ഫെബ്രുവരി 20-ന് രാത്രിയിലാണ് സക്കറിയയുടെ ഫോൺ വരുന്നത്.
‘ചെലവൂർ വേണുവിനെ മൂന്നുദിവസമായി വിളിക്കുന്നു. അങ്ങേരുടേം ഭാര്യേടേം ഫോൺ സ്വിച്ച് ഓഫാണ്... ഒന്നന്വേഷിക്കണം. ആ വീട്ടിൽ പോയി അവൻ ജീവനോടെ ഉണ്ടോ എന്നറിയണം. പോകാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ പറയണം, ഞാൻ വന്നോളാം’.
ശബ്ദത്തിൽ ആകാംക്ഷയും സങ്കടവുമുണ്ടായിരുന്നു. അങ്ങനെ സക്കറിയ സാർ സാധാരണ സംസാരിക്കാറില്ല.
എങ്ങനെ വേണുവേട്ടനിലെത്തും?
വേണുവേട്ടന്റെ ചെലവൂരിലെ വീട്ടിലേക്കുള്ള വഴി അറിയില്ലായിരുന്നു. കണ്ടുമുട്ടലുകളെല്ലാം നഗരത്തിൽ വെച്ചായിരുന്നല്ലോ. കോഴിക്കോട് നഗരത്തിന്റെയും മനുഷ്യരുടെയും പശ്ചാത്തലത്തിലല്ലാതെ ചെലവൂർ വേണുവിനെ ഓർമ്മിക്കുന്നതെങ്ങനെ?
വയനാട്ടിലേക്ക് വിളിച്ച് ഒ.കെ. ജോണിയോടന്വേഷിച്ചു.
‘ദേശാഭിമാനിയിലെ കോയ മുഹമ്മദ് ചെലവൂരിലെ വീട്ടിൽ പോകാറുണ്ട്. മൂപ്പരെയും കൂട്ടി പോയാൽ മതി’, ജോണിയേട്ടൻ നമ്പർ അയച്ചുതന്നു.
കോയ മുഹമ്മദിനെ വിളിച്ചു. മൂപ്പർക്കും കുറച്ച് ദിവസങ്ങളായി വേണുവേട്ടനെ ഫോണിൽ കിട്ടുന്നില്ല. ‘നാളെത്തന്നെ പോകാം’, അദ്ദേഹം പറഞ്ഞു.
കോഴിക്കോട് താമസിക്കുന്ന സുഹൃത്ത് വി.കെ. മുസ്തഫയെ ഉടനെ വിളിച്ചു. രണ്ടുവർഷം മുൻപ്, സക്കറിയയോടൊന്നിച്ച് വേണുവേട്ടനെ കാണാൻ പോയ ദിവസം മുസ്തഫയും ഒപ്പമുണ്ടായിരുന്നു. രാരിച്ചൻ റോഡിലുള്ള ഒരു വീട്ടിലായിരുന്നു അന്ന് വേണുവേട്ടൻ താമസിച്ചിരുന്നത്. അളകാപുരി ഹോട്ടലിലെ കോട്ടേജ് മുറിയിലേക്ക് തിരിച്ചുപോകാതെ സക്കറിയ അന്നുരാത്രി വേണുവേട്ടനൊടൊപ്പം ആ വീടിന്റെ ചെറിയ സൗകര്യങ്ങളിൽ തങ്ങുകയായിരുന്നു. അവർ തമ്മിലുള്ള ഗാഢസൗഹൃദത്തിന്റെ രണ്ടു മണിക്കൂറുകൾക്ക് സാക്ഷികളായ ഉന്മാദത്തോടെയാണ് ഞാനും മുസ്തഫയും വീട്ടിലേക്ക് മടങ്ങിയത്. ആ രാത്രിയെക്കുറിച്ച് ഞാനപ്പോൾ സക്കറിയയെ ഓർമ്മിപ്പിച്ചു.
പിറ്റേന്ന് വൈകുന്നേരം കാരപ്പറമ്പിൽ കാത്തുനിന്നിരുന്ന കോയ മുഹമ്മദിനെയും കൂട്ടി ഞങ്ങൾ ചെലവൂരിലേക്ക് ചെന്നു. ചെലവൂർ മുസ്ലിം പള്ളിയാണ് വീട്ടിലേക്ക് തിരിയാനുള്ള വഴിയുടെ അടയാളം. ഒരു കാറിനു കഷ്ടിച്ചു കടന്നുപോകാനാവുന്ന ചെറിയ വഴി. ഒരാഴ്ച മുൻപ് വേണുവേട്ടൻ വിളിച്ചിരുന്നുവെന്ന് കോയക്ക പറഞ്ഞു. കോഴിക്കോട്ടേക്ക് ഒന്നിറങ്ങണം. ടൗണിലൂടെ നടക്കണം. പഴയ കാലത്തെ കോഴിക്കോടൻ വൈകുന്നേരങ്ങൾ പുനഃസൃഷ്ടിക്കണം. അതൊക്കെയായിരുന്നു വേണുവേട്ടന്റെ ഉദ്ദേശ്യം. പഴയ സുഹൃത്തുക്കളിൽ പലരും ഇന്നില്ല. ചിലർ മരിച്ചുപോയിരിക്കുന്നു. ചിലർ കോഴിക്കോടിനു വരാതെ പലയിടങ്ങളിലായി ചിതറി കിടക്കുന്നു.
ഒരു ലാറി ബേക്കർ മോഡൽ വീടിന്റെ മുൻപിൽ കാർ നിന്നു. വാതിൽ അടഞ്ഞു കിടക്കുന്നു. തുറന്നിട്ട ഒരു ജനാലയിലൂടെ അകത്ത് കറങ്ങുന്ന ഫാൻ കാണാം. മുസ്തഫ കാർ പാർക്ക് ചെയ്യുമ്പോൾ കോയാക്ക ഗേറ്റു കടന്ന് കോലായിലേക്ക് കയറി, തൂണിലെ കോളിംഗ് ബെൽ അടിച്ചുകൊണ്ട് വിളിച്ചു:
‘വേണു... വേണു...’
കോലായിലെ വാതിൽ തുറന്ന് വേണുവേട്ടന്റെ ഭാര്യ വന്നു. ‘ഒന്നു വിളിച്ചിട്ട് വരണ്ടേ,’ എന്നു പറഞ്ഞ് അവർ മുറ്റത്തെ അയയിൽ കിടന്നിരുന്ന വസ്ത്രങ്ങളെടുത്ത് അകത്തേക്ക് പോയി.
‘വേണുവുണ്ട്’, കോയക്കയ്ക്ക് ആശ്വാസം.
കോലായിലെ കസേരയിൽ ഞങ്ങളിരുന്നു. കുറച്ച് നേരം കഴിഞ്ഞ് വേണുവേട്ടൻ വന്നു. URBAN LEGEND YOUTH എന്നെഴുതിയ നീല ബനിയനും ലുങ്കിയുമായിരുന്നു വേഷം. പ്രസിദ്ധമായ ആ താടി ട്രിം ചെയ്തിരിക്കുന്നു. ഒരു രോഗിയുടെ അവശതകൾ ശരീരത്തിലുണ്ട്. അദ്ദേഹം ഞങ്ങൾക്കടുത്ത് കസേരയിലിരുന്നു.
‘വയസ്സായഡോ’ വൈകുന്നേരത്തെ വെയിലിലേക്ക് നോക്കിയിരുന്നുകൊണ്ട് വേണുവേട്ടൻ പതുക്കെ പറഞ്ഞു.
ഞാൻ മുസ്തഫയെ പരിചയപ്പെടുത്തി, സക്കറിയക്കൊപ്പം കൂടിയ അന്നത്തെ രാത്രിയെക്കുറിച്ച് പറഞ്ഞു.
ഭാര്യ വാതിൽക്കൽ വന്നു നില്ക്കുന്നുണ്ടായിരുന്നു.
മാങ്ങാട് രത്നാകരനും വേണുവേട്ടനുമൊപ്പം നടത്തിയ ഒരു വയനാട് യാത്ര ഓർമയിൽ വന്നു.
ഞാൻ സ്വന്തമായി പാപ്പിയോൺ ബുക്സ് നടത്തുന്ന കാലം. നന്ദിതയുടെ കവിതകൾ എന്ന പുസ്തകത്തിന്റെ പ്രകാശനത്തിന് പോകുകയായിരുന്നു ഞങ്ങൾ. ഒ.കെ. ജോണി കൽപ്പറ്റയിൽ കാത്തു നിൽക്കുന്നുണ്ട്. ചിന്ത രവിയേട്ടെൻ്റ ഭാഷയിൽ പറഞ്ഞാൽ ചെലവൂർ വേണു അന്ന് ‘സ്ത്രീകളുടെ എം. ഗോവിന്ദനാ’യിരുന്നു. ചുറ്റിലും സുന്ദരികളുള്ള അവിവാഹിതനായ കാമുകൻ.
‘വിവാഹം കഴിക്കാത്തതുകൊണ്ട് എപ്പോഴെങ്കിലും നിരാശ തോന്നിയിട്ടുണ്ടോ?’ ഞാൻ ചോദിച്ചു.
വേണുവേട്ടൻ ഒന്നാലോചിച്ചു പറഞ്ഞു: ‘ഇസ്തിരിയിടുമ്പോൾ വലിയ പ്രശ്നമാണ്’.
മറ്റൊരു ക്രോണിക് ബാച്ചിലർ ഒ.കെ. ജോണിയും ഞങ്ങൾക്കൊപ്പം ചിരിച്ചു.
‘വേണു, നിന്റെ ഓർമകൾ പ്രസിദ്ധീകരിക്കണമെന്ന് മാതൃഭൂമി ബുക്സിന് താല്പര്യമുണ്ട്’, കോയാക്ക പറഞ്ഞു.
‘എന്തെഴുതാൻ... പാഴായിപ്പോയ ഒരു ജീവിതം.’ പുറത്തേക്കുനോക്കി വേണുവേട്ടൻ പറഞ്ഞു. പിന്നെ നിശ്ശബ്ദനായി ഇരുന്നു. ആരും കുറച്ചുനേരം ഒന്നും പറഞ്ഞില്ല.
പിന്നെ, കോയാക്ക പഴയ ചില ഓർമകൾ പറഞ്ഞ് വേണുവേട്ടനെ ഉണർത്താൻ ശ്രമിച്ചു. അതിനിടയിൽ ഭാര്യ സുകന്യ ചായയും പലഹാരവും ടീപ്പോയിൽ കൊണ്ടുവെച്ചു.
വേണുവേട്ടൻ എഴുതാൻ പോകുന്ന, അല്ലെങ്കിൽ എഴുതേണ്ട പുസ്തകത്തിന്റെ കാര്യം ഞാൻ അവരോട് പറഞ്ഞു.
‘പഴയകാലത്തെ അത്തരം കാര്യങ്ങൾ പറയുമ്പോ നല്ല ഓർമയാണ്’, അവർ പറഞ്ഞു.
അവർ അകത്തേയ്ക്ക് പോയപ്പോൾ വേണുവേട്ടൻ പറഞ്ഞു, ‘മനസ്സിൽ ഒരു പുസ്തകമുണ്ട്. എം.ഗോവിന്ദൻ, പത്മരാജൻ, ഒ.വി.വിജയൻ ... എന്റെ ഓർമകൾ മാത്രം എഴുതിയതുകൊണ്ട് കാര്യമില്ല. അവരെക്കുറിച്ചുള്ള വിവരങ്ങളും വേണം... 300 പേജെങ്കിലും വരും...’
‘നമുക്കെഴുതാം വേണു, ആദ്യം ഒരു ലിസ്റ്റ് ഉണ്ടാക്കാം.’
അവർ രണ്ടുപേരുംകൂടി പല പേരുകൾ പറഞ്ഞു. അതിനിടയിൽ വേണുവേട്ടൻ പറയുന്നു, ‘അഴീക്കോടൻ രാഘവൻ.’
പിന്നെ ആ അനുഭവം പറഞ്ഞു. അന്ന് വേണുവേട്ടൻ കോളേജ് വിദ്യാർത്ഥിയാണ്. ദേശാഭിമാനിയിൽ പോയപ്പോൾ കോളേജിൽ ഫീസടയ്ക്കാനുള്ള പണം കീശയിലുണ്ടായിരുന്നു. വെള്ള ഷർട്ടിന്റെ പോക്കറ്റിലൂടെ നോട്ടുകൾ കണ്ട അഴീക്കോടൻ അത് കടമായി ചോദിച്ചു. പത്രത്തിന് പേപ്പർ വാങ്ങാൻ. വേണുവേട്ടൻ പണം കൊടുത്തു.
‘ദേശാഭിമാനിയിൽ ജോലിക്ക് ചേരാൻ സഖാവ് നിർബന്ധിച്ചിരുന്നു’, വേണുവേട്ടൻ പറഞ്ഞു ‘സ്വതന്ത്രനായി ജീവിക്കണം എന്ന ആഗ്രഹം കാരണം നിന്നില്ല.’
ഞാൻ സക്കറിയയെ വിളിച്ച് ഫോൺ വേണുവേട്ടന് നൽകി. പത്തു മിനിറ്റിലധികം അവർ സംസാരിച്ചു. വേണുവേട്ടൻ ഇടയക്ക് ചിരിക്കുന്നുണ്ടായിരുന്നു.
പിന്നെയും കുറച്ചുനേരം ഞങ്ങൾ സംസാരിച്ചു.
‘ചെറുപ്പക്കാരുമായി ഞാൻ ഒരു ബന്ധവും ഉണ്ടാക്കിയില്ല. എന്റെ പ്രായത്തിലുള്ളവർ മരിച്ചുപോയിക്കൊണ്ടിരിക്കുന്നു’, വേണുവേട്ടൻ പറഞ്ഞു.
പുസ്തകത്തിന്റെ കാര്യങ്ങൾക്കായി വീണ്ടും വരാം എന്നു പറഞ്ഞ് ഞങ്ങൾ ഇറങ്ങി. നാലു ദിവസം കഴിഞ്ഞ് ഞങ്ങൾ വീണ്ടും ചെന്നു.
കോയാക്കയുടെ കയ്യിൽ ഓർമക്കുറിപ്പുകൾ എഴുതേണ്ടവരുടെ ഒരു ലിസ്റ്റ് ഉണ്ടായിരുന്നു. അതു വായിച്ചുകേട്ട വേണുവേട്ടൻ, മറ്റു ചിലരെക്കൂടി ഓർമിച്ച് ലിസ്റ്റിൽ ചേർത്തു.
വിദ്യാർത്ഥികൾക്കായി പുതിയ ഒരു മാഗസിന്റെ ആശയവുമായി ഇ.എം.എസിനെ കാണാൻ പോയ അനുഭവം പറഞ്ഞു. കമ്യൂണിസ്റ്റ് നേതാക്കളെല്ലാം ഒളിവിലുള്ള കാലമായിരുന്നു. തേക്കിൻകാട് മൈതാനിയിൽ പ്രസംഗിക്കാൻ വന്ന ഇ.എം. എസിനെ വളരെ കഷ്ടപ്പെട്ടാണ് കാണാൻ കഴിഞ്ഞത്.
‘ദേശാഭിമാനി നടത്താൻതന്നെ ബുദ്ധിമുട്ടുകയാണ്. പിന്നെ എന്തിനാണ് പുതിയൊരു മാസിക?’ ഇ.എം. എസ് നിരുത്സാഹപ്പെടുത്തി.
കുറച്ചുനേരം കഴിഞ്ഞ്, പോകാനിറങ്ങിയ ഞങ്ങൾക്കൊപ്പം വസ്ത്രം മാറി വേണുവേട്ടനും വന്നു. ചെലവൂർ അങ്ങാടിയിൽ കാർ നിർത്തിച്ചു. ‘നിങ്ങൾ പോയ്ക്കോ... ഞാനൊന്നു നടന്നിട്ട്, തിരിച്ച് പൊയ്ക്കോളാം’ എന്നു പറഞ്ഞ് കാറിൽ നിന്നിറങ്ങിയ വേണുവേട്ടെൻ്റ കൂടെ ഞങ്ങളും ചെന്നു. റോഡരികിലെ ഒരു കടയിലിരുന്ന് ചായ കുടിച്ചു. മെഡിക്കൽ ഷോപ്പിൽ പോയി മരുന്ന് വാങ്ങിച്ചു. അങ്ങാടിയിലൂടെ വെറുതെ കുറച്ച് ദൂരം നടന്നു. തിരിച്ച് വീട്ടിൽ കൊണ്ടുപോയി വിട്ടാണ് ഞങ്ങൾ മടങ്ങിയത്.
ചെലവൂർ വേണു എന്ന എഡിറ്റർക്കൊപ്പം കുറച്ച് കാലം ജോലി ചെയ്ത ഓർമകൾ ഒപ്പം വന്നു.
ആദ്യത്തെ മെേട്രാ മാഗസിൻ എന്ന ആശയം വേണുവേട്ടനെ വന്നു കൊത്തിയ കാലമായിരുന്നു അത്. 1994 ആണെന്നു തോന്നുന്നു. ചെറൂട്ടി റോഡിലെ ചേലൂർ ബിൽഡിംഗിലെ ഒന്നാം നിലയിലായിരുന്നു ഓഫീസ്. കാനേഷ് പൂനൂർ, ഷീജ പൂന്താനത്ത് എന്നിവർ സഹപ്രവർത്തകരായിരുന്നു. സിറ്റി മാഗസിൻ ഒരു ലക്കം ഇറങ്ങി എന്നാണ് ഓർമ. മാഗസിനിലേക്ക് ഒ.വി. വിജയൻ കോഴിക്കോടിനെക്കുറിച്ചുള്ള ഒരു ഓർമക്കുറിപ്പ് അയച്ചുതന്നിരുന്നു: സാമൂതിരിയുടെ സമ്മാനം. ചെലവൂർ വേണുവിനെ ‘നഷ്ടപ്രസ്ഥാനങ്ങളുടെ കാവൽക്കാരൻ’ എന്നു വിശേഷിപ്പിച്ചുകൊണ്ടാണ് അതവസാനിക്കുന്നത്.
കാറിൽനിന്നിറങ്ങുമ്പോൾ കോയാക്ക പറഞ്ഞു, ‘അടുത്ത ദിവസംതന്നെ ഞാൻ പോയി എഴുത്ത് തുടങ്ങാം. വേണുവിന്റെ താല്പര്യം പോകുന്നതിന് മുൻപ് തീർക്കണം.’
അരവിന്ദനെക്കുറിച്ച് ചെലവൂർ വേണു എഴുതിയ കുറിപ്പ് ‘പാരഗണിൽ തുടങ്ങിയ അരവിന്ദായനം’ 2024 മേയ് അഞ്ചിന് മാതൃഭൂമി വാരാന്തപ്പതിപ്പിൽ പ്രസിദ്ധീകരിച്ചുവന്നു. മറ്റുള്ള ഓർമകളും ഓരോന്നായി എഴുതാം എന്ന് അവർ തീരുമാനിച്ചിരുന്നു. പക്ഷേ, അതു നടന്നില്ല.
കുറച്ചു ദിവസങ്ങൾക്കുശേഷം കോയാക്ക വിളിച്ചു: ‘വേണുവിനെ നിർമല ഹോസ്പിറ്റലിൽ അഡ്മിറ്റ് ചെയ്തിരിക്കുന്നു... അവശനാണ്.’
കഴിഞ്ഞ ദിവസം വിവരം വിളിച്ചത് പറഞ്ഞതും കോയാക്കയാണ്, കരയുന്നതുപോലെ, ‘വേണു പോയി...’