ടി. കെ. മീരാഭായ്

ആ അധ്യാപികയാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂൾ ഓർമ

ഞാനടക്കമുള്ള മുഴുവൻ കുട്ടികളിലും ഇടപെട്ട ഒരു അധ്യാപികയെ കുറിച്ചാണ് പറയുന്നത്. അതുകൊണ്ടുതന്നെ അത് ഒരേസമയം ഞങ്ങളുടെ മുഴുവനും അതേസമയം എന്റെ മാത്രവും ആയ അനുഭവം ആണ്

ർമ, അനുഭവം എന്നിവ ഫിക്ഷനേക്കാൾ ഏറെ വായിക്കപ്പെടുന്നുണ്ട്.
എന്നാൽ ഓർമകളുടെ ഭാരത്തിന് ഒരു നിശ്ചിത മൂല്യം ഉണ്ടാവണം എങ്കിൽ ഓർമിക്കുന്നവർ ആരാണ് എന്നതുകൂടി ഒരു ഘടകം ആണെന്നും തോന്നാറുണ്ട്. അല്ലെങ്കിൽ അവരെ ഏതെങ്കിലും ‘ആ ഒരു' രീതിയിൽ പ്ലേസ് ചെയ്തിട്ട് വേണം എന്നും.

ഇതു എഴുത്തിൽ മാത്രം അല്ല, എവിടെയും ഉണ്ട്.
ഒരുദാഹരണം പറയാം. ഒരു പൂർവ്വ വിദ്യാർത്ഥി സംഗമം ആണ് വേദി.
ബാച്ച് സംഗമം അല്ല. മൊത്തം ക്ലാസുകളിലെ വിദ്യാർത്ഥികളുടെ യോഗം.
അവിടെ ഒരാൾ അയാൾക്ക് ചെറുപ്പത്തിൽ, അദ്ദേഹത്തിന് പഴയ ഷർട്ടുകൾ എത്തിച്ചു കൊടുത്തിരുന്ന ഒരു അധ്യാപികയെ കുറിച്ച് ഏറെ വൈകാരികമായി പറഞ്ഞൊരു സംഭവം. എന്നാൽ അതൊരു നൊസ്റ്റാൾജിയ എന്നതിലുപരി വലിയ സംഭവമായി കേട്ടിരുന്ന ഞങ്ങൾക്കാർക്കും തോന്നിയില്ല. കാരണം ആ മനുഷ്യൻ ഇപ്പോഴും ആരെങ്കിലുമൊക്കെ പഴയ ഷർട്ടുകൾ കൊടുത്താൽ സ്വീകരിക്കാൻ തയ്യാറുള്ള അവസ്ഥയിൽ തന്നെയാണ് എന്ന് ഞങ്ങൾക്കറിയാമായിരുന്നു. അയാളുടെ ഓർമയുടെ മൂല്യം ആ അറിവിനുമുന്നിൽ അല്പം പതുങ്ങി നിന്നു, ഞങ്ങളുടെ കാഴ്ചപ്പാടിൽ...

അതിജീവിക്കുവാൻ ബുദ്ധിമുട്ടുന്ന ഏതെങ്കിലും ഒരു കുട്ടിയെ/ചില കുട്ടികളെ സവിശേഷമായി പരിഗണിക്കുക എന്നതിലുപരി മുഴുവൻ കുട്ടികളെയും ​പ്രത്യേകം പ്രത്യേകം പരിഗണിക്കുക എന്ന നിലപാട് എടുത്തവർ ആയിരുന്നു കൂടുതൽ നല്ല അധ്യാപകർ എന്ന് ഇപ്പോൾ തോന്നുന്നു.

നല്ല അധ്യാപകരെ കുറിച്ച് എഴുതുമ്പോൾ എനിക്ക് ഒരു കൺഫ്യൂഷൻ എപ്പോഴും ഉണ്ട്. കേവല സ്‌നേഹത്തിന്റെ ഭൂമികയിൽ നിന്നു കൊണ്ട്​ താൻ പഠിപ്പിക്കുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ സ്‌നേഹിച്ച ഒരു പാടു പേരെ പരിചയമുണ്ട്. ചിലരിൽ നിന്നൊക്കെ ആ സ്‌നേഹ വാത്സല്യങ്ങൾ അനുഭവിക്കാൻ കഴിഞ്ഞിട്ടുമുണ്ട്. നേരത്തെ പറഞ്ഞ പോലെ ഷർട്ട്, പുസ്തകം ഒക്കെ ലഭിച്ചിട്ടുമുണ്ട്. അവരാണോ മാതൃകാ അധ്യാപകർ?
അതോ, മറ്റു ചിലർ, താൻ പഠിപ്പിക്കുന്ന കുട്ടികളോട് യാതൊരു വിധ വൈകാരിക പരിഗണനയും പുലർത്തിയില്ല എങ്കിലും താങ്കളുടെ അപാരമായ സർഗ്ഗശേഷികൾ കൊണ്ട്​ അതുവരെ കാണാത്ത കാഴ്ചകളും ലോകങ്ങളും കാണിച്ചു തന്നവരാണ്. ആ അധ്യാപകരെ എങ്ങനെ ഉൾക്കൊള്ളണം?
എന്നാൽ, ചിലർ വിവിധ സാഹചര്യങ്ങളാൽ അതിജീവിക്കുവാൻ ബുദ്ധിമുട്ടുന്ന ഏതെങ്കിലും ഒരു കുട്ടിയെ/ചില കുട്ടികളെ സവിശേഷമായി പരിഗണിക്കുക എന്നതിലുപരി മുഴുവൻ കുട്ടികളെയും അവരുടെ അവസ്ഥകൾക്കനുസരിച്ച്​പ്രത്യേകം പ്രത്യേകം പരിഗണിക്കുക എന്ന നിലപാട് എടുത്തവർ ആയിരുന്നു. അവരായിരുന്നു കൂടുതൽ നല്ല അധ്യാപകർ എന്ന് ഇപ്പോൾ തോന്നുന്നു.

വ്യക്തിപരമായി ആദ്യത്തെ കൂട്ടത്തിൽപ്പെട്ട അധ്യാപകരോട് ഒരു ഇഷ്ടം കൂടുതൽ കാണും. മത്സരപരീക്ഷക്ക്​ വലിയ വിലയുള്ള ഒരു വിജ്ഞാനപുസ്തകം വാങ്ങിക്കൊണ്ടുതന്ന്​ എന്നെ മാത്രം മാറ്റി വിളിച്ച്​, ഇത് ഇത്ര വിലയുടെ പുസ്തകം ആണ്, വായിച്ചു പഠിക്കണം, മത്സരത്തിൽ ജയിക്കണം എന്നുപറഞ്ഞ അധ്യാപികയോടുള്ള കടപ്പാട് എങ്ങനെ തീരാനാണ്...?
കണക്ക്​ തെറ്റാണെന്നുപറഞ്ഞ്​ ആദ്യം അടിക്കുകയും ശരിയാണ് എന്ന് പിന്നെ മനസിലായപ്പോൾ ക്ഷമ പറയുകയും ചെയ്ത മാഷിന്റെ മനസ്സിന്റെ വലിപ്പം എങ്ങനെ മറക്കാനാണ്..

2012ൽ അലഹബാദിൽ നടന്ന നാഷനൽ മീറ്റ്​ ഓഫ്​ സയൻസ്​ കമ്യൂണിക്കേഷൻ ഇൻ ഇന്ത്യൻ ലാംഗ്വേജസ്​ എന്ന ശിൽപശലായിൽ ടി.കെ. മീരാഭായി അംഗീകാരം ഏറ്റുവാങ്ങുന്നു

ഒരു ദിവസം നേരത്തെ വരാൻ പറയുകയും വസ്ത്രങ്ങളും പുസ്തകങ്ങളും അടങ്ങിയ കിറ്റ് തന്നിട്ട് മര്യാദക്കു പഠിച്ചോണം, ഇല്ലെങ്കിൽ അടിച്ചു തുട പൊട്ടിക്കും എന്ന് ‘ഭീഷണിപ്പെടുത്തിയ ' അധ്യാപികയുടെ കരുതൽ എങ്ങനെ ഓർത്തു പറയാതിരിക്കും?
ആദ്യം പറഞ്ഞതുപോലെ വലിയ രീതിയിൽ എവിടെയെങ്കിലുമൊക്കെ എന്നെ പ്ലേസ് ചെയ്യാൻ പറ്റിയിരുന്നെങ്കിൽ അവരെയൊക്കെ ഒന്നു കൂടി നന്നായി ഓർത്തെടുക്കാമായിരുന്നു. അതുകൊണ്ട്​, ഇപ്പോൾ മറ്റൊരു അധ്യാപികയെ കുറിച്ച് ഞാൻ പറയുന്നു. അവർ നേരത്തെ പറഞ്ഞ, മൂന്നാമത്തെ കൂട്ടത്തിൽ പ്പെട്ട ഒരാളാണ്. അത്തരം ധാരാളം പേരുണ്ടാകും. എനിക്കറിയാവുന്ന ഒരാളെക്കുറിച്ച് ഞാൻ എഴുതുന്നു. അത്രയേ ഉള്ളൂ.

ഞാൻ ഹൈസ്‌ക്കൂൾ തലത്തിൽ പഠിച്ചത് വീടിനു തൊട്ടടുത്ത ഗവണ്മെൻറ്​ ഫിഷറീസ് എന്ന തീരദേശ വിദ്യാലയത്തിലാണ്. അന്നുതന്നെ അതൊരു വൊക്കേഷണൽ ഹയർ സെക്കന്ററി വിദ്യാലയം ആയി മാറിയിരുന്നു. ഏഴുവരെ എ. എം. യു. പി എന്ന സ്‌കൂളിലായിരുന്നു പഠനം. കുട്ടികളെ എല്ലാവരെയും ഏറെ വാത്സല്യത്തോടെയും സ്‌നേഹത്തോടെയും കാണുന്ന അവിടെ നിന്ന്​ ഈ ‘വലിയ' സ്‌കൂളിലേക്ക് എത്തുമ്പോഴുള്ള കൗതുകം ഏറെ വലുതായിരുന്നു. ഹൈസ്‌കൂൾ കുട്ടി ആകുന്നു എന്ന അഭിമാനവും.

ആ തീരദേശ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും, കുട്ടികൾ എന്ന കേവല നിലയിൽ തന്നെ പ്രത്യേക അവകാശം ഉള്ള ഒരു സവിശേഷ വിഭാഗമായി പരിഗണിച്ചു എന്നതുമാത്രമാണ് അവർ ചെയ്ത വലിയ കാര്യമായി ഞാൻ ഇവിടെ കുറിക്കുന്നത്.

ചലനാത്മകത എന്ന ഒന്നുണ്ട്. സാമൂഹികപരമായി ആ വാക്കിന്റെ പ്രസക്തി ഏറെ വലുതാണ്. കൂടുതൽ തുറസുള്ള, മികച്ച ഒരു ലോകത്തേക്കുള്ള സാധ്യത കൂട്ടുക എന്ന് അതിനെ ചുരുക്കിപ്പറയാം. ആ ഒരു കാഴ്ചപ്പാടോടെ ഞാനടക്കമുള്ള ഞങ്ങളുടെ സമയത്തെ മുഴുവൻ കുട്ടികളിലും ഇടപെട്ട ആ സ്‌കൂളിലെ ഒരു അധ്യാപികയെ കുറിച്ചാണ് പറയുന്നത്. അതു കൊണ്ടു തന്നെ അത് ഒരേസമയം ഞങ്ങളുടെ മുഴുവനും അതേസമയം എന്റെ മാത്രവും ആയ അനുഭവവും ആണ്.

ആ തീരദേശ വിദ്യാലയത്തിലെ മുഴുവൻ കുട്ടികളെയും, കുട്ടികൾ എന്ന കേവല നിലയിൽ തന്നെ പ്രത്യേക അവകാശം ഉള്ള ഒരു സവിശേഷ വിഭാഗമായി പരിഗണിച്ചു എന്നതുമാത്രമാണ് അവർ ചെയ്ത വലിയ കാര്യമായി ഞാൻ ഇവിടെ കുറിക്കുന്നത്. ഞങ്ങൾ കുട്ടികളോട് ഏറെ വാത്സല്യത്തോടെ ഇടപെടുമ്പോഴും ഞങ്ങളെയൊക്കെ അവർ പ്രത്യേക വ്യക്തികളായി പരിഗണിക്കുക യായിരുന്നു എന്ന് മനസ്സിലായത് ഏറെ വൈകിയാണ്. ഒരു പക്ഷേ ഞങ്ങൾ കുട്ടികൾക്ക് ഏറ്റവും ആദ്യം ലഭിച്ച ആദരവും അതായിരിക്കും.

ആ ടീച്ചർ ഞങ്ങളെ നന്നായി പഠിപ്പിച്ചു. അതിലുപരി ഏതു വിഷയത്തിലായാലും ഞങ്ങൾ പറയുന്നത് ക്ഷമയോടെ അവർ കേട്ടു. അവർക്ക് പറയാനുള്ളത് ഞങ്ങൾക്ക് ബോധ്യപ്പെടും വിധം പറഞ്ഞു. ഞങ്ങളുടെ പല പരിമിതികളും അറിഞ്ഞു. അവക്കൊക്കെ അതിന്റെ ശരിയായ അനുകൂല്യം നൽകി. അതൊക്കെ ഞങ്ങൾക്ക് തീർത്തും പുതിയ അനുഭവങ്ങളായിരുന്നു.

അധ്യാപിക എന്നത് സോഷ്യൽ എഞ്ചിനീയർ കൂടിയാണ് എന്ന സത്യമൊക്കെ പിന്നീടാണ് മനസ്സിലാക്കുന്നത്. എന്നാൽ ആ കാഴ്ചപ്പാടോടെ ഞങ്ങളെ പഠിപ്പിച്ചിരുന്ന ഒരാൾ കുടിയായിരുന്നു അവർ. ശാസ്ത്രബോധം എന്ന വാക്ക് എനിക്ക് പരിചയപ്പെടുത്തിയത് ആ അധ്യാപികയായിരുന്നു. സയൻസ് ക്ലബ്ബ് എന്ന സംഭവത്തെ പഠിക്കുന്ന കുട്ടികളുടെ കൂട്ടായ്മ എന്നതിൽ നിന്ന്​ ചുറ്റും കാണുന്ന കാര്യങ്ങളിൽ കൗതുകമുള്ള കുട്ടികളുടെ ഒത്തുചേരൽ എന്നാക്കി മാറ്റി. കൊടുങ്ങല്ലൂർ സയൻസ് സെന്റർ പ്രതിഭ വി. എസ്. ശ്രീജിത്ത് ഒക്കെ ഉയർന്നു വന്നതിൽ ആ ഇടപെടലിന്​ വലിയ പങ്കുണ്ടായിരുന്നു. അതു പോലെ, സ്വന്തം ഇംഗ്ലീഷ് ക്ലാസുകൾ ഏവർക്കും അറിവിന്റെയും സംവാദത്തിന്റെയും സന്തോഷത്തിന്റെയും വേദികളാക്കി മാറ്റാനും ടീച്ചർക്ക് ലളിതമായി കഴിഞ്ഞു.

അധ്യാപക സ്മരണ ആകുമ്പോൾ ചില പ്രത്യേക ഇടപെടലുകൾ പറയണം എന്നതാണല്ലോ രീതി. ചിലത് പറയാം. അത്യാവശ്യം മിടുക്കനായ ഒരു വിദ്യാർത്ഥി. അവൻ എസ്. എസ്. എൽ. സി മോഡൽ പരീക്ഷക്കു വരുന്നില്ല. ടീച്ചർ അതു ശ്രദ്ധിക്കുന്നു. അന്വേഷിക്കുന്നു. കാര്യം സിമ്പിളാണ്. അയാളുടെ വീട്ടിൽ പുര പണി ആണ്. കൂലി കൊടുക്കാൻ കാശില്ല. കുട്ടി അവിടെ കട്ട ചുമക്കുകയാണ്.
ടീച്ചർ വീട്ടുകാരെ വിളിപ്പിച്ച്​, കൂലി കൊടുക്കാനുള്ള കാശ് ഞാൻ തരാം, കുട്ടിയെ പരീക്ഷക്കു വിടൂ എന്നുപറഞ്ഞു പ്രശ്‌നം സോൾവ് ആക്കുന്നു.

അപകർഷകതാ ബോധത്തിൽ വീണു പോയിക്കൊണ്ടിരുന്ന എത്ര കൂട്ടുകാരെയാണ് അവർ കൈപിടിച്ചുയർത്തിക്കൊണ്ടുവന്നത് എന്നെനിക്ക് ഇപ്പോൾ നല്ല നിശ്ചയമുണ്ട്. പത്താം ക്ലാസിൽ പഠനം തന്നെ മതിയാക്കാൻ തീരുമാനിച്ച ഒരു വ്യക്തി താൻ മെഡിക്കൽ ഓഫീസറായി മാറിയത് എങ്ങനെ എന്ന് ടീച്ചറെ ചേർത്ത് പറയുന്നത് അടുത്ത് ഞാൻ വായിച്ചു. എന്റെ സുഹൃത്തുക്കളിൽ പലരും പിന്നീട് അവരിൽ ടീച്ചർ എങ്ങനെ പ്രവർത്തിച്ചു എന്ന് സാക്ഷ്യം പറയുന്നത് ഞാൻ കണ്ടിട്ടുമുണ്ട്.
കൊള്ളാവുന്നത് എന്ന് സമൂഹം വീക്ഷിക്കുന്ന ജോലികളിൽ എത്തിച്ചേർന്ന വിദ്യാർത്ഥികൾ മാത്രമല്ല, അതിനു പുറത്തുള്ള മറ്റു തൊഴിലുകളിലേർപ്പെട്ട്​ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ബഹുഭൂരിപക്ഷം പേരും, തങ്ങളുടെ ജീവിതത്തിൽ പ്രകാശം പരത്തിയ ഒരാളായി ടീച്ചറെ കാണുന്നിടത്താണ് ആ അധ്യാപികയുടെ പ്രസക്തി എന്നുകൂടി ഞാൻ എടുത്തു പറയുകയാണ്.

ഹൈസ്‌കൂൾ അധ്യാപിക ആയിരുന്നു അവർ എങ്കിലും എത്രയോ കുട്ടികളുടെ അതിനു ശേഷമുള്ള ജീവിതത്തിലും അവർ വഴികാട്ടിയും സഹായിയും ആയി തുടർന്നു. പ്രശ്‌നങ്ങളിൽ കൗൺസിലിംഗ് നൽകൽ മുതൽ ജോലിക്കുള്ള ഗ്യാരന്റിയർ വരെയായി തുടരുന്ന ഒരു അധ്യാപിക. അത്​ ഒരു സമീപനം തന്നെയായിരുന്നു. ദരിദ്രരായ വിദ്യാർത്ഥികൾക്കുള്ള ഒരു സ്‌ക്കോളർഷിപ്പ്​ അവർ ഞങ്ങളോട് അവതരിപ്പിച്ചത് എങ്ങനെ എന്നെനിക്ക് നല്ല ഓർമയുണ്ട്. നോട്ടീസ് വായിക്കുക ആയിരുന്നില്ല, മറിച്ച്​ ക്ലാസ്​ കഴിഞ്ഞ്​ ഓരോരുത്തരെയും പേഴ്സ​ണലായി വിളിച്ച്​, ഇങ്ങനെ ഒരു സംഭവം ഉണ്ടെന്നും അതിൽ പേര് ചേർത്താൽ വിഷമം ഉണ്ടാവുമോ എന്നും അഭ്യർത്ഥനാ രൂപത്തിൽ ചോദിക്കുന്ന ഒരു അധ്യാപിക.

വെറും 25 കൊല്ലം മുൻപാണ് ഈ പറയുന്ന കാര്യങ്ങൾ. എങ്കിലും അത്രയേറെ കരുതലോടെ ഞങ്ങൾ വിദ്യാർത്ഥികളെ പരിഗണിച്ചവർ അന്ന് കുറവായിരുന്നു.

ഇതൊക്കെ ഇപ്പോഴുള്ള, പൊളിറ്റിക്കൽ കറക്റ്റ്‌നെസ് പാലിച്ചു മാത്രം പോകുന്ന ഒരുപാട് അധ്യാപകരുടെ ഒരു കാലത്ത്​ വലിയ സംഭവങ്ങളാണോ എന്ന ചോദ്യം ഉണ്ടാവാം. എന്നാൽ ഞങ്ങൾക്ക് അതൊക്കെ വലിയ അത്ഭുതങ്ങളായിരുന്നു. വെറും 25 കൊല്ലം മുൻപാണ് ഈ പറയുന്ന കാര്യങ്ങൾ. എങ്കിലും അത്രയേറെ കരുതലോടെ ഞങ്ങൾ വിദ്യാർത്ഥികളെ പരിഗണിച്ചവർ അന്ന് കുറവായിരുന്നു. ബാക്ക് ബെഞ്ചുകാരെ വിളിച്ച്​ കണ്ണ്​ ദാനം ചെയ്യേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യുന്നവർ കുറവായിരുന്നു. അഗതി മന്ദിരത്തിൽ നിന്ന്​ പഠിക്കാൻ വരുന്നവരെ വിളിച്ച്​ അവരുടെ ആഹാര- ആരോഗ്യ കാര്യങ്ങൾ അന്വേഷിച്ചിരുന്നവർ കുറവായിരുന്നു. ഇംഗ്ലീഷ് ക്ലാസിൽ ഏറ്റവും മികവ് കുറഞ്ഞവരെ മാത്രം വിളിച്ച്​മിനിമം സ്‌കിൽ ഉറപ്പ് വരുത്തിയിരുന്നവർ കുറവായിരുന്നു. ഭക്ഷണം കഴിക്കാത്ത കുട്ടികൾ ക്ലാസിലിരുന്ന്​ ഉറങ്ങുന്നത് സ്വാഭാവികമാണ് എന്നവർ മനസിലാക്കി. കുട്ടിയെ കുടുംബത്തിൽ നിന്നും ജീവിക്കുന്ന സമൂഹത്തിൽ നിന്നും അടർത്തി കാണരുത് എന്ന് തീരുമാനിച്ചു. ഓരോ കുട്ടിക്കും ഓരോ സ്‌കിൽ ഉണ്ടാകും എന്നു മാത്രം അല്ല, സ്‌കിൽ എന്തിലാണ്​ എന്ന് മനസ്സിലാക്കാത്തവരുടെ കൂടിയാണ് ഈ ലോകം എന്ന് അവർ ഞങ്ങളോട് പറയാതെ പറഞ്ഞു. ഓരോ കുട്ടിയും അവരുടെ പ്രിവിലേജിന്​ അർഹതയുള്ളവരാണെന്ന് വിശ്വസിച്ചിരുന്നവർ സത്യമായും അന്ന് കുറവായിരുന്നു. അപ്പോഴത്തെ എന്റെ അറിവിലെങ്കിലും..

അതുകൊണ്ടു തന്നെ ആ അധ്യാപിക എന്റെ ഏറ്റവും പ്രിയപ്പെട്ട സ്‌കൂൾ ഓർമ ആകുന്നു. അവരുടെ പേര് ടി. കെ. മീരാഭായ് എന്നായിരുന്നു.
​പിന്നീട് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ സംസ്ഥാന ജനറൽ സെക്രട്ടറി വരെ ആയി മാറിയ പ്രിയപ്പെട്ട മീര ടീച്ചർ... ▮

Comments