പ്രിയപ്പെട്ട കുഞ്ഞിക്കാ,
ഇത് ആ അഭിമുഖമാണ്...
താങ്കൾ പലകുറി ആവശ്യപ്പെട്ടിട്ടും ഞാൻ എഴുതി ഒരിക്കലും ആർക്കും കൊടുക്കാത്ത,
ഒരിക്കലും ഒരിക്കലും എനിക്കിനി പൂർണമാക്കാൻ ധൈര്യമില്ലാത്ത,
നമ്മുടെ ആ വിവാദ ഇൻറർവ്യൂ...
എനിക്ക് ഒരിക്കലും തിരുത്താനാകാത്തതിനാലും നിങ്ങളുടെ സാക്ഷ്യമില്ലാത്തതിനാലും അതിരഹസ്യങ്ങൾ ഞാനിതിൽ നിന്ന്ഒഴിവാക്കിയിരിക്കുന്നു. എനിക്ക് താങ്കളുടെ അത്ര ധൈര്യം പോരാ എന്നറിയാമല്ലോ. ഒരാളുടെ പോലും പേരുകൾ നേരിട്ട് ഉപയോഗിച്ചിട്ടുമില്ല.
ചോദ്യങ്ങൾ
ആയിരം പ്രണയകഥകളുടെ ആത്മീയ രാജകുമാരൻ ആര്?
ആയിരം കാമുകിമാരുടെ ഒരേ ഒരു കാമുകൻ ആര്?
എഴുത്തിലും പ്രേമത്തിലും ഒരുപോലെ പുകൾപെറ്റ സത്യസന്ധനായ മനുഷ്യൻ ആര്?
കേരള ഓഷോ എന്നറിയപ്പെടുന്ന എഴുത്തുകാരൻ ആര്?
"പുനത്തിൽ കുഞ്ഞബ്ദുള്ള'
""അല്ല, കുഞ്ഞിക്കാ, അങ്ങനെയല്ലെ നമ്മുടെ അഭിമുഖം തുടങ്ങേണ്ടത്?''
ആയിരം പ്രണയകഥകളുടെ ആത്മീയ രാജകുമാരൻ
ഒറ്റ ഉത്തരമേ മലയാളത്തിന്, സാഹിത്യത്തിന്, പറയാനുള്ളു. കുഞ്ഞിക്ക...
പുനത്തിൽ കുഞ്ഞബ്ദുള്ള എന്ന ഏകാകിയായ, ധീരനായ മനുഷ്യൻ. ഇന്റലക്ച്വൽ ഹോണെസ്റ്റി എന്തെന്ന് ലോകത്തോട് വിളിച്ചുപറഞ്ഞ മനുഷ്യൻ. സ്വയം നന്മ നടിച്ച് പിൻവാതിലിലൂടെ തിന്മ ചെയ്തവരെ പുച്ഛിച്ച മനുഷ്യൻ. കപട സദാചാരമാർഗികളെ പരിഹസിക്കുകയും കളിയാക്കുകയും ചെയ്ത മനുഷ്യൻ. കാമുകിമാർക്കൊപ്പം തലയുയർത്തി ഗർവ്വോടെ നടക്കുകയും അവർ അനുവദിച്ചാൽ എന്റെ പുതിയ കാമുകിയെന്ന് പരസ്യപ്പെടുത്തുകയും ചെയ്ത ഒരേ ഒരു എഴുത്തുകാരൻ.
അദ്ദേഹം ലോകത്തെ ശ്രദ്ധിച്ചില്ല. അദ്ദേഹം സമൂഹത്തെ കൂസിയില്ല.
അദ്ദേഹം കുടുംബവ്യവസ്ഥയേയോ വ്യവസ്ഥാപിത സാംസ്‌കാരിക മനുഷ്യനേയോ പറ്റി ചിന്തിക്ക പോലും ചെയ്തില്ല.
മനുഷ്യനെന്നാൽ മൃഗത്തിലും താണ ഒരുത്തൻ എന്ന് എപ്പോഴും വിളിച്ചു പറഞ്ഞു. മദ്യമെന്നത് എന്റെ പ്രിയഭക്ഷണമാണെന്നും രതിയെന്നത് എന്റെ കലയാണെന്നും ഉറക്കെ വിളിച്ചു പറഞ്ഞു. കലാപകാരിയായി. ലോകത്തിന്റെ മുഴുവൻ അത്ഭുതക്കണ്ണിലെ കാഴ്ചയായി. കാപട്യക്കാരുടെ മുഖത്ത് നോക്കി അവരുടെ കള്ളത്തരത്തെ അക്കമിട്ട് നിരത്തിയ ജീവിതത്തെ നർമ്മമായും തമാശയായും മാത്രം കണ്ട ഒരു നിർമ്മനായി തന്റെ ജീവിതം തന്റേടത്തോടെ ജീവിച്ചുതീർത്തു.
എന്റെ ജീവിതത്തിൽ ഞാനെപ്പോഴൊക്കെ കുഞ്ഞിക്കയെ കണ്ടുവോ, അപ്പോഴൊക്കെ ഞാൻ ഓരോ സ്ത്രീകളെയും കണ്ടു. കുഞ്ഞിക്കയുടെ ഏതാണ്ട് 34 കാമുകിമാരെ എനിക്ക് നേരിട്ടറിയാമായിരുന്നു. ബാക്കി പലരെക്കുറിച്ചും കഥകൾ കേട്ടിരുന്നു. എന്റെ കാമുകിമാർ എന്ന പരമ്പര ഇടയ്ക്ക് വെച്ച് നിർത്തിയില്ലെങ്കിൽ 300 എപ്പിസോഡുണ്ടാകുമായിരുന്നില്ലേ എന്ന് എഴുത്തുകാർ അന്തിച്ചു. ആണുങ്ങൾ കൊതിക്കെറുവു പൂണ്ടു. പെണ്ണുങ്ങളമ്പരന്ന് മൂക്കത്ത് വിരൽ ചേർത്തു.
കുഞ്ഞിക്കയുടെ കാമുകിമാരെ ഞങ്ങളുടെ അടുത്ത് കൊണ്ടുവന്ന്പരിചയപ്പെടുത്താറുണ്ടായിരുന്നു. ഞാൻ ചെയ്യേണ്ടുന്ന അദ്ദേഹത്തിന്റെ ഉദ്വേഗ ജനകമായ അഭിമുഖത്തിലെ ഓരോ കഥാപാത്രങ്ങളായിരുന്നു അവരെല്ലാം. ചിലർ എന്നെയും ഭർത്താവിനെയും പരിചയപ്പെടാൻ മടിച്ചു. അവരുടെ ഭർത്താക്കന്മാരെയും വീട്ടുകാരെയും ഞങ്ങൾക്കറിയാമായിരുന്നത് കൊണ്ടാവാം. ചിലർ ഓടി വന്ന് അഭിമാനത്തോടെ സ്വയം പരിചയപ്പെടുത്തി. കൂടുതൽ ഹൃദയ ബന്ധമുള്ളവരെ കുഞ്ഞിക്ക തന്നെ പരിചയപ്പെടുത്തി.
കാമുകിമാർ കാമുകിമാർ കാമുകിമാർ
എങ്കേയും എപ്പോതും കാമുകിമാർ.
എഴുതിയ ഓരോ വാക്കുപോലെയും ജീവിതത്തിലെ ഓരോ പെണ്ണുങ്ങൾ.
അവരോരുത്തരോടും കുഞ്ഞിക്കയ്ക്കുള്ളത് അപാരമായ സ്‌നേഹവും ആദരവുമായിരുന്നു. ഉന്നത കുലജാതരും ഉന്നത ജോലിയിലുള്ളവരും സുന്ദരിമാരും കറുമ്പികളും വെളുമ്പികളും തട്ടിപ്പുകാരികളും നിസ്വാർത്ഥകളും ഉള്ള അതേ ലിസ്റ്റിൽ തയ്യൽ തൊഴിൽ ചെയ്യുന്നവളും പൂ വിൽക്കുന്നവളും നഴ്സുമാരും കൂലിപ്പണിക്കാരത്തികളും ഡോക്ടർമാരും രോഗികളുമുണ്ടായിരുന്നു. വീട്ടമ്മമാരും വിധവകളുമുണ്ടായിരുന്നു. വിദേശികളും സ്വദേശികളും ഉണ്ടായിരുന്നു...
""മോളെ ഒറ്റക്കാര്യമേയുള്ളു'' , ‘സീ ക്യൂനി’ലെ മട്ടുപ്പാവിലിരുന്ന് ഏതോ പേരറിയാത്ത മദ്യം കുടിച്ച് കുഞ്ഞിക്ക വാചാലനായി.
ആദ്യത്തെ ദിവസമൊഴിച്ച് മറ്റൊരിക്കലും കുഞ്ഞിക്ക അമിതമായി കുടിച്ചതായ് ഞാനോർക്കുന്നില്ല.
വളരെ കുറച്ച് മദ്യം ചില്ലിന്റെ വൃത്തിത്തിളക്കം പരിശോധിച്ച ഗ്ലാസ്സിലൊഴിച്ച് സാമൂഹിക മദ്യപാനിയുടെ സകല അന്തസ്സോടെയും ഗ്ലാസ്സിൽ താളമിട്ടു.
വിരലുകളിൽ മനോഹരമായ മോതിരങ്ങൾ. പെണ്ണുങ്ങളുടെ പ്രേമചിഹ്നങ്ങൾ.
""നമ്മൾ നമ്മുടെ കാമുകിമാരെ വെറുതെ സ്‌നേഹിച്ചാൽ പോരാ. അവരെ ബഹുമാനിക്കണം. അവരുടെ ഉള്ളിൽ നാം നിറയ്ക്കുന്ന ആ ഹൃദയപൂർവ്വമായ ആദരവ് അവളെ ഭയങ്കര സുന്ദരിയാക്കും. അവൾക്ക് ആത്മവിശ്വാസം നൽകും''
അദ്ദേഹം ഗ്ലാസ്സ് നിലത്തു വെച്ച് രൂപേഷിന്റെ മുഖത്ത് നോക്കി
""മനുഷ്യരൊക്കെ പാവങ്ങളാണ്. ഏകാകികളാണ്. നമ്മള് സ്‌നേഹിക്കേ വേണ്ടൂ, അവര് ചാഞ്ഞുവരും. പക്ഷെ അവരുടെ സ്വകാര്യത, അത് നമ്മള്മാനിക്കണം. അവരെ ഒരു വാക്കു കൊണ്ടുപോലും അപമാനിക്കരുത്. Respect them... രൂപേഷ് പഠിച്ചോട്ടോ'' ഗ്ലാസ് വീണ്ടും കയ്യിലെടുത്ത് കുഞ്ഞിക്ക പൊട്ടിച്ചിരിച്ചു.
കടൽക്കാറ്റ് ഒഴുകി വന്നു. പാശ്ചാത്യമായ സംഗീതം വലിയ ചില്ലു ജനാലകളിൽ ശീതീകരണി ഈറൻ ചുരന്നു. മട്ടുപ്പാവിലെ അലങ്കാരച്ചെടിപ്പച്ച ഉച്ചച്ചൂടിൽ തിളങ്ങി. മുന്നിലെ ടേബിളിലിരുന്ന മോണിങ്ങ് ഗ്ലോറികളിൽ അദ്ദേഹം വിരൽതൊട്ടു.
""സ്ത്രീകൾ പൂവുകളെപ്പൊലെയാണ് മോളെ. വളരെ മൃദുവായി അച്ചടക്കത്തോടെ കൈകാര്യം ചെയ്യണം. ഇല്ലെങ്കിൽ കഷ്ടമാവും... ഇതള് പോലെയാണ് ഓരോരുത്തരും. ഒരു വാക്ക്, ഒരു നോക്ക്, ഒരു അശ്രദ്ധ അത് മതി. അവരടർന്നടർന്നു പോകും. പിന്നെ നേരെയാക്കാൻ കഴിയില്ല.''
സ്ത്രീവിരുദ്ധമായതെന്നു തോന്നുന്ന ഒന്നു രണ്ട് കാര്യങ്ങൾ കൂടി അദ്ദേഹം അതിനൊപ്പം പറഞ്ഞു.
""ഓഹ് ഭീകരം. എന്തിനാണ് നൈസ്സിൽ പെണ്ണുങ്ങളെ ചരക്കാക്കണത്, വേറൊന്നായിട്ട് കാണാനാവില്ലെ?’’ ഞാൻ ക്ഷുഭിതയായി.
""അയ്യയ്യോ ഇന്ദുക്കുട്ടി തെറ്റിദ്ധരിച്ചു... ഒരിക്കലും അങ്ങനല്ല. ഞാൻ പറഞ്ഞില്ലെ ? എനിക്ക് ബഹുമാനം മാത്രമെയുള്ളു. ഓരോ പെണ്ണും എന്നെ സ്വീകരിക്കണമെന്ന ആഗ്രഹമേ ഉള്ളു. നോക്ക് മോളെ. എന്റെ ജീവിതത്തിൽ ഞാൻ അസംഖ്യം പേരൊടൊപ്പം കഴിഞ്ഞിട്ടുണ്ട്. കുഞ്ഞബ്ദുള്ള ആരെയെങ്കിലും കേറി പിടിച്ചെന്നോ അനുമതിയില്ലാതെ സ്പർശിച്ചെന്നോ നോക്കിയെന്നോ നിനക്ക് കാണിക്കാനാകില്ല. ഇവടെയുള്ള എഴുത്തുകാരെ നീ നോക്ക്. എയെ നോക്ക്, ബിയെ നോക്ക് , സിയെ നോക്ക്. കേറിപ്പിടിച്ചത്. പറ്റിച്ചത്. വാക്ക് നൽകി ചതിച്ചത്. രോഗം വന്നപ്പോൾ ഉപേക്ഷിച്ചത്. ചായക്ക് ചൂറ്റു കുറഞ്ഞപ്പോ തള്ളിയിട്ട് കയ്യെല്ലൊടിച്ചത്. പക്ഷെ ഞാനങ്ങനെ ചെയ്തിട്ടേ ഇല്ല. ഇഷ്ടമുള്ളവരെ ഞാനും പ്രേമിച്ചിട്ടുണ്ട്. എന്നെ മടക്കിയവരെ ഞാനും മടക്കിയിട്ടുണ്ട്. ആരുടെയും പുറകെ അങ്ങോട്ട് പോയില്ല. എല്ലാം എന്നെ തേടി വന്നതാണ്. അന്തസ്സുള്ളോനാണ് മോളെ ഞാൻ. ഒരു സ്ത്രീയെക്കുറിച്ച് മോശമായ കാര്യങ്ങൾ സംസാരിക്കില്ല. ഒരു സ്ത്രീയെക്കുറിച്ചും അപവാദങ്ങൾ പറയില്ല. ഇഷ്ടമില്ലാത്തവരെയോ എന്നെ നെഗേറ്റ് ചെയ്തവരെയോ മോശമായി നോക്കില്ല. കവികൾ പക്ഷെ അങ്ങനെയല്ല. സ്ത്രീവിഷയത്തിൽ അവശരല്ലവർ. ഹ ഹ ഹ''
കുഞ്ഞിക്ക രൂപേഷിനെ പോണ വഴിയ്ക്ക് തോണ്ടി.
‘‘സത്യല്ലെ മോളെ? നീ ഏതെങ്കിലും നോവലും കഥയുമൊക്കെ എഴുതുന്ന ആൾക്കാരെ പറ്റി കേട്ടിട്ടുണ്ടോ. പക്ഷെ കവികളെ സൂക്ഷിക്കണം..''
""കുടുംബത്തിൽ ച്ഛിദ്രം വിതക്കല്ലെ കുഞ്ഞിക്കാ'' , രൂപേഷ് തൊഴുതു.
""ഞാനെപ്പഴും സത്യം പറയും മോനെ?'' , വീണ്ടും തോണ്ടൽ തന്നെ.
എന്നെ നോക്കി കണ്ണിറുക്കുന്നു.
കുഞ്ഞിക്ക ചിരിച്ച് കവിളുകൾ ചോത്തു. മുഖം പ്രസന്നവും ഉന്മേഷകരവുമായും തന്നെ വെച്ചിരിക്കുന്നു.
വല്ലാത്ത ഇനം ജനുസ്സാണ് കുഞ്ഞിക്ക എന്ന് എല്ലാരും വിളിക്കുന്ന പുനത്തിൽ കുഞ്ഞബ്ദുള്ള. എഴുത്തിലെ തീവ്രവാദി. ജീവിതത്തിലെ സ്ത്രീവാദി. തന്റെ ജീവിതം വിളിച്ചു പറയുകയും അതു പോലെ അനുഭവിക്കയും അനുഭവിപ്പികയും ചെയ്ത ഒരാൾ.
ബി.ജെ.പ്പി.ക്കാരനായ പൊനത്തിൽ കുഞ്ഞദ്ദുള്ള നായർ
"കേരളാ ഓഷാ' - ഇടയ്ക്ക് ചില ഇന്റർവ്യൂകൾ കണ്ടപ്പോൾ നാട്ടുകാർ ആ പേര്ഏതാണ്ട് ഉറപ്പിച്ച് പറഞ്ഞു പോലും... ഞാൻ ചിരിച്ചു
""ഉഷാറല്ലെ കോയാ?''
""ഇജ്ജെന്തിനാണു മോളെ എനക്കാ പേരിട്ടത്? ഞാൻ ശരിക്കും പൊനത്തിൽ കുഞ്ഞദ്ദുള്ള നായരല്ലെ?''
""അതെനിക്ക് തോന്നീണ്ട്. ഇങ്ങളു ബി.ജെ.പ്പി.ക്കാരനല്ലെ? നായരു രക്തം അടിത്തട്ടിൽ കിടന്നു തിളയ്ക്കുന്നതു കൊണ്ടാണ്.'' , ഞാൻ തരത്തിനുതന്നെ കുത്തി
""സത്യാണ് മോളെ. വടെരെലു ഇപ്പൊഴും പുനത്തിൽ തറവാടുണ്ട്. നായമ്മാരാണ്. പണ്ടെന്നോ എന്റെ താവഴിക്കാര് മതം മാറിണ്ടാവു. ഇയ്യ് അന്റെ ഓഫീസ്സില് ഈ ജോലിയല്ലെ ചെയ്യുന്നത്? എന്റെ പൂർവികനായ ആ പുനത്തിലു നായരെ നീയ്യ് കണ്ട് പിടിച്ച് തരുമോ?''
ആയിടെ എനിക്ക് കിട്ടിയ എന്റെ ജോലിക്കു നേരെയാണു കൊട്ട്. ഞാൻ മുഖം ചുളിച്ചു.
""കണ്ണാടിയിൽ നോക്കിയാൽ മതി. കാണാലോ''
""ശരിക്കും?'' കുഞ്ഞിക്ക ശരിക്കും നിഷ്‌ക്കളങ്കമായാണ് ചോദിക്കുന്നത്. അതോ എന്നെ പറ്റിക്കുന്നതാണോ?
അദ്ദേഹത്തിന്റെ ഇടപെടലിലെ നർമവും തമാശയും കുറുമ്പുകളും നമ്മെ അത്ഭുതപ്പെടുത്തും. ഇടയ്ക്ക് ആത്മവിമർശം പോലെ തോന്നും. ഇടയ്ക്ക് നമ്മളെ കളിയാക്കുന്നതായി തോന്നും, യഥാർഥത്തിൽ ജാതിയുമില്ല മതവുമില്ല, മനുഷ്യനിൽ മാത്രം വിശ്വസിച്ചിരുന്ന കുഞ്ഞിക്ക. അദ്ദേഹം എന്തിന്ബി.ജെ.പിക്കാരനായി? അദ്ദേഹം എന്തിന് അവരോടൊപ്പം കൂടി? (അക്കാലത്തെ കാമുകി ബീജേപ്പിക്കാരിയെന്നും അവൾക്കുവേണ്ടിയാണതിൽ ചേർന്നതെന്നും പിൽക്കാലത്ത് അദ്ദേഹത്തിന്റെ ആത്മസുഹൃത്തുക്കൾ പറഞ്ഞു.) എന്നൊക്കെ ഞാൻ കലഹിച്ചു കൊണ്ടേ ഇരുന്നു.
എല്ലാം ചെറിയ ചിരിയോടെ കേട്ടുകൊണ്ട്, ഒട്ടും ക്ഷോഭിക്കാതെ മുമ്പിലിരുന്ന കടുക്ക പൊരിച്ചത് എന്റെ മുമ്പിലേയ്ക്ക് നീക്കി വെച്ചു.
""കയിക്ക്. നല്ലത്. കാൽഷ്യാണ്. ഈ എടക്കെടക്ക് ദേഷ്യം വരുന്നതെ അനാരോഗ്യം കൊണ്ടാ. കുഞ്ഞിക്കനെ നോക്ക്. കണ്ടാ''
ബൈസെപ്പ്‌സ് മസ്സിൽ ഒന്നു പെരുപ്പിച്ചു.
""ഞങ്ങളു വടകരക്കാരു ഡെയിലി കല്ലുമ്മക്കായ കഴിക്കും. കണ്ടോ. ഞാൻ ഇതിന്റെ സീസ്ണായാൽ നിത്യം കഴിക്കും
കുപ്പിഗ്ലാസ്സ് എടുത്ത് ഉയർത്തി. കാൽ അളവിൽ വിരൽ തൊട്ടു.
""ദാ ഇത്രയും. ഇത് നിത്യം കഴിച്ചാൽ ശക്തി വരും. ആരോഗ്യം വരും. ഒരു ആറേഴെണ്ണം. അത് നല്ലതാണ്''
വല്ലാത്ത പഹയൻ തന്നെ. ഒരേ സമയം സ്‌നേഹമയനായും ഒരേ സമയം തന്ത്രക്കാരനായും ഒരേ സമയം നിഷ്‌കളങ്കനായും പ്രത്യക്ഷമാകുന്ന മായാജാലതയുണ്ട് പുനത്തിലിന്റെ പെരുമാറ്റത്തിന്. എല്ലാ ദേഷ്യത്തെയും വെറുപ്പിനെയും തേച്ചുമായ്ക്കുന്ന എളിമയും സരസതയുമുണ്ട് പെരുമാറ്റത്തിൽ. പുനത്തിൽ തറവാട്ടിലെ മുന്തിയ നായർ കാരണവരായി മുറുക്കാനും മുറുക്കി ബഡായി വിടും. ആ ബഡായിയെ നമ്മൾ വായനക്കാർ ആർത്തിയോടെ വായിക്കും. കഥകളിലെ അത്ഭുതങ്ങൾ കണ്ട് അന്തിക്കും.
കുഞ്ഞിക്കയുടെ കുതിരപ്പെണ്ണ്
""നീ കുഞ്ഞബ്ദുള്ളയെ തീർച്ചയായും പരിചയപ്പെടണം''
ബേബിച്ചായൻ എന്നു വിളിക്കുന്ന കാക്കനാടനാണ് 1996 ൽ കുഞ്ഞിക്കയെ പരിചയപ്പെടണമെന്ന് പറയുന്നത്.
""കോഴിക്കോട്ടുകാരിയായിട്ട് പരിചയപ്പെടാതിരുന്നാൽ ശരിയാവില്ല.'' ഓരോ വെക്കേഷനും ബേബിച്ചായൻ ഓർമിപ്പിക്കും. ചോദിക്കും. ഇത്രമാത്രമെന്തെന്നു ഞാൻ സ്വയം ബോധ്യം വരാതെ നിൽക്കും.
""എന്താണ് ഹേ? ഒന്നു പരിചയപ്പെട്ടൂടെ? 2001 ലെ പി.ജി വെക്കേഷന് ബേബിച്ചായൻ വീണ്ടും ചോദിച്ചു.
""ഓഹ് ബി.ജെ.പ്പീ ചേർന്ന ആളാണ്. ആള് ഫുൾ നാട്യമാണെന്നു തോന്നുന്നു. ഈ എഴുത്തുകാർ എല്ലാം കണക്കാ. എനിക്ക് വേറെ പണിയില്ലെ?'' ഞാൻ പത്രവാർത്ത ചൂണ്ടിക്കാട്ടി.
""അതൊക്കെ അയാളുടെ ഓരോതരം ട്രിക്കുകളാണ്. നീ പരിചയപ്പെടണം''
അതും കഴിഞ്ഞ് ഒരു കൊല്ലമെടുത്തു പരിചയപ്പെടാൻ.
അപ്പൻ മാഷും കട്ടായമായിട്ട് തന്നെ പറഞ്ഞു: ""കാക്കനാടൻ പറയുന്നത് ശരിയാണ്, നാട്ടുകാർ പറയുന്ന കുഞ്ഞബ്ദുള്ള യഥാർത്ഥ കുഞ്ഞബ്ദുള്ളയല്ല. സ്‌നേഹവും സത്യവുമുള്ള ഒരെഴുത്തുകാരനാണദ്ദേഹം. മാന്ത്രികമായ ഭാഷയുണ്ട് അദ്ദേഹത്തിന്. നിനക്ക് ആ സൗഹൃദം ഗുണപ്രദമായിരിക്കും''
കാത്തിരുന്നു കാത്തിരുന്നു ആദ്യമായി കാണുമ്പോൾ കാല് നിലത്തുറയ്ക്കാത്ത മട്ടിൽ ‘അളകാപുരി’യുടെ പുൽത്തകിടിയിലാണ്. അരാജകത്വത്തിന്റെ മൂർത്തിയായ് നിൽക്കുകയാണ്. കളറുള്ള ബനിയനിട്ടിരിക്കുന്നു. മുടി സൽമാൻഖാനെപ്പോലെ അൽപം പുറകോട്ട് നീട്ടിയ സ്‌റ്റൈലാണ്. സ്വയം ഷാറൂഖാനെന്ന മട്ടിലാണ് നിൽപ്പ്. ചുണ്ടുകൾ അസാധാരണമാം വിധം ചോന്നും തടിച്ചുമാണ്. അധികം ഉയരമില്ല. ഇടത്തെ കാതിൽ ഡയമണ്ട് ധരിച്ചിട്ടുണ്ട്. അദ്ദേഹത്തേക്കാൾ ഉയരം കൂടിയ ഒരു പെണ്ണ് ഒപ്പമുണ്ട്.
അവളെ നോക്കുമ്പോൾ, അവൾ നോക്കുമ്പോൾ വസന്തകാലത്തെ ഫ്രഞ്ച് ബോഴ്ബൺ പനിനീർപ്പൂപോലെ പുഷ്പിക്കുന്നുണ്ട്. കവിൾത്തടം ചോക്കുന്നു. അവളാകട്ടെ ഒരു കട്ട ജിമ്മത്തി. സാധാരണയിൽ കവിഞ്ഞ ഉയരം. നന്നായി വ്യായാമം ചെയ്തുറച്ച ഒത്ത ഉടൽ. മുഴച്ച പേശികൾ. കുതിരയെപ്പോലെയാണു മൊത്തം ചേഷ്ടകൾ. നല്ല ആൺകുട്ടിച്ഛായയുമുണ്ട്.
കടന്നു വരുന്ന ആരും അവളെയൊന്നു ശ്രദ്ധിക്കും. കുതിരവാൽ മുടി ഉച്ചിയിൽ ഉയർത്തി വെച്ചിട്ടുണ്ട്. തട്ടം ഇടക്കിടെ കഴുത്തിൽ നിന്നുമെടുത്ത് തലയിലിടുന്നുണ്ട്.
മുസ്ലിം യുവതിയാണെന്ന് പക്ഷെ തോന്നുകയുമില്ല.
""എഴുത്തുകാരി മേനോൻ എന്താ കുതിരയെ കാണാത്തെ മാതിരി നോക്കുന്നത്?'' അദ്ദേഹം പൊടുന്നനെ ചോദിച്ചു.
ഞാൻ ഞെട്ടിപ്പോയി.
""എഹ് കുതിരയോ?''
""ആ കുതിര കുതിരാന്നു കേട്ടിട്ടില്ലെ?''
എന്റെ മനസ്സിൽ ഞാനാപ്പെൺകുട്ടിയെ കുതിരസ്ത്രീയെന്നു കരുതിയേ ഉള്ളു. മനസ്സു വായിക്കുന്ന മന്ത്രവാദവും കുഞ്ഞിക്കയ്ക്കറിയാം എന്ന് തോന്നി. ഞാനൊന്നും മറുപടി പറയാൻ പോയില്ല.
""എന്നെ സ്‌നേഹം മൂത്താൽ കുതിരക്കുഞ്ഞീ എന്നാണ്വിളിക്കുന്നത്'' ആ പെൺകുട്ടി വാചാലയായി
""പോട്ടെട്ടോ.. വാ കുഞ്ഞിക്കാ'' അവൾ കുഞ്ഞിക്കയുടെ കയ്യു പിടിച്ച് വലിച്ചു.
""വരാം.. അമ്മൂ'' കുഞ്ഞിക്ക ആ പെൺകുട്ടിയെ വിളിച്ച് തോളിൽ കയ്യിട്ട് പിടിയ്ക്കാൻ നോക്കി, ആടിക്കൊണ്ട് കൊഞ്ചി.
ആ പെൺകുട്ടി കുഞ്ഞിക്കയെ ചേർത്തു പിടിച്ചു.
‘അളകാപുരി’യിലെ കുടിലുകളിലൊന്നിലേയ്ക്ക് അവരിരുവരും നടന്നു. സദാചാരക്കാർ ചാരം തിളയ്ക്കും പോലെ പരസ്പരം നോക്കി.
കണ്ടില്ലെ ധൈര്യം? എന്ന മട്ടിൽ ചിലർ മൂളി.
കുഞ്ഞിക്കയും കാമുകിയും വളരെ സന്തോഷത്തോടെ അരക്കെട്ടിൽ കൈ ചുറ്റി കോട്ടേജിലേയ്ക്ക് കയറിപ്പോയി. ഒരു നിമിഷം പാർട്ടി സ്തബ്ധമായി. ആരും ഒന്നും പരസ്പരം പറഞ്ഞില്ല.
പിന്നീട് ആ സംഭവത്തെപ്പറ്റിപ്പറഞ്ഞ് എന്നെ കണക്കിനു പരിഹസിച്ചു.
""ഓളെ മൊഖം കാണണ്ട്യേനു രൂപേഷെ. ഓളെ വാപ്പെങ്ങാനും ഓളെ ചെങ്ങായ്ച്ചീനെം പിടിച്ച് പോയ മാതിരി. ഔ എന്നൊരു ഭാവം. അല്ലെ മോളെ''
""ഏയ് അത് അങ്ങനൊന്നുമല്ല. ആരെ കൂടെയാരുന്നു. ഞാൻ ഓർക്കുന്നില്ല''
""പൊള്ള് പറയണ്ട മോളെ.. അനക്ക് ഞാമ്പറഞ്ഞത് എല്ലാം മനസ്സിലായിട്ടുണ്ട്...''
ഞാൻ ഒരു ചിരിയിൽ തോൽവി സമ്മതിച്ചു.
പേരനും അപ്പൂപ്പനും ഒറ്റപ്പെണ്ണും
""നിനക്ക് ഒരു തമാശ പറഞ്ഞു തരാം... ഇന്റെ മോളെ വീട് ചേവായൂരില് ഗോൾഫ് ലിങ്ക് റോഡിലാണ്. ഇജി വന്നില്ലെ?''
""മ്മ്ഹ്‌മ്'' ഞാൻ തലയാട്ടി
""എടയ്ക്ക് ഞാനവടെ പോകുമ്പോ ഒന്നു രണ്ട് പെങ്കുട്ട്യിയളെ ലാൻഡ് ഫോണിൽ നിന്ന് വിളിച്ച്. എന്റെ മോൾക്ക് ഭയങ്കര ദേഷ്യായ്.
‘‘ഇങ്ങള് ഇല്ലാത്ത സമയത്ത് ചെക്കനാണ് ഫോണെടുക്കുന്നത്...ഇങ്ങളു ദയവുചെയ്ത് ലാൻഡ് ഫോണുന്ന് വിളിക്കല്ലിന്ന്''
ഞാൻ ചിരിച്ചു പോയി
""കുഞ്ഞിക്ക അങ്ങനാണ് മോളെ.'' അദ്ദേഹം സ്വയം ന്യായീകരിച്ചു
""ഇഷ്ടമുള്ളത് കഴിക്കും.. ഇഷ്ടമുള്ളത് കുടിക്കും... ഇഷ്ടള്ളോരെ പ്രേമിക്കും... അന്ന് കണ്ടിലേ അമ്മു. ഓൾക്കും ഇന്റെ പേരക്കുട്ടിക്കും ഒരേ പ്രായാ. ഹൗ കൂൾ... എ കൂൾ ഗ്രാൻഡ് പാ. എ നോട്ടി വൺ നാ?''
""യാ യാ..'' ഞാൻ ചിരിച്ചു
""അപ്പോ മോളോട് എന്ത് പറഞ്ഞ്?''
""എന്ത് പറയാനാ? ഓക്ക് ആധിയാണ് വാപ്പാന്റെ മാതിരി മോനും കെട്ട് പോയാലോ?''
""കെട്ടു പോകുക? അപ്പോ ഈ ജീവിതം കെട്ട് പോക്കാണെന്ന് ഇങ്ങളും വിശ്വസിക്കുന്നോ''
""എവിടന്ന്? ഞാൻ ആത്മീയമായ സത്യസന്ധത കാണിച്ച ആളാണ്. എക്കാലത്തും എല്ലാ സാഹചര്യത്തിലും. എന്റെ നേരിനെ ചീത്തയെന്നു കരുത്‌ണോരുടെ മനസ്സിലാണ് തെറ്റും കറയും''
എത്രയോ ശരിയായിരുന്നു അത്. ശരിയായത്, സത്യമായത് ചെയ്യാനുള്ള ആന്തരിക ആർജ്ജവം അദ്ദേഹത്തിനെക്കാലത്തും ഉണ്ടായിരുന്നു. ആ ആർജ്ജവത്തിന് വലിയ വിലയുണ്ട്. നല്ല ധൈര്യം ആവശ്യമുണ്ട്. എന്ത് പ്രതിസന്ധിയേയും ഒന്നിനെയും ഭയമില്ലാത്ത പ്രകൃതമായിരുന്നു അദ്ദേഹത്തിന്റേത്. ലോകത്തിൽ ഒന്നിനെയും ഭയമില്ല. ഭയമില്ലാത്ത മനുഷ്യർ ദൈവങ്ങളാകുമെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.
""നിനക്ക് പറ്റും . ഇവനു പറ്റില്ല. പാവമാണിവൻ. നോക്ക് മോളെ നിനക്ക് പറ്റും. പേടിയില്ലായ്മ നിന്റെ കണ്ണിലുണ്ട്. ചിലർക്ക് മാത്രമേ ആ ധൈര്യം കിട്ടൂ. എനിക്കറിയാം ആ ധൈര്യമാണ് സാഹിത്യ കുലപതിയോട് തലയുയർത്തി പോടാ ചെളുക്കേ എന്നു സംസാരിക്കാൻ നിന്നെ പ്രാപ്തമാക്കുന്നത്''
""അത് പിന്നെ എന്റെ ഭർത്താവ് മനുഷ്യമാംസം തിന്നുന്ന ഈദി അമീനാണെന്നൊക്കെ പറയുമ്പോൾ എനിക്ക് വല്ലാതെ ദേഷ്യം വന്നു.''
""ദേഷ്യം എല്ലാർക്കും വരും പക്ഷെ ആർജ്ജവത്തോടെ പറയാൻ എളുപ്പമല്ല. ഞാനെന്തുമെ പറയും. വായനക്കാരനത് കേൾക്കാൻ ഇഷ്ടമാണ്. എനിക്ക് ഭയമെ ഇല്ല.''
""ഭാര്യയേയും..?''
""എവടന്ന്?'' മൂപ്പർ പൊട്ടിച്ചിരിച്ചു.
""എനിക്കെത്തര പെണ്ണുങ്ങളുണ്ട്‌ന്നൊക്കെ ഓളിക്ക് അറയാം.''
അദ്ദേഹം കഥകൾ പറഞ്ഞു തുടങ്ങി. കാസനോവയുടെ കഥ.
നുണയാണോ സത്യമാണോ എന്നറിയാൻ പാടില്ലാത്ത അത്ഭുതകഥ...
""അണക്ക് നോട്ടിയ്യ്യ്യണോ. വേണെങ്കിൽ ചെയ്‌തോ?
ഞാൻ വേണ്ടെന്ന് തലയാട്ടി. സത്യമോ നുണയോ സ്വപ്നമോ എന്നറിയാത്ത ഭ്രമലോകങ്ങളാണ്.
""അല്ലെ റാണി?''
കൂടെയിരുന്ന പുതിയ കാമുകി റാണി അതെയെന്നു ശരിവെച്ചു.
അദ്ദേഹത്തിന്റെ ആത്മകഥാംശമുള്ള കഥകളും നഷ്ടജാതകവുമൊക്കെ ഞാൻ വായിച്ചിരുന്നു. പക്ഷെ അതിൽ ആത്മകഥയിൽ ഭാവന കലരുന്നത് നമുക്ക് കൃത്യമായി കാണാമായിരുന്നു. ജവഹർലാൽ നെഹ്റു മെഡിക്കൽ കോളേജിൽ ആദ്യത്തെ മലയാളം വിദ്യാർത്ഥിയായി അലിഗഢിൽ എത്തിയ ചെറുപ്പക്കാരനായ കുഞ്ഞബ്ദുള്ളയുടെ കഥകൾ കണ്മിഴിച്ച് വായിച്ച് ഏതൊരു വായനക്കരെനെയും പോലെ ഞാനും അന്തിച്ചിരുന്നു പോയിട്ടുണ്ട്.
സത്യമോ? സത്യമോ?
വിവാഹിതനായ ശേഷം കാമുകി മേരിയിൽ കുഞ്ഞുണ്ടാകുക. മേരി മരിച്ചു പോകുക. ടിങ്കു എന്ന കുഞ്ഞിനെയും പേറി ഹൃദയവ്യഥയോടെ നാട്ടിലെത്തുക. വാപ്പ സമ്മതിക്കുക. കുടുംബം സ്വീകരിക്കുക. ഭാര്യ, കുഞ്ഞിനെ സ്വന്തം മക്കൾക്കൊപ്പം വളർത്തുക.
എനിക്കതിനെ പറ്റി ചോദിക്കണമെന്നുണ്ടായിരുന്നു. ആ വായന നൽകിയ കനം ഉള്ളിലുണ്ട്. എന്നാൽ ആ ചോദ്യം ഒരിക്കലും ചോദിക്കാനാവില്ല. ഞാനത് സ്വയം അടക്കി.
""ഇബ്രായിട്ടാ, ഈ കഥ സത്യമാണോ? കുഞ്ഞിക്കയുടെ ആത്മമിത്രമായ ടി.കെ ഇബ്രാഹിം അമർത്തിമൂളി.
മറ്റൊരാൾ ടിങ്കുവിന്റെ വിവാഹപ്പരസ്യത്തെക്കുറിച്ച് പറഞ്ഞു.
പക്ഷെ ഒന്നും ഞാൻ കുഞ്ഞിക്കയോട് ചോദിച്ചതേയില്ല.
വായനയിലൊക്കെ ടിങ്കു അദ്ദേഹത്തെ വേദനിപ്പിക്കുന്ന ഒന്നാണെന്ന തോന്നലായിരുന്നു. അവന്റെ അമ്മയെക്കുറിച്ചുള്ള സകല ഓർമകളും അദ്ദേഹത്തിന്റെ ഉള്ളിൽ ഒരാളൽ ഉണ്ടാക്കിയിരുന്നു.
""ഈ അലിഗഢില് കോമൺ ഹോസ്റ്റെലാണ്. ആൺപെൺ വ്യത്യാസമില്ല. എന്റെ റൂം മേറ്റ് പെണ്ണായിരുന്നു''
അതാണോ മേരി എന്ന് എനിക്ക് ചോദിക്കാൻ തോന്നി.
എന്നിട്ടും ഞാൻ നിശബ്ദയായി. അതിനെപറ്റി സംസാരിക്കുന്നിടങ്ങളിലൊക്കെ കണ്ണുകളിൽ നനവ് വരുന്നപോലെ അദ്ദേഹം ആർദ്രനാകാറുണ്ടായിരുന്നു.
ആയിരം കുഞ്ഞുങ്ങളുടെ അച്ഛൻ
""മോളെ, എന്റെ ചെറുപ്പത്തില് ഞാൻ ഒരിടത്ത് വന്ധ്യതാ സ്‌പെഷ്യലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്..?''
""അങ്ങനെ ഒരു സ്‌പെഷ്യലൈസേഷനുണ്ടോ ?''
എനിക്ക് കൗതുകമായി.
രൂപേഷിന്റെ മുഖത്ത് എവിടെന്ന് എന്ന ഭാവം.
റാണിയുടെ മുഖത്ത് ഇതൊക്കെ ഞാനെത്ര കേട്ടു എന്ന പക്വഭാവം.
ഞാൻ മാത്രം വാ പൊളിച്ചു ചെവി കൂർപ്പിച്ചു. എന്നിലെ ശരാശരി മലയാളിയുടെ വോയറിസത്തെ തൃപ്തമാക്കുന്ന കഥയിതാ വരുന്നേ.
""എവിടുന്ന്? അതൊരു സ്‌റ്റൈലിന് പറയുന്നതല്ലെ? അവിടെ ഹോസ്പിറ്റലിൽ വരുന്ന സ്ത്രീകളുമായി ഞാൻ പ്രേമത്തിലാവുന്നതാണ്. എത്ര കുട്ടികളുണ്ടെന്നറിയുമോ എനിക്ക്..? ആയിരം കുട്ടികൾ''
""ഒന്നു പോ കുഞ്ഞിക്കാ. എന്ത് വിടലാണ്''
""അയ്യയ്യോ , അല്ല മോളെ. ചെല പെണ്ണുങ്ങളു വരും. കുട്ടികളില്ലാതെ ചികിത്സയ്ക്ക്. പനിയ്ക്ക്. വയറു വേദനയ്ക്ക്... ആദ്യം വന്നവൾക്ക് പനിയല്ല പ്രേമമാണെന്ന് സ്റ്റെത്ത് നെഞ്ചത്ത് വെച്ചപ്പഴെ എനിക്ക് മനസ്സിലായി. അദ്ദാണ്. അവർക്ക് ഞാൻ കുഞ്ഞുങ്ങളെ നൽകി. അവരൊക്കെ സന്തോഷത്തിൽ ജീവിക്കുന്നു. നല്ലകാര്യല്ലെ. ജീവിതമാണ് കൊടുക്കുന്നത്. പുണ്യകർമ്മം. ദൈവികം.. ആരും ചെയ്യുമിത്?
എന്നെപ്പോലത്തെ ചില വിശാല ഹൃദയക്കാരു മാത്രം. അതൊക്കെ എന്റെ ഭാര്യക്കുമറിയാം...''
ഇതെന്ത് തരം ദാമ്പത്യമാണ്?
ദാമ്പത്യം കുടുംബത്തിലൊക്കെ കയറിത്തുടങ്ങിയ ഞങ്ങൾക്ക് അത് അംഗീകരിക്കാനായില്ല. പോരാഞ്ഞ് ഭാര്യയറിയെ മറ്റുസ്ത്രീകളിൽ കുട്ടികളുണ്ടാക്കുന്നത് എങ്ങനെ ന്യായീകരിക്കുന്നു.
""അവള് സ്വതന്ത്രയാണ്. എന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം അവൾക്കുമുണ്ട്. ഞാൻ ചതിച്ചിട്ടില്ലല്ലോ''
യുക്തിസഹമായി വായിച്ചാൽ കൃത്യമായ മറുപടിയാണ്. ജനാധിപത്യബോധത്തോടെയാണ് കാര്യങ്ങളൊക്കെ പ്രത്യക്ഷത്തിൽ ചെയ്യുന്നത്. പക്ഷെ വേവുന്ന ഒരു ഭാര്യാഹൃദയത്തെപ്പറ്റിയുള്ള ഓർമ എന്നെ വിഷമിപ്പിച്ചുകൊണ്ടെയിരുന്നു.
""റാണീ, നീ ഇവൾക്കൊരു കുപ്പായം തുന്നിക്കൊടുക്കണം. ഇവള് കൗമുദീലിട്ട ഫോട്ടോലെ കുപ്പായം കണ്ടോ. അയ്യെയ്യെ പഴയ മലപ്പുറം സ്‌റ്റൈലാണ്. മോഡേണേ അല്ല''
റാണി തലയിളക്കി. പാവപ്പെട്ട ഒരു തയ്യൽ തൊഴിലാളി. വിധവ. മുഖത്ത് കഷ്ടപ്പാടിന്റെയും വിഷാദത്തിന്റെയും നേർത്ത കരിമംഗല്യം. ജീവിതം നൽകിയ പരിക്കുകൾ തളർന്നുനിൽക്കുന്ന കണ്ണുകൾ. 50ലധികം പ്രായം മതിക്കുന്ന വിളറിയ ചർമം. പഴയ സാരി. നന്നായി തയ്‌ച്ചെടുത്ത ബ്ലൗസ്. ഒരു മിഷ്യൻ ചവിട്ടിയാൽ 2 പെൺകുഞ്ഞുങ്ങളും താനുമടങ്ങിയ കുടുംബം എവിടെയുമെത്തില്ല എന്ന തിരിച്ചറിവിൽ കുഞ്ഞിക്കയുടെ കാമുകിയായവൾ.
കുഞ്ഞിക്കക്ക് മറ്റൊരു കാമുകിയുണ്ടായിരുന്നു. ബാങ്കിന്റെ ഇൻഷുറൻസ് സെക്ടറിലോ മറ്റോ ജോലിചെയ്ത ആ കാമുകിയ്ക്കായി എല്ലാരുടെയും കയ്യിൽ നിന്ന് കുഞ്ഞിക്ക ഇൻഷുറൻസ് റെക്കമെന്റ് ചെയ്ത് വാങ്ങി നൽകി.
""മി. എമ്മിന്റെ കയ്യിൽ നിന്നുപോലും 5 ലക്ഷം വാങ്ങിച്ചിട്ടുണ്ട്. ബാക്കി ഊഹിക്കാമല്ലോ?'' കുഞ്ഞിക്കയുടെ ആത്മമിത്രത്തിന്റെ കമന്റിൽ അതിങ്ങനെ രേഖപ്പെടുത്തപ്പെട്ടു.
""ഇദ്ദേഹം ജീവിതത്തിൽ വന്നതിനു ശേഷം എനിക്ക് പ്രശ്‌നമുണ്ടായിട്ടില്ല. സാമ്പത്തികമായി എല്ലാ സഹായവും ചെയ്തു തന്നു. എന്റെ മക്കളെ കെട്ടിച്ച് വിട്ടു. അച്ഛനായി നിന്നു കൊണ്ട് തന്നെ.''
അവർക്ക് കുഞ്ഞിക്ക പ്രാണനും പ്രേമവുമാണ്. ചിലർ കുഞ്ഞിക്കയെ ആത്മാർത്ഥമായും സ്‌നേഹിക്കുന്നുണ്ട്...
""എന്നെപ്പോലെ എല്ലാം നഷ്ടപ്പെട്ട ഒരാൾക്ക് കിട്ടിയ വലിയ കയ്യാണിത്'' അവർ കുഞ്ഞിക്കയുടെ മോതിരവിരലുകളിൽ തൊട്ടു.
""എന്ത്ന്നാ സെന്റിയാക്ക്ന്ന്?'' റാണിയുടെ പുകഴ്ത്തലുകളെ അദ്ദേഹം നിസ്സാരവത്കരിച്ചു.
റാണിയെ മാത്രമാണ് ഞാൻ അദ്ദേഹത്തിനൊപ്പം ഒന്നിലധികം തവണ കണ്ട ഒരേ ഒരു സ്ത്രീ. തീർത്തും വ്യാപാരപരമായിത്തുടങ്ങിയ ഒരു കൗതുകം ബന്ധം. ഇത്രമേൽ ആഴത്തിൽ ആ സ്ത്രീയുടെ ആത്മാവിനെയും ഹൃദയത്തെയും അദ്ദേഹത്തിലേയ്ക്കു കൊർത്തുകൊണ്ടുള്ള ഒരു ആത്മീയസ്വാധീനം ആ ശാരീരികമായ ബന്ധത്തിലൂടെ അവരിലുണ്ടായി എന്നതാണ്.
""അവൾ എന്നെ വല്ലാതെ സ്‌നേഹിക്കുന്നു''
ആ തുന്നൽക്കാരിയെക്കുറിച്ച് പറയുമ്പോഴെല്ലാം അദ്ദേഹത്തിന്റെ കണ്ണുകളിൽ സങ്കടം തുടിച്ചു നിന്നു.
എഴുത്തിനെക്കുറിച്ച് കുഞ്ഞിക്കയുടെ കാഴ്ചപ്പാടുകൾ ഏറെ രസകരമായിരുന്നു. ഒരിക്കൽ പ്രധാനപ്പെട്ട ഒരു അവാർഡിന്റെ ഒരു യുവ വേർഷൻ അവാർഡ് എനിക്ക് കിട്ടി.
ഗൗരവപൂർണമായ, പുറത്തുനിന്നുള്ള ഇടപെടലുകൾ ഇല്ലാത്ത അവാർഡ് എന്ന നിലയിൽ അനൽപ്പമായ സന്തോഷം എനിക്ക് തോന്നുകയും ചെയ്തു. സാഹിത്യത്തിൽ തന്തമാർ ഉണ്ടായിരുന്ന ഒരു വല്ലാത്ത കാലത്തായിരുന്നു ഞാനൊക്കെ എഴുതി തുടങ്ങുന്നത്. എനിക്ക് സാഹിത്യതുടർച്ചകളില്ലായിരുന്നു. പത്രാധിപരുമായി പരിചയം പോലുമില്ലായിരുന്നു. ഏത് അവാർഡ് കമ്മിറ്റിയിൽ നിന്നും എന്റെ പുസ്തകം എടുത്തുകളയുന്ന ഒരു സാഹിത്യകുലോത്തമൻ കാരണം എനിക്ക് ചെറിയ സങ്കടമൊക്കെ ഉണ്ടായിരുന്ന സമയമാണ്. അപ്പോഴാണ് ഈ അവാർഡ് കിട്ടുന്നത്. ആദ്യത്തെ തിരഞ്ഞെടുപ്പിൽ നിന്ന് 5 ആകുകയും പിന്നീട് 1 ആകുകയും ചെയ്ത അവാർഡൊക്കെ വാങ്ങി ഞാനങ്ങനെ കുളൂസ്സിൽ നിൽക്കുകയാണ്.
ഒരു ബോംബാണ് കുഞ്ഞിക്ക പൊട്ടിച്ചത്.
""അതേ അന്റെ ഭംഗി കണ്ടിറ്റാണ് അവാർഡ് തന്നത്''
ഞാൻ തകർന്നു പോയി. മെറിറ്റോറിയസ്സായ നേട്ടങ്ങൾക്ക് ഞാൻ കൊടുക്കുന്ന വില, ആദരവ് അതൊക്കെ തകർക്കുന്ന വിധത്തിൽ ഒരു എഴുത്തുകാരന്റെ വ്യക്തി സൗഹൃദങ്ങൾ/ ജെൻഡർ / ശാരീരിക അവശതകൾ/ ഭംഗികൾ അവാർഡിന്മാനദണ്ഡമാകുക എന്ന് പറയുമ്പോൾ.. എന്റെ ആത്മാഭിമാനം ഭയങ്കരമായി മുറിപ്പെട്ടു.
""എനിക്കിത് വേണ്ട അമ്മെ''
ഞാൻ കുനിഞ്ഞ ശിരസ്സോടെ അമ്മയോട് പറഞ്ഞു.
""തിരികെ കൊടുക്കട്ടെ?''
ഓർക്കണം, ആറ്റുനോറ്റു കിട്ടിയ അവാർഡാണ്.
ഇരുപതുകളുടെ തുടക്കത്തിൽ ഹൃദയത്തെ ആഹ്ലാദകരമാക്കിയ, അഭിമാനിപ്പിച്ച അതെ അവാർഡ് എന്റെ കയ്യിലിരുന്നു പൊള്ളി.
""അയ്യേ, അയ്യേ... ഇത്രേയേ ഉള്ളോ? ഞാൻ തമാശ പറഞ്ഞതാണ്.'' മൂപ്പരുറക്കെ പൊട്ടിച്ചിരിച്ചു.
പിന്നെ ശബ്ദം താഴ്ത്തി; ""അതേ ഇത് പക്ഷെ ഇതിൽ ചെറിയ ഒരു സത്യമുണ്ട്. ഒരാള്കൊതിക്കെറുവോടെ പറഞ്ഞതാ. വേറൊരു എഴുത്തുകാരി. മിസ് എക്സ്സ്.'' അവൾക്ക് കിട്ടാതെ നിനക്ക് കിട്ടിയപ്പോൾ വന്ന പ്രതികരണമാണ്. എടീ, ആളുകൾ പലതും പറയും, നീ ധൈര്യായിട്ട് നിൽക്ക്''
അതൊരു പുതിയ പാഠമാണ്. ആളുകൾ പലവിധമാണ്. പലതും പറയും. ഖേദിക്കാൻ പാടില്ല. നമ്മൾ ധീരമായി എന്തിനെയും നേരിടണം.
""ലൈലൈറ്റ് ഒരു പൂച്ചക്കുട്ടിയാണ്. എപ്പൊഴാ മാന്ത് കിട്ടുകാന്ന് പറയാൻ പറ്റില്ല''
ശരിയാണ്. എനിക്കത് ബോധ്യപ്പെട്ടു തുടങ്ങിയിരുന്നു.
""ഗോസിപ്പുകളും വ്യക്തിഹത്യ കലർന്ന വിമർശനങ്ങളുമൊക്കെ ശ്രദ്ധിക്കാതെ എഴുതുകയാണ് ഞാൻ ചെയ്യുക. ആ നെഗറ്റിവേ വായിക്കരുത്. അതുപോലെ അമിതമായ പുകഴ്ത്തലുകളെയും''
എഴുത്തുകാരൻ തുലനാവസ്ഥയിൽ ജീവിക്കണമെന്ന് കുഞ്ഞിക്ക വിശ്വസിച്ചു. അമിതാഹ്ലാദവും അമിത വിഷാദവും എഴുത്തിനെ തകർക്കുമെന്നും ആന്തരികമായി നമ്മൾ പാകപ്പെട്ടുകൊണ്ട് വേണം എഴുത്തുകാരനായി നിൽക്കാനെന്നുമുള്ള പാഠങ്ങൾ പഠിപ്പിച്ചു.
""എഴുത്ത് ഒരു തൊഴിലാണ്. ഞാൻ ചെയ്യുന്ന ഡോക്ടേറു തൊഴില് പോലെ ഒന്ന്. നിസ്സീമമായ സ്‌നേഹം കിട്ടും രണ്ടിലും, പക്ഷെ നന്നാവണം. എല്ലാത്തിലും കേറി എഴുത്തുകാരൻ പ്രതികരിക്കണം, സാമൂഹ്യ പ്രതിബദ്ധതയും ഉത്തരവാദിത്തവും ചുമക്കണം എന്നൊക്കെ പറയുന്നതിൽ ഞാൻ വിശ്വസിക്കുന്നില്ല.''
സമൂഹം എഴുത്തിനു നൽകിയ പവിത്രതയിലും നന്മയിലും അദ്ദേഹം വിശ്വസിച്ചിരുന്നില്ല. പക്ഷെ അദ്ദേഹം തിന്മകൾ ചെയ്യുന്നവനായിരുന്നുമില്ല.
""എന്റെ പ്രേമം തിന്മയോ വെറുക്കപ്പെട്ടതോ അല്ല''
പ്രേമങ്ങൾ ദാമ്പത്യത്തിന്റെ അകത്ത് നിന്നുകൊണ്ട് ഉണ്ടാകുന്നതിനെ ഞാൻ സ്വാർത്ഥത എന്നാണ് വിളിക്കാനാഗ്രഹിച്ചിരുന്നത്. കുടുംബമെന്നത് മഹത്വപൂർണമായ സംഗതിയാണെന്ന് ഞാൻ ഉറച്ച് വിശ്വസിച്ചു. പ്രേമം - സ്വാർത്ഥത ഇണയെ തകർത്തുകളയുമെന്നും കുടുംബത്തെ മുറിപ്പെടുത്തുമെന്നും ഞാൻ വിശ്വസിച്ചിരുന്നു.
തന്റെ പ്രേമങ്ങൾ, പരസ്ത്രീ ബന്ധങ്ങൾ എന്നിവയെക്കുറിച്ച് ഏത് കാഴ്ചയിലും എല്ലാവരോടും പറയുന്ന കുഞ്ഞിക്ക, എന്റെ വിമർശനങ്ങളെ തമാശയായി മാത്രം എടുത്തു.
എഴുത്തിനെക്കുറിച്ച് ഒരുതരത്തിലുമുള്ള മൗലികത തനിക്ക് വിഷയമല്ല എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് പറയുന്നത്. തന്റെ ലേഖനങ്ങൾ, കഥകൾ, അവതാരിക... എന്തും ആർക്കുവേണമെങ്കിലും എഴുതാം. പൈസ കിട്ടിയാൽ പാതി നൽകും.
""സദാചാരപ്പയ്യ്. ഇയ്യ് ഏതോ നാട്ടിമ്പുറത്ത് ജനിച്ച് മനസ്സില്ക്രിസ്ത്യാനിയായ ആളാണ്. അയ്യയ്യോ'' ഇടക്ക് എന്നെ പരിഹസിച്ചു.
സാമൂഹിക നിയമങ്ങളും ക്രമങ്ങളും തെറ്റിച്ചു കൊണ്ട് മാത്രമേ യഥാർത്ഥ മനുഷ്യന് നിലനിൽപ്പുള്ളു എന്നതായിരുന്നു കുഞ്ഞിക്കയുടെ പക്ഷം.
അത് ശരിയല്ല എന്ന് മറുപക്ഷത്ത് ഞാനും.
""എന്റെ പോലെ തെളിമനസ്സുള്ളോര് കൊറവാണ് മോളെ... ഞാൻ എല്ലാം പറയും. എനിക്ക് ഒളിവില്ല. എനിക്ക് മറയും വേണ്ട'' എന്തിനുമുണ്ടായിരുന്നു ഈ മുഷ്‌ക്.
""ഞാൻ എനിക്ക് വേണ്ട എന്തും ചെയ്യും. എന്റെ നാഥൻ ഞാൻ തന്നെ''
കുഞ്ഞിക്കയെ സംബന്ധിച്ച് പ്രേമങ്ങളും പരസ്ത്രീബന്ധങ്ങളും മാത്രമായിരുന്നില്ല സാമൂഹിക ക്രമം, മറിച്ച് എഴുത്തിനെ സംബന്ധിച്ച് അന്നുവരെയുണ്ടായിരുന്ന പരമ്പരാഗത സങ്കൽപ്പങ്ങളെ മാറ്റിയെഴുതി. വിവാദങ്ങൾ ഉണ്ടാക്കാൻ പകർത്തിയെഴുതി. പൈങ്കിളിയ്ക്ക് പേരു വെയ്ക്കാൻ സമ്മതിച്ചു.
""ആ ...ആ... എനിക്ക് പ്രശസ്തി നല്ല ഇഷ്ടാണ്. കൂടുതൽ പ്രശസ്തി കൂടുതൽ സ്‌നേഹം..അതാണ്'' ; രവീന്ദ്രനാഥ ടാഗോറിന്റെയോ മറ്റോ പുസ്തകത്തെ പകർത്തി എഴുതി അച്ചടിച്ച് വിൽക്കയും വിവാദമാകയും ചെയ്ത കാലമാണ്. എത്ര ആലോചിച്ചിട്ടും എഴുത്തിൽ അടിമുടി മൗലികമായൊരാൾ എന്തിനായിരിക്കും ഇത് ചെയ്തതെന്ന് എന്ന് എനിക്ക് മനസ്സിലായില്ല. അത് നേരിട്ടു തന്നെ ചോദിച്ചു. അതിന്റെ മറുപടിയാണ്.
""മനോരമ വീക്കിലീല് എന്റെ സ്റ്റാച്വറുള്ള ഏതെങ്കിലും എഴുത്തുകാരൻ എഴുതുമോ? പറ''
""ഇല്ല''
അക്കാലത്ത് കാശിനായി പൈങ്കിളിയെഴുതുന്ന എന്റെ സമകാലികരെ കുഞ്ഞിക്ക വെല്ലു വിളിച്ചു.
""ഇയ്ജ് പറയൂ. ആർക്കെങ്കിലും ഉണ്ടോ ധൈര്യം?
ശരിയാണ്, ഇല്ല. ഒരാൾക്കും ധൈര്യമില്ല.
""വല്യ പൈശയാണു തരുന്നത്. എനിക്ക് നഷ്ടമൊന്നുമില്ല. ലാഭമാണ്. ഫുള്ളി ലാഭം''
""എത്രകിട്ടി.?''
""പത്തു ലക്ഷം''
മൂപ്പർ മൂക്ക് പുറങ്കൈകൊണ്ട് ഉരസിക്കൊണ്ട് പറഞ്ഞു.
ഞാൻ വാ പൊളിച്ചു പോയി.
""ഒരുപാട് പൈസയുണ്ടാക്കുന്നോ?''
""ഏട്ന്നു? പാതിപ്പൈശ ഓനു കൊടുക്കണ്ടെ?''
എഴുത്തിനെക്കുറിച്ച് ഒരുതരത്തിലുമുള്ള മൗലികത തനിക്ക് വിഷയമല്ല എന്ന് പലയാവർത്തി പറഞ്ഞിട്ടുണ്ട്. അതിന്റെ തുടർച്ചയാണ് പറയുന്നത്. തന്റെ ലേഖനങ്ങൾ, കഥകൾ, അവതാരിക... എന്തും ആർക്കുവേണമെങ്കിലും എഴുതാം. പൈസ കിട്ടിയാൽ പാതി നൽകും.
""പുനത്തിൽ കുഞ്ഞബ്ദുള്ള എന്നത് കേരളത്തിൽ രണ്ടാമതായി കൂടുതൽ ആളുകൾ സ്വീകരിച്ച തൂലികാനാമമാണ്. അതു കൊണ്ടല്ലെ ഓള് എന്റെ പേരില് മൂന്ന് നോവല് പൈങ്കിളി എഴുതിയത്. ഓനിണ്ടല്ലോ ഓനാണ് മുത്ത്.''
മരുന്നിനും സ്മാരകശിലകൾക്കുമപ്പുറത്തേയ്ക്ക് തന്റെ എഴുത്തിനെ മറ്റൊരു ലോകത്തേയ്ക്ക് വികസിപ്പിക്കണമെന്നോ കൂടുതൽ കൂടുതൽ വിശാലമാകണമെന്നോ അദ്ദേഹം ആഗ്രഹിച്ചില്ല. ജീവിതത്തെ ഉന്മാദകരമാക്കി കൂടെ കൂട്ടുകയായിരുന്നു. അതേ തനിക്ക് വേണ്ടുള്ളൂ. അത്രയെ തന്നിൽ നിന്നീ ലോകം അർഹിക്കുന്നുള്ളു എന്ന് കുഞ്ഞിക്ക ഉറച്ചു തന്നെ വിശ്വസിച്ചു.
വയാഗ്രയുടെ വാർദ്ധക്യകാലം
ഒരിക്കൽ പക്ഷാഘാതം പോലെയുള്ള ഒരു തളർച്ച അദ്ദേഹത്തിനുണ്ടായി. വാർദ്ധക്യ സഹജമായിരുന്നു. എങ്കിലും ആ കിടപ്പ് എന്നെ ദുഃഖിതയാക്കി. വാർദ്ധക്യം എന്തൊരു നാശമാണ് എന്നെനിക്ക് തോന്നി. ഞാനെന്റെ ഭർത്താവിനോട് അത് പറഞ്ഞു.
""ഫീനിക്ക്‌സാണ്. കുഞ്ഞിക്കയെപ്പറ്റി നിനക്കറിയില്ല. പൊങ്ങിപ്പറന്നു വരും''
ഞാൻ കുഞ്ഞിക്കയോട് ചെറുങ്ങനെ പിണങ്ങി നിൽക്കുന്ന സമയമായിരുന്നു. എല്ലാവരോടും ഒരു ഘട്ടത്തിൽ പിണങ്ങുന്ന കുഞ്ഞിക്കയോട് അങ്ങോട്ട് പിണങ്ങിയതിൽ മൂപ്പർക്ക് ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അതു കൊണ്ടാണ്രോഗവിവരം ഞാൻ അറിയാതെ പോയത്.
ഞാൻ പിണങ്ങിയത് സത്യത്തിൽ എന്റെ ഭർത്താവിനെതിരെ വെറുതെ കേസ് കൊടുത്തതു കൊണ്ടാണ്. അക്കാലത്ത് എന്നും വൈകിട്ട് ഞങ്ങൾ കോഴിക്കോട് ബീച്ചിൽ പോകുമായിരുന്നു. വൈകുന്നേരങ്ങളിൽ സീ ക്യൂനിൽ വെച്ച് കുഞ്ഞിക്കയെ കാണും. ഈഴച്ചെമ്പകമരങ്ങൾ നിറയെ പൂത്തു നിൽക്കുന്ന മട്ടുപ്പാവിലിരുന്ന്, കടലും ഓറഞ്ച് സൂര്യനും ഉപ്പുകാറ്റിൻ തണവുമേറ്റ് ഇതുപോലെ ആയിരം വിഷയങ്ങളിൽ സംസാരം. ആളുകൾ കുഞ്ഞിക്കയെ അഭിമുഖത്തിലൂടെയും മറ്റും ചൂഷണം ചെയ്തു കൊണ്ടിരുന്ന കാലമായിരുന്നു അത്. അക്കാലത്ത് അതിനെപ്പറ്റിയും പുള്ളി കൊടുത്ത കേസിനെ പറ്റിയുമൊക്കെ വിശദമായി സംസാരിച്ചതിന്റെ പിറ്റേന്ന് പത്രസമ്മേളനം വിളിച്ച് എന്റെ ഭർത്താവിനെ പ്രതി ചേർത്തതെന്തിനെന്ന് എനിക്ക് മനസ്സിലായേ ഇല്ല.
ഞാൻ ക്ഷോഭത്തോടെ ഫോൺ ചെയ്തു
""മോളെ അറിഞ്ഞില്ലെ നീ. ഞാൻ നിന്റെ ഓനുവേണ്ടി എന്താ ചെയ്‌തേന്നറിഞ്ഞോ? ഹലോ നീ കണ്ടോ പത്രസമ്മേളനം?''
""അയാളെന്ത് ചെയ്തിട്ടാ ഇങ്ങനെ ചെയ്തത്? ഇന്നലെ വൈകുന്നേരം വരെ ഇല്ലാത്ത പ്രശ്‌നം ഇന്നെങ്ങനെ വന്നു?''
""നീയെന്താ കുറ്റപ്പെടുത്തുന്നത്? ഓനു പ്രശസ്തി നൽകാനല്ലെ ഞാനിത്ര കഷ്ടപ്പെട്ടത്?
""എന്ത്, വക്കീൽ നോട്ടീസ് അയച്ചതോ?''
""അദെന്നെ''
വല്ലാത്ത യുക്തിയാണ് കുഞ്ഞിക്കയ്ക്ക്. വാ പൊളിച്ചു നിന്നു കേൾക്കയല്ലാതെ മറ്റെന്തു മാർഗ്ഗം.
സത്യത്തിൽ ചിരിച്ചു പോയി. എനിക്കും കുടുംബത്തിനും ചെയ്ത ആ മഹാ ഉപകാരത്തെപ്പറ്റിയുള്ള സുദീർഘപ്രഭാഷണം കേട്ട് അങ്ങനെ നിന്നു പള്ള കൂച്ചിപ്പോയി. യുക്തിയുടെ മേലെ കുറച്ച് കഥകൾ വെച്ച് പൊത്തി ആളുകളെ പറ്റിക്കുന്ന സ്വഭാവമുണ്ടായിരുന്നു. അതിലെ നർമവും വൈവിധ്യതയൊക്കെ നമ്മളെ അത്ഭുതപ്പെടുത്തും. അടുത്ത കുടി സെഷനിൽ അദ്ദേഹം സോറിയും പറഞ്ഞു. ആ പ്രശ്‌നം അങ്ങനെ തീർന്നു. എനിക്ക് പക്ഷെ സ്വാഭാവികമായ ഒരു എതിർപ്പ് ഈ വിഷയത്തിൽ ഉണ്ടായിരുന്നു. ബീച്ചിലെ സത്കാരങ്ങളിൽ നിന്ന് ഞാൻ വിട്ടുനിന്നു.
അസുഖത്തിനു ശേഷം ആയുർവേദ ചികിത്സയ്ക്കായി ശംഖുമുഖത്ത് താമസിയ്ക്കുകയായിരുന്നു അദ്ദേഹം. പിണക്കവും പരിഭവവും കളഞ്ഞ് ഞങ്ങൾ തീവണ്ടി കയറി. നിറയെ വിമാനങ്ങൾ വന്നിറങ്ങുന്നത് കണ്ടിരിക്കാവുന്ന മട്ടുപ്പാവിൽ ക്ഷീണിതനായി അദ്ദേഹം ഇരുന്നു. മുഖത്തിന്റെ ഒരു വശത്ത് നേരിയ കോടലുള്ള പോലെ എനിക്ക് സൂഷ്മവീക്ഷണത്തിൽ തോന്നി. മുടി പഞ്ഞിപോലെ നരച്ചിരുന്നു. എന്റെ കണ്ണുകൾ നിറഞ്ഞു.
""കുഞ്ഞിക്ക ഇവൾക്ക് വലിയ സങ്കടമായി. നിങ്ങൾക്ക് വയസ്സായതു കൊണ്ടാണ് വയ്യാതായതെന്ന് ഇവൾ കരുതുന്നു''
""ച്ചേ ഛെ , എന്താണുബളെ പറയുന്നത്?'' എനിക്ക് വയസ്സായെന്നൊ?'' കയ്യിലെ മദ്യഗ്ലാസ് ഉയർത്തി ലൈറ്റിനു നേരെ വെച്ച് ചളിയൊന്നുമില്ലെന്നുറപ്പാക്കി.
""ഒഴിക്ക്'' പതിവ് മിത ക്വാട്ടയ്ക്കായി സഹായിയായി നിൽക്കുന്ന റാണിയോട് പറഞ്ഞു. അവരും അതീവ ദുഃഖത്തിലായിരുന്നു. അദ്ദേഹത്തിന്റെ രോഗം അവരെ വേദനിപ്പിച്ചു. അദ്ദേഹത്തിനു സഹായിയായും പകർത്തെഴുത്താളായും അവരൊപ്പം കൂടി.
""നീയെന്തിനാണ് വെഷമിക്കുന്നത്? ഞാൻ വയസ്സനായതു കൊണ്ടല്ല വയ്യാതായത്. പറഞ്ഞു കൊടുക്കൂ ഉമേ''
റാണിച്ചേച്ചി എന്റെ മുഖത്ത് നോക്കി വിളറിയ ഒരു ചിരിചിരിച്ചു.
""നീയെനിക്കിട്ട പേരു പോലെ തന്നെ ഒരു പരീക്ഷണം നടത്തിയതാണ്...''
കഥയാലോചിച്ചുകൊണ്ട്, മൂപ്പർ ചുണ്ടുപിടിച്ചു കൊണ്ട് നിശബ്ദനായി...
""ആഹ് അതാണ്. ഞാൻ നാല് വയാഗ്ര കഴിച്ചു.''
ഞങ്ങൾക്കാർക്കും ചിരി വന്നില്ല. കേരള ഓഷോ എന്ന് കളിയാക്കിയ വിളി ആസ്വദിച്ചിരുന്ന അദ്ദേഹം അതുമായി ചേർത്ത് കഥ മെനഞ്ഞു. അക്കാലത്ത് എന്റെ കാമുകിമാർ എന്ന പേരിൽ ഒരു പംക്തി പച്ചക്കുതിരയിൽ ആരംഭിച്ചിരുന്നു.
""ഈ അസുഖം ഞാൻ എഴുത്തിലാഘോഷിക്കും കണ്ടോളൂ''
ഗാബോയിലെ വിഷാദ വേശ്യകളെ തേടി നടന്ന 91 കാരന്റെ നിഷ്‌കളങ്കത. സമാധാനമായി പെണ്ണിനെയും കെട്ടിപ്പിടിച്ച് ഒറ്റയ്ക്കല്ലല്ലോ എന്നാശ്വസിച്ച് പതിവ് രാത്രിയുറക്കങ്ങൾ. മരിച്ചു പോയ ഉമ്മയും താനൊരിക്കലും നീതി കാണിച്ചിട്ടില്ലാത്ത ഹലീമയും സ്വപ്നത്തിൽ വരുന്ന, ചേർന്നു കിടന്നുറങ്ങുന്ന മനോഹരമായ സ്വപ്നം. രോഗിയായി, വാർദ്ധക്യം തളർത്തിയ ഉടലുമായി നിസ്സഹായനായി നിൽക്കുമ്പോഴും വീമ്പു പറയാൻ മടിക്കാത്ത കുഞ്ഞിക്ക... അന്നൊരുപാട് നേരം ഞങ്ങൾ കടലിരമ്പം കേട്ടും വിമാനങ്ങളുടെ ഭയങ്കര ശബ്ദം കേട്ടും സംസാരിച്ചു കൊണ്ടേയിരുന്നു. തെങ്ങിൽ പ്രാവുകളും കടൽപ്പരുന്തുകളും ഊഞ്ഞാലാടിക്കൊണ്ടേയിരുന്നു..
ഏകാകിയുടെ പ്രേമം
പിന്നെ ഞാൻ അദ്ദേഹത്തെ ഒരേഒരു തവണയാണ് കണ്ടത്. ഇടക്കാലത്തുണ്ടായ ഒരു ബന്ധം- ഒരു Y ഓഫീസറാണെന്ന് വീമ്പ് പറഞ്ഞിരുന്ന ഒരുവളുമായുള്ള ഒരു ബന്ധം എല്ലാവരുമായുമുള്ള എല്ലാത്തരം സൗഹൃദത്തെയും അകറ്റി.
""ഞാനവൾക്കൊപ്പം ജീവിക്കുകയാണ്. എനിക്കീ ഏകാന്തത പറ്റുകയില്ല..'' ഫോണിൽ സംസാരിക്കുമ്പോൾ കുഞ്ഞിക്കയുടെ സ്വരം ദുർബലമായിരുന്നു. സ്വന്തം ചെയ്തികളാലും പ്രതിഭയുടെ അപാരമായ ഉന്മാദങ്ങളാലും താൻ ബലികൊടുത്ത തന്റെ കുടുംബമെന്ന സമാധാനത്തെയാണ് അദ്ദേഹം ആ ബന്ധത്തിലൂടെ തേടിയിരുന്നത്...
ആദ്യ കാഴ്ചയിലും അവസാന കാഴ്ചയിലുമല്ലാതെ- അദ്ദേഹം മദ്യം അധിക അളവിൽ ഉപയോഗിച്ച ഒരുവനായിരുന്നില്ല. ഇരുകാഴ്ചകളിലും പക്ഷെ അദ്ദേഹം മാരക കുടിയനാണെന്നത് സത്യമെന്നെനിക്ക് പോലും തോന്നി. യാഥാർത്ഥ്യമാകട്ടെ, മദ്യത്തേയ്ക്കാൾ വീര്യമേറിയ മരണത്തിന്റെ സ്പർശം അദ്ദേഹത്തിന്റെ മുടിയിഴയിൽ കോതുന്നുണ്ടായിരുന്നു.
""ഒരാളുമായും ഒരു തരത്തിലുള്ള ബന്ധവും പാടില്ല എന്നവൾ ശഠിച്ചിട്ടുണ്ട്....''
ഞാനടക്കമുള്ള നല്ല സുഹൃത്തുക്കളെ വരെ കുഞ്ഞിക്കയിൽ നിന്ന് വെട്ടിനീക്കുന്ന ഒരു ഡീലായിരുന്നു അത്. അദ്ദേഹം അതു പറഞ്ഞപ്പോൾ ഞാൻ ഹൃദയവ്യഥയോടെ നിന്നു...
""ഞാനും!?''
വെട്ടി മാറ്റപ്പെട്ടവരുടെ ലിസ്റ്റിൽ ഞാനും രൂപേഷുമുണ്ടോ എന്ന എന്റെ ചോദ്യത്തിനു ഒരു വലിയ നിശബ്ദതയുണ്ടായി...
ഒരു മറുപടിയുണ്ടായില്ല...
ദീർഘകാലം. എത്രയോ നാൾ അദ്ദേഹവുമായി പിന്നീടൊരു ബന്ധവും ഉണ്ടായില്ല. പിന്നെയും രണ്ട് വർഷങ്ങൾ... പിന്നീട് രണ്ട് അപരിചിതരെപ്പോലെ, യദൃശ്ചയാ ഒരു പരിപാടിയ്ക്കിടെ ഞാൻ അളകാപുരിയുടെ പുൽത്തകിടിയിൽ വെച്ച് കണ്ടുമുട്ടി. ഞങ്ങൾ ആദ്യമായി കണ്ട അതേ ഇടം. അത് അവസാനമായിക്കാണുന്ന ഇടമായിരിക്കും എന്നു ഞാൻ കരുതിയതേ ഇല്ല. കൈകൾ വിറകൊണ്ടുകൊണ്ടെയിരുന്നു. ഗ്ലാസ്സിലെ ഇത്തിരി മദ്യം കൊണ്ടല്ല ആ വിറ എന്നത് എന്നെ സങ്കടപ്പെടുത്തി. ദുർബലമായിത്തീർന്നിരുന്നു അദ്ദേഹത്തിന്റെ കൈകൾ...
ആ രണ്ട് അവസരങ്ങളിൽ അല്ലാതെ- ആദ്യ കാഴ്ചയിലും അവസാന കാഴ്ചയിലുമല്ലാതെ- അദ്ദേഹം മദ്യം അധിക അളവിൽ ഉപയോഗിച്ച ഒരുവനായിരുന്നില്ല. ഇരുകാഴ്ചകളിലും പക്ഷെ അദ്ദേഹം മാരക കുടിയനാണെന്നത് സത്യമെന്നെനിക്ക് പോലും തോന്നി. യാഥാർത്ഥ്യമാകട്ടെ, മദ്യത്തേയ്ക്കാൾ വീര്യമേറിയ മരണത്തിന്റെ സ്പർശം അദ്ദേഹത്തിന്റെ മുടിയിഴയിൽ കോതുന്നുണ്ടായിരുന്നു. അതിന്റെ ലഹരിയിൽ കണ്ണുകൾ ചീർക്കുകയും പീളകെട്ടുകയും ചർമം ചുളിയുകയും ചെയ്തിരുന്നു. ജരയുടെയും നരയുടേതുമായ വിഷാദയടയാളങ്ങൾ കവിളുകളെ ചീർപ്പിച്ചിരുന്നു. പുൽത്തകിടിയിലെ കാൽപ്പദങ്ങളിൽ നീർവീക്കം ഉണ്ടായിരുന്നു.
അന്ന് അദ്ദേഹം നൽകിയ ചില ഇൻറർവ്യൂകളെ പ്രതി ഞാൻ വിയോജിപ്പ് പ്രകടിപ്പിച്ചപ്പോൾ, ""ഒക്കെ ഒരു തമാശയെന്ന്''
""എന്നാലും ങ്ങളെ ഹലീമത്ത, ഇങ്ങളു മരിച്ച് പുഴയിലൊഴുക്കണം എന്ന് പ്രസ്താവിച്ചതോണ്ടാണോ ഡിവോർസ്സിതെ? എന്തൊക്കെയാ പറയുന്നത്? എന്തൊക്കെ തരം വൃത്തികെട്ട ചോദ്യങ്ങളാണ്? അതിനു മുമ്പിൽ കോമാളിച്ചിരിയോടെ ഇരിക്ക്യ. എന്തിനാണ് കുഞ്ഞിക്ക, നിങ്ങൾ പറഞ്ഞില്ലെ സ്ത്രീയ്ക്ക് സ്‌നേഹത്തേക്കാൾ പ്രധാനായിട്ട് ആദരവും ബഹുമാനവുമാവശ്യമാണെന്ന്. നിങ്ങളത് കൊടുത്തോ? ആ ഇൻറർവ്യൂ എന്തൊരു അപമാനകരമാണ്?''
പൊടുന്നനെ അദ്ദേഹം നിശബ്ദനായി. കൂടുതൽ ദുർബലനും നിസ്സഹായനുമായി. കുറച്ചു നേരം ഓർത്തു. എന്നിട്ട് വിളറിച്ചിരിച്ചു.
""അനക്കറിയോ, ഞാൻ കുഞ്ഞായിരുന്നപ്പഴാ അലീമാനെ കെട്ടുന്നത്. നല്ല രസള്ള ഒരു പെങ്കുട്ടി. ഓളെ വാപ്പാണെങ്കി ജമ്മിയാണ്. അന്നാട്ടിലെ പ്രഭു. ഓളു കാണാനും നന്ന്. നല്ല പൈസക്കാരിം. നല്ല സൊഭാവവുമാണ് മോളെ. എനിക്ക് ഓളു തന്ന ആദരവാണ് എന്റെ ഈ ജീവിതത്തിന്റെ ഇന്ധനം. പഠിപ്പ് കയിഞ്ഞ് ടിങ്കുനെം തൂക്കി വന്നപ്പോൾ ഇന്റെ വാപ്പ പറഞ്ഞിട്ടെന്നെ, ഇന്നാലും വാപ്പ പറയണ പോലാണോ, ഓള് ഏറ്റെടുത്തിലെ? ഓളെ മൂത്തകുട്ട്യായിട്ട് വളർത്തീലെ? എന്റെ ജീവിതത്തിലെ മുഴുവൻ ചേറും വെടിപ്പാക്കിക്കൊണ്ടെ ഇരുന്നോളാണ് ഓള്. സത്യത്തിൽ 17 വയസ്സിൽ ഓക്കെന്നെ ഇട്ടേച്ച് പോവാരുന്നിലെ? ഡിവോർസ്സ് ചെയ്യാരുന്നില്ലെ? ചെയ്തീല. പിന്നെ എന്തൊക്കെ സന്ദർഭമുണ്ടായിരുന്നു. ഓൾക്ക് കുഞ്ഞിക്കനെ വിട്ട് പോകാൻ. ഓൾടെ ഗതികേടു കൊണ്ട് കടിച്ച് തൂങ്ങണ്ട കാര്യവും അവൾക്കില്ല. പക്ഷെ അവൾ പോകുമ്പോ എന്റെ ജീവിതം തീർന്നു പോകുമെന്ന് അവൾക്കറിയാമാരുന്നു. ഞാനതിനു പാകപ്പെടുവാൻ അവൾ കാത്തു നിൽക്കയായിരുന്നു. അവളുടെ മടുപ്പിന്റെ പതിറ്റാണ്ടുകളിൽ ഉമ്മയെന്ന നിലയിലും ഭാര്യയെന്ന നിലയിലും അവൾ ചെയ്യേണ്ടുന്ന എല്ലാ കടമയും പൂർത്തീകരിച്ച ശേഷം.......''
കുഞ്ഞിക്കയുടെ തൊണ്ട ഇടറി. കണ്ണുകൾ നിറഞ്ഞു. ചാനലിലെ പ്രേഷകർക്കായി നർമം വിതറിയ, ഹിന്ദുവാകുന്ന ഭർത്താവിനെ ഉപേക്ഷിച്ച ഹലീമത്ത പ്രതിയല്ല. 14 വയസ്സുള്ള ഹലീമയെന്ന പുയ്യൂട്ടിയെ പ്രതി ആ ഹൃദയം വിറപൂണ്ടു...
"ഞാനിപ്പോൾ പൂർണമായും ഏകാകിയാണ്. സ്ത്രീകളെ ആദരിക്കുന്നതിനൊപ്പം ഭാര്യയെ ആദരിക്കാൻ മറന്ന വിഡ്ഢി. കടല് നോക്ക് മോളെ. അതുപോലെയാരുന്നു എന്റെ അലീമ. ഓളു പോയപ്പോൾ എന്റെ സന്തോഷങ്ങളും പോയി. എന്റെ ഗ്ലാസ്സുകളുടെ ഭംഗി പോയ്''
""ഓളെ തീരുമാനം ഒരു പൊളിറ്റിക്കൽ സ്റ്റേറ്റ്‌മെന്റാണ്. എനിക്ക് ഓളില്ലാതെ ജീവിക്കാൻ കയ്യുലാത്ത സമയം വരെ ഓലെനിക്കൊപ്പം നിന്ന്. അന്നെനക്ക് ഓളൊന്നും മാണ്ടാരുന്നു... ഓള് പുനത്തിലെന്ന മനുഷ്യനു വേണ്ടിയും ഭർത്താവിനു വേണ്ടിയും എഴുത്തുകാരനു വേണ്ടിയും ഓല കുട്ടികളെ അച്ഛനു വേണ്ടിം എല്ലാം അടക്കി എല്ലാ വെറുപ്പും ദേഷ്യോം എല്ലാം ഓള് സബൂറാക്കിക്കളഞ്ഞ്. ഒടുക്കം എനിക്ക് ഓളെ മാത്രം വേണന്ന് തോന്ന്യേ സന്ദർഭത്തില് ഓള് എന്നെ തോൽപ്പിച്ചു.. ഓള് സ്വയം നന്നായ്റ്റ് വെഷമിച്ചിട്ട് തന്നാണ് എന്നെ വേണ്ടാന്ന് വെച്ചത്. വെല്യ തീരുമാനാത്, എനിക്ക് ഓലെ മാത്രം വേണന്ന് തോന്നണ സമയത്ത് ഓള് ഒരു ഉശിരത്തിയായ്. പക്ഷേ നീണ്ട 40 വർഷം വേണ്ടി വന്നു ആ പാവത്തിന് ആ തീരുമാനത്തിലെത്താൻ''
കുഞ്ഞിക്ക ഗ്ലാസ്സ് ടേബിളിൽ വെച്ചു. പഴയതു പോലെ വൃത്തിയും സ്ഫടിക സുതാര്യതയും ആ ഗ്ലാസ്സിനുണ്ടായിരുന്നില്ല. ഞാൻ ഒന്നും മിണ്ടിയില്ല. ടിഷ്യൂ പേപ്പറെടുത്ത് ആ ഗ്ലാസ്സിന്റെ പുറത്ത് വെറുതെ ഉരച്ചു. അത് പതുക്കെ തിളങ്ങിവന്നു...
""ഞാനിപ്പോൾ പൂർണമായും ഏകാകിയാണ്. സ്ത്രീകളെ ആദരിക്കുന്നതിനൊപ്പം ഭാര്യയെ ആദരിക്കാൻ മറന്ന വിഡ്ഢി. കടല് നോക്ക് മോളെ. അതുപോലെയാരുന്നു എന്റെ അലീമ. ഓളു പോയപ്പോൾ എന്റെ സന്തോഷങ്ങളും പോയി. എന്റെ ഗ്ലാസ്സുകളുടെ ഭംഗിപോയ്''
കുഞ്ഞിക്കയുടെ കണ്ണുകളിൽ നിന്ന് തുള്ളിയിട്ടൊഴുകി
""ഒരിക്കൽ ഞാനും ഓളും ദ്വീപിലേക്ക് കടൽ യാത്ര ചെയ്തു. ഓളു ചെറുതാ. ചിറീ പെങ്കുട്ടി. കടൽച്ചൊരുക്ക് വന്നു, ഭയങ്കരായ്. ഓക്ക് വല്ലാണ്ട് വയ്യാണ്ടായി. ഓളു ഛർദ്ദിക്കാൻ തൊടങ്ങി. അയ്യോ, കൊരവള്ളിയും കൊടലുമടക്കം ഓള് ഛർദ്ദിച്ചു. തളർന്നു വാടിയ ഓളെ എന്റെ നെഞ്ചിലാ ഞാനാ യാത്രയിൽ മുഴുവൻ സൂക്ഷിച്ചത്.. നോക്ക് എന്റെ കയ്യിലു ഓളെ മുടിയുടെ ചൂടുണ്ട്. ഓളെ മണമുണ്ട്. ഓളില്ലാണ്ട് ഈ ഞാനില്ല''
കുഞ്ഞിക്ക നിയന്ത്രണം വിട്ട് കരഞ്ഞു. ഹോട്ടലിൽ മനുഷ്യർ കുറവായിരുന്നു. വെയിറ്റർ പരിഭ്രമിച്ചു. വന്ന ഉടനെ ടിപ്പ്‌സ് കൊടുക്കുന്ന, അതിനുശേഷം മാത്രം ഓർഡർ കൊടുക്കുന്ന കുഞ്ഞിക്കയെ സെർവ് ചെയ്യാൻ ആ ഹോട്ടലിൽ മത്സരമായിരുന്നു. അദ്ദേഹത്തിന്റെ വ്യഥയിൽ അയാൾ സ്സാർ, സാർ എന്നു വിളിച്ചു.
ഞാനൊന്നും മിണ്ടിയില്ല. എന്റെ ഹൃദയവും കണ്ണീർ ചുരന്നു നിലവിളിച്ചു. അമ്മ മരിച്ച് പോയശേഷം ഏകാകിയും വിഷാദജീവിയുമായ് മാറിയ എന്റെ വൃദ്ധനായ പിതാവിനെ എനിക്ക് ഓർമ വന്നു. ജീവിതം കൊണ്ട് സമൂഹത്തെ കുത്തുകയും പരീക്ഷിക്കുകയും ചെയ്‌കെ സ്വയം പറ്റിയ മുറിവുകളും പരിക്കുകളും സ്വയം ആകേണ്ടി വന്ന ഏകാകിയുടെ ഭാരമേറിയ പട്ടം.
എന്റെ വിഷാദവേശ്യകളുടെ ഓർമക്കുറിപ്പുപോലെ സങ്കടകരമായ ഒരു ജീവിതം. കാമുകിയുടെ കാൽപ്പത്തിയുടെ നഗ്‌നത കാണുമ്പോൾ പാവം തോന്നുന്ന കുഞ്ഞിക്ക. അവളുടെ കണ്ണീരുണക്കാൻ രാത്രി മുഴുവൻ അവളുടെ മുടിയിൽ തഴുകുന്ന കുഞ്ഞിക്ക. ജിന്നുകളും മലക്കുകളുമക്ഷരങ്ങൾ കൊടുത്ത മായാജാലക്കാരൻ. അതുപയോഗിച്ച് എല്ലാ കണ്ണീരും ഒപ്പുന്നവൻ. അവൻ ജീവിതം കൊണ്ട് കൊടുത്ത കലഹവിലയായിരുന്നു ആ ഏകാന്തത... ജീവിതസന്ധ്യയിലെ കടുത്ത ഒറ്റയാവൽ. ആ കയ്യുകളിൽ ഞാൻ തൊട്ടു. പരുപരുപ്പുണ്ടായിരുന്നു. നഖങ്ങൾക്ക് പഴയ ഭംഗി ഉണ്ടായിരുന്നില്ല. വെളിച്ചം കെട്ട് ചത്തുതുടങ്ങിയ വാൽ നക്ഷത്രത്തെപ്പോലെ അവയിൽ ഊതനിറമൂറിനിന്നു.
ഉത്സവവും ആരവും കഴിഞ്ഞ ഒരു ദേശം പോലെയായിരുന്നു കുഞ്ഞിക്ക. ആന്തരികമായി ചിതറിപ്പോയിരുന്നു. മനുഷ്യരും തിരക്കുകളും അക്ഷരങ്ങളും ഒഴിഞ്ഞിരുന്നു. വർണ്ണങ്ങളുടെ തൊങ്ങലുകൾ അഴിച്ചു കളഞ്ഞിരുന്നു. വിജയത്തിന്റെ കൊടിക്കൂറ ഒടിഞ്ഞ കൊറ്റിമരത്തിൽ ദ്രവിച്ചു നിന്നു. കുറേ ചിതറിയ കടലാസുകളും നനഞ്ഞ പടക്കങ്ങളും പോലെ കുഞ്ഞിക്കയെന്ന ദേശം വിജനമായിത്തീർന്നു. കുഞ്ഞിക്കയെ അത് പോലെ ഞാൻ മുമ്പൊരിക്കലും കണ്ടില്ല.
കവി പാടിയതോർമ്മ വന്നു.
""തൊലിയിൽ നിന്നാത്മാവിലേക്കുടഞ്ഞ് ചിതറി വീഴും പോലെ'' ശരീരങ്ങളിൽ നിന്ന് മാംസങ്ങളിൽ നിന്ന് ആത്മാവിലേയ്ക്ക് ചിതറിയവന്റെ കരച്ചിലായിരുന്നു അത്...
ജീവിതം മുഴുവൻ എരിഞ്ഞ ഒരു തൊണ്ടക്കുഴിയിൽ നിന്നുള്ള വിലാപം.
പിന്നീടൊരിക്കലും ഞാനദ്ദേഹത്തെ കണ്ടില്ല. ഫോണിൽ പോലും സംസാരിച്ചില്ല. ആശുപത്രിയിൽ നിന്ന് വന്ന് തിരിച്ച് ബേബി മെമ്മോറിയലിലേയ്ക്ക് തന്നെ പോയ ആ ഏകാന്തവാർദ്ധക്യത്തിന്റെ യൗവ്വനരൂപത്തിൽ എല്ലാ ലോകവും അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു. ദുർബലനായ ഒരു കുഞ്ഞിക്കയെ കാണാൻ എനിക്കാകുമായിരുന്നില്ല. അമ്മയുടെ മരണം എന്നിലുണ്ടാക്കിയ ഭയം അത്ര വലുതായിരുന്നു. മരണാസന്നരായ മനുഷ്യരിൽ നിന്ന് ഓടിയകലാൻ എന്റെയുള്ളിലക്കാലത്ത് തീവ്രമായ ത്വരയായിരുന്നു. ഞാൻ കുഞ്ഞിക്കയെ കാണാതിരിക്കാൻ ശ്രമിച്ചു. രണ്ടോ മൂന്നോ വട്ടം അദ്ദേഹം ആരോടൊക്കെയോ എന്നെ അന്വേഷിച്ചു.
എഴുത്തിന്റെ ധീരതയ്ക്ക് കല്ലുപാകിയ അപൂർവ്വം മനുഷ്യരിലൊരാളായിരുന്നു. ധീരമായിരിക്കേണ്ടതിന്റെ, ശക്തമായിരിക്കേണ്ടതിന്റെ, ഗർവ്വിയായി ഇരിക്കേണ്ടതിന്റെ ആവശ്യമെന്തെന്ന് പഠിപ്പിച്ച ആളായിരുന്നു. ആ ഗർവ്വും ധീരതയും പോരാട്ടവുമില്ലാത്ത കുഞ്ഞിക്ക എന്റെയല്ല, എന്റെയേ അല്ല. വിഷാദവൃദ്ധനായ മനുഷ്യൻ മറ്റേതോ കുഞ്ഞിക്കയാണ്. നിലവിളിക്കുന്ന നിസ്സഹായനായ മനുഷ്യൻ മറ്റേതോ കുഞ്ഞിക്കയാണ്.
മരണദേവതയുടെ കാമുകൻ
അദ്ദേഹം മരിച്ചപ്പോൾ കാണാൻ പോയവരിൽ ഞാനുണ്ടായിരുന്നില്ല.
കാരണം, എനിക്ക് പ്രിയങ്കരനായ, പരിചയപ്പെട്ട അന്ന് എഴുത്തുകാരീ എന്നും പിന്നെ എന്നെന്നേയ്ക്കുമായ് മോളേ എന്നും അപൂർവ്വമായി ഇന്ദുക്കുട്ടീ എന്നും മാത്രം വിളിച്ച യൗവനകാരിയായ പിതൃവാത്സല്യത്തിന് എന്റെയുള്ളിൽ മരണമില്ല.
എനിക്ക് കുഞ്ഞിക്ക ഒരിക്കലും അവസാനമില്ലാത്ത ഒരു യൗവനകാരിയായ പിതൃജീവിതമായിരുന്നു. ആരാവശ്യപ്പെട്ടിട്ടും ഒരു ചരമക്കുറിപ്പും ഓർമയും എഴുതാത്ത ഞാൻ അദ്ദേഹത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടേയിരിക്കുന്നു.
കുട്ടിക്കാലത്ത് എന്റെ അമ്മവീട്ടിലെ പാതിചന്ദ്രരാത്രികളിൽ എന്നെ തോളിലിട്ട് അളിവേണിയുറക്കിയതാണ് എന്റെയച്ഛനെക്കുറിച്ചുള്ള ആദ്യ ഓർമ. ഓർമ തെളിഞ്ഞ അന്ന് എന്റെ പിതാവ് ചെറുപ്പക്കാരനായിരുന്നു. അതേ ഓർമ പോലെ, നിറമുള്ള ഷർട്ടുകളിൽ, കുടക്കടുക്കൻ ഇട്ട ചെവികളിൽ, ചായം തേച്ച് കറുപ്പിച്ച മുടിയിഴകളിൽ, ബർമുഡകളിൽ, ഓസീഡി പിടിച്ച് ടിഷ്യൂ കൊണ്ട് കുപ്പിഗ്ലാസ് എപ്പോഴും വൃത്തിയാക്കുന്ന വൃത്തിപ്പിശാചിൽ, ധൈര്യത്തിൽ എഴുതൂ എഴുതൂ എന്ന് സദാ ഓർമിപ്പിക്കുന്ന വാക്കുകളിൽ, നടക്കാനോ കിടക്കാനോ പോകും മുമ്പ് എസി ഓണാക്കിയിടൂ രൂപേഷ് എന്ന ഉപദേശങ്ങളിൽ, ഓക്കൊരു കുപ്പായം തുന്നിക്കൊടുക്കൂ റാണീ എന്ന അഭ്യർത്ഥനകളിൽ, സമൂഹത്തിന്റെ നെഞ്ചത്ത് തന്നെ കുത്തി നാട്യത്തെയും കാപട്യത്തേയും മലർത്തി ആ കത്തിയിൽ പുരണ്ട രക്തം മണത്ത് നാറുന്ന ചോര എന്ന് അറച്ച വിപ്ലവകാരിയിൽ... എനിക്ക് കുഞ്ഞിക്ക ഒരിക്കലും അവസാനമില്ലാത്ത ഒരു യൗവനകാരിയായ പിതൃജീവിതമായിരുന്നു.
ആരാവശ്യപ്പെട്ടിട്ടും ഒരു ചരമക്കുറിപ്പും ഓർമയും എഴുതാത്ത ഞാൻ അദ്ദേഹത്തെക്കുറിച്ച് ആലോചിച്ച് കൊണ്ടേയിരിക്കുന്നു.
മുസ്ലിമും ഹിന്ദുവും കൃസ്ത്യാനിയും ആയിരുന്ന, എല്ലാക്കാലത്തും എന്റെ പൂർവിക കുലത്തിലായിരുന്ന പിതൃലോകത്തുള്ള അദ്ദേഹത്തിനായ് ജന്മാന്തരേ യെ മമ സംഗതാശ്ച തേഭ്യ സ്വയം പിണ്ഡ ബലിം ദദാമി
മാതൃ വംശേ മൃതായേശ്ച പിതൃവംശെ തഥൈവ ച
ഗുരു ശ്വശുര ബന്ധൂനാം യെ ചാന്യേ ബാന്ധവാമൃത
യേ മേ കുലേ ലുപ്ത പിണ്ഡാ പുത്ര ദാരാ വിവർജിതാ
എന്ന് പിണ്ഡമൂട്ടുന്നു.
ഈ അഭിമുഖം ഒരിക്കലും പൂർത്തിയാകില്ല; കാരണം കുഞ്ഞിക്ക എന്നാൽ മൂന്നക്ഷരമല്ല, മുന്നൂറാണ്ടത്തെ നിഷ്‌കപടമായ സത്യസന്ധമായ പിതൃസ്‌നേഹമാണ്.
""കുഞ്ഞിക്ക, കുഞ്ഞിക്ക, കുഞ്ഞിക്ക.
മരണദേവതയെ പ്രേമിച്ച ധീരനേ...
നിന്റെ കവർപ്പടമിച്ച് നമ്മൾ കൊടുക്കുമെന്ന് പറഞ്ഞ ആ അഭിമുഖം അപൂർണമായി ഞാനിതാ പ്രസിദ്ധം ചെയ്യുന്നു.''