ഡോ. ടി. കെ. നന്ദകുമാരൻ; വെറുമൊരു അധ്യാപകനെക്കുറിച്ചല്ല ഈ കുറിപ്പ്; മനുഷ്യനെന്ന നിലക്കും അധ്യാപകനെന്ന നിലക്കും ഒരു അപൂർവതയായിരുന്ന വ്യക്തിയെക്കുറിച്ചാണ്.
നന്ദൻ മാഷ് ഒരു സാധാരണ അധ്യാപകനായിരുന്നില്ല. വിദ്യാർഥികളുടെ ഒരു സുഹൃത്ത്, ഒരു വിദ്യാഭ്യാസ സ്ഥാപനത്തിലെ ഏറ്റവും പ്രധാന വ്യക്തി വിദ്യാർത്ഥിയാണെന്ന് ഉറച്ചു വിശ്വസിച്ച അധ്യാപകൻ. ഭരണസംവിധാനവും, എന്തിന്, അധ്യാപകർ പോലും നിമിത്തം മാത്രമാണ്; അതായത്, അവരുള്ളത് വിദ്യാർത്ഥികളുള്ളതുകൊണ്ടാണ്, വിദ്യാർത്ഥികളില്ലെങ്കിൽ അവരുടെയൊന്നും ആവശ്യമില്ല എന്ന ബോധ്യമുണ്ടായിരുന്ന അധ്യാപകൻ.
നന്ദൻ മാഷെ ഞാൻ പരിചയപ്പെടുന്നത് 1996 ൽ ശ്രീ കേരളവർമ്മ കോളേജിൽ ബി.എ. ഇംഗ്ലീഷിന് ചേർന്നപ്പോഴാണ്. 1994 മുതൽ 1996 വരെ പ്രീ ഡിഗ്രിക്ക് പഠിക്കുന്ന കാലത്ത് ഞാൻ അദ്ദേഹത്തെ കണ്ടിട്ടുണ്ടായിരുന്നു. പക്ഷെ, ഡിഗ്രി കാലഘട്ടത്തിലാണ് അടുത്തറിയുന്നത്. പൊതുവേ കഠിനമെന്ന് കരുതപ്പെട്ട എം.എച്ച്. എബ്രാംസിന്റെ ഗ്ലോസറി ഓഫ് ലിറ്റററി ടേംസ് നന്ദൻമാഷ് ഞങ്ങളെ പച്ചവെള്ളം പോലെ പഠിപ്പിച്ചു. നിഘണ്ടു പോലെയുള്ള ആ പുസ്തകത്തിന്റെ A മുതൽ Z വരെ ഞങ്ങളെ പഠിപ്പിച്ചു. അന്നു മുതൽ അക്കാദമിക് രംഗങ്ങളിൽ ഉപയോഗിച്ചു വരുന്ന സാങ്കേതികപദങ്ങളോടുള്ള ഞങ്ങളുടെ ഭയം ഇല്ലാതായി.
'ദൈവത്തിൽ വിശ്വസിക്കാത്തവർ കൈ പൊക്കുക' എന്നുപറഞ്ഞ് മാഷ് കൈ പൊക്കി. ഞാൻ ചുറ്റും നോക്കിയപ്പോൽ ഒരൊറ്റ കൈ പോലും ഉയർന്നിട്ടില്ല.
എം.എയ്ക്ക് മാഷ് യൂറോപ്യൻ ഫിക്ഷനാണ് കൈകാര്യം ചെയ്തിരുന്നത്. പതിനഞ്ചു നോവലുകൾക്കും അദ്ദേഹം ക്ലാസിൽ ജീവൻ നൽകി. ഏതു പുസ്തകവും ലളിതവും ആസ്വാദ്യകരവുമാക്കാനുള്ള സവിശേഷമായ കഴിവ് മാഷിനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരിക്കുന്നത് അവിസ്മരണീയ അനുഭൂതിയായിരുന്നു. ചിലപ്പോൾ രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി ക്ലാസെടുത്താലും സമയം പോകുന്നത് വിദ്യാർത്ഥികളാരും അറിയില്ല. ഫിക്ഷനായിരുന്നു മാഷിന്റെ പ്രിയപ്പെട്ട വിഷയമെങ്കിലും സാഹിത്യമെന്ന മേൽക്കൂരക്കു കീഴിലുള്ള ഒന്നും മാഷിന് അപ്രാപ്യമായിരുന്നില്ല. ഉദ്ദേശിക്കുന്നതു പറയുകയും പറയുന്നതു മാത്രം ഉദ്ദേശിക്കുകയും ചെയ്യുന്ന ഒരു വ്യക്തി. സംസാരത്തിലും പെരുമാറ്റത്തിലും വളച്ചുകെട്ടില്ല. പുറംപൂച്ചും ജാഡയും വെറുത്ത ആൾ. ജോലിയോടുള്ള അർപ്പണബോധവും, കളങ്കമില്ലാത്ത പെരുമാറ്റവും, ജീവിതത്തോടുതന്നെയുള്ള തുറന്ന കാഴ്ചപ്പാടും അദ്ദേഹത്തിന്റെ സഹപ്രവർത്തകരെയും വിദ്യാർത്ഥികളെയും ഒരുപോലെ ആകർഷിച്ചിരുന്നു.
താനൊരു നിരീശ്വരവാദിയാണെന്ന് അദ്ദേഹം അഭിമാനത്തോടെ പറഞ്ഞിരുന്നു. ഞങ്ങളുടെ എം.എ. ക്ലാസ്സിൽ, ""ദൈവത്തിൽ വിശ്വസിക്കാത്തവർ കൈ പൊക്കുക'' എന്നുപറഞ്ഞ് മാഷ് കൈ പൊക്കി. ഞാൻ ചുറ്റും നോക്കിയപ്പോൽ ഒരൊറ്റ കൈ പോലും ഉയർന്നിട്ടില്ല. അതുകണ്ട് ഞാൻ കൈ പൊക്കി. മാഷ് ചിരിച്ച് "പോടാ' എന്നു പറഞ്ഞു. എന്റെ കൈപൊക്കൽ വിശ്വസിക്കാതിരിക്കാൻ മാത്രം അദ്ദേഹത്തിന് എന്നെ അറിയാമായിരുന്നു. ഞങ്ങളുടെ സംഭാഷണങ്ങളിൽ; മനസ്സിനെ ഉദാത്തമാക്കേണ്ടതിന്റെ ആവശ്യകത തനിക്ക് ഒരു ഘട്ടത്തിൽ തോന്നിയിട്ടുണ്ടെന്ന് മാഷ് വെളിപ്പെടുത്തിയിരുന്നു. വായന, പ്രത്യേകിച്ചും ഫിക്ഷൻ, അതിനുള്ള സുരക്ഷിതമാർഗമായി അദ്ദേഹം കരുതി. ആത്മീയതയുടെ ആന്തരികമായ അന്വേഷണത്തെയും വിശകലനത്തെയും അദ്ദേഹം സംശയത്തോടെയാണ് വീക്ഷിച്ചിരുന്നത്. ഈ കാര്യത്തിൽ ഞങ്ങൾക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നുവെങ്കിലും മാഷ് ഒരിക്കലും എന്നെ നിരുത്സാഹപ്പെടുത്തുകയോ വിമർശിക്കുകയോ ചെയ്തിട്ടില്ല. തന്റെ കർമ മണ്ഡലത്തെ ഈശ്വരനായിക്കണ്ട അദ്ദേഹമായിരുന്നു യഥാർത്ഥ വിശ്വാസി എന്ന് ഞാൻ തിരിച്ചറിയുന്നു.
മാഷിന് വിദ്യാർത്ഥികളോടുള്ള താത്പര്യം ഒരു അധ്യാപകൻ എന്നതിലുപരിയായിരുന്നു. ഒരു കുടുംബാംഗത്തെപ്പോലെയോ മാതാപിതാക്കളെപ്പോലെയോ അവരിൽ താത്പര്യം എടുത്തിരുന്നു. വിദ്യാർത്ഥികളുടെ കൂടെയായിരിക്കുമ്പോൾ മാഷ് അവരിലൊരാളായി മാറും. വലുപ്പച്ചെറുപ്പങ്ങളിലല്ലാതെ എല്ലാവരെയും ഒരുപോലെ കാണാനുള്ള അദ്ദേഹത്തിന്റെ കഴിവ് എന്നെ ഏറെ ആകർഷിച്ചിരുന്നു.
മാഷ് പഠിപ്പിച്ച ഓരോ വിദ്യാർത്ഥിക്കും താൻ അദ്ദേഹത്തിന്റെ പ്രിയപ്പെട്ട വിദ്യാർത്ഥിയാണെന്ന് അനുഭവപ്പെടുന്ന രീതിയിലുള്ള വ്യക്തിപരമായ അടുപ്പം അദ്ദേഹം പുലർത്തി. എന്റെ കാര്യത്തിൽ മാഷിന് പ്രത്യേക താത്പര്യമുണ്ടെന്ന്ഓരോ വിദ്യാർത്ഥിക്കും തോന്നുന്ന രീതിയിൽ അദ്ദേഹം അവരെ ബൗദ്ധികമായും ഭൗതികമായും സഹായിച്ചു. സദാ ഉത്സാഹം പ്രസരിക്കുന്ന പെരുമാറ്റവുമായി എല്ലാവരോടും ഇടപെട്ടു. അതുകൊണ്ടുതന്നെ 2007 ഒക്ടോബർ 21 ന് വിദ്യാരംഭ ദിവസം വൈകുന്നേരം നന്ദൻ മാഷിന്റെ മരണവാർത്ത വന്നപ്പോൾ അത് എല്ലാവർക്കും അവിശ്വസനീയമായിരുന്നു.
തന്റെ മരണത്തിന് കുറച്ചുദിവസം മുമ്പ് മാഷ് സംഘടിപ്പിച്ച പൂർവ വിദ്യാർത്ഥി സംഗമം ഗംഭീര പരിപാടിയായിരുന്നു. അദ്ദേഹത്തിന്റെ മിക്ക വിദ്യാർത്ഥികളും പങ്കെടുത്തിരുന്ന ആ പരിപാടിയുടെ കേന്ദ്ര കഥാപാത്രം നന്ദൻ മാഷായിരുന്നു. ദൗർഭാഗ്യവശാൽ, അത് മാഷിന്റെ വിടവാങ്ങൽ ചടങ്ങായി മാറി. വയസ്സനായി കണക്കാക്കപ്പെടുന്നത് മാഷ് ഒരിക്കലും ഇഷ്ടപ്പെട്ടില്ല. ജീവിതത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന മാഷ് കസാന്ത്സാക്കിസിന്റെ സോർബയെപോലെ താൻ ഒരായിരം വർഷം ജീവിക്കേണ്ട മനുഷ്യനാണ് എന്ന് പറഞ്ഞിരുന്നു. ജീവൻ തുടിക്കുന്ന രൂപവും പുഞ്ചിരിക്കുന്ന മുഖവും പ്രായമാകാതെ, മരിക്കാതെ നൂറുകണക്കിന് വിദ്യാർത്ഥികളുടെ ഹൃദയത്തിൽ എന്നും നിലനിൽക്കും. തന്റെ അവസാന ദിവസങ്ങളിൽ മാഷ് ഒരു ബ്ലോഗ് തുടങ്ങിയിരുന്നു - www.nandantk.blogspot.com. തന്റെ ജീവിതത്തെ ഒരു കഥയായി നോക്കിക്കാണാൻ ഇഷ്ടപ്പെടുന്നതായി മാഷ് അതിൽ എഴുതിയിരിക്കുന്നു. കഥയ്ക്ക് അപ്രതീക്ഷിതമായ അന്ത്യം നൽകിയ കഥാകൃത്തായി അദ്ദേഹം മാറി; അന്ത്യത്തെക്കുറിച്ച് ഒരു സൂചനയും നൽകാത്ത കഴിവുറ്റ കഥാകൃത്തിനെ പോലെ, അമ്പതാം വയസ്സിൽ ഒരു വിടവാങ്ങൽ.
ജീവിതത്തെ അതിരറ്റ് സ്നേഹിച്ചിരുന്ന മാഷ് കസാന്ത്സാക്കിസിന്റെ സോർബയെപോലെ താൻ ഒരായിരം വർഷം ജീവിക്കേണ്ട മനുഷ്യനാണ് എന്ന് പറഞ്ഞിരുന്നു.
പത്തനംതിട്ട കാതോലിക്കേറ്റ് കോളേജ്, ഗുരുവായൂർ ശ്രീകൃഷ്ണ കോളേജ്, തൃശ്ശൂർ ശ്രീ കേരളവർമ കോളേജ് തുടങ്ങിയ കോളേജുകളിൽ അദ്ദേഹം അധ്യാപകനായിരുന്നു. അധ്യാപനജീവിതത്തിന്റെ ഭൂരിഭാഗവും ചെലവഴിച്ചത് കേരള വർമ കോളേജിലായിരുന്നു. കണ്ണൂർ സർവ്വകലാശാലയുടെ ഇംഗ്ലീഷ് വിഭാഗത്തിൽ കുറച്ചുകാലം ഡെപ്യൂട്ടേഷനിൽ അധ്യാപകനായിരുന്നു. ജെയിംസ് ജോയ്സിന്റെ Ulysses ലുള്ള അദ്ദേഹത്തിന്റെ ഗവേഷണ പ്രബന്ധം ആ നോവലിൽ ഉരുത്തിരിഞ്ഞു വരുന്ന പൂർണ മനുഷ്യൻ എന്ന ആശയത്തെക്കുറിച്ചാണ്. അക്കാദമിക് രംഗത്ത് ഫിക്ഷൻ, ആഖ്യാനം, ആഖ്യാന നിരൂപണം എന്നിവയിലും അദ്ദേഹത്തിന് ആഴത്തിൽ താൽപര്യമുണ്ടായിരുന്നു. ലോകമെമ്പാടുമുള്ള ശിഷ്യഗണങ്ങളുടെ ഹൃദയത്തിൽ അറിവിന്റെയും തിരിച്ചറിവിന്റെയും പ്രചോദനമായും വഴികാട്ടിയായും നന്ദൻ മാഷ് സദാ ജീവിക്കും.▮