കേരള ശാസ്ത്രസാഹിത്യപരിഷത്തിന്റെ നെടുംതൂണായിരുന്നു ഡോ. എം.പി പരമേശ്വരൻ. ശാസ്ത്രത്തിന്റെ ഉപകരണാത്മകയുക്തിയെ പ്രയോഗിക്കുന്നതിൽ അതീവശ്രദ്ധാലുവായിരുന്ന എം. പി. പരമേശ്വരന്റെ പ്രവർത്തനങ്ങളോടുണ്ടായിരുന്ന വിയോജിപ്പുകൾ വീണ്ടും പറയുന്നതിനും വിയോജിപ്പുകൾക്കിടയിലും യോജിക്കാവുന്നയിടങ്ങളെ പരാമർശിക്കുന്നതിനുമാണ് ഈ കുറിപ്പ്.
ശാസ്ത്രസാഹിത്യപരിഷത്തിനെ പോലുള്ള ഒരു സംഘടനയുടെ വിപുലമായ പ്രവർത്തനമുണ്ടായിരുന്നിട്ടും കേരളം അതിന്റെ നവോത്ഥാനകാലമൂല്യങ്ങളെ പോലും കൈവിട്ട് മതാത്മകതയുടെയും വർഗ്ഗീയതയുടെയും സാംസ്കാരികാപചയങ്ങളിലേക്കു നിപതിച്ചു കൊണ്ടിരിക്കുന്ന കാലയളവിലാണ് എം.പി. പരമേശ്വരൻ നമ്മെ വിട്ടുപിരിയുന്നത്.
ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സർഗാത്മകമായ പ്രവർത്തനമേഖലയെ സർക്കാർ ഉത്തരവുകൾക്കനുസൃതം പ്രവർത്തിക്കുന്ന എൻ ജി ഒ പ്രവർത്തനമാക്കി മാറ്റിയതിൽ എം.പിയുടെ പാർട്ടിവിധേയത്വത്തിനു വലിയ പങ്കുണ്ട്.
ആദ്യകാലങ്ങളിലെ ഏറെ സർഗാത്മകമായ ശാസ്ത്രപ്രവർത്തനങ്ങളിൽ നിന്ന് വ്യത്യസ്തമായി, പിൽക്കാലത്ത് പരിഷത്ത് നടത്തിയ ഉപകരണാത്മകയുക്തിയിലൂന്നുന്ന പ്രവർത്തനങ്ങൾ സമൂഹശരീരത്തെ ബാധിച്ച നാശപ്രവണതകളെ തടയുന്നതിന് അസമർത്ഥമായിരുന്നു. കേവലമായ ഉപകരണാത്മകയുക്തിയുടെ പ്രയോഗം ശാസ്ത്രസിദ്ധാന്തങ്ങളെയും ശാസ്‌ത്രീയമായ കാര്യങ്ങളെയും സാധാരണക്കാരെ സത്യാത്മകതയുടെ സങ്കൽപ്പനങ്ങളിലേക്കു തന്നെയാണ് നയിക്കുന്നത്. ശാസ്ത്രീയതയുടെ സംവാദാത്മകതയും സന്ദിഗ്ദ്ധതകളും അനിശ്ചിതത്വങ്ങളും ഇവ നൽകുന്ന ചിരവികസ്വരക്ഷമതയും ഉപകരണാത്മകയുക്തിയുടെ കേവലപ്രയോഗം മൂലം ഇല്ലാതാകുന്നു. ഇത് മതാത്മകതയുടെ സത്യബോധത്തിൽ തന്നെ തുടരാൻ ജനങ്ങളെ അനുവദിക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുന്നു.
ഉപകരണാത്മകയുക്തിയുടെ കേവലമായ പ്രയോഗം ശാസ്ത്രാവബോധം പകരുന്നതല്ല. ശാസ്ത്രത്തിന്റെ സർഗാത്മകതയും ചരിത്രവും ദർശനവും ഉപകരണാത്മകയുക്തിയുടെ പരിഗണനയിൽ വരുന്ന കാര്യങ്ങളല്ലല്ലോ? എം.പിയുടെ നേതൃത്വത്തിൽ നടന്ന ഉപകരണാത്മകയുക്തിയിൽ മാത്രം ഊന്നുന്ന പിൽക്കാലത്തെ ശാസ്ത്രപ്രവർത്തനം ജനങ്ങളെ ശാസ്ത്രാവബോധത്തിലേക്കു നയിക്കാൻ പര്യാപ്തമായില്ലെന്നു പറയണം. അവരെ ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും നേട്ടങ്ങളെ ഉപഭോഗിക്കുന്നവരാക്കാൻ മാത്രമേ ഈ യുക്തിക്കു കഴിയുമായിരുന്നുള്ളൂ.

ഈ വിമർശനം ഉന്നയിക്കുമ്പോൾ ഈ ദിശയിൽ സഞ്ചരിക്കുന്ന പ്രവർത്തനങ്ങൾ മാത്രമേ എല്ലാക്കാലത്തും ശാസ്ത്രസാഹിത്യപരിഷത്ത് ഏറ്റെടുത്തുള്ളൂവെന്നോ എം.പി അതിനു മാത്രമാണ് നേതൃത്വം നൽകിയതെന്നോ അർത്ഥമാക്കുന്നില്ല. പ്രവർത്തനങ്ങൾ മുഖ്യമായി ഉപകരണാത്മകയുക്തിയിൽ കേന്ദ്രീകരിച്ച സന്ദർഭങ്ങളെ മാത്രമാണ് വിവക്ഷിക്കുന്നത്. എം.പി. പരമേശ്വരന്റെ നേതൃത്വത്തിൽ നടന്ന ശാസ്ത്രപ്രവർത്തനത്തെ സി.പി.ഐ- എം രാഷ്ട്രീയത്തിൽനിന്ന് വിച്ഛേദിച്ചു കാണാൻ കഴിയുന്നതുമല്ല.
എം.പി. പരമേശ്വരൻ ഒരു ന്യൂക്ലിയർ ശാസ്ത്രജ്ഞനായിരുന്നു. 1975- ൽ ഭാഭാ അറ്റോമിക് റിസർച്ച് സെൻററിൽ നിന്ന് ജോലി ഉപേക്ഷിച്ച് അദ്ദേഹം കേരളത്തിലേക്കു വരുന്നു. ഇ.എം.എസിന്റെ പ്രത്യേക താൽപ്പര്യത്തിലാണ് എം.പി കേരളത്തിലേക്കെത്തുന്നത്. അദ്ദേഹം ശാസ്ത്രസാഹിത്യപരിഷത്തിന്റെ പൂർണ്ണപ്രവർത്തകനായിട്ടല്ല വരുന്നത്. അദ്ദേഹം വരുന്നത് ചിന്താ പബ്ലിഷേഴ്സിലേക്കാണ്.
ശാസ്ത്രത്തിന്റെ സ്വഭാവം 'ചോദ്യങ്ങൾ ഉയർത്തുക' എന്നതാണെങ്കിൽ പരിഷത്തിന്റെ സംഘടനാവേദികളിൽ ചോദ്യങ്ങൾ ഉയർത്തുന്നവർ ശല്യക്കാരായി മാറിത്തീരുന്ന സന്ദർഭങ്ങളുണ്ടാകുന്നുണ്ട്. ഇതിനെല്ലാം എം.പിക്ക് എന്താണ് പങ്ക് എന്ന ചോദ്യത്തിനുള്ള ഉത്തരം, പരിഷത്തിന്റെ പാർട്ടി ഫ്രാക്ഷൻ മിക്കവാറും എം.പിയുടെ നേതൃത്വത്തിലായിരുന്നു എന്നതു മാത്രമാണ്.
സി.പി.ഐ- എം മദ്ധ്യവർഗ്ഗവൽക്കരണത്തിന് വിധേയമാകുന്നുവെന്ന വിമർശനങ്ങൾ ഉയർന്നുതുടങ്ങുന്ന കാലമാണത്. ഇപ്പോൾ എഴുതപ്പെടുന്ന അനുസ്മരണങ്ങളിൽ അദ്ദേഹം സി.പി.ഐ- എമ്മിൽ നിന്ന് പുറത്താക്കപ്പെട്ട കാലത്തെ കുറിച്ച് പേർത്തും പറയപ്പെടുന്നുണ്ട്. എന്നാൽ, അദ്ദേഹം സി.പി.ഐ- എമ്മിൽ ചേർന്ന കാലത്തെ കുറിച്ച് അധികമൊന്നും കേൾക്കുന്നില്ല. ചരിത്രത്തിന്റെ യാദൃച്ഛികതയിൽ നേരത്തെ തന്നെ അതും എഴുതപ്പെട്ടിട്ടുണ്ട്. എം. സുകുമാരൻ എഴുതിയ 'ശേഷക്രിയ' എന്ന നോവലിലാണത്. എം. സുകുമാരൻ പാർട്ടിയെ ബാധിച്ച മദ്ധ്യവർഗവൽക്കരണത്തെ കുറിച്ച് നോവലിൽ ഇങ്ങനെ എഴുതുന്നു:
‘‘കുഞ്ഞയ്യപ്പനുമൊത്ത് മുന്നോട്ടുപോകാൻ കഴിയാത്ത പരിതഃസ്ഥിതി ഉദാഹരണസഹിതം പത്രാധിപർ എന്നോട് വിവരിച്ചു.... ആ കമ്മിറ്റിയിലുള്ള മറ്റു നാലുപേരെ നമുക്കൊന്നു പരിശോധിക്കാം. വീട്ടിൽ നെയിംബോർഡോ സ്റ്റെതസ്കോപ്പോ സൂക്ഷിക്കാത്ത, പ്രൈവറ്റ് പ്രാക്ടീസിനെ കർശനമായി എതിർക്കുന്ന ഒരു ഡോക്ടർ, മറ്റുള്ളവരിൽ ഒരാൾ ഒരു ശാസ്ത്രജ്ഞൻ. അണുശക്തികേന്ദ്രത്തിലെ വലിയ ജോലി കളഞ്ഞ് നമ്മുടെ പ്രസിദ്ധീകരണശാലയിൽ മുഴുവൻ സമയപ്രവർത്തകനായി മാറിയിരിക്കുന്നു. നമ്മുടെ താത്വികവാരികയുടെ നട്ടെല്ലായി പ്രവർത്തിക്കുന്ന ബുദ്ധിജീവി പ്രൊഫസറെ ഒന്നു ശ്രദ്ധിക്കൂ. അടുത്തയാൾ ഉയർന്ന ഒരു ബ്രാഹ്മണ കുടുംബത്തിലെ ധനാഢ്യനായ ഇൻഷുറൻസ് ഓഫീസറാണ്. ഇവരുടെയൊക്കെ ത്യാഗങ്ങളെ നാം ചെറുതായി കണ്ടുകൂടാ. സാമ്പത്തികമായി ഈ പറഞ്ഞവരൊക്കെ ഉയർന്ന തട്ടിലാണെന്നത് ഒരു അയോഗ്യതയായി പാർട്ടി കാണുന്നില്ല. മാത്രമല്ല, പാർട്ടിമെമ്പർമാർ എന്ന നിലയിൽ സഖാവിനെയും മറ്റുള്ളവരെയും ഒരുപോലെ കാണാൻ പാർട്ടി തയ്യാറല്ല’’.
എം. സുകുമാരൻ എഴുതുന്ന അണുശാസ്ത്രജ്ഞന്റെ പ്രാഗ് രൂപം എം. പി. പരമേശ്വരനാണെന്നു തീർച്ച! പാർട്ടിയുടെ മദ്ധ്യവർഗവൽക്കരണത്തിൻറെ കാലത്ത് കുഞ്ഞയ്യപ്പന്മാരെ വെട്ടി കടന്നുവന്നവരോടൊപ്പമാണ് എം. പി. പരമേശ്വരനെന്ന് സർഗാത്മക എഴുത്തുകാരനായ എം. സുകുമാരനെങ്കിലും കരുതിയിരുന്നു.

എം. പി. പരമേശ്വരൻ പരിഷത്തിന്റെ വിപുലമായ പ്രവർത്തനങ്ങളിലേക്കിറങ്ങുന്നതിനുമുന്നേതന്നെ, അദ്ദേഹം BARC-യിൽ നിന്ന് കേരളത്തിലേക്ക് എത്തിച്ചേരുന്നതിനു മുന്നേതന്നെ, 1974-ൽ ശാസ്ത്രസാഹിത്യപരിഷത്ത് 'ശാസ്ത്രം സാമൂഹികവിപ്ലവത്തിന്' എന്ന മുദ്രാവാക്യം സ്വീകരിക്കുന്നുണ്ട്. എഴുപതുകളുടെ തുടക്കത്തിൽ ഒരു ജനകീയശാസ്ത്രസംഘടനയായി മാറാൻ അതു തീരുമാനിക്കുന്നതിന്റെ തുടർച്ചയിലാണ് ഈ മുദ്രാവാക്യം സ്വീകരിക്കുന്നത്. ‘ശാസ്ത്രം ജനങ്ങളിലേക്ക്’ എന്ന ആശയത്തിലുപരി ഈ മുദ്രാവാക്യത്തിൽ ഉപകരണാത്മകയുക്തി ധ്വനിക്കുന്നുണ്ട്. 1962-ൽ രൂപീകൃതമായ പരിഷത്ത് അന്നേവരെ ശാസ്ത്രജ്ഞന്മാരുടെയും ശാസ്ത്രസാഹിത്യമെഴുത്തുകാരുടെയും ബുദ്ധിജീവികളുടെയും സംഘടനയായിരുന്നു. ജനങ്ങൾക്കിടയിൽ ശാസ്ത്രാവബോധം വളർത്തുകയെന്നത് അത് ലക്ഷ്യമായി സ്വീകരിച്ചിരുന്നു. ഒരു ജനകീയശാസ്ത്രപ്രസ്ഥാനമായി മാറാനുള്ള ശാസ്ത്രസാഹിത്യപരിഷത്തിന്റെ തീരുമാനം വളരെ പ്രധാനപ്പെട്ട ഒന്നായിരുന്നു. പക്ഷേ, എം. പി. പരമേശ്വരൻ പരിഷത്തിൽ സജീവമായി പ്രവർത്തിച്ചു തുടങ്ങുന്നതോടെ, പരിഷത്തിന്റെ സ്ഥാപകസെക്രട്ടറിമാരിൽ ഒരാളായ പി. ടി. ഭാസ്കരപ്പണിക്കർ നടത്തുന്ന ഒരു പ്രസ്താവനയിൽ, 1975 മുതൽ ശാസ്ത്രസാഹിത്യ പരിഷത്ത് സി.പി.ഐ- എമ്മിൻറെ ഒരു സാംസ്കാരികമുന്നണിയെന്ന പോലെയാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിക്കുന്നുണ്ട്.
എം. പി. പരമേശ്വരൻ പെട്ടെന്നുതന്നെ ശാസ്ത്രസാഹിത്യ പരിഷത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട പ്രവർത്തകനായി മാറുന്നു. ഇ.എം.എസിന്റെ ആത്മകഥ പാർട്ടിയുടെ ചരിത്രവും കൂടിയായി മാറിത്തീരുന്ന പോലെ ഇവിടുന്നങ്ങോട്ട് എം.പിയുടെ ജീവചരിത്രം പരിഷത്തിന്റെ ചരിത്രം കൂടിയാണ്. പരിഷത്തിനെ ഒരു ജനകീയസംഘടനയാക്കി മാറ്റാനുള്ള പരിശ്രമത്തിന്റെ ഭാഗമായി ആദ്യമായി ആവിഷ്ക്കരിക്കപ്പെടുകയും നടപ്പിലാക്കുകയും ചെയ്ത 'പ്രകൃതി സമൂഹം ശാസ്ത്രം' എന്ന വിഷയത്തെ ആധാരമാക്കിയ പതിനായിരം ക്ലാസുകൾക്ക് ധൈഷണികനേതൃത്വം നൽകിയത് എം.പി ആയിരുന്നു. ഇതേ ശീർഷകത്തിലുള്ള ഒരു പുസ്തകം എം. പി. പരമേശ്വരൻ തയ്യാറാക്കുന്നുണ്ട്.
എഴുപതുകൾക്കുമുമ്പ് ശാസ്ത്രത്തിന്റെ സർഗ്ഗാത്മകതയുടെ വശത്തിനാണ് ശാസ്ത്രസാഹിത്യപരിഷത്ത് പ്രാധാന്യം നൽകിയിരുന്നതെങ്കിൽ അതിന്റെ ഉപകരണാത്മകതക്ക് പ്രാധാന്യം ലഭിക്കുന്ന നാളുകളാണ് പിന്നീടു വരുന്നത്. എന്നാൽ, പരിഷത്ത് സർക്കാർ പരിപാടികളെ ഏറ്റെടുത്തുനടത്തുന്ന ഒരു എൻ ജി ഒയുടെ തലത്തിലേക്ക് മാറുന്നതിനുമുമ്പുള്ള ഒരു ഘട്ടത്തിൽ ഉപകരണാത്മകയുക്തിയുടെ ശക്തസ്വാധീനത്തോടൊപ്പം പഴയ അനുഭവങ്ങളുടെ തുടർച്ചയായ സർഗാത്മകതയുടെ മൂലകങ്ങളും അതിൽ നന്നായി പ്രവർത്തനക്ഷമമായിരുന്നു. ശാസ്ത്രത്തെ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി വളരെ പ്രധാനപ്പെട്ട പല പദ്ധതികളും ഈ ഘട്ടത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് ആവിഷ്ക്കരിക്കുന്നുണ്ട്. അതിൽ പരിസ്ഥിതിമേഖലയിലെ പ്രവർത്തനങ്ങൾ ഏറെ പ്രധാനമായിരുന്നു.
പ്രൊഫ. എം. കെ. പ്രസാദിന്റെ മുൻകൈയിൽ സൈലൻറ്‌വാലിയിലെ നിത്യഹരിതവനങ്ങളെ സംരക്ഷിക്കുന്നതിനുവേണ്ടിയുള്ള പ്രക്ഷോഭത്തിന്റെ ഭാഗമായത്, ഡോ. ബി. ഇക്ബാലിന്റെ മുൻകൈയിൽ ആവശ്യമുള്ളതും നിരോധിക്കപ്പെട്ടതും നിരോധിക്കപ്പെടേണ്ടതുമായ മരുന്നുകളെ കുറിച്ച് ജനങ്ങൾക്കിടയിൽ തിരിച്ചറിവും അവബോധവും സൃഷ്ടിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഏറ്റെടുത്തത്, ഹാഥിക്കമ്മിറ്റി റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്, ഒ ആർ എസ് ചികിത്സാരീതിയുടെ പ്രചരണം, ഊർജ്ജസംരക്ഷണത്തിന്റെയും അടുക്കളയിൽ ഏറെ സമയം പ്രവർത്തിയെടുക്കുന്ന വീട്ടമ്മമാരുടെ ആരോഗ്യപരിപാലനത്തിന്റെയും സന്ദേശമുയർത്തി പുകയില്ലാത്ത അടുപ്പുകൾ സ്ഥാപിച്ചത് തുടങ്ങി ഏറ്റെടുത്ത പല പ്രവർത്തനങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. ഇതിലെല്ലാം എം.പി നേതൃത്വപരമായ പങ്കു വഹിക്കുന്നുണ്ട്.

(എം.പി. പരമേശ്വരന്റെ ബൗദ്ധികനേതൃത്വത്തിൽ ശാസ്ത്രസാഹിത്യപരിഷത്ത് പ്രവർത്തിക്കുന്ന കാലയളവിലാണ് ആ സംഘടനയിൽ ഞാൻ അംഗമാകുന്നതും പിന്നീട് കുറേ വർഷങ്ങൾക്കു ശേഷം അതിൽനിന്ന് വിട്ടുപോരുന്നതും. ഏറെ സർഗാത്മകമായ പ്രവർത്തനങ്ങൾ നടക്കുന്ന സന്ദർഭത്തിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ യൂണിറ്റുതലത്തിലെ സജീവപ്രവർത്തകനായി ഞാനുമുണ്ടായിരുന്നു. 'എന്തുകൊണ്ട്? എന്തുകൊണ്ട്?' എന്ന പുസ്തകത്തിന്റെ പ്രചാരണം, ശാസ്ത്രസാഹിത്യപരിഷത്ത് ബുക്ക് ക്ലബ്ബ്, വീടുവീടാന്തരമുള്ള പുസ്തകപ്രചാരണങ്ങൾ, ശാസ്ത്രകലാജാഥകൾ എന്നിവയുടെ നാളുകൾ).
1975-ൽ ശാസ്ത്രസാഹിത്യപരിഷത്തിനെ സി.പി.ഐ- എമ്മിന്റെ ഒരു സാംസ്കാരികസംഘടനയായി പി. ടി. ഭാസ്കരപ്പണിക്കർ അവതരിപ്പിക്കുന്നുണ്ടെങ്കിലും പരിഷത്തിനെ പിടിച്ചെടുക്കാനുള്ള സി.പി.ഐ- എം പരിശ്രമം രൂക്ഷമാകുന്നത് സൈലൻറ് വാലി പ്രക്ഷോഭത്തിനുശേഷമാണ്. സൈലൻറ് വാലി പ്രക്ഷോഭം സി.പി.ഐ- എമ്മിന്റെ കീഴിലുള്ള ഇലക്ട്രിസിറ്റി ജീവനക്കാരുടെ സംഘടനയും പരിഷത്തും തമ്മിൽ ചില വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നുണ്ട്. സൈലൻറ് വാലി പ്രക്ഷോഭം ഇലക്ട്രിസിറ്റി ജീവനക്കാരുടെ സംഘടനയുടെ നയത്തിനു വിരുദ്ധമായ ദിശയിലാണ് സഞ്ചരിച്ചിരുന്നത്. ഇത് സി.പി.ഐ- എം രാഷ്ട്രീയനേതൃത്വത്തിന്റെ ശ്രദ്ധയിലേക്കു വരുന്നതോടെയാണ് പരിഷത്തിനെ കൂടുതൽ നിയന്ത്രിക്കാനുള്ള ശ്രമങ്ങൾ പാർട്ടിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നതെന്നു പറയണം. സി.പി.ഐ- എം ബഹുജനസംഘടനകളുടെ ചട്ടക്കൂട് ശാസ്ത്രസാഹിത്യപരിഷത്തിനു മേലും സ്ഥാപിക്കപ്പെടുന്നു. ‘പാരിഷത്തികത’ എന്ന വാക്ക് നിർമ്മിക്കപ്പെടുന്നു. സമ്മേളനങ്ങൾ സി.പി.ഐ- എം ബഹുജനസംഘടനകളുടെ രീതിയിലാണ് നടന്നിരുന്നത്. തുടർന്ന്, ശാസ്ത്രത്തിന്റെ സ്വഭാവം 'ചോദ്യങ്ങൾ ഉയർത്തുക' എന്നതാണെങ്കിൽ ശാസ്ത്രസാഹിത്യപരിഷത്തിന്റെ സംഘടനാവേദികളിൽ ചോദ്യങ്ങൾ ഉയർത്തുന്നവർ ശല്യക്കാരായി മാറിത്തീരുന്ന സന്ദർഭങ്ങളുണ്ടാകുന്നു. ഇതിനെല്ലാം എം.പിക്ക് എന്താണ് പങ്ക് എന്ന ചോദ്യത്തിനുള്ള ഉത്തരം, പരിഷത്തിന്റെ പാർട്ടി ഫ്രാക്ഷൻ മിക്കവാറും എം.പിയുടെ നേതൃത്വത്തിലായിരുന്നു എന്നതു മാത്രമാണ്.
1975-ൽ ശാസ്ത്രസാഹിത്യപരിഷത്തിനെ സി.പി.ഐ- എമ്മിന്റെ ഒരു സാംസ്കാരികസംഘടനയായി പി. ടി. ഭാസ്കരപ്പണിക്കർ അവതരിപ്പിക്കുന്നുണ്ടെങ്കിലും പരിഷത്തിനെ പിടിച്ചെടുക്കാനുള്ള സി.പി.ഐ- എം പരിശ്രമം രൂക്ഷമാകുന്നത് സൈലൻറ് വാലി പ്രക്ഷോഭത്തിനുശേഷമാണ്.
എൺപതുകളുടെ രണ്ടാം പകുതിയിൽ ശാസ്ത്രസാഹിത്യപരിഷത്ത് വളരെ വലിയ മാറ്റങ്ങൾക്ക് വിധേയമാകുന്നുണ്ട്. അത് ഒരു എൻ ജി ഒ ആയി പരിവർത്തനപ്പെടുന്നതിനെക്കുറിച്ച് ഞാൻ സൂചിപ്പിച്ചല്ലോ. സർക്കാരിന്റെ സമ്പൂർണ്ണ സാക്ഷരതാപദ്ധതി നടപ്പിലാക്കുന്ന സംഘടനയായി ശാസ്ത്രസാഹിത്യപരിഷത്ത് മാറുന്നു. സി.പി.ഐ- എം വർഗ്ഗരാഷ്ട്രീയസംഘടനയെന്ന നിലയിലുള്ള സംഘാടനപ്രവർത്തനങ്ങൾ അവസാനിപ്പിക്കുകയും ബഹുജനസംഘടനയായി മാറിത്തീരാൻ ശ്രമിക്കുകയും ചെയ്യുന്ന സന്ദർഭം കൂടിയായിരുന്നു ഇത്. പാട്രിക് ഹെല്ലർ ഈ പ്രവണതയെ കുറിച്ചു പറയുന്നുണ്ട്. പരിഷത്തിന്റെ മാറ്റം ഇതിന് അനുപൂരകമായിരുന്നു.
ഇന്ത്യയിൽ ഔപചാരിക വിദ്യാഭ്യാസപരിപാടികൾക്ക് പണം നിക്ഷേപിക്കുന്നത് അനാദായകരമാണ് എന്ന സ്റ്റീഫൻ പി. ഹൈൻമാനെ പോലുള്ള ലോകബാങ്ക് വിദഗ്ദ്ധരുടെ നിർദ്ദേശങ്ങളാണ് സാക്ഷരതാപദ്ധതികൾ പോലുള്ള അനൗപചാരിക വിദ്യാഭ്യാസപദ്ധതികൾക്കു മാർഗ്ഗനിർദ്ദേശകമാകുന്നതെന്നും ദരിദ്രരാജ്യങ്ങളിലെ ഭരണവർഗങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസരംഗത്തെ പ്രതിസന്ധി പരിഹരിക്കാനായി സൃഷ്ടിക്കപ്പെട്ട ആഗോളപദ്ധതികളുടെ ഭാഗമാണിതെന്നും പി.ജെ. ജെയിംസിനെ പോലുള്ള രാഷ്ട്രീയപ്രവർത്തകർ സാക്ഷരതാപദ്ധതിയെ വിമർശിക്കുന്നുണ്ട്.
സാക്ഷരത എന്താണെന്ന് സ്വന്തമായി നിർവ്വചിക്കാനോ ആ ലക്ഷ്യത്തെ മുൻനിർത്തി പ്രവർത്തിക്കാനോ പോലും തയ്യാറാകാതിരുന്ന പരിഷത്ത് ഒരാൾക്ക് തന്റെ പേരെഴുതി ഒപ്പിടാനുള്ള കഴിവാണ് സാക്ഷരതയെന്ന ഭരണകൂടവിദഗ്ദ്ധരുടെ അഭിപ്രായം സ്വീകരിച്ചുവെന്നു പറയണം. ഒരു ശാസ്ത്രപ്രസ്ഥാനം ഇങ്ങനെയൊരു നിർവ്വചനത്തെ സ്വീകരിക്കുന്നതിലെ അപഹാസ്യത പ്രത്യേകം പറയേണ്ടതില്ലല്ലോ? സാക്ഷരതാപദ്ധതിക്ക് നേതൃത്വം നൽകുമ്പോൾ സംഘടനയുടെ ഉയർന്ന തോതിലുള്ള വളർച്ച പരിഷത്ത് ലക്ഷ്യം വച്ചിരുന്നു. എന്നാൽ, പദ്ധതിയുടെ നടത്തിപ്പിനുശേഷം അതിൻറെ ഏറ്റവും പഴക്കം ചെന്ന മാസികയുടെ പ്രസിദ്ധീകരണത്തിൽ പോലും മാന്ദ്യം സംഭവിച്ചുവെന്നതായിരുന്നു ഫലം. (ഈ സങ്കടകരമായ സ്ഥിതിയെ ചൂണ്ടിക്കൊണ്ട് 'ശാസ്ത്രഗതി'യിൽ ഞാൻ ഒരു കത്ത് പ്രസിദ്ധീകരിച്ചിരുന്നു. ഇതിന്റെ തുടർച്ചയിലാണ് പരിഷത്തിൽനിന്ന് ഞാൻ വിട്ടുപോരുന്നത്.)

പരിഷത്തിന്റെ പ്രവർത്തനങ്ങൾ കേവലം ഉപകരണാത്മകയുക്തിയിലേക്കു ചുരുങ്ങുകയും ഒരു എൻ ജി ഒ എന്ന നിലയിലേക്കു പരിവർത്തിക്കപ്പെടുകയും ചെയ്തുകഴിഞ്ഞിരുന്നു. ജനകീയശാസ്ത്രപ്രസ്ഥാനത്തിന്റെ സർഗാത്മകമായ പ്രവർത്തനമേഖലയെ സർക്കാർ ഉത്തരവുകൾക്കനുസൃതം പ്രവർത്തിക്കുന്ന എൻ ജി ഒ പ്രവർത്തനമാക്കി മാറ്റിയതിൽ എം.പിയുടെ പാർട്ടിവിധേയത്വത്തിനു വലിയ പങ്കുണ്ട്.
പിൽക്കാലത്ത് ഡി പി ഇ പിയും ജനകീയാസൂത്രണവും ഉൾപ്പെടെയുള്ള സർക്കാർ പദ്ധതികളും പരിഷത്ത് ഏറ്റെടുത്തു നടപ്പിലാക്കുന്നു. ഇപ്പോൾ, പ്രവർത്തനത്തിനുള്ള പണം സ്വരൂപിക്കാനായി ശാസ്ത്രപുസ്തകപ്രചാരണം മാർഗ്ഗമായി കണ്ട ആദ്യകാല പ്രവർത്തനങ്ങളുടെ കാലത്തുനിന്ന് വ്യത്യസ്തമായി സർക്കാരിന്റെ വിവിധ ഫണ്ടുകൾ അതിന്റെ വരുമാനസ്രോതസായി മാറുന്നുണ്ട്. ഇതിന്റെ തുടർച്ചയിൽ സർക്കാർ പദ്ധതികൾക്കനുസൃതം പരിഷത്തിന്റെ പരിപാടികൾ ക്രമീകരിക്കപ്പെട്ടു. പരിഷത്തിനെ തേടി അന്താരാഷ്ട്ര പുരസ്കാരങ്ങളെത്തി. യുനെസ്കോ നൽകുന്ന സാക്ഷരതാ അവാർഡും റൈറ്റ് ലവ്‍ലി ഹുഡ് അവാർഡും പരിഷത്തിന് സമ്മാനിക്കപ്പെടുന്നു. സാക്ഷരതാപദ്ധതിയുടെ തുടർച്ചയിൽ സംഭവിച്ചതുപോലെതന്നെ പ്രവത്തനങ്ങളിൽ ഇടിവു സംഭവിക്കുന്നതിലേക്കാണ് ഇത് എത്തിച്ചേരുന്നത്.
2000-01 വർഷത്തെ പരിഷത്തിന്റെ സ്വയം വിലയിരുത്തൽ റിപ്പോർട്ട്, പ്രവർത്തനങ്ങളിൽ വേണ്ടത്ര സജീവത പുലർത്താനായില്ലെന്ന് സമ്മതിക്കുന്നുണ്ട്. അതേസമയം പരിഷത്തുമായുള്ള സഹകരണം മൂലം വിപ്ലവനിലപാടുകളിൽ അയവുണ്ടായി എന്ന വിമർശനം പാർട്ടിയിൽ നിന്നും ഉയരുന്നു. എം.പിയുടെ നാലാംലോകവാദം ഈ വിമർശനങ്ങളെ ത്വരിപ്പിച്ചു. പരിഷത്തിനുള്ളിൽ പാർട്ടിയുടെ ശബ്ദവും സാന്നിദ്ധ്യവുമായിരുന്ന എം.പി പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെടുന്നതാണ് നാം പിന്നെ കാണുന്നത്. എം.എൻ. വിജയന്റെ നേതൃത്വത്തിൽ പാഠം മാസിക ഉയർത്തിക്കൊണ്ടുവന്ന വിമർശനങ്ങളും സി.പി.ഐ- എമ്മിലെ വിഭാഗീയപ്രവണതകളും എല്ലാം ചേർന്നു സൃഷ്ടിച്ച അവസ്ഥയിൽ മുഖം രക്ഷിക്കാനുള്ള സി.പി.ഐ- എം ക്രമീകരണം മാത്രമായിരുന്നു നാലാംലോകവാദത്തിന്റെ പേരിൽ എം.പി. പരമേശ്വരനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടി. തന്റെ ആത്മകഥയിൽ എം.പി അതിനെ അങ്ങനെ കാണുന്നുണ്ട്. താൻ പുറത്താക്കപ്പെടുന്നെങ്കിൽ പുറത്താക്കപ്പെടേണ്ട മറ്റുള്ളവരെ കുറിച്ച് എം.പിക്ക് അറിയാമായിരുന്നുവെന്നും കരുതണം. നാലാം ലോകവാദം മാർക്സിസ്റ്റ് വിരുദ്ധമാണെന്ന വിമർശനം ആദ്യമായി ഉയർത്തിയത് സി.പി.ഐ- എം ആയിരുന്നില്ലെന്നും കാണണം. ചില നക്സലൈറ്റ് സംഘടനകളാണ് ഈ വാദം ആദ്യം ഉയർത്തുന്നത്.
തന്റെ ശാസ്ത്രപ്രവർത്തനത്തിലെ പോരായ്മകളെയും കുറവുകളെയും തിരിച്ചറിയുന്നതിനു കൂടി പാർട്ടിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നുള്ള മോചനം എം.പി. പരമേശ്വരനെ സഹായിച്ചിരിക്കണം.
എം.പി. പരമേശ്വരൻ പാർട്ടിയിൽനിന്ന് പുറത്തായെങ്കിലും സി.പി.ഐ- എം പ്രവർത്തകർ പരിഷത്ത് പ്രവർത്തകരായി എം.പിയോടൊപ്പം തുടരുന്നുണ്ടായിരുന്നു. ഇപ്പോൾ എം.പി പരമേശ്വരന് ആദരാഞ്ജലികൾ അർപ്പിക്കുന്ന സി.പി.ഐ- എം പ്രവർത്തകരിലേറെയും അദ്ദേഹം ശാസ്ത്രപ്രചരണത്തിനു നൽകിയ സംഭാവനകളെ അനുസ്മരിക്കുന്നു, അദ്ദേഹത്തെ പാർട്ടിയിൽനിന്ന് പുറത്താക്കിയ നടപടിയെ സൂചിപ്പിക്കാതിരിക്കുന്നു.
സി.പി.ഐ- എം വിമർശകരോ, അദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കിയ നടപടിയിൽ ഊന്നിയാണ് അനുസ്മരണങ്ങൾ പൂർത്തിയാക്കുന്നത്. പാർട്ടിയിൽനിന്ന് പുറത്തുവന്ന ശേഷം ജൊനാഥൻ വോൾഫിനെയും മാർത്താ ഹാർനെക്കറെയും ഹാൻസ് ഹൈൻത് ഹോൾസിനെയും മൈക്കേൽ ലെബോവിത്സിനെയും ഒക്കെ മലയാളത്തിലേക്ക് വിവർത്തനം ചെയ്ത് തന്റെ നിലപാടുകളെ ഉറപ്പിക്കാൻ ശ്രമിക്കുന്ന എം.പിയെയും കാണണം. തന്റെ ശാസ്ത്രപ്രവർത്തനത്തിലെ പോരായ്മകളെയും കുറവുകളെയും തിരിച്ചറിയുന്നതിനു കൂടി പാർട്ടിയുടെ ധൃതരാഷ്ട്രാലിംഗനത്തിൽ നിന്നുള്ള മോചനം അദ്ദേഹത്തെ സഹായിച്ചിരിക്കണം.

പാർട്ടിയിൽനിന്ന് എം.പി പുറത്താക്കപ്പെട്ടതിനു ശേഷമുള്ള പരിഷത്ത് എങ്ങനെയായിരുന്നു? സി.പി.ഐ- എം പ്രവർത്തകരോ അനുഭാവികളോ ആയിട്ടുള്ള പരിഷത്ത് പ്രവർത്തകർക്ക് അദ്ദേഹത്തോടുള്ള ആദരവിന് ഒരു കുറവുമുണ്ടായിരുന്നില്ല. പാർട്ടി പുറത്താക്കിയ എം.പി. പരമേശ്വരൻ പരിഷത്തിൽ തുടരുന്നുണ്ടല്ലോ? പരിഷത്തും പാർട്ടിയും പാർട്ടിസഖാക്കളിൽ സൃഷ്ടിക്കുന്ന വൈരുദ്ധ്യം എങ്ങനെയാണ് പരിഹരിക്കുന്നതെന്ന അത്ഭുതം പുറത്തു നിൽക്കുന്നവർക്കേ ഉണ്ടായിരുന്നുള്ളൂ.
എന്നാൽ, കെ- റെയിൽ ചർച്ച നടന്നിരുന്ന കാലത്ത്, ഭരണത്തെ പിന്താങ്ങുന്ന സമീപനമുള്ളവരും കെ- റെയിലിനെതിരായ സമീപനമുള്ളവരും പരിഷത്തിലുണ്ടെന്നു തോന്നിപ്പിക്കുന്ന ചില കാര്യങ്ങൾ സംഭവിക്കുന്നുണ്ട്. പരമേശ്വരൻ പാർട്ടിയിൽനിന്ന് പുറത്താക്കപ്പെട്ടതിനു ശേഷമുള്ള പരിഷത്തിൽ, സജീവമായ ശാസ്ത്രപ്രവർത്തനം ഓർമ്മകളിൽ മാത്രമായിരിക്കുന്നുവെന്നാണ് തോന്നിയിട്ടുള്ളത്. സർഗാത്മകതയോ ഉപകരണാത്മകയുക്തിയോ ഒന്നും അതിനെ ഉത്സാഹപ്പെടുത്തുന്നില്ല.
അണുശാസ്ത്രജ്ഞനിൽ നിന്ന് ജനകീയ ശാസ്ത്രപ്രവർത്തനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അയവില്ലാത്ത ചട്ടക്കൂടുകളിൽനിന്ന് ജനാധിപത്യപരമായ കൂട്ടായ്മകളിലേക്കും സഞ്ചരിക്കുന്ന എം.പിയുടെ പ്രവർത്തനങ്ങൾ വരുംകാല ജനകീയശാസ്ത്രപ്രവർത്തനത്തിന് പാഠമാകേണ്ടതാണ്.
ശാസ്ത്രസാഹിത്യപരിഷത്ത് സി.പി.ഐ- എമ്മിന്റെ ബഹുജനസംഘടന തന്നെയാണെന്നിരിക്കട്ടെ. അങ്ങനെയെങ്കിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയും ബഹുജനസംഘടനകളും തമ്മിലുള്ള ബന്ധം എങ്ങനെയായിരിക്കണമെന്ന പഴയ പ്രശ്നത്തെ പരിഷത്തിന്റെ അനുഭവങ്ങൾ വീണ്ടും ഉയർത്തിക്കൊണ്ടുവരുന്നുണ്ട്.
കമ്മ്യൂണിസ്റ്റ് പാർട്ടികളിൽ നിന്ന് അകന്നു പോയവരെന്ന നിലയ്ക്ക് എം. പി. പരമേശ്വരനും കെ. വേണുവിനും ചില സമാനതകളുണ്ട്. ഇരുവരും പ്രസ്ഥാനത്തിന്റെയോ സവിശേഷ പാർട്ടിയുടെയോ പ്രശ്നങ്ങളെ കുറിച്ച് അന്വേഷണങ്ങൾ നടത്തുകയും വിമർശനങ്ങൾ ഉയർത്തുകയും ആന്തരിക ജനാധിപത്യത്തെ കുറിച്ചു പറയുകയും ചെയ്തെങ്കിലും പാർട്ടിപ്രവർത്തകരായിരുന്ന കാലത്ത് തങ്ങൾ നേതൃത്വം വഹിച്ചിരുന്ന യൂണിറ്റുകളിൽ സ്വീകരിച്ചിരുന്ന സമീപനങ്ങൾ ജനാധിപത്യാനുസാരിയായിരുന്നോ എന്ന് സ്വയം വിമർശനപരമായി കാണുന്നതിൽ വിമുഖത കാണിച്ചു. ഇരുവരുടെയും ചുറ്റിലുമുള്ള ഭക്തസംഘങ്ങളും ഒരു സമാനതയാണ്. എം.പി. പരമേശ്വരൻ വേണുവിനെ പോലെ മുതലാളിത്തത്തിന്റെ അപ്പോസ്തലനായി മാറിയില്ലെന്നത് ശ്രദ്ധേയമാണ്. അത് അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെയും വീക്ഷണത്തിന്റെയും ധനാത്മകതയെ കാണിക്കുന്നതുമാണ്.

എല്ലാ വിമർശനങ്ങൾക്കുമപ്പുറം ഈ മനീഷിയുടെ ശുഭകാമനകളോടെയുള്ള പ്രവർത്തനങ്ങൾ ആരാലും ശ്ലാഘിക്കപ്പെടുന്നതാണ്. അണുശാസ്ത്രജ്ഞനിൽ നിന്ന് ജനകീയശാസ്ത്രപ്രവർത്തനത്തിലേക്കും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അയവില്ലാത്ത ചട്ടക്കൂടുകളിൽനിന്ന് ജനാധിപത്യപരമായ കൂട്ടായ്മകളിലേക്കും സഞ്ചരിക്കുന്ന ആ പ്രവർത്തനങ്ങൾ വരുംകാല ജനകീയശാസ്ത്രപ്രവർത്തനത്തിന് പാഠമാകേണ്ടതാണ്.
എം..പിക്ക് ആദരാഞ്ജലികൾ.

