ഫോട്ടോ : മുഹമ്മദ് ഫാസിൽ

ഒരു ഒക്​ടോബർ വിപ്ലവത്തിന്റെ ഓർമയ്ക്ക്​

ക്ലാസ്​ കട്ട്​ ചെയ്​ത്​, ഹോസ്​റ്റലിൽനിന്ന്​ ബ്രൂക്ക് ഷീൽഡ്‌സിന്റെ എ സർട്ടിഫിക്കറ്റ്​ സിനിമ കാണാൻ പോയ വിദ്യാർഥിനികൾ ​നേരിട്ട വിചാരണകൾ, ഒരു അധ്യാപകന്റെ ഇടപെടൽ...

കോളറിഡ്ജിന്റെ Kubla Khan എന്ന സ്വപ്നതുല്യമായ കാൽപനിക കവിതയിലെ ‘flashing eyes and floating hair' ഉള്ള, ദിവ്യപ്രചോദനം ഉൾക്കൊണ്ട കവിയായിരുന്നു എനിക്ക് ആ അധ്യാപകൻ. സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വരാന്തയിലൂടെ, കൈയിലൊരു പുസ്തകവുമായി ഏതോ ഉന്മാദത്തിന്റെ ഗന്ധമുള്ള ചിരിയോടുകൂടി വാസുദേവൻ ഉണ്ണി എന്ന ഇംഗ്ലീഷ് അധ്യാപകൻ നടന്നു നീങ്ങിയപ്പോൾ സീമകളില്ലാത്ത ആരാധനയുടെയും, അതുകൊണ്ടുള്ള സങ്കോചം കൊണ്ടും അദ്ദേഹത്തിന്റ കണ്ണിൽ പെടാതിരിക്കാൻ ആദ്യമൊക്കെ മാറിനടന്നത് ഞാൻ ഓർക്കുന്നു.

പരിമിതമായ, കുറച്ചൊക്കെ വികലമായ എന്റെ ഇംഗ്ലീഷ് ഭാഷയ്ക്ക് Oxford product ആയ അദ്ദേഹത്തെ കുറച്ചകലെ നിന്ന് ആരാധിക്കാനേ ധൈര്യമുണ്ടായിരുന്നുള്ളൂ. അധ്യാപകൻ മലമൂത്ര വിസർജജനം പോലും ചെയ്യില്ലെന്നും, നന്മകളുടെ മാത്രം ആൾരൂപമാണെന്നും വിശ്വസിച്ചു നടന്ന കുഞ്ഞുന്നാളിലെ സങ്കൽപത്തിന് പിന്നീടെവിടെയൊക്കെയോ വെച്ച് രൂപാന്തരം സംഭവിച്ചു. പലപ്പോഴും അധ്യാപകൻ ഹിറ്റ്‌ലർ ആയും, സുവിശേഷ പ്രസംഗകനായും, അച്ചടക്കക്കാരനായും, ഉപദേഷ്ടാവായും മുന്നിൽ പ്രത്യക്ഷപ്പെട്ടു. അതിൽ പലരും കഴിവുകളെ പുകഴ്ത്തുകയും, പ്രോത്സാഹിപ്പിക്കുകയും, ചിലപ്പോൾ വിദ്യാർത്ഥികളെ ‘നല്ല കുട്ടി’യാക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രയാസമുള്ള വിഷയങ്ങൾ ക്ഷമയോടെ പറഞ്ഞുതന്നു. എന്നിട്ടും അവരാരുമായിരുന്നില്ല എന്റെ ഉള്ളിലെ കനലിനെ അന്നും ഇന്നും കെട്ടുപോവാതെ ജ്വലിപ്പിച്ചു നിർത്തിയത്.

ഫോട്ടോ : മുഹമ്മദ് ഫാസിൽ

മുന്നിലെത്തിയവരെ പ്രശംസിച്ച്, പിന്നിലായവരെ വേദനിപ്പിക്കാതിരുന്ന, വിപ്ലവം സൗമ്യതയിലും സൗഹൃദത്തിലും പൊതിഞ്ഞുനടന്ന, വിദ്യാർത്ഥികളെ സമർത്ഥമായി, subtle ആയി decondition ചെയ്ത, അച്ചടക്കത്തെയും ക്രിയാത്മകതയെപ്പോലും redefine ചെയ്ത ആ അധ്യാപകൻ എന്റെ ഉള്ളിൽ പലതലങ്ങളിലൂടെ ഒരു മഹാനദിയായി ഒഴുകിപ്പരന്നു.

