അക്കരെ നിന്ന് വന്നയാൾ

ഫാബ് ഇന്ത്യയുടെ കുർത്തയണിഞ്ഞ് എന്റെ പഴയ സഖാവ് ആ അംടാട്ട പുലർച്ചയിലേക്ക് നടന്നു വന്നു. പണ്ടത്തെ ഊഷ്മളത വീണ്ടെടുക്കാൻ ഐസക്ക് ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്കിടയിലുള്ള അന്തരീക്ഷത്തിന്റെ വീർപ്പുമുട്ടൽ മാറാൻ സഹായിച്ചില്ല. മുൻ മന്ത്രി തോമസ് ഐസക് ആഫ്രിക്കയിലെത്തിയതിന്റെ ഓർമ്മ - യു. ജയചന്ദ്രൻെറ ‘ആഫ്രിക്കൻ വസന്തങ്ങൾ’ തുടരുന്നു

ആഫ്രിക്കൻ വസന്തങ്ങൾ - 60

“ആരാണയാൾ?” ഒരു ചലച്ചിത്രത്തിൽ തന്നെ വിരട്ടാൻ വന്ന വില്ലനോട് മോഹൻലാൽ കഥാപാത്രം ചോദിക്കുന്ന നിഷ്കളങ്കമായ ചോദ്യം. അതേ ചോദ്യം തന്നെ ഞാൻ എസ്.എ.സി.പിയുടെ ടെലിഫോൺ സന്ദേശവാഹകയോട് ഇംഗ്ലീഷിൽ ആരാഞ്ഞു. “Com. Dr Thomas Isaac, Finance Minister from Kerala,” വി.എസ് മന്ത്രിസഭയുടെ കാലത്താണ്. ഐസക് സ്വയം ലൈനിൽ വന്നു. “എടാ, എനിക്ക് നിന്നെ ഒന്നു കാണണം,” ഐസക് തന്റെ ശബ്ദത്തിൽ പഴയ ഉത്സാഹത്തിമിർപ്പ് വരുത്താൻ പാടുപെട്ട് പറഞ്ഞു. “ജൊഹാനസ്ബർഗിൽ നിന്ന് രാവിലെ ഒരു അംടാട്ട ഫ്ലൈറ്റ് ഉണ്ട്. അതിൽ വന്നാൽ കാണാം,” ഐസക്കിനെ ഒരു കാലത്ത് എന്നോളം അടുത്ത് അറിഞ്ഞവർ എസ്.എഫ്.ഐയിൽ ചിലപ്പോൾ എൻ.കെ. വാസുദേവൻ മാത്രമേ ഉണ്ടാവൂ.

“നിനക്ക് ഇങ്ങോട്ട് വരാൻ പറ്റില്ലേ?” “പറ്റും. പക്ഷേ ഞാൻ വരില്ല. ഇങ്ങോട്ട് വരാൻ സമയമുണ്ടാക്കിയാൽ കാണാം. അല്ലെങ്കിൽ ഗുഡ് ബൈ,” ഇത്രയും പറഞ്ഞ് ഫോൺ കട്ട് ചെയ്യാൻ ഞാൻ ഒരുങ്ങുമ്പോൾ ഐസക്ക് അംടാട്ടയ്ക്ക് വരാനാവുന്ന ഒരു ദിവസം പറയുന്നു. അന്ന് എനിക്ക് ക്ലാസ്സ് ഉള്ള ദിവസമാണെങ്കിലും കാണാം എന്ന് ഞാനും സമ്മതിക്കുന്നു. പറഞ്ഞ ദിവസം രാവിലെ ഞങ്ങൾ അംടാട്ട എയർപോർട്ടിൽ ഐസക്കിനെ സ്വീകരിക്കാൻ എത്തി. ഫാബ് ഇന്ത്യയുടെ കുർത്തയണിഞ്ഞ് എന്റെ പഴയ സഖാവ് ആ അംടാട്ട പുലർച്ചയിലേക്ക് നടന്നു വന്നു. പണ്ടത്തെ ഊഷ്മളത വീണ്ടെടുക്കാൻ ഐസക്ക് ശ്രമിക്കുന്നുണ്ടായിരുന്നെങ്കിലും അതൊന്നും ഞങ്ങൾക്കിടയിലുള്ള അന്തരീക്ഷത്തിന്റെ വീർപ്പുമുട്ടൽ മാറാൻ സഹായിച്ചില്ല. ഇരുപത്തിരണ്ട് വസന്തങ്ങൾക്കു മുൻപുള്ള തിരുവനന്തപുരത്തെ ഒരു മഞ്ഞുകാലരാത്രിയിലേക്ക് എന്റെ മനസ്സ് പറന്നു പൊയ്ക്കൊണ്ടിരുന്ന വൈകുന്നേരത്തെ സിനിമ കഴിഞ്ഞ് എന്റെ കുടുംബവും ഞാനും കിഴക്കേ കോട്ട സിറ്റി ബസ് ടെർമിനലിൽ ബസിന് കാത്ത് നിൽക്കുന്നു. ഞങ്ങൾ കെന്യയിൽ നിന്ന് ഡിസംബർ അവധിക്ക് വന്നതാണ്. തനി എൻ.ആർ. ഐ സ്റ്റൈലിൽ ടാക്സി വിളിച്ച് പോകാൻ തോന്നാതിരുന്നിട്ടല്ല ഞങ്ങൾ കിഴക്കെക്കോട്ട സിറ്റി ബസ് ടെർമിനലിൽ എത്തിയത്. കയ്യിൽ കാശ് കുറവായിരുന്നു! അവിടെ അതാ ഐസക്കും ജീവിതപങ്കാളി നട ദുവ്വുരിയും. അന്ന് അവരെ കണ്ടതിനെപ്പറ്റി ഞാൻ വെയിൽക്കാലങ്ങൾ”എന്ന എന്റെ തിരുവനന്തപുരം ഓർമ്മകളിൽ വിശദീകരിച്ചിട്ടുണ്ട്. അതിനാൽ ഒരു ആവർത്തനത്തിന് മുതിരുന്നില്ല.

“ആരാണയാൾ?” ഒരു ചലച്ചിത്രത്തിൽ തന്നെ വിരട്ടാൻ വന്ന വില്ലനോട് മോഹൻലാൽ കഥാപാത്രം ചോദിക്കുന്ന നിഷ്കളങ്കമായ ചോദ്യം. അതേ ചോദ്യം തന്നെ ഞാൻ എസ്.എ.സി.പിയുടെ ടെലിഫോൺ സന്ദേശവാഹകയോട് ഇംഗ്ലീഷിൽ ആരാഞ്ഞു. “Com. Dr Thomas Isaac, Finance Minister from Kerala,”
“ആരാണയാൾ?” ഒരു ചലച്ചിത്രത്തിൽ തന്നെ വിരട്ടാൻ വന്ന വില്ലനോട് മോഹൻലാൽ കഥാപാത്രം ചോദിക്കുന്ന നിഷ്കളങ്കമായ ചോദ്യം. അതേ ചോദ്യം തന്നെ ഞാൻ എസ്.എ.സി.പിയുടെ ടെലിഫോൺ സന്ദേശവാഹകയോട് ഇംഗ്ലീഷിൽ ആരാഞ്ഞു. “Com. Dr Thomas Isaac, Finance Minister from Kerala,”

ഐസക്ക് വന്നത് ഞങ്ങളെ ഏറെ സന്തോഷിപ്പിച്ചു. അദ്ദേഹത്തെ ഞങ്ങൾ മൻഡേലയുടെ ക്ലൂനുവിലെ വീടും മൻഡേലയുടെ തറവാടും കാണിക്കാൻ കൊണ്ടു പോയി. മൻഡേലയുടെ തനിപ്പകർപ്പായ അദ്ദേഹത്തിന്റെ അനുജൻ (എം.എ. ബേബി കണ്ടിട്ടുണ്ട്) മരിച്ചു പോയിരുന്നു. ഐസക്കിനെ ഞങ്ങൾ അംടാട്ടയിലെ മൻഡേലാ മ്യൂസിയത്തിലും കൊണ്ടു പോയി. എന്റെ സ്ക്കൂളിലും ഐസക്ക് വന്നു. അന്ന് ഞാൻ പഠിപ്പിച്ചിരുന്ന പന്ത്രണ്ടാം ക്ലാസ്സിൽ മൻഡേലയുടെ അനുജന്റെ പേരക്കുട്ടി ഉണ്ടായിരുന്നു. അവളും മൻഡേലയുടെ പകർപ്പായിരുന്നു. അവളെ കൂടെ നിർത്തി ഒരു ഫോട്ടോ എടുത്തു. ഞങ്ങളുടെ സ്ക്കൂളിലെ സെക്യൂരിറ്റി ഉദ്യോഗസ്ഥരിൽ ഒരാൾ മൻഡേലയുടെ പേരമകനായിരുന്നു. അയാളെയും ഐസക്ക് പരിചയപ്പെട്ടു.

വീട്ടിൽ തിരിച്ചെത്തിയ ഐസക്ക് ദക്ഷിണാഫ്രിക്കയുടെ സ്വാതന്ത്ര്യാനന്തര ചരിത്രത്തിലുള്ള താൽ‌പ്പര്യം മൂലം അതേക്കുറിച്ചുള്ള പുസ്തകങ്ങൾ വല്ലതുമുണ്ടോയെന്ന് എന്നോടന്വേഷിച്ചു. അലിസ്റ്റർ സ്പാർക്സിന്റെ “റ്റുമോറോ ഈസ് അനതർ കൺട്രി’’ എന്ന രസകരവും എന്നാൽ ഗൗരവമേറിയതുമായ പുസ്തകം ഞാൻ ഐസക്കിനു നൽകി. അതു കൂടാതെ ജോൺ പിൽജർ എഴുതിയ “ഹിഡൻ അജൻഡാസ്” എന്ന നിശിത വിമർശനമടങ്ങുന്ന പുസ്തകവും പിൽജർ നിർമ്മിച്ച ഡോക്യുമെന്ററിയും എന്റെ പക്കൽ ഉണ്ടായിരുന്നു. അത് ഞാൻ കാണിച്ചു കൊടുത്തു. പിൽജറിന്റെ പുസ്തകം ഞാൻ കൊടുത്തില്ല. മലയാളി സമൂഹത്തിൽ ഞങ്ങൾ ഐസക്കിന്റെ വരവിന് യാതൊരു പരസ്യവും നൽകിയിരുന്നില്ല. ഏറ്റവും അടുത്ത രണ്ടു മൂന്ന് സുഹൃത്തുക്കളെ മാത്രം ക്ഷണിച്ചു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി ഐസക്കിനെ ഇഷ്ടപ്പെടുന്ന അനേകം മലയാളികൾ ഉണ്ടല്ലോ. ഒരു വൈകുന്നേര ഫ്ലൈറ്റിൽ ഞങ്ങൾ ഐസക്കിനെ കയറ്റി വിട്ടു. അതിനു ശേഷം അപൂർവമായ ഫോൺ കോണ്ടാക്റ്റുകൾക്കപ്പുറം ഐസക്കുമായി ഞാൻ ബന്ധപ്പെട്ടിട്ടില്ല.

അംടാട്ടയിലെ മൻഡേലാ മ്യൂസിയം
അംടാട്ടയിലെ മൻഡേലാ മ്യൂസിയം

വർഷങ്ങൾ പറന്നു പൊയ്ക്കൊണ്ടിരുന്നു. അംടാട്ടയിലെ മലയാളി സമൂഹം 2012ൽ “സ്ത്രീ വർഷം” തികച്ചും വ്യത്യസ്തമായ വിധത്തിലാണ് ആഘോഷിച്ചത്. ആ വർഷത്തെ മലയാളി അസോസിയേഷന്റെ ഭരണസമിതി സ്ത്രീകളെ മാത്രം ഉൾപ്പെടുത്തിയാവണമെന്ന നിർദ്ദേശം ഉണ്ടായതിനെത്തുടർന്ന് ഒരൊറ്റ പുരുഷന്മാരും ഇല്ലാത്ത ഭരണസമിതിയെ ജനറൽ ബോഡി (ഓണക്കാലത്താണ് ജനറൽബോഡി കൂടാറുള്ളത്) ഒരെതിർപ്പുമില്ലാതെ തെരഞ്ഞെടുത്തു. എന്റെ പ്രിയതമ ആയിരുന്നു ജനറൽ സെക്രട്ടറി. അവർ ഗംഭീരമായിത്തന്നെ ആ വർഷം സംഘടന നടത്തിക്കൊണ്ടു പോയി. അതിലും മലയാളി പുരുഷന്മാരുടെ പൊള്ളത്തരം വ്യക്തമാക്കുന്ന ഒരു സംഭവം ഉണ്ടായി.
സ്ത്രീകളുടെ ഭരണസമിതി പുരുഷന്മാർക്കു വേണ്ടി ഒരു ഉപന്യാസമത്സരം സംഘടിപ്പിച്ചു. “എന്നെ ഏറ്റവും സ്വാധീനിച്ച സ്ത്രീ” എന്നതായിരുന്നു വിഷയം. പല തവണ അവസാന തീയതി മാറ്റിക്കൊടുത്തിട്ടും അംടാട്ടയിലെ ആണുങ്ങളുടെ പേനകൾ ചലിച്ചില്ല. ഭരണസമിതി അംഗങ്ങളുടെ വീട്ടിലുള്ള ആണുങ്ങൾക്ക് മത്സരത്തിൽ പങ്കെടുക്കാനാവില്ല എന്നൊരു വിലക്കുണ്ടായിരുന്നു. എങ്കിലും മറ്റുള്ള പുരുഷന്മാർ ധാരാളം ഉണ്ടായിരുന്നു. എഴുതാൻ കഴിയുന്നവർ. ഒരേ ഒരു ഉപന്യാസം മാത്രമാണ് അവർക്ക് കിട്ടിയത്. അതിന് സമ്മാനം നൽകുകയും ചെയ്തു.

ആസ്‌ട്രേലിയൻ പത്രപ്രവർത്തകനും ഡോക്യു. ഫിലിം മേക്കറുമായ ജോൺ പിൽജർ
ആസ്‌ട്രേലിയൻ പത്രപ്രവർത്തകനും ഡോക്യു. ഫിലിം മേക്കറുമായ ജോൺ പിൽജർ

ഇതിനിടെ ഞങ്ങൾ ദക്ഷിണാഫ്രിക്കയിൽ ഞങ്ങളുടെ സ്വന്തം വീട് പണിഞ്ഞു. ഒരിക്കലും നടക്കില്ലെന്ന് വിചാരിച്ചിരുന്ന ആ സ്വപ്നം ഞങ്ങൾ സാക്ഷാൽക്കരിച്ചു. അത് എന്റെ ഔദ്യോഗിക ജീവിതത്തിന്റെ “കൗണ്ട് ഡൗൺ” ആരംഭിക്കുന്ന സമയം കൂടി ആയിത്തീർന്നു.

2015 മാർച്ച് 31ന് ഞാൻ എന്റെ ഒടുവിലത്തെ ക്ലാസ് എടുത്ത് പുറത്തു വന്നപ്പോൾ എന്റെയൊപ്പം ഒരു സിംബാബ്വേ അദ്ധ്യാപകൻ മാത്രമാണ് ഉണ്ടായിരുന്നത്. എന്റെ മെന്റർ ആയിരുന്ന സിസ്റ്റർ പാട്രിക്കിന്റെ അവസാന ദിവസം ഞാൻ ഓർത്തുപോയി. അന്ന് സിസ്റ്ററെ യാത്രയാക്കാൻ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു. പ്രായാധിക്യത്താൽ അല്പം മുതുക് വളഞ്ഞ സിസ്റ്റർ തനിയെ നിരത്തു മുറിച്ചു കടന്ന് കോൺ വെന്റിലേക്ക് പോകുന്നത് ഞാൻ അന്ന് നോക്കി നിന്നു.

(തുടരും)


Summary: Former Kerala Finance Minister Comrade Dr. Thomas Isaac's Visit to Africa: U. Jayachandran's 'African Vasanthagal' Continues.


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments