കെ.ജെ. ബേബി / Photo: Kerala Literature Festival

ഹാർമോണിയം എന്ന ‘മാരകായുധം’
കൂടെക്കരുതിയ കെ.​ജെ. ബേബിയെ
കേരളത്തിലെ പോലീസ് വിളിച്ചത് തീവ്രവാദി എന്നാണ്…

കലാഹൃദയമുള്ളവരെ സംബന്ധിച്ച് മനുഷ്യപക്ഷരാഷ്ട്രീയം സംഗീതം പോലെ ലളിതമാണ്. പഠനവും മനനവും അപ്രസക്തമായിപ്പോകുന്ന സഹജമായ ഗോത്രതാളം സ്വായത്തമാക്കിയതുകൊണ്ടാവണം കെ.ജെ. ബേബി ഗൗരവതരമായി രാഷ്ട്രീയം പറഞ്ഞു തർക്കിക്കുകയോ തലപുകയ്ക്കുകയോ ചെയ്തില്ല- ജയൻ ശിവപുരം എഴുതുന്നു.

ആദ്യഘട്ടത്തിൽ അൽപം വിശകലനപരവും തുടർന്ന് വ്യക്തിപരവുമായി മാറുന്ന കുറിപ്പാണിത്. സാമൂഹികജീവിതത്തിൽ ഇടപെട്ട ഒരാളുമായി വ്യക്തിപരമായ അടുപ്പമുണ്ടെങ്കിൽ മാറിനിന്ന് വിശകലനം മാത്രം നടത്തുന്നത് ശരികേടാണ് എന്നൊരു തോന്നൽ ഉണ്ടായിക്കൊണ്ടിരിക്കുന്നു. ഇതുകൊണ്ടാണ് അറിഞ്ഞ കെ.ജെ. ബേബിയെ ചുരുക്കി അപഗ്രഥിച്ചുകൊണ്ട് അറിയാനിടയായ സന്ദർഭത്തിലേക്ക് പിന്മടക്കം നടത്തുന്നത്.

ഒന്ന്

നുകമ്പയും കരുണയും നിറഞ്ഞ ഹൃദയം കൊണ്ട് സർഗാത്മകമായി പ്രതികരിച്ച ഒറ്റയാൾ പ്രസ്ഥാനമെന്ന നിലയിൽ കേരളം കണ്ട അപൂർവ വ്യക്തിത്വമാണ് കെ.ജെ. ബേബി. ഏതു പ്രത്യയശാസ്ത്രത്തിന്റെ പിൻബലത്തിലായാലും മനുഷ്യവിരുദ്ധമായ അധികാരപ്രയോഗം നടത്തുന്നവരിലൂടെ നൂറ്റാണ്ടുകളായി ചരിത്രത്തിൽ തുടരുന്നത് ഒരേ മനസ്സാണെന്ന നാടുഗദ്ദികയുടെ കണ്ടെത്തൽ രാഷ്ട്രീയവിശകലനം തന്നെയാണ്. എന്നാൽ ബേബിയാകട്ടെ, വയനാട്ടിലെ കാട്ടുചോല പോലെ ഒഴുകിയ ശുദ്ധ കലാകാരനും. ചിരിച്ചും പാടിയും നൃത്തം ചെയ്തും ഗോത്രജീവിതത്തിലലിഞ്ഞുനേടിയ അറിവും അനുഭവവും അനുവാചകരിലേക്കു പകരുകയാണ് അയാൾ ചെയ്തത്. നാടകമായും പാട്ടായും നോവലായും സിനിമയായും അതെല്ലാം നമ്മെത്തേടിയെത്തി.

ഹാർമോണിയം മാത്രമായിരുന്നു ബേബി കൂടെക്കരുതിയിരുന്ന മാരകായുധം. പാടിയും നൃത്തം വച്ചും ജനങ്ങൾക്കിടയിൽ നിന്ന് ആദിവാസി ജീവിതത്തിന്റെ നേർസാക്ഷ്യങ്ങൾ നാടകത്തിലൂടെ തുറന്നുവച്ച ഒരാളെ എഴുപതുകളുടെ തുടക്കത്തിൽ കേരളത്തിലെ പോലീസ് വിളിച്ചത് തീവ്രവാദിയെന്നാണ്. ഒരു രാഷ്ട്രീയ ചിന്താപദ്ധതി ശാസ്ത്രീയമാണെന്നും അതിന്റെ പ്രവചനങ്ങൾ കടുകിട തെറ്റാതെ ഫലിക്കുമെന്നും വിശ്വസിച്ച് ആത്മബലിക്കിറങ്ങിയ മനുഷ്യസ്‌നേഹികളുടെ സംഘടനയിലേക്ക് ബേബി എടുത്തുചാടിയിരുന്നില്ല. മർദിതരുടെ വിമോചനത്തിനായി മറ്റു മനുഷ്യരുടെ തലവെട്ടിയെടുക്കണമെന്നു കരുതാൻ കഴിയുന്ന മനസ്സും അയാൾക്കുണ്ടായിരുന്നില്ല. എന്നാൽ വർഷങ്ങൾക്കു മുൻപ് ഇങ്ങനെ എടുത്തുചാടി ജീവൻ വെടിഞ്ഞ മനുഷ്യസ്‌നേഹിയായ വർഗീസിനെപ്പോലെ തന്നെയാണ് വടക്കൻ മലബാറിൽ നിന്ന് ബേബിയും വയനാട്ടിലെത്തിയത്. വർഗീസ് രക്തസാക്ഷിയായ മണ്ണിൽ നിന്നാണ് നാടുഗദ്ദികയെന്ന ഗോത്രാനുഷ്ഠാനം ബേബിയെ ആവേശിക്കുന്നതും.

പഠനവും മനനവും അപ്രസക്തമായിപ്പോകുന്ന സഹജമായ ഗോത്രതാളം സ്വായത്തമാക്കിയതുകൊണ്ടാവണം ബേബി ഗൗരവതരമായി രാഷ്ട്രീയം പറഞ്ഞു തർക്കിക്കുകയോ തലപുകയ്ക്കുകയോ ചെയ്തില്ല.
പഠനവും മനനവും അപ്രസക്തമായിപ്പോകുന്ന സഹജമായ ഗോത്രതാളം സ്വായത്തമാക്കിയതുകൊണ്ടാവണം ബേബി ഗൗരവതരമായി രാഷ്ട്രീയം പറഞ്ഞു തർക്കിക്കുകയോ തലപുകയ്ക്കുകയോ ചെയ്തില്ല.

എ.കെ.ജിയെപ്പോലുള്ള നേതാക്കളുടെ സ്വാധീനത്താൽ കമ്യൂണിസ്റ്റ് പാർട്ടിയിലേക്ക് ആകൃഷ്ടരായ ഭൂവുടമകളെത്തന്നെയാണ് കമ്യൂണിസ്റ്റുകാരനായിരുന്ന വർഗീസിന് കർഷകത്തൊഴിലാളികൾക്കും ആദിവാസികൾക്കുമൊപ്പം നിന്ന് നേരിടേണ്ടിവന്നതെന്ന് ബേബി തിരിച്ചറിയുന്നുണ്ട്. കലാഹൃദയമുള്ളവരെ സംബന്ധിച്ച് മനുഷ്യപക്ഷരാഷ്ട്രീയം സംഗീതം പോലെ ലളിതമാണ്. പഠനവും മനനവും അപ്രസക്തമായിപ്പോകുന്ന സഹജമായ ഗോത്രതാളം സ്വായത്തമാക്കിയതുകൊണ്ടാവണം ബേബി ഗൗരവതരമായി രാഷ്ട്രീയം പറഞ്ഞു തർക്കിക്കുകയോ തലപുകയ്ക്കുകയോ ചെയ്തില്ല.

വർഗീസ് പിൻതുടർന്ന സ്‌നേഹരാഷ്ട്രീയത്തിന്റെ ആഴം ആദിവാസികളാണ് ബേബിയോടു പറയുന്നത്. എന്നാൽ അത് ബേബിയുടെ വഴിയായിരുന്നില്ല. അദ്ദേഹത്തിലെ കലാകാരന് ചിട്ടയായ സംഘടനാ പ്രവർത്തനം അസാധ്യവുമായിരുന്നു. എങ്കിലും മർദിതർക്കായി പോരാട്ടം നടത്തുന്നതിന്റെ ഗാഥകൾ പാടാനും അതിൽ നിന്നു നാടകം കടഞ്ഞെടുക്കാനും അദ്ദേഹം ഉത്സാഹിച്ചു. ഗൂഡല്ലൂരിലെ കുടിയിറക്കിൽ പ്രതിഷേധിച്ച് തീകൊളുത്തി ആത്മാഹുതി ചെയ്ത ലൂയീസിനെപ്പറ്റി ബേബി നാടകമെഴുതിയത് ഇതുകൊണ്ടാണ്. ഗൂഡല്ലൂരിൽ സമരം നയിക്കാൻ പോയ ലൂയീസ് നടവയലുകാരനാണെന്ന് അദ്ദേഹം മനസ്സിലാക്കിയതു പിന്നീടാണ്. ലൂയീസിനെ മറന്നോ എന്ന പേരിലുള്ള നാടകം റിഹേഴ്‌സൽ ചെയ്‌തെങ്കിലും അവതരിപ്പിക്കാൻ പറ്റിയില്ല.

വർഗീസ് പിൻതുടർന്ന സ്‌നേഹരാഷ്ട്രീയത്തിന്റെ ആഴം ആദിവാസികളാണ് ബേബിയോടു പറയുന്നത്. എന്നാൽ അത് ബേബിയുടെ വഴിയായിരുന്നില്ല. അദ്ദേഹത്തിലെ കലാകാരന് ചിട്ടയായ സംഘടനാ പ്രവർത്തനം അസാധ്യവുമായിരുന്നു.

ബേബിയുടെ കലാപ്രവർത്തനം രാഷ്ട്രീയ പ്രവർത്തനം കൂടിയാണെന്ന് തിരിച്ചറിഞ്ഞ സിവിക് ചന്ദ്രനിലെ കവിയാണ് നാടുഗദ്ദികയെ സാംസ്‌കാരിക പ്രതിരോധത്തിന്റെ മുന്നരങ്ങിലേക്കു കൊണ്ടുവന്നത്. ഇങ്ങനെ ബേബിയുടെ നാടകവും സംഗീതവും വയനാടിനു പുറത്തേക്കു സഞ്ചരിച്ചു. സാംസ്‌കാരിക വേദിയുടെ ലേബലിൽ നാടുഗദ്ദിക അരങ്ങേറുന്നതിന്റെ രാഷ്ട്രീയവിവക്ഷകൾ അതിൽ അഭിനയിച്ചിരുന്ന പലർക്കും അറിയുമായിരുന്നില്ലെന്ന് ബേബി പിന്നീടു പറഞ്ഞിട്ടുണ്ട്. ബേബിക്കു തന്നെയും രാഷ്ട്രീയമായ താൽക്കാലിക ഉപകരണം മാത്രമായിരുന്നില്ല നാടകം. നാടകത്തിൽ നിന്ന് ആദിവാസി ജീവിതം പറയുന്ന നോവലിലേക്കും സിനിമയിലേക്കും കടക്കാൻ അദ്ദേഹത്തിന് എളുപ്പം കഴിഞ്ഞതും ഇതുകൊണ്ടാണ്.

ഈ വിശകലനം തുടരുന്നതിനിടെ അൽപം വ്യക്തിപരമായ കാര്യങ്ങൾ രേഖപ്പെടുത്താം.

രണ്ട്

ബാലുശ്ശേരിക്കടുത്ത് ശിവപുരത്തിന്റെ സമീപപ്രദേശമായ നന്മണ്ടയിൽ നാടുഗദ്ദിക നാടകം അവതരിപ്പിക്കപ്പെട്ടതിനെക്കുറിച്ചുള്ള കേട്ടറിവിൽ നിന്നാണ് കെ.ജെ. ബേബിയെന്ന പേര് ആദ്യമായി മനസ്സിലുടക്കുന്നത്. നന്മണ്ടയിൽ നാടകം അരങ്ങേറിയ ദിവസമാണ് കേണിച്ചിറയിൽ നക്‌സലൈറ്റ് ആക്രമണത്തിൽ മഠത്തിൽ മത്തായി കൊല്ലപ്പെട്ടതെന്നും കേട്ടിരുന്നു. പിറ്റേന്ന് മുതലക്കുളം മൈതാനിയിൽ ഇതേ നാടകം കളിക്കുമ്പോൾ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നുവല്ലോ. തൊണ്ണൂറുകളുടെ തുടക്കത്തിൽ സ്‌കൂൾ നാടകം എഴുതി സംവിധാനം ചെയ്യാൻ ഞാൻ വയനാട്ടിലെ പൂതാടിയിലേക്കു പോയ സമയത്ത് താമസം കേണിച്ചിറയിലായിരുന്നു. മത്തായിയുടെ വീടിനു സമീപം. അന്ന് പൂതാടി ഹൈസ്‌കൂളിൽ ജോലി ചെയ്തിരുന്ന സുഹൃത്തുക്കളായ ബാലൻ മാസ്റ്ററും അന്തരിച്ച മുരളി മാസ്റ്ററും താമസിച്ചിരുന്ന വീട്ടിൽ. കുട്ടിക്കാലം മുതലേ കേൾക്കുന്ന കെ.ജെ. ബേബിയുടെ നാട് സമീപത്താണെന്ന് അപ്പോഴാണറിയുന്നത്. ബേബി ആദ്യമായി അപൂർണ എന്ന നാടകം അവതരിപ്പിച്ചത് പൂതാടിയിലാണെന്ന് അവിടുത്തെ ആദിവാസികൾ പറഞ്ഞു. അന്നു ‘കനവ്’ എന്ന അനൗപചാരിക പാഠശാല നടവയിലിൽ ആരംഭിച്ചിട്ടില്ലെന്നാണ് ഓർമ.

ബേബി ആദ്യമായി അപൂർണ എന്ന നാടകം അവതരിപ്പിച്ചത് പൂതാടിയിലാണെന്ന് അവിടുത്തെ ആദിവാസികൾ പറഞ്ഞു. അന്നു ‘കനവ്’ എന്ന അനൗപചാരിക പാഠശാല നടവയിലിൽ ആരംഭിച്ചിട്ടില്ലെന്നാണ് ഓർമ.
ബേബി ആദ്യമായി അപൂർണ എന്ന നാടകം അവതരിപ്പിച്ചത് പൂതാടിയിലാണെന്ന് അവിടുത്തെ ആദിവാസികൾ പറഞ്ഞു. അന്നു ‘കനവ്’ എന്ന അനൗപചാരിക പാഠശാല നടവയിലിൽ ആരംഭിച്ചിട്ടില്ലെന്നാണ് ഓർമ.

വയനാട്ടിൽ ഇന്നത്തേക്കാൾ കുളിരുണ്ടായിരുന്ന കാലമാണ്. രാത്രിയിൽ പുറത്തിറങ്ങാൻ പ്രയാസം. നാടകപരിശീലനവും മറ്റുമായി തിരക്കായതിനാൽ നടവയൽ വരെ പോയി ബേബിയെ കാണാൻ കഴിഞ്ഞില്ല. ഈ സങ്കടത്തിലാണ് ചുരമിറങ്ങിയത്. ഇക്കാലത്ത് നാടുഗദ്ദിക പുസ്തകരൂപത്തിൽ പുറത്തിറങ്ങി. ചാരനിറമുള്ള പുറംചട്ടയോടെ ഒട്ടും നിറപ്പൊലിമയില്ലാത്ത ഗോത്രസ്വഭാവമുള്ള തനി നാടൻ പുസ്തകം. അതു വായിച്ചപ്പോഴാണ് മലയാളത്തിൽ ഇങ്ങനെയും ഒരു നാടകമോ എന്ന് അത്ഭുതപ്പെട്ടത്. ബേബിയെ നേരിൽക്കണ്ടില്ലല്ലോ എന്ന സങ്കടം ഇരട്ടിച്ചു. ബേബിയെ കാണാൻ മാത്രമായി നടവയലിലേക്കു പോയത് പുസ്തകവായന തന്ന നാടകാനുഭവത്തിന്റെ തള്ളലിലാണ്. അപ്പോഴേക്കും ‘കനവ്’ വാർത്തകളിൽ പ്രത്യക്ഷപ്പെട്ടു തുടങ്ങിയിരുന്നു.

ആവേശക്കാരനും ഊർജസ്വലനുമായ ഒരു ജിൽജിൽ നാടകക്കാരനെ പ്രതീക്ഷിച്ചു ചെന്ന എനിക്ക് നിരാശ തോന്നി. ബേബിയിൽ നിർമമനായൊരു സന്യാസിയെയാണ് കണ്ടത്. (അവസാന കാലത്ത് ശാന്തി തേടി ബേബി രമണമഹർഷിയുടെ ആശ്രമത്തിലെത്തിയെന്നു കേട്ടപ്പോൾ അത്ഭുതം തോന്നിയിരുന്നില്ല. അയാൾക്ക് അവിടെത്തന്നെയേ എത്താൻ കഴിയുമായിരുന്നുള്ളൂ.) മുഖത്ത് ഗൗരവരാഷ്ട്രീയക്കാരുടെ കുപ്പായമിട്ടവരിൽ സദാ തുടിക്കുന്ന ആരോടൊക്കെയോ ഉള്ള രോഷമില്ല. നാടകം കൊണ്ട് നാടു നന്നാക്കിക്കളയാമെന്ന് വിശ്വസിച്ചുള്ള മസിൽ പെരുപ്പിക്കലില്ല. നാടുഗദ്ദിക എന്തോ മഹത്തായ സംഭവമാണെന്ന താൻപോരിമയില്ല. ചിരി, സ്‌നേഹം, ചിരപരിചിതനോടെന്ന പോലെയുള്ള സംസാരം. സ്വന്തം മക്കൾക്കും ആദിവാസിക്കുട്ടികൾക്കുമൊപ്പം മറ്റൊരു കുട്ടി മാത്രമായിരുന്നു ബേബിയേട്ടൻ. ഭാര്യ ഷെർളി എല്ലാറ്റിനും പിന്തുണയുമായി കൂടെ.

സാംസ്‌കാരിക വേദിയുടെ ലേബലിൽ നാടുഗദ്ദിക അരങ്ങേറുന്നതിന്റെ രാഷ്ട്രീയവിവക്ഷകൾ അതിൽ അഭിനയിച്ചിരുന്ന പലർക്കും അറിയുമായിരുന്നില്ലെന്ന് ബേബി പിന്നീടു പറഞ്ഞിട്ടുണ്ട്. ബേബിക്കു തന്നെയും രാഷ്ട്രീയമായ താൽക്കാലിക ഉപകരണം മാത്രമായിരുന്നില്ല നാടകം.

പത്രപ്രവർത്തനത്തിലേക്കു കടന്നപ്പോൾ നാടകം ഉള്ളിലെ ആവേശം മാത്രമായി നിലനിന്നു. ഇതിനിടെയാണ് കോട്ടയത്തെ പത്രമാപ്പീസിലെ ഇടനാഴിയിലൂടെ നടക്കുമ്പോൾ ഒരു ചോദ്യം വന്നത്: കെ.ജെ. ബേബിയുമായി ഒരു അഭിമുഖം നടത്തിക്കൂടേ, ഭാഷാപോഷിണിയുടെ സ്‌പെഷൽ പതിപ്പിന്...
കെ.സി. നാരായണനാണ് ചോദ്യകർത്താവ്. അദ്ദേഹം ഭാഷാപോഷിണിയുടെ പത്രാധിപരായി ചുമതലയേറ്റ കാലം. കോഴിക്കോട്ടുകാരനും നാടകപ്രേമിയുമാണ് ഞാനെന്ന് കെ.സിക്ക് അറിയാമായിരുന്നു. ബേബിയോടുള്ള ഇഷ്ടവും നേരിയ മുൻപരിചയവും വച്ച് അതേറ്റെടുത്തു. വയനാട്ടിലെ ലാൻഡ് ഫോൺ നമ്പരിലേക്കു വിളിച്ചു. ഭാര്യ ഷെർളിയാണ് ഫോണെടുത്തത്. തുടർന്ന് ബേബിയേട്ടനു കൈമാറി. ഒരഭിമുഖത്തിനായി കോട്ടയത്തു നിന്ന് ബുദ്ധിമുട്ടി വയനാടു വരെ യാത്ര ചെയ്യണോ എന്ന നിഷ്‌കളങ്കമായ ചോദ്യം. പിന്നെ അൽപമൊന്ന് ആലോചിച്ച ശേഷം പറഞ്ഞു: അടുത്ത ആഴ്ച മലപ്പുറത്ത് ഞങ്ങളുടെ കലാപരിപാടിയും ഒരു ക്യാംപുമുണ്ട്. അവിടുത്തെ കോൺടാക്ട് നമ്പർ തരാം. അത്രയും യാത്ര ചെയ്താൽ മതിയല്ലോ.

നാടകം തെരുവരങ്ങിലേക്കു വന്നത് വയനാട്ടിൽ പലയിടത്തും സ്റ്റേജ് കെട്ടാൻ പണമില്ലാത്തതുകൊണ്ടാണെന്ന് നിഷ്‌കളങ്കമായി ബേബി പറഞ്ഞു./  photo:Unni.R
നാടകം തെരുവരങ്ങിലേക്കു വന്നത് വയനാട്ടിൽ പലയിടത്തും സ്റ്റേജ് കെട്ടാൻ പണമില്ലാത്തതുകൊണ്ടാണെന്ന് നിഷ്‌കളങ്കമായി ബേബി പറഞ്ഞു./ photo:Unni.R

അങ്ങനെ രണ്ടാമതൊരു ‘കനവ്’ യാത്ര നഷ്ടമായെങ്കിലും മലപ്പുറം വരെയേ പോകേണ്ടി വന്നുള്ളൂ. ഈ അഭിമുഖത്തിലാണ് ബേബിയുടെ ഇന്നെല്ലാവർക്കും അറിയാവുന്ന ആത്മകഥ അദ്ദേഹത്തിന്റെ വാക്കുകളിൽ ആദ്യമായി കേൾക്കുന്നത്. അദ്ദേഹം സംസാരിക്കുമ്പോൾ അതെല്ലാം എഴുതിയെടുക്കുകയും ടേപ് റിക്കോർഡറിൽ പകർത്തുകയും ചെയ്‌തെങ്കിലും കേരളത്തിലെ നക്‌സലൈറ്റ് പ്രസ്ഥാനവും അതിന്റെ കലാ- സാംസ്‌കാരിക വിഭാഗവും തമ്മിലൊക്കെയുണ്ടായിരുന്ന പൊരുത്തക്കേടുകളും എടുത്തുചാട്ട സംഘടനാ രാഷ്ട്രീയത്തിലെ യാന്ത്രികതയും ആത്യന്തികമായ ശാന്തിക്കുവേണ്ടിയെന്ന പേരിൽ എക്കാലവും നടന്നിട്ടുള്ള നരഹത്യകളും യുദ്ധങ്ങളുമെല്ലാമാണ് മനസ്സിലേക്കെത്തിയത്. ഇതൊന്നും പ്രത്യക്ഷത്തിൽ ബേബിയുടെ സംസാരത്തിലുണ്ടായിരുന്നില്ലതാനും. സംസ്കാരിക വേദിയുമായും സംഘടനയുമായുള്ള അഭിപ്രായവ്യത്യാസം അന്തിക്കാട് സമ്മേളനത്തിൽ പ്രകടിപ്പിച്ചിരുന്നുവെന്നൊക്കെ ഒഴുക്കൻ മട്ടിൽ അദ്ദേഹം പറഞ്ഞിരുന്നുവെന്നു മാത്രം.

രമണമഹർഷിയുടെ ആശ്രമത്തിലിരുന്ന് മലബാർ മാന്വൽ ആഴത്തിൽ പഠിച്ച് ബേബി ഒരു നോവലെഴുതുകയാണെന്ന വാർത്ത ഏതോ ഓൺലൈൻ ചാനലിലൂടെയാണ് അറിഞ്ഞത്. ഗുഡ്‌ബൈ മലബാർ വായിച്ചാലറിയാം, എത്രമാത്രം പഠനവും ഗവേഷണവും നടത്തിയാണ് ആ പുസ്തകം എഴുതിയതെന്ന്.

നാടകം തെരുവരങ്ങിലേക്കു വന്നത് വയനാട്ടിൽ പലയിടത്തും സ്റ്റേജ് കെട്ടാൻ പണമില്ലാത്തതുകൊണ്ടാണെന്ന് നിഷ്‌കളങ്കമായി ബേബി പറഞ്ഞു. ആദ്യകാലത്ത് അദ്ദേഹം ബാദൽ സർക്കാരിനെപ്പറ്റിയൊന്നും കേട്ടിരുന്നില്ല. അഗസ്റ്റോ ബോലിന്റെ തിയറ്റർ ഓഫ് ദ ഒപ്രസ്ഡ് പിന്നീട് വായിച്ചതിനെപ്പറ്റിയും അതിൽ പറയുന്നതൊക്കെ വർഷങ്ങൾക്കുമുൻപ് ഒട്ടും അക്കാദമിക്കല്ലാതെ താൻ ചെയ്തിരുന്നുവല്ലോ എന്ന് ചിന്തിച്ചതിനെക്കുറിച്ചും ഈയിടെ എം.ജി.ശശി നടത്തിയ ഒരു യൂട്യൂബ് അഭിമുഖത്തിൽ ബേബി പറയുന്നതുകേട്ടു. കാൽ നൂറ്റാണ്ട് മുമ്പ് ഞാൻ അഭിമുഖം നടത്തുമ്പോൾ നാടകത്തിന്റെ സൈദ്ധാന്തികവശമോ അക്കാദമിക് പഠനരീതികളോ ഒന്നും ബേബി ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് അദ്ദേഹം സിനിമ പഠിക്കാൻ വരെ ശ്രമിച്ചു. സിനിമ സാക്ഷാത്ക്കരിക്കുകയും ചെയ്തു.

ഏറെക്കാലത്തിനു ശേഷം എം.ജി. ശശി സംവിധാനം ചെയ്ത ജാനകി എന്ന സിനിമയിൽ അഭിനയിക്കാൻ തൃശൂരിലെത്തിയപ്പോൾ മെർലിൻ ഹോട്ടലിൽ വച്ച് ബേബിയെ കണ്ടു. അതേ അടുപ്പം. അതേ ചിരി. അതേ നിർമമത്വം. വെറുതെ പഴയൊരു പാട്ടുമൂളി. കെ.ജെ. ജോണിയും ഞാനും അതു കേട്ടിരുന്നു.

ഹാർമോണിയത്തിൽ അനായാസം വിരലുകളൊഴുകും പോലെയായിരുന്നു ബേബിയുടെ സംസാരവും പ്രവൃത്തികളുമെല്ലാം.
ഹാർമോണിയത്തിൽ അനായാസം വിരലുകളൊഴുകും പോലെയായിരുന്നു ബേബിയുടെ സംസാരവും പ്രവൃത്തികളുമെല്ലാം.

രമണമഹർഷിയുടെ ആശ്രമത്തിലിരുന്ന് മലബാർ മാന്വൽ ആഴത്തിൽ പഠിച്ച് ബേബി ഒരു നോവലെഴുതുകയാണെന്ന വാർത്ത ഏതോ ഓൺലൈൻ ചാനലിലൂടെയാണ് അറിഞ്ഞത്. ഗുഡ്‌ബൈ മലബാർ വായിച്ചാലറിയാം, എത്രമാത്രം പഠനവും ഗവേഷണവും നടത്തിയാണ് ആ പുസ്തകം എഴുതിയതെന്ന്. കാട്ടുചോല പോലെ ഒഴുകിയിരുന്ന ബേബിയിലെ കലാകാരൻ അക്കാദമിക വഴിയിലൂടെ ചിട്ടയോടെ സഞ്ചരിച്ചതിന്റെ ഫലം. ഹാർമോണിയത്തിൽ അനായാസം വിരലുകളൊഴുകും പോലെയായിരുന്നു ബേബിയുടെ സംസാരവും പ്രവൃത്തികളുമെല്ലാം. ഒട്ടും അഭിനയിക്കാതെ ജീവിച്ച അഭിനേതാവ്, നാടകക്കാരൻ. മരണം പോലും അയാൾ ഒരു രോഗത്തിനും വിട്ടുകൊടുത്തില്ല.


Summary: Baby took politics seriously and didn't engage in arguments or boasting.  Jayan Shivapuram Remembering K J Baby.


ജയൻ ശിവപുരം

നാടക പ്രവർത്തകൻ, നോവലിസ്റ്റ്, മാധ്യമപ്രവർത്തകൻ. മാലാഖമാർ പരസ്പരം സംസാരിക്കാറില്ല, മത്സ്യഗന്ധി, വാതിലിനപ്പുറം, കാറ്റിമ എന്നീ നോവലുകൾ പ്രസിദ്ധീകരിച്ചു. ബാബുരാജ് സ്വരരാഗങ്ങളുടെ മുന്തിരിപ്പാത്രം, യൂസഫലി കേച്ചേരി- ജീവിതവും സംഗീതവും എന്നീ പുസ്തകങ്ങളുടെ എഡിറ്റർ'.

Comments