Photo: david schweitzer / flickr

പശു മസായിയുടെ തോഴൻ, കശാപ്പു​ ചെയ്ത്, മാംസവും തിന്ന് അവർ അവയോട് നന്ദി പറയും

‘‘മസായിയുടെ പശു ‘വിശുദ്ധ’ പശു അല്ല. ആവശ്യമുള്ളപ്പോൾ കശാപ്പു ചെയ്ത്, ചോര കുടിച്ച്, മാംസവും തിന്ന്, ‘നീ തന്നതിനെല്ലാം നന്ദി’ എന്നു പറയേണ്ടുന്ന തോഴൻ. ഒരു മസായിയുടെ ആതിഥ്യം സ്വീകരിച്ചാൽ നിശ്ചയമായും ഒരു പശുവിനെ കശാപ്പു ചെയ്ത് അതിന്റെ ചോരയുടെ ഒരു പങ്ക് നമുക്ക് നീട്ടിത്തരും’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 26

ഫ്രിക്കയെക്കുറിച്ച് നാം സംസാരിക്കാറില്ല. ആഫ്രിക്ക ഒരു ഭൂഖണ്ഡമാണെന്നതുപോലും മറന്ന് വർത്തമാനം പറയുന്ന ‘വിജ്ഞാനി’കളായ മലയാളികൾ ഇന്നും നമ്മുടെ ഇടയിലുണ്ട്. ആഫ്രിക്കയോടുള്ള നമ്മുടെ സമീപനത്തിന്റെ അടിസ്ഥാനം ആഴമളക്കാനാവാത്ത അജ്ഞതയിൽ പണിതുയർത്തിയതാണ്. “കറമ്പന്മാരും കറമ്പികളും” എന്ന് നാം വംശീയമായി അധിക്ഷേപിക്കുന്ന കുറേ മനുഷ്യർ. അവരുടെ വീഴ്ചകൾ കണ്ട് നാം സ്വയം ഞെളിയുന്നു. അവരുടെ ഇനിയും പാകമായിട്ടില്ലാത്ത ദേശീയബോധത്തെ നോക്കി നാം കൊഞ്ഞനം കുത്തുന്നു. അതിന്റെ ഐറണി ഇതാണ്: അവരെപ്പോലെ നമ്മളും നമ്മുടെ ഗോത്ര (ദൈവ) ങ്ങളിൽത്തന്നെയാണ് ‘അറ്റകൈ‘ പ്രയോഗം എന്ന നിലയ്ക്ക് അഭയം തേടുക. ഹിന്ദു- ക്രിസ്ത്യൻ കുടുംബങ്ങളിലെ അത്തരം വഴക്കങ്ങൾ ക്കടിസ്ഥാനം നമ്മുടെ മേൽ ബ്രാഹ്മണ്യം അടിച്ചേൽ‌പ്പിച്ച നീചമായ ജാതിവ്യവസ്ഥ തന്നെയാണ്. അരുന്ധതി റോയ് അവരുടെ ആദ്യ നോവലിൽ ക്രിസ്റ്റ്യാനിറ്റിയിലെ ജാതി സമ്പ്രദായം എങ്ങനെ ഒരു സാധാരണക്കാരനെ തകർക്കുമെന്ന് വിശദമായി കാണിച്ചുതരുന്നുണ്ട്. നോവലിലെ കമ്യൂണിസ്റ്റ് പാർട്ടി നേതാവ് ചാക്കോയോട് പറയുന്ന ഒരു വാക്യം മലയാളിയുടെ ജാതിസങ്കല്പം ആറ്റിക്കുറുക്കിയതാണ്: “That Paravan will bring you trouble, I tell you.”

‘കിങ് ഓഫ് കിങ്സ്’ സിനിമയില്‍ ജെഫ്രി ഹണ്ടര്‍ അവതരിപ്പിച്ച യേശുവിന്‍റെ കഥാപാത്രം
‘കിങ് ഓഫ് കിങ്സ്’ സിനിമയില്‍ ജെഫ്രി ഹണ്ടര്‍ അവതരിപ്പിച്ച യേശുവിന്‍റെ കഥാപാത്രം

ഇതിലെ ‘പരവൻ’ മതം മാറി ക്രിസ്ത്യാനിയായ വെളുത്ത ആണ്. എന്നാലും അയാളെ ‘പരവൻ’ എന്നേ വിളിക്കൂ. ആ നിലപാട് (എന്റെ വീട്ടുകാരെ തോമാശ്ലീഹാ നേരിട്ട് മാമോദീസാ മുക്കിയതാ, ഞങ്ങടെ അപ്പനപ്പൂപ്പന്മാര് ഒന്നാന്തരം നമ്പൂതിരിമാരാ.) ഒരു ആഫ്രിക്കനെ സംബന്ധിച്ച് തീർത്തും അന്യമാണ്. അവരുടെ ഗോത്രങ്ങൾ ക്രിസ്തുമതം സ്വീകരിച്ചു. ചിന്താശേഷിയുള്ള ആഫ്രിക്കനെ സംബന്ധിച്ച് അത് കൊളോണിയൽ പദ്ധതികളുടെ ഭാഗമായിരുന്നു. സായ്‌വിന്റെ നീലക്കണ്ണുകളും സ്വർണ്ണത്തലമുടിയുമുള്ള ‘ജെഫ്രി ഹണ്ടർ യേശുവിനെ’ ആഫ്രിക്കന് കയ്യെത്തി തൊടാനാവില്ലായിരുന്നു. അതിനാൽ ആഫ്രിക്കയിലെ വിവിധ ദേശീയതകൾ അവരുടെ സ്വന്തം ക്രിസ്തുവിനെ രൂപകല്പന ചെയ്തു. ആ യേശു കറുത്തവനും ചുരുണ്ട മുടിയുള്ളവനുമാണ്. ഇന്ന്, ശീതീകരിച്ച സെമിനാർ മുറികളിൽ ചർച്ച നടത്തുമ്പോൾ മാത്രം ഉപയോഗിക്കുന്ന കൊളോണിയൽ വിരുദ്ധ വാചാടോപങ്ങൾക്കപ്പുറത്തേക്ക് സ്വന്തം ആദ്ധ്യാത്മികതയിലേക്കു പോലും അധിനിവേശം നടത്തിയ ‘യജമാനന്മാർ’ മുച്ചൂടും ഇല്ലായ്മ ചെയ്യാൻ ശ്രമിച്ച ഗോത്രവർഗ്ഗദൈവ സങ്കല്പങ്ങളെപ്പറ്റി അവർ വ്യഥിതരാണോ? ആണെങ്കിലും അല്ലെങ്കിലും ആഫ്രിക്കയിൽ ഞാൻ കാണുകയും പലപ്പോഴും ഒത്തുചേരുകയും ചെയ്തിട്ടുള്ള അവരുടെ അനുഷ്ഠാനങ്ങളിൽ കുറെയേറെ ആഫ്രിക്കൻ പ്രതീകങ്ങളും ചടങ്ങുകളും ഏച്ചുകൂട്ടലാണെന്ന് തോന്നാത്ത വിധത്തിൽ ഇഴചേർത്തിരിക്കുന്നത് കണ്ടിട്ടുണ്ട്. കത്തോലിക്കാ സഭ പോലും അവയ്ക്ക് അംഗീകാരം നൽകിയിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിൽ ഞാൻ താമസിച്ചിരുന്ന കൊച്ചു നഗരത്തിൽ മാത്രം 800-ലധികം ക്രിസ്ത്യൻ സെക്റ്റുകൾ ഉണ്ടായിരുന്നു.

ഇത്രയും പറയാൻ കാരണം ഇതാണ്: കറുത്ത ആഫ്രിക്കരുടെ ആത്മീയതയേയും നിഷ്ഠയോടെയുള്ള അവരുടെ മതാനുഷ്ഠാനചര്യകളെയും പരിഹസിക്കുകയും ‘ഉഡായിപ്പ്’ എന്ന ഓക്കാനം വരുന്ന പുതുമലയാള മൊഴിമുത്തിനാൽ തൂത്തുവാരിക്കളയുകയും ചെയ്യുന്ന മലയാളി സിനിസിസം നമ്മളെ ഒരിക്കലും ആഫ്രിക്കൻ ആധ്യാത്മികത അറിയാൻ അനുവദിക്കില്ല.

മസായിയുടെ ഒരേയൊരു ബന്ധു പശു ആണ്. 140 പശുക്കളുള്ള ഒരു പറ്റത്തെ മേയുന്ന മസായ് മൊറാൻ (മൊറാൻ എന്നാൽ ചെറു വാല്യക്കാരൻ) അതിൽ ഓരോ പശുവിനും ഓരോ സ്ഥാനം കൊടുക്കും.
മസായിയുടെ ഒരേയൊരു ബന്ധു പശു ആണ്. 140 പശുക്കളുള്ള ഒരു പറ്റത്തെ മേയുന്ന മസായ് മൊറാൻ (മൊറാൻ എന്നാൽ ചെറു വാല്യക്കാരൻ) അതിൽ ഓരോ പശുവിനും ഓരോ സ്ഥാനം കൊടുക്കും.

കെന്യയിലെ എല്ലാ ഗോത്രങ്ങൾക്കും അവരവരുടെ ഉൽ‌പ്പത്തി പുരാവൃത്തങ്ങളുണ്ട്. കിക്കുയുവിൽ അത് അഗിക്കുയു എന്ന ആദിപുരുഷനിലും മുംബി എന്ന ആദിമ വനിതയിലും തുടങ്ങുന്നുവെങ്കിൽ ലുവോ, ലുഹ്യ, മസായ് തുടങ്ങിയവർക്കും അത്തരം മിത്തുകളുണ്ട്. മസായ് സങ്കല്പമനുസരിച്ച് മസായ് യെ സൃഷ്ടിച്ചശേഷം ദൈവം പശുവിനെയും കാളയെയും സൃഷ്ടിച്ചു. എന്നിട്ട് മസായിയോട് പറഞ്ഞു, ‘ഈ നാൽക്കാലി നിനക്ക് എല്ലാം തരും. ഇത് നിനക്കു മാത്രം അവകാശപ്പെട്ടതാണ്. എവിടെ ഈ മൃഗത്തെ കണ്ടാലും നിനക്ക് അതിനെ അവകാശപ്പെടാം.’
അങ്ങനെ മസായികൾ പശുവിന്റെ മൊണോപൊളി ഏറ്റെടുത്തു. (ഗോ സേവക്കാർക്ക് തർക്കിക്കണം എന്ന് തോന്നുന്നുണ്ടാവും. അത് തൽക്കാലം അടക്കി നിർത്തുന്നതാവും നല്ലത്). അതുകൊണ്ട് പശു എവിടെ നിൽക്കുന്നതുകണ്ടാലും മസായ് അതിനെ ആട്ടിത്തെളിച്ചങ്ങ് പോകും. അതിന്റെ പേരിൽ വലിയ യുദ്ധങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ മസായിക്ക് തന്റെ ലോജിക്കുണ്ടല്ലോ. മസായിയുടെ ഒരേയൊരു ബന്ധു പശു ആണ്. 140 പശുക്കളുള്ള ഒരു പറ്റത്തെ മേയുന്ന മസായ് മൊറാൻ (മൊറാൻ എന്നാൽ ചെറു വാല്യക്കാരൻ) അതിൽ ഓരോ പശുവിനും ഓരോ സ്ഥാനം കൊടുക്കും. വൈകീട്ട് അവരെ തിരികെ തന്റെ കുടിയിടത്തിലെ ‘ബോ’ (Boo) എന്നു വിളിക്കുന്ന തൊഴുത്തിലേക്ക് നയിക്കുമ്പോൾ ഒരെണ്ണം നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ അവൻ അറിയും. ആ പശുവിന്റെ സ്ഥാനം ഒഴിഞ്ഞുകിടക്കും. ഓരോ പശുക്കൾക്കും അറിയാം, എവിടെ നിൽക്കണമെന്ന്. മസായിയും പശുവുമായുള്ള ബന്ധത്തിന് ഒരു ആറാമിന്ദ്രിയതലം ഉള്ളതുപോലെ തോന്നിപ്പോകും. മസായികൾ നൈൽ നദീതീരത്തു നിന്ന് വന്നവരാണ്. കെന്യയിലെ മിക്ക സ്ഥലങ്ങളുടെയും പരമ്പരാഗത പേരുകൾ മസായ് ഭാഷയിൽ നിന്ന് വന്നിട്ടുള്ളതാണ്; നയ്റോബി (വെള്ളം ഉള്ള ഇടം) ഉൾപ്പടെ. അംബൊസെല്ലി എന്ന പെരിന്റെ ഉത്ഭവവും മസായ് ഭാഷയിൽ നിന്നു തന്നെ. ‘ഉപ്പുരസമുള്ള മണൽ’ എന്നാണത്രേ അതിന്റെ അർത്ഥം.

മസായ് പശുപാലന്മാരുടെ ദാഹം മാറ്റുന്നത് ആ പശുക്കളാണ്. നമ്മൾ ഉദ്ദേശിക്കും പോലെ പാലു കുടിച്ചല്ല അവർ ദാഹം തീർക്കുക. Photo / Best Ever Food Review Show
മസായ് പശുപാലന്മാരുടെ ദാഹം മാറ്റുന്നത് ആ പശുക്കളാണ്. നമ്മൾ ഉദ്ദേശിക്കും പോലെ പാലു കുടിച്ചല്ല അവർ ദാഹം തീർക്കുക. Photo / Best Ever Food Review Show

മസായ് പശുപാലന്മാരുടെ ദാഹം മാറ്റുന്നത് ആ പശുക്കളാണ്. നമ്മൾ ഉദ്ദേശിക്കും പോലെ പാലു കുടിച്ചല്ല അവർ ദാഹം തീർക്കുക. പശുവിന്റെ കഴുത്തിൽ മസായിക്കുമാത്രം അറിയാവുന്ന ഒരു ഞരമ്പുണ്ട്. തന്റെ കയ്യിലുള്ള കുന്തം കൊണ്ട് മസായ് ആ കൃത്യമായ ബിന്ദുവിൽ ഒരു ചെറിയ സുഷിരമിടും; പശുവിന്റെ അനുവാദത്തോടെ. പശുക്കളെ മേയ്ക്കുന്ന താഴ് വാരത്തിൽ മസായിക്കു മാത്രം കണ്ടുപിടിക്കാനാവുന്ന ഒരു ചെറു വൃക്ഷത്തിന്റെ നീണ്ട കുഴൽ പോലുള്ള ശിഖരം രണ്ടറ്റവും തുറന്ന് ആ സുഷിരത്തിലേക്ക് ബന്ധിപ്പിക്കും. മസായ്ക്കുട്ടി അതിലൂടെ ഊറിവരുന്ന ചോര സന്തോഷത്തോടെ കുടിക്കും. അവനുണ്ടാക്കിയ ആ മുറിവിൽ അവൻ തന്നെ വാത്സല്യത്തോടെ ഒരു പച്ചിലമരുന്ന് വയ്ക്കും. മുറിവ് ദിവസങ്ങൾക്കകം ഉണങ്ങും. മസായിയുടെ പശു ‘വിശുദ്ധ പശു’ അല്ല. ദൈവം പറഞ്ഞത്, ഇത് നിനക്ക് എല്ലാം തരും എന്നാണ്. പശു മസായിക്ക് ഒരു തോഴനാണ്. അയാൾക്ക് ആവശ്യമുള്ളപ്പോൾ കശാപ്പു ചെയ്ത്, ചോര കുടിച്ച്, മാംസവും തിന്ന്, ‘നീ തന്നതിനെല്ലാം നന്ദി’ എന്നു പറയേണ്ടുന്ന തോഴൻ. ഒരു മസായ് കുടിയിടത്തിൽ ചെന്ന് മസായിയുടെ ആതിഥ്യം സ്വീകരിച്ചാൽ നിശ്ചയമായും ഒരു പശുവിനെ കശാപ്പു ചെയ്ത് അതിന്റെ ചോരയുടെ ഒരു പങ്ക് നമുക്ക് നീട്ടിത്തരും. സ്നേഹപൂർവ്വം നിരസിച്ചാൽ മസായ് ആ നിരാസം യാതൊരു നീരസവുമില്ലാതെ സ്വീകരിക്കും.

ഹാപ്പി വാലി യിലെ കുപ്രസിദ്ധ കൊളോണിയല്‍ ബംഗ്ലാവുകള്‍
ഹാപ്പി വാലി യിലെ കുപ്രസിദ്ധ കൊളോണിയല്‍ ബംഗ്ലാവുകള്‍

പൂർവ്വാഫ്രിക്കയിൽ അതിക്രമിച്ചു കടന്നുവന്ന വെള്ളക്കാരെ തങ്ങളുടെ ശൗര്യം കൊണ്ട് നേരിട്ട ഗോത്രവും മസായ് തന്നെ. എന്നാൽ വെള്ളക്കാരന്റെ ആധിപത്യവും അവരുടെ അധിനിവേശവും പൂർവ്വാഫ്രിക്കയിലെ മറ്റിടങ്ങളിലൂടെ വീണ്ടും മസായ് സമൂഹങ്ങളിലേക്ക് വന്നപ്പോൾ മസായ് തന്റെ പരമ്പരാഗത ജീവിതവൃത്തിയിലേക്ക് (പശുക്കളെ പോറ്റുക, നാടോടി ജീവിതം തുടരുക) തിരിച്ചു പോയി. കെന്യൻ കൊളോണിയൽ വാഴ്ചയുടെ അഴിഞ്ഞാട്ടമായിരുന്നു 1940-കളോടെ. കാരണം അപ്പോഴേക്ക് ബ്രിട്ടൻ ‘സൂര്യനസ്തമിക്കാത്ത സാമ്രാജ്യ’മായി വാഴ്ത്തപ്പെട്ടിരുന്നു.

കെന്യൻ കൊളോണിയൽ ചരിത്രത്തിലെ ഏറ്റവും കുപ്രസിദ്ധമായ ഒരു കാലഘട്ടമാണ് 1940-കളിൽ അബെർഡെയർ മലനിരകളുടെ താഴ് വരകളിൽ നിലനിന്ന “ഹാപ്പി വാലി” എന്ന അരാജകസമൂഹം. സുഖഭോഗവാദികളായ ചില ഇംഗ്ലീഷ്- ഐറിഷ് മാടമ്പിമാരായിരുന്നു ആ സമൂഹത്തിലെ അംഗങ്ങൾ. എല്ലാ വിധത്തിലുമുള്ള അരാജകത്വത്തിനും വേദിയായിരുന്നു “ഹാപ്പി വാലി”. പണത്തിന്റെയും അധികാരത്തിന്റെയും പുളപ്പിൽ അവർ ചെയ്യാത്ത സാമൂഹികവിരുദ്ധതകൾ ഇല്ല. ഭർത്താക്കന്മാരെയും ഭാര്യമാരെയും കാമുകീകാമുകന്മാരെയും പരസ്പരം കൈമാറിയുള്ള ലൈംഗികപരീക്ഷണങ്ങൾ, മദ്യമൊഴുകുന്ന വിരുന്നുകൾ, പെണ്ണിന്റെയും ആണിന്റെയും പേരിലുള്ള കലഹങ്ങൾ… ഇതെല്ലാം “ഹാപ്പി വാലി”യിൽ നിത്യേനയെന്നോണം നടന്നിരുന്നു. അവയെ എല്ലാം വഴിതിരിച്ച ഒരു സംഭവമായിരുന്നു, 1942-ൽ നടന്ന ഏൾ ഒഫ് എറോൾ പ്രഭുവിന്റെ വധം. അദ്ദേഹത്തെ കൊന്നത് സർ ജോൺ ഹെൻറി ‘ജോക്ക്’ ഡെല്വ്സ് ബ്രൌട്ടൺ എന്ന മറ്റൊരു ഹാപ്പി വാലി പ്രമാണിയായിരുന്നു. സർ ജോണിന്റെ ഭാര്യയും എറോൾ പ്രഭുവും പരസ്യമായി തങ്ങളുടെ വഴിവിട്ട ബന്ധം പ്രകടിപ്പിക്കുന്നതു കണ്ട് ക്രുദ്ധനായ സർ ഹെൻറി എറോൾ പ്രഭുവിനെ വകവരുത്തുക യായിരുന്നു എന്ന് പറയപ്പെടുന്നു.

സർ ജോൺ ഹെൻറി ‘ജോക്ക്’ ഡെല്വ്സ് ബ്രൌട്ടൺ, ഭാര്യ ഡയാന കാള്‍ഡ്‌വെല്‍ / Photo: HistoryKE, twitter
സർ ജോൺ ഹെൻറി ‘ജോക്ക്’ ഡെല്വ്സ് ബ്രൌട്ടൺ, ഭാര്യ ഡയാന കാള്‍ഡ്‌വെല്‍ / Photo: HistoryKE, twitter

അങ്ങനെയുള്ള ഹാപ്പി വാലിയെക്കുറിച്ച് നിക്കൊളാസ് ബെസ്റ്റ് എഴുതിയ നോവലിൽ, ജോസഫ് തോംപ്സൺ എന്ന യാത്രികൻ മസായ് യുദ്ധവീരന്മാരാൽ ചുറ്റപ്പെട്ട്, മരണത്തെ മുഖാമുഖം കണ്ട നിമിഷത്തിൽ തന്റെ കൃത്രിമപ്പല്ലുകൾ ഒറ്റ ചലനത്തിൽ ഊരിക്കാണിച്ചത് പറയുന്നുണ്ട്. മസായ് പട പിന്നോക്കം വലിഞ്ഞു. പിന്തിരിഞ്ഞോടിയ മസായ് വീരന്മാരെ അയാൾ തിരികെ വിളിച്ചു. അവർ സ്നേഹിതരായി. അത് മറ്റൊരു കഥ.
“ഹാപ്പി വാലി” എന്ന ഗ്രന്ഥവും “വൈറ്റ് മിസ്ചിഫ്” എന്ന നോവലും ഹാപ്പി വാലിയിലെ കുത്തഴിഞ്ഞ ജീവിതങ്ങളെപ്പറ്റിക്കൂടിയാണ്.

അംബൊസെല്ലിയിലേക്ക്

അംബൊസെല്ലി നാഷണൽ പാർക്കിലേക്ക് നയ്റോബിയിൽ നിന്ന് 211 കിലോമീറ്റർ ദൂരമേയുള്ളൂ. ഞങ്ങൾ അതിരാവിലെ പുറപ്പെട്ടു. വളരെ നേരത്തേ പാർക്കിന്റെ കവാടത്തിലെത്തി. സിംഹങ്ങളെയും ആനകളെയും മറ്റും ധാരാളം കണ്ടിരുന്നുവെങ്കിലും കാണാൻ പറ്റാത്ത ചിലർ ചീറ്റ, പുള്ളിപ്പുലി എന്നിവരായിരുന്നു. വെള്ള കാണ്ടാമൃഗവും ഞങ്ങളിൽ നിന്ന് ഒളിച്ചു നടക്കുകയായിരുന്നു. അവയുടെ എണ്ണം തീരെ കുറഞ്ഞിരുന്നു, ആ സമയത്ത്. റ്റ്സാവോയിലും അംബൊസെല്ലിയിലുമായി 1970-കളിൽ 15,000-ത്തിലധികം ഉണ്ടായിരുന്നതാണ്. ഞങ്ങൾ അവിടെ പോകുന്ന സമയം ഔദ്യോഗിക കണക്കു പ്രകാരം ബാക്കി 500 വെള്ള റൈനോകളാണുണ്ടായിരുന്നത്. എന്തുതന്നെയായാലും ഇന്ന് നമുക്കവരെ കാണാ‍നാവും എന്ന പ്രതീക്ഷയോടെ ഞങ്ങൾ ഗെയിം ഡ്രൈവ് ആരംഭിച്ചു.

മസായികൾക്ക് ഉയരത്തിൽ ചാടുക എന്നത് ഒരു വിനോദവും മത്സരവുമാണ്
മസായികൾക്ക് ഉയരത്തിൽ ചാടുക എന്നത് ഒരു വിനോദവും മത്സരവുമാണ്

മസായ് മാരാ, റ്റ്സാവോ എന്നിവയേക്കാൾ വിസ്തീർണ്ണം കുറഞ്ഞ വന്യമൃഗസങ്കേതമാണ് അംബൊസെല്ലി. 151 ചതുരശ്രമൈൽ ആണ് പാർക്കിന്റെ വിസ്തൃതി. കെന്യയിലെ മറ്റൊരു ഗെയിം പാർക്കിനുമില്ലാത്ത ഒരു ഭംഗി അംബൊസെല്ലിക്കുണ്ട്. അതിനു കാരണം, എവിടെ നിന്നുനോക്കിയാലും കാണാൻ കഴിയുന്ന കിളിമഞ്ചാരോ പർവ്വതനിര തന്നെ. വെയിലിലും മഴയിലും മഞ്ഞിന്റെ വെള്ള മേലാപ്പു ചൂടി കിളിമഞ്ചാരോ നിൽക്കുന്നു; അംബൊസെല്ലിക്കും അവിടത്തെ അന്തേവാസികൾക്കും ദിക്പാലനായി.

ആനകളെ എവിടെ തിരിഞ്ഞുനോക്കിയാലും കാണാം. അതുപോലെ ജിറാഫ്, പലതരം മാനുകൾ, വരയൻ കുതിരകൾ, കുഡു എന്നിവരെയും. സിംഹങ്ങളും ധാരാളമുണ്ട്. മനുഷ്യന്റെയും മറ്റു മൃഗങ്ങളുടെയും കണ്ണുവെട്ടിച്ച് സിംഹനിറമുള്ള സവാനയിൽ, അല്ലെങ്കിൽ ഉയരമുള്ള ഏതെങ്കിലും വൃക്ഷത്തിന്മേൽ കാത് കൂർപ്പിച്ച്, കണ്ണിമ വെട്ടാതെ പതുങ്ങുന്ന പുള്ളിപ്പുലികളെ അടുത്തു കാണാൻ പ്രയാസമാണ്. ചീറ്റകൾ അൽ‌പ്പം ഉയർന്ന ഉപയോഗശൂന്യമായ ഉറുമ്പിൻ കുന്നിന്മേലാവും തങ്ങളുടെ ‘ലുക് ഔട്ട്’ സ്പോട്ടുകൾ റെഡിയാക്കി ജാഗരൂകരായിരിക്കുക. നിർഭാഗ്യവശാൽ ഞങ്ങൾക്ക് ഒരു വേട്ട കാണാൻ കഴിഞ്ഞില്ല. പക്ഷേ അന്നത്തെപ്പോലെ മനസ്സു നിറയെ മൃഗങ്ങളെ കണ്ട സന്ദർഭങ്ങൾ കുറവാണ്. ഉച്ചയോടെ തിരികെ യാത്രയാവാം എന്നൊക്കെയാണ് വിചാരിച്ചത്. പക്ഷേ ഉച്ചഭക്ഷണം കഴിഞ്ഞ് അല്പം വിശ്രമം ഡ്രൈവർക്ക് നൽകിക്കഴിഞ്ഞപ്പോൾ ഒന്നു കൂടി വൈറ്റ് റൈനോയെ കാണാൻ വീണ്ടും പുറപ്പെട്ടു. ചുറ്റിക്കറങ്ങി വന്നപ്പോഴേക്ക് സമയം വൈകീട്ട് 5.30. സ്ത്രീകളിൽ ചിലർ അസ്വസ്ഥരാവുന്നുണ്ടായിരുന്നു, സന്ധ്യയായി എന്നു പറഞ്ഞ്. ഞങ്ങൾ പ്രവേശനകവാടത്തിനപ്പുറത്തെ ‘എക്സിറ്റ്’ ലക്ഷ്യമാക്കി യാത്ര തുടർന്നു. പോക്കുവെയിലിൽ കിളിമഞ്ചാരോ കനകം പോലെ തിളങ്ങുന്നുണ്ടായിരുന്നു.

അംബൊസെല്ലി നാഷണല്‍ പാര്‍ക്ക് / Photo: flickr, Onur Mustafaoglu
അംബൊസെല്ലി നാഷണല്‍ പാര്‍ക്ക് / Photo: flickr, Onur Mustafaoglu

പെട്ടെന്ന് ഒരു ഇരമ്പം കേട്ടു. മുന്നോട്ട് പോകുംതോറും ഇരമ്പം അടുത്തുവന്നു. ഞങ്ങൾ പോകുന്ന വഴിയിൽ ഉണങ്ങി വരണ്ട നദിയുണ്ടായിരുന്നു. അതിൽ ഒരു ഫ്ലാഷ് ഫ്ലഡ് ഉണ്ടായതാണ്. ഞങ്ങൾ സ്തംഭിച്ചു നോക്കി നിൽക്കേ വലിയ കല്ലുകളെപ്പോലും നിഷ് പ്രയാസം തൂക്കിയെറിഞ്ഞ്, അത്രയും നേരം വരണ്ടുകിടന്ന ആ നദി ആർത്തലച്ച് ഒഴുകി. കണ്ടുനിന്ന് അതിശയിക്കുകയല്ലാതെ മനുഷ്യന് മറ്റെന്തു ചെയ്യാനാവും.

നേരം ഇരുളുന്നുണ്ട്. കണ്ണെത്തും ദൂരെ ഒരു വലിയ ആനക്കൂട്ടം കൂടണയാനായി നീങ്ങുന്നു. അവരോടൊപ്പം എന്നു പറയാനാവില്ലെങ്കിലും അവർക്ക് സമാന്തരമായി അല്പം ബഹുമാനത്തിന്റെ അകലം പാലിച്ച് ഒരു സിംഹക്കൂട്ടവും. അകലെയാണെങ്കിലും അവർക്ക് ഒറ്റക്കുതിപ്പിന് ഞങ്ങളുടെ അടുത്തെത്താം. ഉൾക്കിടിലത്തോടെ ഞങ്ങൾ ആ ഗജവീരന്മാരെയും അവരുടെ ആജന്മശത്രുക്കളെന്ന് നാം കുട്ടിക്കാലം മുതൽ പഠിച്ചു വച്ചിട്ടുള്ള മൃഗരാജന്മാരെയും നോക്കിനിന്നു.

ഭാഗ്യവശാൽ ഞങ്ങൾ നോക്കിനിൽക്കെത്തന്നെ ആ ജലപ്രവാഹം ഒരു നീരരുവിയായി. ഇനിയുള്ള പ്രശ്നം അത് മുറിച്ചുകടക്കുക എന്ന കാര്യമാണ്. വണ്ടി ഇറക്കിയപ്പോൾത്തന്നെ പുതഞ്ഞു പോകും പോലെ തോന്നി. ഞങ്ങളെല്ലാവരും ചേർന്ന് കല്ലുകൾ പെറുക്കി കോംബിക്ക് കയറിപ്പോകാവുന്ന വളരെ പ്രാകൃതമായ ഒരു സംവിധാനമുണ്ടാക്കി. ഞങ്ങളുടെ ഡ്രൈവർ സമർത്ഥനായിരുന്നതിനാൽ അയാൾ വണ്ടി എടുത്തു. വെള്ളം പൂർണ്ണമായും വറ്റിയിട്ടില്ലാത്ത ആ നദി കടന്ന് ഞങ്ങൾ വണ്ടിയിൽ കയറി. ഇരുട്ടിലൂടെ ഞങ്ങൾ എങ്ങനെയോ പുറത്തേക്കുള്ള കവാടത്തിലെത്തി. അപ്പോഴേക്ക് ഒരു ജീപ്പിൽ ഞങ്ങളെ അന്വേഷിച്ച് പാർക്കിലെ സുരക്ഷാ ഉദ്യോഗസ്ഥർ പോയിരുന്നു. അവരെ ഓഫീസിൽ നിന്ന് തിരികെ വിളിച്ചു. അപകടം പതിയിരുന്ന വന്യമൃഗസങ്കേതത്തിൽ നിന്ന് വലിയ അപകടങ്ങൾ പതിയിരിക്കുന്ന ഹൈവേയിലൂടെ ഞങ്ങൾ നയ്റോബിയിലേക്ക് കുതിച്ചു.

(തുടരും)


Summary: Cow Bleeding ritual in Kenya Maasai people u jayachandran african vasanthangal


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments