ആന, മയിൽ, സിനിമ, മരണം...

‘‘വലുതായി ഉണ്ടായത് ഒരു നഷ്ടമാണ്. ഒരു വലിയ മനുഷ്യനുമായുള്ള വിനിമയം ഏതാണ്ട് എക്കാലത്തേയുമായി അടഞ്ഞു. കാരണം ക്ഷണിച്ചു കൊണ്ടു പോയ സിനിമ തന്നെ. ഒരു മരണമല്ല. രണ്ടു മരണം. അപ്പുറവും ഇപ്പുറവും. രണ്ടിടത്തും മരിച്ചത് ഞാൻ തന്നെ. ആ നഷ്ടം മായുന്നതല്ല’’- ജീവിതത്തിൽനിന്ന് ഒരു വർഷം കൂടി അടർന്നുപോകുമ്പോൾ, അത് ജീവിതത്തിൽ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങൾ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കിൽനിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകൾ. ജി.ആർ. ഇന്ദുഗോപൻ എഴുതുന്നു.

ലിയ ഒഴുക്കിൽ വർഷവും വ്യക്തിയും പ്രസക്തമല്ല. സ്പന്ദനത്തിനനുസരിച്ച് പോകാമെന്നേയുള്ളൂ. മറ്റ് ജീവജാലങ്ങളെ സംബന്ധിച്ചുള്ള വെല്ലുവിളികളൊന്നും ഇടത്തരക്കാരനായ മനുഷ്യനില്ല. എനിക്കുമുണ്ടായില്ല. ആഹാരം ആവശ്യത്തിനുണ്ട്, അഥവാ ആവശ്യത്തിലേറെയുണ്ട്. അവിടെ മനുഷ്യന്റെ അലച്ചിൽ, ആവേശം, ആഹാരത്തിനായുള്ള യുദ്ധം, ആഹാരമാകാതിരിക്കാനുള്ള യത്‌നം ഒക്കെ അസ്തമിക്കുകയാണ്. ഇണ, തണൽ എന്നിവയുള്ളതിനാൽ ആ നിലയ്ക്കും അനങ്ങേണ്ടതില്ല. പിന്നെ തുടരുന്നതിനിടയിൽ വലിയ അദ്ഭുതങ്ങൾ ഉണ്ടാക്കിയെന്ന് അഭിനയിക്കുക മാത്രമേ തരമുള്ളൂ. ആ നിലയ്ക്ക് കഴിഞ്ഞ കൊല്ലത്തെ എന്റെ അദ്ഭുതങ്ങൾ, അധഃപതനങ്ങൾ, നിലനിൽപ് എങ്ങനെയായിരുന്നു എന്നു നോക്കാം.

ഞാൻ മനോരമയിൽ പത്രപ്രവർത്തകനായി ജോലി നോക്കി വരികെ 2019 -ൽ 24-ാം പ്രവൃത്തിവർഷത്തിൽ ജോലി ഉപേക്ഷിച്ചിറങ്ങി. അനിശ്ചിതത്വം ഉണ്ടാക്കിയെടുക്കുക എന്നത് എഴുത്തുണ്ടാക്കുന്നവർ ആഗ്രഹിക്കുന്ന പരിപാടിയാണ്. പക്ഷേ അതിന്റെ തുടർച്ച താങ്ങാനുള്ള ശേഷിയും വേണ്ടതുണ്ട്.

ഇന്ദുഗോപന്റെ പുസ്​തകങ്ങളിൽ ചിലത്

വൈകുന്നേരങ്ങളിലെ പത്രനിർമാണപ്രക്രിയയിൽ നിന്ന് മാറിനിൽക്കുക അസഹനീയമായിരുന്നു. ഈ പണിയിൽ കമ്പവും അതിൽ ലയിക്കാനുള്ള ത്വരയും തീരുന്നതല്ല. അത് മറികടക്കാനാണ് ഞാൻ കവടിയാറിൽ ഒരു വർക്ക് ഷെയറിങ് സ്‌പെയ്‌സിൽ ഒരു കസേരയും മേശയും മാസവാടകക്കെടുത്ത് ഇരുന്നത്. പലതരം ജോലി ചെയ്യുന്നവർക്കിടയിലിരുന്ന് എഴുതി വായിച്ചു, ചുമ്മാതിരുന്നു, ഇറങ്ങിനടന്നു. അപരിചിതമായ ആൾക്കൂട്ടം കൃത്രിമമായി സൃഷ്ടിച്ചെടുത്തു. മടുത്തപ്പോൾ കൊല്ലത്ത് ജന്മനാട്ടിൽ കടപ്പുറത്ത്, ഇരവിപുരത്ത് ഒരു വീട് വാടകയ്‌ക്കെടുത്തു. തൊട്ടുമുന്നിൽ ഒരു തടസവുമില്ലാത്ത വിരിഞ്ഞുകിടക്കുന്ന കടൽ, കടലിൽ പോകുന്ന മനുഷ്യർ. കട്ടമരത്തിൽ പോയിവരുന്ന അയൽക്കാരൻ കൊണ്ടു വരുന്ന മീൻ. എന്റെ സിങ്കിൽ നിന്ന് മരിക്കാൻ വിധിക്കപ്പെട്ട ആയുസ്​ അൽപം കൂടുതലുള്ള ചുവന്ന മീനുകൾ. ഞാനത് മരിക്കാൻ പ്രാർഥനകളോടെ തൊട്ടടുത്തുള്ള കടയിൽചെന്നിരുന്നു. ഒരുപാട് മനുഷ്യർ വന്നു. തിരിച്ചുചെന്നപ്പോൾ മീൻ ചത്തിരുന്നു. എന്നിട്ടും വാ തുറന്ന്, എന്നെ സൂക്ഷിച്ചുനോക്കി. അവിടിരുന്ന് ചില പുസ്തകങ്ങൾ, കഥകൾക്ക് ഘടനയുണ്ടാക്കൽ, ആ മീനുകളെ പോലെ മരിച്ച പോലെ വാ തുറന്ന് ഒരു തിരക്കുമില്ലാതെ ഉറങ്ങി. ചില കഥകളുടെ തിരക്കഥാരൂപങ്ങൾ ഉണ്ടാക്കാൻ ആളു വന്നു. കൊണ്ടുനടന്നു. യാത്ര ചെയ്തു. കഴിച്ചു. കുടിച്ചു.

ഈ കൊല്ലം പകുതിക്ക് തിരുവനന്തപുരത്തിന് മടങ്ങി. എഴുതിക്കൊടുത്ത ചില സിനിമകൾ തുടങ്ങാനിരുന്നു. ജൂലായ് മുതൽ "കാപ്പ' എന്ന സിനിമ (ശംഖുമുഖി എന്ന നോവലെറ്റ്) തിരുവനന്തപുരത്തു തുടങ്ങി. എഴുത്തുകാരൻ ബെന്യാമിനും ഞാനും കൂടി ചെറുപ്പക്കാരനായ ഒരു സംവിധായകന്റെ കഥയ്ക്ക് തിരക്കഥാരൂപമെഴുതിക്കൊടുത്തു. "ക്രിസ്റ്റി' എന്ന പേരിൽ അതിന്റെ ചിത്രീകരണം തിരുവനന്തപുരം പൂവാറിലും മാലിദ്വീപിലുമായി പൂർത്തിയായി. ക്ലൈമാക്‌സെടുക്കാൻ ഞാനും ബെന്യാമിനും യൂണിറ്റിനൊപ്പം അഞ്ചാറു ദിവസം മാലിദ്വീപിൽ പോയി.

വിലായത്ത് ബുദ്ധ എന്ന നോവലെറ്റ് അതേപേരിൽ സിനിമയാകുന്നു. ഷൂട്ടിങ് മറയൂരിൽ തുടങ്ങി. കുറച്ചുദിവസം അവിടെപ്പോയി. നടുവേദന കാരണം ഒരുപാട് കാറിലിരിക്കാൻ വയ്യ. ബദൽ വഴി കണ്ടെത്തിയത് വലിയ കണ്ടുപിടിത്തം പോലെ സന്തോഷമുണ്ടാക്കി. രാത്രി എട്ടരയ്ക്ക് തിരുവനന്തപുരത്തുനിന്ന് അമൃത എക്‌സ്‌പ്രസിൽ കയറിക്കിടന്നാൽ രാവിലെ ആറരയ്ക്ക് ഉദുമൽപേട്ടയിൽ ചെല്ലും. ഇതേ ട്രെയിൻ മധുര വരെയാക്കിയതിന്റെ മെച്ചം. പിന്നെ 40 കിലോമീറ്റർ മാത്രം മറയൂരിന്. ആനയിറങ്ങുന്ന പാതയാണ്. എന്നെപ്പോലെ മറ്റാരെയോ കൂട്ടിക്കൊണ്ടു വരാൻ പോയ ഒരു യൂണിറ്റ് ജീപ്പ് ആന ചവിട്ടിക്കൂട്ടിയിരുന്നു.

വഴിയിൽ ഡ്രൈവർമാർ വളർത്തുന്ന രണ്ട് കാട്ടുമയിലുകളെ പരിചയപ്പെട്ടു. അവ ഇരതേടൽ നിർത്തി, മനുഷ്യരെ പോലെ. കയ്യിൽ ആഹാരം വച്ചു കൊടുത്താൽ കൊത്തിത്തിന്നും. അതിന് വഴിയിൽ കാത്തുനിൽക്കും. ഞാനും ആഹാരം കൊടുത്തു. കൊത്തിന്റെ ചെറിയ നൊമ്പരം വിരലിൽ കൊണ്ടപ്പോൾ പുളകിതനായി. ഒരു കുരങ്ങു പോലും അകത്തു കയറാതിരിക്കാൻ ചിന്നാർ ചെക്ക്‌പോസ്റ്റിൽ കാറിന്റെ ഗ്ലാസ് കൃത്യമായി കയറ്റിയിടാൻ പഠിച്ചു. ഒരിക്കൽ കുരങ്ങുകൾ കാറിൽ കയറി അലങ്കോലമാക്കിയതിന് പിന്നാലെ.

പുതിയ നോവൽ "ആനോ' ഖണ്ഡശഃ തുടങ്ങാനായി. 2015 -ൽ മനോരമ ഞായറാഴ്ചപ്പതിപ്പിൽ ലേഖനമായെഴുതി, ജോലി തുടങ്ങിയതാണ്. കുറേ കാലമായി.

കരിമ്പുലി പോലുള്ള പുസ്തകം വന്നു. വെറുതേയിരിക്കുമ്പോൾ പോസ്റ്റുമാൻ പുസ്തകങ്ങളുടെ പുതിയ പതിപ്പുമായി വന്നു. എവിടൊക്കെയോ ഇരുന്ന് മനുഷ്യർ പുസ്തകം വായിക്കുന്നു.

എല്ലാ കൊല്ലത്തേയും പോലെ കുറേ ആവശ്യമില്ലാതെ സംസാരിച്ചു. വഴക്കുകൂടി. തർക്കിച്ച് ധാർമികരോഷം കൊണ്ട് എന്തിനെന്നില്ലാതെ സമയം കളഞ്ഞു, മരണത്തിലേയ്ക്ക് ചുമ്മാ അടുത്തു.

ഏറ്റവും വലുതായി ഉണ്ടായത് ഒരു നഷ്ടമാണ്. ഒരു വലിയ മനുഷ്യനുമായുള്ള വിനിമയം ഏതാണ്ട് എക്കാലത്തേയുമായി അടഞ്ഞു. കാരണം ക്ഷണിച്ചു കൊണ്ടുപോയ സിനിമ തന്നെ. ഒരു മരണമല്ല. രണ്ടു മരണം. അപ്പുറവും ഇപ്പുറവും. രണ്ടിടത്തും മരിച്ചത് ഞാൻ തന്നെ. ആ നഷ്ടം മായുന്നതല്ല.


ജി. ആർ. ഇന്ദുഗോപൻ

കഥാകൃത്ത്, നോവലിസ്റ്റ്. മാധ്യമപ്രവർത്തകനായിരുന്നു. അമ്മിണിപ്പിള്ള വെട്ടുകേസ്, തസ്കരൻ മണിയൻ പിള്ളയുടെ ആത്മകഥ, ഡിറ്റക്​ടീവ്​ പ്രഭാകരൻ, വിലായത്ത്​ ബുദ്ധ ഉൾപ്പടെ മുപ്പതിലേറെ കൃതികൾ.

Comments