സ്വന്തമായി കടൽത്തീരമുള്ള കോഴിക്കോട് നഗരം എന്നെയും എന്റെ കൂട്ടുകാരികളെയും എന്നും ഭ്രമിപ്പിച്ചു. പക്ഷേ, സമൂഹമെന്ന കാരാഗൃഹത്തിലെ കണ്ടംഡ് സെല്ലായിരുന്നു അന്ന് പെൺകുട്ടികൾക്ക് കാമ്പസ് പോലും.

പാഠ്യ വിഷയങ്ങൾക്കപ്പുറത്ത്, പരന്നുകിടക്കുന്ന ആംഗലേയ സാഹിത്യത്തിന്റെ പ്രൗഢോജജ്വലഭാവങ്ങൾ ഞങ്ങൾക്കുമുന്നിൽ ഉണ്ണിമാഷ് തുറന്നു തന്നപ്പോൾ ഞങ്ങളിൽ സൗന്ദര്യത്തിന്റെ, ആസ്വാദനത്തിന്റെ പുതിയ ഋതുവർണങ്ങൾ നൃത്തംവച്ചു. ഭ്രമാത്മകതയിലൂടെ ആത്മനാശത്തിന്റെ ചോരപ്പൂക്കൾ ചിന്തിയ മാക്ബത്തും ദാർശനിക സന്ദേഹത്താൽ ഉന്മാദിയായ ഹാംലെറ്റും വാർധക്യ വ്യഥയുടെയും, പീഡനത്തിന്റെയും അഗാധത പേറിയ ലിയറും എല്ലാം എന്നെ മഥിച്ചു. ആന്റണിയുടെയും ക്ലിയോപാട്രയുടെയും പ്രണയം സിരകളിൽ പടർന്നുകയറി - ഉണ്ണിമാഷുടെ ഷേക്‌സ്പിയറിനോടുള്ള അദമ്യമായ അഭിനിവേശം വാക്കുകളായി ക്ലാസിൽ ചിതറിവീണപ്പോൾ...

അന്ന് അദ്ദേഹം എന്റെയുള്ളിൽ ഊന്നിയ ഉദ്‌ബോധനത്തിന്റെ വിത്ത് പിന്നീടെപ്പോഴൊക്കെയോ മുളകളായി പൊട്ടി. ആത്മാന്വേഷണത്തിന്റെ യാത്രയിൽ, വഴിയിലും, കൈവഴികളിലും, സമസ്ത ജീവിതത്തെയും സ്പർശിച്ച വിജ്ഞാനത്തിന്റെ, സർവോപരി നിഷ്‌കളങ്കമായ സ്‌നേഹത്തിന്റെ ആ തണുപ്പ് എന്നെ ചുഴിയുകയും പൊതിയുകയും വളർത്തുകയും ചെയ്യുകയായിരുന്നു.

ലേഖ നമ്പ്യാർ, ഉണ്ണിമാഷ്

കാമ്പസിൽ സദാചാരവും ആണധികാരത്തിന്റെ നിയമങ്ങളും മാത്രം നിലനിന്ന ഒരു കാലത്ത് കോഴിക്കോട് ജില്ലയുടെ ബസുകേറാമൂലകളിലൊന്നിൽ നിന്നാണ് ഞാൻ നഗരത്തിലെ കോളജിലെത്തിയത്. സ്വതന്ത്രമായി അലയണമെന്നുണ്ടായിരുന്നെങ്കിലും ഏതു പെൺകുട്ടിയെയും പേടിപ്പിക്കുന്നതായിരുന്നു സമൂഹത്തിന്റെ ചലനനിയമങ്ങൾ. സ്വന്തമായി കടൽത്തീരമുള്ള കോഴിക്കോട് നഗരം എന്നെയും എന്റെ കൂട്ടുകാരികളെയും എന്നും ഭ്രമിപ്പിച്ചു. പക്ഷേ, സമൂഹമെന്ന കാരാഗൃഹത്തിലെ കണ്ടംഡ് സെല്ലായിരുന്നു അന്ന് പെൺകുട്ടികൾക്ക് കാമ്പസ് പോലും. അവിടെയിരുന്ന് പക്ഷേ, സ്വപ്നത്തിന്റെയും ഫാന്റസിയുടെയും വലിയ കൊടിമരങ്ങൾ തന്നെ ഞങ്ങൾ നാട്ടിക്കൊണ്ടിരുന്നു.

അങ്ങനെയിരിക്കെ എന്റെ ജീവിതത്തിലെ ഒക്ടോബർ വിപ്ലവം സംഭവിച്ചു. ബി.എ. രണ്ടാം വർഷത്തിന്റ ഇംപ്രൂവ്‌മെന്റ് പരീക്ഷയ്ക്ക് രണ്ടാഴ്ച മാത്രം ബാക്കി. മാർക്ക് കുറഞ്ഞ ഒരു പേപ്പർ എഴുതണമെന്നായിരുന്നു എന്റെ ആദ്യ പ്ലാൻ. അപേക്ഷിക്കുകയും ചെയ്തു. അലസതയും, അസ്തിത്വ ദുഃഖവും, ആലസ്യവും, കാല്പനിക പ്രണയങ്ങളും എല്ലാം ചേർന്ന് ഒരു സമൂഹജീവി തന്നെ അല്ലാതായി മാറിക്കൊണ്ടിരിക്കുന്ന ഒരു സമയമായിരുന്നു അതെനിക്ക്.
‘നമുക്ക് പോയാലോ. Brook shields നെ എനിക്കിഷ്ടാ'.
മാങ്കാവ് കൽപന ടാക്കീസിൽ ‘Endless love' എന്ന A certified movie വന്നപ്പോൾ കൂട്ടുകാരി വിൽമ ഉത്സാഹത്തോടെ എന്നോട് ചോദിച്ചു.
‘എന്താ പോയാൽ?'; എന്റെ യൗവനത്തിന്റെ പൊങ്ങച്ചവും ധാർഷ്ട്യവും തിരിച്ചുചോദിച്ചു.
ഞങ്ങൾ പോയി. ക്ലാസ് കട്ട് ചെയ്ത്, ഹോസ്റ്റൽ വാർഡനെ കബളിപ്പിച്ചു കൊണ്ടുതന്നെ. എന്നാൽ ആ വിപ്ലവം ഒറ്റയ്ക്കു നടത്താനുള്ള ത്രാണി ഞങ്ങളിലെ പെൺബോധത്തിനുണ്ടായില്ല. ക്ലാസിലെ നാണംകുണുങ്ങിയായ ശ്രീജിത്ത് എന്ന കൂട്ടുകാരനെ ബോഡിഗാർഡ് ആക്കി കൂടെ കൂട്ടിക്കൊണ്ട് ഞങ്ങളെന്തായാലും വിപ്ലവത്തിനിറങ്ങി. സിനിമ തീരുന്നതിനു മുമ്പുതന്നെ വാർത്ത ഹോസ്റ്റലിലും കോളേജിലും പരന്നു.

ഒരാഴ്ചയോളം നീണ്ടുനിന്ന പുരുഷ വിചാരണകളിൽ പുറത്ത് A എന്ന വലിയ സ്റ്റിക്കർ ഒട്ടിച്ചപോലെയായി ഞങ്ങളുടെ കാമ്പസ് ജീവിതം. ഞങ്ങൾ ചെയ്തത് തെറ്റല്ല എന്ന ഒരു എതിർവാദവും എവിടെയുമുണ്ടായില്ല.

അതിമാരകമായ അനന്തരഫലങ്ങളായിരുന്നു പിന്നീടരങ്ങേറിയത്. ഡെപ്യൂട്ടി വാഡൻ ഞങ്ങളെ ക്രൂരമായ ചോദ്യം ചെയ്യലിന് വിധേയരാക്കുന്നു. കാമ്പസിന് നാണക്കേടുണ്ടാക്കിയ ഞങ്ങൾ കാമ്പസിലും ഹോസ്റ്റലിലും വെന്തു. രക്ഷിതാക്കളെ വിളിപ്പിക്കുന്നു. ഞങ്ങളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കാൻ തീരുമാനമാകുന്നു. ഇംഗ്ലീഷ് സാഹിത്യ വിദ്യാർത്ഥിനികൾ ഇംഗ്ലീഷ് സിനിമ കണ്ടു എന്ന കുറ്റത്തിന് സ്മാർത്തവിചാരം പോലെ അനേകമനേകം ചടങ്ങുകൾ അരങ്ങേറിക്കൊണ്ടിരുന്നു.
ബ്രൂക്ക് ഷീൽഡ്‌സ് ഞങ്ങളുടെ പഠനം അവസാനിപ്പിക്കുമെന്ന അവസ്ഥയായി. ഒരാഴ്ചയോളം നീണ്ടുനിന്ന പുരുഷ വിചാരണകളിൽ പുറത്ത് A എന്ന വലിയ സ്റ്റിക്കർ ഒട്ടിച്ചപോലെയായി ഞങ്ങളുടെ കാമ്പസ് ജീവിതം. ഞങ്ങൾ ചെയ്തത് തെറ്റല്ല എന്ന ഒരു എതിർവാദവും എവിടെയുമുണ്ടായില്ല.

ആ ഞായറാഴ്ച ഞങ്ങൾ വീട്ടിൽ പോയില്ല. കുറച്ചു തുണികളേ ഉണ്ടായിരുന്നുള്ളൂ പാക്ക് ചെയ്യാൻ, പുസ്തതകങ്ങളും. വഴിയിൽ തീർന്നുപോയ വിദ്യാഭ്യാസത്തെക്കുറിച്ച് ഞങ്ങൾ മനംനൊന്ത് കരഞ്ഞു കൊണ്ടേയിരുന്നു. തിങ്കളാഴ്ച ഞങ്ങൾ ഈ കാമ്പസിൽ നിന്ന് എന്നേക്കുമായി തിരിച്ചുപോവുകയാണ്.
രാവിലെ പതിവിലും നേരത്തെ ഞങ്ങൾ ക്ലാസിലെത്തി. ക്ലാസ് തുടങ്ങുന്നതിനു വളരെ നേരത്തെ ഉണ്ണി മാഷ് വരാന്തയിലെത്തി ഞങ്ങളെ വിളിച്ചു; ‘‘ഞാൻ പ്രിൻസിപ്പലിനോട് സംസാരിച്ചിട്ടുണ്ട്. നിങ്ങൾ തെറ്റൊന്നും ചെയ്തിട്ടില്ല.’’ ഞങ്ങളുടെ മുന്നിൽ ചെറിയ വാക്കുകളിലൂടെ, സ്വതസിദ്ധമായ ചിരിയിലൂടെ, ഊഷ്മളമായ ശരീരഭാഷയിലൂടെ ‘അസാധാരണമായി ഒന്നും സംഭവിച്ചിട്ടില്ല' എന്ന് ഞങ്ങളെ വീണ്ടും വീണ്ടും മാഷ് ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. അത് ഞങ്ങൾക്ക് കരുത്തുപകർന്നു. ജീവിതത്തിൽ നമ്മൾ സ്വയം കൊണ്ടുവരേണ്ട വിപ്ലവത്തിന്റെ പുതിയ ഒരു തലം ഞാനന്ന് ആദ്യമായി രുചിച്ചു.

തിരിഞ്ഞു നടക്കുമ്പോൾ മാഷ് ചോദിച്ചു; ‘ലേഖയുടെ ഇംപ്രൂവ്‌മെൻറ് എക്‌സാം എന്തായി?' അന്നുച്ചയ്ക്ക് പഠിക്കാനുള്ള മെറ്റീരിയൽസ് മൊത്തം കൈയിൽ വച്ചുതന്നു മാഷ്. ‘ഇതൊക്കെ വിട്ടുകളയണം. പരീക്ഷ നന്നായെഴുതണം.' ആ വരികളുടെ പ്രചോദനത്തിൽ ഞാൻ ഹോസ്റ്റലിലേയ്ക്കോടി.

അതായിരുന്നു ഉണ്ണി മാഷ്.
ഓരോ കുട്ടിയെയും പേരെടുത്തു വിളിക്കുന്ന അധ്യാപകൻ. കണക്കുകൂട്ടലിന്റെയും, തരംതിരിക്കലിന്റെയും ലോകത്തുനിന്ന് അകന്നു നടന്നിരുന്ന ഉണ്ണിമാഷ് ഓരോ വിദ്യാർത്ഥിക്കും വേണ്ടി പ്രത്യേകമായി സംഭവിച്ച സുകൃതമായിരുന്നു എന്നെനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. ഇന്ന് ഒരു അധ്യാപിക ആയി ക്ലാസ് റൂമിൽ നിൽക്കുമ്പോഴെല്ലാം പൂർണചന്ദ്രന്റെ പ്രകാശം പോലുള്ള ആ ബുദ്ധസ്‌നേഹത്തിനു മുന്നിൽ ഞാൻ സമർപ്പണത്തിന്റെ അലിവായി മാറാറുണ്ട് എപ്പോഴും. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ലേഖ നമ്പ്യാർ

കഥാകൃത്ത്​. എറണാകുളം തണ്ടേക്കാട്​ ജമാഅത്ത്​ ഹയർസെക്കൻറഡറി സ്​കൂളിൽ ഇംഗ്ലീഷ്​ അധ്യാപിക. "Mysterious resonance’ എന്ന ഇംഗ്ലീഷ് കഥാ സമാഹാരം പ്രസിദ്ധീകരിച്ചിട്ടുണ്ട്​.

Comments