുകളും പറിച്ചെടുത്ത് മറ്റുള്ളവർക്കുവേണ്ടി എഴുതി. കമ്യൂണിറ്റിക്കുവേണ്ടി സ്‌കൂളുകളും ഹോസ്പിറ്റലുകളും അനാഥമന്ദിരങ്ങളും പലതും പണിതുണ്ടാക്കി. കന്യാസ്ത്രീകളായി പോകുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതിനാൽ ഉള്ളവർക്ക് ജോലിഭാരം ഏറിവന്നു. കമ്യൂണിറ്റിയുടെ നിലനിൽപ്പിന് ആ പാവം സ്ത്രീകൾ ഒരുപാട് കഷ്ടപ്പെട്ടിരുന്നു. എവിടെയോ ആർക്കോ വണ്ടി.

മാപ്പ്... യൗവനവും പൂക്കളും വസന്തവും വെളിച്ചവും സ്വാദും ആഘോഷങ്ങളും കർത്താവിനൊപ്പം ചേർന്ന് ഗൂഢം പങ്കുപറ്റിയതിന്, ചൂഴ്‌ന്നെടുത്തതിന്. ഒരു ചോദ്യത്തിന്റെ നിസ്സാരതയിൽ അതിനെ റദ്ദ് ചെയ്തതിന്.
ഞങ്ങൾ ഏറെ നേരം സംസാരിച്ചിരുന്നു. കളിയും തമാശയും പറഞ്ഞു ചിരിച്ചു. അവരുടെ ജീവിതം വിലപ്പെട്ടതാണ് എന്ന് ഇപ്പോൾ തോന്നുന്നു എന്ന് സന്തോഷത്തോടെ പറഞ്ഞു. ഞങ്ങളിൽ ആരെയെങ്കിലും തേടി ഇത്ര ദൂരത്തുനിന്ന് ആരെങ്കിലും വരുന്നത് പതിവല്ല എന്ന് ബാക്കിയുള്ള സിസ്റ്റർമാർ പറഞ്ഞു.
"അവരെന്നെ ഒന്ന് കാണാൻ വേണ്ടി മാത്രം വന്നതാണ്, അവർക്ക് മറ്റൊരു ഏർപ്പാടുകളും ഇല്ല. അവരുടെ കുട്ടികളെ പോലും വീട്ടിൽ വെച്ചിട്ടാണ് അവർ എന്നെ കാണാൻ വരുന്നത്.'- സിസ്റ്റർ എല്ലാവരോടും ഗർവോടുകൂടി പറഞ്ഞുനടന്നു.

ആ രാത്രിയിൽ അവർ ഞങ്ങളെ രണ്ടുപേരെയും കൊണ്ട് ചാപ്പലിൽ പോയി. ഞങ്ങൾക്കുവേണ്ടി, മൂന്നുദിവസം ഒറ്റയ്ക്കായിപ്പോയ എന്റെ കുട്ടികൾക്കുവേണ്ടി, അവരെ പരിപാലിക്കുന്ന അമ്മയ്ക്കുവേണ്ടി കർത്താവിനോട് ഉറക്കെ പ്രാർഥിച്ചു. എന്റെ കണ്ണുകളിൽനിന്ന് കണ്ണുനീർ നിശബ്ദമായി ഒഴുകി. ഞങ്ങൾ പരസ്പരം ഉപാധികളില്ലാത്ത സ്‌നേഹത്തോടുകൂടി വർത്തിച്ചു. ഞങ്ങളിൽ സന്തോഷം നിറയുന്നതായി തോന്നി. ഞങ്ങളിരുവരും കുട്ടികളെപ്പോലെ ആ രാത്രി ശാന്തമായി ഉറങ്ങി. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments