ഇന്ദു മേനോൻ

ഞാന്‍ ഉപേക്ഷിച്ച എന്റെ മലയാളം ഡിപ്പാര്‍ട്ട്‌മെൻറ്​

എസ്​.എസ്​.എൽ.സി കഴിഞ്ഞയുടനെ സര്‍ക്കാര്‍കോളേജ് എന്ന കുടുംബത്തിലെ പതിവുരീതിയ്ക്കു വിഭിന്നമായി, പ്രീഡിഗ്രിക്ക് കോളേജ് തിരഞ്ഞെടുത്തത് ഞാന്‍ തന്നെയായിരുന്നു. ആർട്സ്​കോളേജില്‍ മെറിറ്റില്‍ സീറ്റ് കിട്ടുമായിരുന്നിട്ടും ഞാന്‍ഒരു കൗതുകത്തിന് തൊട്ടപ്പുറത്തുള്ള കോളേജില്‍ കൂടി അപേക്ഷ നല്‍കാമെന്നു കരുതുകയായിരുന്നു.

ഒരു മഴയുള്ള ദിവസമാണ് ഞാന്‍ ആ കോളേജ് ആദ്യമായി കാണുന്നത്. എന്റെ വയലറ്റ് പുള്ളിക്കുട തുളിചിറച്ചു മഴ ചിണുങ്ങി. മഞ്ഞപ്പൂക്കള്‍ നിറഞ്ഞ മരങ്ങളാട്ടെ ഇരുവശത്തും ഇരുട്ടും മഴത്തുള്ളികളും മഞ്ഞപ്പൂക്കളും ചിതറിച്ച ദൂരേക്ക് അകന്നു പോകുന്നത് നോക്കിനില്‍ക്കേ പുലര്‍കാലത്ത് കണ്ട ഒരു സ്വപ്നം ഓർമ വന്നു.

ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട്  Photo: Instagram / jis_hnu_mohan
ഗവ. ആർട്സ് ആന്റ് സയൻസ് കോളേജ്, കോഴിക്കോട് Photo: Instagram / jis_hnu_mohan

അപ്പുറത്ത് കോമേഴ്​സ്​ വിഭാഗം നില്‍ക്കുന്ന പഴയ കെട്ടിടവും പച്ചപ്പുല്ലു ഉണക്കപ്പൂവിടര്‍ത്തിയ കമ്പിവലയിട്ട മൈതാനിയും അതിന്റെ നടുക്കിലൂടെ കടന്നു പോകുന്ന ഒരു ടാറിട്ട പാതയും. മുഖ്യ മന്ദിരത്തിനകത്തു കൂടെ ഉള്ളിലേയ്ക്ക് ചെല്ലുമ്പോള്‍ മണിപ്പൂക്കള്‍ വള്ളിക്കുടില്‍ ഉണ്ടാക്കി വെച്ചിട്ടുള്ള പ്രേമിക്കുന്നവരുടെ ഇടം.
തണലും തണുപ്പുമിണ ചേര്‍ന്ന ലവേഴ്‌സ് കോര്‍ണര്‍. ലാ ബെലെ ഡേയ്മ് സാന്‍സ് മേര്‍സി എന്ന് കവിത മൂളി നടക്കുന്ന ഇംഗ്ലീഷിലെ അഹമ്മദ് മാഷ്.
പഴയ ലൈബ്രറി.
നീലയുടുപ്പിട്ടു സദാ പുസ്തകങ്ങള്‍ വായിക്കുന്ന അമ്മയുടെ ഫ്രൻറായ ജെ.പി.
പേരറിയാത്ത അസംഖ്യം കുട്ടികള്‍.
മഴനനഞ്ഞ മനുഷ്യരും മണ്ണും.
ഒരു കോളേജ് മഴക്കാലത്ത് ഇത്രമേല്‍ സുന്ദരമായിരിക്കുമെന്ന് എനിക്ക് സ്വപ്നം പോലും കാണാന്‍ പറ്റിയിരുന്നില്ല.

കോളേജിന്റെ വശ്യത ക്ലാസ്സുകള്‍ക്കില്ലായിരുന്നു. പത്താംതരം വരെ മലയാളം മാത്രം പഠിച്ച്​ ഇംഗ്ലീഷില്‍ യാതൊരു തരത്തിലുള്ള പ്രാവീണ്യവും ഇല്ലാതെ വന്നു കയറിയ ഞങ്ങള്‍ക്ക് ഉടന്‍തന്നെ ക്ലാസുകള്‍ മുഴുവന്‍ ഇംഗ്ലീഷില്‍ നല്‍കി അധ്യാപകര്‍ പരിഭ്രമിപ്പിച്ചു. റഷീദ് മാഷും ചെത്ത് റഷീദു മാഷും സീനത്ത് മിസ്സും ഷഹീദാമിസ്സുമൊക്കെ ഏറെ പരിശ്രമിച്ചിട്ടും കിം ഫല എന്ന അവസ്ഥയില്‍ ഞങ്ങള്‍ മലയാളമീഡിയക്കാര്‍ കണ്ണീര്‍ തുളിച്ചു നിന്നു. ബാബേല്‍ ഗോപുരത്തില്‍ ചെന്ന് കയറിയ മനുഷ്യരെപ്പോലെ വായ ഭാഷയ്ക്കുമേല്‍ കയ്ച്ചു, കടഞ്ഞു. അമ്പരന്നു നിന്നു. ആ വര്‍ഷത്തെ കുറിച്ച് ഞാന്‍ എഴുതിയിട്ടുണ്ട് പഠിച്ചു പഠിച്ച് ഏറ്റവും നല്ല മാര്‍ക്ക് വാങ്ങി എസ്​.എസ്​.എൽ.സിക്ക് മികച്ച വിജയമെന്ന ഗോപുരമുകളില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഭാഷയുടെ അപരിചിതത്വം കാരണം ഒന്നും സംസാരിക്കാന്‍ കഴിയാതെ, ഒന്നും മനസ്സിലാവാതെ ഞങ്ങളെപ്പോലുള്ള കുറെ പേര്‍ പ്രതിസന്ധിയിലായത്.

Photo: Instagram / @mufliiihh
Photo: Instagram / @mufliiihh

അന്നുവരെ പഠിച്ച എല്ലാ ക്ലാസ്സുകളിലും ഒന്നാമത് ആയിരുന്ന, മിടുമിടുക്കരായിരുന്ന, മലയാളം മീഡിയംകാര്‍ പതുക്കെ മുന്‍പഞ്ചില്‍ നിന്നും പുറകിലേക്ക് പലായനം ചെയ്തു. ചില അധ്യാപകര്‍ വളരെ അലിവോടെ ഈ പ്രതിസന്ധിയെ കൈകാര്യം ചെയ്തു. എന്നാല്‍ മറ്റുചിലരാകട്ടെ ഇങ്ങനെയൊരു പ്രശ്‌നം കുട്ടികള്‍ നേരിടുന്നുണ്ട് എന്ന് പോലും മനസ്സിലാക്കിയില്ല. ഫിസിക്‌സോ കെമിസ്ട്രിയോ ആയിരുന്നില്ല വിഷയം. അതൊന്നുമായിരുന്നില്ല ഒന്നുമായിരുന്നില്ല ഞങ്ങളെ കുഴിയില്‍ ചാടിച്ചത്. അതത്രയും ഭാഷയായിരുന്നു. വിരസമായ അപരിചിതമായ ബാബേല്‍ ക്ലാസുകളില്‍ വാപൊളിച്ച് നിന്ന ഞങ്ങള്‍ക്ക്, ആത്മവിശ്വാസം പകര്‍ന്നത് ആത്മവിശ്വാസം തന്നത് സത്യത്തില്‍ ഒരേയൊരു ക്ലാസ് മുറിയായിരുന്നു.

ഉപഭാഷയായ മലയാളം. മലയാളത്തിന്റെ അതിമനോഹരമായ മണിക്കൂറുകള്‍.വീട്ടുകാരുടെ നിര്‍ബന്ധത്തിന് വഴങ്ങി ഹിന്ദിയെടുത്ത ശ്രീജ പൊട്ടി കരയുമായിരുന്നു: ‘‘നിങ്ങള്‍ക്ക് ഇതെങ്കിലും ഉണ്ടല്ലോ ഇതെങ്കിലും ഉണ്ടല്ലോ'' ഹിന്ദിയും അറിയില്ല മലയാളവും അറിയില്ല ഇംഗ്ലീഷ് അറിയില്ല എന്ന അവസ്ഥയിലായിരുന്നു അവളൊക്കെ. ഏറ്റവും മോശമായി മറ്റു ക്ലാസ്സുകളിരുന്ന മലയാളം മീഡിയം കുട്ടി പോലും, മലയാളം ക്ലാസുകളില്‍ പുപ്പുലികളായി തീര്‍ന്നു

Photo: Instagram / hanihaneefa
Photo: Instagram / hanihaneefa

സത്യത്തില്‍ അക്കാലമത്രയും നന്നായി പഠിക്കുകയും ഭാഷാ പ്രശ്‌നം കാരണം ഇപ്പോഴൊന്നും മനസ്സിലാകാതെ ഇരിക്കുകയും ചെയ്ത കുട്ടികള്‍ക്കുള്ള ആശ്വാസമായിരുന്നു മലയാളം ക്ലാസുകള്‍. എല്ലാ ക്ലാസുകളിലും ഒന്നാമതായി മിടുക്കായും പഠിച്ചു വന്നതിനുശേഷം ഭാഷാപ്രതിസന്ധി ഒന്നുകൊണ്ട് മാത്രം ബിലോ ആവറേജ് ആവറേജ് ആയിത്തീരുന്ന കുട്ടികള്‍ക്കുണ്ടാകുന്ന ട്രോമയും മനസ്സമ്മര്‍ദ്ദവും ഭയാനകമായിരുന്നു. പഠിക്കാത്ത കുട്ടികള്‍ എന്ന ലേബലിലേക്ക് അങ്ങനെ മാറിയ അനവധി കുട്ടികളെ എനിക്കറിയാമായിരുന്നു. ഞാനടങ്ങുന്ന ആ സംഘം ഇനിയെന്ത് എന്ന ഒരു ചോദ്യത്തിന് മുമ്പില്‍ പകച്ചു നിന്നു.

അന്ന്​ മലയാളം വിഭാഗത്തില്‍ റംല ടീച്ചര്‍, ഷാവുദ്ദീന്‍ സാര്‍, ഷാജഹാന്‍ സാര്‍, നസീര്‍ സാര്‍ കെ.ഇ.എന്‍ മാഷ് എന്നിവരാണ് ഉണ്ടായിരുന്നത്. ബാലന്‍ എന്ന ഒരു മാഷ് ഉണ്ടായിരുന്നുവെന്ന് കേട്ടിരുന്നെങ്കിലും ഒരിക്കലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കിടപ്പിലാണ്, ചികിത്സയിലാണ് അദ്ദേഹമെന്ന് അറിയാന്‍ കഴിഞ്ഞു. ഒരുക്കത്തിനപ്പുറം ജീവിതം കട്ടിലിലേയ്ക്കു മാറിയ ഒരാള്‍. അദ്ദേഹം രോഗം മാറി വരുമെന്ന് ഞങ്ങളെല്ലാം കരുതി. പക്ഷെ വന്നതേയില്ല..

കെ.ഇ.എന്‍
കെ.ഇ.എന്‍

കെ. ഇ. എന്നിനെ എനിക്ക് കുട്ടിക്കാലം മുതല്‍ തന്നെ അറിയാമായിരുന്നു. അദ്ദേഹത്തിന് അന്നത്തെയെന്നെ അറിയാമായിക്കില്ല. പപ്പടം വാങ്ങാന്‍ വേണ്ടി അല്ലെങ്കില്‍ കൊച്ചു കൊച്ചു പലചരക്ക് സാധനങ്ങള്‍ വാങ്ങാന്‍ വേണ്ടി, ദൂരെ അങ്ങാടിയിലേക്ക് നടന്നു പോകണമായിരുന്നു. വലിയ കയറ്റം കയറാനുള്ള മടിയും വെയില്‍ കൊള്ളാനുള്ള മടിയും ഞങ്ങള്‍ കുട്ടികളെ കൊണ്ട് പുതിയ ഒരു മാര്‍ഗ്ഗം കണ്ടുപിടിയ്ക്കാന്‍ ഇടയാക്കി. അത് മറ്റൊന്നുമായിരുന്നില്ല. ആ വഴിയെ അപൂര്‍വ്വമായെങ്കിലും പോയിരുന്ന ഇരുചക്രവാഹനങ്ങള്‍ക്ക് കൈ കാണിക്കുക എന്ന അപകടകരമായ പ്രവര്‍ത്തിയായിരുന്നു. അന്നത്തെ കാലം കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നതിലും പീഡിപ്പിക്കുന്നതിലും സമൂഹം ഇത്രയ്ക്ക് മികച്ച പ്രകടനം കാഴ്ചവെച്ചിട്ടില്ല എന്നാണ് കരുതുന്നത്. ഞങ്ങള്‍ക്ക് ബൈക്കില്‍ കയറാന്‍ ഭയമുണ്ടായിരുന്നില്ല. സിനിമയില്‍ കിഡ്‌നാപ്പിങ്ങ് തുടങ്ങിയ സമയമാണ്. മാരുതി ഓമ്‌നി കാറില്‍ വില്ലനമാര്‍ കിഡ്‌നാപ്പിങ്ങ് പതിവാക്കിയിരുന്നു. കാറുകള്‍ അത്രയേറെ പ്രചാരത്തില്‍ ഇല്ലാത്തതുകൊണ്ടോ പൊതുവേ കാറുകളില്‍ തട്ടിക്കൊണ്ടുപോകല്‍ നടക്കുമെന്ന തൊന്നല്‍ കൊണ്ടോ അപകടകരമാണ് എന്ന ഒരു തോന്നല്‍ ഉള്ളതു കൊണ്ടോ കാറില്‍ ലിഫ്റ്റ് വാങ്ങി പോകാന്‍ ധൈര്യമുണ്ടായിരുന്നില്ല.

അങ്ങനെ ഞങ്ങള്‍ കുട്ടികള്‍ കുന്നിന്റെ മുകളില്‍ നിന്ന്​ ലിഫ്റ്റ് വാങ്ങി താഴെ അങ്ങാടിയിലേക്ക് അങ്ങാടിയില്‍ നിന്ന്​ ലിഫ്റ്റ് വാങ്ങി കുന്നിന്റെ മുകളിലേക്കും പതിവായി സഞ്ചരിക്കും. അന്ന് കുന്നിന്റെ മുകളില്‍ ബൈക്കുള്ള ഒരു കോളേജ് പ്രൊഫസര്‍ താമസിച്ചിരുന്നു. വളരെ സൗമ്യമായി സംസാരിക്കുന്ന പ്രൊഫസര്‍, വളരെ അലസമായ രീതിയിലാണ് വസ്ത്രധാരണം ചെയ്തിരുന്നത്.

ഞങ്ങടെ തൊട്ടയല്‍പക്കത്ത് മുബാറക് സാറും സലിം സാറും മറ്റും താമസിച്ചിരുന്നു. ആദ്യകാലത്ത് മുണ്ടുടുത്തു കണ്ടിരുന്നുവെങ്കിലും മുബാറക്ക് സാറിന്റെ വസ്ത്രശൈലി നല്ലതായിരുന്നു. സലിം സാറാകട്ടെ വളരെ പുതിയ രീതിയിലുള്ള ഷര്‍ട്ടുകളും മറ്റും ധരിച്ചു കണ്ടു. എന്നാല്‍ അതില്‍ നിന്നെല്ലാം വ്യത്യസ്തനായിരുന്നു ഈ പ്രൊഫസര്‍.

Photo: Instagram / ajeeshprabha
Photo: Instagram / ajeeshprabha

സഖാക്കന്മാരായ ഏട്ടന്മാര്‍ക്കും പരിഷത്തു മാഷന്മാര്‍ക്കുമെല്ലാം ആ മാഷെക്കുറിച്ച് വലിയ അഭിപ്രായമായിരുന്നു വലിയ വാഗ്മിയും ചിന്തകനും ഒക്കെയാണ് എന്ന് പറയുമെങ്കിലും അദ്ദേഹത്തിന്റെ പേര് ഒന്നും അന്ന് എനിക്കറിയില്ല. നമുക്കെന്ത് വാഗ്മി. നമുക്കെന്ത് ചിന്തകന്‍! പപ്പട ബൈക്കിന്റെ മാഷ് എന്നാണ് അദ്ദേഹത്തിന് ഞങ്ങള്‍ വിളിച്ചു കൊണ്ടിരുന്നത്. ദൂരത്തുള്ള പപ്പടക്കടയിലേക്ക് പോകാന്‍ സ്ഥിരമായി കൈകാട്ടി അദ്ദേഹത്തിന്റെ ബൈക്കില്‍ ഞങ്ങള്‍ കുട്ടികള്‍ വലിഞ്ഞു കയറി. കുട്ടികള്‍ കൈ കാണിക്കുമ്പോള്‍ യാതൊരു മടിയുമില്ലാതെ ബൈക്ക് നിര്‍ത്തുകയും കയറ്റി കൊണ്ടുപോവുകയും ചെയ്യുന്ന അപൂര്‍വ്വം ആളുകളില്‍ ഒരാളായിരുന്നു അദ്ദേഹം.

‘‘എന്തുത്തിനാന്ന് ങ്ങള് ആടിന്റെ ചേലിക്ക്ള്ള ഈ താടി വച്ചിക്ക്ണ്?’’ ഒരിക്കല്‍ മുസ്തഫ ആ മാഷോട് ചോദിച്ചു.

‘‘ചേച്ചി പ്രസംഗിക്കുന്ന വേറെ ഒരു മാഷ് തടി വെച്ചിട്ടില്ലേ ഇതേപോലെ?'' അനുജന്‍ താടിയ് മഹാത്മ്യം ഓര്‍മ്മിച്ചു.

ശരിയാണ് മാതൃഭൂമിയുടെ ഒരു പരിപാടിക്ക് അച്ഛനൊപ്പം പോയപ്പോള്‍ പ്രസംഗിക്കാന്‍ വന്ന മറ്റൊരു മാഷും ഇതുപോലെ താടി വച്ചിട്ടുണ്ട്.

അന്ന് ആ മാഷെ പേരറിയില്ലായിരുന്നു. ഒ.വി. വിജയന്‍ എന്ന് വളര്‍ന്നപ്പോള്‍ ഉള്ളുലഞ്ഞു ചിരിച്ചു.

ഒ.വി. വിജയന്‍
ഒ.വി. വിജയന്‍

എന്താണ് ഇവരൊക്കെ ആടിന്റെ താടി വെച്ചിരിക്കുന്നത്? ഉള്ളാളില്‍ ദര്‍ഗയില്‍ പോകാന്‍ തയ്യാറായിട്ടുള്ള ഒരുങ്ങി നില്‍ക്കുന്ന സുന്ദരനായ കുട്ടനാടിനും ഇതുപോലെ താടി ഉണ്ടെന്നത് അനിയന്‍ ഓര്‍മ്മിപ്പിച്ചു.

''എനിക്ക് ഈ ആടിന്റെ താടി ഇഷ്ടപ്പെട്ടു. ഞാന്‍ വലുതാകുമ്പോള്‍ ഇതുപോലെ താടി വെക്കും'' എന്റെ കൂടെയുള്ള ഷറഫു ആ മാഷുടെ താടിയെ പ്രകീര്‍ത്തിച്ചു.

ആ മാഷുടെ ക്ലാസ്സുകള്‍ ആയിരുന്നു ഫറൂഖ് കോളേജിലെ ഹൈലൈറ്റ്. അദ്ദേഹം കൈകള്‍ സ്വാമിയാരെ പോലെ ഉയര്‍ത്തി. കണ്ണുകള്‍ അമര്‍ത്തിച്ചിമ്മി. ഇടയ്ക്ക് താടിയില്‍ സ്പര്‍ശിച്ചു. ഇതായിരിക്കും ബുദ്ധിജീവി സ്റ്റേറ്റ്‌മെന്റ് എന്ന് ഞങ്ങള്‍ വിശ്വസിച്ചു. ഏറ്റവും നന്നായി രാഷ്ട്രീയം പറയുകയും രസകരമായ ക്ലാസ്സുകള്‍ എടുക്കുകയും ചെയ്യുന്ന ആ അധ്യാപകന്‍ വ്യത്യ്‌സ്തനായിരുന്നു. പൊലിറ്റിക്കലി ലെഫ്റ്റ് ആയ വ്യക്തിയെന്നത് എനിക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടു. ക്ലാസ്സുകളിലും അദ്ദേഹത്തിന്റെ രാഷ്ട്രീയം കൃത്യമായിരുന്നു. രാഷ്ട്രീയം എന്നാല്‍ പാര്‍ട്ടി പൊളിറ്റിക്​സോ മറ്റേതെങ്കിലും തരത്തിലുള്ള ചന്തരാഷ്ട്രീയമോ ആയിരുന്നില്ല. ജനാധിപത്യമൂല്യത്തിലൂന്നി സര്‍ഗാത്മക സൃഷ്ടികളിലേയും എഴുത്തുകളിലെയും ലേഖനങ്ങളിലും എല്ലാം പൊളിറ്റിക്കല്‍ കറക്റ്റ്‌നസ്സ് അല്ലെങ്കില്‍ രാഷ്ട്രീയശരി ഇതെല്ലാം വ്യത്യസ്തമായ രീതിയില്‍ അദ്ദേഹം ക്ലാസുകളിലൂടെ പങ്കിട്ടു.

സഫലമീ യാത്രയെക്കുറിച്ച് അദ്ദേഹം അദ്ദേഹത്തിന്റെ ക്ലാസ് അതിമനോഹരമായിരുന്നുവെന്ന് കോളേജ് മുഴുവന്‍ പറഞ്ഞു. ഹിന്ദിയിലെ കുട്ടികള്‍ പോലും ക്ലാസ് കേള്‍ക്കാന്‍ വേണ്ടി അദ്ദേഹത്തിന്റെ ക്ലാസ്സിലേയ്ക്ക് വരുമായിരുന്നു. മഞ്ജുവും ശ്രീജയും ആദ്യമായി കെ.ഇ.എന്നിന്റെ ക്ലാസ്സില്‍ വന്നു.

''ഞാന്‍ മലയാളം പഠിക്കേണ്ടതായിരുന്നു'', ശ്രീജ അതിനു ശേഷം എപ്പോഴും പറഞ്ഞുകൊണ്ടിരുന്നു.

ഷാജഹാന്‍ ഷാവുദ്ദീന്‍ സാറും എന്റെ അച്ഛന്റെ നാട്ടുകാരായിരുന്നു. എന്നെ എഴുത്തുകാരിയായി തിരിച്ചറിഞ്ഞ അപൂര്‍വ്വം അധ്യാപകരില്‍ പ്രധാനികളാണ് ഇരു പേരും.

Photo: shankaronline/Flickr, CC BY 2.0
Photo: shankaronline/Flickr, CC BY 2.0

കഥകളെക്കുറിച്ചും എഴുത്തിനെക്കുറിച്ചും ഷാജഹാന്‍സാറുമായി ഞാനെപ്പോഴും സംസാരിക്കുമായിരുന്നു. ഞാന്‍ എഴുതുവാന്‍ സാധ്യതയുള്ള ഒരാളാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞതുപോലെയായിരുന്നു എന്നോടുള്ള പെരുമാറ്റം. റംല ടീച്ചര്‍ക്ക് എന്നെ പരിചയപ്പെടുത്തിയത് അദ്ദേഹമാണ്. ജീവിതത്തില്‍ ആദ്യമായി വെളിച്ചം കണ്ട കഥ മരിയയുടെ പപ്പ എന്ന കഥയാണ്. ഒരു കൈ എഴുത്തു മാഗസിനിലാണത് വന്നത്. ഷാജഹാന്‍ മാഷ് പരിചയപ്പെടുത്തിയെ ഏതോ എഡിറ്റര്‍ എന്നോട് വന്നു ചോദിച്ചു ഞാന്‍ കൊടുത്തു.

മറ്റൊരു കയ്യെഴുത്ത് മാഗസിനില്‍ വന്ന എന്റെ ഒരു കഥ- പേരോര്‍മ്മയില്ല- ഞാന്‍ തന്നെ എഴുതിയതാണോ എന്നദ്ദേഹം മൂന്നാല് തവണ ചോദിച്ചു. ഞാന്‍ തന്നെയാണ് എന്ന് പറഞ്ഞിട്ടും ഒരു വിശ്വാസമില്ലാത്തത് പോലെ അദ്ദേഹം നോക്കി.

''അതെന്താ അങ്ങനെ? ഞാന്‍ തന്നെ എഴുതിയതാ'' എന്നു പരിഭവിച്ചു. ഒന്നാംവര്‍ഷ പ്രീഡിഗ്രി വിദ്യാര്‍ത്ഥിനിയില്‍ മുതലുള്ള ഒരു എഴുത്തുകാരിയെ അദ്ദേഹം കണ്ടുവെന്നും ഇത് ഞാന്‍ എഴുതിയതാണ് എങ്കില്‍ എഴുത്ത് പ്രധാന ജോലിയായി എടുത്താല്‍ പോലും ഒരു തകരാറുമില്ല എന്ന് അദ്ദേഹം പറഞ്ഞു.

Photo: Instagram / @mohammed_hilal_m
Photo: Instagram / @mohammed_hilal_m

സത്യത്തില്‍ എഴുത്തിന് എനിയ്ക്ക് അഭിനന്ദനങ്ങള്‍ കിട്ടിയത് വളരെ അപൂര്‍വമാണ്. എന്നാലാകട്ടെ പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ പലരീതിയില്‍ പലവിധത്തില്‍ എനിക്ക് കിട്ടിയിട്ടുണ്ട് ചിലപ്പോഴൊക്കെ എനിക്ക് ഒട്ടും എഴുതാന്‍ അറിയില്ലേ എന്ന് അത്ഭുതപ്പെടുന്നത് പോലെ കിട്ടിയിട്ടുണ്ട്.

തുടക്കകാലങ്ങളില്‍ വളരെ ദുര്‍ബലമായ മനസ്സുള്ള ഒരാളായിരുന്നു ഞാന്‍. വിമര്‍ശനങ്ങള്‍ കൂടിയായപ്പോള്‍ ഞാന്‍ സത്യത്തില്‍ തകര്‍ന്നു. എന്തെഴുതിയാലും ആരെങ്കിലും എന്തെങ്കിലും പറയുമോ എന്ന ഭയമെന്നെ ചകിതയാക്കി. എഴുതുന്നത് കുറവുള്ള എന്തോ ആയാണു അന്നു സമൂഹം കണ്ടത്. എഴുതുന്നത് ആരും അറിയാതിരിക്കാനും മറച്ചുവെക്കാനും ഞാന്‍ സദാ ശ്രമിച്ചു കൊണ്ടേയിരുന്നു. ഒരുപക്ഷേ അപരിചിതമായ പേരുകളില്‍ എഴുതി.

''ഇവക്ക് വട്ടാ''
''എന്തൊക്കെയാ ഈ എഴുതി വെയ്ക്കുന്നത്?''
''കുടുംബത്ത് പെറപ്പുള്ളോരെഴുതില്ല''

എന്നൊക്കെയുള്ള പലതരം വിമര്‍ശനങ്ങള്‍ക്ക് നടുവില്‍ പതറിയിരുന്ന കൗമാരകാലത്തെ എഴുത്തു ജീവിതത്തിന് ''ഈ എഴുത്തിനു വല്ലാത്തൊരു ശക്തിയുണ്ട്'' എന്നു പറഞ്ഞ്​ ഷാജഹാന്‍ സാറു തന്ന ആത്മവിശ്വാസത്തെ എനിക്ക് മറക്കാന്‍ കഴിയില്ല.

Photo: Instagram / hashmiya_haris
Photo: Instagram / hashmiya_haris

ഷാവുദ്ദീന്‍ സാറ് വളരെ സൗമ്യനായ ഒരധ്യാപകനായിരുന്നു. പാഷാ സാറിനൊപ്പം പതിവായി അദ്ദേഹം നടക്കുന്നത് കാണാം. ചൂടും തണുപ്പുമെന്നു ഞാന്‍ കളിയാക്കി. ചിലപ്പോഴൊക്കെ ഞങ്ങള്‍ ഒരുമിച്ച് നടക്കാറുണ്ടായിരുന്നു. കൊല്ലത്തെ വിശേഷങ്ങള്‍ പലതും അദ്ദേഹം പറയും. കോളേജിലെ വിശേഷങ്ങളും അദ്ദേഹം പറയും. വളരെ സൗമ്യവും ഊഷ്മളവുമായ പ്രകൃതിയായിരുന്നു അദ്ദേഹത്തിന്. കുട്ടികള്‍ക്കൊക്കെ വലിയ ഇഷ്ടമാണ്. പലപ്പോഴും എഴുത്തിനെക്കുറിച്ചും ഭാഷയെ കുറിച്ചും എല്ലാമുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകള്‍ ചര്‍ച്ചകളിലേക്ക് കടന്നുവന്നു. വായിക്കുന്ന പുസ്തകങ്ങളെ കുറിച്ച് അദ്ദേഹം ചോദിച്ചു എഴുത്തിനെ കുറിച്ച് അദ്ദേഹത്തിന് അറിയാമായിരുന്നു. എങ്കിലും എഴുതുന്നതിനെക്കുറിച്ച് ആയിരുന്നില്ല വായിക്കുന്നതിനെക്കുറിച്ച് ആയിരുന്നു ഞങ്ങളുടെ ചര്‍ച്ചകള്‍. പിന്നെയും പലപ്പോഴും അദ്ദേഹത്തെ കാണാറുണ്ടായിരുന്നു. ഫോണ്‍ ചെയ്യാറുണ്ട് ഇടയ്‌ക്കൊക്കെ. മറ്റ് അധ്യാപകര്‍ ആരുമായും നിരന്തരമായ ഒരു സൗഹൃദം ഉണ്ടായിരുന്നില്ല. എന്നാല്‍ അദ്ദേഹവുമായി വര്‍ഷങ്ങള്‍ക്കിപ്പുറം തെളിഞ്ഞ ഒരു സ്‌നേഹ സൗഹൃദം നിലനില്‍ക്കുന്നുണ്ട്.

ഞാന്‍ പഠിക്കുന്ന കാലത്ത് ആ ക്യാമ്പസിലെ ഏറ്റവും ചെറിയ അധ്യാപകരായിരുന്നു സലിം സാറും നസീര്‍ സാറും. ഒരുപക്ഷേ അക്കാലത്ത് അവിടെ ജോയിന്‍ ചെയ്തതില്‍ ഏറ്റവും പ്രായം കുറഞ്ഞ ആള്‍ക്കാര്‍ അവര്‍ രണ്ടുപേരും ആയിരുന്നിരിക്കണം. സലിം സാറാണോ നസീര്‍ സാറാണോ ഇളയത് എന്ന തര്‍ക്കത്തില്‍ കാര്യമില്ലാതെ പോയി. സലിം സാറായിത്തീര്‍ന്നു ഏറ്റവും ഇളയതും ചെറുപ്പക്കാരനും. 97- ല്‍ തന്നെ ഒരു ബൈക്ക് അപകടത്തില്‍ സലിം സാര്‍ മരണപ്പെട്ടുപോയി. നിത്യയൗവനം ആയിരുന്നിരിക്കണം അദ്ദേഹത്തിന് വിധിച്ചിരുന്നത്. 27- 28 വയസ്സിന്റെ പാകതയില്‍ ജീവിതം പൂര്‍ത്തീകരിച്ച് നിത്യ യൗവന നിദ്രയില്‍ അദ്ദേഹം മുഴുകിപ്പോയി.

Photo: Instagram / shbl_hrn
Photo: Instagram / shbl_hrn

വര്‍ഷങ്ങള്‍ക്കുശേഷം നസീര്‍ സാര്‍ മാത്രമാണ് പഠിപ്പിച്ച അധ്യാപകരില്‍ അവശേഷിക്കുന്നത്. സലിം സാര്‍ കൂടി ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹവും റിട്ടയര്‍ ചെയ്യുമായിരിക്കുമല്ലോ എന്നു ഞാനോര്‍ത്തു. ധൃതിയായിരുന്നു നസീര്‍ സാറിന്റെ മുഖമുദ്ര. മുടി ഒരു പ്രത്യേക രീതിയില്‍ തന്നെ സ്‌റ്റൈല്‍ ചെയ്തു വച്ചിട്ടുണ്ട്.. ക്ലാസില്‍ വരുമ്പോള്‍ ഫാന്‍കാറ്റില്‍ പ്രത്യേക ശൈലിയില്‍ ഇളകുന്ന മുടി കുട്ടികളില്‍ കൗതുകമുണ്ടാക്കി. പലപ്പോഴും നടക്കുമ്പോള്‍ ഷൂസിന്റെ കട ശബ്ദവും ഉണ്ടാകും. ക്ലാസിലും ആ ഒരു കൃത്യതയും ചടുലതയും അദ്ദേഹത്തിനുണ്ടായിരുന്നു. വളരെ ക്രിസ്പായ രീതിയിലാണ് പാഠഭാഗങ്ങള്‍ പഠിപ്പിക്കാറുണ്ടായിരുന്നത്. കുട്ടികളെല്ലാം ആ ചടുലതയും ഉന്മേഷവും ആസ്വദിച്ചുകൊണ്ടുതന്നെ ക്ലാസ്സില്‍ ഇരുന്നു. സാധാരണ മലയാള അധ്യാപകരില്‍ നിന്നും വിഭിന്നമായ രീതിയും ശൈലിയും, ഇംഗ്ലീഷ് പ്രൊഫെസ്സെര്‍മാരുടെ കാല്‍പ്പനിക ഭാവങ്ങളും, ഉറച്ച ശബ്ദവും ക്ലാസുകളെ വ്യത്യസ്തമാക്കി.

ആദ്യപ്രണയവും പ്രണയ തകര്‍ച്ചയും പ്രേമമായിരുന്നെന്നറിയും മുമ്പേ സംഭവിച്ച കാമുകമരണവുമാണ് എനിയ്ക്ക് ഫാറൂഖ് കോളേജ്. സന്തോഷിപ്പിക്കുന്നതും സങ്കടപ്പെടുത്തുന്നതുമായ അനവധി സംഭവങ്ങള്‍ ചേര്‍ന്നത്. പ്രിയപ്പെട്ട ഒരുപാടുപേരുള്ള ഇടം. മഞ്ഞപ്പൂക്കളും മഴയിതള്‍ത്തുള്ളികളും സമം ചേര്‍ത്ത് ആര്‍ത്തുല്ലസിച്ചു പെയ്യുന്ന മരങ്ങള്‍… പിങ്കുമണിയിതളായി കുലകുത്തിത്തൂങ്ങിയ മണിപ്പൂക്കളുടെ നീണ്ട വള്ളികള്‍. ഭാഷ നഷ്ടപ്പെട്ടു വായടഞ്ഞുപോയ രണ്ടൂമ വര്‍ഷങ്ങള്‍. റോഡില്‍ മഞ്ചാടിക്കുരു കൊണ്ടിട്ടതാരാണാവോ. കൗമാരകുതൂഹലം. പാദസരത്തിന്റെ കിലുക്കവും ഇളംമഴയുടെ ഇത്തിരിപ്പെയ്ത്തും കൊണ്ട് ഒരു പെണ്‍കുട്ടി നടന്നു... അവിടുത്തെ മലയാളം ഡിപ്പാര്‍ട്ട്‌മെന്റില്‍ അവള്‍ക്ക് അഡ്മിഷന്‍ കിട്ടിയിരുന്നു. എന്നിട്ടുമവളവിടെ ചേര്‍ന്നില്ല. അവള്‍ക്കൊരിക്കലും അവിടേയ്ക്കു ചെല്ലാന്‍ കഴിയാത്ത വിധം ആത്മാവു തകര്‍ത്തുകൊണ്ട് പ്രിയപ്പെട്ടൊരാള്‍ മരിച്ചു പോയിരുന്നു. നടന്നുപോകുമ്പോള്‍ അയാളുടെ കണ്ണുകള്‍ തന്നെ ഒളിഞ്ഞു നോക്കുന്നുവെന്ന ആഹ്ലാദത്തള്ളിച്ച ആത്മാവിലില്ലാതെ തന്റെ ഹൃദയത്തിനു മിടിക്കാനാവില്ലെന്നു അവള്‍ വിശ്വസിച്ചു. അയാളോട് സ്‌നേഹമായിരുന്നുവെന്ന് പറയാതെപോയ ഇടത്തേയ്ക്ക്, അയാളോട് പിണങ്ങി പിന്നെയൊരിക്കലും കാണാതായിപ്പോയ ഇടത്തേയ്ക്ക്, ഞാന്‍ പോകുന്നില്ലമ്മേയെന്നു പറഞ്ഞ് ഞാനെന്നെന്നേയ്ക്കുമായി എന്റെ ഫാറൂഖ് കോളേജിനെ ഉപേക്ഷിച്ചു....


Summary: farook college days indu menon


ഇന്ദുമേനോൻ

കഥാകൃത്ത്, നോവലിസ്റ്റ്, കവി. കപ്പലിനെക്കുറിച്ചൊരു വിചിത്രപുസ്തകം, ഒരു ലെസ്ബിയൻ പശു, സംഘപരിവാർ, എന്റെ കഥ എന്റെ പെണ്ണുങ്ങളുടേയും തുടങ്ങിയവ പ്രധാന കൃതികൾ.

Comments