ഇന്ദു മേനോൻ

നീലത്താമര

എന്റെ കഥ (എന്റെ ആണുങ്ങളുടെയും)- 4

ഓർത്തിട്ട്​ എനിക്ക് സഹിക്കാൻ കഴിയുന്നില്ലാരുന്നു. എന്തുചെയ്യുമെന്ന് ഞാനുഴറി. ആരോടാണിത് പറയുകയെന്നോർത്ത് പതറി. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനും കുടുംബവും അക്കാലത്ത് കടന്നുപോയിരുന്നത്

‘‘നിങ്ങ കരുതും പോലല്ലാട്ടാ. നല്ല ഒന്നാന്തരം നീലചിത്രോണ്. നിങ്ങ കണ്ടാദ്?''

ഫോണിലൂടെ പത്തരമണിയ്ക്ക് ആലുവാശൈലിയിൽ ഒരു ചോദ്യം കേട്ടപ്പോൾ ‘നീലത്താമര’ സിനിമയോ എന്ന് ഞാൻ ഒന്ന് ശങ്കിച്ചു. ഒന്നുകൂടി കേട്ടപ്പോൾ ഭയന്നു വിറച്ചുപോയി.
നീലത്താമരയെന്നല്ല. നീലച്ചിത്രമെന്നാണ് പറയുന്നത്. അതുമീ അസമയത്ത്. എനിയ്ക്ക് വിറഞ്ഞുവന്നു. ഏതെങ്കിലും ഊളന്മാരായിരിയ്ക്കാനാണ് സാധ്യത എന്നു വിചാരിച്ചു. ഫോൺ ടപ്പ് എന്നു കട്ടുചെയ്​തു. വീണ്ടും വിളിയ്ക്കുന്നു. മൂന്നാലു വട്ടം. കോപത്തോടെ ഞാൻ ഫോണെടുത്തു, ‘‘എന്താ നിങ്ങക്ക് വേണ്ടെ? ആരാ സംസാരിക്കുന്നത്?''
‘‘ചേച്ചി നിങ്ങ കരുതുന്ന പോലത്തെ ആളല്ല ഞാൻ'', അയാൾ വിശദീകരിക്കാൻ കിണഞ്ഞു.
‘‘ആരാന്ന് പറയ്''
എന്റെ ശബ്ദം വളരെ ഗൗരവമാർന്നു.
സമയം രാത്രിയാണ്. അപരിചിതമായ ഒരു പുരുഷന്റെ അനാവശ്യ ചോദ്യം എന്നെ അസ്വസ്ഥപ്പെടുത്തി. ഓർക്കെ, അപരിചിത ഭയക്കാട്ടിൽ ഹൃദയമീവൽപ്പക്ഷി മിടിച്ചുതളർന്നു. എനിക്കു ഭയം പൊട്ടി.
‘‘നിങ്ങളെന്തിനാ എന്നെ വിളിക്കുന്നത്? നിങ്ങടെ തരത്തിനു പറ്റിയവളല്ല ഞാൻ... പിന്നെ, പിന്നെ...''
കടുത്ത വിക്ഷോഭത്താൽ എനിക്ക് വാക്കുകൾ കിട്ടിയില്ല.
വിക്ഷോഭമല്ല ക്ഷോഭമല്ല. ഭയമാണ്. സ്വയം വിനാശകാരിയായ ഭയം. അത് ക്രോധമായി പുറത്തുവരുന്നു.

‘‘നിങ്ങയെന്തിനാണ് നമ്മളോട് ചൂടാവ്ന്നെ ചേച്ചി ? നമ്മ ഒരു സഹായോണ് ചെയ്യ്ന്നത്''
എന്തു കാരണത്താലാണ് എന്നെ വിളിച്ചതെന്ന് അയാൾ പറയാതെ പറയാൻ ശ്രമിച്ചു. എന്റെ ശ്വാസഗതി ഉയർന്നു.
‘‘ആരാണ് സംസാരിക്കുന്നത്?''
‘‘അമീറെന്നാണ് നമ്മടെ പേര്''
‘‘അമീറേ, എനിക്കങ്ങനത്തെ സഹായം വേണ്ട''

ഞാൻ കാൾ നിർദയം മുറിച്ചുകളഞ്ഞു. വീണ്ടും ഫോൺ ബെല്ലടിച്ചു. വീണ്ടും വീണ്ടും ബെല്ലടിച്ചു. മുറിയിലാകെ തല്ലിയലഞ്ഞ് ഫോൺ റിങ്ങ് ശബ്ദം പ്രതിധ്വനിച്ചു. ഒന്നല്ല, രണ്ടല്ല ആറുതവണ. ഏഴാംതവണ എടുക്കാതിരിക്കാൻ എനിക്ക് കഴിഞ്ഞില്ല. എന്റെ ശബ്ദം വിറപൂണ്ടു.

ഞാൻ ചിന്തിച്ചുനോക്കി. എനിക്കവിഹിതങ്ങളില്ല. കാമുകന്മാരുമില്ല. ദാമ്പത്യത്തെ കടന്ന്​ ഞാൻ മറ്റൊരാൾക്കൊപ്പം പോയിട്ടുമില്ല. പിന്നെന്തിനു നീലച്ചിത്രഭയം? കഴിഞ്ഞയാഴ്ച ഞാനും ഭർത്താവും കൂടി ചെന്നെയിൽ ഒരു ഹോട്ടലിൽ താമസിച്ചതാണ്. ഇനി ഞങ്ങളുടെ സ്വകാര്യരംഗം പകർത്തിയതായിരിക്കുമോ? ദൈവമേ, ആത്മഹത്യാപരമായിരിക്കുമത്. ഇനിയതല്ല അവിടെവെച്ച് ഒരുപക്ഷെ ഞാൻ കുളിക്കുന്ന ഒരു രംഗത്തെ പകർത്തിയതായിരിക്കുമോ. എന്റെയുടലിൽ ഭയമിഴഞ്ഞു അതങ്ങനെ തെഴുത്തുവന്നു. രോമകൂപങ്ങൾ മസ്തകമുയർത്തി രോമക്കൊമ്പുയർത്തിയുഗ്രമായി.

ശരിക്കും ഭയത്താലുടൽ പൂക്കുല പോലെ വിറച്ചു.
ഇനിയും കഴിഞ്ഞില്ലേ ഈ ജീവിതപരീക്ഷണമെന്നു ഞാൻ ആധിപൂണ്ടു. നിങ്ങളെപ്പോഴെങ്കിലും ഇത്തരത്തിലൊരു അപകടം നേരിട്ടിട്ടുണ്ടോ? അജ്ഞാതഫോൺ വിളിയ്ക്കപ്പുറം ഒരപരിചതനായ മനുഷ്യൻ നിങ്ങളുടെ നഗ്‌നത ആസ്വദിക്കുന്നുവെന്ന് ഓർത്തുനോക്കിയിട്ടുണ്ടോ? ഒരാളിൽനിന്ന്​ മറ്റൊരാളിലേയ്ക്ക് അയാളുടെ രഹസ്യാനന്ദസമയങ്ങളിൽ നമ്മുടെ അഴകളവുകൾ അയാളുടെ കഠിനകാമത്തെ തൃപ്തിപ്പെടുത്തുമെന്നോർത്തിട്ടുണ്ടോ? അത്രത്തോളം അവമതിയൊന്നിനുമുണ്ടാകില്ല. നമ്മൾ പൊട്ടിത്തകർന്നുപോകും. അപമാനവും ആത്മപുച്ഛവും ആത്മനിന്ദയും നമ്മളെ ഉരുക്കും. നമുക്കുചുറ്റുമുള്ള മനുഷ്യർ, പരിചിതരും അപരിചിതരുമായവർക്കൊക്കെ ആ വീഡിയോകൾ അയച്ചുകിട്ടുമെന്ന ആ ഓർമയിൽ നമ്മുടെ അസ്ഥികളടക്കം ഉരുകിപ്പോകും. അച്ഛൻ, സഹോദരൻ, അയൽക്കാരൻ, സുഹൃത്തുക്കൾ ഈ ലോകമാകമാനം നമ്മുടെ രഹസ്യങ്ങളറിയും. നമ്മൾ അഴുകിപ്പോകും. മാംസവും രക്തക്കുഴലുകളും അഴുകിയൊലിയ്ക്കുംവിധം നാം നിസ്സഹായമായിത്തീരും.
എന്തുചെയ്യും?
എന്തുചെയ്യും?
ഞാൻ പരിഭ്രാന്തിയിലുഴറി.

ആ പ്രശ്‌നങ്ങളുടെ രൂക്ഷതയാൽ എന്റെ ഭർത്താവ് അതിദുർബലനായി മാറിയിരുന്നു. എന്തെങ്കിലും ചെറിയ ഒരു കാര്യം പോലും അദ്ദേഹത്തോട് പറയാൻ ഞാൻ ഭയപ്പെട്ടു.

അക്കാലം വല്ലാത്തൊരു കാലമായിരുന്നു? എന്തൊക്കെ തരം പ്രതിസന്ധികളിലൂടെയാണ് ഈ ലോകത്തിൽ ഞാൻ കടന്നുപോകുന്നത് എന്നോർക്കെ സങ്കടം പൊട്ടി. അക്കാലത്ത് അതിപ്രശസ്തയായ ഒരു സിനിമാനടി മദിരാശിയിലെ ഹോട്ടൽ മുറിയിൽ കുളിക്കുന്ന രംഗം രഹസ്യ ക്യാമറയിൽ പകർത്തുകയും ഇന്റർനെറ്റിൽ വൈറലാവുകയും അത് വിവാദമാകുകയും ചെയ്തിരുന്നു. ആ കുറ്റകൃത്യം ചെയ്ത ഹോട്ടലിലെ ജീവനക്കാരനെ അറസ്റ്റ് ചെയ്തുവെങ്കിലും അതവർക്ക് ഉണ്ടാക്കിയ മുറിവുകളെപ്പറ്റിയും ഇന്റർനെറ്റിൽ നിന്ന്​പിൻവലിക്കാൻ കഴിയാതെ വന്നതിനെപ്പറ്റിയുമെല്ലാമുള്ള വിശദമായ ഒരു റിപ്പോർട്ട് ഞാൻ ആ ഞായറാഴ്ച വായിച്ചതേയുണ്ടായിരുന്നുള്ളു.
അതുകൂടി ഓർത്തതോടെ ഞാൻ തകർന്നിരിപ്പായി.

ഓർത്തിട്ട്​ എനിക്ക് സഹിക്കാൻ കഴിയുന്നില്ലാരുന്നു. എന്തുചെയ്യുമെന്ന് ഞാനുഴറി. ആരോടാണിത് പറയുകയെന്നോർത്ത് പതറി. ജീവിതത്തിലെ ഏറ്റവും പ്രതിസന്ധമായ ഒരു ഘട്ടത്തിലൂടെയാണ് ഞാനും കുടുംബവും അക്കാലത്ത് കടന്നുപോയിരുന്നത്. ആ പ്രശ്‌നങ്ങളുടെ രൂക്ഷതയാൽ എന്റെ ഭർത്താവ് അതിദുർബലനായി മാറിയിരുന്നു. എന്തെങ്കിലും ചെറിയ ഒരു കാര്യം പോലും അദ്ദേഹത്തോട് പറയാൻ ഞാൻ ഭയപ്പെട്ടു. അദ്ദേഹത്തിന്റെ ഉള്ളിലുള്ള അല്പം ആശ്വാസത്തെയോ ശാന്തിയെയോ നശിപ്പിക്കുവാൻ എനിക്ക് താല്പര്യമുണ്ടായിരുന്നില്ല. അക്കാലത്ത് ജീവിതത്തിൽ ഞാൻ കണ്ട ഏറ്റവും പാവം ജീവികളിൽ ഒരാളായിരുന്നു എന്റെ ഭർത്താവ്. സിനിമ ചെയ്യുവാനുള്ള അദമ്യമായ ദാഹമാണ് അദ്ദേഹത്തിനു വിനയായത്. സിനിമ അത്യധിക വിനാശകാരിയായ സംഗതിയാണ്. അപകടകരമായതുമാണ്. സിനിമയ്ക്കായി ഇറങ്ങിത്തിരിച്ചതോടെ ഞങ്ങളുടെ കുടുംബത്തിനകത്ത് പ്രശ്‌നങ്ങളുണ്ടായി. സിനിമാമോഹം കൊണ്ടുമാത്രം പ്രൊഡ്യൂസർമാരെയും ആർട്ടിസ്റ്റുകളെയും കാണാനായി നിരന്തരം സഞ്ചരിച്ചു. ഭക്ഷണവും വെള്ളവുമില്ലാതെ കൊടുംവെയിൽ കൊണ്ട് കരുവാളിച്ച്, മണിക്കൂറുകളോളം അലഞ്ഞു. കുടുംബം ശ്രദ്ധിക്കാതെയായി. എന്നെ ശ്രദ്ധിക്കാതെയായി. എല്ലാം മറന്നതുപോലെ, സിനിമ സിനിമ മന്ത്രം മാത്രം. പോകെപ്പോകെ ഞാനൊന്നും അദ്ദേഹത്തിന്റെ ജീവിതത്തിലാരുമല്ലാത്ത പോലെയായി, പോലെയല്ല ആരുമല്ലാതെയായി.
ആദ്യ സിനിമ ഒരു ഓഫ് ബീറ്റ് മൂവി ആയതിനാലും വേണ്ടത്ര വിജയം ലഭിക്കാതിരുന്നതിനാലും പുതിയ സിനിമ കിട്ടുകയെന്നത് ഒരു സംവിധായകന് ഏറെ പ്രയാസകരമായിരുന്നു.
‘‘ഏത് ചെകുത്താനാണെങ്കിലും എനിക്ക് സിനിമ ചെയ്താൽ മതി'' എന്നദ്ദേഹം നിരാശയോടെ ഇടയ്ക്കിടെ പറഞ്ഞുകൊണ്ടിരുന്നു. ഏറെ നാളത്തെ ശ്രമം കൊണ്ട് ഒടുവിൽ ഒരു പ്രൊഡ്യൂസറെ കിട്ടി. ശ്യാം മോൻ എന്ന ഇടനിലക്കാരൻ വഴിയാണെന്നു തോന്നുന്നു അത് ശരിയായത്.

അങ്ങനെ ‘കത്തിരി വെയിൽ’ എന്ന തമിഴ് സിനിമ ഉണ്ടാകുന്നു.
ആലുവക്കാരനായ, ഭാര്യയും മകളുമായി ജീവിക്കുന്ന ഒരാൾ. ഉമ്മയെയും കണ്ണുകാണാത്ത അനുജനെയും സംരക്ഷിക്കുന്ന ഒരാൾ. ഹൃദയത്തിൽ നന്മ സൂക്ഷിക്കുന്ന ഒരു പ്രൊഡ്യൂസർ. കലയിലോ ക്രിയാത്മകതയിലോ ഇടപെടാത്ത വിശാലഹൃദയനായ പ്രൊഡ്യൂസർ. അജാദ് ഖാൻ എന്ന ആ പ്രൊഡ്യൂസറെ കുറിച്ച് യാതൊരു സംശയവും ഞങ്ങൾക്കാർക്കും തോന്നിയില്ല. എപ്പോഴും ചിരിക്കുന്ന, തെളിഞ്ഞു പെരുമാറുന്ന അയാളുടെ ഏറ്റവും അടുത്ത സുഹൃത്ത് അക്കാലത്ത് ഒരു?പൊലീസ്​ കമീഷണർ ആയിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ ആകട്ടെ അക്കാലത്ത് എറണാകുളം നഗരത്തിലെ കലക്ടറും. എന്റെ ഭർത്താവിനോ അല്ലെങ്കിൽ എനിക്കോ അല്ലെങ്കിൽ നിങ്ങൾക്കോ ഒന്നും മനസ്സിലാകാത്ത ഒരു സത്യം ആ സൗഹൃദത്തിൽ ഒളിച്ചിരിപ്പുണ്ടായിരുന്നു. ഒരു നല്ലവനു മാത്രമല്ല, കെട്ടവനും പൊലീസ് ഓഫീസറുമായി ഏറ്റവും അടുപ്പം ഉണ്ടായിരിക്കും. കുറ്റവാളികളുമായി നല്ലതോ ചീത്തയോ ആയ ബന്ധം പൊലീസുകാർ സൂക്ഷിയ്ക്കും.

ഉയർന്ന പൊലീസ് ഏമാന്മാരും ഐ.എ.എസുകാരും ഐ.പി.എസുകാരും ഉയർന്ന ഉദ്യോഗസ്ഥരും സാമൂഹ്യപ്രവർത്തകരും സുഹൃത്തുക്കളായിട്ടുള്ള പണക്കാരായ വ്യക്തികളുടെ സ്ഥിരം തട്ടിപ്പും ഉഡായിപ്പും അന്ന് ഇത്ര പ്രബലവും പ്രശസ്തവും ആയിരുന്നില്ല.
‘‘ഏതു ചെകുത്താനാണെങ്കിലും വേണ്ടില്ല, കൂടെ കൂട്ടി സിനിമ ചെയ്യും'' - അദ്ദേഹം പറഞ്ഞ വാക്കുകൾ അറം പറ്റിയതുപോലെയായി.

‘കത്തിരി വെയിൽ’ എന്ന സിനിമ മനോഹരമായ ഒന്നായിരുന്നു. അതിനകത്ത് അഭിനയമോഹിയായ പ്രൊഡ്യൂസർ ചെറിയൊരു രംഗം അഭിനയിക്കുകയും ചെയ്തിരുന്നു. ശ്രദ്ധിക്കേണ്ട ഒരു കാര്യം, അയാളൊരു പൊലീസുകാരനായിട്ടാണ് അഭിനയിച്ചത്​. വിൻസൻറ്​ അശോകും തലൈവാസൽ വിജയും അഭിനയിച്ച ആ പടത്തിലെ പാട്ടുകളും അതിമനോഹരമായിരുന്നു. ഈ പടം തിയേറ്ററിലെത്തുന്നതോടെ തന്റെ സിനിമാജീവിതത്തിലെ പ്രശ്‌നങ്ങളെല്ലാം അവസാനിക്കുമെന്ന് എന്റെ ഭർത്താവ് പ്രതീക്ഷിച്ചു.

എന്നാൽ അത് വലിയ അപകടത്തിലാണ് ചെന്നെത്തിയത്. ക്രൈം സിൻഡിക്കേറ്റിന്റെ അപ്പോസ്തലനായ പ്രൊഡ്യൂസർ ഏറ്റവുമൊടുവിൽ ലക്ഷക്കണക്കിന് പണം എന്റെ ഭർത്താവിന്റെയും കുടുംബത്തിന്റെയും കൈയിൽനിന്ന്​ തട്ടിയെടുത്തു. സിനിമ ഫൈനൽ കട്ട് പൂർത്തിയായ സമയത്ത് ഭർത്താവിനെ പിടിച്ചുകൊണ്ടുപോയി ഇടുക്കി ചെറുതോണിയിലെ ഒരു ഗസ്റ്റ് ഹൗസിൽ പൂട്ടിയിട്ടു. ഭയങ്കരമായ ദേഹോപദ്രവം ഏൽപ്പിച്ചു. അജാദ് ഖാനും ഗുണ്ടകളും ചേർന്ന് ​ക്രൂരമായി അദ്ദേഹത്തെ മർദിച്ച്​, ആ സിനിമയുടെ എല്ലാ അവകാശങ്ങളും എഴുതിവാങ്ങി. അതു പോരാഞ്ഞ് അദ്ദേഹത്തിന്റെ വീട്ടുകാരിൽ നിന്ന് പണവും വാങ്ങിച്ചെടുത്തു, വലിയ തുക. എന്റെ ഇൻ ലോസ്,​ ജോലിയിൽ നിന്ന്​പിരിഞ്ഞപ്പോൾ കിട്ടിയ പെൻഷനിൽ നിന്ന്​ കമ്മ്യൂട്ട് ചെയ്‌തെടുത്ത പൈസയും പാരമ്പര്യ സ്വത്തുക്കളുമൊക്കെ ഉപയോഗിച്ചാണ് അവർ ഈ പൈസ ഉണ്ടാക്കി നൽകിയത്. ഇതുകൂടാതെ പിന്നീട് പല രീതിയിൽ അയാൾ ഉപദ്രവിക്കുകയും ചെയ്തു. കള്ളക്കേസുകൾ കൊടുക്കുകയും വ്യാജ വാർത്തകൾ പത്രങ്ങൾക്ക് നൽകുകയും ചെയ്തു.

ഉരുണ്ട ശരീരവും കറുത്ത നിറവുമുള്ള, സാധാരണ വസ്ത്രം ധരിച്ച ഏതു മനുഷ്യനും എന്തുചെയ്താലും സമൂഹം അതിനെ കുറവോടെ മാത്രമേ കാണൂ. അത്തരം മനുഷ്യർ മാത്രമേ കുറ്റകൃത്യങ്ങൾ ചെയ്യൂ എന്ന് സമൂഹം വിശ്വസിച്ചു.

പൂർണമായി മനസ്സുതകർന്ന അവസ്ഥയിലായിരുന്നു എന്റെ ഭർത്താവ്. അദ്ദേഹം തന്റെ വീട്ടിലെ ഓമനക്കുട്ടിയായിരുന്നു. അച്ഛനുമമ്മയും തികഞ്ഞ സ്‌നേഹത്തോടെ വളർത്തിയ ഒരു സാധാരണ കുടുബജീവി. എന്നാൽ അദ്ദേഹത്തിന്റെ തൊലിയുടെ കറുത്ത നിറവും ആകാരവും ഒറ്റ നോട്ടത്തിൽ ആളുകൾ തെറ്റിദ്ധരിയ്ക്കാനിടയായി.

‘‘ഒരുത്തനുണ്ട്, അവന്​ ഭൂമിയെ ഉറയില്ലാതെ ഭോഗിക്കണം എന്നെഴുതി വെച്ചിരിക്കുന്നു. കവിതയാണെത്രെ കവിത. ഛീ. അവൻ ഈദി അമീനാണ്. മനുഷ്യമാസം തിന്നുന്ന നരഭോജി. അവനെക്കണ്ടാൽ നിങ്ങളും പറയുമിത്’’- ടി. പദ്മനാഭൻ എന്റെ ഭർത്താവിനെക്കുറിച്ച് നടത്തിയ പരസ്യപ്രഭാഷണമാണ്. അൽപം കറുത്തുപോയാലോ തടിച്ചു പൊക്കമാർന്നുപോയാലോ മനുഷ്യർ രാക്ഷസനും നരഭോജിയും താടകയുമാകുന്ന സാഹിത്യപ്രവർത്തനങ്ങൾ. ശുദ്ധമായ ബോഡി ഷെയിമിങ്. സമൂഹവും അതിനെത്തന്നെ പിൻപറ്റുന്നു. ഉരുണ്ട ശരീരവും കറുത്ത നിറവുമുള്ള, സാധാരണ വസ്ത്രം ധരിച്ച ഏതു മനുഷ്യനും എന്തുചെയ്താലും സമൂഹം അതിനെ കുറവോടെ മാത്രമേ കാണൂ. അത്തരം മനുഷ്യർ മാത്രമേ കുറ്റകൃത്യങ്ങൾ ചെയ്യൂ എന്ന് സമൂഹം വിശ്വസിച്ചു. അല്ലെങ്കിൽ എല്ലാ കുറ്റകൃത്യങ്ങളും ചെയ്തത് ആൾക്കൂട്ടത്തിലെ കറുത്ത മനുഷ്യൻ ആണെന്ന് വിശ്വസിക്കാൻ സമൂഹം പരിശ്രമിച്ചു. അതിൽ അവർ വിജയിക്കുകയും ചെയ്തു. മോടിയില്ലാത്ത വസ്ത്രവും ഉരുണ്ടതോ എല്ലിച്ചതോ ആയ ശരീരവും മങ്ങിയ നിറവും ഉള്ളവരെ സമൂഹത്തിന് എന്തുംചെയ്യാം എന്നാണ് അക്കാലത്തെ വൃത്തികെട്ട ധാരണ.

ഒരർഥത്തിൽ അല്ലെങ്കിൽ മറ്റൊരർഥത്തിൽ അതിന്നും സമൂഹം കൃത്യമായി നടപ്പിലാക്കുന്നുണ്ട്. ഒരു ടെക്‌സ്‌റ്റൈൽസിൽ, ജ്വല്ലറിയിൽ മോഷണം നടന്നാൽ, പൊതുവിടത്തിൽ മറ്റെന്തെങ്കിലും കുറ്റകൃത്യങ്ങൾ സംഭവിച്ചാൽ, ആദ്യം കുറ്റവാളിയെന്നു സംശയിക്കുക ഇത്തരം മനുഷ്യരെയാണ്.

എന്റെ ഭർത്താവ് അന്യായമായി ദ്രോഹിക്കപ്പെട്ടു. ധാരാളമായി പഴി കേട്ടു. ഇത് അദ്ദേഹത്തെ മാനസികമായി വളരെയധികം തളർത്തി. അദ്ദേഹം ശോകകാരിയായ ഒരു പുഴുവിനെപ്പോലെ തന്നിലേയ്ക്കു തന്നെ ഉൾവലിഞ്ഞു. കടുത്ത ദുഃഖത്തിൽ വിഷാദത്തോടെയുള്ള അവസ്ഥയിലേയ്ക്ക് മാറി. ഈ സമൂഹത്തിൽ നിന്നും ലോകത്തുനിന്നും ഈ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുമാറിപ്പോയാൽ കൊള്ളാമെന്ന് അദ്ദേഹത്തിനു തോന്നി.

ഈ പ്രതിസന്ധികളിൽ നിന്ന് രക്ഷപ്പെടാൻ അടുത്ത ഒരു സിനിമ കൂടി അദ്ദേഹം ചെയ്തു. അഞ്ചുലക്ഷം രൂപയ്ക്കാണ് ആ സിനിമ പൂർത്തിയായത്. സിനിമയിറങ്ങുന്നതിനുമുമ്പ് പ്രൊഡ്യൂസർ തന്റെ വിശ്വരൂപം കാട്ടി. സംവിധാനത്തിൽ തന്റെ പേരു കൂടി വെയ്ക്കാൻ അയാൾ ആവശ്യപ്പെട്ടു. ചെറിയ സിനിമയായിരുന്നെങ്കിലും അതിന്​ വലിയ കുഴപ്പമുണ്ടായിരുന്നില്ല. എന്നിട്ടും മറ്റുപല കാരണങ്ങളാൽ അതും വിജയിച്ചില്ല. ചില ചെറിയ ഷോർട്ട് ഫിലിമുകളും കൊച്ചുകൊച്ചു സിനിമകളും ചെയ്തുവെങ്കിലും ശാശ്വതമായ സൗഖ്യമോ സന്തോഷമോ അദ്ദേഹത്തിന്​ ലഭിക്കുകയുണ്ടായില്ല. തീർത്തും ഉൾവലിഞ്ഞ്, അട്ടയെപ്പോൽ അദ്ദേഹം ചുരുണ്ടുപോയി.

ജീവിതം ഏറ്റവും നന്നായിരിക്കുമ്പോൾ, പ്രേമപൂർണവും സ്‌നേഹപൂർണവുമായിരിയ്ക്കുമ്പോൾ തന്നെ ആ വേരുകളറുന്നു കടപുഴകുന്നത് ഞാൻ കണ്ടു. ഇനിയൊരിക്കലും തിരിച്ചെടുക്കാൻ കഴിയാത്തവിധം ഞങ്ങൾ തമ്മിൽ പരസ്പരം നഷ്ടപ്പെടുവാനുള്ള കാരണങ്ങളുടെ തുടക്കമാകുമെന്നു ഞാൻ കരുതിയതേയില്ല. ഭർത്താവിന്റെ സ്‌നേഹത്താൽ, ഭർത്താവിനോടുള്ള പ്രേമത്താൽ കുരുടിയായ ഒരുവളായിരുന്നു ഞാനക്കാലത്തെല്ലാം. വളരെയധികം നല്ലവനും ഹൃദയാലുവുമായിരുന്നു അദ്ദേഹം. മനുഷ്യന്റെ പണമോ പദവിയോ മറ്റു നേട്ടങ്ങളോ കണക്കാക്കി ജീവിതത്തിൽ കൂട്ടുന്ന അളവുകോലദ്ദേഹത്തിനില്ലായിരുന്നു. എല്ലാവരെയും സ്‌നേഹമായിട്ട് കാണുന്ന പ്രകൃതമായിരുന്നു. ഹൃദയത്തിൽ നിറഞ്ഞ നന്മയും അലിവുമുണ്ടായിരുന്നു. ആർക്കും എന്തും കൊടുക്കുന്ന സ്വഭാവം. ഉള്ളത് ആഹ്ലാദത്തോടെ പങ്കിടുന്ന സ്വഭാവം. പണമുള്ളവൻ ആയിരുന്നിട്ടും ഓട്ടോറിക്ഷയിലും ചെറിയ ബൈക്കുകളിലും ബസുകളിലും സഞ്ചരിച്ചവൻ. ഒന്നും അവന്റെ കൈയിലുണ്ടായിരുന്നില്ല. ഏറിയാൽ പോക്കറ്റിൽ 500 രൂപയ്ക്കുതാഴെ കാണും. ഒരാഢംബരവുമില്ലായിരുന്നു. പിൽക്കാലത്ത് മൊബൈൽ ഫോൺ മാത്രമായിത്തീർന്നു ആവശ്യമുള്ള ഒരേയൊരു സാധനം. ഒരാൾ ചോദിച്ചാൽ കൈയിലെന്തുണ്ടോ അതത്രയും നൽകും. അത്രയും ഹൃദയാലുവായ, ജീവിതത്തെ നന്മയോടുകൂടി മാത്രം കണ്ട ഒരു മനുഷ്യനാണ് ഇത്രയും വലിയ അപകടം സംഭവിച്ചത്. ഇനിയതിനുമീതെ ഭാര്യയുടെ നീലച്ചിത്രം കൂടി വന്നാൽ എന്തുണ്ടാകുമെന്നോർത്ത് എനിക്ക്​ സഹിക്കാനായില്ല. ഞങ്ങളുടെ ആദ്യത്തെ കുഞ്ഞു മരിച്ചപ്പോൾ അവൻ നിലവിളിച്ചത് ഞാനോർത്തു. അത്രയും വലിയൊരു മനുഷ്യൻ നിസ്സഹായനായി കുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞു. ഇനിയെന്തു സംഭവിക്കും?

‘‘എന്തു വീഡിയോ?'' മനസ്​ ചുട്ടുപുകഞ്ഞു.
ഞാൻ നിശബ്ദമായി കരഞ്ഞു. ഞങ്ങൾ ഒരുമിച്ചോ അല്ലെങ്കിൽ ഞാൻ കുളിക്കുന്ന ഒരു വീഡിയോയോ പുറത്തായി കഴിഞ്ഞാൽ എന്തായിരിക്കും അദ്ദേഹത്തിനുണ്ടാകാൻ പോകുന്ന ആഘാതം എന്നെനിക്ക് ഓർക്കാൻ കൂടി കഴിഞ്ഞില്ല. എന്തുചെയ്യുമെന്ന് എനിക്കൊരു പിടിയും കിട്ടിയില്ല.

‘‘നിങ്ങ പേടിക്കണ്ട ചേച്ചി. പേടിപ്പിക്കാനല്ല. സഹായിക്കാനാണ്. ഈ നീലച്ചിത്രം ആരടെയാന്നറിയുമോ?'''
ഞാൻ തേങ്ങലൊതുക്കി.
‘‘നിങ്ങടെ ഭർത്താവിന്റെയാണ്''
ഞാൻ കൂടുതൽ സ്​തബ്​ധയായി.
‘‘ഭയക്കണ്ട. നിങ്ങൾക്ക് ഞങ്ങ അത് അയച്ചുതരുന്നുണ്ട്. അത് വെച്ച് നിങ്ങ പരാതിപ്പെട്ടാൽ മതി.’’
ആദ്യത്തെ ആന്തലടങ്ങിയെങ്കിലും ചകിതയായൊരുവൾ ഉള്ളിലിരുന്നു കരഞ്ഞു. എന്നെ ചതിയ്ക്കുകയായിരുന്നോ എന്ന ആന്തൽ.
‘‘ഓഹോ അങ്ങനെയോ'', ഉള്ളിൽ ആദ്യം വന്ന വേദനയോ ദുഃഖമോ ഞാൻ പുറത്തേക്ക് കാണിച്ചതേയില്ല. ഞാൻ പരുപരുത്തു.

‘‘എന്റെ ഭർത്താവിന്റെ നീലച്ചിത്രമല്ലേ? എനിക്ക് കുഴപ്പമില്ല. അദ്ദേഹത്തിന്റെ ഭാര്യയായ എനിക്കില്ലാത്ത കുഴപ്പം നിങ്ങക്കെന്തിനാ?'', മറുവശത്ത് നിശബ്ദതയായി. അയാളൊന്നു ആശങ്കപ്പെട്ടു.

‘‘എനിക്കയക്കണച്ചാ ആയിക്കോളൂ. അഡ്രസ്​ വേണോ? ഞാൻ അയച്ചുതരാം. അല്ലെങ്കിൽ വേണ്ട, എഴുതിടുത്തോളൂ. ഞാൻ പറഞ്ഞുതരാം, പിൻകോഡ് സഹിതം എഴുതിക്കോളൂ, തെറ്റിപ്പോകരുത്'', എന്റെയുള്ളിൽ സ്പർദ്ധയാർന്നൊരു വീര്യം പതഞ്ഞു.

ആദ്യം ഉണ്ടായിരുന്ന ഭയവും ഭീതിയും ആകുലതകളും എന്നിൽ ഒഴിഞ്ഞിരുന്നു. ഭയങ്കരമായ സങ്കടം ഉള്ളലച്ചു വന്നു. പക്ഷെ ഞാനതെല്ലാം വിട്ടുകളയാൻ ഒരുക്കമായിരുന്നു. എനിക്കെന്റെ കുടുംബം വേണമായിരുന്നു, ഭർത്താവിനെ വേണമായിരുന്നു. ഒരിണ, അയാളുടെ സ്ത്രീ എന്ന നിലയിൽ, എന്റെ ഭർത്താവിന് എന്തെങ്കിലും പ്രശ്‌നം ഉണ്ടെങ്കിൽ അതിൽ മറ്റൊരാൾക്ക് കാര്യമില്ല, എനിക്ക് മാത്രമേ കാര്യമുള്ളൂ എന്നതായിരുന്നു ഞാനെന്നെത്തന്നെ പറഞ്ഞു വിശ്വസിപ്പിച്ച നിലപാട്. അദ്ദേഹത്തെക്കുറിച്ച് ആരെങ്കിലും മോശമായി പറയുകയും ചെയ്യുകയും ചെയ്താൽ ഞാൻ അവരെ വെറുതെ വിടില്ല എന്നുകൂടി മനസ്സിൽ തീരുമാനിച്ചുറപ്പിച്ചു. വികാരമല്ല, വിവേകമാണിവിടെ പ്രവർത്തിക്കേണ്ടതെന്ന് എനിക്കുതോന്നി. ഇയാളെ സൗകര്യപൂർവം കൈകാര്യം ചെയ്യണമെന്നു ഞാനോർത്തു. ഒരു പക്ഷെ അജാദ് ഖാൻ തന്നെ ഞങ്ങളുടെ നീക്കങ്ങളറിയാൻ അയച്ചതാവാനും മതി.

കുറച്ചുകൂടി നയത്തിൽ നിന്നാലെ അയാളിൽ നിന്ന്​ വിവരങ്ങൾ ചോർന്നുവരികയുള്ളു എന്നുതോന്നി.
‘‘സത്യത്തിൽ കേട്ടിട്ടു തന്നെ ഭയമാകുന്നു. ഇതെന്താണ് സംഭവം എന്നു പറയോ?'' ഞാനൽപ്പം കൂടി താണു.

‘‘പ്രൊഡ്യൂസർ അജാദ് ഇടുക്കി ചെറുതോണി ഗസ്റ്റ്ഹൗസിൽ കൊണ്ടുപോയി നിങ്ങളുടെ ഭർത്താവിനെ ഉപദ്രവിച്ചത് നിങ്ങൾ അറിഞ്ഞേണ്ടാവൊല്ലൊ അല്ലെ? എന്നിട്ടും നിങ്ങടെ ചേട്ടൻ പരാതി കൊടുത്തില്ല, എന്തേ? അതെന്തോണ്ടാണ്?''

ഞാനെന്നോടുതന്നെ ചോദിച്ച് മടുത്ത് നിർത്തിയ ചോദ്യമായിരുന്നു അത്. അയാളുടെ ചോദ്യത്തിന് എനിക്കുത്തരമുണ്ടായിരുന്നില്ല. പരാതി നൽകാൻ ഞാൻ ആയിരം തവണ ഭർത്താവി​നോട്​ ആവശ്യപ്പെട്ടതാണ്​. എന്നാൽ എന്തോ ഒരു ഭയം അദ്ദേഹത്തെ അലട്ടിയിരുന്നു.
‘‘അതുവേണ്ട. പോയത് പോയി. അതു പോട്ടെ. അതിന്റെ പൊറകെ പോണ്ട. ഇനി നമുക്ക് സമാധാനമായി ജീവിക്കാം. ഇനിയും അതിന്റെ പുറകെ പോയാൽ ഉള്ള സമാധാനവും കൂടി ഒരുപക്ഷേ നഷ്ടമാകും.''
പരിക്ഷീണമായ മുഖഭാവം. അദ്ദേഹത്തിന്റെ കണ്ണുകൾ കഠിനമായ ദുഃഖത്താൽ തിളങ്ങി.

‘‘ഭയം കൊണ്ടാണ് എന്ന് നിങ്ങൾ പറയരുത്''
അമീർ കൃത്യമായത് പറഞ്ഞു. എനിക്ക് ഭയമില്ലായിരുന്നു. സംശയങ്ങൾ മാത്രം. ഞങ്ങൾക്കെതിരെ നടപ്പാക്കിയ ദ്രോഹവും അന്യായവും പരാതിപ്പെടാൻ എന്തിനദ്ദേഹം മടിച്ചു എന്ന ചോദ്യം എന്നെ സദാ അലട്ടി. അതിനുത്തരം നിശബ്ദതയായിരുന്നു.

‘‘നിങ്ങൾക്ക് അങ്ങനെ ആരെയും ഭയപ്പെടേണ്ട അവസ്ഥയല്ലാന്ന് നമക്കറിയാം. പോട്ടാ കേസുകൾ വരെയുള്ള അജാദിനെതിരായി പരാതി കൊടുത്താൽ പൊലീസ്​ കേസെടുക്കുക തന്നെ ചെയ്യും.’’

‘‘എന്താ നിങ്ങൾ പറഞ്ഞുവരുന്നത്? എന്താണ് ഇതിനെപ്പറ്റി നിങ്ങൾക്ക് അറിയുന്നത്?''
ഈ പ്രശ്‌നത്തിനു ഞാൻ കണ്ട ആഴമല്ല, ചുഴിയുമല്ല. അത്യഗാധമായ രഹസ്യങ്ങളുള്ള പെരുങ്കടൽ പോലെയാണത്. ഓരോ പുതിയ ചുരുളഴിഞ്ഞ്​ ഇതൾ വിടർന്നുവരുന്നു. അയാളെ പ്രകോപിപ്പിക്കുകയോ പ്രീണിപ്പിക്കുകയോ ചെയ്താൽ കൂടുതൽ വിവരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിച്ചു.

‘‘അറിയുന്ന കാര്യങ്ങൾ പറയൂ. എങ്കിലല്ലെ എനിക്കെന്തെങ്കിലും തീരുമാനിക്കാൻ പറ്റൂ.’’
ഞാൻ സൂത്രക്കാരിക്കുറുക്കനായി. പരമാവധി വിവരങ്ങൾ ചോർത്തിയെടുക്കലായി എന്റെ ഉദ്ദേശ്യം.

‘‘ഞാൻ പറയാം'', അയാളുഷാറായി.

‘‘നിങ്ങളുടെ ഭർത്താവിനെ അടിക്കുകയും ഉപദ്രവിക്കുകയും ബോധം കെടുത്തുകയും മാത്രമല്ല അയാൾ​ ചെയ്തിട്ടുള്ളത്​. അയാളുടെ സെറ്റുകാരെ കൊണ്ടന്നാർന്നു. അതിനുശേഷം വാടകയ്ക്കെടുത്തുകൊണ്ടുവന്ന സ്ത്രീകളെ വെച്ച് വീഡിയോയും പിടിച്ചു, തുണിയില്ലാണ്ടൊള്ളത്​, ഫോട്ടോകളും അജാദ് പകർത്തി.''

എന്റെ ഉള്ള് നീറി. അന്നു രണ്ടുദിവസം കഴിഞ്ഞു തിരിച്ചുവന്നപ്പോൾ അദ്ദേഹത്തിന്റെ ശിരസ്സിലും മുഖത്തും കണ്ട നീലിച്ച മുറിവുകളെ പറ്റിയോർത്തു.

‘‘എന്താ അയാൾക്ക് ഇത്തരം ചിത്രങ്ങളുള്ള ബിസിനസ് ഉണ്ടോ?'''
‘‘കളിയാക്കണ്ട ചേച്ചീ.''
‘‘ഏയ് ഞാൻ കളിയാക്കിയതല്ല. കാര്യായിട്ട് ചോദിച്ചതാ''
‘‘അത് ഭീഷണിപ്പെടുത്താൻ വേണ്ടിയാണ്. പരാതിപ്പെടാതിരിക്കാനുള്ള അവന്റെ പതിവു സൂത്രം''

‘‘ഇതിൽ ഭീഷണിപ്പെടുത്തേണ്ട കാര്യമെന്താണ്? അദ്ദേഹത്തിന്റെ അത്തരത്തിലുള്ള ഒരു പടം അയച്ചുകിട്ടിയാൽ ഞാൻ അത് മാനേജ് ചെയ്യും. അതിനുള്ള പാകതയും പക്വതയും ഉണ്ട്. എന്റെ ഭർത്താവ് വെറുതെ പേടിക്കേണ്ട കാര്യല്ല''
‘‘അതൊക്കെ ഇങ്ങള് പറയും. കാലാകാലങ്ങളായി തേച്ചാലും മായ്ച്ചാലും പോകാത്ത അപമാനോണ്.''

തൃശ്ശൂരിലെ പള്ളിപ്പറമ്പ് വാടകക്കെടുത്ത് നാട്ടുകാരുടെയും കൂട്ടുകാരുടെയും മുന്നിൽ വലിയ ബോർഡ് വെച്ച് അമ്പു തിരുന്നാളിനു പ്രദർശിപ്പിയ്ക്കുമെന്നായിരുന്നുവെത്രെ ഭീഷണി. തീർത്തും നാട്ടുമ്പുറമായ ഒരു ദേശത്ത് അവന്റെ ഇടവകപ്പള്ളിയിൽ ഇത്തരമൊരു പ്രദർശനം നടന്നാൽ താനില്ലാതാകുമെന്ന് അദ്ദേഹം ഭയന്നിരുന്നുവെന്നു ഞാൻ വിശദമായി പിന്നീടറിഞ്ഞു.

എന്തുണ്ടെങ്കിലും ഞാൻ സഹിക്കും. എന്റെ ഭർത്താവിന്റെ പേരിൽ ഒരുത്തനും ആകുലപ്പെടേണ്ട. അതിന്​ ഞാൻ തന്നെ മതി

‘‘നിങ്ങടെ ഭർത്താവ് നന്നായി ഭയന്നിട്ടുണ്ട്. അതുകൊണ്ടാണ് 40 ലക്ഷം രൂപ നഷ്ടപ്പെട്ടിട്ടും സിനിമയുടെ മുഴുവൻ അവകാശങ്ങൾ നഷ്ടപ്പെട്ടിട്ടും അയാൾ ഒന്നും മിണ്ടാത്തത്. നിങ്ങൾക്കറിയാമോ, ഇപ്പോൾ അതിന്റെ കുറേ ഭാഗങ്ങൾ മറ്റാരെയോ വച്ച് ഷൂട്ട് ചെയ്തതിനുശേഷം അജാദ് തന്നെ നായകനായി അഭിനയിക്കുകയാണ്.''

‘‘എന്തെങ്കിലും ചെയ്യട്ടെ, നിങ്ങൾക്കിതിലെന്താണ്? അയാൾ എന്തെങ്കിലും ചെയ്യട്ടെ ഞങ്ങൾക്ക് ഒന്നുമില്ല''
വീണ്ടും എനിക്കു പേടി തട്ടി. ഞാനതു പുറമെ കാണിച്ചില്ല. പക്ഷെ അയാൾ നിർത്താൻ ഒരുക്കമായിരുന്നില്ല.

‘‘നിങ്ങൾ വിചാരിക്കുന്ന പോലെയല്ല കാര്യങ്ങൾ. അയാൾ നൽകിയ വാക്ക് ഒക്കെ ചാക്കാണ്. ഇപ്പോൾ കൂടുതൽ പൈസയ്ക്കുവേണ്ടി വീഡിയോയും ഫോട്ടോയുമൊക്കെ ലീക്കാക്കാൻ പോകുകയാണ്. അല്ല, ലീക്ക്​ ചെയ്​തു കഴിഞ്ഞു. ഇപ്പോൾ എറണാകുളത്ത് ചിലർക്ക് ഈ വീഡിയോ ഫോട്ടോയും എല്ലാം കിട്ടീട്ടുണ്ട്.’’
ഞാൻ നിശബ്ദയായി നിന്നു. എനിക്ക് വാക്കുകൾ കിട്ടിയില്ല.
‘‘നമ്മൾ കണ്ണടച്ചുതുറക്കുന്നതിനേക്കാൾ വേഗത്തിൽ ഈ വീഡിയോ പരക്കും. ഇത് പരക്കാതിരിക്കാൻ അയാളെ അറസ്റ്റ് ചെയ്യണം. അറസ്റ്റ് ചെയ്യാൻ ഒരു പരാതി വേണം. ഞാൻ ഒരുപാട് തവണ നിങ്ങളുടെ ഭർത്താവിനെ സമീപിച്ചതാണ്, സാധിച്ചില്ല. അയാൾക്ക് ഭയമാണ്. നിങ്ങളെങ്കിലും കുടുംബക്കാരോട് സംസാരിച്ച്​പ്രശ്‌നം പരിഹരിക്കണം.''

ഇയാൾക്ക് എന്താണ് ഇതിൽ താല്പര്യമെന്നുമാത്രം മനസ്സിലായില്ല.
അയാൾ വീണ്ടും പറഞ്ഞുകൊണ്ടിരുന്നു. എനിക്കൊന്നും കേൾക്കാനില്ലായിരുന്നു. ഒരു ഗുഹയിൽ നിന്നിറങ്ങിവരുന്ന വിഷജീവികളെപ്പോലെ വാക്കുകൾ എന്നെ വന്നു കൊത്തിക്കൊണ്ടേയിരുന്നു.
‘‘ഈ നാട്ടിൽ തലയുയർത്തി നടക്കാൻ പറ്റാത്തവിധം ആളുകൾ നിങ്ങളെ പരിഹസിക്കും''
‘‘കുടുംബം തൊലയും''
‘‘ചേച്ചീ, ഭാവി ഒണ്ടാകേലാ, കേട്ടോ''
‘‘നിർത്ത് മതി'', ഞാൻ കിതച്ചു.

‘‘നേരത്തെ പറഞ്ഞല്ലോ, എന്തുണ്ടെങ്കിലും ഞാൻ സഹിക്കും. എന്റെ ഭർത്താവിന്റെ പേരിൽ ഒരുത്തനും ആകുലപ്പെടേണ്ട. അതിന്​ ഞാൻ തന്നെ മതി’’ എന്നുറക്കെ വിളിച്ചുപറയാൻ മനസ്സു പറഞ്ഞു. എന്നാൽ ധൈര്യം തോന്നിയില്ല.
‘‘നിങ്ങൾക്ക് വളർന്നുവരുന്ന പെൺകുട്ടിയല്ലെ? അതിനൊരു കല്യാണം കിട്ടില്ല.''
ഞാൻ വീണ്ടും ധൈര്യം സംഭരിച്ചു.
‘‘എന്റെ മോക്ക് രണ്ടുവയസ്സാണ്. 22 വർഷമെങ്കിലും കഴിയാതെ കല്യാണം നോക്കാൻ ഉദ്ദേശിക്കുന്നില്ല’’, ഞാൻ ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറഞ്ഞു. പക്ഷെ എന്റെ മനസ്സ് ഭയത്തിന്റെ ചതുപ്പിൽ പൂണ്ടുപോയിരുന്നു.
അപകടത്തിന്റെ ഒരു പിൻകൊട്ട്​ ഞാൻ കേട്ടു.
അയാൾ ഫോൺ നിർത്തിപ്പോയ ശേഷവും ഞാനങ്ങനെ നിന്നു.
എന്തുചെയ്യും എങ്ങനെ ചെയ്യും? എന്ന് അശരണമായ ആശങ്ക എന്നെ വലയം ചെയ്തു.

സാധാരണമായ നാട്ടിൻപുറജീവിതത്തിൽ നിൽക്കുന്ന എന്നെപ്പോലെ സാധാരണക്കാരിയായ ഒരാൾക്ക് ഇത്തരം വാർത്തകളൊക്കെ അത്യധികം ദുഃഖപൂർണമായിരിയ്ക്കും. എങ്ങനെയത് നിവർത്തിയ്ക്കും? ആരു പരിഹരിയ്ക്കും? പൊലീസുകാർ നമ്മളെ സഹായിയ്ക്കുമോ? ആയിരം ചോദ്യങ്ങളുമാശങ്കകളും കാരണം എനിക്ക്​ സ്വാസ്ഥ്യമില്ലാതായി. പണമില്ലാത്ത, പണിയില്ലാത്ത, പദവികളോ, രാഷ്ട്രീയബന്ധങ്ങളോ ഇല്ലാത്ത ആകെ കുറച്ച് അക്ഷരങ്ങൾ മാത്രം കൈമുതലായിട്ടുള്ള ഞാൻ എങ്ങനെ എന്റെ കുടുംബത്തെ രക്ഷിയ്ക്കും? എങ്ങനെ ഈ പ്രശ്ന​ങ്ങളിൽ നിന്നും അപമാനങ്ങളിൽ നിന്നും ഞാൻ കരകയറും? ഒരെത്തുംപിടിയും കിട്ടിയില്ല. അന്ന്​ സമൂഹമാധ്യമങ്ങൾക്കത്ര പ്രചാരം പോരാ. ഓർക്കൂട്ട് എന്നൊന്ന് ഉണ്ടായിരുന്നതായി അറിയാം. എനിക്കാകട്ടെ ഇതേപ്പറ്റി അത്ര ഗ്രാഹ്യം പോരാ.

ആ സംഭാഷണങ്ങളിൽ നിന്ന്​ ഭയപ്പെടുത്തുന്ന പല കാര്യങ്ങളും എനിയ്ക്ക് മനസ്സിലായി. എറണാകുളം നഗരത്തിലെ ഏറ്റവും വലിയ ക്വട്ടേഷൻ സംഘക്കാരനാണ് അജാദ് ഖാൻ. പോകെപ്പോകെ പലയാവർത്തി വിളിച്ച ആ അഭ്യുദയകാക്ഷി മറ്റൊരു ക്വട്ടേഷൻ സംഘത്തിന്റെ തലവനാണെന്നും മനസ്സിലായി. രണ്ട് ക്വട്ടേഷൻ സംഘങ്ങൾ. ഇരുവരും ശക്തർ. കൊല്ലും കൊലയും കൈവെട്ടും കാൽവെട്ടും കള്ളക്കടത്തും ഹവാലയും മറ്റു പല ക്വട്ടേഷനുകളും. അവർക്കിടയിലെ കൊടിയ പക. എറണാകുളം നഗരത്തിന്റെ സകല കാലുഷ്യവും പാരുഷ്യവും ക്രൂരതയുമുള്ള സംഘങ്ങൾ. ഇരുവർക്കുമിടയിൽ ഞങ്ങളുടെ കുടുംബം. ഒരുപക്ഷെ അജാദ് ഖാനെ കുടുക്കാനായി എതിർസംഘം ഞങ്ങളെ എന്തെങ്കിലും ചെയ്താലോ എന്നും ഞാൻ ഭയന്നു. അതിനുള്ള സാധ്യതയും ഏറെയായിരുന്നു.
എന്റെ മുന്നിൽ ഒരു മുഖം തെളിഞ്ഞുവന്നു. ജോസപ്പേട്ടന്റെ മുഖം...
‘‘യെന്തോ പ്രശ്ന​മൊണ്ടെലും കൊച്ചു പോന്നേച്ചാ മതി, ജോസപ്പേട്ടനും റീനാമ്മാമേം ഇല്ല്യോ ഇവിടെ?'' എന്ന് ഒരുപാധിയുമില്ലാതെ എനിയ്ക്കു വാക്കുതന്ന ആൾ. സ്‌നേഹവും സൗഖ്യവും ഇരിക്കെ തന്നെ സകല ഗുലാബികളും പരിചയമുള്ള ആൾ.
ഞാൻ കരഞ്ഞുവിളിച്ചു.
‘‘കരയല്ലെ കൊച്ചെ. എന്നായിദ്? ഞങ്ങളൊക്കെയില്ല്യോ? ഇങ്ങനെ പേടിക്കാണ്ടായെന്നെ. നീയെന്റെ നീനക്കൊച്ചിനെപ്പോലല്ലെ. നെനക്കൊരു അപകടമൊണ്ടാകാൻ ഞാൻ സമ്മേക്കത്തില്ല''
ആ വാക്കുകളുടെ ആത്മാർഥത എന്നെ ആശ്വസിപ്പിച്ചു.
‘‘പിന്നെ കൊച്ചെ, നീ പറ്റുവേ അവനേ പൊറത്തോട്ടെങ്ങാനും മാറ്റിനിർത്തിയേക്ക്. ഈ അജാദൊണ്ടല്ലോ, ക്രിമിനലാ പക്കാ ക്രിമിനൽ. മാറാട് പ്രശനത്തിന്​ആളെക്കൊല്ലാനായി മനുഷ്യരെ സപ്ലൈ ചെയ്തവനാ. സൂക്ഷിക്കണം പക്ഷേ പേടിക്കണ്ടാ. ജോസപ്പേട്ടനൊണ്ട്''

ആ ഒരുറപ്പ് എനിക്ക് ജീവവായുവായിരുന്നു. പ്രശ്ന​ങ്ങൾ വരുമ്പോൾ തള്ളിപ്പറയുന്നവരിൽ നിന്നും വ്യത്യസ്തനായ മനുഷ്യൻ.
‘‘അതെന്താ ജോസപ്പേട്ടാ, ഈ ക്വട്ടേഷൻകാരെ പേടിയില്ലേ? പൊലീസുകാരെ പേടിയില്ലേ?'' പിന്നീട് ഞാൻ ചോദിച്ചു.
‘‘എന്റെ കൊച്ചെ. എന്റെ കൂടൊള്ള ഉറ്റചങ്ങാതിടെ ചങ്കിനിട്ടാ ഒരുത്തൻ കോളേജിൽ വെച്ച് കത്തികൊണ്ട്​ കുത്ത്യേ. രക്ഷിക്കാൻ ചെന്ന ഞാൻ കൊലക്കേസ്​ പ്രതിയായി. അന്നെനിക്ക് കൈ നീട്ടാൻ ഒരാളെ ഒണ്ടാരുന്നുള്ളൂ. നെറീം നീതീം വന്ന്​ നമ്മളോട് എന്തേലും ചോദിച്ചാ നീ ചെയ്തുകൊടുക്കണം ചെറുക്കാ എന്നൊരു വാക്കാ അങ്ങോരന്നു പറഞ്ഞത്... കൊച്ചെ, നിന്റെ ജീവിതത്തിൽ ഒരു സത്യമൊണ്ട്. ഒരു നെറിയും നീതീമൊണ്ട്. ജോസപ്പേട്ടനതീ വിശ്വാസവാ. ആ വാക്കാ ഞാൻ നിനക്ക് തരുന്നെ''

എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. ഓരോ തരം മനുഷ്യർ, ഓരോ കാലം നമ്മെ തേടിത്തന്നെ വരും. അശരണമായ മനുഷ്യർക്കായി അലിവിന്റെ കൈയുകൾ നീണ്ടുവരും. അവർ നമ്മുടെ കണ്ണീർ തുടയ്ക്കും. എറണാകുളത്തെ ഒന്നല്ല രണ്ടു സംഘങ്ങളായുള്ള എന്റെ യുദ്ധം തുടങ്ങുകയായിരുന്നു... ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments