മോയ് സാമ്രാജ്യത്തിലെ പൗരാവകാശ പരീക്ഷണങ്ങൾ

‘‘കെന്യയിൽ വർദ്ധിച്ചു വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയാളികളായ അദ്ധ്യാപകരിൽ അപൂർവം ചിലർ മറ്റു രാജ്യങ്ങളിലേക്ക് അവസരങ്ങൾ തേടി യാത്രയായിത്തുടങ്ങി എന്ന് ഞങ്ങളും കേട്ടു. തീരെ നിവൃത്തിയില്ലാതായാൽമതി, ഇനി ഒരു പരീക്ഷണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 29

ഹോമെ മുതാഹി എന്ന കെന്യൻ പത്രപ്രവർത്തകനുണ്ടായിരുന്നു. സരസമായ ലേഖനങ്ങളിലൂടെ സാമൂഹികരംഗത്തെ താളപ്പിഴകൾ തുറന്നുകാണിച്ചയാൾ. ബുദ്ധിമാനായ ഒരു സാറ്റിറിസ്റ്റ്. കെന്യയിൽ ഏറ്റവും കൂടുതൽ പ്രചാരമുള്ള ദ ഡെയ്ലി നേഷൻ പത്രത്തിലായിരുന്നു മുതാഹി സാധാരണ എഴുതിയിരുന്നത്. എന്റെ ഓർമയിൽ അയാളുടെ കോളത്തിന്റെ പൊതുവായ തലക്കെട്ട്, ‘വിസ്പേഴ്സ്’ എന്നായിരുന്നു. ഒരു ഘട്ടത്തിൽ പത്രങ്ങളിലെ കാർട്ടൂൺ പേജുകളെക്കാൾ ജനപ്രിയമായിരുന്നൂ മുതാഹിയുടെ കോളം. അയാളെ തന്റെ ആഫ്രിക്കൻ യാത്രയിൽ നയ് റോബിയിൽ വച്ച് പരിചയപ്പെട്ട കാര്യം പോൾ തെറോ പറയുന്നുണ്ട്.

ആ സമയം കെന്യയിൽ ‘മ്വാ കെന്യ’ എന്നൊരു സംഘടന ചില ലഘുലേഖകളും മറ്റും പ്രചരിപ്പിക്കുന്നുണ്ടായിരുന്നു. മോയ് ഗവർമെന്റിനെതിരേയുള്ള കമ്യൂണിസ്റ്റ് (മാവോയിസ്റ്റ്) കാമ്പയിനായിട്ടാണ് കെന്യൻ അധികാരികൾ അവയെ കണ്ടത്. അവശേഷിച്ചിരുന്ന ബുദ്ധിജീവികളെ നിശ്ശബ്ദരാക്കാ‍നായി മോയ് യുടെ കാവൽനായ്ക്കൾ പലരെയും വളഞ്ഞ കൂട്ടത്തിൽ മുതാഹിയും പെട്ടു.
കരുണാകരന്റെ കാലത്ത് നമ്മുടെ നാട്ടിലുണ്ടായിരുന്ന ക്യാമ്പ് ഷെഡ്ഡുകൾ പോലെയുള്ള താൽക്കാലിക സംവിധാനമൊന്നും കെന്യൻ നീതിനിർവ്വഹണസംഘത്തിന് ആവശ്യമില്ലായിരുന്നു. മുതാഹി എത്ര കാലം ന്യായോ ഹൗസിലെ ഇടിമുറികളിൽ കിടന്നെന്ന് അയാൾക്കുതന്നെ നിശ്ചയമില്ലായിരുന്നു. ഒരു ദിവസം അയാൾ നടുക്കത്തോടെ മനസ്സിലാക്കി, താൻ നിൽക്കുന്നത് അരയ്ക്കൊപ്പം വെള്ളത്തിലാണെന്നും എത്രയോ ദിവസമായി താൻ ഈ നിലയിൽ ചോദ്യം ചെയ്യപ്പെട്ടു കൊണ്ടിരിക്കയാണെന്നും.

വഹോമെ മുതാഹി, Photo: Daily Nation / nation.africa

നാറ്റ്സിസത്തിന്റെയും ഫാഷിസത്തിന്റെയും പാഠങ്ങൾ മനഃപാഠമാക്കി വരുന്നതേയുണ്ടായിരുന്നുള്ളൂ, കെന്യൻ പീഡനവീരന്മാർ. അതുകൊണ്ടാവണം, ‘‘താൻ വായിച്ചിട്ടുള്ള ഒരു റഷ്യൻ ബുക്ക് ഗോർക്കിയുടെ ‘അമ്മ’ ആണ്” എന്നു പറഞ്ഞപ്പോൾ കേട്ട കമന്റ് മുതാഹി പിന്നീട് ചിരിക്കാനായി ഓർമയിൽ തിരുകി വച്ചു.
ആ കമന്റ്: ‘പുസ്തകമോ? അതൊരു റിക്രൂട്ടിംഗ് മാന്വൽ ആണ്’

മനുഷ്യസ്വഭാവം പൂർണമായും മോയ് യ്ക്ക് അടിയറവയ്ക്കാത്ത ഒരു പൊലീസ് പാനലായിരുന്നതിനാൽ വഹോമെയ്ക്ക് ഈ അനിശ്ചിതമായ തടങ്കൽ അവസാനിപ്പിക്കാൻ ചില മാർഗ്ഗങ്ങൾ അവർ തന്നെ നിർദ്ദേശിച്ചു. പലതരം കുറ്റകൃത്യങ്ങൾ (അയാൾ ചെയ്യാത്തവ) ഏറ്റു പറയുക, ‘സെഡിഷൻ’, അതാണ് മുതാഹി തെരഞ്ഞെടുത്തത്. അതിന് 15 മാസത്തെ വെറും തടവാണ് ശിക്ഷ. അതിന്റെ നല്ലൊരു പങ്ക് അയാൾ ഏകാന്തത്തടവിൽ കഴിഞ്ഞു. ആ സമയത്ത് അയാൾക്ക് ഡി.എച്ച്. ലോറൻസിന്റെ റെയ്ൻ ബോ എവിടെനിന്നോ കിട്ടി. പിന്നീടയാൾക്ക് ഒരു സ്പാനിഷ് ഭാഷാസഹായി ആരോ സമ്മാനിച്ചു. അതുവച്ച് സ്വയംപഠിച്ചതിനു ശേഷം സഹതടവുകാരെ സ്പാനിഷ് പഠിപ്പിക്കാൻ തുടങ്ങി. രണ്ടു ദിവസങ്ങൾക്കകം ആ പുസ്തകം കണ്ടു കെട്ടി.

Photo: വാഹോമെ മുതാഹി ജോലി ചെയ്തിരുന്ന "ഡെ യ്‌ലി നേഷൻ" പത്രത്തിന്റെ ഓഫീസ്

മനഃശ്ശക്തി കൊണ്ടു മാത്രം ഇത്തരം ഘട്ടങ്ങളെ അതിജീവിക്കുന്നവരുണ്ടാവില്ലേ? എല്ലാം നഷ്ടപ്പെടുന്നു എന്നു തോന്നുന്ന അത്തരം പരീക്ഷണങ്ങൾ സാധാരണ മനുഷ്യർക്ക് ചിലപ്പോൾ അസാധാരണശക്തി നൽകും. അങ്ങനെയാണ് ധീരന്മാർ ജനിക്കുക. ആ അർത്ഥത്തിൽ വഹോമെ മുതാഹി ഒരു ‘ഹീറോ’ ആണ്. ന്യായോ ഹൗസിലെ ചോദ്യം ചെയ്യലുകൾക്കുശേഷം തിരിച്ചുവന്ന് ജീവിതത്തിന്റെ അടുക്കും ചിട്ടയും വീണ്ടെടുത്ത് “വിസ്പേഴ്സ്” കോളം ഡെയ്ലി നേഷനിൽ പുനരാരംഭിച്ച വഹോമെ മുതാഹി 2003 മാർച്ച് ഏഴിന് ഒരു ലഘുശസ്ത്രക്രിയയിൽ സംഭവിച്ച കൈപ്പിഴയിൽ മരിച്ചു. അതു സംബന്ധിച്ച കേസ് കുടുംബം ഇപ്പോഴും തുടരുന്നു.

ഇത്തരം ഭീകരയാഥാർത്ഥ്യങ്ങളായിരുന്നു കെന്യയിൽ നടന്നിരുന്നത്. തന്റെ സാമ്പത്തികശാസ്ത്ര വിദഗ്ദ്ധനും അന്തർദ്ദേശീയമായി അങ്ങേയറ്റം ബഹുമാന്യനുമായിരുന്ന ഡോ. റോബർട്ട് ഔക്കോ എന്ന പ്രതിഭാശാലിയെ പെട്രോൾ ഒഴിച്ച് ചുട്ടു കൊല്ലിച്ചത് ‘ഒന്നാമൻ’ ആണെന്നത് പരസ്യമായിരുന്നു. എതിർപ്പുകൾ കൂടി വന്നതോടെ മോയ് യുടെ അന്തസ്സാരശൂന്യത കൂടുതൽ വെളിവായിക്കൊണ്ടിരുന്നു.

ഡോ. റോബർട്ട് ഔക്കോ

ആഫ്രിക്കൻ ജനാധിപത്യമാതൃക എന്ന പേരിൽ ഗ്രാമസഭാ തെരഞ്ഞെടുപ്പുകളിൽനിന്ന് ബാലറ്റ് അപ്രത്യക്ഷമാക്കി. സ്ഥാനാർത്ഥികൾ നേരത്തേ റിട്ടേണിംഗ് ആഫീസർക്ക് പേരുകൾ നൽകണം. ഓരോ സ്ഥാനാർത്ഥിയെയും തുണയ്ക്കുന്നവർ അയാളുടെ പിന്നിൽ വന്ന് നിൽക്കണം. എണ്ണി കൂടുതൽ ആർക്കെന്ന് കണ്ടു കഴിയുമ്പോൾ തെരഞ്ഞെടുപ്പ് തീർന്നു. മിക്കവാറും ഇതു കേൾക്കുമ്പോൾ തന്നെ ഗ്രാമത്തിലുള്ള പകുതിപ്പേർ അടുത്ത ഗ്രാമത്തിലോ ‘ബുഷ്’ ലോ അഭയം പ്രാപിക്കും. മോയ് യുടെ ലോക്കൽ ശിങ്കിടികൾ ആരെ തീരുമാനിച്ചുവോ അവരുടെ പിന്നിൽ പത്തുപതിനഞ്ചു പേരെ അണിനിരത്തി ‘നേഷൻ’, ‘സ്റ്റാൻഡാർഡ്’, ‘കെന്യ ടൈംസ്’ ഇത്യാദി പത്രങ്ങൾക്കു വേണ്ടി ചിത്രങ്ങളും എടുക്കാൻ സഹായിക്കും.
“ആഫ്രിക്കൻ ജനാധിപത്യവ്യവസ്ഥ കണ്ടു പഠിക്കട്ടെ, നമ്മെ അടിമക്കമ്പോളങ്ങളിൽ വിറ്റ് ധനികരായ പാശ്ചാത്യരാജ്യങ്ങൾ, നോക്ക്, നമ്മുടെ ജനങ്ങൾ എത്ര അന്തസ്സായി, എത്ര നിർഭയമായി തങ്ങൾ പിന്തുണയ്ക്കുന്ന സ്ഥാനാർത്ഥിക്കു പിന്നിൽ അണിനിരക്കുന്നു. ഇതുപോലെ വെള്ളക്കാരനു ചെയ്യാൻ കഴിയുമോ? മുയിണ്ടികൾക്ക് (ഇന്ത്യക്കാർക്ക്) ചെയ്യാൻ പറ്റുമോ? ഇല്ല. എന്തുകൊണ്ട്? അതിൽ ചില രഹസ്യങ്ങളുണ്ട്. അതെല്ലാം അടുത്തമാസം ഗവർമെന്റ് പ്രസിദ്ധീകരിക്കുന്ന, ഞാൻ എഴുതിയ ‘ഇനിഷിയേഷൻ റ്റു ന്യായോ ഫിലോസഫി’ എന്ന മഹാഗ്രന്ഥത്തിലുണ്ട്. എല്ലാ സ്കൂളുകളിലും കോപ്പികൾ കിട്ടും….”
ഇങ്ങനെ നീണ്ടുപോകും പാറപ്പുറത്ത് ചിരട്ട ഉരയ്ക്കും പോലുള്ള ശബ്ദം.

നിത്യജീവിതത്തിന്റെ വറുതികളിൽനിന്ന് ജനശ്രദ്ധ വഴിമാറ്റിയെടുക്കാൻ കെന്യ പോലെ ഒരു ചെറിയ രാജ്യത്ത് വളരെ എളുപ്പമാണ്. അതിന് ബീജവാപം നടത്തുന്നത് ശക്തമായ മാദ്ധ്യമങ്ങളായിരിക്കും. അത്തരമൊരു പ്രശ്നം 1986- ’87 കാലത്ത് കെന്യയിൽ അവരുണ്ടാക്കി. എസ്.എം. ഒറ്റ്യേനോ എന്ന പ്രശസ്ത ക്രിമിനൽ വക്കീൽ മരിക്കും മുൻപ് ഇങ്ങനെ എഴുതി വച്ചിരുന്നു: എന്റെ മരണശേഷം എന്റെ ശരീരം നയ്റോബിയിലെ ‘ങ്ഗോങ് ഹിൽസ്’-ലുള്ള എന്റെ ഫാമിൽ വേണം മറവു ചെയ്യാൻ; ക്രിസ്ത്യൻ മതാനുഷ്ഠാനങ്ങളോടെ. യാതൊരു കാരണവശാലും എന്റെ ജന്മദേശമായ ന്യമില (Nyamila) യിലേക്ക് കൊണ്ടു പോകാനോ അവിടെ എന്റെ ജന്മഗോത്രമായ ലുവോകളുടെ ആചാരാനുഷ്ഠാനങ്ങളോടെ മറവു ചെയ്യാനോ പാടില്ല. ഇതു സംബന്ധിച്ചുള്ള എല്ലാവിധ നടത്തിപ്പുകളും എന്റെ ഭാര്യ വാംബുയി വൈയാകിയുടെ മേൽനോട്ടത്തിൽ നടത്തേണ്ടതാണ്.

എസ്.എം. ഒറ്റ്യേനോ

ഒറ്റ്യേനോ വളരെ പ്രശസ്തനായ അഭിഭാഷകനായിരുന്നു. അദ്ദേഹം നിയമബിരുദമെടുത്തത് ബോംബേ യൂണിവേഴ്സിറ്റിയിൽ നിന്നാണ്. തികച്ചും നാഗരികമെന്ന് വിളിക്കാവുന്ന ജീവിതശൈലി പിൻ തുടർന്നവരാണ് ഒറ്റ്യേനോ ദമ്പതിമാർ. വാംബുയിയിൽ ഒറ്റ്യേനോയ്ക്ക് ഒരു കുട്ടിയേ ഉണ്ടായുള്ളു.
അതേസമയം അവളുടെ ആദ്യ വിവാഹത്തിൽ അവൾക്കു ജനിച്ച നാല് കുട്ടികളേ കൂടി തന്റെ സ്വന്തം മക്കളായി സ്വീകരിക്കാൻ ഒറ്റ്യേനോ സംശയിച്ചില്ല. കൂടാതെ, മരിച്ചുപോയ തന്റെ ഒരു ഉറ്റ സ്നേഹിതന്റെ ആറു കുട്ടികളെക്കൂടി അദ്ദേഹം ഔദ്യോഗികമായി ദത്തെടുത്തു. തന്റെ പതിനൊന്ന് മക്കളും നല്ല വിദ്യാഭ്യാസം നേടണം എന്ന് ഒറ്റ്യേനോയ്ക്ക് നിർബ്ബന്ധമായിരുന്നു. അവരിൽ ഒരാൾ പോലും പാഴായിപ്പോയില്ല. അദ്ദേഹം മരിക്കുന്ന ഘട്ടത്തിൽ അവരിൽ ചിലർ വിദ്യാഭ്യാസം പൂർത്തിയാക്കി ഉയർന്ന ഉദ്യോഗങ്ങളിൽ പ്രവേശിച്ചു കഴിഞ്ഞിരുന്നു. എല്ലാ മക്കളും അമേരിക്കൻ സർവകലാശാലകളിലാണ് പഠിച്ചത്.

ഇത്രയും വിശദമായി ഇതിവിടെ പറയാൻ കാരണം, ഇദ്ദേഹത്തിന്റെ മരണവും ശവസംസ്കാരവും അനേക മാസങ്ങൾ നീണ്ടുനിന്ന നിയമയുദ്ധത്തിലേക്ക് വഴിതെളിച്ചു എന്ന സത്യം അറിയിക്കാ‍ൻ കൂടിയാണ്. 154 ദിവസം ആ നല്ല മനുഷ്യന്റെ മൃതദേഹം വച്ച് ഗോത്രം വാംബുയിയുമായി പടവെട്ടി. അക്കാലത്തെ കെന്യൻ നിയമം, മരിച്ചുപോയ ആൾ സ്വന്തം ശവസംസ്കാരം സംബന്ധിച്ച് എന്തെല്ലാം വിൽ‌പ്പത്രത്തിൽ എഴുതിയാലും ഗോത്രം എതിർത്താൽ അത് നിരാകരിക്കപ്പെടാം എന്ന വിധത്തിലായിരുന്നു രൂപപ്പെടുത്തിയിരുന്നത്.

കെന്യയിൽ പട്ടിണിയും എയ്ഡ്സും മരണം വിതച്ച് താണ്ഡവമാടുന്ന കാലത്താണ് ഇത്തരമൊരു പ്രശ്നത്തിലേക്ക് രാഷ്ട്രത്തെ ആകമാനം വലിച്ചിഴച്ചതെന്ന് ഓർമിക്കണം. പത്രമാസികകളും വോയ്സ് ഓഫ് കെന്യ എന്ന ഗവൺമെന്റ് നിയന്ത്രിത റേഡിയോ, ടെലിവിഷൻ ചാനലും ഈ വിഷയത്തെപ്പറ്റി വിവിധ ഗോത്രത്തലവന്മാരുമായി അഭിമുഖങ്ങളും മറ്റും സംഘടിപ്പിച്ചു. സാധാരണ കെന്യന്മാർ ഇക്കാര്യത്തിലും ചേരിതിരിഞ്ഞ് പരസ്പരം നിഗ്രഹിക്കാൻ തറ്റുടുത്തു നിന്നു. 155-മത്തെ ദിവസം കോടതി വിധിച്ചു; ഒറ്റ്യേനോയുടെ മൃതശരീരം അയാളുടെ കുടുംബവും ഗോത്രത്തലവന്മാരും തീരുമാനിക്കും പോലെ അയാളുടെ ഗ്രാമത്തിൽ തന്നെ നടത്തണം. അങ്ങനെ ആ നാടകത്തിനു തിരശ്ശീല വീണു.

മൊംബാസ, കെന്യ

കെന്യയിൽ വർദ്ധിച്ചു വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണം മലയാളികളായ അദ്ധ്യാപകരിൽ അപൂർവം ചിലർ മറ്റു രാജ്യങ്ങളിലേക്ക് അവസരങ്ങൾ തേടി യാത്രയായിത്തുടങ്ങി എന്ന് ഞങ്ങളും കേട്ടു. ഞങ്ങൾ പക്ഷേ ആ സമയത്ത് എങ്ങോട്ടും മാറാനുള്ള തയാറെടുപ്പിലല്ലായിരുന്നു. തീരെ നിവൃത്തിയില്ലാതായാൽമതി, ഇനി ഒരു പരീക്ഷണം എന്നായിരുന്നു ഞങ്ങളുടെ തീരുമാനം.

