ഫോട്ടോ: മുഹമ്മദ് ഫാസിൽ

ജലശായിയായ ഒരു കല്ല്

ജീവിതത്തിലെ ചെറിയ മുറിവുകളെപ്പോലും നനച്ചു സൂക്ഷിച്ചു കാത്തുവെക്കുന്നവർക്കുമുമ്പിൽ സ്വാതിയൊരു ഉണങ്ങിയ മുറിവാണ്. അതിനെ ഗൗനിക്കാനും ലാളിക്കാനും സ്വാതിക്ക് സമയമില്ല.

""അരക്ഷിതാവസ്ഥയ്ക്ക് അതിന്റേതായ വിവേകമുണ്ട്. സുരക്ഷിതനല്ലാത്ത ഒരു വ്യക്തി എല്ലായ്‌പ്പോഴും കൂടുതൽ സജീവമാണ്. കൂടുതൽ ഉത്സാഹം നിറഞ്ഞവനാണ്. കാരണം ഓരോ നിമിഷവും അയാൾക്ക് ജീവിതത്തെ അഭിമുഖീകരിക്കേണ്ടതുണ്ട്. ഓരോ നിമിഷവും വെല്ലുവിളിയാണ് അയാൾക്ക്. ആ വെല്ലുവിളിയെ നേരിടേണ്ടിവരുന്നു.''
ഓഷോയുടെ ഈ വരികളെ അന്വർത്ഥമാക്കുംവിധം ജീവിക്കുന്ന ഒരു ശിഷ്യ എനിക്കുണ്ട്.
സ്വാതി.
നിരവധി വിദ്യാർഥികൾ എന്റെ അധ്യാപക ജീവിതത്തിലൂടെ ഒഴുകിപ്പോയിട്ടുണ്ട്. പക്ഷേ ഓർമകളുടെ ജലവിതാനത്തിന് താഴെ നിന്നും ഒരു വെള്ളാരംകല്ലുപോലെ സ്വാതിയുടെ മുഖംമാത്രം ഞാൻ പെറുക്കിയെടുക്കുന്നത് എന്തുകൊണ്ടാണ്?

ഒരു വലിയ പാറ ഏതൊക്കെയോ പ്രവാഹങ്ങളിലൂടെ നിതാന്തം സഞ്ചരിച്ച് തേഞ്ഞും തകർന്നും ഒടുവിൽ അനുഭവങ്ങളുടെ മിനുമിനുപ്പാർന്ന സൗന്ദര്യത്തോടെ വെള്ളാരംകല്ലാകുന്നതുപോലെയാണ് സ്വാതിയേയും അവളുടെ സംഘർഷഭരിതമായ ജീവിതത്തിലൂടെ ഒഴുക്കിക്കൊണ്ടുപോയത്.

അധ്യാപികയായി കുന്നംകുളം വിവേകാനന്ദ കോളേജിൽ എത്തിയ ദിവസം. ഫൈനൽ ഇയർ ബി.എയിലായിരുന്നു എന്റെ ആദ്യത്തെ ക്ലാസ്. കുട്ടികൾ പുതിയ അധ്യാപികയെ കൗതുകത്തോടെ നോക്കുന്നു. ക്ലാസിൽ ഞാൻ എന്തെല്ലാമോ പറഞ്ഞു. കുട്ടികൾ ഗൗരവം വിടാതെ ശ്രദ്ധയോടെ ഇരിക്കുന്നുണ്ട്. ഞാൻ എല്ലാവരേയും നോക്കി. ഒരു പെൺകുട്ടി മാത്രം ചെറിയ ഒരു ചിരിയോടെ തലയാട്ടുന്നുണ്ട്. ഞാനെന്തെങ്കിലും മണ്ടത്തരം പറഞ്ഞിട്ടാകുമോയെന്ന ഒരു ശങ്ക ഉള്ളിൽ വന്നെങ്കിലും പുറത്തുകാണിക്കാതെ ക്ലാസ് തുടർന്നു. അതിനുശേഷം കുട്ടികളെ പരിചയപ്പെടാൻ തുടങ്ങി. അവർ പേരും മറ്റുവിവരങ്ങളും പറഞ്ഞു. ചിരിമായാതെ തന്നെ ആ കുട്ടി സ്വാതിയാണെന്നു പരിചയപ്പെടുത്തി. ക്ലാസ് അവസാനിക്കാറായപ്പോഴേക്കും മഴ തുടങ്ങി. സ്റ്റാഫ് റൂമിലേക്ക് എത്താൻ പറ്റാതെ ഞാൻ വരാന്തയിൽ ഒറ്റയ്ക്ക് നിന്നു.

കുഞ്ഞുനാളിൽ വീട്ടിലെ വഴക്കിനെ തുടർന്ന് അമ്മ രണ്ടുമക്കളെയും എടുത്ത് കിണറ്റിൽ ചാടിയ കഥ സ്വതസിദ്ധമായ നർമം കലർത്തി സ്വാതി എന്റെ മുന്നിൽ അവതരിപ്പിച്ചു.

ആ സമയത്താണ് കുടയുമായി സ്വാതി വീണ്ടുമെന്റെ മുമ്പിലെത്തിയത്."ഞാൻ കൊണ്ടാക്കിത്തരാം' എന്നു പറഞ്ഞ് സ്വാതി എന്നെ കുടയിലേക്ക് ക്ഷണിച്ചു. അവൾ ആ കുടയുടെ മുക്കാൽഭാഗവും പകുത്തുതന്ന് നനയാതെ എന്നെ സ്റ്റാഫ്‌റൂമിലെത്തിച്ചു. ഞാനവളോട് നന്ദി പറഞ്ഞു നടന്നുപോയപ്പോൾ അവളുടെ പിൻഭാഗം മുഴുവൻ നനഞ്ഞുകിടക്കുന്നത് ഞാൻ കണ്ടു. അവളുടെ മനസിന്റെ നനവും കരുതലും എത്രയുണ്ടെന്ന് അപ്പോഴെനിക്ക് മനസിലായി. നാലഞ്ച് ക്ലാസ് കഴിഞ്ഞപ്പോഴേക്കും സ്വാതി എനിക്ക് പ്രിയപ്പെട്ടവളായി. അവളുടെ വീടിനെക്കുറിച്ചും നാടിനെപ്പറ്റിയും ഒക്കെ ഞാൻ അന്വേഷിച്ചു. വീട് കുന്നംകുളത്തിനടുത്ത് കാണിപ്പയ്യൂരിലാണെന്നും അമ്മയും അച്ഛനും അനുജത്തിയും അടങ്ങുന്നതാണ് കുടുംബമെന്നും അവളിൽ നിന്നറിഞ്ഞു. കുഞ്ഞുനാളിൽ വീട്ടിലെ വഴക്കിനെ തുടർന്ന് അമ്മ രണ്ടുമക്കളെയും എടുത്ത് കിണറ്റിൽ ചാടിയ കഥ സ്വതസിദ്ധമായ നർമം കലർത്തി സ്വാതി എന്റെ മുന്നിൽ അവതരിപ്പിച്ചു.

ഒരുദിവസം കോളേജിലേക്ക് ബസിറങ്ങി നടന്നുപോകുമ്പോൾ സ്വാതി തന്റെ സ്‌കൂട്ടർ എന്റെ അടുത്ത് കൊണ്ടുവന്നു നിർത്തി. കോളേജിൽ സ്വന്തം വണ്ടിയിൽ വരുന്ന അപൂർവം പെൺകുട്ടികളിൽ ഒരാളാണ് സ്വാതി. എന്താണ് സ്‌കൂട്ടറിൽ മിന്നിക്കുന്നുണ്ടല്ലോ എന്ന് ഞാൻ കളിപറഞ്ഞു."മിസേ പെട്രോളടിക്കാൻ കാശുണ്ടായിട്ടല്ല. എനിക്ക് ക്യാൻസറാണ്.' ; തന്റെ തടിച്ച കാൽ നീട്ടി അവൾ പറഞ്ഞു. കനംതൂങ്ങിയ കാലുകളുമായി മഴയിലൂടെ സ്വാതി നടന്നുപോകുന്നത് കണ്ടിട്ടുണ്ടെങ്കിലും ജന്മനാലുള്ള എന്തോ പ്രശ്‌നമായിരുന്നുവെന്നായിരുന്നു അതുവരെ കരുതിയിരുന്നത്. എന്റെ മനസിലൂടെ ഒരു കത്രിക ഇറങ്ങിപ്പോകുന്നതുപോലെ എനിക്ക് തോന്നി.

കുന്നംകുളം വിവേകാനന്ദ കോളേജ്
കുന്നംകുളം വിവേകാനന്ദ കോളേജ്

പൊതുവേ രോഗമെന്ന് കേൾക്കുമ്പോൾ തന്നെ ആടിയുലഞ്ഞ് പോകുന്നവളാണ് ഞാൻ. ഒരിക്കൽ എഴുത്തുകാരി സിത്താര എസിന്റെ രോഗാവസ്ഥയെക്കുറിച്ച് സിത്താരയുടെ അച്ഛൻ എൻ.ശശിധരൻ മാഷ് പറഞ്ഞുകൊണ്ടിരിക്കുന്നതിനിടയിൽ ആ വിവരണം താങ്ങാനാവാതെ എന്റെ ബോധം മറഞ്ഞുപോയിട്ടുണ്ട്. അതുപോലെയൊക്കെയാണെങ്കിലും ഇത്തവണ എനിക്ക് സ്വാതിയെ കേൾക്കാതിരിക്കാനായില്ല. കോളേജിലെത്തിയ ഉടനെ സ്വാതിയെ വിളിച്ച് ഞാൻ രോഗവിവരം ചോദിച്ചറിഞ്ഞു.
ഒമ്പതുവയസിലാണ് ക്യാൻസറാണെന്ന് തിരിച്ചറിഞ്ഞ് ചികിത്സ ആരംഭിക്കുന്നത്. മുട്ടിനു താഴെ ശോഷിച്ചുപോയ കാലുകൾ എനിക്കു കാണിച്ചു തന്നു. കാൽപ്പാദങ്ങളിലേതോ നീർക്കെട്ടാണെന്ന് അപ്പോഴാണ് എനിക്ക് മനസിലായത്. പക്ഷേ അന്നേരം വേദന ഉള്ളിൽ വെച്ചുകൊണ്ട് സ്വാതി പറഞ്ഞത് മറ്റൊന്നായിരുന്നു. എന്റെ ശക്തി എന്റെ അമ്മയാണ്. അമ്മയ്ക്ക് കഴിഞ്ഞയാഴ്ച ക്യാൻസറാണെന്ന റിസൽട്ട് വന്നു. ഞാൻ സ്വാതിയുടെ പുറത്ത് ആശ്വസിപ്പിക്കുന്നതിനായി വെറുതേ തട്ടി.
സ്വാതി നിസംഗമായി അപ്പോൾ വെറുതേ ചിരിച്ചു.

മാർച്ചുമാസത്തിൽ എന്റെ ക്ലാസ് കഴിയുകയും ഞാൻ അവിടെ നിന്ന് പോരുകയും ചെയ്തു. ഫോണിൽ വിശേഷങ്ങൾ ചോദിക്കാൻ എനിക്കു മനസുവന്നില്ല. സത്യം പറഞ്ഞാൽ ഭയമായിരുന്നു. ദുരന്തവാർത്ത കേൾക്കാൻ എന്റെ മനസ് അശക്തമായിരുന്നു. എങ്കിലും അവധിക്കാലത്ത് ഒരു ദിവസം ഞാൻ എന്റെ ചേച്ചി സ്മിതയുമൊത്ത് സ്വാതിയുടെ വീടന്വേഷിച്ച് അങ്ങോട്ട് പോയി. സ്വാതിയുടെ അമ്മ രോഗത്തിൽ പിടിയിൽ ഏറെക്കുറേ അമർന്നു കഴിഞ്ഞെങ്കിലും സന്തോഷത്തോടെ ഞങ്ങളുമായി സംസാരിച്ചു.

‘വീടില്ലാത്തവർക്ക് വീടുകിട്ടുമ്പോഴുള്ള സന്തോഷം അതൊന്ന് കാണേണ്ടതാണ് മിസേ' എന്ന് സ്വാതി പറയുമ്പോൾ എത്രയോ പേരുടെ ആശ്വാസവും സന്തോഷവും ഏറ്റുവാങ്ങുന്നതാണ് ജീവിതത്തിന്റെ തൃപ്തിയെന്ന് സ്വാതി എന്നെക്കൂടി ഓർമിപ്പിക്കുകയായിരുന്നു.

ജൂൺ മാസത്തിൽ സ്വാതിയുടെ അമ്മ മരിച്ചു.
കാണാൻ കോളേജിലെ മറ്റ് അധ്യാപകരോടൊത്ത് ഞാനും പോയി.
വീട്ടിലെ ഇരുട്ട് നിറഞ്ഞ മുറിയിൽ കാലുകൾ നീട്ടി ഇരിക്കുന്ന സ്വാതിയുടെ അടുത്തെത്തിയപ്പോൾ എനിക്ക് കരച്ചിൽ വന്നു.
സ്വാതി എന്നോട് പറഞ്ഞു, "മിസ് കരയേണ്ട.. നോക്കൂ ഞാൻ കരയുന്നില്ല. അമ്മ ജീവിതത്തിൽ ഒരിക്കലും കരയരുതെന്ന് പറഞ്ഞുറപ്പിച്ചാണ് പോയത്.'
പെട്ടെന്ന് ആ മുറിയിൽ വെളിച്ചം വന്നപോലെ എനിക്ക് തോന്നി. ഞാൻ കണ്ണുകൾ തുടച്ചു. വീണ്ടും ഞാൻ സ്വാതിയെ വിളിക്കാനും വിശേഷങ്ങൾ പങ്കുവെക്കാനും തുടങ്ങി. ഒരുദിവസം സ്വാതി വരച്ച സരസ്വതീദേവിയുടെ ഛായാചിത്രവുമായി എന്നെ കാണാൻ കോളേജിൽ വന്നു. പഴയ പ്രസരിപ്പോടെ. ചിത്രം എനിക്ക് സമ്മാനിച്ചു.
എന്റെ ഗുരുവിന് എന്നതിൽ എഴുതിയിരുന്നു.

ആ വർഷം എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറായ എന്നെ സഹായിക്കാൻ പഴയ വിദ്യാർഥിയെന്ന നിലയിൽ ചുറുചുറുക്കോടെ സ്വാതി കോളേജിൽ എത്തി. പുതിയ ഉത്തരവാദിത്തത്തിൽ വരുന്ന പാളിച്ചകൾ സ്വാതി വിദ്യാർഥി പക്ഷത്തുനിന്ന് ചൂണ്ടിക്കാട്ടി. ഈ കുട്ടിയുടെ മുന്നിൽ ഞാൻ ശിഷ്യയായി. പിന്നീട് സ്വാതി എം.എയും ബി.എഡും പൂർത്തീകരിച്ചു. വീണ്ടും കാൻസറിന്റെ ആക്രമണം സ്വാതിയെ പിടികൂടി. അതിൽ നിന്ന്​ കുതറിത്തെറിച്ച് വീണ്ടും സ്വാതി ജീവിതത്തിലേക്ക് വന്നു.

കഴിഞ്ഞവർഷം പുതിയതായി വാങ്ങിയ എക്സ്​പ്രസോ വണ്ടിയിൽ എന്നെ കാണാൻ വന്നു. കുന്നംകുളം മുനിസിപ്പാലിറ്റി ഭവനനിർമാണ വിഭാഗത്തിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. "വീടില്ലാത്തവർക്ക് വീടുകിട്ടുമ്പോഴുള്ള സന്തോഷം അതൊന്ന് കാണേണ്ടതാണ് മിസേ' എന്ന് സ്വാതി പറയുമ്പോൾ എത്രയോ പേരുടെ ആശ്വാസവും സന്തോഷവും ഏറ്റുവാങ്ങുന്നതാണ് ജീവിതത്തിന്റെ തൃപ്തിയെന്ന് സ്വാതി എന്നെക്കൂടി ഓർമിപ്പിക്കുകയായിരുന്നു. ജീവിതത്തിലെ ചെറിയ മുറിവുകളെപ്പോലും നനച്ചു സൂക്ഷിച്ചു കാത്തുവെക്കുന്നവർക്കുമുമ്പിൽ സ്വാതിയൊരു ഉണങ്ങിയ മുറിവാണ്. അതിനെ ഗൗനിക്കാനും ലാളിക്കാനും സ്വാതിക്ക് സമയമില്ല. ജീവിതത്തിലെ പ്രതിസന്ധികളെ തള്ളിനീക്കി സ്വാതിക്ക് മുന്നോട്ടുപോയേ പറ്റൂ. സുഖസൗകര്യങ്ങളെക്കുറിച്ച് മാത്രം ചിന്തിക്കുന്നവർക്ക് ശരിയായ ജീവിതം ഒരിക്കലുമുണ്ടാകുന്നില്ല. അപകടകരമായ രീതിയിൽ ജീവിക്കാൻ തയ്യാറായവർക്കുമാത്രം ജീവിതം സംഭവിക്കുന്നുള്ളൂവെന്ന് ഓഷോ പറഞ്ഞത് സ്വാതിയുടെ ജീവിതത്തിൽ അന്വർത്ഥമാണ് എന്ന് പറഞ്ഞത് അതുകൊണ്ടാണ്. അത്തരത്തിൽ എന്റെ മനസിൽ സ്വാതിക്കുള്ള സ്ഥാനം ശിഷ്യയുടേതല്ല. ഗുരുവിന്റേതാണ്. ​▮

Comments