ആഫ്രിക്കൻ
വസന്തങ്ങൾ- 21
ഗുജറാത്തികൾ കെട്ടുറപ്പുള്ള സമൂഹമാണ്. ബ്രാഹ്മണിക്കൽ പാരമ്പര്യത്തെപ്പറ്റി ഊറ്റം കൊള്ളുന്ന ഗുജറാത്തി ബ്രാഹ്മണൻ, തന്റെ സഹജീവികളായ ജൈനരുടെയും തന്നേക്കാൾ ജാതി ഹൈരാർക്കിയിൽ താഴ്ന്ന നിലയിലുള്ള പട്ടേലുമാരുടെയും വാണിജ്യപരമായ കഴിവുകളെ അംഗീകരിക്കുന്നതിനൊപ്പം അവരെ “സൂക്ഷിക്കണം” എന്നു കരുതിയിരുന്നിരിക്കണം. അതല്ലെങ്കിൽ സ്വാഭാവികമായ ഗുജറാത്തി ഒരുമ; അതിനാലാവണം അവർ അത്തരമാൾക്കാരെ “പേട്രണൈസ്” ചെയ്തത്. എന്തുകൊണ്ടായാലും ഗുജറാത്തിന്റെ ‘മൈക്രോകോസം’ തിക്ക എന്ന വിദൂര ആഫ്രിക്കൻ ഗ്രാമത്തിലും ദൃശ്യമായിരുന്നു. അതിന്റെ പ്രതിഫലനമാണ് തിക്കയിലെ മഹാജൻ വാദി ഹാളിൽ മിക്ക ശനിയാഴ്ചകളിലും നടന്നുവന്ന സമൂഹസദ്യകൾ.
വെറുതേ നമ്മുടെ നാട്ടിലെപ്പോലെ ‘കഞ്ഞിവീത്ത്’ അല്ലെങ്കിൽ ‘ധർമക്കഞ്ഞി’- ഇതൊന്നുമല്ല മഹാജൻ വാദിയിലെ സമൂഹസദ്യ. ഏറ്റവും ധനികരായ ഗുജറാത്തികൾ ഉൾപ്പടെയുള്ളവർ പാചകം മുതൽ വിളമ്പൽ വരെയുള്ള കാര്യങ്ങളിലും അതിനുശേഷം ഹാളും പരിസരവും ശുചീകരിക്കുന്നതിലും യാതൊരു സങ്കോചവുമില്ലാതെ പങ്കെടുക്കുന്ന യഥാർത്ഥ സാമൂഹികസംഗമമാണത്. അതിന് ആരെയും ക്ഷണക്കത്ത് അച്ചടിച്ച് വിളിക്കുകയൊന്നുമില്ല. ആദ്യം അറിയുന്നവർ മറ്റുള്ളവരോട് പറയും. അങ്ങനെ വാമൊഴിയിലൂടെയാണ് എല്ലാവരും അറിയുക. കറുത്തവർക്ക് ഈ ക്ഷണം ഇല്ല. പല ശനിയാഴ്ചകളിലും ഞങ്ങൾ ആ പരിപാടിക്ക് പോയിട്ടുണ്ട്.
