ഹണി ഭാസ്‌കരൻ

ചേർത്തുപിടിക്കുന്നുണ്ട്, മറികടക്കുന്നുണ്ട് പ്രവാസം

ഗൾഫ് പ്രവാസം കോവിഡിന്റെ കുതിപ്പിനെ ഇപ്പോൾ തടയിടുന്നുണ്ട്. തുടക്കം അവരെ സംബന്ധിച്ച് ആധിയുടേതായിരുന്നെങ്കിൽ ഇപ്പോൾ അവർ ജീവഭയത്തിനെ മറികടന്നിരിക്കുന്നു

കോവിഡ്; ഈ തലമുറയിലെ ഏറ്റവും ഇരുണ്ട കാലം. ലോകത്തിന്റെ മുഖം തന്നെ മാറ്റി മറിച്ച് ഹ്രസ്വകാല ജീവിതത്തെ കുറിച്ച് മനുഷ്യനെ ഇത്ര വേഗത്തിലും ആഴത്തിലും പഠിപ്പിച്ച മറ്റൊരു കാലമുണ്ടായിട്ടില്ല. മനുഷ്യന്റെ അത്യാർത്തികളുടെ ചിറകരിഞ്ഞും ജീവിതം തന്നെ പോരാട്ടമാക്കിയ മനുഷ്യരുടെ ശ്രമങ്ങളെ മന്ദഗതിയിലാക്കിയും കോവിഡ് അതിന്റെ ആധിപത്യം സ്ഥാപിക്കുന്നതിന്റെ നേർക്കാഴ്ചകൾ. പണത്തിനും അധികാരത്തിനും അപ്പുറം ജീവിച്ചിരിക്കേണ്ടതാണ് ഏറ്റവും വലിയ ആവശ്യകത, മനുഷ്യത്വത്തിനു വേണ്ടിയാവണം എറ്റവും മികച്ച പോരാട്ടം...എന്നീ ഓർമപ്പെടുത്തലുകൾ. ജീവനോളം പ്രാധാന്യം മറ്റൊന്നിനുമില്ലെന്ന യാഥാർത്ഥ്യം കുറഞ്ഞ കാലം കൊണ്ട് മനുഷ്യൻ ഉൾക്കൊണ്ടിരിക്കുന്നു. ജീവനോടെ ശേഷിക്കുന്നുവെന്ന ആനന്ദത്തിനപ്പുറം ഈ കാലത്ത് മറ്റൊരാനന്ദവുമില്ല. വംശീയവും വർഗീയവുമായ എതിർപ്പുകളെ ഇതിനിടയിലും അതിജീവിക്കേണ്ടി വന്നാലത് തികച്ചും ദൗർഭാഗ്യകരവുമാണ്.

പ്രിയപ്പെട്ടവരെപ്പോലും തള്ളിപ്പറയുന്ന ഭയം

യുദ്ധത്തെ ഒരിക്കൽ പോലും നേരിട്ടിട്ടില്ലാത്ത തലമുറയുടെ മുന്നിൽ പലായനത്തോടുപമിക്കാൻ പറ്റുന്ന സാധ്യതകൾ പ്രവാസത്ത് കോവിഡ് തുറന്നുതന്നു. ജീവനിൽ ഭയം പിടിപെടുമ്പോൾ മനുഷ്യർ മറ്റെല്ലാം മറക്കും. സ്വന്തത്തിലേക്ക് ഒതുങ്ങും. സ്വാർത്ഥത കൈമുതലാവും. ജീവഭയം ഏറ്റവും പ്രിയപ്പെട്ടവരെ പോലും തള്ളിപ്പറയുമെന്ന നേരനുഭവങ്ങൾ, സ്വന്തം മുറിയിൽ നിന്ന് സുഹൃത്തുക്കളാൽ പുറത്താക്കപ്പെട്ട കോവിഡ് ബാധിതൻ ആശുപത്രി മുറ്റത്തു വന്നുനിന്ന് നിറഞ്ഞ കണ്ണുകളോടെ ബോധ്യപ്പെടുത്തി. ഒരു ബെഡ് പോലും ഒഴിവില്ലെന്ന സത്യം പറഞ്ഞ് മുന്നിൽ നിർത്തിയിട്ട പൊലീസ് വാഹനത്തിനു നേരെ ഞാൻ വഴി കാട്ടുമ്പോൾ നിസ്സഹായത മാസ്‌കിൽ നനവു പടർത്തി.

അടുക്കോടെയും ചിട്ടയോടെയും ഗൾഫ് പ്രവാസം കോവിഡിന്റെ കുതിപ്പിനെ ഇപ്പോൾ തടയിടുന്നുണ്ട്. തുടക്കം അവരെ സംബന്ധിച്ച് ആധിയുടേതായിരുന്നെങ്കിൽ ഇപ്പോൾ അവർ ജീവഭയത്തിനെ മറികടന്നിരിക്കുന്നു.

ബന്ധുമിത്രങ്ങളുടെ അന്ത്യചുംബനമില്ലാതെ പ്രവാസ മണ്ണിലേക്ക് മടങ്ങിയവർ ശേഷിച്ച ഉറ്റവരുടെ മാനസികാരോഗ്യം തളർത്തി. ആളനക്കം കുറഞ്ഞ സൈക്യാട്രിയുടെ ഒ. പി വാർഡുകളിൽ വിഷാദരോഗികളുടെ എണ്ണം കൂടി. ആകുലതകളാൽ ആത്മഹത്യകൾ, ഹൃദയസ്തംഭന മരണങ്ങൾ ഏറി. തിരക്കേറിയ പബ്ബുകൾ, സിനിമാശാലകൾ അടഞ്ഞു. ഭക്ഷണപ്രിയർ അകങ്ങളിൽ ഭക്ഷണം പാകം ചെയ്തു തുടങ്ങി. രുചികൾ മാറി. ആഘോഷവെട്ടങ്ങൾ ഇല്ലാതായി. കലാ സാംസ്‌ക്കാരിക പരിപാടികൾ നിറഞ്ഞാടിയ ഇന്ത്യൻ കമ്യൂണിറ്റി സെന്ററുകൾ ശൂന്യമായി. സംഘടനകൾ ചാരിറ്റിയെന്ന കർത്തവ്യത്തിലേക്ക് ചുവടുമാറി. ഹോസ്പിറ്റലുകളിൽ ആരോഗ്യ പ്രവർത്തകർ ഓഫുകൾ മാറ്റിവെച്ച് ജോലി ചെയ്തു. ഭയത്തെ ലോകത്തിന്റെ നിലനിൽപ്പിനായി മാറ്റിനിർത്തി. ഞാനടക്കമുള്ള പ്രവാസികളിൽ ഏറെയും കുടുംബത്തെ നാട്ടിൽ നിർത്തി ഇവിടെ ജോലി ചെയ്യുന്നവരാണെന്ന യാഥാർത്ഥ്യം പലപ്പോഴും ചങ്കിടിപ്പു കൂട്ടി.

ലോക്ഡൗൺ സമയത്ത് ട്രാഫിക്ക് നിയന്ത്രിക്കുന്ന ദുബൈ പൊലീസ്

വീടകങ്ങളിലേക്ക് ചുരുങ്ങിയ അപ്പർ ക്ലാസ് മനുഷ്യർ ആവശ്യ സാധനങ്ങൾ വാങ്ങിനിറയ്ക്കുന്ന കാഴ്ച്ചകൾ. ലോവർ ക്ലാസ് മനുഷ്യർ വിശപ്പിനെ നേരിടുന്നതെങ്ങിനെയെന്നോർത്ത് കണ്ണുനിറയുന്ന നിസ്സഹായത. മരണം തൊട്ടു മുന്നിൽ കണ്ട പോലെ പ്രിയപ്പെട്ടവരിലേക്ക് ഓടിയെത്താൻ വ്യഗ്രതപ്പെടുന്നവർക്കു മുമ്പിൽ ലോകത്തിന്റെ സഞ്ചാരകവാടങ്ങൾ അടഞ്ഞു. ഒരുമിച്ചുറങ്ങിയ മുറിയിൽ ഒരാൾക്ക് വൈറസ് ഉണ്ടെന്നറിയുമ്പോൾ ഇന്നലെ വരെ ചേർത്തു പിടിച്ചവർ മുറിക്കു വെളിയിലാക്കുന്ന ഭീകര സ്വാർത്ഥത. എത്ര പണവും തരാം, ആശുപത്രിയിൽ ഒരു കിടക്ക തരൂ എന്ന് യാചിക്കുന്നവന്റെ തളർന്ന ശബ്ദം. ഞങ്ങൾ രക്ഷപെടുമോ എന്ന് കരച്ചിൽ തൊണ്ടയിൽ തടയുന്നവർ. ആരോഗ്യ പ്രവർത്തകരെ ഹൃദയം കൊണ്ട് ആശ്ശേഷിച്ച് ലോകം.

അതിജീവനത്തിന് സഹായം

അടുക്കോടെയും ചിട്ടയോടെയും ഗൾഫ് പ്രവാസം കോവിഡിന്റെ കുതിപ്പിനെ ഇപ്പോൾ തടയിടുന്നുണ്ട്. തുടക്കം അവരെ സംബന്ധിച്ച് ആധിയുടേതായിരുന്നെങ്കിൽ ഇപ്പോൾ അവർ ജീവഭയത്തിനെ മറികടന്നിരിക്കുന്നു. രോഗികൾ, ഗർഭിണികൾ, കുഞ്ഞുങ്ങൾ, ജോലി നഷ്ടമായവർ, വിസ കാലാവധി കഴിഞ്ഞവർ എന്നിങ്ങനെ മുൻഗണനാക്രമത്തിൽ സ്വദേശത്ത് എത്താനാഗ്രഹിക്കുന്നവരെ എംബസികൾ മുഖേന ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ നാടെത്തിച്ചു. രോഗികളുടെ പെരുക്കം കുറയുകയും ഏറെ ആശുപത്രികൾ കോവിഡ് ഫ്രീ ആവുകയും ചെയ്തിരിക്കുന്നു. എമ്പാടും 24 മണിക്കൂറും ഫ്രീ കോവിഡ് ടെസ്റ്റ്, വാക്‌സിനേഷൻ സെന്ററുകൾ. ഗവൺമെന്റ് ക്വാറന്റയിൻ കേന്ദ്രങ്ങൾ, ഹെൽപ്പ് ഡസ്‌ക്കുകൾ. തെരുവടക്കം ശുചീകരണ പ്രക്രിയകൾ, സഞ്ചാര നിയന്ത്രണങ്ങൾ, പ്രോട്ടോക്കോൾ ലംഘന ഫൈനുകൾ, നിയമങ്ങൾ എല്ലാം പ്രവാസികളുടെ കോവിഡ് പ്രതിരോധം ശക്തമാക്കി.

യു.എ.ഇ വെെസ് പ്രസിഡൻറ് ശൈഖ്​ മുഹമ്മദ്​ ബിൻ റാഷിദ്​ അൽ മഖ്​തൂം കോവിഡ് വാക്സിൻ സ്വീകരിക്കുന്നു

തികച്ചും അസാധാരണമായ ഈ കാലത്ത് ഗൾഫ് പ്രവാസം ജീവഭയത്തിൽ നിന്ന് പ്രവാസികളെ ഏറെക്കുറെ മുക്തരാക്കിയിട്ടുണ്ട് എന്ന് കരുതി തുടങ്ങാം. ലേബർ ക്യാമ്പുകളിൽ ഫ്രീ ഫുഡ് കിറ്റുകൾ നൽകപ്പെട്ടു. ഗൾഫ് രാജ്യങ്ങൾ അവരുടെ ഫ്യൂച്ചർ ഫണ്ടിൽ നിന്ന് മനുഷ്യരുടെ അതിജീവന പോരാട്ടത്തിന് സഹായം സാധ്യമാക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ നീക്കാനുള്ള തീരുമാനങ്ങളിലേക്ക് അബുദാബി പോലുള്ള എമിറേറ്റ്‌സുകൾ എത്തിക്കഴിഞ്ഞു. ഗൾഫ് രാജ്യങ്ങൾ ഏറ്റവും മനോഹരമായ രീതിയിൽ തന്നെ ഈ കോവിഡ് കാലത്ത് പ്രവാസികളെ ചേർത്തു പിടിച്ചു.

വരുന്നത് കഠിന ഭാവി

എങ്കിലും വർത്തമാന- ഭാവി കാലങ്ങളിൽ പ്രവാസികൾക്ക് കോവിഡ് നൽകിയ, നൽകാൻ പോവുന്ന തിരിച്ചടികൾ ചെറുതല്ല. മുൻകിട ലോകരാഷ്ട്രങ്ങളുടെ പോലും അഹങ്കാരത്തിന്റെ തൊലിപ്പുറമടർന്നു തുടങ്ങിയപ്പോൾ സമ്പദ്‌വ്യവസ്ഥ തകർത്ത ഈ ലോക്ക്ഡൗൺ കാലം ഗൾഫ് പ്രവാസത്തെ തല കീഴാക്കിയിട്ടുണ്ട്. കുടിയേറ്റവും അധിനിവേശവും എല്ലാം ചേർന്നതാണ് പ്രവാസം. ജോലി തേടി വരുന്നവരുടെ വേലിയേറ്റത്തിൽ നിന്ന് ജോലി ഇല്ലാതായവരുടെ വേലിയിറക്കം. 1990 ലെ കുവൈത്ത് - ഇറാഖ് യുദ്ധകാലത്തല്ലാതെ മറ്റൊരിക്കലും ഗൾഫ് നാടുകൾ പ്രവാസികൾക്ക് തണലാവാതിരുന്നിട്ടില്ല. ഇന്ത്യയുടെ സമ്പദ്ഘടനയിൽ ഏറിയ പങ്കും പ്രവാസികളുടേതാണെന്നത് സംശയാർഹം. യൂറോപ്പിലെ ഇന്ത്യക്കാരിൽ ഏറെ വിദഗ്ദ തൊഴിലാളികൾ ആണെങ്കിൽ ഗൾഫിൽ ഏറെയും അവിദഗ്ധ തൊഴിലാളികളാണ്. പരിമിത സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നവർ. അതിൽ തൊഴിൽ നഷ്ടപ്പെട്ടവരുടെ എണ്ണം കൂടി. അതിജീവനത്തിന് ജോലി തിരക്കി വരുന്നവരുടെ എണ്ണമിനി കൂടിത്തുടങ്ങും. സകല രാജ്യങ്ങളിൽ നിന്നുമുള്ളവർ അതിൽ പങ്കാളികളാവും. കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യാൻ തയാറാകുന്നവരുടെ എണ്ണമേറുമ്പോൾ ഈ മത്സരം മലയാളികളെ സംബന്ധിച്ച് കഠിനമാവും.

ആഗോള തലത്തിൽ കേരളം മാതൃകയായത് പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയം ഇപ്പോഴും മലയാളികൾക്കിടയിൽ നിലനിൽക്കുന്നതു കൊണ്ടാണ് എന്നത് തികച്ചും ശ്ലാഘനീയം. ഈ ഐക്യമാണ് ദുരന്തങ്ങളെ നേരിടുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടു നിർത്തുന്നതും.

കോവിഡിനെ ഭയന്ന് നാട്ടിലേക്കു തിരിച്ച പലർക്കും ജോലി നഷ്ടമായിട്ടുണ്ട്. വ്യോമപാതകൾ സഞ്ചാരസ്വാതന്ത്ര്യത്തിന് കനത്ത പരിക്കേൽപ്പിച്ചപ്പോൾ ലോക്ക്ഡൗൺ ഏറെ ബാധിച്ചത് അവരെയാണ്. ഓഫിസുകൾ കൃത്യമായി ആ അവസരം ഉപയോഗിച്ച് തൊഴിലാളികളെ വെട്ടിക്കുറിച്ചു. ശമ്പളം കുറയുകയോ കിട്ടാതാവുകയോ ചെയ്യുന്ന അവസ്ഥ. സ്വദേശിവൽക്കരണം പ്രവാസ ജീവിതത്തെ മൂന്നിലൊന്നായി ചുരുക്കുമോ എന്ന ആകുലതയിൽ കാര്യമുണ്ട്. ചെറു ബിസിനസുകളെല്ലാം നഷ്ട സാധ്യതകൾ കണ്ടുതുടങ്ങി. സൗകര്യങ്ങളുടെ ആധിക്യത്തിൽ നിന്ന് ആവശ്യകതയിലേക്കു മാത്രമുള്ള ദൂരം കൂടി. കോവിഡാനന്തര കാലം വർക്ക് ഫ്രം ഹോം എന്ന ആശയം സ്വീകാര്യമാക്കിയാൽ തൊഴിലവസരം ഏറെ കുറയും.

ദുബൈയിൽ നടക്കുന്ന GITEX ടെക്‌നോളജി വീക്കിൽ നിന്നും

ഇത് ഒരു രാജ്യത്തിന്റെ മാത്രം ഒറ്റപ്പെട്ട വസ്തുതയല്ല എങ്കിലും 80 ലക്ഷത്തോളം ഗൾഫ് പ്രവാസികൾക്കിടയിൽ 40 ലക്ഷത്തോളം മലയാളികളുണ്ട്. പ്രവാസികൾ സ്വദേശത്തേക്ക് വരുമ്പോൾ കോവിഡ് കാലം അതിനെ സ്വീകരിച്ച രീതി തന്നെ സാധാരണക്കാരായ മനുഷ്യരിൽ ഭയം സൃഷ്ടിച്ചിട്ടുണ്ട്.
ചില ചിട്ടകളിലേക്കുകൂട്ടി മനുഷ്യരെ കോവിഡ് എത്തിച്ചു. ശുചിത്വം, അകലം, വ്യായാമം , മാസ്‌ക് തുടങ്ങി പലതും. ദൈവവിശ്വസത്തിനും അന്ധവിശ്വാസങ്ങൾക്കും അപ്പുറമാണ് മനുഷ്യത്വവും മെഡിക്കൽ സയൻസുമെന്ന് ആരോഗ്യരംഗം പഠിപ്പിച്ചു. ലോകമാകമാനം ആരോഗ്യ പ്രവർത്തകരിലേക്ക് പ്രതീക്ഷയോടെ, കരുണയോടെ നോക്കി. വർഗരാഷ്ട്രീയമോ മതമോ കെട്ട കാലങ്ങളെ മറികടക്കാനുള്ള ഒരായുധവും കണ്ടെത്തിയിട്ടില്ലെന്ന ബോധം ചെറുതായെങ്കിലും ലോകത്തെ തൊട്ടു. ആഗോള തലത്തിൽ കേരളം മാതൃകയായത് പാരസ്പര്യത്തിലൂന്നിയ രാഷ്ട്രീയം ഇപ്പോഴും മലയാളികൾക്കിടയിൽ നിലനിൽക്കുന്നതു കൊണ്ടാണ് എന്നത് തികച്ചും ശ്ലാഘനീയം. ഈ ഐക്യമാണ് ദുരന്തങ്ങളെ നേരിടുമ്പോൾ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തെ വേറിട്ടു നിർത്തുന്നതും.
ആധികളുടെയും വ്യാധികളുടെയും ഈ ദുരിത കാലത്തുനിന്ന് പഴയ കാല പകിട്ടിലേക്ക് എത്തിപ്പെടാൻ പ്രവാസം ഇനിയും ഏറെ ദൂരം താണ്ടേണ്ടി വരും. അതിജീവനമെന്നത് വരും കാലങ്ങളിൽ ഗൾഫ് പ്രവാസമെന്ന ആദ്യ സ്വപ്നത്തെ പുനർചിന്തകൾക്ക് വിധേയമാക്കും. മാനവികതക്കുമീതെ മനുഷ്യന്റെ അതിജീവന ശ്രമങ്ങൾ പരാജയപ്പെടാതിരിക്കാൻ ലോകമൊരുമിച്ചു നിന്നു പൊരുതാതെ വയ്യ. ▮


ഹണി ഭാസ്​കരൻ

നോവലിസ്റ്റ്, എഴുത്തുകാരി. ഉടൽ രാഷ്ട്രീയം, പിയേത്താ, എന്റെ പുരുഷൻ, പുരുഷൻ: അനുഭവം, കാഴ്ച, സങ്കൽപം, നോഹയുടെ പറവകൾ എന്നിവ പ്രധാന കൃതികൾ

Comments