ചിന്ത രവിയുടെ പാഴ്​വേല

ജനങ്ങളെ യഥാര്‍ഥത്തില്‍ സ്വാധീനിക്കുന്നത് വലിയ ലാഭം കൊയ്യുന്ന പടപ്പുകളാണ്. അത്തരം സിനിമകള്‍ ചെയ്യാന്‍ താന്‍മെനക്കെടേണ്ടതില്ലെന്ന തിരിച്ചറിവിലാണ് കഥാചിത്രങ്ങളുടെ ലോകത്തോട് രവീന്ദ്രന്‍ വിട പറഞ്ഞത്. കഥേതര ചിത്രങ്ങള്‍ക്കാവട്ടെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുമില്ലല്ലോ.

സാഹിത്യകാരനാകണം, അല്ലെങ്കില്‍ ആകും എന്നതുപോലൊരു വിചാരം സിനിമയുടെ കാര്യത്തില്‍ രവീന്ദ്രന് ഒരിക്കലുമുണ്ടായിരുന്നില്ല. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തന്നെ കഥയും കവിതയുമൊക്കെ എഴുതുകയും ചിലതൊക്കെ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ശിശുദിനത്തോടനുബന്ധിച്ച് സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം പുറത്തിറക്കിയ സമ്മാനപ്പെട്ടിയിലേക്ക്​ തെരഞ്ഞെടുക്കപ്പെട്ട അതിരാണിപ്പൂക്കള്‍ എന്ന കൃതിയിലൂടെ കോളേജിലെ ആദ്യ വര്‍ഷം തന്നെ ഗ്രന്ഥകര്‍ത്താവായി അംഗീകരിക്കപ്പെടുകയും ചെയ്തു. വീട്ടില്‍വായനയുടെ നല്ല ഒരന്തരീക്ഷമുണ്ടായിരുന്നു. അയല്‍പക്കക്കാര്‍ എന്നു തന്നെ പറയാവുന്ന ശ്രീധരന്‍ മാസ്റ്ററുടെയും മാധവന്‍ മാസ്റ്ററുടെയും സാമി മാസ്റ്ററുടെയും മറ്റും നേതൃത്വത്തില്‍ യു.പി സ്‌കൂളിനടുത്തുതന്നെയുണ്ടായിരുന്ന 'സുഹൃദ് സമിതി വായനശാല' അന്തരീക്ഷം ഒന്നുകൂടി പുഷ്‌ക്കലമാക്കി. കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജിന്റെ ഹൈസ്‌കൂളിലും തുടര്‍ന്ന് അതേ മാനേജ്‌മെന്റിനു കീഴിലെ കോളേജിലും പഠിക്കുമ്പോഴാണ് കൈയെഴുത്തു മാസികയിലേക്കും അച്ചടിയിലേക്കും എഴുത്ത് വികസിച്ചത്.

ക്രിസ്ത്യന്‍ കോളേജ് അധ്യാപകരായിരുന്ന കവി ആര്‍. രാമചന്ദ്രന്‍, നിരൂപകന്‍ എം. ആര്‍. ചന്ദ്രശേഖരന്‍, ചരിത്രപണ്ഡിതന്‍ എം. പി. ശ്രീധരന്‍ എന്നിവരുടെ മാര്‍ഗനിര്‍ദേശവും പ്രോത്സാഹനവും നല്ലവണ്ണം ലഭിച്ചു. അവരുടെ നിര്‍ദേശത്തിലാണ് ചുറുചുറുക്കുള്ള ചെറുപ്പക്കാരന്‍ പത്രാധിപര്‍ ചെലവൂര്‍ വേണുവിനെ കാണുന്നതും 'യുവഭാവന' മാസികയില്‍ കഥകള്‍ അച്ചടിച്ചു വരുന്നതും. ഭാവി ഭാഗധേയം നിര്‍ണയിക്കുംവിധം പഠനകാലത്തു തന്നെ 'നവജീവന്‍' പത്രത്തിലെ പാര്‍ട് ടൈം ജോലിയിലേക്കും പിന്നീട് ബോംബെയിലെ പത്രപ്രവര്‍ത്തനപഠനത്തിനും പറഞ്ഞുവിട്ടതും കൈയെഴുത്തു മാസികയില്‍ ശിഷ്യന്റെ ശരവ്യനാവുകപോലും ചെയ്തിരുന്ന ശ്രീധരന്‍ മാസ്റ്റര്‍തന്നെ.

