1990 മെയ് മാസത്തിലൊരു ദിവസം രാവിലെ വരവരറാവുവിൽ നിന്നും ഒരു ടെലഗ്രാം സന്ദേശം ലഭിച്ചു : തിരുവനന്തപുരത്തെ ആശാൻ സ്മാരക സമിതിയുടെ 1988 ലെ 'ആശാൻ വേൾഡ് പ്രൈസ്' ഗദ്ദറിനാണ്. അത് സ്വീകരിയ്ക്കുന്നത് എത്രത്തോളം അഭികാമ്യമാണ് ? വിപ്ലവ സാംസ്കാരിക സംഘടനകളുടെ അഖിലേന്ത്യ ലീഗിന്റെ (AILRC) കേരളത്തിൽ നിന്നുള്ള ഘടക സംഘടനയായ ജനകീയ കലാ സാഹിത്യ വേദിയുടെ അഭിപ്രായവും അംഗീകാരവും ഇക്കാര്യത്തിൽ അനിവാര്യമായും അറിയേണ്ടതുണ്ട്.'
ആശാൻ ആധുനികമലയാള കവിതയുടെ പിതൃബിംബമാണ് ; അദ്ദേഹത്തിന്റെ കാവ്യശിരസ്സ് ലോക കവിതയുടെ ആകാശത്തെ സ്പർശിയ്ക്കുന്നതാണ് എന്ന് ഞങ്ങൾ മറുപടി അയച്ചു. ആശാന്റെ പേരിലുള്ള ലോക കവിതാപുരസ്കാരം ഗദ്ദർ സ്വീകരിയ്ക്കുക എന്നത് ഇന്ത്യയിലെ / കേരളത്തിലെ വിപ്ലവ സാംസ്കാരിക പ്രസ്ഥാനത്തിന് അഭിമാനകരമായിരിയ്ക്കും എന്ന് കൂടി ഞാൻ വ്യക്തിപരമായി വി.വി.യെ അറിയിച്ചു.
രണ്ടു ദിവസങ്ങിനുള്ളിൽ മറ്റൊരു സന്ദേശം ലഭിച്ചു : ആശാൻ സ്മാരക സമിതിയ്ക്ക് ഏതെങ്കിലും തരത്തിൽ ഭരണകൂടവുമായി ബന്ധമുണ്ടോ? അടിയന്തര മറുപടി വേണം.
ആശാൻ സ്മാരക സമിതിയുമായി ബന്ധമുണ്ടായിരുന്ന പ്രൊഫ.ജി. കുമാര പിള്ള സാറിനോട് വിശദീകരണം തേടി. സമിതി സ്വയംഭരണാധികാരമുള്ള ഒരു സംവിധാനമാണെന്നും പക്ഷേ, അതിന്റെ എക്സ് ഒഫീഷ്യോ ഖജാൻജി സ്ഥലം തഹസീൽദാരാണെന്നും അദ്ദേഹം അറിയിച്ചു. ഈ സാഹചര്യത്തിൽ പുരസ്കാരം സ്വീകരിയ്ക്കുന്നില്ല എന്ന് സമിതിയെ അറിയിയ്ക്കാനും പത്രക്കുറിപ്പിറക്കാനും ഞങ്ങളെ അധികാരപ്പെടുത്തി ഗദ്ദറുടെ സന്ദേശമെത്തി.
അന്ന് തൃശൂരിൽ നിന്നിറങ്ങുന്ന എക്സ്പ്രസ് ദിനപത്രത്തിന്റെ ചീഫ് സബ് എഡിറ്ററായിരുന്ന സുഹൃത്ത് നീലൻ വലിയ പ്രാധാന്യത്തോടെ ഇത് വാർത്തയാക്കി : 'വിപ്ളവ കവി ഗദ്ദർ ആശാൻ ലോക കവിതാ പുരസ്കാരം നിരസിയ്ക്കുന്നു'. അറിയിപ്പ് നല്കിയത് ജനകീയ കലാ സാഹിത്യ വേദിയായിരുന്നതുകൊണ്ട് തിരുവനന്തപുരത്ത് ഗദ്ദറെ സ്വീകരിയ്ക്കാൻ വലിയ പരിപാടികൾ ആസൂത്രണം ചെയ്തിരുന്ന സർവ്വകലാശാലയിലേയും സി.ഡി.എസ്സിലേയും ISRO യിലേയും മറ്റു സാംസ്കാരിക സ്ഥാപനങ്ങളിലേയും തെലുങ്കരും മലയാളികളുമടങ്ങിയ ഞങ്ങളുടെ സുഹൃത്തുകൾക്ക് ഇത് നീരസത്തിനിടയാക്കുകയും ചെയ്തു.
തലസ്ഥാനത്തെ കവി സമൂഹവും ബുദ്ധിജീവികളും കുറച്ചു കാലം പുരസ്കാരനിരാസത്തിന് വ്യക്തിപരമായി എന്നെ ഉത്തരവാദിയായി കാണാനിട വരികയും ചെയ്തു.
ഒസ്മാനിയ സർവ്വകലാശാലയിൽ എഞ്ചിനീയറിങ്ങ് വിദ്യാർത്ഥിയായിരിയ്ക്കെ നക്സൽബാരി പ്രസ്ഥാനത്തിൽ ആകൃഷ്ടനായി പഠനമുപേക്ഷിച്ച് ( ഹ്രസ്വകാലം ബാങ്കിൽ തൊഴിൽ ചെയ്തതിനു ശേഷം ) മുഴുവൻ സമയ വിപ്ലവ പ്രവർത്തകനായി ഗുമ്മഡി വിത്തൽ റാവു ; ദിഗംബര കവികളുടെ മാതൃക സ്വീകരിച്ച് ജാതിവാൽ ഉപേക്ഷിച്ച്, പിന്നീടദ്ദേഹം 'ഗദ്ദർ' എന്ന പേർ സ്വീകരിയ്ക്കുകയായിരുന്നു. പതിറ്റാണ്ടിലേറെ നീണ്ട ഒളിവു ജീവിതത്തിൽ ഏറെയും ഗറില്ലാ സ്‌ക്വാഡിൽ (കൊളോണിയൽ ഭരണം ഏജൻസി ഏരിയ എന്ന് അതിരിട്ട ) ദണ്ഡകാരണ്യത്തിലായിരുന്നു. ആരണ്യപർവ്വത്തിലൂടെ കടന്നുപോവുമ്പോൾ അദ്ദേഹം എഴുതുകയും പാടുകയും ചെയ്ത പാട്ടുകൾ ആന്ധ്രയിലെ ജനപദങ്ങളിൽ, ചുണ്ടുകളിൽ നിന്ന് ചുണ്ടുകളിലേയ്ക്ക് പകർന്ന് വിപ്ളവത്തിന്റെ കാട്ടുതീ പടർത്തുകയായിരുന്നു. രചയിതാവാരെന്നറിയാതെത്തന്നെ സ്വന്തം ജീവിതത്തിലെ ദുരിതങ്ങളേയും പീഡനങ്ങളേയും അവയ്ക്കെതിരെയുള്ള അനിവാര്യമായ ചെറുത്തുനില്പുകളേയും രക്ത സാക്ഷ്യങ്ങളേയും ഹൃദയതാളമാക്കിയ ഈ പാട്ടുകൾക്കൊപ്പം ഒരു ജനത മുഴുവൻ ഉറഞ്ഞാടുന്ന വിധം മാന്ത്രികമായിരുന്നു ഈ പാട്ടുകളുടെ കാന്തികത. 1989 ൽ പരസ്യജീവിതത്തിന്റെ തുറസ്സിലേയ്ക്കെത്തുമ്പോഴേക്കും ' ഇപ്റ്റ' യ്ക്കുശേഷം സമകാലീന വിപ്ളവ കലാസാംസ്കാരിക ചരിത്രത്തിലുണ്ടായ ഏറ്റവും വിധ്വംസകവും ജനകീയവുമായ പ്രസ്ഥാനം ഈ കവി - ഗായക - നർത്തകനായി തീർന്നിരുന്നു. 'ബുരാ കഥ' പോലെ ആന്ധ്രയിലെ ഗ്രാമാന്തരങ്ങളിൽ നൂറ്റാണ്ടുകളായി അവതരിപ്പിച്ചുകൊണ്ടിരുന്ന നിരവധി നാടോടി കലാരൂപങ്ങളും നൃത്ത ഗാന പ്രകടനങ്ങളും കണ്ടെത്തുകയും അവയിലേക്ക് ആധുനിക സാമുഹ്യ - രാഷ്ട്രീയ പ്രകരണങ്ങളെ നിവേശിപ്പിയ്ക്കുകയും ചെയ്തുകൊണ്ട് വിപ്ലവ കലാ സാംസ്കാരിക പ്രവർത്തനങ്ങൾക്ക് ഗദ്ദർ നവോന്മേഷിയായ മുഖം നല്കി. കലയും ആക്ടിവിസവും അനന്യമാക്കിത്തീർക്കും വിധം ഒരു 'ഗദ്ദർ കൾട്' ലേയ്ക്ക് ഇന്ത്യയിലെമ്പാടുമുള്ള വിപ്ലവ പ്രവർത്തകർ ആകൃഷ്ടരായി. അദ്ദേഹത്തിന്റെ പാട്ടുകൾ അനേകം ഭാഷകളിലേയ്ക്ക് അവയുടെ തനിമയുള്ള രാഗതാളങ്ങളിൽ തന്നെ വിവർത്തനം ചെയ്യപ്പെട്ടു. ഗദ്ദറിന്റെ അരങ്ങിലെ മിനിമൽ കോസ്റ്റ്യൂമിന് ഒട്ടേറെ അനു കർത്താക്കളുണ്ടായി : നാടോടി രീതിയിൽ പാളത്താർ, അരയിൽ ചുറ്റിയ ചെമ്പതാക, ഇടതു തോളിൽ ഊർന്നു വീഴാൻ പാകത്തിൽ പുതച്ച്, കാലിൽ ചിലങ്ക, കയ്യിൽ നീണ്ട മുള ദണ്ഡ്. ഇത്രയു മതി ഈ നട്ടുവന് ഏതരങ്ങിലും പകർന്നാടാൻ.
ദുരധികാരത്തിനെതിരെയുള്ള ജനങ്ങളുടെ പോരാട്ടങ്ങളുടെ ദിനസരിവാർത്തകളോരോന്നും അപ്പപ്പോൾ തന്നെ ഗദ്ദറിന്റെ പാട്ടുകളുടെ ഇന്ധനമായി. പോർ ഭൂമികൾ, പൊരുതിക്കയറിയ ധീരന്മാർ, വീട്ടിലും കാട്ടിലും പ്രതിരോധമുയർത്തിയ വനിതകൾ - അമ്മമാർ , പ്രണയിനികൾ, കുഞ്ഞുമക്കൾ, വീണുപോയവർ, രക്തസാക്ഷികളായ വർ - ഇവരെയൊക്കെ തന്റെ പാട്ടുകെട്ടലിലേയ്ക്ക് ഒന്നൊഴിയാതെ ഗദ്ദർ ഉൾച്ചേർത്തു. തോക്കിനെയും ചെങ്കൊടിയേയും വാത്സല്യ നിധികളായ കുഞ്ഞുങ്ങളെപ്പോലെ വിപ്ളവത്തിന്റെ താരാട്ടു പാടി സംരക്ഷിയ്ക്കണ്ട തിന്റെ അനിവാര്യത പാട്ടിലൂടെയും ആട്ടത്തിലൂടെയും വൈകാരികമായി അദ്ദഹം അവതരിപ്പിച്ചു.
(1990 ഒക്ടോബറിലെ AILRC കോൺഫറൻസിൽ കേരളത്തിൽ രക്തസാക്ഷികളായ വർഗ്ഗീസ്, രാജൻ, വർക്കല വിജയൻ, അങ്ങാടിപ്പുറം ബാലകൃഷ്ണൻ , രമേശൻ എന്നിവരുടെ പേര്‌ഉൾപ്പെത്തി നിമിഷാർദ്ധം കൊണ്ട് രചിച്ചു പാടിയ വരികൾ സദസ്സിനെ ഇളക്കിമറിച്ചതു് ഓർക്കുന്നു. )
മഹാ നഗര കേന്ദങ്ങളിൽ അവിചാരിതമായി പ്രത്യക്ഷപ്പെട്ട് തന്റെ ഗാന-നൃത്തപ്രകടനം കൊണ്ട് പതിനായിരങ്ങളെ സഞ്ചയിയ്ക്കുന്ന ഈ വിപ്ലവകാരിയുടെ മായികത ഭരണകൂട കേന്ദ്രങ്ങളെ എപ്പോഴും ചകിതമാക്കി. ജനകീയ പ്രതിരോധത്തിന്റെ ആയുധമായി ഗദ്ദർ ഇത് സഫലമായി ഉപയോഗിയ്ക്കുകയും ചെയ്തു. പോലീസ് അതിക്രമങ്ങൾ നിരന്തരം മനുഷ്യാവകാശങ്ങളെ ചവിട്ടിത്തേയ്ക്കുകയും സർക്കാരും കോടതികളും അവയോട് മുഖം തിരിയ്ക്കുകയും ചെയ്ത സന്ദർഭങ്ങളിൽ വെടിമരുന്ന് നിറച്ച ഈ ഗായകന്റെ ശിരസ്സിൽ നിന്ന് പാട്ടുകൾ ഇടിവാളുകളായി അധികാരത്തിന്റെ കോട്ടക്കൊത്തങ്ങളെ തീപ്പിടിപ്പിച്ചു. ഹൈദരാബാദിലും നാഗ്പൂരിലും ദില്ലിയിലും വ്യാജ ഏറ്റുമുട്ടലിൽ പോലീസ് വധിച്ച ജനങ്ങളുടെ മൃതദേഹങ്ങൾ വിട്ടു കിട്ടാനുള്ള ബന്ധുക്കളുടെ നിയമാവകാശം നേടിയെടുക്കാൻ സെക്രട്ടേറിയറ്റുകൾ/കോടതികൾ തുടങ്ങിയവയ്ക്കു മുന്നിൽ ഈ വിപ്ലവകാരി നടത്തിയ ഉപരോധങ്ങൾക്കു മുന്നിൽ അധികാരികൾക്ക് വഴങ്ങേണ്ടിവന്നു എന്നത് ചരിത്രമാണ്.
1990 ഒക്ടോബറിൽ തൃശൂരിൽ ജനകീയ കലാ സാഹിത്യ വേദിയുടെ ആതിഥേയത്വത്തിൽ നടന്ന AILRC യുടെ നാലാം കോൺഫറൻസിൽ എത്തിയപ്പോഴാണ് ഗദ്ദറിനെ ആദ്യം നേരിൽ കാണുന്നത്. പിന്നീടുള്ള ഒരു ദശകത്തിലേറെ കാലം Al LRC യുടെ നേതൃസമിതിയിൽ ഗദ്ദറോടൊപ്പം കേരളത്തിൽ നിന്ന് ഞാനും സ.പി.കെ വേണുഗോപാലും പ്രവർത്തിച്ചിരുന്നു. ഇതിനിടയിൽ രണ്ടു വർഷം അതിന്റെ സെക്രട്ടറിയായ പ്രവർത്തിച്ചു. സംഘടനയെ ബൌദ്ധികമായും സർഗ്ഗാത്മകമായും നയിയ്ക്കുന്നതിൽ അദ്ദേഹം പരാജയമായിരുന്നു എന്നതായിരുന്നു അനുഭവം. രാഷ്ട്രീയമായ അടിയൊഴുക്കുകൾ ഇതിന് കാരണമായിരുന്നിട്ടുണ്ട് എന്ന് ഇന്ന് സുവ്യക്തം. പീപ്പിൾസ് വാർ ഗ്രൂപ്പിന്റെ രാഷ്ട്രീയ കേന്ദ്രീകരണത്തിൽ നിന്ന് കുതറിമാറാൻ അദ്ദേഹം കഠിനമായി ശ്രമിയ്ക്കുന്നതിന്റെ ലക്ഷണങ്ങൾ ഒളിച്ചുവെയ്ക്കാൻ കഴിയാതായി. AILRC യിൽ നിന്ന് അതിന്റെ സെക്രട്ടറിയായിരിക്കെത്തന്നെ അദ്ദേഹം കാണാമറയത്തു നിന്നു.
മാർക്സിസം - ലെനിനിസത്തിൽ നിന്ന് സ്വത്വവാദത്തിന്റേയും ദളിത് രാഷ്ട്രീയയത്തിന്റെയും വിചാരധാരകളിലേയ്ക്ക് ഗദ്ദർ ചേരി മാറാൻ തുടങ്ങിയിരുന്നു. ജന്മനാട്ടിൽ അദ്ദേഹമാരംഭിച്ച ഒരു ടെക്നിക്കൽ സ്കൂളിന്റെ പ്രവർത്തനത്തിൽ സുതാര്യതയുടെ അഭാവം ആരോപിച്ച് പാർട്ടി ഗദ്ദറിനെതിരെ നടപടി തുടങ്ങി വെച്ചു.
രാഷ്ട്രീയവും പ്രത്യയശാസ്ത്രപരവുമായ അനേകം വിരുദ്ധ ബലങ്ങളുടെ വലിവിൽ അന്തരാ അദ്ദേഹത്തിന്റെ വ്യക്തിസ്വത്വം ഉടഞ്ഞു തകരുകയാണെന്ന് അദ്ദേഹവുമായി വ്യക്തിപരമായി ബന്ധപ്പെട്ട കുറച്ചു വർഷങ്ങൾ എന്നെ ബോദ്ധ്യപ്പെടുത്തിയിരുന്നു.
യൌവ്വനാരംഭത്തിൽ തന്നെ സായുധവിപ്ലവത്തിലെ ഏകപക്ഷീയമായ ഊന്നലിൽ അദ്ദേഹത്തിന്റെ രാഷ്ട്രിയ ചിന്തകൾ പരിമിതിപ്പെട്ടു. അദൃശ്യമായ ഒരു തോക്ക് എപ്പോഴും അദ്ദേഹത്തിന്റെ തോളിൽ തൂങ്ങിയിരുന്നു. ഒപ്പം തന്റെ കലാസിദ്ധി കൊണ്ട് ലക്ഷങ്ങളെ സഞ്ചയിയ്ക്കുന്ന ഒരു രാഷ്ട്രീയ സാദ്ധ്യത അദ്ദേഹം തുറക്കുകയും ചെയ്തു. വിപ്ലവം, ജംഗിളിൽ നടക്കുന്ന കേവല സാഹസികത മാത്രമായും അനേക ലക്ഷങ്ങളെ സമാഹരിയ്ക്കുന്ന കലാപ്രകടനം / ആക്ടിവിസമായും ആ വിപ്ലവ കലാകാരനെ പിളർന്നിരിയ്ക്കണം. ഇതായിരിക്കാം പാർട്ടിയോട് മാത്രമല്ല വർഗ്ഗസമരത്തിന്റെ രാഷ്ട്രീയത്തോട് തന്നെ വിട പറയാൻ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. ഈ വിപഥനം തെലങ്കാന വിഭജനപ്രസ്ഥാനത്തിലേയ്ക്കും സ്വയം നിർമ്മിച്ച രാഷ്ട്രീയ പാർട്ടിയിലേയ്ക്കും ഏറ്റവും ഒടുവിൽ കോൺഗ്രസ്സിന്റെ വേദിയിലേയ്ക്കുമാണ് അദ്ദേഹത്തെ കൊണ്ടെത്തിച്ചത്.
തൃശൂർ സമ്മേളനത്തിന് വന്ന പ്രതിനിധികൾ പിരിഞ്ഞതിന് ശേഷം യാത്രാ ടിക്കറ്റിന്റെ അനിശ്ചിതത്വം കൊണ്ട് കുറച്ചു ദിവസം കൂടി അദ്ദേഹവും കുടുംബവും എന്റെ അതിഥികളായുണ്ടായിരുന്നു. ക്ഷീണിതനായിരുന്നു ഗദ്ദർ. പ്രമേഹത്തിന്റേയും കൊളസ്ട്രോളിന്റേയും തോത് വളരെ കൂടിയിരുന്നു. സുഹൃത്ത് ഡോ. എം.ആർ. ഗോവിന്ദനെ കണ്ട് പരിശോധിപ്പിച്ചു. ചികിത്സകൾ നിശ്ചയിച്ചു. പോളി ക്ലിനിക്കിൽ രക്തവും മൂത്രവും പരിശോധനയ്ക്ക് നല്കി പുറത്തിറങ്ങുമ്പോൾ ഗദ്ദർ പറഞ്ഞു: നമുക്ക് നടക്കാം. കേരളത്തിലെനിയ്ക്ക് കിട്ടുന്ന ഈ സ്വച്ഛത നാട്ടിലില്ല. സ്വരാജ് റൌണ്ട് ചുറ്റി. ഇന്ത്യൻ കോഫീ ഹൌസിൽ കയറി. ആളുകൾ തിരിച്ചറിഞ്ഞ് അഭിവാദ്യം ചെയ്യുന്നുണ്ടായിരുന്നു.
1997 ൽ ഹൈദരബാദിൽ സ്വന്തം വീട്ടിൽ വെച്ച് പട്ടാപ്പകൽ അദ്ദേഹത്തിന്റെ ജീവന് മേൽ പോലീസിന്റെ വാടക ഗുണ്ടകൾ നടത്തിയ മാരകാക്രമണത്തിന്റെ വാർത്ത എത്തിയപ്പോൾ സ്വരാജ് റൌണ്ടിലേയ്ക്ക് ഒന്നിച്ച് നടക്കുമ്പോൾ അദ്ദേഹം നടത്തിയ സ്വച്ഛതയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ നിഗമനം ഞാൻ ഓർത്തുപോയി,
പിൻകുറിപ്പ്: രണ്ടായിരത്തിന് മുമ്പ് ജനകീയ കലാ സാഹിത്യ വേദി AlLRC യിൽ നിന്ന് രാഷ്ട്രീയ വിയോജിപ്പിനാൽ വിട്ടു പോന്നിരുന്നു. ജനനാട്യമണ്ഡലിയും ഗദ്ദറും എത്രകാലം അതിൽ തുടർന്നിരുന്നു എന്നറിയില്ല. 2000 ത്തിന് ശേഷം ഒരിയ്ക്കൽ ഗദ്ദർ കോഴിക്കോട് സെക്യുലർ കലക്ടീവിനു വേണ്ടി സ. ടി.കെ.രാമചന്ദ്രന്റെ അതിഥിയായെത്തിയപ്പോൾ എന്നെ കാണാൻ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സന്ദേശമെത്തിച്ചിരുന്നു. ടി.കെ.യുടെ നിർദ്ദേശമനുസരിച്ച് ഡോ. മൊകേരി രാമചകനാണ് എന്നെ പലതവണ ബന്ധപ്പെട്ടത്.
ഞാൻ പോയില്ല. രാഷ്ട്രീയ കാരണങ്ങൾ എന്റെ തീരുമാനത്തെ ശരിവയ്ക്കുന്നു എന്ന് ഞാൻ വിശ്വസിക്കുന്നു.
ഗദ്ദറിന് വിട. പ്രണാമം.