ഒ.പിയിൽ തിക്കും തിരക്കും പതിവുള്ളതാണങ്കിലും ഒ.പി.യും പകലും ഒരുപോലെ ഉച്ചസ്ഥായിലെത്തി നിൽക്കുമ്പോഴാണ് ഞാനാ വഴക്ക് ശ്രദ്ധിച്ചത്.
വെളുത്ത് മെലിഞ്ഞൊരു വയോധികൻ എന്നെ പരിചയമുണ്ടെന്നുപറഞ്ഞ് കാണാൻ മുൻഗണന ചോദിച്ചുനിൽക്കുകയാണ്.
തിരക്കുകൂട്ടുന്നവരെ പണിപ്പെട്ട് നിയന്ത്രിക്കുന്ന സിസ്റ്ററെ വിഷമിപ്പിക്കാതെ ഒരുവിധം ഞാൻ അദ്ദേഹത്തെ എന്റെയടുത്തേക്ക് വരാനനുവദിച്ചു.
എവിടെയോ കണ്ടുമറഞ്ഞ രൂപമെങ്കിലും തിരിച്ചറിയാനാവാതെ കുഴഞ്ഞ എന്നോട് അയാൾ സ്വയം പരിചയപ്പെടുത്തി, ‘സാറേ, ഞാൻ രഘു... രഘുനാഥൻ പിള്ള, ഓർമ ഡ്രൈവിങ് സ്‌കൂൾ സാറിനെ കാറോടിപ്പിക്കാൻ...'', അയാൾ മുഴുവനാക്കുന്നതിനിടെ രണ്ടു പതിറ്റാണ്ടുകൾക്കുമുൻപേ ഒരു അംബാസഡർ കാറിൽ എന്നിൽ നിന്ന് ദക്ഷിണ വാങ്ങി കാറിന്റെ വളയം ഏല്പിച്ച രഘുവേട്ടനാണതെന്ന് എനിക്ക് പിടികിട്ടി. എന്തുപറ്റി? എന്തായിവിടെ? എന്ന് ചോദിക്കുന്നതിനിടെ അദ്ദേഹത്തിന്റെ മുഖം മാറി, സങ്കടം തെല്ലൊന്നു നിയന്ത്രിച്ച് അയാൾ ഭാര്യയെയും മകളെയും കൂടി എന്റെയടുത്ത് എത്തിച്ചു.
പലപ്പോഴും കാൻസർ സംബന്ധിച്ച ചാനൽ ചർച്ചകളും മറ്റും കഴിഞ്ഞ് വരുമ്പോൾ എന്റെ മകൻ കളിയും കാര്യവുമായി ചോദിക്കുമായിരുന്നു, ‘അച്ഛൻ, ആ ഒരൊറ്റ കാരണം പറഞ്ഞല്ലോ, അല്ലേ?’
ശ്വാസകോശത്തിൽ കാൻസർ വന്ന് അന്നുരാവിലെ രഘുവേട്ടൻ ആർ.സി.സി.യിലെത്തിയിട്ടേ ഉണ്ടായിരുന്നുള്ളൂ. വേദനയും മറ്റുചില അസ്വസ്ഥതകളും ഉള്ളതുകൊണ്ടാണ് രഘുവേട്ടനെ ആശുപത്രിയിലേക്ക് വന്ന ദിവസം തന്നെ പാലിയേറ്റീവ് കെയർ ക്ലിനിക്കിൽ കൂടി കാണിക്കാൻ വിട്ടത്. മുൻകാലത്താണെങ്കിൽ പാലിയേറ്റീവ് കെയറിനെ പലപ്പോഴും മരണാസന്നരായ രോഗികളുടെ പരിചരണം മാത്രമായി പലരും കണ്ടിരുന്നു. അതുകൊണ്ടുതന്നെ, പാലിയേറ്റീവ് കെയർ തുടങ്ങിയാൽ വേഗം മരിച്ചുപോകുമെന്ന് കരുതി കാൻസർ ചികിത്സകർ രോഗിയെ പാലിയേറ്റീവ് ക്ലിനിക്കിലേക്ക് റഫർ ചെയ്താലും രോഗിയും കുടുംബവും പലപ്പോഴും സാന്ത്വനപരിചരണം തേടാൻ മടിക്കുമായിരുന്നു. ലോകമെമ്പാടും മാതൃകയായി മാറിയ പാലിയേറ്റീവ് കെയർ രംഗത്തെ നമ്മുടെ നാട്ടിലെ ജനകീയമുന്നേറ്റവും, എന്റെ ഗുരുനാഥൻ കൂടിയായ ഡോ. എം.ആർ. രാജഗോപാൽ ഉൾപ്പെടെയുള്ള ആദ്യകാല പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ നിരന്തര പരിശ്രമവും ജനങ്ങൾക്കിടയിലെ തെറ്റിദ്ധാരണകൾ ഒരുപാട് മാറ്റി.