'ഒരേ തൂവൽപക്ഷികൾ' ചിത്രീകരണത്തിനിടെ ചിന്ത രവി

ക്ലാസില്‍ നിന്ന് മുങ്ങി നഗരത്തിലെ ക്രൗണ്‍ തിയേറ്ററില്‍നിന്ന് കണ്ടുകൂട്ടിയ കര്‍ക്ക് ഡഗ്ലസിന്റെയും ഗ്രിഗറി പെക്കിന്റെയും ഇടയ്ക്കു വന്നെത്താറുണ്ടായിരുന്ന ഫെല്ലിനിയുടെയും മൈക്കലാഞ്ചലോ അന്റോണിയോണിയുടെയും ഇംഗ്​മാർ ബര്‍ഗ്മാന്റെയും സത്യജിത് റായിയുടെയുമൊക്കെ ചിത്രങ്ങള്‍ സിനിമയെക്കുറിച്ച് സാവകാശമൊരു വിവേചനാശീലത്തിലേക്കു നയിച്ചിരുന്നുവെങ്കിലും ബോംബെയില്‍ നാദിര്‍ഷാ എന്ന പ്രതിഭാശാലിയെ പരിചയപ്പെട്ടതോടെയാണ് സിനിമയെക്കുറിച്ച് രവീന്ദ്രന്റെ കാഴ്ചപ്പാട് പരിപക്വമായിത്തുടങ്ങിയത്. സിനിമയെക്കുറിച്ചെന്നല്ല, പത്രപ്രവര്‍ത്തനത്തെയും സാഹിത്യത്തെയും ഇതര കലകളെയും സംബന്ധിച്ചെല്ലാം പുതിയൊരു തെളിച്ചവും വെളിച്ചവുമായാണ് രവീന്ദ്രന്‍ തിരിച്ച് നാട്ടിലെത്തുന്നത്.

അടിസ്ഥാനപരമായി സിനിമ ഒരു ഫാഷിസ്റ്റ് മാധ്യമമാണെന്ന് രവീന്ദ്രന്‍ വിലയിരുത്തി. മിതഭാഷയ്ക്ക് അതില്‍ സ്ഥാനമില്ല. വിചാരമല്ല വികാരമാണ് അവിടെ പുലരുന്നത്. അതിനെ പരിചരിക്കാത്ത ഒരു കൃതിക്കും സിനിമയില്‍ നിലനില്പില്ല.

ചെലവൂര്‍ വേണുവിന്റെ പ്രപഞ്ചം പ്രസിദ്ധീകരണസംരംഭങ്ങളില്‍ രവീന്ദ്രന്‍ സജീവമായി. സൈക്കോ മനഃശാസ്​ത്രമാസിക, സ്റ്റേഡിയം സ്‌പോര്‍ട്‌സ് മാസിക, രൂപകല വനിതാ മാസിക എന്നിങ്ങനെ മലയാളത്തില്‍ അത്തരത്തിലാദ്യത്തേതായ ഒരു പറ്റം പ്രസിദ്ധീകരണങ്ങള്‍ (വലിയ സ്വീകാര്യത ഉണ്ടായിട്ടും പല കാരണങ്ങളാല്‍ ഇടയ്ക്കിടെ മുടങ്ങിക്കൊണ്ടിരുന്ന സൈക്കോ ഇപ്പോള്‍ വീണ്ടും പുറത്തിറങ്ങാന്‍ പോവുകയാണ്). രവീന്ദ്രന്റെ പത്രാധിപത്യത്തില്‍ സര്‍ച്ച്‌ലൈറ്റ് എന്ന പേരില്‍, മലയാളത്തില്‍ മുമ്പോ പിമ്പോ കണ്ടിട്ടില്ലാത്ത മാധ്യമാവബോധത്തോടെ, ഒരു രാഷ്ട്രീയവാരികയും ചെലവൂര്‍ വേണു പ്രസിദ്ധീകരിച്ചു. ഇടതുപക്ഷ മാധ്യമ രംഗത്ത് നിലനിന്ന ഒരു ശൂന്യസ്ഥലിയിലായിരുന്നു രവീന്ദ്രന്‍ സര്‍ച്ച് ലൈറ്റ് നിലനിര്‍ത്താന്‍ നോക്കിയത്. ഇന്നും മറികടക്കപ്പെടാത്ത മാധ്യമസൂക്ഷ്മത കൊണ്ട് വേറിട്ടുനിന്നു സര്‍ച്ച്‌ലൈറ്റിലെ ‘പത്രങ്ങള്‍ വിചിത്രങ്ങള്‍’ പോലുള്ള പംക്തികള്‍. ഇടയ്ക്കു മുടങ്ങിയ സര്‍ച്ച് ലൈറ്റ് , വി. ടി. നന്ദകുമാര്‍ പത്രാധിപരായി പുറത്തിറങ്ങിയിരുന്ന യാത്ര വാരികയിലെ ഒരു ഹ്രസ്വഘട്ടത്തിനുശേഷം, സി. എന്‍. കരുണാകരന്റെ കലാസംവിധാനത്തോടെ സി. എന്‍. ശ്രീധരന്റെ അച്ചുകൂടത്തില്‍നിന്ന് മനോഹരമായി മുദ്രണം ചെയ്ത് ഏതാനും ലക്കങ്ങള്‍ കൂടി (ഈ ലക്കങ്ങളിലൊന്നിലാണ് ജോണ്‍ എബ്രഹാം എന്ന ചലച്ചിത്രകാരനെ മലയാളികള്‍ക്ക് ആദ്യമായി പരിചയപ്പെടുത്തിയ രവീന്ദ്രന്റെ സുദീര്‍ഘമായ അഭിമുഖമുണ്ടായിരുന്നത്) പുറത്തിറക്കിക്കഴിഞ്ഞാണ് രവീന്ദ്രന്‍ ചിന്തയില്‍ എത്തുന്നത്. ആദ്യം ഇ.എം.എസിന്റെ പുസ്തകം പുറത്തിറക്കുന്നതടക്കമുള്ള ചുമതലയുമായി ചിന്ത പബ്ലിഷേഴ്‌സിലും തുടര്‍ന്ന് ചിന്ത വാരികയിലുമായി രണ്ടു വര്‍ഷത്തോളം ചെലവഴിച്ചു.

ചെലവൂര്‍ വേണു അശ്വിനി ഫിലിം സൊസൈറ്റിയുടെ സെക്രട്ടറി സ്ഥാനം ഏറ്റെടുത്ത 1970- കളുടെ തുടക്കം മുതല്‍ ഫിലിം സൊസൈറ്റി പ്രവര്‍ത്തനങ്ങളില്‍ രവീന്ദ്രന്‍ സജീവമായിരുന്നു. ചിത്രങ്ങള്‍ ലഭ്യമാക്കുന്നതിലും സ്‌ക്രീനിങ്ങിനോടനുബന്ധിച്ച പരിപാടികള്‍ ആവിഷ്‌ക്കരിക്കുന്നതിലും എല്ലാം ബോംബെയിലെ പഴയ ബന്ധങ്ങളും അശ്വിനിക്കു പ്രയോജനപ്പെടുത്തി. കലാകൗമുദിക്കു വേണ്ടി ഇതര സംസ്ഥാനങ്ങളില്‍ കഴിഞ്ഞപ്പോഴും ഈ ദൗത്യം തുടര്‍ന്നു. അങ്ങനെയാണ് അശ്വിനി ഫിലിം സൊസൈറ്റിയുടെ ചലച്ചിത്രോത്സവങ്ങള്‍ക്ക് അക്കാലത്തെ പുതിയ ഇന്ത്യന്‍ ചിത്രങ്ങള്‍ സുലഭമായി ലഭിച്ചുകൊണ്ടിരുന്നത്.

കലാകൗമുദി ആരംഭിച്ചപ്പോള്‍ എം. ഗോവിന്ദന്റെ പ്രേരണയില്‍ രവീന്ദ്രന്‍ മദിരാശിയില്‍ നിന്നും പിന്നീട് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും റിപ്പോര്‍ട്ടുകള്‍അയച്ചുകൊണ്ടിരുന്നു. മലയാളത്തില്‍ അതുവരെ വായിക്കാന്‍ കിട്ടിയില്ലാത്ത തരം വൃത്താന്തങ്ങളുമായി ഓരോ ആഴ്ചയും കലാകൗമുദി പുറത്തിറങ്ങി. ആ വൃത്താന്തങ്ങളോ മധുരോദാരമായ മലയാളത്തിലും. ഇന്ത്യയിലെ നാട്ടിന്‍പുറങ്ങളിലും മലവാരങ്ങളിലും ജീവിക്കുന്ന മനുഷ്യരുടെ ദിനസരികളും തീനും കുടിയും ആചാരങ്ങളും അനുഷ്ഠാനങ്ങളും ആളുകള്‍ കാത്തിരുന്ന് വായിച്ചുപഠിക്കാന്‍ തുടങ്ങി. ഈ പര്യവേക്ഷണങ്ങള്‍ക്കിടയിലെ ബേസ് കേമ്പുകളില്‍ ഒന്നായി താന്‍ നിശ്ചയിച്ച വിജയവാഡയിലെ ഒരു അഭ്യുദകാംക്ഷിയായിരുന്ന സി. നരസിംഹറാവു എന്ന പത്രാധിപരോട് സൈക്കോയുടെ വിജയഗാഥ രവീന്ദ്രന്‍ പങ്കുവെച്ചു. സൈക്കോയുടെ വഴി സ്വീകരിക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിക്കുകയും അതിനുവേണ്ട പുസ്തകങ്ങളും മറ്റും സമ്പാദാദിച്ചു കൊടുക്കുകയും ചെയ്തു. ബാധ്യതയായിത്തീര്‍ന്നിരുന്ന തന്റെ രാഷ്ട്രീയ പ്രസിദ്ധീകരണം മാറ്റി വെച്ച് റാവു രേപു (മനസ്സ്) എന്ന പേരില്‍ മനഃശ്ശാസത്ര മാസിക തുടങ്ങുകയും പിന്നെയൊരിക്കല്‍ തമ്മില്‍ കാണുമ്പോഴേക്കും അത്യാവശ്യം സമ്പന്നനായിത്തീരുകയും ചെയ്തു.

ഇതിനിടക്ക് കാഞ്ചനസീതയ്ക്ക് ലൊക്കേഷനും കഥാപാത്രങ്ങള്‍ക്കൊത്ത അഭിനേതാക്കളെയും തേടിയെത്തിയ അരവിന്ദന്‍, രവീന്ദ്രനെയും കൂട്ടി ആന്ധ്രപ്രദേശിന്റെ കാടും മേടും താണ്ടി. നരസിംഹറാവുവിന്റെയടക്കം ഒത്താശയോടെ.. രവീന്ദ്രന്‍ അതാദ്യമായി ഒരു സിനിമയുടെ ഷൂട്ടിങ്ങില്‍ഭാഗഭാക്കായി (പി. എ. ബക്കറ്റിന്റെ കബനീനദി ചുവന്നപ്പോള്‍ എന്ന ചിത്രത്തിലെ അഭിനയമൊക്കെ പാല്‍ക്കാല കഥ). രവീന്ദ്രനോട് പ്രത്യുപകാരം ചെയ്യാനുള്ള നരസിംഹറാവുവിന്റെ കലശലായ ആഗ്രഹമാണ് ഹരിജന്‍ എന്ന തെലുഗു ചിത്രത്തിന്റെ നിര്‍മാണത്തിലേക്കു നയിച്ചത്.. ആന്ധ്രപ്രദേശിന്റെ ഉള്ള് നേരിട്ട് കണ്ടതിനാല്‍ ഇതിവൃത്തത്തെക്കുറിച്ച് രവീന്ദ്രന് വേറെ അന്വേഷിക്കേണ്ടി വന്നില്ല. വിജയവാഡയിലും മറ്റും കണ്ട ഖമ്മ-മാല വൈരത്തില്‍ നിന്നു തന്നെ 'ഹരിജന്‍' ഉടലെടുത്തു.

കബനീനദി ചുവന്നപ്പോൾ എന്ന ചിത്രത്തിൽ ചിന്ത രവി.

മൃണാള്‍ സെന്നിന്റെ ഒകാ ഊരി കത, ശ്യാം ബെനഗലിന്റെ അനുഗ്രഹം, ഗൗതം ഘോഷിന്റെ മാ ഭൂമി, ബി. എസ്. നാരായണയുടെ നിമജ്ജനം എന്നിവയോട് കിടപിടിക്കുന്ന നിലയില്‍ തെലുഗില്‍ നിര്‍മിക്കപ്പെട്ട മറ്റൊരു ചിത്രമാണ് രവീന്ദ്രന്റെ ഹരിജന്‍ (1979). നഗരത്തില്‍ പോയി പഠിക്കാന്‍ അവസരം കിട്ടിയ ദലിത് യുവാവ് താന്‍ കണ്ടറിഞ്ഞ ലോകത്തിലെ ചില സാമൂഹ്യമാറ്റങ്ങള്‍ തന്റെ നാടന്‍ ജീവിത പരിസരത്ത് സ്ഥാപിച്ചെടുക്കാന്‍ നടത്തുന്ന യത്‌നവും അതിന്റെ പരിണതിയുമാണ് ഈ ചിത്രം പ്രതിപാദിക്കുന്നത്. ഇന്ദിരാഗാന്ധിയുടെ ‘ഗരീബി ഹഠാവോ’ പോലുള്ള മുദ്രാവാക്യങ്ങളാല്‍ ആകൃഷ്ടരായ ദലിതരില്‍ പുതിയൊരു ഉണര്‍വു പ്രകടമായി; ഭൂവുടമകളുടെ ഭാഗത്തുനിന്ന് തിരിച്ചടിയുമുണ്ടായിരുന്നു. ആന്ധ്ര ഗ്രാമങ്ങളിലെ ഈ സ്ഥിതിയാണ് ഹരിജനില്‍ അവതരിപ്പിക്കാന്‍ ശ്രമിച്ചത്.

സിനിമയുടെ കാണികളെ പിടിച്ചിരുത്താനുതകുന്ന ചേരുവകള്‍ അതിന് വര്‍ജ്യമാണ്. സ്വാഭാവികമായും അത്തരം സിനിമകള്‍ ഏതുകാലത്തും തിരസക്കരിക്കപ്പെടുകയേ ഉള്ളൂ എന്നും രവീന്ദ്രന്‍ കണ്ടെത്തിയിരുന്നു.

ചിത്രം ഇന്ത്യന്‍ പനോരമയിലേക്കു തെരഞ്ഞെടുക്കപ്പെടുകയും പരക്കെ പ്രശംസിക്കപ്പെടുകയും ചെയ്തു. ചിത്രീകരണത്തിനുമുമ്പേ അതിന്റെ തിരക്കഥയില്‍ ജോണ്‍ എബ്രഹാം വലിയ മതിപ്പു പ്രകടിപ്പിച്ചു സംസാരിക്കുന്നതു കേട്ടിട്ടുണ്ട്. ഫിലിം സൊസൈറ്റികളിലൂടെ ഈ ചിത്രം മലയാളികള്‍ക്കും കാണാനായി. (ഇങ്ങനെ പ്രദര്‍ശനത്തിനെത്തിയ ഏതോ പോയന്റില്‍ വെച്ചാണ് കേരളത്തിലുണ്ടായിരുന്ന ഒരു പ്രിന്റ് പിന്നീട് കാണാതായതെന്ന് ഒരു സന്ദേഹം പില്‍ക്കാലത്ത് പ്രകടിപ്പിക്കപ്പെട്ടിരുന്നു).

ഹരിജന്‍ ഉളവാക്കിയ അനുകൂലാന്തരീക്ഷം ചൂടാറും മുമ്പ് തൊട്ടടുത്ത വര്‍ഷം തന്നെ 'ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍' എന്ന മലയാള ചിത്രവും പുറത്തിറങ്ങി. സിനിമയുടെ ഉപരിപ്ലവമായ വികാരപരത തീര്‍ത്തും വെടിഞ്ഞാണ് 1970- കളിലെ കേരളീയ യുവത്വത്തിന്റെ സന്ദിഗ്ധാവസ്ഥ ചിത്രം ചര്‍ച്ചചെയ്ത്. നക്‌സലൈറ്റ് പ്രസ്ഥാനവുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ച കുറെ ചെറുപ്പക്കാരുടെ ആത്മഹത്യയെക്കുറിച്ചുള്ള ചിന്തയാണ് അമ്മ അറിയാന്‍ എന്ന ചിത്രത്തിന് പ്രേരണയായതെന്ന് ജോണ്‍ എബ്രഹാം പറഞ്ഞിട്ടുണ്ട്. കേരളത്തിലെ ഒരു പറ്റം ചെറുപ്പക്കാര്‍, നല്ല പഠിപ്പും വിവരവും പ്രതികരണശേഷിയുമുള്ള പ്രതിഭാശാലികള്‍, ഇങ്ങനെ ആത്മഹത്യയിലേക്ക് നീങ്ങും മുമ്പ് കടന്നുപോകുന്ന, ഒന്നുമല്ലാതായിപ്പോകുന്നവരുടെ ഒരു തലമുറയെ തന്നെയാണ് ഇനിയും മരിച്ചിട്ടില്ലാത്ത നമ്മള്‍ അവതരിപ്പിക്കുന്നത്.

സിനിമയെക്കുറിച്ച് 'ദ ഹിന്ദു'വില്‍ ഗൗരവത്തോടെ എഴുതിക്കൊണ്ടിരുന്ന പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറാണ് ചിത്രത്തിലെ പ്രധാന കഥാപാത്രമായ പത്രപ്രവര്‍ത്തകന്റെ വേഷമണിഞ്ഞിരുന്നത്. ചിത്രത്തിന്റെ രാഷ്ട്രീയ മൂല്യം കണക്കിലെടുത്ത് അത് വീണ്ടും നിര്‍മിക്കണമെന്ന് ശശികുമാര്‍ ആവശ്യപ്പെടാറുണ്ടായിരുന്നതായി 2010- ലെ ഒരഭിമുഖത്തില്‍ (സമകാലിക മലയാളം ഓണപ്പതിപ്പ്) രവീന്ദ്രന്‍ വെളിപ്പെടുത്തിയിരുന്നു. ശശികുമാറിന്റെ, ഒരുവേള സിനിമയെക്കുറിച്ച് ഇനിയും പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന വലിയൊരു വിഭാഗത്തിന്റെ തന്നെയും, അഭിപ്രായത്തോട് പൊരുത്തപ്പെടുന്നതല്ല രവീന്ദ്രന്റെ നിലപാട്.

താനുള്‍പ്പെടെയുള്ള ചെറുപ്പക്കാര്‍ അക്കാലത്ത് നേരിട്ടിരുന്ന പ്രതിസന്ധി ആവിഷ്‌ക്കരിച്ച ഒരു ചലച്ചിത്രനിബന്ധമായാണ് ഈ ചിത്രത്തെ രവീന്ദ്രന്‍ വിശേഷിപ്പിച്ചിരുന്നത്. സിനിമയുടെ കാണികളെ പിടിച്ചിരുത്താനുതകുന്ന ചേരുവകള്‍ അതിന് വര്‍ജ്യമാണ്. സ്വാഭാവികമായും അത്തരം സിനിമകള്‍ ഏതുകാലത്തും തിരസക്കരിക്കപ്പെടുകയേ ഉള്ളൂ എന്നും രവീന്ദ്രന്‍ കണ്ടെത്തിയിരുന്നു.

ചിന്ത രവി / Photo: Abdul Kalam Azad

1979, 1980 വര്‍ഷങ്ങളിലായുള്ള ഈ രണ്ടു ചിത്രങ്ങള്‍ക്കുശേഷം 1988-ലാണ് ഒരേ തൂവല്‍ പക്ഷികള്‍ പുറത്തിറങ്ങുന്നത്. 1921- ലെ മലബാര്‍ കലാപത്തെ തുടര്‍ന്ന് നിലമ്പൂരിലും പരിസര പ്രദേശങ്ങളിലുമുള്ള റബര്‍ പ്ലാന്റേഷനുകളില്‍ എത്തിപ്പെട്ട നിസ്വരും നിരാലംബരും അവരുടെ പിന്മുറക്കാരും, തോട്ടമുടമകളായ ബ്രിട്ടീഷ് സായിപ്പുമാരുടെയും അവരുടെ കങ്കാണിമാരുടെയും കൊടിയ ചൂഷണത്തിനും മര്‍ദനത്തിനും എതിരെ നയിക്കുന്ന സമരവും അതിന്റെ പരിണതിയുമാണ് ഈ ചിത്രത്തിന്റെ പ്രതിപാദ്യം. അറുതിയും വിടുതിയുമില്ലാത്ത വ്യക്തിദുഃഖത്തില്‍ നിന്ന് മോചിപ്പിച്ച് വിജയപരാജയങ്ങളുടെ അര്‍ഥവത്തായ അനുഭവങ്ങളിലേക്ക് മനുഷ്യനെ നയിക്കുന്ന സ്വയം തിരിച്ചറിവിന്റെയും സംഘംചേരലിന്റെയും ആവിഷ്‌ക്കരണം നിര്‍വഹിച്ചെങ്കിലും പ്രേക്ഷകരുമായി അതു സംവദിക്കാനായോ എന്ന പ്രശ്‌നത്തിലാണ് സിനിമയില്‍നിന്ന് രവീന്ദ്രന്‍ അകന്നുപോകുന്നത്.

അടിസ്ഥാനപരമായി സിനിമ ഒരു ഫാഷിസ്റ്റ് മാധ്യമമാണെന്ന് രവീന്ദ്രന്‍ വിലയിരുത്തി. മിതഭാഷയ്ക്ക് അതില്‍ സ്ഥാനമില്ല. വിചാരമല്ല വികാരമാണ് അവിടെ പുലരുന്നത്. അതിനെ പരിചരിക്കാത്ത ഒരു കൃതിക്കും സിനിമയില്‍ നിലനില്പില്ല. ജനങ്ങളെ യഥാര്‍ഥത്തില്‍ സ്വാധീനിക്കുന്നത് വലിയ ലാഭം കൊയ്യുന്ന പടപ്പുകളാണ്. അത്തരം സിനിമകള്‍ ചെയ്യാന്‍ താന്‍മെനക്കെടേണ്ടതില്ലെന്ന തിരിച്ചറിവിലാണ് കഥാചിത്രങ്ങളുടെ ലോകത്തോട് രവീന്ദ്രന്‍ വിട പറഞ്ഞത്. കഥേതര ചിത്രങ്ങള്‍ക്കാവട്ടെ ജനങ്ങളെ സ്വാധീനിക്കാന്‍ ശേഷിയുമില്ലല്ലോ.


എട്ടാമത്​ ചിന്ത രവി സ്​മാരക പ്രഭാഷണ പരിപാടി 2023 ജൂലൈ എട്ടിന് ശനിയാഴ്ച ട്രൂകോപ്പി തിങ്ക്​ ഫേസ്​ബുക്കിലും യുട്യൂബിലും ലൈവ്​ സ്​ട്രീം ചെയ്യും


കോയ മുഹമ്മദ്​

ദേശാഭിമാനി സീനിയർ ന്യൂസ് എഡിറ്ററും കൈരളി ടി വി യുടെ വാർത്താ വിഭാഗം അസോസിയേറ്റ് ഡയരക്ടറുമായിരുന്നു. ദേശാഭിമാനി വാരികയിൽ ചലച്ചിത്ര പംക്തി കൈകാര്യം ചെയ്തിരുന്നു.

Comments