​ആരാപ് മോയ് യുടെ
പ്രസിഡൻഷ്യൽ കോമഡി ഷോ

മലാവിയിലെ ഹേസ്റ്റിങ്സ് കമൂസു ബാൻഡ എന്ന സ്വയം പ്രഖ്യാപിത ആജീവനാന്ത പ്രസിഡന്റിനെ അനുസ്മരിപ്പിക്കുന്ന വിക്രിയകളായിരുന്നു ആരാപ് മോയ് നടത്തിക്കൊണ്ടിരുന്നത്. ഞങ്ങളുടെ സ്കൂളിലും അതിന്റെ അനുരണനങ്ങളുണ്ടായി.

ആഫ്രിക്കൻ
വസന്തങ്ങൾ- 25

കെന്യയിലെ വിദ്യാഭ്യാസ സമ്പ്രദായം കടലാസിൽ വളരെ നല്ലതായിരുന്നു. എങ്കിലും, പ്രായോഗികതലത്തിൽ പ്രൈമറി സ്കൂൾ അദ്ധ്യാപനം അത്ര മികച്ചതാണെന്ന് (പ്രത്യേകിച്ച് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നു വിളിക്കുന്ന നാട്ടിൻപുറങ്ങളിലെ പ്രൈമറി സ്കൂളുകളിൽ) പറയാനാവില്ലായിരുന്നു. സർക്കാർ സ്കൂളുകളിൽ വിദ്യാർത്ഥിബാഹുല്യത്തിന്റെ പ്രശ്നങ്ങൾ അദ്ധ്യാപകരെ മുഴുവൻ സമയവും സമ്മർദ്ദത്തിലാക്കിയിരുന്നു. അതേസമയം സർക്കാർ നടത്തിയിരുന്ന സെക്കന്ററി, ഹൈസ്കൂളുകൾ അതിവിദഗ്ദ്ധരായ അദ്ധ്യാപകരാൽ സമ്പന്നമായിരുന്നു. അവയിലേക്കുള്ള പ്രവേശനവും വളരെ ഗൗരവമായി വിദ്യാഭ്യാസ അധികൃതർ കണ്ടിരുന്നു. അതിനാൽ കെന്യയിലെ ഏറ്റവും മികച്ച സ്കൂളുകൾ എന്നും സർക്കാർ നിയന്ത്രണമുള്ളവ തന്നെയായിരുന്നു.

കിക്കുയുവിലെ അലയൻസ് ഹൈസ്കൂൾ, തിക്കയിലെ മാങു ഹൈസ്കൂൾ തുടങ്ങിയവ പൂർണമായും കെന്യൻ സ്റ്റാഫുള്ളവയായിരുന്നു. തിക്കയിൽ തന്നെയുള്ള ചാനിയാ ഹൈസ്കൂൾ പ്രശസ്ത വിദ്യാലയമായിരുന്നു. ഒരു കാലത്ത് ആ സ്കൂളിന്റെ ഹെഡ്മാസ്റ്റർ കോട്ടയം ജില്ലക്കാരനായ തോമസ് ആയിരുന്നു. അദ്ദേഹം കെന്യൻ ഉഹുറുവിനു മുൻപേ തിക്കയിലെ സ്കൂളിൽ ടീച്ചറായി എത്തിയതാണ്. ബ്രിട്ടിഷ് പൗരനായിരുന്നു. റിട്ടയർ ചെയ്തിട്ടും അദ്ദേഹം തിക്കയിൽ തന്നെ താമസിച്ചു. അദ്ദേഹത്തെ എല്ലാവരും “ചാനിയാ തോമസ് സർ” എന്നു വിളിച്ചു.

തിക്കയിൽ തന്നെയുള്ള ചാനിയാ ഹൈസ്കൂൾ പ്രശസ്ത വിദ്യാലയമായിരുന്നു. ഒരു കാലത്ത് ആ സ്കൂളിന്റെ ഹെഡ്മാസ്റ്റർ കോട്ടയം ജില്ലക്കാരനായ തോമസ് ആയിരുന്നു.

ഞങ്ങൾ തിക്കയിലെത്തുമ്പോഴേക്ക് ചാനിയാ തോമസ് സർ വിശ്രമജീവിതത്തിലായിരുന്നു. ചാനിയാ ഹൈസ്കൂളിൽ മലയാളി അദ്ധ്യാപകർ വേറെയുമുണ്ടായിരുന്നു. അവരിൽ ഒരാളുമായി ഞങ്ങൾക്ക് നല്ല സൗഹൃദമുണ്ടായിരുന്നു, പൊൻ കുന്നം സ്വദേശിയായ ജോസ്. ഞങ്ങൾ തിക്കയിൽ ചെന്നശേഷമാണ് ഒരു അവധിക്കാലത്ത് ജോസ് നാട്ടിൽ പോയി ടെസ്സി എന്ന പെൺകുട്ടിയെ വിവാഹം ചെയ്തുകൊണ്ടുവരുന്നത്. അക്കാലത്ത് തിക്കയിൽ വളരെ നല്ല പേരുള്ള ഒരു ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്നു ജോസ്. സരസമായി സംസാരിക്കും. ഒരു ഘട്ടത്തിൽ ഞങ്ങൾ വളരെ നല്ല സുഹൃത്തുക്കളായിരുന്നു. കാലക്രമേണ ഞങ്ങൾക്ക് രണ്ടുപേർക്കും ഔദ്യോഗിക തിരക്കുകൾ വർദ്ധിക്കുകയും കൂടിക്കാഴ്ചകളും ഒത്തുചേരലുകളും വിരളമാവുകയും ചെയ്തു. എന്നിട്ടും സൗഹൃദം തുടർന്നു. ജോസ് കെന്യയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലേക്ക് പോയി. അവിടെയുള്ളപ്പോൾ തമ്മിൽ കണ്ടിട്ടേയില്ല. ജോസും കുടുംബവും തിരികെ നാട്ടിൽ വന്ന് പൊൻകുന്നത്ത് താമസിക്കുന്നു എന്നുകേട്ടു.

പടിഞ്ഞാറൻ കെന്യയൊഴിച്ച് മറ്റുള്ള കെന്യൻ ജില്ലകളിലെല്ലാം ഞങ്ങൾ ഇതിനിടെ പോയിക്കഴിഞ്ഞിരുന്നു. പടിഞ്ഞാറൻ കെന്യയിലെ പ്രധാന പട്ടണമായ കിസുമുവിൽ പോകണം എന്ന് ഞങ്ങളാഗ്രഹിച്ചിരുന്നുവെങ്കിലും അത് സഫലമായില്ല. അവിടെ നിന്നുള്ള മത്സ്യങ്ങൾ ഞങ്ങളുടെ പട്ടണത്തിലെ സൂപ്പർ മാർക്കറ്റിൽ സുലഭമായി ലഭിച്ചിരുന്നു. നൈൽ തിലാപ്പിയയും നൈൽ പെർച്ചും ആയിരുന്നു സ്ഥിരമായി വന്നിരുന്നത്. മാത്യൂസുമായി പരിചയപ്പെട്ടശേഷമാണ് ഞങ്ങൾക്ക് ഫ്രോസൺ അല്ലാത്ത മത്സ്യങ്ങൾ ഇടയ്ക്കൊക്കെ ലഭിക്കാൻ തുടങ്ങിയത്. കോമൺവെൽത്ത് രാജ്യമായതിനാൽ ബ്രിട്ടിഷ് ഭക്ഷണരീതികൾ നഗരങ്ങളിലെ കെന്യന്മാരെ സ്വാധീനിച്ചിരുന്നു. ഫിഷ് ആൻഡ് ചിപ്സ് വിൽക്കാത്ത വലുതും ചെറുതുമായ റസ്റ്റോറന്റുകൾ വിരളമായിരുന്നു. വിക്ടോറിയ തടാകത്തിന്റെ സമീപപ്രദേശങ്ങളിൽ വസിച്ചിരുന്നവരാകയാൽ ആയിരിക്കണം ലുവോ ഗോത്രത്തിൽ‌പ്പെട്ടവരാണ് കെന്യന്മാർക്കിടയിലെ പ്രധാന മത്സ്യഭോജികൾ.

പടിഞ്ഞാറൻ കെന്യയിലെ പ്രധാന പട്ടണമായ കിസുമുവിൽ പോകണം എന്ന് ഞങ്ങളാഗ്രഹിച്ചിരുന്നുവെങ്കിലും അത് സഫലമായില്ല. Photo: Kisumu Town History & Memories

ലുവോ ഗോത്രത്തിന്റെ മറ്റൊരു സവിശേഷത അവർ മറ്റനേകം ഗോത്രങ്ങളെപ്പോലെ ആൺകുട്ടികൾക്ക് സുന്നത്ത് നടത്തിയിരുന്നില്ല. അതുപോലെ അവരുടെ പെൺകുട്ടികളെ ചേലാകർമത്തിനും വിധേയരാക്കിയിരുന്നില്ല. രാഷ്ട്രീയത്തിലും സാംസ്കാരികരംഗത്തും കിക്കുയു ഗോത്രത്തെ വെല്ലുവിളിക്കുകയും കെന്യാറ്റയെപ്പോലും വിറപ്പിക്കുകയും ചെയ്ത പാരമ്പര്യമുള്ള ഒരു ഗോത്രമാണ് ലുവോ. ഞങ്ങളുടെ കെന്യൻ കാലത്ത് മോയ്ക്ക് ഏറ്റവുംവലിയ തലവേദനയായിരുന്നൂ ലുവോ ഗോത്രത്തിലെ തലമുതിർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഒഗിങ്ഗ ഒഡിങ്ഗ. അദ്ദേഹത്തിന്റെ മകനാണ് റൈലാ ഒഡിങ്ഗ. കെന്യാറ്റാ- ഒഡിങ്ഗാ സംഘർഷം മറ്റൊരു തലമുറയിലേക്ക് പകർന്നാട്ടം നടത്തുകയായിരുന്നൂ ഉഹുറു കെന്യാറ്റയും (ജോമോ കെന്യാറ്റയുടെ പുത്രൻ) റൈലാ ഒഡിങ്ഗയും ഏറ്റുമുട്ടിയപ്പോൾ. എങ്കിലും അവരിരുവരുടെയും രാഷ്ട്രീയ (അഥവാ പരമ്പരാഗത ഗോത്ര) വൈരം പുതിയ കാലഘട്ടത്തിൽ അവരുദ്ദേശിച്ച ചലനങ്ങൾ സൃഷ്ടിച്ചില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. താരതമ്യേന പ്രായം കുറഞ്ഞ (61) കെന്യാറ്റയ്ക്ക് ഇനിയും വർഷങ്ങളുണ്ട്, ഭാഗ്യപരീക്ഷണത്തിന്. ഒഡിങ്ഗ 78-മത്തെ വയസ്സിൽ തന്റെ രാഷ്ട്രീയ സൂര്യാസ്തമനവർഷങ്ങളിലാണ്. അയാൾക്ക് അധികാരമോഹങ്ങളുണ്ടാവാം. പക്ഷേ സമയം അയാളെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നു.

ഞങ്ങളുടെ കെന്യൻ കാലത്ത് മോയ്ക്ക് ഏറ്റവും വലിയ തലവേദനയായിരുന്നൂ ലുവോ ഗോത്രത്തിലെ തലമുതിർന്ന സ്വാതന്ത്ര്യസമര സേനാനിയായിരുന്ന ഒഗിങ്ഗ ഒഡിങ്ഗ.

മോയ് യുടെ പ്രസിഡൻഷ്യൽ കോമഡി ഷോ തുടർന്നുകൊണ്ടിരുന്നു. മലാവിയിലെ ഹേസ്റ്റിങ്സ് കമൂസു ബാൻഡ എന്ന സ്വയം പ്രഖ്യാപിത ആജീവനാന്ത പ്രസിഡന്റിനെ അനുസ്മരിപ്പിക്കുന്ന വിക്രിയകളായിരുന്നു മോയ് നടത്തിക്കൊണ്ടിരുന്നത്. ഞങ്ങളുടെ സ്കൂളിലും അതിന്റെ അനുരണനങ്ങൾ ഉണ്ടായി. സാധാരണ, പ്രസിഡന്റ് വരുന്നതിനു മുൻപ് അയാളുടെ വരവറിയിച്ചിരുന്നത് ടൗണിലുള്ള ഡിസ്റ്റ്ട്രിക്റ്റ് ഓഫീസിൽ നിന്നായിരുന്നു. പ്രൈവറ്റ് സ്കൂളായതിനാലാവാം ഞങ്ങളുടെ സ്കൂളിൽ സാധാരണ അത്തരം അറിയിപ്പുകൾ എത്താറില്ലായിരുന്നു. ഒരേയൊരു പ്രാവശ്യം മാത്രം ഞങ്ങളോട് ഡി. ഒ നേരിട്ട് വിളിച്ചുപറഞ്ഞു, കുട്ടികളെ രാവിലെ 10 മണിക്ക് തിക്കാ- ന്യേരി റോഡിൽ അണിനിരത്തണമെന്ന്. ഞങ്ങൾക്ക് അത് ഒരു തമാശയായിത്തോന്നി.

കുട്ടികളെ എല്ലാ വരിയിലും “ബാബാ മോയ്” എന്നു വരുന്ന പാട്ടുകൾ പഠിപ്പിച്ച് ഞങ്ങൾ പോയി; ക്രൂരനെ കാണാൻ. പത്തു കഴിഞ്ഞ് പതിനൊന്നും പന്ത്രണ്ടും ആയിട്ടും മോയ് വന്നില്ല. 12.30 ആയതോടെ അദ്ദേഹം എത്തി. വിജനമായ പാതയോരത്ത് കുട്ടികൾ നിൽക്കുന്നതു കണ്ട് അയാളുടെ മോട്ടോർ കേഡ് നിന്നു. സൺ റൂഫ് ഉള്ള തിളങ്ങുന്ന മെർസിഡെസിൽ മോയ് എഴുന്നേറ്റുനിന്നു. കയ്യിലെ ആനക്കൊമ്പിന്റെ വെള്ളവടി ഉയർത്തി വീശി. കുട്ടികൾ പാടിക്കൊണ്ടേയിരുന്നു.
ഒന്ന്, രണ്ട്, മൂന്ന്.
വെയിലിൽ വിശന്നും വിയർത്തും പാടിത്തളർന്ന കുട്ടികൾ നിസ്സഹായരായി അവരുടെ സംഗീതാദ്ധ്യാപകനെ നോക്കുമ്പോൾ പാട്ട് നിർത്താൻ “ബാബാ മോയ്” ആജ്ഞാപിച്ചു.
അയാൾ അടുത്തുനിന്നിരുന്ന കുട്ടികളോട് ചോദിച്ചു, “നിങ്ങൾ ഏതു സ്കൂളിൽനിന്നാണ്?”
“ഇക്വേറ്റർ, ഇക്വേറ്റർ,” കുട്ടികൾ ആർത്തുവിളിച്ചു.
കൂടെയുള്ളവരാരോ പറഞ്ഞു കൊടുത്തു, അതൊരു പ്രൈവറ്റ് സ്കൂളാണെന്ന്. മോയ് ഒന്നു കുനിഞ്ഞ് കാറിനുള്ളിൽ നിരത്തിവച്ചിരുന്ന (എന്ന് നമ്മൾ ഊഹിക്കുന്നു) “കിയോണ്ടോ”കളിൽ (സൈസൽ നാരുകൾ കൊണ്ട് നെയ്ത മനോഹരമായ ബാഗ്) നിന്ന് രണ്ടു കൈകളിലും നിറയെ പുതുമണമുള്ള ഷില്ലിംഗ് നോട്ടുകൾ വാരിയെടുത്ത് നിവർന്നു. “എവിടെ നിങ്ങളുടെ മ്യൂസിക് ടീച്ചർ?” അവിടെയുണ്ടായിരുന്ന ഒരു ആഫ്രിക്കൻ ടീച്ചറെ കുട്ടികൾ ഉന്തിത്തള്ളി മുന്നിലെത്തിച്ചു. പ്രസിഡന്റിന്റെ സുരക്ഷാഭടന്മാരാരോ ഒരു വലിയ ഒഴിഞ്ഞ “ഗണ്ണി ബാഗ്” ടീച്ചറെ ഏൽ‌പ്പിച്ചു.
മോയ് അയാളോട് ചോദിച്ചു, “നിന്റെ പേരെന്താണ്?”
“വാംബുവാ, മുറ്റുകൂഫു റായ്സ്’’ അയാൾ പറഞ്ഞു. (മുറ്റുകൂഫു എന്നാൽ “രാജമാന്യരാജശ്രീ” എന്ന് പറയാം).
“ഈ പൈസ കൊണ്ട് നിന്റെ ഈ പിള്ളേർക്ക് നല്ല ഭക്ഷണം വാങ്ങിക്കൊടുക്ക്’’, മോയ് ഉത്തരവായി.
“ഓകെ റായിസ് മോയ്.” അയാൾ പറഞ്ഞു. മോയ് യുടെ വാഹനവ്യൂഹം ഇരമ്പിനീങ്ങി, ഇനിയും എവിടെയോ വെയിലിൽ പാടിത്തളർന്ന ബാല്യ- കൗമാങ്ങൾ “ബാബാ മോയ്” യുടെ പിച്ചക്കാശ് കാത്തുനിൽക്കുന്നുണ്ടാവും. ഞങ്ങൾ തിരികെ സ്കൂളിലേക്ക് പോയി. പാട്ടുപാടിയവരും അല്ലാത്തവരുമെല്ലാം ടീച്ചർ പറഞ്ഞതനുസരിച്ച് ടൗണിൽ പോസ്റ്റോഫീസിനടുത്തേക്ക് പോയെന്നു കേട്ടു.   

ജോമോ കെന്യാറ്റ

പിറ്റേന്ന് സ്കൂളിലെത്തിയപ്പോൾ അറിയുന്നത് വാംബുവാ ഖസാക്കിലെ മുങ്ങാങ്കോഴിയെപ്പോലെ വെയിലിന്റെ മഞ്ഞ വില്ലീസു പടുതകൾ വകഞ്ഞ് ഓടിയും പറന്നും നടന്നും എവിടെയോ അപ്രത്യക്ഷനായി എന്ന വാർത്തയാണ്. പാടിയ കുട്ടികൾക്ക് ഒരു സോഡ പോലും കിട്ടിയില്ലല്ലോ എന്നോർത്തപ്പോൾ അല്പം വിഷമം തോന്നിയെങ്കിലും ആ സംഭവത്തിന്റെ ഐറണി ഓർത്ത് ഞങ്ങൾ ചിരിച്ചുപോയി. നാട്ടുകാരുടെ കയ്യിൽനിന്ന് മോയ് മോഷ്ടിച്ച പണം അയാൾ തന്നെ കൊണ്ടുനടന്ന് ചില്ലറയായി വിതരണം ചെയ്യുന്നു. ഇത് മോഷണമുതലാണെന്ന് നന്നായറിയാവുന്ന വാം ബുവയെപ്പോലുള്ളവർ അതും കൈക്കലാക്കി ഓടി മറയുന്നു. വാം ബുവ ആ കുട്ടികൾക്ക് ചായ വാങ്ങിക്കൊടുത്തോ അവർക്ക് വിശപ്പകറ്റാൻ ഭക്ഷണം വാങ്ങിക്കൊടുത്തോ എന്നൊന്നുമുള്ള കാര്യങ്ങൾ മോയ് അറിയുന്നില്ലല്ലോ. അയാൾക്ക് അതൊന്നുമറിയാൻ താൽ‌പ്പര്യവുമില്ല.

കുട്ടികൾ റാവലിനോട് പരാതി പറഞ്ഞെങ്കിലും റാവൽ ചലിച്ചില്ല. അയാൾ ഡി.ഒയുടെ ഓഫീസിലേക്ക് വിളിച്ച് വിവരം പറഞ്ഞു.
“അവൻ എവിടെ പോയാലും ഞങ്ങൾ കണ്ടു പിടിച്ചിരിക്കും’’ എന്നൊക്കെ ഡി.ഒ പറഞ്ഞെങ്കിലും ഞങ്ങൾ ഇക്വേറ്റർ വിടുന്നതുവരെ വാം ബുവയെ ആരും പിടിച്ചതായി കേട്ടിട്ടില്ല. വാം ബുവാ എന്ന പേരിന്റെ അർത്ഥം “മഴക്കാലത്ത്” എന്നാണ്. അതൊരു “അക്കാംബാ” ഗോത്രനാമമാണ്. മഴക്കാലത്തുണ്ടായവൻ ആയതിനാലായിരിക്കണം ആ പേരിട്ടു വളർത്തിയത്. ഞങ്ങൾ പിന്നീട് എപ്പോഴും പറഞ്ഞിരുന്നു, “വാംബുവാ മഴയില്ലാത്ത ഏതോ ഒരിടത്ത് മഴയായി പെയ്യുന്നുണ്ടാവും” എന്ന്.

ദാനിയൽ അരാപ് മോയ്

ഒരു കാര്യം പ്രത്യേകം പറഞ്ഞുകൊള്ളട്ടെ.
ഈ പറഞ്ഞ സംഭവത്തിൽ യാതൊരു അതിശയോക്തിയുമില്ല. പിന്നീടുള്ള അന്വേഷണത്തിൽ മോയ് യുടെ ഭരണകാലത്ത് ഇത് സ്ഥിരമായി നടന്നിരുന്നു എന്ന് ഞാൻ കേട്ടിട്ടുണ്ട്.

കെന്യയിൽ രണ്ട് മഴക്കാലമുണ്ട്. ഏപ്രിലിൽ പെയ്യുന്ന മഴയെ അവർ “ലോങ് റെയ്ൻസ്“ എന്നും ഡിസംബറിലെ മഴയെ “ഷോർട്ട് റെയ്ൻസ്” എന്നും വിളിച്ചു. “ലോങ് റെയ്ൻ” എത്തുമ്പോഴേക്ക് വിത്തു വിതയ്ക്കും. “ഷോർട്ട് റെയ്ൻ”സിനു മുൻപ് കൊയ്യും. കിക്കുയു, അക്കാംബ, ലുഹ്യാ തുടങ്ങിയ ഗോത്രങ്ങൾ നല്ല കൃഷിക്കാരാണ്. മിക്കവാറും എല്ലാ കിക്കുയു വീടുകളുടെയും പിന്നിൽ ചെറിയ കൃഷിയിടമുണ്ടാകും. (കിസ്വാഹിലിയിൽ “ഷാംബാ” എന്നു പറയും). കിക്കുയുക്കൾക്ക് മണ്ണിനോട് അവാച്യമായൊരു അടുപ്പമുണ്ട്. ങ്ഗൂഗിയുടെ സാഹിത്യവുമായി ഇടപഴകുമ്പോൾ കിക്കുയുവിന്റെ മണ്ണിനോടുള്ള സ്നേഹബന്ധം വ്യക്തമായി അറിയാം. ഞങ്ങളുടെ സ്കൂളിലെ ഔദ്യോഗിക ഉദ്യാനപാലകൻ മ്വാങ്ഗി എന്ന അല്പം പ്രായം ചെന്ന ഒരു കിക്കുയു ആയിരുന്നു. അയാൾ റാവലിന്റെ വീട്ടിലെ പാചകക്കാരിൽ ഒരാൾ കൂടിയായിരുന്നു. റാവലിന്റെ വീട്ടിൽ വിവിധ തരം റോസച്ചെടികളുണ്ടായിരുന്നു. അവയെല്ലാം നട്ടുവളർത്തിക്കൊണ്ടുവന്നിരുന്നത് മ്വാങ്ഗി ആയിരുന്നു. അവയെല്ലാം തന്റേതാണ് എന്ന വിധത്തിൽ മാത്രമേ അയാൾ സംസാരിച്ചിരുന്നുള്ളു.

അംബൊസെല്ലി നാഷണൽ പാർക്ക്, Photo: flickr / dianasch

അയാൾ നാലോ അഞ്ചോ ക്ലാസ് പഠിച്ചിരിക്കാം. പക്ഷേ മനോഹരമായി ഇംഗ്ലീഷ് സംസാരിച്ചിരുന്നു. “മൈ യെല്ലോ റോസ്”, “മൈ റെഡ് റോസ്” എന്നൊക്കെ വളരെ ആത്മവിശ്വാസത്തോടെ റാവലിന്റെയും കുടുംബത്തിന്റെയും മുന്നിൽ വച്ചു തന്നെ അയാൾ പറയുമായിരുന്നു. ആരും അയാളെ ചോദ്യം ചെയ്തില്ല.

അതിനിടെ ഒരവധിക്കാലം കൂടി വന്നെത്തി. എന്റെ സഖിയുടെ നക്കുറുവിലുള്ള ചെറിയച്ഛൻ നിർബന്ധമായി ഞങ്ങളെ ക്ഷണിച്ച് കൂട്ടിക്കൊണ്ടു പോയി. സത്യത്തിൽ അത് മൂത്ത മകനെ ഇംഗ്ലീഷ് പഠിപ്പിക്കാനായിരുന്നു. പഠിക്കാൻ ബഹുമിടുക്കനായിരുന്ന സുനിൽ എന്ന ആ കുട്ടിക്ക് യഥാർത്ഥത്തിൽ സഹായിയുടെ ആവശ്യമില്ലായിരുന്നു. പക്ഷേ മലയാളി രക്ഷകർത്താക്കൾ കുട്ടികളെ അങ്ങനെയങ്ങ് വിട്ടുകളയില്ലല്ലോ. പത്തു ദിവസത്തോളം ഞങ്ങൾ അവിടെ താമസിച്ചു. തിരികെ തിക്കയിൽ വന്നപ്പോൾ അവിടെയുള്ള ഞങ്ങളുടെ സ്ഥിരം യാത്രാസഖാക്കൾ “അംബൊസെല്ലി നാഷണൽ പാർക്കി”ലേക്ക് ഒരു യാത്ര പ്ലാൻ ചെയ്യുകയാണ്. കിളിമഞ്ചാരോ എന്ന മഹാത്ഭുതത്തിന്റെ പാദഭൂമിയിൽ പരന്നുകിടക്കുന്ന ആ പാർക്ക് ആനകളുടെയും ജിറാഫുകളുടെയും ചീറ്റകളുടെയും ബാഹുല്യത്താൽ ജനപ്രീതിയാർജ്ജിച്ചു വരുന്ന സമയമായിരുന്നു അത്. അങ്ങനെ ഞങ്ങൾ അംബൊസെല്ലിക്ക് യാത്രയായി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments