1980- കളുടെ അവസാനമായിരുന്നു അത്. സാറ ടീച്ചർ എന്ന ആക്ടിവിസ്റ്റിനെ ദൂരെനിന്ന് ഞാൻ ആദ്യം കേട്ടറിഞ്ഞു. ആ സമയത്ത് ഞാൻ നാട്ടിക എസ്.എൻ കോളേജിൽ ബിരുദപഠനം കഴിഞ്ഞ് ബിരുദാനന്തര ബിരുദപഠനത്തിന് തൃശൂർ നഗരത്തിലെത്തിക്കഴിഞ്ഞിരുന്നു. തൃശൂർ കേന്ദ്രീകരിച്ച് പ്രവർത്തനം തുടങ്ങിയിരുന്ന സമത സ്ത്രീനാടകസംഘത്തിൽ പ്രവർത്തിക്കാനും തുടങ്ങിയിരുന്നു. അപ്പോഴാണ് സാറ ടീച്ചറുടെ ‘മാനുഷി’യെക്കുറിച്ചും കേരളത്തിലെ ആദ്യത്തെ ഫെമിനിസ്റ്റ് സംഘടനയുടെ പ്രവർത്തനങ്ങളെക്കുറിച്ചും നിരന്തരം കേൾക്കാൻ തുടങ്ങുന്നത്. സാറ ടീച്ചർ ഫെമിനിസ്റ്റും മാനുഷി ഫെമിനിസ്റ്റ് സംഘടനയുമാണെന്ന് മറ്റുള്ളവർ പറയുന്ന വാക്കുകളിലെ നാനാർത്ഥങ്ങൾ മനസ്സിലാക്കിയെടുക്കാൻ കൂടി തുടങ്ങുകയായിരുന്നു ഞാൻ.
തങ്കമണി സമരത്തിൽ മാനുഷി നടത്തിയ പ്രചാരണപ്രവർത്തനങ്ങൾ, ബാലാമണി നേരിട്ട ഊരുവിലക്കിൽ മാനുഷിയുടെ സമരരീതികൾ, മുതലമടയിൽ ലത എന്ന പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയതിനെതിരെ നടത്തിയ സമരങ്ങൾ, സൗന്ദര്യമത്സരത്തിലെ സ്ത്രീകച്ചവടവൽക്കരണത്തിനെതിരെ ചാക്കുടുത്തു കൊണ്ട് നടത്തിയ പ്രതിഷേധങ്ങൾ, സാറ ടീച്ചർ എഴുതിയ ഉണർന്നെണീക്കുക സോദരി എന്ന ഉണർത്തുപാട്ട്, ടീച്ചർ എഴുതി സംവിധാനം ചെയ്ത മാനുഷിയുടെ തെരുവുനാടകം- എല്ലാം ഒരു അസാമാന്യ പോരാളിയുടെ നിറഞ്ഞ സാന്നിദ്ധ്യമായി കേരളം കണ്ട കാലമായിരുന്നു അത്. സാറാ ജോസഫ് എന്ന ഫെമിനിസ്റ്റ് ആക്ടിവിസ്റ്റിനെ, മാനുഷി അടക്കമുള്ള ഫെമിനിസ്റ്റ് സംഘടനകളെ കേരളത്തിന്റെ പുരുഷാധിപത്യസമൂഹവും മാറിവന്ന സർക്കാരുകളും രാഷ്ട്രീയപാർട്ടികളും മതസംഘടനകളും ഭയക്കുകയും വിറളിപിടിക്കുകയും ചെയ്ത കാലം.
സാറ ജോസഫ് എന്ന എഴുത്തുകാരിയുടെ സർഗ്ഗാത്മക ഭാവനകളുടെ ലോകം പാപത്തറയിലെ കഥകൾ വായിച്ചുകൊണ്ടാണ് ഞാനറിഞ്ഞു തുടങ്ങിയത്. അതിലെ ഓരോ കഥയും എന്നിലെ സാഹിത്യ വിദ്യാർത്ഥിനിയേയും വായനക്കാരിയായവളേയും ആവേശം കൊള്ളിച്ചു. അന്നുവരേയും, അതായത് 1990- വരേയും, ഞാൻ വായിച്ച മലയാളകഥകളിൽനിന്ന് തീർത്തും വ്യത്യസ്തമായ ഭാവുകത്വമുള്ള പ്രമേയങ്ങളും സൗന്ദര്യാത്മകതയും ഭാഷയുമായിരുന്നു അതിനുള്ളിൽനിന്ന് എന്റെ കൗതുകങ്ങളും പലതരം തിരിച്ചറിവുകളുമായി മാറിയത്.

പാപത്തറയിലെ കഥകൾ വായിച്ച് ടീച്ചറെ നേരിൽ കാണണമെന്ന മോഹം വളർന്നു. അന്ന് ഞാൻ എഴുത്തുകാരിയായിട്ടില്ല. ബിരുദാനന്തര ബിരുദത്തിന് പഠിക്കുന്ന സാഹിത്യവിദ്യാർത്ഥിനിയായിരുന്നു. ഒപ്പം പാട്ടും നാടകവും രാഷ്ട്രീയപ്രവർത്തനവുമായി ആക്ടിവിസത്തിന്റെ മറ്റൊരു സാംസ്ക്കാരിക ധാരയിൽ സജീവമായിക്കഴിഞ്ഞിട്ടുണ്ട്. ഇതിനിയടിൽ ഞാൻ കഥകളും ലേഖനങ്ങളും എഴുതാൻ തുടങ്ങി. ടീച്ചർ എഴുതുന്ന കഥകളെല്ലാം, പിന്നീട് എഴുതിയ നോവലുകൾ, ലേഖനങ്ങൾ ഒരെണ്ണം പോലും വിടാതെ വായിച്ചുകൊണ്ടിരുന്നു. ഏറ്റവും ഒടുവിലെഴുതിയ നോവൽ ‘കറ’ ഇപ്പോൾ വായിച്ചു കൊണ്ടിരിക്കുകയാണ്. നല്ല വായനക്കാരെ വിസ്മയിപ്പിക്കുന്ന ആ വിശാലമായ എഴുത്തു ലോകത്തെക്കുറിച്ച് ഞാൻ പിന്നീട് വിശദമായി എഴുതുമെന്നത് തീർച്ചയാണ്. കെ.വി. സുമംഗല ടീച്ചറുടെ ജീവചരിത്രം എഴുതിയില്ലായിരുന്നുവെങ്കിൽ ഞാൻ എഴുതുമായിരുന്നു. ഏറെക്കാലമായി എൻറെ മനസ്സിൽ കൊണ്ടുനടന്നിരുന്ന വലിയ തീരുമാനമായിരുന്നു അത്. സുമംഗല അതു ഭംഗിയായി നിർവ്വഹിച്ചു കണ്ടതിൽ ഞാൻ അതിയായി സന്തോഷിക്കുന്നു.
ആദ്യമായി നേരിൽ കണ്ടതിനുശേഷം തുടർജീവിതത്തിൽ സാറ ടീച്ചർ എനിക്കാരായി മാറി എന്നു മാത്രമാണ് ഞാനിവടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത്. ആ സ്നേഹത്തിന്റെ, സൗഹൃദത്തിന്റെ, വാത്സല്യത്തിന്റെ നിറവ് എത്രമാത്രമെന്ന് ഇവിടെ ചുരുങ്ങിയ വാക്കുകളിൽ എഴുതിത്തീർക്കാനാവില്ല. അതൊരനുഭവമാണ്, എന്റെ ഉള്ളിൽ ഞാനനുഭവിക്കുന്നത്. ടീച്ചർ എന്നതിൽ നിന്ന് എന്റെ അമ്മച്ചി എന്ന വിളിയിലേക്ക് മാറുന്ന അനുഭവമാണത്. നിരുപാധികമായ സ്നേഹത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും വ്യത്യസ്തമായ അനുഭവം. എന്റെ ഏറ്റവും പുതിയ നോവൽ കാന്തൽ വായിക്കുമ്പോൾ, അതിലെ പ്രധാന കഥാപാത്രമായ മിത്ര, ജെയിൻമാ എന്നു വിളിക്കുന്ന പ്രൊഫസർ ജെയിൻ എന്ന കഥാപാത്രം സാറാ ജോസഫ് എന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരിയാണെന്ന് എല്ലാവർക്കും മനസ്സിലാകും എന്നു ഞാൻ കരുതുന്നു. അതിൽ കടന്നുവരുന്ന, മിത്രയും ജെയിൻമായും തമ്മിലുള്ള ആശയവിനമയങ്ങളുടെ ലോകം ആ ബന്ധത്തിനുള്ളിലെ സ്നേഹവും കരുതലും സ്വാതന്ത്ര്യവും നിങ്ങൾക്കു കാണിച്ചു തരും.
ഇനിയും എത്രയോ അധികമുണ്ട് ആ പോരാട്ടത്തെപ്പറ്റി, ബൗദ്ധിക ജീവിതത്തെപ്പറ്റി, സ്നേഹത്തെപ്പറ്റി എഴുതാനായി. ഇനി എന്റെ ആത്മകഥയിലെ ഒരദ്ധ്യായമായി ഞാനതെല്ലാം എഴുതുമായിരിക്കും.
മലയാള ഭാഷയിൽ സ്ത്രീപക്ഷരാഷ്ട്രീയത്തെ, സവിശേഷ സൗന്ദര്യത്തെ ഉൾച്ചേർത്ത് ജനാധിപത്യപരമായി നവീകരിക്കാനും പ്രയോഗിക്കാനും മുഖ്യധാരാവൽക്കരിക്കാനും ഇത്രമേൽ ജാഗ്രത പുലർത്തിയ, വലിയ സംവാദത്തിനു തന്നെ തുടക്കം കുറിച്ച ഒരു പോരാളി വേറെ നമുക്കുണ്ടായിട്ടില്ല.
സാറ ടീച്ചർ എനിക്കെപ്പോഴാണ്, എന്തും തുറന്നു പങ്കുവെയ്ക്കാവുന്ന സുഹൃത്തായി മാറിയത്, സംഗീത വിളിക്കും പോലെ എപ്പോഴാണ് എനിക്ക് അമ്മച്ചിയായി മാറിയത് എന്നാണ് ഞാനിപ്പോൾ ആലോചിച്ചു തുടങ്ങുന്നത്. 1994- ലാണ് ഞാൻ കഥകളെഴുതിത്തുടങ്ങുന്നത്, തൃശൂരിൽ സ്ത്രീവേദി എന്ന പേരിൽ ഫെമിനിസ്റ്റ് സംഘടന രൂപീകരിച്ച് ഫെമിനിസ്റ്റ് ആക്ടിവിസത്തിലേക്ക് സജീവമായി പ്രവേശിക്കുന്നത്. തൃശൂരിൽവെച്ച്, സ്ത്രീവേദിയുടെ നേതൃത്വത്തിൽ കേരളത്തിലെ എഴുത്തുകാരികളുടെ സംഗമം സംഘടിപ്പിച്ചതിന്റെ ഭാഗമായിട്ടായിരുന്നു ആ അടുപ്പം, ആശയവിനിമയം ശക്തമാകാൻ തുടങ്ങിയത്. ഒപ്പം എന്റെ ഒരനിയത്തിയെപ്പോലെ സംഗീതയുമായും ആ സ്നേഹസൗഹൃദം ഉള്ളിൽ വളർന്നു.
23-ാം വയസ്സിലാണ് ഞാൻ വീടുവിട്ടിറങ്ങിപ്പോരുന്നത്. അതിനുശേഷം, കുറച്ചു നാളുകൾ കഴിഞ്ഞ് സ്വയം കണ്ടെത്തിയ ഒരാളോടൊപ്പം, സദുവിനോടൊപ്പം ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയപ്പോൾ ആ വാടകവീട്ടിലേക്ക് അമ്മച്ചി ഒരു ദിവസം വന്നു. ആ കുഞ്ഞുവീടു കണ്ട് അമ്മച്ചി അന്ന് ഏറെ വിഷമിച്ചു. അന്നു മുതലായിരിക്കണം, അമ്മച്ചി ഒരു മകളെപ്പോലെ എന്നെ ഉള്ളിലേക്ക് ചേർത്തുപിടിച്ചത്. എന്റെ സ്വന്തം അമ്മയെപ്പോലെ തന്നെ, എന്റെ ജീവിതത്തിന്റെ സാമ്പത്തിക സുരക്ഷിതത്വമില്ലായ്മയെക്കുറിച്ച് ഏറെ ആധി പിടിക്കുന്നത് ഞാൻ കേട്ടു. സദുവിനെ അമ്മച്ചിക്ക് വലിയ ഇഷ്ടമായിരുന്നു. ഞങ്ങൾ തിരുവനന്തപുരത്തേക്ക് താമസം മാറിയപ്പോൾ, തിരുവനന്തപുരത്തേക്ക് പരിപാടികൾക്ക് വരുമ്പോഴൊക്കെ എന്റെ ഒപ്പം വന്ന് താമസിച്ചു. എനിക്ക് മകളുണ്ടായപ്പോൾ, ആ വാടകവീട്ടിൽ വെച്ച് ആറാം മാസത്തിൽ അവളെ മടിയിലിരുത്തി ആദ്യമായി ചോറു കൊടുത്തു. എനിക്ക് വയനാട്ടിൽ നല്ല ജോലി കിട്ടിയപ്പോൾ ഏറെ സന്തോഷിച്ചു. അവിടെ, ജോലിയുടെ ഭാഗമായി ആദിവാസി വികസന പദ്ധതികളിൽ നിർമ്മിച്ച കമ്മ്യൂണിറ്റി സെന്ററിന്റെയും വീടുകളുടെയും ഉപജീവനമാർഗ വികസന പദ്ധതിയുടെയും ഉദ്ഘാടന പരിപാടിയിൽ പങ്കെടുക്കാൻ വന്നു. അന്ന് എന്റെ ജോലിയുടെ കഠിനാദ്ധ്വാനം നേരിൽ കാണുകയും ആശ്വസിപ്പിക്കുകയും ചെയ്തു. ജോലിക്കിടയിൽ എഴുത്ത് നിന്നുപോകുന്നതിനെക്കുറിച്ചുള്ള ആധികളായിരുന്നു ഞാൻ കുടുതലായി പങ്കു വെച്ചത്. വയനാട്ടിൽ വീടുവെയ്ക്കാൻ തീരുമാനിച്ചപ്പോൾ മൺവീടു മാത്രമായിരുന്നു എന്റെ സ്വപ്നം. ശ്രീനിയെക്കൊണ്ട് മൺവീടു വെക്കാൻ തീരുമാനിച്ചപ്പോൾ അമ്മച്ചി പറഞ്ഞു, ‘ബെഡ്റൂമുകൾക്ക് വലിപ്പം കുറയ്ക്കരുത്’. അത് ഞാൻ പാലിച്ചു.

സ്വന്തം വീടുവിട്ടിറങ്ങിയ നാളുകളിൽ എന്റെ അമ്മയുടെ അധികമായ സ്നേഹവാത്സല്യങ്ങളുടെ ഓർമ്മകളിലായിരുന്നു ആ കഠിനമായ കാലം അതിജീവിച്ചു തീർക്കാൻ ശ്രമിച്ചിരുന്നത്. ആ കാലത്താണ് എനിക്ക് അമ്മച്ചിയെ കിട്ടിയത്. എഴുത്തിന്റെയും സ്ത്രീരാഷ്ട്രീയത്തിന്റെയും വിവിധങ്ങളായ കാര്യങ്ങൾ ചിന്തകൾ പങ്കുവെയ്ക്കാനാവുന്ന തുല്യനിലയിലുള്ള സൗഹൃദത്തിന്റെ അപൂർ വ്വമായൊരു സൗന്ദര്യാകർഷണം കൂടി ഇതിൽ ഉള്ളടങ്ങിയിട്ടുണ്ടായിരുന്നു.
കുടുംബം നോക്കാത്തവൾ, പുരുഷവിദ്വേഷി എന്നൊക്കെയുള്ള മുൻവിധികളും സ്റ്റീരിയോടൈപ്പുകളും കൊണ്ട് ഫെമിനിസ്റ്റുകളെ ആക്രമിക്കുന്ന ആൺകോയ്മാസമൂഹത്തിനുള്ളിൽ സ്വന്തം മക്കളെ മാത്രമല്ല, മറ്റു മക്കളെക്കൂടി സ്വന്തമെന്ന് വിചാരിക്കുകയും സ്നേഹിക്കുകയും അവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ചും സുരക്ഷിതമായ ജീവിതത്തെക്കുറിച്ചും കരുതൽ പുലർത്തുകയും ചെയ്യുന്ന അമ്മച്ചിയെയാണ് അന്നു മുതൽ ഇന്നു വരേയും ഞാൻ കണ്ടിട്ടുള്ളത്. അമ്മച്ചിയെന്നാൽ സ്നേഹത്തിന്റെ പോരാളി എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. സമൂഹത്തിൽ, കുടുംബങ്ങളിൽ സ്നേഹമില്ലായ്മയും കരുതലില്ലായ്മയും കാണുമ്പോൾ, സവിശേഷമായി സ്ത്രീകൾക്കു വേണ്ടി, ജനാധിപത്യത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന ഏറ്റവും വലിയ എഴുത്തുകാരിയും ആക്ടിവിസ്റ്റുമായി ഈ എൺപതാം വയസ്സിലും സാറ ടീച്ചർ കേരളത്തിന്റെ സമൂഹത്തിൽ ഒരു മഹാവിസ്മയമായി പടർന്നു നിൽക്കുകയാണ്.
സ്ത്രീകൾക്കായി സർവ്വതലങ്ങളിലും നിരന്തരം വലിയ സംഭാവനകൾ നല്കിയ ആ മഹത്തായ ജീവിതത്തിൽനിന്ന് കേരളത്തിന് പൊതുവായും സവിശേഷമായും ധാരാളം പുതിയ പാഠങ്ങൾ പഠിക്കാനുണ്ട്.
മലയാള ഭാഷയിൽ സ്ത്രീപക്ഷരാഷ്ട്രീയത്തെ, സവിശേഷ സൗന്ദര്യത്തെ ഉൾച്ചേർത്ത് ജനാധിപത്യപരമായി നവീകരിക്കാനും പ്രയോഗിക്കാനും മുഖ്യധാരാവൽക്കരിക്കാനും ഇത്രമേൽ ജാഗ്രത പുലർത്തിയ, വലിയ സംവാദത്തിനു തന്നെ തുടക്കം കുറിച്ച ഒരു പോരാളി വേറെ നമുക്കുണ്ടായിട്ടില്ല. സ്ത്രീകൾക്കായി സർവ്വതലങ്ങളിലും നിരന്തരം വലിയ സംഭാവനകൾ നല്കിയ ആ മഹത്തായ ജീവിതത്തിൽനിന്ന് കേരളത്തിന് പൊതുവായും സവിശേഷമായും ധാരാളം പുതിയ പാഠങ്ങൾ പഠിക്കാനുണ്ട്.
എൺപത് വയസ്സു തികയുന്ന വേളയിലും ഇനി എഴുതാൻ പോകുന്ന പുതിയ നോവലിനെക്കുറിച്ചുള്ള ആലോചനയിലും ഒപ്പം കേരളത്തിലെ രാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ നടക്കേണ്ടുന്ന ജനാധിപത്യവൽക്കരണത്തെക്കുറിച്ചുള്ള ചിന്തകളിലും മുഴുകിയിരിക്കുന്ന ഈ വലിയ സർഗ്ഗാത്മകപ്രതിഭ മലയാളത്തിന്, കേരളത്തിന് കിട്ടിയ സൗഭാഗ്യമാണ് എന്ന് മാത്രമേ എനിക്ക് കേരള സമൂഹത്തിനോട് ഊന്നിപ്പറയാനുള്ളൂ.