ആഫ്രിക്കൻ
വസന്തങ്ങൾ- 6
ആഫ്രിക്കയില്‍ ആദ്യം കാലുകുത്തുമ്പോള്‍ തന്നെ നമ്മെ പിടിച്ചുനിര്‍ത്തുന്ന ഒരു ദൃശ്യം ആകാശത്തിനും ഭൂമിക്കും ഇടയിലുള്ള സ്‌പെയ്‌സ് ആണ്. അംബരചുംബികളെക്കൊണ്ട് വീര്‍പ്പുമുട്ടുന്ന വികസ്വരരാഷ്ട്ര നഗരങ്ങളില്‍- മുംബൈ, ദില്ലി, കല്‍ക്കത്ത- പുകയുടെ ചാരനിറം വ്യാപിച്ച് പകലുകള്‍ പോലും ഇരുളിലാഴുന്ന, മനസ്സ് മരവിപ്പിക്കുന്ന കാഴ്ചയാണ് നാം കാണുവതെങ്കില്‍ ആഫ്രിക്കന്‍ ആകാശം തികച്ചും അന്യമായ, ആയിരം കാതങ്ങള്‍ അകലെയുള്ള ഒരിടമാണെന്ന് നാം കാണും. ഭൂമിയും ആകാശവും തമ്മിലുള്ള അകലവും അന്തരവും ആദ്യ കാഴ്ചയില്‍ത്തന്നെ നാം അറിയും.
അന്ന്, എത്യോപ്യയിലെ കാലാവസ്ഥ പ്രസന്നമായിരുന്നു. രാവിലെ അരിച്ചിറങ്ങുന്ന തണുപ്പും മെല്ലെമെല്ലെ വളരുന്ന വെയിലിന്റെ ഇളം ചൂടും സന്ദര്‍ശകരെ സ്‌നേഹത്തോടെ തഴുകി. തുടക്കത്തിലുണ്ടായിരുന്ന ‘ഹോം സിക്ക്‌നെസ്' മാറി എന്റെ സഖിയും ഉന്മേഷത്തിലായി. ഷിഫ്റ്റ് സമ്പ്രദായത്തില്‍ നടന്നിരുന്ന സ്‌കൂളുകളായിരുന്നു അക്കാലത്ത് എത്യോപ്യയിലേത്. വിവാഹിതരായ യുഗ്മങ്ങള്‍ക്ക് പരമാവധി വിട്ടുവീഴ്ച നല്‍കി രണ്ടു പേരെയും രണ്ട് ഷിഫ്റ്റുകളിലാണ് വിന്യസിച്ചിരുന്നത്. ഗോണ്ടറിന്റെ ഏറ്റവും വലിയ പ്രത്യേകതകളില്‍ ഒന്ന്, അവിടത്തെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ആയിരുന്നു. ‘ഗാരി' എന്ന് അമാറിക്കില്‍ വിളിച്ചിരുന്ന, ഏതു നിമിഷവും പൊളിഞ്ഞു വീഴുമെന്നു കാഴ്ചയില്‍ തോന്നിപ്പിക്കുന്ന ഒരു ഇരുചക്ര കുതിരവണ്ടി. (തിരുവനന്തപുരത്തൊക്കെ ഉണ്ടായിരുന്ന കുതിരവണ്ടികള്‍ ഗോണ്ടറിലെ ‘ഗാരി'യുമായി താരതമ്യം ചെയ്താല്‍ രാജരഥങ്ങള്‍ ആയിരുന്നു എന്നു പറയണം.) ടാക്‌സിയായി ഓടിയിരുന്ന കാറുകളും കുറവ്.
ഞങ്ങള്‍ സ്ഥിരമായി പോക്കുവരവിന് ഒരു ഗാരി തെരഞ്ഞെടുത്തു. എനിക്ക് രാവിലെയും സഖിക്ക് ഉച്ചയ്ക്കുമായിരുന്നു ഷിഫ്റ്റ്. അവള്‍ മോളെ മടിയിലിരുത്തി ഗാരിയില്‍ ശേബാ രാജ്ഞിയുടെ പത്രാസില്‍ സ്കൂള്‍ ഗേറ്റിലെത്തും. റിലേയില്‍ ബാറ്റണ്‍ കൈ മാറും പോലെ മോളെ എനിക്ക് കൈമാറി അവള്‍ ക്ലാസിലേക്ക് പോകും. തിരികെയുള്ള കുന്നു കയറ്റം ഗാരി വലിക്കുന്ന വൃദ്ധനായ കുതിരയും വണ്ടിക്കാരനും ഞങ്ങളും ഒന്നിച്ച് വല്ല വിധേനയും തീര്‍പ്പാക്കും. ആ യാത്രയ്ക്ക് ഞങ്ങള്‍ നല്‍കിയിരുന്നത് 50 സെന്റ് ആയിരുന്നു. ഞങ്ങള്‍ എത്യോപ്യയിലുള്ള കാലം ഒരു എത്യോപ്യന്‍ ബിര്‍ (അവിടുത്തെ കറന്‍സി) എന്നത് 4.50 ഇന്ത്യന്‍ രൂപയായിരുന്നു. അന്ന് അത് ഒട്ടും മോശപ്പെട്ട ഒരു സംഖ്യയല്ലായിരുന്നു. ഓര്‍ത്തുനോക്കണം, അന്ന് ഒരു അമേരിക്കന്‍ ഡോളറിന് 8.75 - 9.00 രൂപ എന്ന നിലയിലായിരുന്നു വിനിമയനിരക്ക്.
അതൊക്കെ വഴിയേ പറഞ്ഞെന്നേയുള്ളൂ. കറന്‍സിയുടെ വിലയും രാജ്യത്തിന്റെ പുരോഗതിയും തമ്മില്‍ ബന്ധപ്പെട്ടതല്ല എന്ന് മനസ്സിലാക്കിയത് എത്യോപ്യയില്‍ ജീവിക്കുമ്പോഴാണ്. എത്യോപ്യയിലെ മദ്ധ്യവര്‍ഗ്ഗം മെല്ലെ രൂപപ്പെട്ടു വരുന്നതേയുള്ളു, അക്കാലത്ത്. രാജകീയ പദവിയുള്ള കുടുംബങ്ങളും ഭൂപ്രഭുക്കളുമായിരുന്നു അധികാരവും സമ്പത്തും കയ്യാളിയിരുന്നത്. പട്ടാള സോഷ്യലിസം ആ ചരിത്രപരമായ തെറ്റ് തിരുത്തുവാന്‍ ആത്മാര്‍ത്ഥമായി ശ്രമിച്ചിരുന്നു എന്നത് സത്യവുമാണ്. പക്ഷേ അതിനുള്ള ‘ഗ്രാസ് റൂട്ട്' ബന്ധങ്ങള്‍ പട്ടാളത്തിനുണ്ടായിരുന്നോ എന്നത് സംശയമാണ്.
ആത്തോ ദ്‌സെമാനെ ഏര്‍പ്പെടുത്തിത്തന്ന വീടും ഞങ്ങളുടെ അയല്‍ക്കാരും വളരെ നല്ലവരായിരുന്നു. ടൗണില്‍ത്തന്നെയായിരുന്നതിനാല്‍ ഞങ്ങള്‍ താഴ് വാരത്തിലെ സ്‌കൂളില്‍ നിന്ന് അല്‍പം അകലെയും ആയിരുന്നു. അതും ഒരു തരത്തില്‍ ആശ്വാസമായി. സ്‌കൂളിനോട് ചേര്‍ന്ന് നിര്‍മ്മിച്ചിരുന്ന ‘എക്കോണമി' വീടുകളെക്കാള്‍ എന്തുകൊണ്ടും മേലെയായിരുന്നു ഞങ്ങളുടെ ‘വില്ല'. മാത്രമല്ല, ഗോണ്ടറില്‍ പുതിയതായി വരുന്ന വിദേശി അദ്ധ്യാപകര്‍ക്ക് വിദ്യാഭ്യാസ വകുപ്പ് ആദ്യം ചൂണ്ടിക്കാണിച്ചിരുന്നത് ‘ഹൗസ് ഓഫ് മിസിസ് ആന്‍ഡ് മി. ചന്ദ്ര’ ആയിരുന്നു. എന്റെ പേര് മുഴുവനായി പറയാന്‍ ബുദ്ധിമുട്ടിയിരുന്ന എത്യോപ്യന്‍ വിദ്യാഭ്യാസവകുപ്പിലെ ഉദ്യോഗസ്ഥര്‍ എനിക്കു നല്‍കിയ പേരാണ് 'മി. ചന്ദ്ര'. ആ പേര് ഇനിയും മാറും, ഭൂഖണ്ഡത്തിലെ മറ്റിടങ്ങളിലേക്ക് കുടിയേറുമ്പോള്‍. അങ്ങനെ ഞങ്ങളുടെ വീട് ഗോണ്ടറിലെ ഒരുതരം അനൗദ്യോഗിക ഇന്ത്യന്‍ മിഷന്‍ കൂടിയായി.
ഓമനിച്ചു വളര്‍ത്തിയ മകളായതിനാല്‍ എന്റെ സഖിയുടെ പാചകനൈപുണി പൂജ്യത്തോടടുത്തായിരുന്നു. ഞങ്ങള്‍ക്ക് പക്ഷേ ഭാഗ്യമെന്നോണം കിട്ടിയ അമുനീഷ് എന്ന പണിക്കാരി, ഇന്ത്യന്‍- പ്രത്യേകിച്ച് മലയാളി- പാചകകലയില്‍ അസാധാരണ വൈദഗ്ദ്ധ്യം നേടിയിരുന്നു. അത്രയും വിദഗ്ദ്ധമായി മലയാള പാചകം ചെയ്യുന്ന വീട്ടുപണിക്കാര്‍ അവിടെ ഇല്ലായിരുന്നു എന്നുതന്നെ പറയാം.
ഗോണ്ടര്‍ പട്ടണം വൈകുന്നേരമാവുമ്പോഴേക്ക് മങ്ങിയ വെട്ടം മാത്രമുള്ള ഒരു ഗ്രാമത്തിന്റെ പരിവേഷമണിഞ്ഞു. ‘എമ്പയര്‍' എന്നു പേരുള്ള ഒരു സിനിമാ തിയേറ്ററായിരുന്നു, വെളിച്ചം പരത്തി നിന്നിരുന്ന ഒരേയൊരിടം. ആ തിയേറ്ററില്‍ ഞങ്ങള്‍ പല ഭാഷകളിലുള്ള സിനിമകള്‍ കണ്ടു. ബാക്കി എല്ലാ വെളിച്ചങ്ങളും ഗോണ്ടര്‍ ‘കവല’യെ ചുറ്റിപ്പറ്റി നില്‍ക്കുന്ന മധുശാലകളില്‍ ലഹരിയും ശബ്ദവും പകര്‍ന്ന് ആത്മസംതൃപ്തിയടഞ്ഞു. ‘ബുന്നാ ബേത്ത്' എന്നാണ് മദ്യശാലയ്ക്കും പേരു ചൊല്ലിയിരുന്നത്. ബുന്ന എന്നാല്‍ കാപ്പി. ബേത്ത് എന്നാല്‍ വീട്. ‘കോഫീ ഹൗസ്’ എന്നു പേര്‍. വില്‍പ്പന ഏറിയ പങ്കും മദ്യം. എല്ലാ ബുന്നാ ബേത്തിലും എസ്‌പ്രെസോ മെഷീനുകളുണ്ട്. ഒന്നാന്തരം എസ്‌പ്രെസോ തയാറാക്കിത്തരും അവര്‍. അതും ഇറ്റാലിയന്‍ അധിനിവേശത്തിന്റെ അവശിഷ്ടം. അവരുടെ സംഭാവന. ‘ചാവ്'- ciao- എന്ന അനൗപചാരിക വിടചൊല്ലലും ഇറ്റാലിയന്‍ സ്വാധീനം തന്നെ.
ഗോണ്ടറില്‍ എന്റെ സഖിക്ക് കിട്ടിയ ഒരു നല്ല സഹപ്രവര്‍ത്തകന്‍ സ്‌കൂളിലെ അതുവരെയുള്ള സീനിയര്‍ ജ്യോഗ്രഫി അദ്ധ്യാപകനായ ആതോ അസന്നാ ആയിരുന്നു. പുതിയ അദ്ധ്യാപികയുടെ കഴിവ് മനസ്സിലാക്കിയ അദ്ദേഹം പന്ത്രണ്ടാം ക്ലാസ്സിലെ ജ്യോഗ്രഫി ക്ലാസുകള്‍ മുഴുവന്‍ അവരെ ഏല്‍പ്പിച്ചു. ഞങ്ങള്‍ ടൗണില്‍ താമസിച്ചിരുന്നതിനാല്‍ ഞങ്ങളുടെ സാമൂഹ്യബന്ധങ്ങള്‍ സ്‌കൂളിന്റെ ചുറ്റുവട്ടത്തു മാത്രം ഒതുങ്ങിനിന്നില്ല. ഒരു ദിവസം ആതോ അസന്ന (ഞങ്ങള്‍ താമസിച്ചിരുന്നതിനടുത്തായിരുന്നു അദ്ദേഹത്തിന്റെ വീട്) ഞങ്ങളെ നിര്‍ബ്ബന്ധിച്ച് അദ്ദേഹത്തിന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ഞങ്ങള്‍ അവിടെ ചെന്നപ്പോഴാണ് മനസ്സിലാക്കുന്നത്, അദ്ദേഹത്തിന്റെ ഭാര്യ അവരുടെ നാലാമത്തെ കുഞ്ഞിനെ പ്രസവിച്ചു കൊണ്ടിരിക്കയാണ്. എത്യോപ്യന്‍ മാതൃകയില്‍ പണിത പഴയ വീടായിരുന്നു അത്. മുറ്റത്തും വരാന്തയിലും നിറയെ പുരുഷന്മാര്‍ നിരനിരയായി ഇരിക്കുന്നു. ഞങ്ങളെ രണ്ടാളെയും അമാറിക് ഭാഷയില്‍ എല്ലാവര്‍ക്കും പരിചയപ്പെടുത്തിയിട്ട് ആത്തോ അസന്ന ഞങ്ങള്‍ക്ക് ഇരിക്കാനുള്ള സ്ഥലം കാണിച്ചുതന്നു. ഞങ്ങള്‍ അവിടെ ഇരുന്നു. ഇരുന്നപ്പോള്‍ത്തന്നെ ഒരു ചെറുപ്പക്കാരന്‍ ഒരു വലിയ മഗ്ഗ് നിറയെ ഒരു ദ്രാവകം ഒഴിച്ച് എനിക്ക് നീട്ടി. ഞാന്‍ അത് വാങ്ങി. ആത്തോ അസന്ന ധാരാളം ഇന്ത്യക്കാരെ കണ്ട ആളായിരുന്നതിനാല്‍ സ്ത്രീകള്‍ക്ക് മദ്യം നല്‍കാന്‍ അദ്ദേഹം അനുവദിച്ചില്ല. എന്റെ കയ്യില്‍ ഒരു നിറഞ്ഞ ഗ്ലാസ് ‘തെല്ല’ എന്ന, ബിയറിനു സമാനമായ ഒരു പാനീയം ആയിരുന്നു. ഞാന്‍ അതില്‍ ഒരിറക്ക് കുടിച്ചു നോക്കി. വേഗം തീര്‍ത്താല്‍ ഇനി കുടിക്കേണ്ടി വരില്ലല്ലോ എന്നു കരുതി ഞാന്‍ ബാക്കിയുള്ളത് ഒറ്റ വലിക്ക് കുടിച്ചുതീര്‍ത്തു. അല്പം കഴിഞ്ഞപ്പോഴാണ് അപകടം മനസ്സിലായത്. എന്റെ മഗ്ഗ് ആരോ വീണ്ടും നിറച്ചിരിക്കുന്നു. ഞങ്ങൾ അവിടെ ഇരിക്കുമ്പോൾ തന്നെ അദ്ദേഹത്തിന്റെ ഭാര്യ അകത്ത് പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞിനെ. ഞങ്ങള്‍ അതിനുശേഷം അധികസമയം അവിടെ ഇരുന്നില്ല. രണ്ട് മഗ്ഗ് തെല്ലയേ കഴിച്ചുള്ളുവെങ്കിലും കാലുകള്‍ മെല്ലെ ആടുന്നുണ്ടായിരുന്നു. സമയം രത്രി 9 കഴിഞ്ഞിരുന്നു. ഗോണ്ടറില്‍ രാത്രി 12 മുതല്‍ രാവിലെ 6 മണിവരെ കര്‍ഫ്യൂവാണ്. അതിനു മുന്‍പ് ഞങ്ങള്‍ വീട്ടിലെത്തി.
ഞങ്ങള്‍ ഗോണ്ടറില്‍ എത്തും മുമ്പേ തിരുവനന്തപുരം ഗവ. ആര്‍ട്‌സ് കോളേജില്‍ ഇംഗ്ലീഷ് അദ്ധ്യാപകനായിരുന്ന സദാശിവ വാര്യര്‍ ഗോണ്ടറിലേക്ക് പോസ്റ്റിംഗ് ആയി വന്നിരുന്നു. പ്രൊവിന്‍ഷ്യല്‍ ആഫീസറുമായി സദാശിവന്‍ സര്‍ പെട്ടെന്ന് സൗഹൃദം സ്ഥാപിച്ചു. സദാശിവന്‍ സാറിനെ ഞാന്‍ നാട്ടില്‍ വച്ച് കണ്ടിട്ടില്ല. പക്ഷേ സാറിന് ഞങ്ങളുടെ പ്രണയകാലത്തെക്കുറിച്ചും മറ്റും വളരെ കൃത്യമായ അറിവുണ്ടായിരുന്നു.
ഇനി വരാനുള്ളവരുടെ വിവരങ്ങള്‍ അദ്ദേഹം പ്രൊവിന്‍ഷ്യല്‍ ഓഫീസില്‍ നിന്ന് അറിഞ്ഞു. അതിനു കാരണം ഫാസിലെഡസ് സ്കൂളിലെ ഇംഗ്ലീഷ് വേക്കന്‍സിയിലേക്ക് സദാശിവന്‍ സാറിനെയാണ് അവര്‍ ഉദ്ദേശിച്ചിരുന്നത്. കാരണം സര്‍ ഹൈദരാബാദിലെ സി.ഐ.എഫ്.എല്ലി-ൽ പഠിച്ച് ടീച്ചിങ് ഓഫ് ഇംഗ്ലീഷ് ഏസ് എ സെക്കണ്ട് ലാംഗ്വേജ്, ടീചിംഗ് ഓഫ് ഇംഗ്ലീഷ് ഏസ് ഏ ഫോറിന്‍ ലാംഗ്വേജ് എന്നീ വിഷയങ്ങളില്‍ പ്രശസ്തമായ നിലയില്‍ വിജയിച്ച വ്യക്തിയാണ്. മാത്രമല്ല, ആ ഇടക്കാലത്ത് അദ്ദേഹം അതിവാചാലനും ആയിരുന്നു. എക്‌സെൻട്രിക് എന്നു വിളിക്കുന്നത് അദ്ദേഹത്തോട് കാണിക്കുന്ന വലിയ അനീതി ആവുമെങ്കിലും 'അസാധാരണന്‍' എന്ന് പറയാവുന്ന ഒരുപാട് സവിശേഷതകള്‍ ഉള്ളയാളായിരുന്നു സദാശിവന്‍ സര്‍. ചില വ്യക്തിപരമായ പ്രശ്‌നങ്ങളാണ് അദ്ദേഹത്തെ എത്യോപ്യക്കുള്ള യാത്രയിലെത്തിച്ചത്. ഫാസിലെഡസ് വേണ്ടെന്നു വച്ച അദ്ദേഹം ഏറ്റവും അകലെയുള്ള ഒരു ഗ്രാമത്തിലേക്ക് തന്നെ അയക്കാന്‍ പ്രൊവിന്‍ഷ്യല്‍ ഓഫീസറോട് അഭ്യര്‍ത്ഥിച്ചു. അവസാനം അവര്‍ കണ്ടെത്തി ആ സ്ഥലം; ‘ഈസ്‌തെ’. എത്യോപ്യന്‍ അദ്ധ്യാപകര്‍ പോലും 'സ്റ്റേറ്റ്‌സ്' (യുണൈറ്റഡ് സ്റ്റേറ്റ്‌സ് ) എന്ന് ആ സ്ഥലത്തെ പരിഹസിച്ചിരുന്നു.
ഗോണ്ടര്‍ പ്രവിശ്യയുടെ വിദൂരഗ്രാമങ്ങളില്‍ മലയാളി അദ്ധ്യാപകര്‍ ജോലി നോക്കിയിരുന്നു. എത്യോപ്യന്‍ ഗ്രാമമെന്ന യാഥാര്‍ത്ഥ്യം നിങ്ങള്‍ സങ്കല്പിക്കുന്നതിനും എത്രയോ അകലെയുള്ള ഒരു സ്ഥലമാണ്. അത്തരം ഒരു ഗ്രാമത്തിലേക്ക് ഞങ്ങള്‍ ഒരിക്കല്‍ ഒരു യാത്ര നടത്തി. 'ഡെബാത്ത്' എന്നായിരുന്നു ആ സ്ഥലത്തിന്റെ പേര്. ആ യാത്രയുടെ കഥ പിന്നീട്.
അവിടെ പോയശേഷം സദാശിവന്‍ സാര്‍ ഒരിക്കല്‍ ഗോണ്ടറില്‍ ഞങ്ങളെ സന്ദര്‍ശിച്ചു. 'ഈസ്‌തെ' എന്ന ഗ്രാമത്തിലെ 'ഹിന്ദ് അസ്തമാരി' (ഇന്ത്യന്‍ ടീച്ചര്‍) വളരെ വേഗം പ്രശസ്തനായി. അവിടത്തെ ഡി ഇ ഒ ഗോണ്ടറില്‍ വരുമ്പോള്‍ തന്റെ പ്രൊവിന്‍ഷ്യല്‍ ഓഫീസറോട് സദാശിവന്‍ സാറിന്റെ അപദാനങ്ങള്‍ വാഴ്ത്തിപ്പാടിയിരുന്നു. എത്യോപ്യയിലെ ഗ്രാമങ്ങളില്‍ പോയി ഇംഗ്ലീഷ് പഠിപ്പിക്കാന്‍ ഒട്ടും എളുപ്പമല്ല. സദാശിവന്‍ സാര്‍ ഇംഗ്ലീഷ് പഠിപ്പിക്കുന്നതിനോടൊപ്പം അമാറിക് പഠിക്കുകയും ചെയ്തു എന്നാണ് ഞങ്ങള്‍ മനസ്സിലാക്കിയത്. അമാറിക് ഇല്ലാതെ ഗ്രാമപ്രദേശങ്ങളില്‍ അതിജീവനം (സര്‍വൈവല്‍ എന്ന അര്‍ത്ഥത്തില്‍) സാദ്ധ്യമായിരുന്നില്ല. അത് എത്യോപ്യയിലെ ഒരു പൊതു അവസ്ഥയായിരുന്നു എന്നു പറയാം. വിദേശികളായ അദ്ധ്യാപകര്‍ പഠിപ്പിക്കുന്ന വിഷയങ്ങള്‍ നടക്കുമ്പോഴല്ലാതെ എത്യോപ്യന്‍ വിദ്യാര്‍ത്ഥികള്‍ ഇംഗ്ലീഷ് വ്യവഹാരഭാഷയായി ഉപയോഗിക്കുന്നില്ല. സര്‍വകലാശാലയിലാവാം പിന്നീട് അതിന്റെ ആവശ്യം അല്പമെങ്കിലും ഉണ്ടാവുക. മാത്രമല്ല, ചെറിയ ക്ലാസുകള്‍ മുതലുള്ള ഇംഗ്ലീഷ് പഠനം പ്രാധാന്യമുള്ള ഒരു കാര്യമായി കാണുന്നില്ലെന്നതും ഹൈസ്‌കൂള്‍ തലത്തില്‍ എത്തുമ്പോഴത്തെ വിഷമങ്ങള്‍ക്ക് കാരണമായിരുന്നു. പബ്ലിക്ക് പരീക്ഷകള്‍ എല്ലാം മള്‍ട്ടിപ്പിള്‍ ചോയ്‌സ് ചോദ്യങ്ങളുടെ അടിസ്ഥാനത്തിലായിരുന്നതിനാല്‍ ഗ്രാമര്‍ അല്ലാതെ വേറൊന്നും പഠിപ്പിക്കേണ്ടതില്ല എന്ന നയവും വായനയില്‍ നിന്ന് വിദ്യാര്‍ത്ഥികളെ അകറ്റാന്‍ മാത്രമേ സഹായിച്ചുള്ളൂ.
എത്യോപ്യയില്‍ അമാറിക് ഭാഷയില്‍ ഒരു വര്‍ത്തമാനപത്രം ഉണ്ടായിരുന്നു. കൂടാതെ, ഇംഗ്ലീഷില്‍ 'എത്യോപ്യന്‍ ഹെറാള്‍ഡ്' എന്നൊരു പത്രവും. പത്രം വായിക്കുക എന്ന ശീലമില്ലാത്ത ഒരു ജനതയായതിനാല്‍ ആ പത്രം വളരെ കുറച്ചു കോപ്പികള്‍ മാത്രമാണ് എത്തിയിരുന്നത്. ആ പത്രത്തില്‍ ഒരു മലയാളി സ്‌പോട്‌സ് പേജ് കൈകാര്യം ചെയ്തിരുന്നു, ഏബ്രഹാം കുരുവിള. അദ്ദേഹം വളരെക്കാലമായി എത്യോപ്യയില്‍ ജോലി ചെയ്തുവരുന്ന അദ്ധ്യാപകനായിരുന്നു. ആ പത്രത്തിന്റെ 'കെട്ടും മട്ടും' എല്ലാം വളരെ ദയനീയമായിരുന്നു. ആകെയുള്ള നാലു പേജിൽ ഏറിയ ഭാഗവും ഗവണ്മെന്റ് പരിപാടികളായിരിക്കും. കുരുവിളയെക്കൂടാതെ അവിടെ ഈശ്വരന്‍ എന്നു പേരുള്ള ഒരു പാലക്കാട്ട് ബ്രാഹ്മണനും വളരെ സീനിയറായി പ്രവര്‍ത്തിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈശ്വരന്‍ ഒരു എത്യോപ്യന്‍ സ്ത്രീയെ വിവാഹം ചെയ്ത് എത്യോപ്യനായി 'നാച്ചുറലൈസ്' ചെയ്ത ആളായിരുന്നു. പണ്ടു പണ്ട് അവിടെ പഠിപ്പിച്ചു പോന്ന പാലക്കാട്ടുകാരന്‍ തന്നെയായ പി.സി. മേനോന്‍ സാറിനും മറ്റും അദ്ദേഹവുമായി സൗഹൃദമുണ്ടായിരുന്നതായി മേനോന്‍ സാര്‍ തന്നെ പറഞ്ഞ് എനിക്കറിയാം.
എത്യോപ്യന്‍ സ്ത്രീകളെ വിവാഹം കഴിച്ച് അവിടെത്തന്നെ കൂടിയ മറ്റു പലരും ഉണ്ട്. അതില്‍ ഒരാള്‍ പില്‍ക്കാലത്ത് എന്റെ നല്ല സുഹൃത്തായി. കൊച്ചി ചേലനാട്ട് എന്ന പ്രഭു കുടുംബത്തിലെ അംഗമായിരുന്നു- എത്യോപ്യയില്‍ വന്ന് അവിടെത്തന്നെ ജീവിതം ചെലവഴിച്ച അച്യുതമേനോന്‍. അതിപ്രഗല്‍ഭനായ ഇംഗ്ലീഷ് അദ്ധ്യാപകൻ.
ഗോണ്ടറില്‍ ഞങ്ങളുടെ സ്‌കൂളിനു സമീപം വേര്‍തിരിച്ച ഒരു 'ഹൌസിംഗ് കോളനി'യെപ്പറ്റി നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ. അത് റഷ്യന്‍ മിലിട്ടറി അഡ്വൈസർമാരും മറ്റ് ഉയര്‍ന്ന ഉദ്യോഗസ്ഥരും മാത്രമടങ്ങുന്ന ‘എക്‌സ്‌ക്ലൂസിവ്' സമൂഹമായിരുന്നു. അന്നത്തെ കിഴക്കന്‍ ജര്‍മ്മനി (ജര്‍മ്മന്‍ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് അഥവാ ജി.ഡി.ആര്‍) യില്‍ നിന്നുണ്ടായിരുന്നത് കൂടുതലും ഡോക്ടര്‍മാരായിരുന്നു. ക്യൂബന്‍ ഡോക്ടര്‍മാരും ഉണ്ടായിരുന്നു.
റഷ്യന്‍ മിലിട്ടറി അഡ്വൈസർമാര്‍ അവരുടെ ആള്‍ക്കാരുമായി മാത്രം ചങ്ങാത്തം കൂടി. അക്കൂട്ടത്തിലുണ്ടായിരുന്ന രണ്ട് ചിരിക്കുന്ന ചെറുപ്പക്കാര്‍; അനട്ടോളി എന്ന യുവാവും വോള്‍ഗ എന്ന അയാളുടെ പങ്കാളിയും അവിടെയുള്ള ഇന്ത്യക്കാരുമായും മറ്റ് വിദേശികളുമായും പുറമേക്കെങ്കിലും സൗഹൃദം വളര്‍ത്താന്‍ ശ്രമിച്ചിരുന്നു. 'എമ്പയര്‍' തിയേറ്ററില്‍ പഴയ ഹിന്ദി സിനിമകള്‍ വരുമ്പോള്‍ അവ ഏറ്റവും ഉത്സാഹത്തോടെ കാണാനെത്തിയിരുന്നത് ആ റഷ്യക്കാരും കിഴക്കന്‍ ജര്‍മ്മനിക്കാരും ആയിരുന്നു. 'ഹാഥി മേരാ സാഥി' എന്ന ചിത്രം ആ തിയേറ്ററില്‍ രണ്ടാഴ്ചയോളം പ്രദര്‍ശിപ്പിച്ചു. പല റഷ്യക്കാരും അത് വീണ്ടും വീണ്ടും കണ്ടതായി ഞങ്ങളോട് പറഞ്ഞിട്ടുണ്ട്.
ഗോണ്ടറിലെ പരീക്ഷണങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ.
(തുടരും)