കെന്യയിൽ തന്നെയുള്ള നയ്റോബി, മൊംബാസ ഭാഗത്തുള്ള, വലിയ ശമ്പളം ഓഫർ ചെയ്യുന്ന ചില സ്കൂളുകളിലേക്ക് ഞങ്ങൾ അപേക്ഷ അയയ്ക്കുകയും അവയിൽ മിക്കവാറും എല്ലാറ്റിനും പ്രോത്സാഹജനകമായ മറുപടികൾ ലഭിക്കുകയും ചെയ്തുകൊണ്ടിരുന്നു. എന്നാലും റാവൽ ഞങ്ങൾക്ക് ചെയ്തുതന്നിട്ടുള്ള സൗകര്യങ്ങളും റാവലിന് ഞങ്ങളോടുള്ള കരുതലും (caring എന്ന അർത്ഥത്തിൽ) കണക്കിലെടുക്കുമ്പോൾ “ഞങ്ങൾ വേറെ ജോലി കിട്ടി പോകുകയാണ്” എന്നു പറയാനുള്ള സങ്കോചം ഞങ്ങളെ പിടിച്ചുനിർത്തി.

ആ വർഷാവസാനം ഡൊമിനിക് സർ തിരികെ ഇന്ത്യക്ക് പോരുകയായിരുന്നു. അത് ഞങ്ങൾക്ക് വലിയ പ്രഹരമായിരുന്നു. ഞങ്ങളുടെ മകൾ കുറച്ചു ദിവസം ഖിന്നയായി ഇരുന്നു. അതു കഴിഞ്ഞ് അവൾ സ്വന്തം കളികളിലും മറ്റും മുഴുകി, മെല്ലെ അതെല്ലാം മറന്നു എന്ന് തോന്നി. പിന്നെയും വന്നു, ഒരു ഡിസംബർ. ഞങ്ങൾക്കു ചുറ്റുമുള്ള ശബ്ദത്തിന്റെ കോട്ടകൾ മെല്ലെ മെല്ലെ നിശ്ശബ്ദമായിത്തുടങ്ങി. കുറച്ചു ദിവസം കൂടി കഴിയുമ്പോൾ അവസാനത്തെ കുട്ടിയും പടിയിറങ്ങും. ഡിസംബറിന്റെ തെളിഞ്ഞ ആകാശത്തിനുതാഴെ ഞങ്ങളുടെ വീടിന്റെ മുന്നിൽ നിന്ന് നോക്കിയാൽ മൌണ്ട് കെന്യ ഒരു പോസ്റ്റ് കാർഡിൽ എന്നോണം തെളിഞ്ഞു കാ‍ണാം. ഉള്ളം തണുപ്പിക്കുന്ന ഒരു ദൃശ്യമാണത്. മൗണ്ട് കെന്യയുടെ തലപ്പത്തുള്ള മഞ്ഞു മൂടിയ ശിഖരങ്ങൾ. തീർച്ചയായും ഒരു നിഗൂഢതയുടെ പർവതം തന്നെയാണ് മൌണ്ട് കെന്യ. കിക്കുയു ഗോത്ര സങ്കല്പത്തിലെ ദൈവത്തിന്റെ ആവാസസ്ഥലം. “കെരെ ന്യാഗ” ലോപിച്ചാണത്രെ കെന്യ ആയത്. “കെരെ ന്യാഗ“ എന്നാൽ വെണ്മയുടെ/ വെളിച്ചത്തിന്റെ പർവതം എന്നാണ് അർത്ഥം. കിക്കുയു ദൈവമായ ങ്ഗായ് വസിക്കുന്നത് കെരെ ന്യാഗയിലാണ് എന്ന് കിക്കുയുക്കൾ വിശ്വസിക്കുന്നു. കെന്യയിലെ 42 ഗോത്രങ്ങൾക്കും ഓരോ ജെനെസിസ് മിത്തുകളുണ്ട്. പലതും തമ്മിൽ നല്ല സാമ്യവുമുണ്ട്.

മൗണ്ട് കെന്യ

ഡിസംബർ കെന്യയിലെ ‘ഷോർട്ട് റെയ്ൻസ്’ കാലമാണെങ്കിലും ആ വർഷം മഴ പൊതുവേ കുറവായിരുന്നു. അവധിക്കാലം ശരിക്കും തുടങ്ങിക്കഴിഞ്ഞാൽ ഞങ്ങൾക്ക് പകലും രാത്രിയും മാറിമാറി വരുന്ന സെക്യൂരിറ്റി ഉദ്യോഗസ്ഥരാണ് കാവലും കൂട്ടും. ഞങ്ങൾ അവർക്ക് രാത്രി ഭക്ഷണം കൊടുത്തിരുന്നത് അവർ എത്ര സന്തോഷത്തോടെയും നന്ദിപ്രകടനങ്ങളോടെയുമാണ് വാങ്ങി കഴിച്ചിരുന്നത്. ചിലപ്പോൾ പകൽ മുഴുവൻ ഒരു പകുതി ബ്രെഡ്ഡിന്റെയോ ബോർഡിംഗ് മാസ്റ്റർ കനിഞ്ഞു നൽകുന്ന രണ്ടോ മൂന്നോ സ്പൂൺ ‘ഉഗാലി’യോ (ചോളപ്പൊടി കൊണ്ടുള്ള ഉപ്പുമാവ്) വല്ലപ്പോഴുമൊരിക്കൽ കിട്ടുന്ന ‘ഗിതേരി’യോ (വലിയ ബീൻസും ഉരുളക്കിഴങ്ങും ചേർത്ത സൂപ്പ്) ആയിരിക്കാം അവരുടെ ആഹാരം. റാവൽ നൽകുന്ന പണം കൊണ്ട് അവർക്ക് ഒരു മാസമൊന്നും സുഭിക്ഷമായി കഴിയാനാവില്ല. തീരെ നിവൃത്തിയില്ലാത്തപ്പോഴേ കെന്യന്മാർ പച്ചക്കറികൾ കഴിക്കൂ. കെന്യയിൽ പരക്കെ വളരുന്ന ഒരു പച്ചക്കറി “സുക്കുമാ വീക്കി” എന്ന സ്പിനാച്ച് പോലെയിരിക്കുന്ന ഒരു ഇലയാണ്. ആദ്യം കഴിക്കുമ്പോൾ അല്പം കയ്പ് കൂടുതലാണെന്ന് തോന്നും. (കള്ളുഷാപ്പിലെ ഗന്ധം പോലെ, അതും അല്പം കഴിയുമ്പോൾ കല്യാണസൗഗന്ധികമാവും!)

‘സുക്കുമാ’ എന്നാൽ അർത്ഥം പുഷ്- തള്ളുക- എന്നാണ്. ‘വീക്കി’ എന്നാൽ വീക്- ഒരാഴ്ച. ‘സുക്കുമാ വീക്കി’ എന്നാൽ ‘പുഷ് എ വീക്’. സാധാരണക്കാരിൽ സാധാരണക്കാരുടെ ഭക്ഷണത്തിലെ അറ്റകൈ പ്രയോഗം ആണെന്നിരിക്കിലും, ‘സുക്കുമാ വീക്കി’യിൽ സ്പിനാചിലുള്ളതിനേക്കാൾ എത്രയോ മടങ്ങ് അയൺ (iron) ഉണ്ടെന്നാണ് അറിവുള്ളവർ പറഞ്ഞു കേട്ടിട്ടുള്ളത്. ആ പച്ചക്കറിയോടുള്ള പ്രണയം മൂത്ത് പല കൃഷിപ്രണയികളും അത് നാട്ടിൽ കൊണ്ടുവന്ന് നട്ടുവളർത്താൻ ശ്രമിച്ച് പരാജയപ്പെട്ടതായി കേട്ടിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലുള്ള കാലത്ത് അവിടെയുള്ള കെന്യൻ (ഇന്ത്യൻ) ഡയാസ്പറ ഒത്തുകൂടുന്ന വേളകളിൽ ചിലയിടങ്ങളിൽ സുക്കുമാ നന്നായി തഴച്ചുവളരുന്നുണ്ട് എന്നൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്. അരിഷ്ടിച്ചു ജീവിക്കേണ്ട ഒരു രാജ്യമായിരുന്നില്ല ദക്ഷിണാഫ്രിക്ക. എന്നാലും…

കെന്യന്‍ വിഭവമായ ഉഗാലി ‘സുക്കുമാ വീക്കി’ യും

അങ്ങനെ അവധിക്കാലത്ത് ബ്രിട്ടിഷ് കൗൺസിൽ ലക്ഷ്യമാക്കി ഞങ്ങൾ മൂവരും ആഴ്ച്ചയിൽ രണ്ടു പ്രാവശ്യമെങ്കിലും പോയിരുന്നു. അന്നൊക്കെ വായനയ്ക്ക് സ്പീഡുണ്ട് എന്ന് കൂട്ടിക്കോളൂ. ബ്രിട്ടീഷ് കൗൺസിലിലെ ‘സത്കാർ’ അല്ലെങ്കിൽ ‘അംബാസ്സാഡൂർ’ റെസ്റ്റോറന്റിൽനിന്ന് ഭക്ഷണം കഴിക്കുക, അത്യാവശ്യം വേണ്ട സാധനങൾ ഇബ്രാഹിംസ് അല്ലെങ്കിൽ ഉച്ചുമി സൂപ്പർ മാർക്കറ്റുകളിൽനിന്ന് വാങ്ങുക, ഇരുട്ടു വീഴും മുൻപ് കൂടണയുക. ഇതായിരുന്നു പതിവ്. ഞങ്ങൾക്ക് സ്വന്തമായി ടി.വി ഉണ്ടായിരുന്നില്ല. അതുകൊണ്ടുണ്ടായ ഒരു വലിയ ഗുണം, ഞങ്ങളറിയാതെ തന്നെ ഞങ്ങളുടെ മകൾ വായനയിൽ ആർത്തിപിടിച്ച് വളർന്നു. അവളുടെ പുസ്തകങ്ങളുടെ തെരഞ്ഞെടുപ്പിനെപ്പറ്റി ഞങ്ങൾ ഒട്ടും ആശങ്കപ്പെട്ടില്ല. ഈ പതിവ് സ്വച്ഛന്ദമായി തുടർന്നു വരികേ, ഡിസംബർ 30-നാണെന്ന് തോന്നുന്നു, ഞങ്ങൾ ഉണരുമ്പോൾ കാവൽക്കാരൻ വന്നു പറയുന്നു, ‘ബ്വാനാ കൂബ്വാ ഹാർട്ട്, ഹാർട്ട്’. വലിയ യജമാനന് ഹാർട്ടിനെന്തോ സംഭവിച്ചു എന്നു മാത്രം മനസ്സിലായി. അന്വേഷിക്കാനാണെങ്കിൽ ആരും ഇല്ല.

ഉഗാലിയും

ഞങ്ങളുടെ അടുത്തു താമസിച്ചിരുന്ന പുതിയ ഒരു ‘റെക്രൂട്ട്’ (ഗുജറാത്തി തന്നെ. ഇംഗ്ലീഷ് ഒട്ടും അറിയില്ല. ബി കോം കാരനാണ്.) ഉണ്ട്. അയാളെ വിളിച്ചുണർത്തി അന്വേഷിച്ചു. കഠിനമായ നെഞ്ചു വേദനയും തളർച്ചയും തോന്നിയ റാവലിനെ ഡോക്ടർ എത്തി നയ്റോബി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. അവധിക്കാലം കഴിയാൻ അധിക ദിവസങ്ങളില്ലായിരുന്നു. വേറെ ഒരു വിവരവും ഒരിടത്തുനിന്നും കിട്ടാൻ വഴിയില്ല. പുതുവത്സരത്തിന് മാത്യൂസ് ഞങ്ങളെ വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. എന്തുതന്നെയായാലും പോയി വരാം എന്ന് തീരുമാനിച്ചു. ഡിസംബർ 31ന് ഞങ്ങൾ മാത്യൂസിന്റെ വീട്ടിലേക്ക് യാത്രയായി.

കുടുംബം വിവരങ്ങൾ പുറത്തു വിടാത്തതിനാലാവാം, റാവലിനെപ്പറ്റി അപ്പോഴും ഞങ്ങൾക്ക് യാതൊരറിവുമുണ്ടായിരുന്നില്ല.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments