എത്യോപ്യയോട്
വിടപറയും മുമ്പേ…

‘‘ഹതാശരായ മനുഷ്യരായിരുന്നു എത്യോപ്യന്മാർ. എല്ലാറ്റിലും ആശയറ്റ്, സാധാരണഗതിയിൽ ചിരിക്കാൻ പോലും മറന്നുപോയവർ അനേകം. ആ അവസ്ഥയിലും അവർ പാടുകയും ആടുകയും ചെയ്തു. ഒരു ഈണം കേട്ടാൽ അതിനൊത്ത് താളമിടാനും താളത്തിൽ ചുവടുവയ്ക്കാനും അവർ സ്വയമറിയാതെ തയാറായി’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 13

ഡീസ് അബാബയിൽ കുറച്ചുനാൾ താമസിച്ചാൽ നിങ്ങൾ ആ നഗരത്തെ ഇഷ്ടപ്പെട്ടുപോകും. അത്തരം ഒരു ‘വൈബ്’ അവിടത്തെ അന്തരീക്ഷത്തിൽ തുടിച്ചിരുന്നു. ഹതാശരായ മനുഷ്യരായിരുന്നു എത്യോപ്യന്മാർ. എല്ലാറ്റിലും ആശയറ്റ്, സാധാരണഗതിയിൽ ചിരിക്കാൻ പോലും മറന്നുപോയവർ അനേകം. ആ അവസ്ഥയിലും അവർ പാടുകയും ആടുകയും ചെയ്തു. ഒരു ഈണം കേട്ടാൽ അതിനൊത്ത് താളമിടാനും താളത്തിൽ ചുവടുവയ്ക്കാനും അവർ സ്വയമറിയാതെ തയാറായി. ഞങ്ങൾ താമസിച്ചിരുന്ന പിയാസയിൽ തന്നെ നാൽ‌പ്പതിനടുത്ത് “ബുന്നാ ബേത്തു”കൾ (കോഫീ ഹൗസ്) ഉണ്ടായിരുന്നു.

കർഫ്യൂ സമയം എത്തുവോളം അവിടെ നിന്നെല്ലാം പാട്ടും ആട്ടവും സ്ത്രീകളുടെ ഉറക്കെയുള്ള ആക്രന്ദനങ്ങളും കേട്ടിരുന്നു. മിക്ക വലിയ ഹോട്ടലുകളിലും ബാറിനോടുചേർന്ന് ഒരു ബില്ല്യാർഡ് റൂം ഉണ്ടായിരുന്നു. ബില്ല്യാർഡ്സ് ടേബിളും. എന്നാൽ എത്യോപ്യൻ മദ്ധ്യവർഗ്ഗത്തിലെ പുരുഷന്മാർ ആ ബില്ല്യാർഡ്സ് ടേബിൾ ഉപയോഗിച്ചിരുന്നത് ‘കരംബോല’ എന്ന കളിക്കായിരുന്നു. ബില്ല്യാർഡ്സ് ബാളുകൾ ഉപയോഗിച്ചാണ് അത് കളിച്ചിരുന്നത്. രാധാകൃഷ്ണൻ സാറിന് എത്യോപ്യന്മാരെ മഹാപുച്ഛമായിരുന്നു. പൊതുവെ സിനിസിസം ധാരാളമുള്ള ആളായിരുന്നു അദ്ദേഹം. അദ്ദേഹം പറയുമായിരുന്നു, “ഇവനോടൊക്കെ (എത്യോപ്യനെ ആണ് ഉദ്ദേശിക്കുന്നത്) എന്താ ജോലി എന്നു ചോദിച്ചാൽ ‘കള്ളുകുടി’ എന്നും എന്താ ഹോബി എന്നു ചോദിച്ചാൽ ‘പന്തുരുട്ടൽ’ (കരംബോലയെ പരിഹസിച്ച്) എന്നും മാത്രമല്ലേ പറയാനുള്ളൂ. ഇവനൊന്നും ഒരിക്കലും നന്നാവില്ല.”

എത്യോപ്യൻ മദ്ധ്യവർഗ്ഗത്തിലെ പുരുഷന്മാർ ബില്ല്യാർഡ്സ് ടേബിൾ ഉപയോഗിച്ചിരുന്നത് ‘കരംബോല’ എന്ന കളിക്കായിരുന്നു. / Photo: billiardtraveler.blogspot.com

കരംബോല കളിക്കുന്നത് എങ്ങനെ എന്ന് അന്നും ഇന്നും എനിക്കറിയില്ല. പക്ഷേ വൈകുന്നേരങ്ങളിൽ എത്യോപ്യന്മാർ ഏറെനേരം ആ കളിക്കുവേണ്ടി ചെലവഴിക്കുന്നത് കണ്ടിട്ടുണ്ട്. മദ്യപാനത്തിൽ പക്ഷേ അവരെക്കാളൊക്കെ മുന്നിലാണ് കെന്യക്കാരും ദക്ഷിണാഫ്രിക്കന്മാരും. മദ്യം ആ സമൂഹങ്ങളിൽ കൂട്ടുചേരുന്നിടങ്ങളിൽ ഒഴിച്ചു കൂടാനാവാത്ത ഒരു ഘടകം തന്നെയാണ്.

എത്യോപ്യന്മാരുടെ കാപ്പികുടിക്കൽ ചടങ്ങ് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഞങ്ങൾ ഗോണ്ടറിലെ അയൽക്കാരായ മെബ്രാത്തെ കുടുംബത്തിന്റെ ക്ഷണം സ്വീകരിച്ച് അവരോടൊപ്പം കാപ്പിചടങ്ങിൽ ചേർന്നു. അങ്ങനെ ക്ഷണിക്കപ്പെടുന്നത് ഒരു ആദരവായി കണക്കാക്കണം. മുറ്റത്ത് കസേരകളിട്ടാണ് ഞങ്ങൾ ഇരുന്നത്. കരിയടുപ്പിൽ ഒരു പാനിൽ ആദ്യം കാപ്പിക്കുരു വറുത്തെടുക്കും. അതു കഴിഞ്ഞ് പരമ്പരാഗതമായ ചെറിയ ഉരലും ഉലയ്ക്കയും ഉപയോഗിച്ച് വറുത്ത കാപ്പിക്കുരു പൊടിച്ചെടുക്കുന്നു. ഈ ക്രിയകളെല്ലാം ഗൃഹനായിക ചെയ്യേണ്ടവയാണ്. അതിനുശേഷം വലിയൊരു ‘ജെബീഗ്‍യിൽ (ജഗ്ഗ്) വറുത്തു പൊടിച്ച കാപ്പി തിളപ്പിക്കുന്നു. അതിനിടെ ലഘുഭക്ഷണം എന്ന നിലയ്ക്ക് പോപ്കോൺ വിളമ്പിയിരിക്കും.

എത്യോപ്യരുടെ കാപ്പികുടിക്കൽ ചടങ്ങ്

തീരെ ചെറിയ കളിമൺ കപ്പുകളിലാണ് കാപ്പി ഒഴിച്ച് എല്ലാവർക്കും നൽകുക. അത് കുടിച്ചു കഴിയുമ്പോഴേക്ക് അതേ കാപ്പിപ്പൊടി ഉപയോഗിച്ച് രണ്ടാം റൗണ്ട് കാപ്പി റെഡിയായിരിക്കും. ആദ്യത്തേതിനോളം കടുപ്പമുണ്ടാവില്ല. രണ്ടാം റൗണ്ട് വിളമ്പിക്കഴിയുമ്പോഴേക്ക് മൂന്നാം റൗണ്ട് തിളച്ചു തുടങ്ങും. അതാണ് അവസാനത്തേത്. അത് ആദ്യ രണ്ടിനേക്കാൾ വളരെ കടുപ്പം കുറഞ്ഞതാവും. മൂന്നു റൗണ്ട് കാപ്പി കുടിക്കുന്നതോടെ ആതിഥേയരുടെ സൗഹൃദത്തിന്റെ വാതിൽ നിങ്ങൾക്കായി എപ്പോഴും തുറന്നിട്ടിരിക്കുന്നു എന്ന് അവർ പ്രതീകാത്മകമായി നിങ്ങളോട് പറയുകയാണ്.
സാമൂഹ്യചടങ്ങുകളും ആചാരങ്ങളും ഒരു വഴിക്ക് ഇങ്ങനെ നടന്നുപോകുമ്പോൾ, അവയെ ഉന്മൂലനം ചെയ്യാനുള്ള സൂത്രങ്ങൾ ഭരണകൂടം തയാറാക്കിക്കൊണ്ടിരുന്നു.

സോഷ്യലിസ്റ്റ് രാജ്യങ്ങളിലെ പൊതുവിതരണ കേന്ദ്രങ്ങൾ വഴി വീട്ടിലേക്കാവശ്യമായ സാധനങ്ങൾ വാങ്ങേണ്ടിവരുന്നതിന്റെ ഗതികേടിനെപ്പറ്റി ധാരാളം വിമർശനങ്ങളും പരിഹാസവും ആ കാലത്ത് പ്രചരിച്ചിരുന്നല്ലോ. എത്യോപ്യയിൽ സാധനദൗർലഭ്യം വാർത്തയാവാറില്ലായിരുന്നു. കാരണം അത് നിത്യേന സംഭവിക്കുന്ന കാര്യമായിരുന്നു. നിങ്ങൾക്ക് ഒരു പാക്കറ്റ് റോത്ത് മാൻസ് സിഗററ്റ് വേണമെങ്കിൽ കടക്കാരൻ ഒരു നിബന്ധന മുന്നോട്ടുവെക്കും. ‘സിഗററ്റ് തരാം. പക്ഷേ ഒരു ബാഗ് പഴവും വാങ്ങണം.’ നിങ്ങൾ ‘അറ്റം പറ്റിയ’ ഒരു സിഗററ്റ് അഡിക്ട് ആണെങ്കിൽ അത് വാങ്ങിയിരിക്കും.

കാപ്പി തിളപ്പിക്കുന്ന ജെബീന

അഡീസ് അബാബയിലെ മലയാളി ‘കൊച്ചമ്മ’മാർ പരസ്പരം ഫോണിലൂടെ അറിയിക്കും, ഓരോ ദിവസവും എവിടെയൊക്കെയാണ് നിത്യവും ഉപയോഗമുള്ള സാധനങ്ങൾ വന്നിട്ടുള്ളത് എന്ന്. ‘എത്തോഫ്’ സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ്. ഒരു സൂപ്പർ മാർക്കറ്റ്. അവിടെ എല്ലാം കിട്ടും എന്നാണ് വെപ്പ്. എത്യോപ്യയിലുള്ള പരദേശികൾ പാലിനുപകരം നിഡോ എന്ന നെസ്ലെയുടെ വിലകൂടിയ പാൽ‌പ്പൊടിയായിരുന്നു ഉപയോഗിച്ചിരുന്നത്. അതിന്റെ അഞ്ചു ലിറ്റർ ടിന്നുകളുടെ കുത്തബ്മിനാറുകൾ പരദേശികളുടെ വീടുകളിലെ പാൻട്രിയിൽ ഏകാകികളായി വളർന്നു നിന്നു. കാരണം നിഡോ ഏതു നിമിഷവും കടയിൽ നിന്ന് അപ്രത്യക്ഷമാവാം. ഇന്ത്യൻ സ്വഭാവമാണല്ലോ പൂഴ്ത്തിവയ്പ് (അഥവാ hoarding). അതിൽ നമ്മെ വെല്ലാൻ ലോകത്താരുമില്ല, പ്രത്യേകിച്ച് മലയാളികളെ. (നമുക്ക് എല്ലാറ്റിനും ആക്രാന്തമാണല്ലോ. പക്ഷെ എല്ലാ ഇന്ത്യക്കാരെയും കുറിച്ചല്ല ഞാൻ ഈ പറയുന്നത്.)

അവശ്യസാധനങ്ങൾക്ക് അന്നത്തെ എത്യോപ്യയിൽ കടുത്ത ക്ഷാമമുണ്ടായിരുന്നു എന്നത് സത്യമാണ്. അനേകം വസ്തുക്കൾ; ബിസ്കറ്റ്, ചോക്കലേറ്റ്, വെണ്ണ, ജാം, മുന്തിരി, ആപ്പിൾ, പയർ തുടങ്ങിയവ കണികാണാനില്ലാത്ത അവസ്ഥയായിരുന്നു. മാങ്ങയും തേങ്ങയും പിന്നെ പറയേണ്ട. എത്യോപ്യയിൽ നിന്നാണ് ഞങ്ങൾ “ഡെസിക്കേറ്റഡ് കോക്കനട്ട്” എന്ന സാധനം ഉപയോഗിക്കാൻ ശീലിച്ചത്. “പപ്പഡപൌലോസ്” എന്ന ഒരു ബ്രാൻഡ് ഗ്രീക്ക് ബിസ്കറ്റുകൾ മാത്രമേ കിട്ടുകയുള്ളായിരുന്നു. അവ അത്ര രുചിയുള്ളതായിരുന്നില്ല. പക്ഷേ വളരുന്ന ഒരു മകൾ ഉള്ളതിന് ബിസ്കറ്റിന്റെ ആകൃതിയും രുചിയും പരിചയപ്പെടുത്തണമല്ലോ എന്നു കരുതി ഞങ്ങൾ അന്യായവില നൽകി ആ ബിസ്കറ്റുകൾ വാങ്ങിയിരുന്നു.

എത്യോപ്യയിൽ എല്ലാ സാധനങ്ങളും വാങ്ങാൻ കിട്ടുന്ന ഒരു സ്ഥലമായിരുന്നു ഡൈർ ഡാവ

എത്യോപ്യയിൽ എല്ലാ സാധനങ്ങളും വാങ്ങാൻ കിട്ടുന്ന ഒരു സ്ഥലമായിരുന്നു ഡൈർ ഡാവ (Dire Dawa). ഹരാർ പ്രവിശ്യയിലെ ഈ പട്ടണം കോൺട്രാ ബാൻഡ് വസ്തുക്കൾ പരസ്യമായി വാണിഭം ചെയ്യപ്പെട്ടിരുന്ന ഇടമായിരുന്നു. അതിശക്തമായ പട്ടാളസാന്നിദ്ധ്യമുണ്ടായിട്ടുപോലും ഈ കച്ചവടങ്ങൾ അവിടെ നിർബ്ബാധം നടന്നു. അവധിക്കാലത്ത് നാട്ടിലേക്ക് പോകുന്ന പലരും (മലയാളികൾ മാത്രമല്ല, ഏതാണ്ടെല്ലാ പരദേശികളും) സംഘം ചേർന്ന് ഡൈർ ഡാവയിൽ പോയി രണ്ടോ മൂന്നോ ദിവസങ്ങളിൽ വൻകിട ഷോപ്പിംഗ് നടത്തുന്നത് വേളാങ്കണ്ണിയിലോ ഗുരുവായൂരിലോ പോകുന്നതു പോലെയുള്ള പതിവായിരുന്നു. (എല്ലാം തീർത്ഥാടനം തന്നെ, അല്ലേ?). ഇപ്പോഴും ആ പട്ടണത്തിന്റെ ധനകാര്യ ഭാഗധേയം നിർണയിക്കുന്നത് കള്ളക്കടത്താണോ എന്നറിയില്ല. ഇന്നത്തെ ഡൈർ ഡാവ ഞാനറിഞ്ഞ ഡൈർ ഡാവയിൽ നിന്ന് തീർത്തും വ്യത്യസ്തമായിരിക്കും എന്ന് അനുമാനിക്കുന്നു.

ഡില്ലയിലേക്ക് ഒരു യാത്ര

ഡില്ല എന്നത് തെക്കൻ എത്യോപ്യയിൽ നിന്ന് കെന്യക്കുള്ള ഹൈവേയുടെ അരികിലുള്ള ഗ്രാമമാണ്. അന്ന് ഗ്രാമം എന്നേ പറയാനാവുമായിരുന്നുള്ളൂ. അത്ര ചെറിയൊരു അങ്ങാടിയും ചില ബുന്നാ ബേത്തുകളും മാത്രമുള്ള പൊടിപിടിച്ച ഒരു സ്ഥലം. പൊടിയാണ് പ്രധാനം. അവിടെ പക്ഷേ, കുറേ ഇന്ത്യൻ ‘അസ്തമാരികൾ’ (അദ്ധ്യാപകർ) ഉണ്ടായിരുന്നു. അവരിൽ ഷാജൻ- ലൈസൻ ദമ്പതികൾ ഞങ്ങളുടെ സുഹൃത്തുക്കളായിരുന്നു. എത്യോപ്യ വിടും മുൻപ് ഷാജനെയും ലൈസനെയും കാണണം എന്നത് എന്റെ സഖിയുടെ താൽ‌പ്പര്യമായിരുന്നു. അവൾക്ക് വരാൻ സാധിക്കില്ല. കാരണം സ്ക്കൂൾ അടച്ചിരുന്നില്ല. തന്നെയുമല്ല, മകളെയും കൊണ്ടുള്ള ഡില്ല യാത്ര ഒഴിവാക്കുക എന്നതും ഞങ്ങൾക്ക് നിർബ്ബന്ധമായിരുന്നു. അന്ന് ഡില്ലയിലേക്കുള്ള ബസ് യാത്ര രണ്ടു ദിവസമെടുത്തിരുന്നു. ഇങ്ങനെ പല കാരണങ്ങളാലും ഞങ്ങൾ കുടുംബസമേതം യാത്ര വേണ്ടെന്നുവച്ചു.

ഡില്ല എന്നത് തെക്കൻ എത്യോപ്യയിൽ നിന്ന് കെന്യക്കുള്ള ഹൈവേയുടെ അരികിലുള്ള ഗ്രാമമാണ്.

അങ്ങനെ ഒരു ദിവസം രാവിലെ അഞ്ചു മണിക്ക് ഞാൻ തനിച്ച് ഡില്ലയിലേക്ക് പുറപ്പെട്ടു. ഡില്ലയിലേക്കുള്ള വഴിയിലാണ് കെഫാ പ്രവിശ്യയുടെ തലസ്ഥാനമായിരുന്ന സിഡാമോ എന്ന പട്ടണം. കെഫാ പ്രവിശ്യയിലൂടെയുള്ള യാത്രയിലാണ് സ്വാഭാവിക സസ്യജാലങ്ങളിൽ ഒന്നായ കാപ്പിച്ചെടിയെ കണ്ടത്. കാപ്പിച്ചെടികളിൽ നിറയെ കാപ്പി പൂത്തു കിടക്കുന്നു. ആ പ്രവിശ്യയിൽ നിന്ന് കാപ്പി പറിച്ചെടുക്കാനും മറ്റൊരിടത്തേക്ക് കടത്താനും പൗരർക്ക് അവകാശമില്ല. അത് തടയാൻ ധാരാളം പട്ടാളം എപ്പോഴും ബസുകളിലും കാറുകളിലും കയറിയിറങ്ങി ബാഗുകളും തുണിക്കെട്ടുകളും, എന്തിനേറെപ്പറയുന്നു, അവരുടെ ശരീരം പോലും ‘ഫ്രിസ്ക്’ ചെയ്യുമായിരുന്നു. വന്യമായ ഒരു ചെടിയായി കാപ്പി വളരുന്നത് കാണുകയെന്നത് ജീവിതത്തിലെ ആദ്യത്തെയും അവസാനത്തെയും അനുഭവമായിരുന്നു.

ഡില്ലയിൽ ഷാജനും ലൈസനും എന്നെ കാത്തു നിന്നിരുന്നു. അവരോടൊപ്പം വിജയൻ സർ എന്ന അവിടുത്തെ ഏറ്റവും മുതിർന്ന മലയാളി അദ്ധ്യാപകനും. വിജയൻ സർ കൊല്ലം എസ് എൻ കോളേജിൽ താൽക്കാലിക നിയമനത്തിൽ കുറച്ചു കാലം ലക്ചററായിരുന്നു. അദ്ദേഹവും ഭാര്യയും മരിച്ചുപോയി എന്ന വിവരം നാട്ടിൽ സ്ഥിരതാമസത്തിനുവന്ന് ഏറെക്കാലം കഴിഞ്ഞാണ് ഞങ്ങളറിഞ്ഞത്.

ഡില്ലയിലെ വഴിയോര പഴക്കച്ചവടം

ഡില്ലയിലെ സന്ദർശനത്തിന് ഒരു ദിവസം മാത്രമേ ഞാൻ നീക്കിവച്ചിരുന്നുള്ളൂ. പിറ്റേന്ന് രാവിലെ തന്നെ ഞാൻ മടക്കയാത്രയ്ക്കിറങ്ങി. പക്ഷേ അതി രാവിലെയുള്ള ബസ് പോയിക്കഴിഞ്ഞിരുന്നു. ഇനി ഉച്ചക്കേ ബസുള്ളൂ. അതിൽ കയറിയാൽ ഷഷെമനെ (Shashemane) എന്ന കൊച്ചു പട്ടണത്തിൽ രാത്രി കഴിച്ചുകൂട്ടണം. ചെള്ളുകളും കൊതുകുകളും സ്ഥിരതാമസക്കാരായ ഏതെങ്കിലും ഒരു വില കുറഞ്ഞ ഹോട്ടലിലാവും അന്നത്തെ എന്റെ രാത്രി. ഷഷെമനെയിൽ ഇന്ത്യയിൽ നിന്നുള്ള ഒരു അദ്ധ്യാപകനുണ്ടായിരുന്നു. അദ്ദേഹത്തെ ഞങ്ങൾക്ക് നാട്ടിൽനിന്ന് അറിയാം. എന്റെ സഖി സെന്റർ ഫോർ എർത്ത് സയൻസസിൽ ജോലി ചെയ്തിരുന്നപ്പോൾ അവിടുത്തെ ഉയർന്ന ഉദ്യോഗസ്ഥനായിരുന്ന മി. ചൗധുരി. നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ആദ്യ നാമം ഞാൻ മറന്നു പോയി. അദ്ദേഹവും ഭാര്യയും കുഞ്ഞും തിരുവനന്തപുരത്ത് ഞങ്ങളുള്ളപ്പോൾ വീട്ടിൽ വിളിച്ച് വിരുന്നൊക്കെ തന്നിട്ടുള്ളവരാണ്. വളരെ നല്ല മനുഷ്യർ. അദ്ദേഹത്തെ കണ്ടു കളയാം എന്ന് ഞാൻ തീരുമാനിച്ചു.

അങ്ങനെ രാത്രി ഷഷെമനെയിൽ വണ്ടിയിറങ്ങിയ ഉടൻ ചൗധുരി എന്ന ഹിന്ദ് അസ്തമാരിയുടെ (ഇന്ത്യൻ ടീച്ചർ) വീട് അന്വേഷിച്ച് കണ്ടുപിടിച്ചു. മങ്ങിയ വെട്ടം മാത്രമുള്ള ഒറ്റമുറി വീട്ടിലാണ് ആ കൊച്ചുകുടുംബം. ചൗധുരിയും സന്തോഷവാനല്ലായിരുന്നു. ഞങ്ങൾ കുറച്ചു നേരം സംസാരിച്ചു. എന്തിനാണ് എത്യോപ്യന്മാരുമായി വഴക്കിടുന്നത് എന്ന് ചൗധുരി ചോദിച്ചു.

കെഫാ പ്രവിശ്യയിലെ കാപ്പി

ഞാൻ എന്തു പറഞ്ഞാലും അദ്ദേഹത്തിന് ബോദ്ധ്യപ്പെടില്ല എന്നറിയാവുന്നതിനാൽ കൂടുതൽ പ്രതിരോധത്തിനൊന്നും മുതിർന്നില്ല.
“ഞങ്ങൾ കെന്യക്ക് പോകുകയാണ്”, ഇത്രമാത്രം പറഞ്ഞു.
മിസ്സിസ് ചൗധുരി എനിക്ക് പൂരിയും ഉരുളക്കിഴങ്ങു കറിയും തന്നു. അധികമൊന്നും കഴിക്കാതെ ഞാൻ എഴുന്നേറ്റു. സമയം രാത്രി 9.30 കഴിഞ്ഞിരുന്നു. യാത്ര പറഞ്ഞിറങ്ങുമ്പോൾ ചൗധുരി പറഞ്ഞു, “ ഞാൻ രാവിലെ വന്ന് ബസ് സ്റ്റേഷനിൽ കൊണ്ടാക്കാം. നിങ്ങളുടെ കയ്യിൽ അലാം ഒന്നുമില്ലല്ലോ.”
ഞാൻ കഴിയുന്നതും നിരുത്സാഹപ്പെടുത്തിയെങ്കിലും അദ്ദേഹം സമ്മതിച്ചില്ല. തിരിച്ച് ഹോട്ടലിലേക്കുള്ള യാത്രയിൽ ചൗധുരി നിശ്ശബ്ദനായിരുന്നു. അദ്ദേഹത്തെ ചോദ്യങ്ങൾ ചോദിച്ച് വിഷമിപ്പിക്കാൻ എനിക്കും കഴിയില്ലായിരുന്നു. എന്നെ റൂമിൽ എത്തിച്ച് പോകും മുൻപ് ചൗധുരി ഇതുമാത്രം പറഞ്ഞു, “ഞങ്ങൾ ഈ ഒരു കോൺട്രാക്റ്റ് കഴിഞ്ഞാൽ തിരിച്ച് നാട്ടിൽ പോകും,’’ ഒന്നു നിർത്തിയിട്ട് അദ്ദേഹം തുടർന്നു, “ഒരാളുടെ ജോലി കൊണ്ട് ഇവിടെ ജീവിക്കാൻ പ്രയാസമാണ്.”
എനിക്ക് കൈതന്നുകൊണ്ട് അദ്ദേഹം മന്ത്രിച്ചു, “ഗുഡ് നൈറ്റ്.”
“ഗുഡ് നൈറ്റ്” ഞാനും അതേറ്റു പറഞ്ഞു.
എന്റെ ശബ്ദം ഇടറിയോ?
അദ്ദേഹം നടന്നകലുന്നത് ഞാൻ നോക്കി നിന്നു.

കെഫാ പ്രവിശ്യ പ്രവിശ്യയിൽ നിന്ന് കാപ്പി പറിച്ചെടുക്കാനും മറ്റൊരിടത്തേക്ക് കടത്താനും പൗരർക്ക് അവകാശമില്ല.

ചെള്ളുകളും കൊതുകുകളും പൂണ്ടു വിളയാടുന്ന എന്റെ സ്പ്രിങ്ങ് മെത്തയിലേക്ക് ഞാൻ വീണു. സ്പ്രിങ്ങുകൾ മേലൊക്കെ കുത്തിക്കൊള്ളുന്നുണ്ടായിരുന്നു. ക്ഷീണത്താൽ അതൊന്നുമറിയാതെ അപരിചിതമായ ആ ചെറുപട്ടണത്തിൽ ഒരു ഇടുങ്ങിയ മുറിയിൽ ഉറങ്ങി. അടുത്തും അകലെയുമുള്ള ബുന്നാ ബേത്തുകളിൽ നിന്ന് റെഗ്ഗേ (Reggae) യുടെ ആസുരവാദ്യങ്ങളും ആലാപനങ്ങളും ആരോഹണാവരോഹണങ്ങളിലൂടെ ഏതോ സൈക്കഡലിക് സ്വപ്നത്തിലേക്ക് എന്നെ ഉയർത്തി. ഒരു തൂവൽ പോലെ ഞാൻ അതിൽ പറന്നുനടന്നു. ഷഷെമനെ ഒരു റെഗ്ഗേ പട്ടണമാണ് എന്ന് നേരത്തേ അറിഞ്ഞ കാര്യം മറന്നുപോയിരുന്നു. ‘ജാ’ ഹെയ്ലെ സെലാസി മണ്മറഞ്ഞെങ്കിലും, ബോബ് മാർളി കഥാവശേഷനായെങ്കിലും ബോബ് മാർലിയുടെ സംഗീതത്തിലൂടെ അയാൾ ജീവൻ വീണ്ടെടുക്കുന്നു. കാരണം ആ ഗാനങ്ങൾ വിമോചന ഗാനങ്ങളായിരുന്നു.

പിറ്റേന്ന് അതിരാവിലെ ചൗധുരി എത്തി വാതിൽക്കൽ മുട്ടി. ഞാൻ അതിനു മുൻപേ എണീറ്റ് റെഡിയായിക്കഴിഞ്ഞിരുന്നു. പുറത്തേക്കിറങ്ങിയപ്പോൾ കുറ്റക്കുറ്റിരുട്ട്. നേരം പുലരുന്നതേയുള്ളു. ചൗധുരിയുടെ ടോർച്ച് ഞങ്ങൾക്ക് വഴികാട്ടി. ഒരു ബസ് പോകാൻ തയാറായി നിൽക്കുന്നുണ്ടായിരുന്നു. എനിക്ക് മുന്നിൽ തന്നെ ഡ്രൈവർ ഒരു സീറ്റ് തന്നു. ബസിൽ കയറും മുൻപ് ചൗധുരി എന്നോട് പറഞ്ഞു, “ഇതായിരിക്കാം നാം തമ്മിലുള്ള അവസാനത്തെ കൂടിക്കാഴ്ച. എവിടെയാണെങ്കിലും നന്നായിവരട്ടെ. ബീനയെ ഞാൻ അഡീസിൽ പോകുമ്പോൾ കണ്ടു കൊള്ളാം.’’
അദ്ദേഹം നടന്നകലുന്നത് ഞാൻ നോക്കിയിരുന്നു. തല കുനിച്ച്, ഇടിഞ്ഞ തോളുകളുമായി ഒരു പരാജിതനെപ്പോലെ ആ നല്ല മനുഷ്യൻ എന്റെ, ഞങ്ങളുടെ ജീവിതത്തിൽ നിന്ന് സാവധാനം മാഞ്ഞുപോയി.

ഈ ഓർമകളിൽ മറ്റനേകം ജീവിതങ്ങൾ ഇങ്ങനെ കടന്നുവരുന്നതും പോകുന്നതും എന്റെ പദ്ധതിയല്ല. അവരെ കാലം എന്റെ ജീവിതത്തിൽ എത്തിച്ചതാണ്. മറക്കാനാവത്തവരെ മാത്രമേ ഞാൻ ഓർമ്മിക്കുന്നുള്ളു.

ചൗധുരി പറഞ്ഞതുപോലെ ഞങ്ങൾ തമ്മിൽ പിന്നീട് യാതൊരു കോൺടാക്റ്റും ഉണ്ടായിട്ടില്ല. അദ്ദേഹം പക്ഷേ വാക്കു പാലിച്ചു. അവിടം വിട്ട് വംഗദേശത്തേക്ക് (എന്ന് ഞാൻ കരുതുന്നു) പോകുന്നതിനുമുൻപ് അഡീസ് അബാബയിൽ പോകുകയും ഔറാറിസ് ഹോട്ടലിൽ വന്ന് എന്റെ സഖിയെ സന്ദർശിക്കുകയും ചെയ്തു.

ഡില്ല കെന്യ- അഡീസ് ഹൈവേ

എത്യോപ്യൻ ദിനങ്ങളുടെ അവസാനം എത്താറായി. 1984 മെയ്. ഞാൻ ഒറ്റയ്ക്ക് നയ്റോബിക്ക് പോകാം എന്ന് ഞങ്ങൾ തീരുമാനിച്ചു. പക്ഷേ സഖിയെയും മോളെയും ഹോട്ടലിലാക്കി പോകുന്നത് നല്ല തീരുമാനമല്ല എന്നറിയാമായിരുന്നു. പലയിടങ്ങളിലും അവരിരുവരെയുമാക്കി പോകാൻ ഞങ്ങളാലോചിച്ചു. ആരോടും ചോദിക്കാൻ മനസ്സു വന്നില്ല. പോകുന്ന ദിവസമെത്തി. അപ്പോഴും ഒരു തീരുമാനവുമായില്ല. ഞങ്ങളോടൊപ്പം ആ സമയം നിന്നത് രാധാകൃഷ്ണൻ സർ മാത്രമായിരുന്നു. എന്നെ എയർ പോർട്ടിൽ വിട്ട് തിരികെ ഹോട്ടൽ റൂമിൽ ചെന്നപ്പോൾ രാധകൃഷ്ണൻ സർ എന്റെ സഖിയെയും മകളെയും അദ്ദേഹം താമസിച്ചിരുന്ന Madam Hall Housing Estate- ലെ വലിയ സൗകര്യങ്ങളൊന്നുമില്ലാത്ത ഒരു വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ഞങ്ങളെ സംബന്ധിച്ച് ആ വേർപാട് ചിന്തിക്കാവുന്നതല്ലായിരുന്നു. 19-ാം വയസ്സിൽ സ്വന്തം ഇഷ്ടപ്രകാരം വീടുവിട്ട് എന്നോടൊപ്പം വന്ന എന്റെ സഖിയും പിറകേ വന്ന ഞങ്ങളുടെ മകളെയും തനിച്ചാക്കി ഒറ്റക്കുപോകുക എന്നത് എനിക്ക് താങ്ങാവുന്നതിനപ്പുറമായിരുന്നു. എന്നാൽ എന്റെ സഖിയുടെ ആത്മവിശ്വാസത്തിലും കഴിവിലും എനിക്ക് അണുവിടപോലും സംശയമുണ്ടായിരുന്നില്ല. എയർപോർട്ടിലെ യാത്ര പറച്ചിലിൽ മാത്രം ഞങ്ങളിരുവർക്കും അൽ‌പം നിയന്ത്രണം വിട്ടുപോയി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments