ഗിരിയാമാ ഗ്രാമത്തിലെ കള്ളും അഹമ്മദ് എന്ന ആനയും

പരമ്പരാഗതമായി ഗിരിയാമാ ഗോത്രത്തെ ചെത്തുകാരാക്കിയത് ആഫ്രോ- അറബ് കച്ചവടക്കാരായിരുന്നു. കൊളോണിയലിസത്തിന്റെ കീഴിൽ മറ്റു പരമ്പരാഗത തൊഴിലുകളിലൊന്നും ഏർപ്പെടാനാവാതെ നട്ടം തിരിഞ്ഞിരുന്ന ഗിരിയാമകൾക്ക് അൽ‌പം ആശ്വാസം നൽകാനാണ് ഈ വിദ്യ അവരെ പഠിപ്പിച്ചത്.

ആഫ്രിക്കൻ
വസന്തങ്ങൾ- 23

യാത്രാവിവരണങ്ങളിൽ എനിക്കിന്നും ജോൺ ഗന്തറിന്റെ ഇൻസൈഡ് ഏഷ്യയും റിച്ചർഡ് ഹാലിബർട്ടൺന്റെ സെവൻ ലീഗ് ബൂട്സും വിലയേറിയ ഗ്രന്ഥങ്ങൾ തന്നെ. ജോൺ ഗന്തറിന്റെ പുസ്തകം, മൂന്നാറിലെ തേയിലത്തോട്ടം തൊഴിലാളി പ്രശ്നം ആളിയുയരാൻ ശ്രമിച്ച വർഷങ്ങളിൽ വീണ്ടും വായിച്ചു. യഥാർഥത്തിൽ ഗന്തർ ആ പുസ്തകമെഴുതിയ കാലത്തെ അവസ്ഥ തന്നെയല്ലേ ഇന്നും മൂന്നാറിലെ തൊഴിലാളികളുടേത് എന്ന ചോദ്യം എന്നെ മഥിച്ചു. അതിന് ഞാൻ ഉത്തരം തേടുന്നില്ല. ഭീതിദമായ സമകാലസത്യങ്ങളുടെ ചോരച്ചാലുകളിലേക്ക് എത്തിനോക്കേണ്ട എന്നു കരുതിത്തന്നെ.

ഗന്തറും ഹാലിബർട്ടണും അല്ലാതെ നിരവധി യാത്രാസാഹിത്യ നിർമാതാക്കളുണ്ട്. ആസ്ത്രേലിയൻ ബിൽ ബ്രൈസൺ എനിക്കി ഷ്ടപ്പെട്ട എഴുത്തുകാരനാണ്. പക്ഷേ ആഫ്രിക്കൻ സഫാരിയുടെ ‘ചീഫ്’ എന്ന് ഞാൻ വിളിക്കാനിഷ്ടപ്പെടുന്നത് ഒരേയൊരാളെയാണ്; പോൾ തെറോ (Paul Theroux) എന്ന അമേരിക്കനെ.

Paul Theroux

പോൾ തെറോ, വി.എസ്. നയ്പാളിന്റെ ഒരു കാലത്തെ ആത്മമിത്രവും ജീവചരിത്രകാരനും(?) നല്ലൊരു നോവലിസ്റ്റും ആയിരുന്നു. അദ്ദേഹത്തിന്റെ രണ്ട് നോവലുകൾ ഞാൻ വായിച്ചിട്ടുണ്ട്: ജംഗിൾ ലവേഴ്സ്, മൈ സീക്രട്ട് ഹിസ്റ്ററി.

പക്ഷേ, അതൊന്നുമല്ലാതെ അദ്ദേഹം ആഫ്രിക്കയിൽ ഒരു സാധാരണക്കാരനായി നടന്നും ഹൈക്ക് ചെയ്തും ജീവിച്ചും എഴുതിയതാണ് ദ ഡാർക് സ്റ്റാർ സഫാരി എന്ന സൂപ്പർ യാത്രാവിവരണം. പഴയ സിനിമാപ്പാട്ടു പുസ്തകത്തിന്റെ വലിപ്പത്തിൽ സൂകരപ്രസവം പോലെ യാത്രാ‘വിവരണ’ സാഹിത്യം കൊഴുക്കുമ്പോൾ, യഥാർത്ഥത്തിൽ ആ സാഹിത്യശാഖയിൽ കുതുകികളായവർ ഒരേയൊരു തവണയെങ്കിലും ഒന്നു വായിച്ചു നോക്കണം, ദ ഡാർക്ക് സ്റ്റാർ സഫാരി. പോൾ തെറോ ഞങ്ങളെപ്പോലെ ആഫ്രിക്കയിൽ (മലാവി എന്ന രാജ്യത്ത്; കമൂസു ബാൻഡാ എന്ന അതിക്രൂരനായ ഭരണാധികാരിയുടെ കാലത്ത്) അദ്ധ്യാപകനായി ജോലി ചെയ്തിരുന്നു, ഒരിക്കൽ.

ടി. ഡി. രാമകൃഷ്ണന്റെ മാമാ ആഫ്രിക്ക

ഇതെല്ലാം എടുത്തു പറയാൻ കാരണം, മലയാളഭാഷയിൽ സമകാലികമായി ചില ആഫ്രിക്കൻ ‘തീംസ്’ സിനിമകളിലും നോവലുകളിലും എടുത്ത് പെരുമാറുന്നത് കണ്ടു. ടി. ഡി. രാമകൃഷ്ണന്റെ മാമാ ആഫ്രിക്ക മാത്രമാണ് അതിൽ ആഫ്രിക്കയോട് അല്പമെങ്കിലും ദയവ് കാട്ടിയിട്ടുള്ളത്. സിനിമക്കാർ കൂടുതൽ പേരും യാതൊരു ബാക്ക്ഗ്രൗണ്ട് സ്റ്റഡിയും നടത്താതെ “നക്കു ടാക്കാ നക്കു പേണ്ടാ” എന്നൊക്കെ കേട്ടു കഴിയുമ്പോൾ പെട്ടിയുമെടുത്ത് ആഫ്രിക്കൻ തീരങ്ങളിലേക്ക് ‘മണ്ടും’. ‘മണ്ടന്മാർ ലണ്ടനിൽ പോയതു’പോലെ മടങ്ങുകയും ചെയ്യും. തെറോയുടെ പുസ്തകം ആഫ്രിക്കൻ കഥാതന്തുക്കൾ സ്ക്രീനിലാക്കാൻ ശ്രമിക്കുന്നവർക്ക് പ്രത്യേകിച്ച് വിലപിടിപ്പുള്ള റഫറൻസ് ഗ്രന്ഥം തന്നെയായിരിക്കും.

കെന്യയിലേക്കു മടങ്ങാം.
ഇത്തവണ അവധിക്കാലത്ത് ഞങ്ങൾ മൊംബാസയ്ക്ക് ഒരു യാത്ര നടത്തി. മകളെ സ്കൂളിൽ കൊണ്ടുപോകുന്ന ‘മ്ലാ ചാക്കേ’ (my food) എന്ന 18 സീറ്റർ ‘കോംബി’യിൽ ഞങ്ങൾ 15 പേർ. ഞങ്ങളെക്കൂടാതെ ജയൻ- രാധമാർ, അവരുടെ കുസൃതിക്കുടുക്ക രമ്യ, മേനോൻ-പദ്മ, അവരുടെ മകൾ കവിത, ജോസ്- സാലി, അവരുടെ മക്കൾ വിമോഹ് വിനോദ്, പിന്നെ മാത്യൂസ്.

‘പിന്നെ മാത്യൂസ്’ എന്നു പറഞ്ഞെങ്കിലും ഞങ്ങൾ പോകുന്ന സ്ഥലത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും മറ്റും മാത്യൂസിനെപ്പോലെ ആ കൂട്ടത്തിൽ ആർക്കും പരിചിതമായിരുന്നു എന്നു തോന്നുന്നില്ല. പക്ഷെ മാത്യൂസിന് രണ്ടു ദിവസത്തെ ലീവേ കിട്ടിയുള്ളൂ. ഗ്വാളിയർ റയോൺസിന് താഴിട്ട മഹാനായിരുന്നു വേഷപ്രച്ഛന്നനായി മാത്യൂസിന്റെ ‘ബോസ്’ എന്ന തിക്ക ക്ലോത്ത് മിൽസിന്റെ ഡയറക്ടറായത്. മലയാളികളെ അടച്ചാക്ഷേപിക്കുന്ന വിധത്തിൽ സംസാരിക്കുക എന്നതായിരുന്നു മാത്യൂസിനെ പ്രകോപിപ്പിക്കാൻ അയാൾ ഉപയോഗിച്ചിരുന്ന ഹീനതന്ത്രം: “Matthews, you are talking like a communist.”
മാത്യൂസ് ഇല്ലെങ്കിൽ ആ ഫാക്ടറി പൂട്ടേണ്ടി വരുമെന്ന് അയാൾക്ക് നന്നായറിയാം. മാത്യൂസ് ബ്രിട്ടിഷ് ലൈബ്രറിയിൽനിന്ന് പുസ്തകങ്ങളെടുക്കുന്നതും ടീച്ചർമാരുമായി കൂട്ടുകൂടുന്നതുമെല്ലാം വൃദ്ധന്റെ ചെവിയിലെത്തിയിരിക്കാം. അയാൾക്ക് മലയാളികളെ ദുഷിക്കുന്നത് ഒരു ശീലമായിരുന്നെന്നു തോന്നുന്നു: “Mathews, you Malayalees are like the Luos of Kenya. You are intelligent, but anarchical.”\

മക്കിണ്ടു സിഖ് ഗുരുദ്വാര

മാത്യൂസ് ഇതെല്ലാം കേട്ട് ഒരു അരച്ചിരിയുമായി നിൽക്കും. മാത്യൂസിന് നന്നായി മനസ്സിലായിരുന്നു, കുടിലബുദ്ധിയായ ആ വൃദ്ധബ്രാഹ്മണന്റെ ഉള്ളിൽ മലയാളികളോട് അങ്ങേയറ്റത്തെ ആദരവും (അസൂയയും) ഉണ്ടെന്ന്. മാത്യൂസിനോട് ചെറിയ നമ്പറുകളിറക്കിയാലേ പറ്റൂ‍ എന്നയാൾ പഠിച്ചിരുന്നു. അങ്ങനെയാണ് മാത്യൂസിന്റെ കൂടി താൽ‌പര്യത്തോടെ മൊംബാസാ ലീവ് രണ്ടു ദിവസമായി ചുരുങ്ങിയത്. പറഞ്ഞ വാക്കിൽ നിന്ന് അണുവിട പോലും വ്യതിചലിക്കുന്നയാളല്ല മാത്യൂസ്. അതുകൊണ്ട് രണ്ടു ദിവസത്തിനുശേഷം മാത്യൂസിനെ ഞങ്ങൾ മൊംബാസാ- നയ്റോബി ലക്ഷ്വറി ബസിൽ കയറ്റി വിട ചൊല്ലി. പക്ഷേ ആ രണ്ടു ദിവസങ്ങളിൽ ഞങ്ങൾ മൊംബാസയിൽ നിന്ന് അൽ‌പമകലെയുള്ള മലിന്ദി (Malindi) എന്ന ദ്വീപിൽ വരെ പോയി.

മലിന്ദിയിലെ വാസ്കോഡാ ഗാമ സ്തൂപം

മലിന്ദിക്കടുത്തുള്ള കടലിലാണ് അപൂർവ പവിഴപ്പുറ്റുകളുള്ളത്. അത് നമുക്ക് സ്കൂബാ ഡൈവിങ് സ്യൂട്ട് ഉപയോഗിച്ച് കടലിൽ മുങ്ങി തൊട്ടിട്ടു വരാം. അതല്ലെങ്കിൽ ബോട്ടിനുള്ളിലിരുന്ന്, ചില്ലു പാകിയ നിലത്തിനു താഴെ, പച്ചയും നീലയും കലർന്ന കടൽ വെള്ളത്തിൽ മദിച്ചു പുളയുന്ന വിവിധ വർണ്ണങ്ങളിലുള്ള മത്സ്യങ്ങളുടെ പശ്ചാത്തലത്തിൽ ഇതളുകൾ വിടർത്തി, ആയിരം വർണ്ണങ്ങളിൽ ഒരു നിശ്ചല നൃത്തശിൽ‌പ്പം പോലെ വളരുന്ന പവിഴപ്പുറ്റുകൾ കണ്ട് എത്ര നേരം വേണമെങ്കിലും മതിമറന്നിരിക്കാം. കണ്ണഞ്ചിക്കുന്ന ആ കാഴ്ച കണ്ട് മതി വരാതെയാണ് ഞങ്ങൾ അവിടം വിട്ടു പോന്നത്.

മലിന്ദിക്കുമപ്പുറം മറ്റൊരു ദ്വീപുണ്ട്, ലാമു.
അങ്ങോട്ടു പോകാൻ പ്രത്യേക അനുവാദം വേണ്ടിയിരുന്നതിനാൽ ഞങ്ങൾ അത് വിട്ടു. മനുഷ്യരെക്കാൾ കൂടുതലല്ലെങ്കിലും, അവരോടൊപ്പമെത്താൻ തിടുക്കം കൂട്ടുന്ന കഴുതകൾ അക്കാലത്ത് ലാമുവിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരുന്നു. അത്രയേറെ കഴുതകളുള്ളതിനാ‍ൽ അവക്ക് നാപ്കിൻ കെട്ടിയേ നിരത്തിലിറങ്ങാവൂ എന്നൊരു നിയമം ലാമു പാർലമെന്റ് പാസാക്കിയിരുന്നു. ലാമുവിലെ ആർക്കിടെക്ചർ പിന്നീട് കെന്യ സ്വാംശീകരിച്ച ഭവനശില്പമാതൃകയായി മാറി. ലാമുവും മലിന്ദിയും അടങ്ങുന്ന, ഇന്ന് കെന്യയുടെ ഭാഗമായ പ്രദേശങ്ങൾ ഒരിക്കൽ സാൻസിബാർ എന്ന ദ്വീപസമൂഹത്തിന്റെ സുൽത്താൻ ഭരിച്ചിരുന്നവയാണ്.

ഒരു ഗ്ലാസ് ബോട്ട്

മൊംബാസയിലേക്കുള്ള യാത്രയിൽ ഞങ്ങൾ മുൻപ് പോയ റ്റ്സാവോ നാഷണൽ പാർക്കും കടന്നാണ് വന്നത്. ആ വഴിയിൽ ഞങ്ങളെ അതിശയിപ്പിച്ച ഒരു സ്ഥലമുണ്ട്, മക്കിൻഡു. 24 മണിക്കൂർ സിഖ് ലങ് ഗർ; അതിനൊപ്പമുള്ള ഡോർമിറ്ററി. ഞങ്ങൾ സിഖ് ടെമ്പിളിൽ നിർത്തി അവരുടെ മൃഷ്ടാന്നമായ ഉച്ചഭക്ഷണം കഴിച്ചാണ് മൊംബാസയ്ക്കുള്ള യാത്ര തുടർന്നത്. മൊംബാസയിൽ ഞങ്ങൾ താമസിക്കാൻ തെരഞ്ഞെടുത്തത് പട്ടേൽ സമാജിന്റെ ഒരു സെൽഫ് കേറ്റെറിംഗ് അവധിക്കാല ഭവനമായിരുന്നു. അവിടെ ഞങ്ങൾക്കു സഹായത്തിനുകിട്ടിയത് സ്വയം ‘പട്ടേൽ’ ആയി മാറിയ ഒരു ആഫ്രിക്കനെ. അയാൾ സ്വയം പരിചയപ്പെടുത്തിയത് ഇങ്ങനെയാണ്; ‘ഹെല്ലോ, ഐ ആം ജോൺ സി. ഭായ് പട്ടേൽ.’
ജോൺ സി. ഭായ് പട്ടേൽ അന്നു മുതൽ മൊംബാസ വിടുവോളം ഞങ്ങളുടെ വിശ്വസ്തനായി. ‘ആഫ്രിക്കന്മാരെല്ലാവരും കള്ളന്മാരാണെന്ന്’ പൊതുവേ അഭിപ്രായമുള്ള മലയാളികൾ ജോൺ സി. ഭായ് പട്ടേലിനെ കാണണം. മദ്യം സ്റ്റോക്ക് ചെയ്യുന്നതിൽ അദ്ദേഹം ഒരു ലുബ്ധും കള്ളവും കാണിച്ചില്ല.

ഫോർട്ട് ജീസസിനുള്ളിലെ നിരവധി സംവിധാനങ്ങളിലൊന്ന്

മലിന്ദിയിൽ ബോട്ട് റൈഡിനു പോകുന്ന കാര്യം സംസാരിക്കുന്നതിനിടയിലാണ് ഞങ്ങളുടെ കൂട്ടത്തിലാരോ ‘ടോഡി’ കിട്ടും എന്ന ‘നടുക്കുന്ന സത്യം’ കണ്ടെത്തിയത്. മലിന്ദി ദ്വീപിനടുത്ത് ഗിരിയാമാ എന്നൊരു ഗോത്രമുണ്ട്. അവിടെ ബോട്ടുകൾക്ക് ‘ടൌട്ട്’ ആയിരുന്ന ഒരു ചെറുപ്പക്കാരൻ ഞങ്ങളെ അവിടെ കൊണ്ടു പോകാം എന്നു പറഞ്ഞു. പോകാൻ എപ്പോഴും തയാറായിരുന്ന രണ്ടു പേർ ജോസും ഞാനുമായിരുന്നു. അങ്ങനെ ഞങ്ങൾ പോയി. അവിടെനിന്ന് ദൂരെയെവിടെയോ ഒരു വലിയ തെങ്ങിൻതോപ്പിന്റെ നടുവിൽ വണ്ടി നിർത്തി. ഞങ്ങളെ വണ്ടിയിലിരുത്തി ഗിരിയാമാ യുവാവ് പോയി. അപ്രത്യക്ഷനായി എന്നു പറയുന്നതാവും ശരി. ഞങ്ങൾ ആ ‘മ്ലാ ചാക്കേ’ സാരഥിയുമായി കാവലിരിക്കാൻ തുടങ്ങി. സാരഥിക്കുള്ളിൽ പേടിയുണ്ടായിരുന്നു. ഗിരിയാമകൾക്ക് വളരെ സമ്പന്നമായ ഒരു വാമൊഴിസാഹിത്യ പാരമ്പര്യമുണ്ട്. കെന്യൻ വാമൊഴി സാഹിത്യത്തിൽ ഗിരിയാമകളുടെ കഥകളും പാട്ടുകളും പഴഞ്ചൊല്ലുകളും വളരെ പ്രധാനപ്പെട്ടവയാണ്.

നേരമെത്രയായിട്ടുണ്ടെന്നറിയില്ല; അതാ വരുന്നു, ഇരു കൈകളിലും തൂക്കിപ്പിടിച്ച രണ്ട് ‘കന്നാസു’കളുമായി ഞങ്ങളുടെ ഗിരിയാമാ വീരൻ. ഒട്ടും വൈകാതെ ഞങ്ങൾ ആ കന്നാസുകളേന്തി എല്ലാവരെയും വിളിച്ചുകൂട്ടി, മൊംബാസയിലേക്കുള്ള മടക്കയാത്ര ആരംഭിച്ചു. മടക്കയാത്രയിൽ മനുഷ്യരുടെ ആർത്തി മൂലം കള്ള് തീർന്നുപോകുമോ എന്നു പോലും ഞങ്ങൾ സംശയിച്ചു.

മൊംബാസ ഓൾഡ് ടൗൺ

അതിനിടെ മറ്റൊരു തകരാറ്.
ഗിരിയാമകൾ വാറ്റുന്ന കള്ള് അവരുടെ ഗ്രാമങ്ങൾക്ക് പുറത്തേക്കു പോകാൻ പാടില്ലത്രേ. മൊംബാസയ്ക്കുള്ള വഴിയിൽ പൊലീസ് തടഞ്ഞു പിടിച്ചാൽ ശിക്ഷ അവർ പറയുന്നതാണ്. അക്കാര്യങ്ങളൊന്നും ശരിക്കറിയാതെയാണ് ഞങ്ങൾ ആർത്തിപിടിച്ച് ഗിരിയാമാ ഗ്രാമത്തിൽ പോയി കള്ള് ഇത്ര വലിയ അളവിൽ വാങ്ങിക്കൊണ്ടുവന്നത്. എന്തോ ഭാഗ്യത്തിന് (ഇത്രയേറെ ഇന്ത്യൻ സ്ത്രീകളും കുട്ടികളും ഒന്നിച്ചു സഞ്ചരിക്കുന്നതിനാലാവണം ആ ഭാഗ്യം രക്ഷിച്ചത്.) ഞങ്ങളെ തടഞ്ഞതുമില്ല, ചോദ്യം ചെയ്തതുമില്ല.

പരമ്പരാഗതമായി ഗിരിയാമാ ഗോത്രത്തെ ചെത്തുകാരാക്കിയത് മൊംബാസാ തീരദേശത്ത് എപ്പോഴും വന്നുപൊയ്ക്കൊണ്ടിരുന്ന ആഫ്രോ- അറബ് കച്ചവടക്കാരായിരുന്നു. കൊളോണിയലിസത്തിന്റെ കീഴിൽ മറ്റു പരമ്പരാഗത തൊഴിലുകളിലൊന്നും ഏർപ്പെടാനാവാതെ നട്ടം തിരിഞ്ഞിരുന്ന ഗിരിയാമകൾക്ക് അൽ‌പം ആശ്വാസം നൽകാനായിട്ടാണ് ഈ വിദ്യ അവരെ പഠിപ്പിച്ചത്. പഠിച്ചുകഴിഞ്ഞപ്പോൾ ഗിരിയാമാ ‘ആശാന്മാരെ’ വെല്ലുന്ന ശിഷ്യനായി.

ജോൺ സി. ഭായ് പട്ടേലിന്റെ ആവാസസ്ഥലത്തെത്തിയപ്പോൾ നേരം മങ്ങിയിരുന്നു. വണ്ടിയിലുണ്ടായിരുന്ന രണ്ടാമത്തെ കന്നാസ് തുറന്നപ്പോൾ അവൻ പ്രതിഷേധശബ്ദങ്ങളോടെ പുറത്തേക്കു ചീറ്റി. അത് അൽ‌പം പുളിച്ചു തുടങ്ങിയിരുന്നു. എന്നാലും കുഴപ്പമില്ല, നാടൻ കുടിയന്മാർക്ക് അതും പഥ്യം.

മ്യൂസിയത്തി​ലെ അഹമ്മദ് എന്ന ആന

മൊംബാസയിൽ ഞങ്ങൾ കണ്ട ഏറ്റവും മനോഹരമായ ചരിത്രസ്മാരകം മൊംബാസാ മ്യൂസിയത്തിനു മുന്നിൽ പ്രതിഷ്ഠിച്ചിരുന്ന അഹമ്മദ് എന്ന ആനയുടെ ഒരു കൂറ്റൻ കോൺക്രീറ്റ് ശില്പമാതൃകയായിരുന്നു. അഹമ്മദ് കെന്യയുടെ ഒരു പൊതുസ്വത്തായിരുന്നു. പ്രസിഡൻഷ്യൽ പ്രൊട്ടക്ഷനോടുകൂടി ജീവിച്ചു മരിച്ച ഒരാനയാണ് അഹമ്മദ്. അവന്റെ കൊമ്പുകൾ അവനു പോലും കൊണ്ടുനടക്കാൻ പ്രയാസമായിരുന്നു. അവയുടെ തൂക്കം 150 പൗണ്ടിലേറെ വരും. അത്തരം ആനകൾ ആ‍ഫ്രിക്കയിൽ മറ്റിടങ്ങളിലും ഉണ്ടായിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ റ്റെംബെ ഗ്രാമത്തിലെ സറ്റാവോ എന്ന ഗജവീരൻ അഹമ്മദിനു തുല്യനാണെന്നു പറയാം.

മൊംബാസയിലെ “ക്രോക്കഡൈൽ പാർക്ക്” കാണേണ്ട മറ്റൊരിടമായിരുന്നു. ഞങ്ങൾ അവിടെയെത്തിയത് ഏതാണ്ട് സന്ധ്യ മയങ്ങുന്ന സമയത്തായിരുന്നു. ഇപ്പോൾ മുട്ട പൊട്ടിച്ചു പുറത്തു വന്ന കൊച്ചു ജുറാസിക്കുകൾ തൊട്ട്, വാൽ കൊണ്ട് നമ്മളെ ഒന്നു സ്പർശിച്ചാൽ നട്ടെല്ലു വരെ പപ്പടമാക്കാനാവുന്ന ചട്ടമ്പി പരമുമാർ വരെയുള്ള ഒരു വലിയ സമൂഹമാണ് ആ ക്രോക്കഡൈൽ പാർക്കിൽ ഞങ്ങളെ കാത്തുകിടന്നിരുന്നത്. ഇംഗ്ലീഷിൽ പറയില്ലേ, ‘The place is creeping with’ എന്നൊക്കെ, അതുപോലെ. ചില പാറക്കെട്ടുകളിലെല്ലാം പുറ്റുകൾ വളർന്നു നിൽക്കുന്നതുപോലെയാണ് പല വലിപ്പത്തിലുള്ള മുതലക്കുഞ്ഞുങ്ങൾ കുഴഞ്ഞു മറിഞ്ഞു കിടക്കുന്നത്. രാത്രി നേരമേറെച്ചെല്ലുവോളം ഇതു കണ്ടു നിൽക്കുന്നവരുണ്ടാവാം. ഞങ്ങൾ അക്കൂട്ടത്തിലുണ്ടാവില്ല. കുറെ നേരത്തെ കാഴ്ചയ്ക്കുശേഷം ഞങ്ങൾ മടങ്ങി.

മൊംബാസയുടെ ചരിത്രം, എല്ലാ പഴയ തീരദേശ കമ്പോള നഗരങ്ങളെയും പോലെ അടിക്കടി ഉണ്ടാവുമായിരുന്ന കടൽക്കൊള്ളക്കാരുടെ ആക്രമണങ്ങളും, ചെറിയ മുതൽമുടക്കിന് വലിയ ലാഭം കൊയ്യാൻ നോക്കുന്ന വ്യാപാരികളുടെ സന്ദർശനങ്ങളും മറ്റുമായി മുന്നോട്ടു തന്നെ പോയി. അടിമക്കമ്പോളവും കൂടിയായിരുന്നൂ മൊംബാസ. തിരക്കേറിയ ആ സമുദ്രതീര സമൂഹത്തിലേക്ക് വിളിക്കാതെവന്ന മറ്റൊരതിഥി മൊംബാസയുടെയും ഏഷ്യയുടെയും ചരിത്രപഥങ്ങൾ മാറ്റിയെഴുതാൻ കെല്പുള്ള ഒരു വൈദേശികശക്തിയായിരുന്നു. മറ്റാരുമല്ല, സമുദ്രതരണന്മാരുടെ രാജാവെന്ന് വിളിക്കാവുന്ന വാസ്കോ ഡ ഗാമാ എന്ന കുപ്രസിദ്ധ നാവികൻ. മൊംബാസയിലെ വാസ്കോ ഡ ഗാമയുടെ ലക്ഷ്യം തദ്ദേശവാസികളെ അടിച്ചമർത്തിയും കൊന്നും കൊള്ള ചെയ്തും ചിരകാലം ഭീതിയിലാഴ്ത്തി നിർത്തുക എന്നതുതന്നെയായിരുന്നു. അയാൾ ചെയ്ത ക്രൂരകൃത്യങ്ങളിൽ ഏതാവും ഏറ്റവും നിഷ്ഠുരം എന്നു പറയാൻ പ്രയാസമായിരിക്കും. ഒരിക്കൽ അയാൾ മെക്കയിൽ പോയി മടങ്ങുന്ന ഒരു യാത്രക്കപ്പലിനുനേരെ പീരങ്കികൾ ഉപയോഗിക്കുകയും സ്ത്രീകളടക്കം അതിലുണ്ടായിരുന്ന 380 യാത്രക്കാരെ നിഷ് പ്രയാസം ചുട്ടുകരിക്കുകയും ചെയ്തു. മറ്റ് നാവികപ്പടകളിൽ നിന്നുള്ള ആക്രമണങ്ങൾ ഗാമ പ്രതീക്ഷിച്ചിരുന്നു. അതിനാലാണ് മൊംബാസ തന്റെ കാൽക്കീഴിലായപ്പോൾ അയാൾ ഫോർട്ട് ജീസസ് എന്ന പ്രതിരോധ കോട്ട നിർമിച്ചത്. അതും കൂടി കണ്ടിട്ടേ ഞങ്ങൾ മടങ്ങൂ.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments