ഹോർത്തൂസ് മലബാറിക്കൂസ്
സങ്കടങ്ങളുടെ പുസ്തകമായിരുന്നു, ഡോ. മണിലാലിനും…

ഇന്ന​ലെ അന്തരിച്ച വിഖ്യാത സസ്യശാസ്​ത്രജ്ഞൻ ഡോ. കെ.എസ്. മണിലാലുമായി, ഒരു പ്രകൃതിശാസ്ത്ര വിദ്യാർത്ഥിയെന്ന നിലയ്ക്ക് നടത്തിയ ശാസ്ത്രവിനിമയങ്ങൾ ഓർക്കുകയാണ് ഇ. ഉണ്ണികൃഷ്ണൻ. സസ്യശാസ്ത്രഗവേഷണത്തിൽ മാത്രമല്ല, നവോത്ഥാനകാല കേരള ചരിത്രത്തെക്കുറിച്ചും ഡോ. കെ.എസ്. മണിലാലിനുള്ള ആഴമേറിയ ബോധ്യങ്ങളെക്കുറിച്ചും ഇ. ഉണ്ണികൃഷ്ണൻ എഴുതുന്നു.

സാഹിത്യവും സംസ്ക്കാരവും ചരിത്രവുമൊക്കെ വേലികളില്ലാതെ സസ്യശാസ്ത്രത്തോടടുപ്പിക്കുകയും വംശീയ സസ്യശാസ്ത്രത്തെ ഉൾക്കനമുള്ള ഒരു സാംസ്കാരിക പഠനമാക്കി മാറ്റുകയും ചെയ്ത് ഹോർത്തൂസ് മലബാറിക്കൂസിന് (Hortus Malabaricus) സിസ്റ്റമാറ്റിക് ബോട്ടണിയുടെ സഹായത്തോടെ കുറ്റമറ്റ ഒരു ഭാഷ്യം രചിക്കുകയും, ലാറ്റിൻ ഗ്രന്ഥത്തെ ഇംഗ്ലീഷ് മലയാള വിവർത്തനത്തിലൂടെ ഏവർക്കും പ്രാപ്യമാക്കിത്തരികയും ചെയ്ത ഡോ. കെ.എസ്. മണിലാൽ നിത്യാന്വേഷിയായ ഗവേഷകനായിരുന്നു.

1938 സെപ്തംബർ 18 ന് വടക്കൻ പറവൂരിൽ ജനിച്ച മണിലാൽ കൊടുങ്ങല്ലൂരിലും എറണാകുളത്തുമായി സ്കൂൾപഠനം പൂർത്തിയാക്കി മഹാരാജാസിൽ നിന്ന് ബോട്ടണിയിൽ ബിരുദം നേടി. ആ വർഷം തന്നെയാണ് മഹാരാജാസിൽ ബോട്ടണി പി.ജി. തുടങ്ങിയതെങ്കിലും ബാലാരിഷ്ടതകളുണ്ടായേക്കാവുന്ന കോഴ്സിന് ചേരാതെ മറ്റെവിടെയെങ്കിലും ശ്രമിക്കാനുള്ള രാമൻ എന്ന തന്റെ പ്രഫസറുടെ ഉപദേശവും മധ്യപ്രദേശിലെ സാഗർ യൂനിവേഴ്സിറ്റിയിൽ വിദ്യാർത്ഥിയായിരുന്ന ഒരു ചങ്ങാതിയുടെ പ്രേരണയും മണിലാലിനെ സാഗറിൽ എത്തിച്ചു. പി.ജി. കഴിഞ്ഞ ശേഷം തേവര കോളേജുകാർ ക്ഷണിച്ചുകൊണ്ടുപോയി അധ്യാപകനാക്കി. പി.എസ്.സി നിയമനവും അക്കാലത്ത് ലഭിച്ചു. ഇതെല്ലാം ഉപേക്ഷിച്ച് അദ്ദേഹം സൂര്യകാന്തികുലച്ചെടികളെപ്പറ്റി ഗവേഷണം ചെയ്യാനായി സാഗറിലേക്കു തന്നെ തിരിച്ചുപോയി. തിരിച്ചുവന്ന് 1964- ൽ കേരളയൂനിവേഴ്സിറ്റിയുടെ ഭാഗമായ കോഴിക്കോട്ടെ സെന്ററിൽ അധ്യാപകനായി. 69- ൽ കോഴിക്കോട് സർവകലാശാല രൂപീകരിക്കപ്പെട്ടതോടെ തിരുവനന്തപുരത്തേക്ക് വകുപ്പു മേധാവിയായ കുരുവിള ജോർജ് അടക്കം മിക്ക അധ്യാപകരും തിരിച്ചുപോയെങ്കിലും മണിലാൽ കോഴിക്കോട് തന്നെ തുടർന്നു.

ഡോ. കെ.എസ്. മണിലാൽ
ഡോ. കെ.എസ്. മണിലാൽ

കുരുവിളയുടെ കീഴിൽ ഗവേഷണം തുടങ്ങിയിരുന്ന കണ്ണൂർ ചെറുകുന്നുകാരനായ വി.വി. ശിവരാജന്റെ ഗവേഷണ മേൽനോട്ടം മണിലാലിനായി. അതുവരെ ചെയ്ത സസ്യകോശസംബന്ധിയായ ഗവേഷണമുപേക്ഷിച്ച് കോഴിക്കോടിന്റെ പ്രാദേശിക സസ്യപ്പലമയെക്കുറിച്ച് ശിവരാജൻ മണിലാലിന് കീഴിൽ പഠനമാരംഭിച്ചു. കോഴിക്കോട് സർവകലാശാല ബോട്ടണി വകുപ്പിലെ ആദ്യ ഡോക്ടറേറ്റ് ശിവരാജന്റെതായി. ബ്രിട്ടീഷ് സസ്യശാസ്ത്രജ്ഞനായ ഗാംബിളിന്റെ മദ്രാസ് ഫ്ലോറയെ പിൻപറ്റി, സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ഫ്ളോറയായി, മണിലാലും ശിഷ്യനും തയ്യാറാക്കിയ Flora of calicut.

1990-ൽ മണിലാൽ സ്ഥാപക പ്രസിഡന്റായി കാലിക്കറ്റ് യൂനിവേഴ്സിറ്റി കേന്ദ്രമായി ഇന്ത്യൻ അസോസിയേഷൻ ഓഫ് ആർജിയോസ്പേം ടാക്സോണമി (Indian Association for Angiosperm Taxonomy- IAAT) രൂപീകരിച്ചു. ഹൃദയസ്തംഭനം മൂലം അകാലത്തിൽ ചരമമടയും വരെ വി.വി.ശിവരാജൻ യൂണിവേഴ്സിറ്റിയിൽ ഗുരുവിനൊപ്പം സഹപ്രവർത്തകനും സഹഗവേഷകനും ആയി തുടരുകയും കേരളത്തിലെ വർഗീകരണ ശാസ്ത്രത്തിലെ നാലാം തലമുറയ്ക്ക് മാർഗദർശനം നല്കുകയും ചെയ്തിരുന്നു. സസ്യവർഗീകരണ ശാസ്ത്രത്തിൽ പിൽക്കാലത്തും ആഗോള തലത്തിൽ തന്നെ ശ്രദ്ധേയമായ പല സംഭാവനകളും നല്കിയ ഒരു ‘കാലിക്കറ്റ് സ്കൂൾ’ തുടങ്ങുന്നത് മണിലാൽ- ശിവരാജന്മാരിൽ നിന്നാണ്.

15 വർഷം മുമ്പ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അന്നത്തെ വൈസ് ചാൻസലറിൽ നിന്നുമേറ്റ ക്രൂരമായ അനുഭവങ്ങൾ കൂടിയാണ് മണിലാലിനെ മാനസികമായി തളർത്തിയതും ശാരിരികമായി രോഗിയാക്കി മാറ്റിയതും.

സൈലന്റ് വാലി വിവാദകാലത്ത് കെ.എസ്.ഇ.ബിയുടെയും സർക്കാറിന്റെയും എതിർപ്പുകൾ മറികടന്ന് സൈലൻ് വാലിയെക്കുറിച്ച് പഠിക്കാൻ മണിലാലിനായത് എം.ജി.കെ. മേനോന്റെ താത്പര്യം ഒന്നു കൊണ്ടുമാത്രമാണ്. ആ കാടിന്റെ ഇക്കോളജി പഠിക്കാൻ കാലിക്കറ്റ് സർവകലാശാല ബോട്ടണി വകുപ്പുതലവനായ ബി.കെ. നായരുടെ നേതൃത്വത്തിൽ സർക്കാർ നിയോഗിച്ച കമ്മിറ്റിക്ക് സൈലൻ് വാലിയിൽനിന്ന് അപൂർവമായതൊന്നും കണ്ടുപിടിക്കാനായില്ല. ബി.കെ. നായർ 240 ജാതി ചെടികൾ മാത്രം തിരിച്ചറിഞ്ഞിടത്ത് ഏഴു പുതിയ ചെടികളും അതിനു ഒരു നൂറ്റാണ്ടു മുമ്പ് മാത്രം റിപ്പോർട്ടു ചെയ്ത ‘ഇപ്സിയ മലബാറിക്ക’ എന്ന കനകകാന്തി ഓർക്കിഡുമടക്കം എണ്ണൂറോളം ചെടികൾ മണിലാലിന്റെ നേതൃത്വത്തിൽ കണ്ടെത്തി. സൈലന്റ് വാലി സംരക്ഷിക്കാൻ സവിശേഷ താത്പര്യം കാട്ടിയ ഇന്ദിരാഗാന്ധിയുടെ ബഹുമാനാർത്ഥം ‘ലിപാരിസ് ഇന്ദിരൈ’ എന്നാണ് അവിടെ കണ്ടെത്തിയ ഒരു നീല ഓർക്കിഡിന് പേരു നൽകിയത്.

കെ.എസ്. മണിലാലിന്റെ അച്ഛൻ കാട്ടുങ്ങൽ എ. സുബ്രഹ്മണ്യൻ, അമ്മ കെ.കെ. ദേവകി.
കെ.എസ്. മണിലാലിന്റെ അച്ഛൻ കാട്ടുങ്ങൽ എ. സുബ്രഹ്മണ്യൻ, അമ്മ കെ.കെ. ദേവകി.

വരണ്ട അക്കാദമിക് പേപ്പറുകളല്ല മണിലാലിന്റെ സസ്യശാസ്ത്ര ലേഖനങ്ങളൊന്നും. ഇന്ത്യയുടെ, വിശേഷിച്ച് കേരളത്തിന്റെ, സാമൂഹിക സാംസ്കാരിക പാരമ്പര്യത്തെ തൊടുന്നവയാണ് അവയിൽ മിക്കതും. കേരളത്തിലെ വംശീയ സസ്യശാസ്ത്രത്തെ ഗൗരവത്തോടെ സമീപിച്ച് നിരവധി ലേഖനങ്ങൾ എഴുതിയിട്ടുണ്ട് ഇദ്ദേഹം. മാഷ് ചെയർമാനായി സെന്റർ ഫോർ റിസർച്ച് ഇൻ ഇൻന്റീജിനസ് നോളജ്, സയൻസ് ആന്റ് കൾച്ചർ എന്ന പഠനസംഘടന രൂപീകരിക്കുകയും ‘സമഗ്ര’യെന്ന മുഖമാസിക പ്രസിദ്ധീകരിക്കുകയും ചെയ്തുവരുന്നുണ്ട്, 20 വർഷമായി.

ചിതൽപ്പുറ്റുകളാണ് ഏറ്റവും ഭീമാകാരമായ ജാന്തവസൃഷ്ടി. കുടക്കല്ലുകളാണ് ഏറ്റവും പഴക്കമുള്ള മനുഷ്യനിർമിതി. മണിലാൽ തന്റെ വംശീയ സസ്യശാസ്തസംബന്ധിയായ ലേഖനത്തിലൂടെ കുടക്കല്ലുകളിൽ നിരീക്ഷിക്കുന്നത് അഗാരിക്കസ് എന്ന പുറ്റുകുമിളിനോടുള്ള ആകൃതി സാമ്യമാണ്. കേരളത്തിലെ സിഖ് മതപ്രഭാവത്തെക്കുറിച്ച് 2012-ലെ സമഗ്രയിൽ അദ്ദേഹമെഴുതിയതുപോലെ വിശദമായ മാറ്റാരു പഠനമില്ല.

ഡോക്ടറേറ്റ് ബിരുദം നേടിയ ഡോ. മണിലാലിന് വൈപ്പിനിൽ നല്കപ്പെട്ട സ്വീകരണത്തിൽ സഹോദരനയ്യപ്പനായിരുന്നു അധ്യക്ഷൻ. തെങ്ങിനു ബാധിക്കുന്ന കൂമ്പുചീയലിന് പ്രതിവിധി കണ്ടുപിടിക്കാൻ ശ്രമിക്കണമെന്ന് അന്ന് അയ്യപ്പൻ വാത്സല്യപൂർവം പറഞ്ഞതും അതൊക്കെ കണ്ടുപിടിക്കാനുള്ള ആഗ്രഹമുണ്ടെന്ന് പറഞ്ഞൊഴിഞ്ഞതും ഡോ. മണിലാൽ ഒരിക്കൽ പറഞ്ഞതോർക്കുന്നു.

സഹോദരൻ അയ്യപ്പന്റെ അടുത്ത അനുയായിയും സുഹൃത്തുമായിരുന്നു, 1938- ൽ അയ്യപ്പന്റെ ജീവചരിത്രമെഴുതിയ മണിലാലിന്റെ അച്ഛൻ കാട്ടുങ്ങൽ സുബ്രഹ്മണ്യൻ. സർക്കാർ ചെലവ് കുറക്കാൻ മന്ത്രിപ്പണി രാജിവെച്ച് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ബസിൽ കയറി വന്ന അയ്യപ്പന്റെ ലളിതജീവിതം മണിലാലിനെ ജീവിതത്തിലുടനീളം സ്വാധീനിച്ചിരുന്നു.

സാഗറിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടി വന്നപ്പോൾ വൈപ്പിനിൽ നല്കപ്പെട്ട സ്വീകരണത്തിൽ സഹോദരനയ്യപ്പനായിരുന്നു അധ്യക്ഷൻ. തെങ്ങിനു ബാധിക്കുന്ന കൂമ്പുചീയലിന് പ്രതിവിധി കണ്ടുപിടിക്കാൻ ശ്രമിക്കണമെന്ന് അന്ന് അയ്യപ്പൻ വാത്സല്യപൂർവം പറഞ്ഞതും അതൊക്കെ കണ്ടുപിടിക്കാനുള്ള ആഗ്രഹമുണ്ടെന്ന് പറഞ്ഞൊഴിഞ്ഞതും ഡോ. മണിലാൽ ഒരിക്കൽ പറഞ്ഞതോർക്കുന്നു. ‘ശ്രമിക്കാം’ എന്നു പറഞ്ഞാൽ തീരുന്ന ഒരു ഔപചാരികതയേ അതിനുള്ളൂ. പകരം സൂര്യകാന്തിച്ചെടികളുടെ രൂപഘടന പഠിച്ച തന്റെ മേഖല അതല്ലെന്ന ബോധ്യത്തിൽ പറ്റാത്ത ഉറപ്പൊന്നും നല്കാൻ തയ്യാറാകാത്ത ആ സത്യസന്ധത അക്കാദമിക സത്യസന്ധതയായി ജീവിതത്തിലുടനീളം പുലർത്തിപ്പോന്നു അദ്ദേഹം.

ഇട്ടി അച്ചുതന്റെ വിളക്കുമാടം
ഇട്ടി അച്ചുതന്റെ വിളക്കുമാടം

‘കോഴിക്കോട്ടെ സസ്യങ്ങളെപ്പറ്റി എനിക്കൊന്നുമറിയില്ല’ എന്ന് ആദ്യത്തെ ഗവേഷകശിഷ്യൻ ശിവരാജൻ പറഞ്ഞപ്പോൾ, ‘എനിക്കുമറിയില്ല, നമുക്കൊന്നിച്ചു പഠിക്കാം’ എന്ന് ഉത്തരം നല്കിയതും മണിലാലിലെ ഇതേ അറിവിന്റെ വിനയമായിരുന്നു. ബോട്ടാണിക്കൽ സർവേയിലയച്ചു കൊടുക്കുന്ന സ്പെസിമനെ അവർ നിലവിലുള്ള ഫ്ളോറ വെച്ച് പലപ്പോഴും തെറ്റായി തിരിച്ചറിയുന്ന രീതിയിൽ നിന്നുമാണ് കേരളീയ സസ്യങ്ങളെ തിരിച്ചറിയാനുള്ള കുറ്റമറ്റ താക്കോൽവാക്യനിർമിതിക്കായി അന്ന് ആ ഗുരുശിഷ്യന്മാർ ഒരുങ്ങിപുറപ്പെട്ടത്.

ഹോർത്തൂസിന്റെ വിവർത്തനത്തിനായും ലാറ്റിൻ ഭാഷ പഠിക്കാനും അദ്ദേഹം നടത്തിയ അരനൂറ്റാണ്ടോളം നീണ്ട യാത്ര പോലൊരു ജ്ഞാനാന്വേഷണം ഇന്ത്യൻ ഗവേഷണ രംഗത്ത് മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല.

നവോത്ഥാനകാല കേരളചരിത്രത്തെക്കുറിച്ച് മണിലാലോളം ബോധ്യമുള്ളവർ ശുദ്ധശാസ്ത്രമേഖലയിൽ അത്യപൂർവമായിരിക്കും. കന്യാകുമാരി ക്ഷേത്രത്തിൽ പുരോഹിതൻ തടഞ്ഞപ്പോൾ കൊടിമരത്തിനടുത്തുനിന്ന് ദർശനം നടത്തിയ ഗാന്ധിജിയുടെ ദാസ്യത്തെ ‘നായിലും നാണംകെട്ട് വാലാട്ടി ചവിട്ടുന്ന ബ്രാഹ്മണ പാദം നക്കുന്നാ ഹന്ത ദയനീയം’ എന്ന് വിമർശിച്ച അയ്യപ്പന്റെ നിലപാടാണ് കൽക്കത്തയിൽ ആദ്യമായി അസ്പൃശ്യതയ്ക്കെതിരെ വായ്തുറക്കാൻ ഗാന്ധിജിക്ക് പ്രേരണയായത് എന്നും കേരളത്തിലെ മതപരിവർത്തനങ്ങൾ ജാതിപീഡനങ്ങളിൽ നിന്നുള്ള സ്വയം രക്ഷയാണെന്നും മുങ്ങാൻ പോകുന്ന ഹിന്ദുമതക്കപ്പലിനെ രക്ഷിക്കാനാണ് സർ സി.പി.ക്ക് ക്ഷേത്രപ്രവേശനവിളംബരത്തിനായി രാജാവിനെ ഉപദേശിക്കേണ്ടിവന്നതെന്നും മണിലാൽ എഴുതുന്നുണ്ട്. 1512- ൽ ഗുരുനാനാക്ക് കേരളത്തിൽ വന്നതും തൃപ്പൂണിത്തുറ ക്ഷേത്രത്തിൽ അദ്ദേഹം നടത്തിയ ഉദ്ബോധനം ആരും ചെവി കൊള്ളാത്തതും 1936- ൽ നാരായണഗുരുവിന്റെ സമാധിക്കുശേഷം നാനാക്കിന്റെ ശിഷ്യപരമ്പരയിൽപെട്ട താരാസിംഗ് ഇവിടം സന്ദർശിച്ചതും കെ.സി. കുട്ടൻ തുടങ്ങിയവർ സിഖ് മതം സ്വീകരിച്ചതും ആധികാരികമായി രേഖപ്പെടുത്തുന്നുണ്ട് മണിലാൽ. 2005- ൽ ചേർത്തലയിൽ സർദാർ ഭൂപേന്ദ്ര സിംഗ് 92-ാം വയസിൽ മരിച്ചതോടെയാണ് കേരളത്തിലെ സിക്ക് മതത്തിന്റെ അവസാന കണ്ണിയും അറ്റുപോയതെന്ന് കേരളത്തിലെ സിഖിസത്തെപ്പറ്റിയുള്ള പ്രബന്ധത്തിൽ മണിലാൽ രേഖപ്പെടുത്തുന്നുണ്ട്.

സർക്കാർ ചെലവ് കുറക്കാൻ മന്ത്രിപ്പണി രാജിവെച്ച് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ബസിൽ കയറി വന്ന സഹോദരൻ അയ്യപ്പന്റെ ലളിതജീവിതം മണിലാലിനെ  ജീവിതത്തിലുടനീളം സ്വാധീനിച്ചിരുന്നു.
സർക്കാർ ചെലവ് കുറക്കാൻ മന്ത്രിപ്പണി രാജിവെച്ച് തിരുവനന്തപുരത്തുനിന്ന് എറണാകുളത്തേക്ക് ബസിൽ കയറി വന്ന സഹോദരൻ അയ്യപ്പന്റെ ലളിതജീവിതം മണിലാലിനെ ജീവിതത്തിലുടനീളം സ്വാധീനിച്ചിരുന്നു.

ഹോർത്തൂസിന്റെ വിവർത്തനത്തിനായും ലാറ്റിൻ ഭാഷ പഠിക്കാനും അദ്ദേഹം നടത്തിയ അരനൂറ്റാണ്ടോളം നീണ്ട യാത്ര പോലൊരു ജ്ഞാനാന്വേഷണം ഇന്ത്യൻ ഗവേഷണ രംഗത്ത് മറ്റൊന്നുണ്ടാവുമെന്നു തോന്നുന്നില്ല. ഹോർത്തൂസ് ആസ്പദമാക്കി ലോകത്ത് ഇക്കാലത്ത് എഴുതപ്പെടുന്ന അനേകം ഗവേഷണ ലേഖനങ്ങൾ ആദ്യമായി കടപ്പെടുന്നത് മണിലാലിന്റെ ഇംഗ്ലീഷ് വിവർത്തനത്തോടാണ്. ആ അസ്തിവാരത്തിന്മേലാണ് മറ്റെല്ലാ ആലയങ്ങളും. ഇട്ടി അച്ചുതന്റെ താളിയോല മലയാളത്തിൽ നിന്ന് പോർച്ചുഗീസ് ഭാഷയിലേക്കും അവിടന്ന് ഡച്ചിലേക്കും വിവർത്തനം ചെയ്തതാണ് ലാറ്റിൻ ഭാഷയിലാക്കി 12 വോള്യങ്ങളായി 1678 മുതൽ ആംസ്റ്റർഡാമിൽ നിന്ന് അച്ചടിക്കപ്പെടുന്നത്. ആ വിജ്ഞാനതടാകത്തിന്റെ നിശ്ചലതയാണ് മലയാളിയായ മണിലാൽ നേരിട്ട് ഇംഗ്ലീഷും മലയാളവുമായി തിരിച്ചൊഴുക്കി, ആ അറിവുകൾക്ക് ഒരു നദിയുടെ ഗതികത നല്കിയത്.

1988- ലാണ് ഡോ. മണിലാലിനെ നേരിൽ പരിചയപ്പെടുന്നത്. പയ്യന്നൂരിലെ പരിസ്ഥിതി വിദ്യാഭ്യാസസംഘടനയായ ‘സീക്കു’മായി ബന്ധപ്പെട്ട് പ്രവർത്തിച്ചിരുന്ന അക്കാലത്ത് ഔഷധസസ്യങ്ങളെപ്പറ്റി പഠിക്കാൻ പ്രത്യേക താത്പര്യമുണ്ടായി. മുക്കുറ്റിയെപ്പറ്റി ഒരു സംശയം ചോദിച്ച് യൂനിവേഴ്സിറ്റിയിലേക്കെഴുതിയ കത്തിന് അദ്ദേഹം വിശദമായി മറുപടി എഴുതി. ‘സീക്കി’ന്റെ ആഭിമുഖ്യത്തിൽ ദേശീയ പരിസ്ഥിതി ബോധവത്കരണ പരിപാടിയുടെ ഭാഗമായി അക്കൊല്ലം പയ്യന്നൂരിൽ ഔഷധസസ്യപ്രദർശനം നടത്തിയിരുന്നു. അതിനോടനുബന്ധിച്ചു നടന്ന സെമിനാറിൽ പങ്കെടുക്കാൻ ക്ഷണിച്ചപ്പോൾ, ‘ടാക്സോണമിയിൽ എന്നെക്കാൾ അറിവുള്ള ഒരാളെ ഞാനങ്ങോട്ടയക്കാം’ എന്നുപറഞ്ഞ്, ശിഷ്യർ കൂടിയായ സഹപ്രവർത്തകൻ ഡോ. വി.വി. ശിവരാജൻ മാഷെ പ്രത്യേകം താത്പര്യമെടുത്ത് പങ്കെടുപ്പിച്ചു.

പ്രീഡിഗ്രി ക്ലാസിൽ ഒരു കൊല്ലം ബോട്ടണി പഠിച്ചുവെന്നത് മാത്രമാണ് എന്റെ ഇന്നുവരെയുള്ള ഔപചാരിക കലാലയ ജീവശാസ്ത്ര പഠനം. അത് പൂർത്തിയാക്കാതെ അധ്യാപക പരിശീലനത്തിന് പോയതാണ്. സസ്യശാസ്ത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരു പത്തൊമ്പത് വയസ്സുകാരനോട് ഒരു യൂണിവേഴ്സിറ്റി പ്രഫസർ കാണിച്ച കരുതലും സ്നേഹവും പിന്നീട് എന്റെ ജീവിതാന്വേഷണത്തെ എത്രമേൽ ഹരിതാഭമാക്കിയില്ല! പിന്നീട് കാടും കാവും തേടിയുള്ള കേരള യാത്രകളിൽ തേഞ്ഞിപ്പാലത്തെ യൂണിവേഴ്സിറ്റിയും ബോട്ടണി ഡിപ്പാർട്ടുമെൻ്റും എന്റെ ഇടത്താവളമായി. സൈലൻ്റ് വാലി ഫ്ളോറയും ഓർക്കിഡ് പുസ്തകവുമൊക്കെ കയ്യൊപ്പിട്ടു നല്കി ഡോ. മണിലാൽ ഒപ്പം ചേർത്തുനടത്തി.

സത്യഭാമാ ദാസ് ബിജുവും എ.കെ. പ്രദീപും പോലെ, വർഗീകരണ ശാസ്ത്രമേഖലയിൽ പില്ക്കാലത്ത് ഇതിഹാസങ്ങളായി മാറാനിരിക്കുന്നവർ പഠിച്ചും വരച്ചും കഴിഞ്ഞ കാലത്ത് യൂണിവേഴ്സിറ്റി ഹെർബറിയത്തിലേക്ക് പ്രവേശനമനുവദിച്ച് അന്ന് പ്രീഡിഗ്രി പോലും പൂർത്തിയാകാത്ത, ബോട്ടണി തീരെ പഠിക്കാത്ത എന്നെ എക്കാലത്തേക്കും ഒരു സസ്യശാസ്ത്ര വിദ്യാർത്ഥിയാക്കി മാറ്റിയത് മണിലാൽ മാഷും ശിവരാജൻ മാഷും നല്കിയ സ്നേഹോപദേശങ്ങളും ക്ഷമാപൂർവമായ സംശയനിവൃത്തികളും ആണ്. 15 വർഷത്തിനുശേഷം മലയാളത്തിൽ പാർട്ട് ടൈം ഗവേഷണ വിദ്യാർത്ഥിയായി ചേർന്ന് കേരളത്തിലെ നാട്ടുവൈദ്യത്തെക്കുറിച്ച് ചില അന്വേഷണങ്ങളുമായി വീണ്ടും യൂണിവേഴ്സിറ്റി ലൈബ്രറിയിലെത്തുന്ന കാലത്ത് മണിലാൽ ദീർഘമായ തന്റെ ഔദ്യോഗിക ജീവിതമവസാനിപ്പിച്ച് കോഴിക്കോട്ടെ വീട്ടിൽ ഹോർത്തൂസ് ഗവേഷണത്തിലും ചരിത്രാന്വേഷണങ്ങളിലും ലാറ്റിൻ വശത്താക്കാനുള്ള ശ്രമത്തിലും പൂർണമായി മുഴുകിയിരുന്നു. പഠിപ്പിച്ച ടീച്ചർമാരല്ല സ്വയം പഠിക്കാൻ തുടങ്ങിയപ്പോൾ വഴികാട്ടിയായി നിന്ന് പ്രേരണ നല്കിയ പഠിപ്പിക്കാത്ത അധ്യാപകരാണ് എന്റെ എക്കാലത്തെയും മഹാഗുരുക്കന്മാർ.

കെ.എസ്. മണിലാലും പങ്കാളി  ജ്യോത്സ്നയും
കെ.എസ്. മണിലാലും പങ്കാളി ജ്യോത്സ്നയും

പ്രൈമറി ക്ലാസിൽ ഏതോ പ്രശ്നോത്തരി മത്സരത്തിലായിരിക്കണം ഹോർത്തൂസ് മലബാറിക്കൂസ് എന്ന പേര് ആദ്യം കേൾക്കുന്നത്. സസ്യാന്വേഷണ കാലത്ത് 1979 മുതൽ മണിലാൽ എഴുതിയ ഹോർത്തൂസ് ലേഖനങ്ങൾ ചിലത് വായിക്കാനിടയായിട്ടുണ്ട്. 1988- ൽ തന്റെ ഗവേഷക വിദ്യാർത്ഥിയായ സി.ആർ. സുരേഷിനൊപ്പം നിക്കോൾസൺ എന്ന വിദേശ ഗവേഷകനുമായി സഹകരിച്ച് ഹോർത്തൂസിന് സമഗ്രമായ ഒരു ഭാഷ്യം രചിക്കുന്നുണ്ട് മണിലാൽ. 35 mm ഫിലിമിൽ എടുത്ത ചില ഫോട്ടോ പ്ലേറ്റുകളാണ് അദ്ദേഹം റഫറൻസിനുപയോഗിച്ചിരുന്നത്. അവയിൽ ചിലത് മാഷ് കാണിച്ചുതന്നിരുന്നു. ആംസ്റ്റർഡാമിൽ നിന്നും പ്രസിദ്ധീകരിച്ച പുസ്തകസഞ്ചയത്തിന്റെ ഒരു കോപ്പി കേരളത്തിൽ എൻ.എസ്. മൂസിന്റെ ശേഖരത്തിൽ ഉണ്ടെന്ന് അക്കാലത്ത് പത്രവാർത്തയുണ്ടായിരുന്നു . 88- ൽ കോഴിക്കോട് ഗ്രന്ഥശാലാ സംഘം സംഘടിപ്പിച്ച ഒരു പുസ്തക പ്രദർശനത്തിൽ ഈ പുസ്തകവും പ്രദർശിപ്പിച്ചപ്പോഴാണ് ആദ്യമായി അതിലെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ കൊതിയോടെ നോക്കിനിന്നതും ലോകത്താദ്യമായി മുദ്രണം ചെയ്യപ്പെട്ട, ദീർഘവും മീത്തലുമില്ലാത്ത, തെങ്ങിനെയും തേങ്ങയെയും ‘തെങ്ങ’ എന്നു മാത്രമെഴുതുന്ന, ചെമ്പുതകിടിൽ കൊത്തി അച്ചടിച്ച മലയാളം അക്ഷരങ്ങൾ കണ്ട് അദ്ഭുതപ്പെട്ടതും. 1990- ൽ ഇന്ത്യൻ പ്രസാധകരായ ബിഷൻ സിങ് മഹേന്ദ്രപാൽ സിങ് ഇതിന്റെ പ്രസാധനമേറ്റെടുത്ത ശേഷം മാത്രമാണ് ഇന്ത്യൻ ലൈബ്രറികളിൽ കാൽ ലക്ഷം രൂപ വിലവരുന്ന ഈ ഗ്രന്ഥം റഫറൻസിനെങ്കിലും ലഭ്യമായിത്തുടങ്ങിയത്.

കേരളത്തിലെ മതപരിവർത്തനങ്ങൾ ജാതിപീഡനങ്ങളിൽ നിന്നുള്ള സ്വയം രക്ഷയാണെന്നും മുങ്ങാൻ പോകുന്ന ഹിന്ദുമതക്കപ്പലിനെ രക്ഷിക്കാനാണ് സർ സി.പി.ക്ക് ക്ഷേത്രപ്രവേശനവിളംബരത്തിനായി രാജാവിനെ ഉപദേശിക്കേണ്ടിവന്നതെന്നും ഡോ. മണിലാൽ എഴുതുന്നുണ്ട്.

നിരവധി ശാസ്ത്രലേഖനങ്ങളുടെയും പതിനഞ്ചിൽപരം പുസ്തകങ്ങളുടെയും കർത്താവാണ്. അത്രത്തോളം തന്നെ പുതിയ ചെടികളെ കണ്ടെത്തി വിവരിച്ച് സസ്യവർഗീകരണശാസ്ത്രത്തിന് കേരളത്തിൽ നിലപാടുതറയുണ്ടാക്കിയ സസ്യശാസ്ത്രജ്ഞനാണ്. റീഡിയെ, സമഗ്ര തുടങ്ങി സസ്യശാസ്ത്രസംബന്ധിയായ അന്താരാഷ്ട പ്രസിദ്ധീകരണങ്ങളുടെ പത്രാധിപരായിട്ടുണ്ട്. ജീവിതത്തിന്റെ അന്തിമങ്ങൂഴകാലത്ത് ലഭിച്ച പത്മശ്രീയടക്കം അനേകം പുരസ്കാരങ്ങളും ഫെലോഷിപ്പുകളും കൊണ്ട് അംഗീകരിക്കപ്പെട്ടിട്ടുണ്ട്. സൈലന്റ് വാലിയിൽ നടത്തിയ സസ്യശാസ്ത്രപഠന റിപ്പോർട്ട് ആ മഴക്കാടിനെ ദേശീയോദ്യാനമായി സംരക്ഷിക്കുന്നതിന് ശാസ്ത്രീയ പിൻബലം നൽകിയിട്ടുണ്ട്. പക്ഷെ, കാട്ടുങ്ങൽ സുബ്രഹ്മണ്യൻ മണിലാൽ എന്ന ഡോ.കെ.എസ്. മണിലാൽ നാലു പതിറ്റാണ്ടു നീണ്ട കഠിനപ്രയത്നത്തിലൂടെ ലാറ്റിൻ ഭാഷ സ്വായത്തമാക്കി, ആയൊരു അക്കാദമിക് വരേണ്യഭാഷയുടെ അക്ഷരപ്പൂട്ടു തുറന്ന് ഹോർത്തൂസ് മലബാറിക്കൂസ് എന്ന കേരളീയാരാമത്തെ മലയാളത്തിലേക്ക് വിമോചിപ്പിച്ച ‘ബലരാമകൃത്യ’ ത്തിലൂടെയാണ് വാൻറീഡിനും ഇട്ടി അച്ചുതനുമൊപ്പം ചരിത്രത്തിന്റെ ഭാഗമായിത്തീരുന്നത്.

ഡോ. കെ.എസ്. മണിലാൽ
ഡോ. കെ.എസ്. മണിലാൽ

ഡച്ച് പാളയത്തിൽ നിന്ന് ഇട്ടി അച്യുതൻ തിരിച്ചുവന്നില്ല. ഡച്ച് ഈസ്റ്റിന്ത്യാ കമ്പനിയുദ്യോഗസ്ഥരിലെ അഴിമതി അവസാനിപ്പിക്കാനുള്ള യാത്രകൾക്കിടയിൽ ബോംബെ തീരത്തു വെച്ച് 1691 ഡിസംബർ 15 ന് വാൻ റീഡ് മരിച്ചു. സഹപ്രവർത്തകർ വിഷം കൊടുത്തുകൊല്ലുകയായിരുന്നു.

ഹോർത്തൂസ് മലബാറിക്കൂസ് സങ്കടങ്ങളുടെ പുസ്തകമായിരുന്നു, ഡോ. മണിലാലിനും. 15 വർഷം മുമ്പ് കേരള യൂണിവേഴ്സിറ്റിയിൽ നിന്നും അന്നത്തെ വൈസ് ചാൻസലറിൽ നിന്നുമേറ്റ ക്രൂരമായ അനുഭവങ്ങൾ കൂടിയാണ് മണിലാലിനെ മാനസികമായി തളർത്തിയതും ശാരിരികമായി രോഗിയാക്കി മാറ്റിയതും. 2025-ന്റെ ആരംഭദിനത്തിൽ ജീവിതസങ്കടങ്ങളുടെ ആ പുസ്തകം കാലം അടച്ചുവെച്ചു. പക്ഷെ മണിലാൽ തുറന്ന ഗവേഷണഭാഷയുടെയും ഹോർത്തൂസ് ഭാഷ്യത്തിന്റേയും വെളിച്ചത്തിലായിരിക്കും ബോട്ടണിയും വംശീയവൈദ്യവും ഇനിയും എറെ മുന്നോട്ടു പോവുക.


Summary: E. Unnikrishnan remembers the scientific exchanges conducted as a student of botany with the late famous botanist Dr. K.S. Manilal,


ഇ. ഉണ്ണികൃഷ്ണൻ

അധ്യാപകൻ, പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ. ഉത്തരകേരളത്തിലെ വിശുദ്ധവനങ്ങൾ, കേരളത്തിലെ നാട്ടുവൈദ്യം എന്നിവ കൃതികൾ

Comments