ദീർഘകാലം നീണ്ടുനിൽക്കുന്ന, ജീവിതനിലവാരത്തെ സാരമായി ബാധിക്കുന്ന രോഗങ്ങൾ ബാധിച്ചവരുടെ സമ്പൂർണവും ക്രിയാത്മകവുമായ പരിചരണമാണ് പാലിയേറ്റീവ് കെയർ. രോഗം മാറ്റാൻ സാധിച്ചാലും ഇല്ലെങ്കിലും ഒരു രോഗിക്ക് അവശ്യം വേണ്ടത് സൗഖ്യമാണെന്ന തിരിച്ചറിവുതന്നെയാണ് ആധുനിക വൈദ്യശാസ്ത്രത്തിൽ ഇങ്ങനെയൊരു ശാഖ ജനിക്കാൻ കാരണം. ശാസ്ത്രീയതയും സഹാനുഭൂതിയും ഒത്തുചേരുന്ന പാലിയേറ്റിവ് കെയറിൽ രോഗിയോടൊപ്പം കുടുംബാംഗങ്ങൾക്കും മതിയായ പരിഗണന ലഭിക്കുന്നുവെന്നത് ശ്രദ്ധേയമാണ്. സാന്ത്വനപരിചരണം രോഗിയുടെ മരണത്തെ നീട്ടിവയ്ക്കുകയോ വേഗത്തിലാക്കുകയോ ചെയ്യുന്നില്ലെന്ന അറിവ് ആദ്യകാലത്ത് ലഭിച്ച വേദികളിലൊക്കെ ഞങ്ങൾ പങ്കുവയ്ക്കാൻ ശ്രമിച്ചിരുന്നു.
അങ്ങനെയിരിക്കേയാണ് ദി ന്യൂ ഇംഗ്ലണ്ട് ജേർണൽ ഓഫ് മെഡിസിനിൽ ചരിത്രം കുറിച്ച് ഗൗരവകരമായ പഠനത്തിന്റെ ഫലം പ്രസിദ്ധപ്പെടുത്തിയത്. ശ്വാസകോശാർബുദത്തിന്റെ ഒരു പ്രധാന വിഭാഗമായ നോൺ സ്മോൾ സെൽ ലംഗ് കാൻസർ രോഗം, ശ്വാസകോശത്തിനുപുറമേ പടർന്നുകഴിഞ്ഞ അവസ്ഥയിലുള്ളവർക്ക് രോഗനിർണയം നടന്നയുടൻ പാലിയേറ്റീവ് കെയറും നൽകിത്തുടങ്ങി, അത് തുടർന്നു. അവരുടെ ജീവിതം പഠനവിധേയമാക്കി. 2010 ആഗസ്റ്റ് 19-ന് പ്രസിദ്ധീകരിച്ച ആ പഠനറിപ്പോർട്ട് പാലിയേറ്റീവ് കെയറിൽ നിന്ന്മുഖംതിരിച്ചുനിന്ന മഹാഭൂരിപക്ഷം പേരെയും ആഴത്തിൽ ചിന്തിപ്പിച്ചു. മേൽപ്പറഞ്ഞ രീതിയിൽ ശ്വാസകോശാർബുദം ബാധിച്ചവർക്ക് രോഗനിർണയം നടന്നയുടൻ മുതൽ സാന്ത്വനപരിചരണം കൂടി ഉറപ്പാക്കിയപ്പോഴുണ്ടായ ഫലം അത്രയ്ക്ക് ശ്രദ്ധ ക്ഷണിക്കുന്നതായിരുന്നു. രോഗനിർണയം മുതൽക്കേ പാലിയേറ്റീവ് കെയറും ലഭിച്ച രോഗികളുടെ ജീവിതനിലവാരവും ഉന്മേഷവും വർധിക്കുക മാത്രമല്ല, അക്കൂട്ടർ താരതമ്യേന കൂടുതൽ കാലം ജീവിച്ചിരിക്കുക കൂടി ചെയ്തുവെന്ന പ്രസ്തുത പഠന റിപ്പോർട്ട് ലോകവ്യാപകമായി പാലിയേറ്റീവ് കെയർ രംഗത്ത് നയപരമായും സാമൂഹ്യപരമായും വൻ ചലനങ്ങൾ സൃഷ്ടിച്ചു.
‘‘സാറു പറഞ്ഞിട്ടും പുകവലി നിർത്താതിരുന്ന എന്നോട് ഒരു ദിവസം അര മണിക്കൂറെങ്കിലും സാറിന്റെ ഈ ഒ.പി.യിൽ വന്നിരുന്നിട്ടും വലിക്കാൻ തോന്നുന്നെങ്കിൽ ആയിക്കോളൂ എന്നായിരുന്നു അന്ന് സാറെനിക്ക് നൽകിയ നിർദേശം. അന്നത് ചെവിക്കൊണ്ടിരുന്നെങ്കിൽ ഇന്ന് ഞാനൊരു രോഗിയായി സാറിന്റെ മുൻപിൽ ഒരു പക്ഷെ വരേണ്ടി വരുമായിരുന്നില്ല.’’, രഘുവേട്ടന്റെ വാക്കുകൾ എന്നെ വല്ലാതെ ചിന്താകുലനാക്കി.
പലപ്പോഴും കാൻസർ സംബന്ധിച്ച ചാനൽ ചർച്ചകളും മറ്റും കഴിഞ്ഞ് വരുമ്പോൾ എന്റെ മകൻ കളിയും കാര്യവുമായി ചോദിക്കുമായിരുന്നു, ‘അച്ഛൻ, ആ ഒരൊറ്റ കാരണം പറഞ്ഞല്ലോ, അല്ലേ?’
ഞാൻ എങ്ങനെയത് പറയാതിരിക്കും. ലോകാരോഗ്യ സംഘടന തന്നെ വ്യക്തമാക്കിയതാണ് ആ സത്യം. ഇന്ത്യയിൽ വിവിധ കാൻസർ ചികിത്സാകേന്ദ്രങ്ങളിൽ കാൻസറുമായെത്തിച്ചേരുന്ന ഓരോ നൂറുപേരിലും നാൽപ്പതുപേർക്ക് ആ രോഗം വരാൻ ഒരു കാരണമേയുള്ളൂ. ഒരൊറ്റ കാരണമേയുള്ളൂ, പുകയില. രഘുവേട്ടനെ കെണിയിൽപ്പെടുത്തിയതും അദ്ദേഹം തുടർന്നുവന്ന പുകവലി തന്നെ.
സാധാരണ വേദനസംഹാരികൾ വയറെരിച്ചിൽ ഉണ്ടാക്കുമ്പോൾ മോർഫിൻ വെറും വയറ്റിലും ധൈര്യമായി കഴിക്കാം. വേദനയെടുത്തിരിക്കുമ്പോൾ ആഹാരം കഴിച്ചിട്ടില്ലെങ്കിലും കഴിക്കാവുന്ന വേദനസംഹാരിയെന്ന മോർഫിനെ ‘ദൈവത്തിന്റെ സ്വന്തം മരുന്ന്’ എന്ന് വില്യം ഓസ്ലർ വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം!
എന്നാൽ ഇനി കുറ്റപ്പെടുത്തലിന് സ്ഥാനമില്ല. രോഗനിയന്ത്രണത്തിനും ദുരിതനിവാരണത്തിനും വേണ്ടതെല്ലാം രഘുവേട്ടന് ചെയ്തുകൊടുക്കണം. അത് മാത്രമാണ് എന്റെ മുന്നിലെ ചിന്ത. വേദനയും ശ്വാസംമുട്ടലും ചുമയും രഘുവേട്ടനെ വല്ലാതെ അലട്ടിയിരുന്നു. രോഗവിവരങ്ങൾ കേട്ടു മനസ്സിലാക്കിയതിനുശേഷം ഞാൻ അദ്ദേഹത്തെ പരിശോധിച്ചു. രാവിലെ നടത്തിയ രക്തപരിശോധനാഫലങ്ങളും കമ്പ്യൂട്ടറിൽ തിരക്കി. മരുന്ന് കുറിച്ചതിനുശേഷം ഓരോ മരുന്നിനേയും കുറിച്ച് പറഞ്ഞുതുടങ്ങിയതോടെ പുകിലായി. മോർഫിനെന്ന വാക്കു പറഞ്ഞതും മകളാണ് ഇടപെട്ടത്, ‘അയ്യോ, അച്ഛന് മോർഫിൻ തുടങ്ങുകയാണോ?'
മകളുടെ വാക്കുകൾ എന്നോടുള്ള ഭയഭക്തി ബഹുമാനത്തിൽ മൗനം പാലിച്ചിരുന്ന രഘുവേട്ടനെയും ഭാര്യയെയും പോലും അസ്വസ്ഥമാക്കുന്നത് ഞാൻ ശ്രദ്ധിച്ചു. അതുകൊണ്ടുകൂടിയാണ് രഘുവേട്ടന് മോർഫിൻ തന്നെ തുടങ്ങിയത്.
‘വേദനയുടെ മരുന്നൊക്കെ കിഡ്‌നിയെയും മറ്റും ദോഷകരമായും ബാധിക്കുമെന്ന് കേട്ടിട്ടുണ്ടല്ലോ. അതിനേക്കാൾ ഭേദം കുറച്ച് വേദനയൊക്കെ പൊരുത്തപ്പെട്ട് മുന്നോട്ടുപോകുന്നതല്ലേ?’, രഘുവേട്ടന്റെ മകൾ വിടുന്ന മട്ടില്ല.
ഞാൻ മെല്ലെ മോർഫിന്റെ സവിശേഷതകൾ വിവരിച്ചു. സാധാരണ വേദനസംഹാരികൾ വയറെരിച്ചിൽ ഉണ്ടാക്കുമ്പോൾ മോർഫിൻ വെറും വയറ്റിലും ധൈര്യമായി കഴിക്കാം. വേദനയെടുത്തിരിക്കുമ്പോൾ ആഹാരം കഴിച്ചിട്ടില്ലെങ്കിലും കഴിക്കാവുന്ന വേദനസംഹാരിയെന്ന മോർഫിനെ ‘ദൈവത്തിന്റെ സ്വന്തം മരുന്ന്’ എന്ന് വില്യം ഓസ്ലർ വിളിച്ചില്ലെങ്കിലല്ലേ അത്ഭുതം!
പിന്നെ നമ്മുടെ വൃക്കയുടെ പ്രശ്‌നം. മോർഫിൻ കിഡ്‌നിക്ക് ദോഷമൊന്നും വരുത്തിവയ്ക്കില്ല. എന്നാൽ മോർഫിന്റെ പുറന്തള്ളൽ വൃക്കകളിലൂടെയായതിനാൽ അവയുടെ പ്രവർത്തനത്തിന് തകരാർ സംഭവിച്ചവരിൽ, മോർഫിൻ കൂടുതൽ നേരം ശരീരത്തിൽ തുടരാനിടയാക്കും. അതുകൊണ്ടുതന്നെ കിഡ്‌നിയുടെ പ്രവർത്തനം മോശമാണെങ്കിൽ അതിന്റെ തീവ്രതയ്ക്കനുസരിച്ച് മോർഫിന്റെ ഡോസും കൊടുക്കുന്ന ഇടവേളകളും ക്രമപ്പെടുത്താറുണ്ട്. സാധാരണഗതിയിൽ നാലു മണിക്കൂർ കൂടുമ്പോഴാണ് മോർഫിൻ കഴിക്കേണ്ടത്. രാവിലെ ആറ് മണി, പത്ത് മണി, രണ്ട് മണി, വൈകീട്ട് ആറ് മണി എന്നീ നേരങ്ങളിൽ ഒരു ഡോസും (ഉദാ. 5 മില്ലിഗ്രാം) രാത്രി പത്ത് മണിക്ക് മാത്രം ഇരട്ടി ഡോസും (ഉദാ. 10 മില്ലിഗ്രാം) ആയി ആണ് മോർഫിൻ നൽകുന്നത്.
വൃക്കരോഗത്തിന്റെ തീവ്രതയനുസരിച്ച് മോർഫിൻ നാലുമണിക്കൂർ ഇടവേളകളിൽ നൽകുന്നത് ഒഴിവാക്കി ആറ് മണിക്കൂർ, എട്ട് മണിക്കൂർ, 12 മണിക്കൂർ എന്നിങ്ങനെയുള്ള ഇടവേളകളിൽ മാത്രമായി ചുരുക്കാറുമുണ്ട്. എന്നാലും, രോഗിക്ക് മരുന്ന് കഴിക്കാൻ നിർദേശിച്ചിരിക്കുന്ന ഇടവേളയ്ക്കിടയിൽ വേദന അനുഭവപ്പെടുകയാണെങ്കിൽ ഒരു അധിക ഡോസ് മോർഫിൻ കഴിക്കാവുന്നതാണ്. വേദനസംഹാരികൾ പാലിയേറ്റീവ് പരിചരണത്തിലുള്ള രോഗിക്ക് നൽകുന്നത് വേദനയ്ക്ക് ശമനം നൽകാൻ മാത്രമല്ല, വേദന വരാതിരിക്കൽ ഉറപ്പുവരുത്തുന്നതിനുകൂടിയാണ്. സാധാരണ മരുന്നുകളിൽ ബഹുഭൂരിപക്ഷവും ശരീരത്തിന്റെ ഭാരമനുസരിച്ചാണ് ഡോസ് നിർണയിക്കപ്പെടുന്നത്. എന്നാൽ മോർഫിന്റെ കാര്യം അങ്ങനെയല്ല. വേദനയുടെ തീവ്രതയും സ്വഭാവവും അനുസരിച്ചാണ് മോർഫിന്റെ ഡോസ് തീരുമാനിക്കുന്നത്. കാര്യങ്ങൾ വിശദമായി മനസ്സിലാക്കിയ രഘുവേട്ടനും കുടുംബവും സമാധാനത്തോടെ എന്റെ മരുന്നുചീട്ടുമായി ഒ.പി.യിൽ നിന്ന് പുറത്തേയ്ക്കിറങ്ങി. ഞാൻ എന്റെ തിരക്കിലേയ്ക്കും.
ഉച്ചഭക്ഷണം കഴിഞ്ഞ് ഒ.പി.യിലേയ്ക്ക് തിരികെ നടക്കുമ്പോൾ ഫാർമസിയിൽ നിന്ന് മരുന്ന് വാങ്ങിവരുന്ന രഘുവേട്ടന്റെ മകൾ എന്നെ വീണ്ടും കണ്ടുമുട്ടി. ‘അല്ല, ഡോക്ടർ, അച്ഛന്റെ കാര്യം സീരിയസാണല്ലേ. ഒ.പി.യിൽ വച്ച് എല്ലാം ശരിയാകുമെന്ന് പറഞ്ഞ് ഞങ്ങളെ വെറുതെ സമാധാനിപ്പിച്ചതാണെന്ന് എനിക്ക് മനസ്സിലായി’, അവൾ വിടുന്ന മട്ടില്ല.
ചിലരങ്ങനെയാണ്. സംശയങ്ങളുടെ കെട്ടഴിച്ചാൽ മറുപടി പറഞ്ഞുതീർക്കാൻ പ്രയാസമാണ്. രോഗികളുടെ എണ്ണം കൊണ്ട് വീർപ്പുമുട്ടുന്ന നമ്മുടെ ഒ.പി. മുറികളിൽ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും എല്ലാ സംശയങ്ങൾക്കും നിവൃത്തി വരുത്തി മുന്നോട്ടുപോവുക ശ്രമകരമായ ദൗത്യം തന്നെയാണ്. പാലിയേറ്റീവ് കെയറിലൂടെ എല്ലാം ശരിയാകുമെന്നല്ല, മറിച്ച് ബുദ്ധിമുട്ടുകൾക്കെല്ലാം നല്ല സമാധാനം ലഭിക്കുമെന്ന് ഞാനവളെ ബോധ്യപ്പെടുത്തി. ദേ, വരുന്നു, അടുത്ത ചോദ്യം, ‘രോഗം മൂർച്ഛിച്ച് മുന്നോട്ടുപോകുന്ന സാഹചര്യമുണ്ടായാൽ രോഗിക്ക് നിങ്ങൾ എങ്ങനെ സമാധാനം നൽകും?’
നാടിന്റെ മുക്കിലും മൂലയിലും പണപ്പിരിവിനും പ്രശസ്തിക്കും ജനപിന്തുണ പിടിച്ചുപറ്റാനുമായി പാലിയേറ്റീവ് കെയറിന്റെ കുട ചൂടി ആരുനിന്നാലും അത് ദൈവത്തിന്റെ സ്വന്തം നാടിന് ഭൂഷണമല്ലെന്നുകൂടി പറയാതെ വയ്യ
ഒറ്റനോട്ടത്തിൽ യുക്തിസഹമെന്ന് തോന്നുന്ന ചോദ്യം തന്നെ. എന്നാൽ നമ്മുടെയെല്ലാം ജീവിതനിലവാരമെപ്പോഴാണ് നല്ലതെന്ന് പറയുന്നത്? നമ്മുടെ പ്രതീക്ഷകളും യാഥാർഥ്യവും തമ്മിലുള്ള അന്തരം തന്നെയല്ലേ നമ്മുടെ ജീവിതനിലവാരത്തിന്റെ സ്ഥിതി തീരുമാനിക്കുന്നത്? രോഗിയുടെ കാര്യവും വിഭിന്നമല്ല. പാലിയേറ്റീവ് കെയർ ലഭിക്കുന്ന രോഗിയെ സംബന്ധിച്ച് രോഗിയുടെ പ്രതീക്ഷകളെ രോഗിയുമായി തുറന്നുസംസാരിച്ചുകൊണ്ട് യാഥാർഥ്യബോധ ത്തോടെ സാന്ത്വനപരിചരണ പ്രക്രിയയ്ക്കിടെ പുനഃക്രമീകരിക്കുന്നു. രോഗിയുടെ യാഥാർഥ്യതലത്തെയാകട്ടെ, ബുദ്ധിമുട്ടുകൾ സമയോചിതമായി പരിഹരിച്ച്മെച്ചപ്പെടുത്തുന്നു. സ്വാഭാവികമായും രോഗിയുടെ പ്രതീക്ഷകളും യാഥാർഥ്യവും തമ്മിലുള്ള അന്തരം കുറയുകയും അതുവഴി രോഗിയുടെ ജീവിതനിലവാരം മെച്ചപ്പെടുകയും ചെയ്യും.
എന്റെ വിശദീകരണം രഘുവേട്ടന്റെ മകളിലെ ബിരുദധാരിയും സ്വകാര്യ സ്‌കൂൾ അധ്യാപികയുമായ വീട്ടമ്മയെ സംശയങ്ങളിൽ നിന്ന് മാറ്റിയെടുത്തുവെന്ന് സമാധാനിച്ച് ഞാൻ മുന്നോട്ടുനീങ്ങി.
പരിചയമില്ലാത്ത പല രഘുവേട്ടൻമാരെയും കണ്ട് ഒ.പി. മുന്നോട്ടുനീങ്ങവേ, സിസ്റ്റർ എന്റെയടുത്ത് ഒരു കാര്യം പറഞ്ഞു. ഡോക്ടറുടെ ഡ്രൈവിങ് മാഷുടെ മകളും ഭർത്താവും ഒന്നുകൂടി എന്തോ ചോദിക്കാനുണ്ടെന്നുപറഞ്ഞ് പുറത്ത് നിൽപ്പുണ്ടെന്നും എന്നാൽ രോഗിയെ വീട്ടിൽ തിരികെ അയച്ചതിനാൽ അവർ എത്രനേരം വേണമെങ്കിലും കാത്തുനിൽക്കാൻ തയ്യാറാണെന്നും പറഞ്ഞു.
എനിക്ക് സമാധാനമായി. ചില ലഘുലേഖകൾ വായിച്ചും സിസ്റ്റർക്ക് ചില്ലറ സഹായങ്ങൾ ചെയ്തുകൊടുത്തും അവർ എന്റെ ഒ.പി. തീരുന്നതുവരെ അവിടെ തുടർന്നു.
ഒടുവിലാണ് അവർ ആ ചോദ്യവുമായി എന്റെയടുത്തെത്തിയത്; പാലിയേറ്റ് പരിചരണത്തിൽ ഞങ്ങൾ സാധാരണക്കാർക്ക്, ഡോക്ടറും നഴ്‌സുമൊ ന്നുമല്ലെങ്കിലും തിരക്കില്ലാത്ത സമയങ്ങളിൽ എന്തെങ്കിലും ചെയ്യാൻ കഴിയുമോ?
കേരളത്തിലെ പാലിയേറ്റീവ് കെയർ സംവിധാനത്തിന്റെ പ്രധാന നെടുംതൂണുകളി ലൊന്ന് അതിന്റെ വളണ്ടിയർ ശൃംഖല തന്നെയെന്ന് ഞാനവരെ പറഞ്ഞ് ബോധ്യപ്പെടുത്തി. പക്ഷെ കേവലം സാമൂഹ്യപ്രവർത്തനമെന്നോ ചാരിറ്റിയെന്നോ പറഞ്ഞ് എടുത്തുചാടാവുന്ന മേഖലയല്ല അത്. മറിച്ച്, നാമേത് മേഖലയിൽ അറിവും അനുഭവപാടവവും ഉള്ളയാളാണെങ്കിലും പാലിയേറ്റീവ് കെയറിൽ പ്രവർത്തനം തുടങ്ങുന്നതിനായി ചിട്ടയായ പരിശീലനം നേടേണ്ടത് അത്യാവശ്യമാണ്. കേരളത്തിലെ പ്രധാന പാലിയേറ്റീവ് കെയർ ക്ലിനിക്കുകളൊക്കെ പ്രസ്തുത പരിശീലന പരിപാടികൾ നടത്തിവരുന്നുമുണ്ട്.
എന്നാൽ നാടിന്റെ മുക്കിലും മൂലയിലും പണപ്പിരിവിനും പ്രശസ്തിക്കും ജനപിന്തുണ പിടിച്ചുപറ്റാനുമായി പാലിയേറ്റീവ് കെയറിന്റെ കുട ചൂടി ആരുനിന്നാലും അത് ദൈവത്തിന്റെ സ്വന്തം നാടിന് ഭൂഷണമല്ലെന്നുകൂടി പറയാതെ വയ്യ! ▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന മെയിലിലോ ട്രൂകോപ്പിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയോ അറിയിക്കാം.