തിക്കയെ ഒരു വ്യാവസായികകേന്ദ്രമായി ഉയർത്താൻ വേണ്ടിയായിരുന്നു അവിടെ തുണി മില്ലും ഡെൽ മോണ്ടെ ഉടമസ്ഥതയിൽ ഒരു പൈൻ ആപ്പിൾ തോട്ടവും ഫാക്ടറിയും ആരംഭിച്ചത്. ഒന്നന്തരം ജാമുകളാണ് അവരുടേത്. അതു കൂടാതെ ബുള്ളീസ് എന്ന തുകൽക്കമ്പനി അവിടെ ഒരു ടാനറിയും തുടങ്ങിയിരുന്നു. ആ ടാനറിയുടെ പുകക്കുഴലുകൾ ഞങ്ങളുടെ ബോർഡിംഗിനു വളരെ അടുത്തായിരുന്നു. ബോർഡിംഗിലെ കുട്ടികളാണ് അതിന്റെ മലിനീകരണത്തിന് ഇരകളായിരുന്നത്. സ്ക്കൂൾ മാനേജ്മെന്റിന് അതൊന്നും പ്രശ്നമായിരുന്നില്ല എന്നു വേണം കരുതാൻ. ഇക്വേറ്റർ അക്കാദമിക് വിജയങ്ങൾ നേടുന്നതിനെക്കാൾ കായികരംഗത്തെ നേട്ടങ്ങളിൽ ശ്രദ്ധിച്ചിരുന്നു. പിൽക്കാലത്ത് കെന്യൻ ദേശീയ ഫുട്ബാൾ ടീമിലെ ഒരു പ്രധാന കളിക്കാരനായി മാറിയ സാമി ഒന്യാങ്ഗോ ഇക്വേറ്ററിലെ വിദ്യാർത്ഥിയായിരുന്നു. കെന്യയിലെ ഒരു പ്രമുഖ ഫുട്ബോൾ ക്ലബായ ഗോർ മാഹിയയിൽ തുടങ്ങിയ സാമിയുടെ സോക്കർ ജീവിതം അയാൾ പോലും ഉദ്ദേശിക്കാത്ത ഉയരങ്ങളിലെത്തി. ദേശീയ ടീം ആയ ഹറാംബേ സ്റ്റാർസിന്റെ വിശ്വസ്തനായ ഒരു ഫോർവേഡായി സാമി വളർന്നു. കെന്യൻ ഫുട്ബോളിന്റെ അപൂർവ്വ അന്താരാഷ്ട്ര നേട്ടമായ കപ് വിന്നേഴ്സ് കപ്പ് (1987) വിജയത്തിൽ സാമി ഒരു പ്രധാന പങ്ക് വഹിച്ചു.
കൽക്കത്തയിലെ മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, മൊഹമ്മദൻ സ്പോർട്ടിംഗ് തുടങ്ങിയ ടീമുകൾ തമ്മിലുള്ളതു പോലൊരു ‘വൈരം’ കെന്യയിലെ പ്രധാന രണ്ടു ക്ലബുകളായ ഗോർ മാഹിയയും എ എഫ് സി ലെപ്പേഡ്സും തമ്മിലുണ്ടായിരുന്നു. ഗോർ മാഹിയ ഒരു ‘ലുവോ’ ഗോത്ര ക്ലബും ലെപ്പേഡ്സ് ‘ലുഹ്യ’ ഗോത്ര ക്ലബുമായാണ് അറിയപ്പെട്ടിരുന്നത്. ഗോത്രവൈരത്തിന്റെ തീപാറുന്ന അങ്കത്തട്ടുകളായി മാറി പലപ്പോഴും മത്സരവേദികൾ.
ഇക്വേറ്ററിൽ രണ്ടു വർഷം പൂർത്തിയാക്കിയപ്പോൾ റാവൽ തന്നെ ഞങ്ങളോട് നാട്ടിൽ പോയി വരാൻ നിർബ്ബന്ധിച്ചു. സ്ക്കൂൾ തന്നെ ടിക്കറ്റുകളും തന്നു. അങ്ങനെ നാടു വിട്ട് നാലു വർഷം കഴിഞ്ഞ് ഞങ്ങൾ പാക്കിസ്താൻ ഇന്റർനാഷണൽ എയർലൈനിന്റെ ഫ്ലൈറ്റിൽ ബോംബെയ്ക്ക് പറന്നു. കറാച്ചിയിൽ ഏതാനും മണിക്കൂർ സ്റ്റോപ് ഓവറുണ്ടായിരുന്നു. ട്രാൻസിറ്റ് ലൗഞ്ചിലേക്ക് കയറും മുൻപ് ഒരു ഇമിഗ്രേഷൻ ഡെസ്കിൽ പാസ്പോർട്ട് വാങ്ങിവയ്ക്കും. ഉള്ളതു പറഞ്ഞാൽ തല പോകുന്ന കാലത്താണ് ഇന്ന് ജീവിക്കുന്നതെങ്കിലും പറയാതിരിക്കാൻ വയ്യ; ആ എയർപോർട്ട് ഉദ്യോഗസ്ഥർ എല്ലാവരും ഏറ്റവും മര്യാദയോടെയും പ്രസന്നതയോടെയുമാണ് ഞങ്ങളോട് പെരുമാറിയത്. പിറ്റേന്നു രാവിലെ മറ്റൊരു പി.ഐ.എ വിമാനത്തിൽ ഞങ്ങൾ അന്നത്തെ ബോംബെയിലെത്തി. ഞങ്ങളെ കൂട്ടിക്കൊണ്ടു പോകാൻ എത്തുമെന്ന് പറഞ്ഞിരുന്ന ആൾ വന്നിട്ടില്ല.
ഞങ്ങളുടെ നാട്ടിലേക്കുള്ള യാത്രയാണെങ്കിൽ ട്രെയിനിലാണ്. ടിക്കറ്റുകൾ, ഞങ്ങളെ ഒപ്പം കൂട്ടേണ്ട റെജിമോൻ എന്ന, എന്റെ സഖിയുടെ ഒരു കസിൻ ബ്രദറിന്റെ കൈവശമാണുതാനും. ഞങ്ങളുടെ ഒപ്പമുണ്ടായിരുന്ന യാത്രക്കാരെല്ലാം ഒന്നൊന്നായി പോയിക്കഴിഞ്ഞു. വിമാനത്താവളത്തിലെ വെയ്റ്റിംഗ് ഏരിയയിൽ ഞങ്ങൾ മാത്രമായി. അവിടെയെല്ലാം ഒന്നു നടന്നുനോക്കിയപ്പോൾ എയർപോർട്ട് മാനേജർ എന്ന ബോർഡ് വച്ച ഒരു മുറി കണ്ടു. ഞാൻ അദ്ദേഹത്തെ കണ്ട് ഇന്ത്യൻ എയർലൈൻസിന് തിരുവനന്തപുരത്തേക്ക് ടിക്കറ്റുകൾ കിട്ടാൻ മാർഗ്ഗമുണ്ടോ എന്ന് അന്വേഷിച്ചു. ആ എയർപോർട്ട് മാനേജർ മലയാളിയും എന്റെ നാട്ടിനടുത്തുള്ളയാളും ആണെന്നറിഞ്ഞതോടെ എനിക്ക് ശ്വാസം നേരെ വീണു. അദ്ദേഹം പറഞ്ഞു, “എന്തിനാ ഇന്ത്യൻ എയർലൈൻസിന് കാക്കുന്നത്? ഞാൻ അതിലും നല്ല ഒരു വഴി പറഞ്ഞു തരാം. ബോംബെയിൽ നിന്ന് നാട്ടിലേക്ക് പോകുന്ന ഒന്നന്തരം ലക്ഷ്വറി ബസുകളുണ്ട്. അതിലൊന്നിൽ നിങ്ങൾക്കു പോകാൻ ഞാൻ ഏർപ്പാടാക്കാം.”
ആ പറഞ്ഞതു കേട്ടപ്പോൾ നേരെ വീണ ശ്വാസം വീണ്ടും നിലയ്ക്കുമെന്ന് തോന്നി. ബോംബെ- കേരള ബസുകൾക്ക് കർണ്ണാടകം കടന്നു വേണമല്ലോ പോകാൻ. അതിൽ യാത്ര ചെയ്യുന്ന അജ്ഞരായ (ഞങ്ങളെപ്പോലെ) മലയാളികളിൽ നിന്ന് കസ്റ്റംസിന്റെ പേരു പറഞ്ഞ് പലവിധ ചൂഷണങ്ങളും നടക്കാറുണ്ട് എന്നു കേട്ടിട്ടുണ്ട്. എന്റെ ആശങ്ക മറച്ചുവയ്ക്കാതെ ഞാൻ അദ്ദേഹത്തോടത് പറയുകയും ചെയ്തു. അദ്ദേഹം അതെല്ലാം ചിരിച്ചു തള്ളി. എന്നിട്ട് ഒരു ഫോൺ വിളിച്ചു. അര മണിക്കൂറിനകം ഒരു മിനി ബസ് വന്നു. എയർപോർട്ട് മാനേജരോട് നന്ദി പറഞ്ഞ് രണ്ടും കൽപ്പിച്ച് ഞങ്ങൾ ആ മിനി ബസിൽ കയറി. എയർപോർട്ട് വിട്ട് ബസ് മുന്നോട്ടു പോകുമ്പോൾ വഴിയിൽ നിന്ന് മൂന്നു പേർ കൂടി അതിൽ കയറി. എല്ലാവർക്കും നല്ല കള്ളലക്ഷണം. ഒരാൾ എന്റെ അടുത്തേക്ക് വന്നു. “ഡോളർ ഉണ്ടോ? മാറ്റിത്തരാം. ഇരട്ടിവിലയ്ക്ക്”, മുറിഞ്ഞ ഇംഗ്ലീഷിൽ അയാൾ അത്രയും പറഞ്ഞു. (അന്ന് ഒരു ഡോളറിന് 12.5 രൂപയാണ് ഔദ്യോഗിക നിരക്ക്) എന്റെ കയ്യിൽ വിദേശപ്പണമൊന്നുമില്ലെന്ന് ഞാൻ തീർത്തുപറഞ്ഞു. എന്തുകൊണ്ടോ അ അന്വേഷണം അവർ അവിടെ നിർത്തി. ബസ് ചെന്നു നിന്നത് സയോൺ എന്ന സ്ഥലത്തുള്ള ഹോട്ടൽ കംഫർട്ട് എന്ന് ബോർഡ് വച്ച പഴയൊരു കെട്ടിടത്തിനു മുന്നിൽ. ഞങ്ങളെ അവിടെ ഇറക്കിയിട്ട് ബസ് പോയി. ഹോട്ടൽ റിസപ്ഷൻ കണ്ടപ്പോൽ തന്നെ പന്തിയല്ലായ്മ തോന്നി. മലയാളം സംസാരിക്കുന്ന മാനേജർ ഒരു പയ്യനെ വിളിച്ച് ലഗേജ് മുറിയിലേക്കെടുപ്പിച്ചു. മുകൾനിലയിലാണ് മുറി. അത്ര നല്ല മുറിയൊന്നുമല്ല. മുറിയിലേക്ക് നടക്കുമ്പോൾ അതിനടുത്തായി കുറേ കട്ടിലുകൾ നിരത്തിയിട്ട ഡോർമിറ്ററി കണ്ടു. ചില കട്ടിലുകളിൽ ആൾക്കാർ കിടന്നുറങ്ങുന്നു. ഒരാൾ വെറുതേ മുകളിലേക്ക് മിഴിച്ചുനോക്കി കിടക്കുന്നത് കണ്ടു. ഞങ്ങളുടെ സാധനങ്ങൾ കൊണ്ടു വന്ന കുട്ടി മലയാളിയായിരുന്നു. അവന് ടിപ് കൊടുത്തപ്പോൾ സന്തോഷമായി. “ഊണ് വേണ്ടേ സർ? വേണമെങ്കിൽ ഞാൻ ഇവിടെ കൊണ്ടു വന്നു തരാം.”
ഊണ് വേണം എന്നു പറഞ്ഞു. കുളിയൊക്കെ കഴിക്കുമ്പോഴേക്ക് ഊണു വന്നു, മലയാളി ഊണ്. പക്ഷേ ഞങ്ങളിരുവരും അസ്വസ്ഥരായിരുന്നു. ബസ് പുറപ്പെടുന്നത് അർദ്ധരാത്രിയാണ്, അതോ അതിരാവിലെയോ, ഓർമയില്ല. രണ്ടു സ്റ്റേറ്റുകൾ കടന്നു വേണം എറണാകുളത്തെത്താൻ. കാണിച്ചത് വിഡ്ഢിത്തമായി. ഇവിടത്തെ അന്തരീക്ഷവും സുഖമുള്ളതല്ല. ഇരുട്ടു വീണാൽ എന്തു തരത്തിലുള്ള മാറ്റമാവും ‘കംഫർട്ടി’നുണ്ടാവുക എന്ന് പ്രവചിക്കാനാവില്ലല്ലോ. ഇവിടെ നിന്നു പോകുക എന്നു തന്നെ ഞങ്ങൾ തീരുമാനിച്ചു. ഞാൻ പുറത്തു വന്ന് ആ റൂം ബോയിയെ കണ്ടുപിടിച്ചു. “ഞങ്ങൾക്ക് ഒരു ടാക്സി പിടിച്ചുതരാമോ? ഡൊമസ്റ്റിക് എയർപോർട്ടിൽ പോകാനാണ്’’ എന്ന് അവനോട് പറഞ്ഞു. “അതാണ് നല്ലത് സർ, ഈ സ്ഥലം നന്നല്ല.” അവൻ മാനേജർ അറിയാതെ അധികം വൈകാതെ ഒരു ടാക്സി എത്തിച്ചുതന്നു.
ഞങ്ങൾ പുറപ്പെടുന്നതു കണ്ട് മാനേജർ ചോദിച്ചു, “എന്തു പറ്റി സർ?’’
“ഒന്നും പറ്റിയിട്ടല്ല, ഞങ്ങൾ പോകുന്നു’’, അത്രയും പറഞ്ഞ് ഞങ്ങൾ ടാക്സിയിൽ കയറി. ടാക്സി സാന്റാ ക്രൂസിലെത്തി. ഞങ്ങൾ ലഗേജ് ഇറക്കി. വളരെ പണിപ്പെട്ട് പോർട്ടർമാരുടെ ശല്യം ഒഴിവാക്കി വെയ്റ്റിംഗ് ഏരിയയിലേക്കു കയറുമ്പോൾ ഞങ്ങളെ കാത്തുനിൽക്കാം എന്നേറ്റിരുന്ന റെജി എന്ന എന്റെ സഖിയുടെ കസിൻ പുറത്തേക്കിറങ്ങി വരുന്നു. റെജിയെ കണ്ടതും അവൾ “റെജിമോനേ, റെജിമോനേ” എന്നു മാത്രം വിളിച്ച് കെട്ടിപ്പിടിച്ചു. റെജിയെ ഞാൻ മുൻപ് കണ്ടിരുന്നില്ല. നാട്ടിൽ, കേരളത്തിലെത്തിയ അനുഭൂതിയായിരുന്നു ആ ചെറുപ്പക്കാരനെ കണ്ടപ്പോൾ. അയാൾ കരുതിയത് കറാച്ചിയിൽ നിന്നുള്ള കണക്ഷൻ ഫ്ലൈറ്റ് ഇന്ത്യൻ എയർ ലൈൻസ് ആയിരിക്കും എന്നാണ്. അതുകൊണ്ടാണ് ഡൊമസ്റ്റിക് എയർപോർട്ടിൽ വന്നു നിന്നത്. പാവം രാവിലെ മുതൽ അവിടെ നിൽക്കുകയായിരുന്നു.
റെജിയും മോഹനും ഒരുമിച്ച് മാട്ടുംഗയിൽ ഒരു ഫ്ലാറ്റിലാണ് താമസിച്ചിരുന്നത്. അവിടേക്കാണ് ഞങ്ങൾ പോയത്. ഒരു സ്പെയർ മുറി ഉണ്ടായിരുന്നതിനാൽ വലിയ അസൗകര്യങ്ങളില്ലാതെ ഞങ്ങൾ അവിടെ കൂടി. രണ്ടു മൂന്നു ദിവസം കൂടി ബോംബെയിൽ കഴിഞ്ഞതിനു ശേഷമേ റെജി ഞങ്ങളെ നാട്ടിലേക്ക് വിട്ടുള്ളൂ. പടച്ചോൻ ചെയ്യുന്ന ചില ‘ഡക്കു വേല’കളെപ്പറ്റി ഞാൻ മുൻപും പറഞ്ഞിട്ടുണ്ട്. അതുപോലെ ഒരു ‘വേല’ ആയിരുന്നിരിക്കണം അത്. ‘കംഫർട്ടി’ൽ നിന്ന് ഞങ്ങൾ സാന്റാ ക്രൂസിലെത്തുന്ന സമയത്തു തന്നെ റെജി തന്റെ ഏഴു മണിക്കൂർ നീണ്ടു പോയ കാത്തിരിപ്പ് അവസാനിപ്പിച്ച് തിരിച്ചുപോകാൻ ഇറങ്ങി എന്നത് വിസ്മയമായി ഇന്നും എന്റെ മുന്നിൽ നിൽക്കുന്നു. അത് മിറക്കിൾ അല്ലെങ്കിൽ?
ഒന്നര മാസത്തെ അവധിക്കിടയിൽ പഴയ സുഹൃത്തുക്കളെ കാണുകയും ഞങ്ങളിൽ ചിലർ ഒത്തുകൂടുകയും ചെയ്തു. പലർക്കും തിരക്കായിപ്പോയി. അന്നും എനിക്കായി എത്ര സമയം വേണമെങ്കിലും മാറ്റിവച്ച മൂന്നു പേർ ജോർജ്ജും എം.എസ്. കുമാറും സി.എൻ. ഉണ്ണികൃഷ്ണനും ആയിരുന്നു. ആ സ്നേഹസൗഹൃദങ്ങൾ ഇന്നും അണയാതെ തെളിഞ്ഞുകത്തുന്നു.
അവധി കഴിഞ്ഞ് മടങ്ങുമ്പോൾ ആരോടും (അവളോടു പോലും) പറയാതെ ഞാൻ ഒരു തീരുമാനമെടുത്തു. ഇനി പത്തു വർഷത്തേക്ക് ഈ നാട്ടിലേക്ക് തിരിച്ചുവരില്ല. അത്ര തിക്തമായ അനുഭവങ്ങളാണ് ആ അവധിക്കാലം എനിക്ക് നൽകിയത്. മുമ്പ് ട്രൂകോപ്പിയിൽ പ്രസിദ്ധീകരിച്ച “വെയിൽക്കാലങ്ങളി”ൽ അതിൽ ഏറ്റവും ക്രൂരമായ ഒരനുഭവം (നാട്ടിൽ നിന്ന് പോകും വരെ എന്റെ ആത്മസുഹൃത്തെന്ന് ഞാൻ കരുതിയ ഒരാളിൽ നിന്നുണ്ടായ) ഞാൻ വിവരിച്ചിട്ടുണ്ട്. അത് ആവർത്തിക്കുന്നില്ല.
ഇക്വേറ്ററിൽ അതിനിടെ അഡീസ് അബാബയിൽ നിന്ന് ഒരു ദമ്പതികൾ വന്നുചേർന്നു. അവരെ ഞങ്ങൾ അഡീസിൽ വച്ച് പതിവായി കണ്ടിരുന്നുവെങ്കിലും ഒരിക്കലും പരസ്പരം സംസാരിക്കയോ ഏതെങ്കിലും വിധത്തിൽ ഇടപെടുകയോ ചെയ്തിരുന്നില്ല. അവർ ഞങ്ങളെക്കാളെല്ലാം വളരെ മുൻപേ അഡീസിൽ വന്നവരായിരുന്നു. ചിറക്കടവുകാരായ ഡൊമിനിക്ക് സർ, അദ്ദേഹത്തിന്റെ പത്നി ഗ്രേസ്. അഡീസ് വിട്ട് അവർ സെയ്ഷെൽസ് ദ്വീപുകളിൽ ജോലി തേടിപ്പോയി. അത് നടക്കില്ലെന്നു വന്നപ്പോൾ അവിടെയിരുന്നുകൊണ്ട് എനിക്ക് എഴുതി, ഞങ്ങൾ കെന്യയിലേക്ക് വന്നോട്ടെ എന്നന്വേഷിച്ചു കൊണ്ട്. അവർ ഞങ്ങളുടെ വീടിനടുത്തുള്ള മറ്റൊരു ടീച്ചേഴ്സ് ക്വാർട്ടേഴ്സിലാണ് താമസിച്ചത്. ഞങ്ങളുടെ മോൾക്ക് ഏറ്റവും പ്രിയപ്പെട്ടവരായി മാറി അവരിരുവരും; പ്രത്യേകിച്ച് അധികം സംസാരിക്കാത്ത ഡൊമിനിക് സർ. വളരെ നല്ലൊരു ബയോളജി ടീച്ചറായിരുന്ന അദ്ദേഹം തെർമൊകോൾ കൊണ്ട് കൗതുകവസ്തുക്കളുണ്ടാക്കുന്നതിൽ അതിവിദഗ്ദ്ധനായിരുന്നു. അതായിരുന്നു ഞങ്ങളുടെ മോളുടെ ഏറ്റവും വലിയ ആകർഷണം. അവൾക്ക് അവർ സത്യത്തിൽ ഒരു മുത്തശ്ശനും മുത്തശ്ശിയും ആയിരുന്നു. അവർ പക്ഷേ അധികനാൾ കെന്യയിൽ തുടർന്നില്ല. ഇരുവരും റിട്ടയർമെന്റ് പ്രായത്തിനടുത്തെത്തിയിരുന്നു.
ഇക്വേറ്ററിൽ താമസിക്കുമ്പോഴാണ് യഥാർത്ഥത്തിൽ ഞങ്ങൾ ആദ്യമായി ഒരു ആഫ്രിക്കൻ സഫാരിക്ക് പോയത്. അതും ഒരു ഗുജറാത്തി മേൽക്കയ്യോടെ നടത്തിയതാണ്. അതിനുശേഷം ഞങ്ങൾ സ്വയം പ്ലാൻ ചെയ്ത് പല യാത്രകളും നടത്തി. പക്ഷേ ആ ആദ്യത്തെ സഫാരി അവിസ്മരണീയമായിരുന്നു. 65 പേരടങ്ങുന്ന സംഘമായാണ് പോയത്. മസായ് മാര എന്ന പ്രസിദ്ധമായ ഗെയിം റിസർവിലേക്ക്. ടെന്റുകളിലാണ് ഞങ്ങൾ താമസിച്ചത്. ആദ്യമായാണ് ഇംഗ്ലീഷ് സിനിമകളിലേതുപോലുള്ള ടെന്റുകളിൽ താമസിക്കുന്നത്. സരോവ എന്ന പ്രശസ്ത ഹോട്ടൽ ശൃംഖലയിൽപ്പെട്ട ഹോട്ടലായിരുന്നു അത്. മസായ് മാരയിലായതിനാൽ അത് സരോവ മാര ആയി. ഫ്രഷ് ആയിക്കഴിഞ്ഞയുടനെ ആദ്യത്തെ ഗെയിം ഡ്രൈവിനു പോയി. ധാരാളം ജിറാഫുകൾ, വിൽഡെബീസ്റ്റുകൾ, പലതരം മാനുകൾ, എന്നിവയെ കണ്ടു. കാണണം എന്ന് ഏറ്റവും ആഗ്രഹിച്ചിരുന്ന ചിലരെ കണ്ടതേയില്ല. ആന, സിംഹം, പുള്ളിപ്പുലി, കാട്ടുപോത്ത്, കണ്ടാമൃഗം എന്നിവരെ. കണ്ടാമൃഗത്തെ കാണുക ദുഷ്കരമാണെന്ന് അറിയാമായിരുന്നു. കാരണം, അവരുടെ എണ്ണത്തിൽ കുറഞ്ഞൊരു കാലം കൊണ്ട് വലിയ ഇടിവ് സംഭവിച്ചിട്ടുള്ളതായി വായിച്ചറിഞ്ഞിട്ടുണ്ട്. പ്രത്യേകിച്ച് വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണത്തിൽ. തെക്കുകിഴക്കൻ ഏഷ്യയിലെ ‘പരമ്പരാഗത’ വൈദ്യന്മാർ ലൈംഗികോത്തേജക-മരുന്നുകളുണ്ടാക്കാൻ കണ്ടാമൃഗത്തിന്റെ ശരീരഭാഗങ്ങൾ ഉപയോഗിക്കുമത്രെ. അതിനാൽ പോച്ചർമാർക്ക് പ്രിയപ്പെട്ട ഇരയാണ് കണ്ടാമൃഗം.
അന്നത്തെ ഡ്രൈവിൽ സിംഹങ്ങളെ കാണാതെ മടങ്ങി. മടങ്ങുമ്പോൾ ഒരു വലിയ ഹയെന പാക്കിനെ കണ്ടു. കാണാൻ ഭംഗിയില്ലെങ്കിലും, സ്കാവഞ്ചർ എന്ന് പേരു വിളിക്കുമെങ്കിലും, ഹയെന അതീവ ശൗര്യമുള്ള ജന്തുവാണ്. അവർ പാക്കുകൾ ആയിട്ടേ വേട്ടയാടുകയുള്ളു. സംഘം ചേർന്നാൽ സിംഹത്തിനു പോലും പിന്മാറേണ്ടി വരുന്ന ക്രൗര്യവും കൗശലവും ഉള്ള മൃഗമാണ് ഹയെന. ആ ഹയെനാ പാക്കിനെ കണ്ട് മുന്നോട്ട് വന്നപ്പോൾ കുറച്ചകലെയായി ഒരു പറ്റം മാനുകൾ, വലിയൊരു പറ്റം.
സൂര്യൻ പടിഞ്ഞാറേക്ക് ചാഞ്ഞു തുടങ്ങി. ആ മാൻപേടകളുടെ കണ്ണുകളിൽ നിഴലിട്ട ഭയം അല്പമകലെ ബസിലിരുന്നു പോലും ഞാൻ കണ്ടു. ഇന്നും അത് മുന്നിലുണ്ട്. നേരത്തേ കണ്ട ഹയെനക്കൂട്ടത്തിന്റെ ആ രാത്രിയിലെ ഡിന്നർ ആയിരിക്കാം ആ മാൻ കൂട്ടത്തിൽ ചിലർ. ഇങ്ങനെയെല്ലാം ചിന്തിച്ചിരിക്കെ ഒരു വലിയ ശബ്ദത്തോടെ ബസ് നിന്നു. ഒരു ടയർ ഫ്ലാറ്റ്. ശബ്ദമുണ്ടാക്കരുതെന്ന് ഞങ്ങളോടൊപ്പം വന്ന രണ്ട് തോക്കുധാരികളായ ഗാർഡുകൾ മുന്നറിയിപ്പ് തന്നു. അവരിരുവരും പുറത്തിറങ്ങി കാവൽ നിന്നു. ഡ്രൈവർ ഏറെ പരിശ്രമിച്ച് ടയർ മാറ്റി. അപ്പോഴേക്ക് ഇരുട്ട് വീണു കഴിഞ്ഞിരുന്നു. കാടിന്റെ ശബ്ദങ്ങൾക്ക് മുഴക്കം കൂടി. ഏതായാലും വലിയ താമസമില്ലാതെ ഡ്രൈവറും ‘കിളി’കളും ചേർന്ന് ടയർമാറ്റി. ഞങ്ങൾ തിരികെ സരോവ മാരയിൽ എത്തി.
പിറ്റേന്ന് രാവിലെയുള്ള ഡ്രൈവിലാണ് ഞങ്ങൾ സിംഹം, ആന എന്നിവരെ കണ്ടത്. ആനകൾ ഞങ്ങളുടെ ടെന്റിനടുത്തുള്ള ഒരു വാട്ടെറിങ് ഹോളിൽ വെള്ളം കുടിക്കാൻ വന്നു. അതിനു ശേഷം ഗെയിം ഡ്രൈവിനു പോയപ്പോഴും ആനകളെ കണ്ടു. ഏതാണ്ട് പതിനഞ്ചു സിംഹങ്ങളുള്ള ഒരു ‘പ്രൈഡി’നെ ഞങ്ങൾ കയ്യെത്തും ദൂരെ കണ്ടു എന്നതാണ് ആ ഡ്രൈവിലെ മറക്കാനാവാത്ത മറ്റൊരനുഭവം. ഒരു പുള്ളിപ്പുലിയെ മാത്രം അകലെ കണ്ടു. കാട്ടുപോത്തിനെ കണ്ടതേയില്ല. പക്ഷേ ഒന്നു രണ്ടു വർഷം കഴിഞ്ഞു നടത്തിയ മറ്റൊരു യാത്രയിൽ ഞങ്ങൾ പുള്ളിപ്പുലിയെയും കാട്ടുപോത്തുകളെയും കണ്ടു. കാണ്ടാമൃഗത്തിനെ അന്നും കാണാനായില്ല.
മൂന്നു ദിവസത്തെ യാത്ര കഴിഞ്ഞ് തിക്കയിൽ മടങ്ങിയെത്തിയപ്പോൾ തിക്ക പതിവുപോലെ ഉറക്കച്ചടവ് മാറാതെ ഞങ്ങളെ സ്വീകരിച്ചു. സ്ക്കൂളിന്റെ പതിവുജീവിതത്തിലേക്ക് ഞങ്ങൾ മടങ്ങി; കുറെ നിറം പിടിപ്പിച്ച ചിത്രങ്ങളുമായി.
(18ാം അദ്ധ്യായത്തിൽ സാമി ഒന്യാങ്ഗോ എന്ന കെന്യൻ സോക്കർ കളിക്കാരനെക്കുറിച്ച് പറയുമ്പോൾ ഫോം 4-ൽ സാമി എന്റെ വിദ്യാർത്ഥി ആയിരുന്നു എന്ന് പറഞ്ഞിരുന്നു. അത് തെറ്റാണ്. സാമി ഇക്വേറ്ററിൽ പഠിച്ചെന്നത് സത്യം. എന്റെ വിദ്യാർത്ഥി അല്ലായിരുന്നു. തെറ്റു പറ്റിയതിൽ ഖേദിക്കുന്നു.)
(തുടരും)