‘ഒരിയാന' എന്ന വാക്കിൻ്റെ വളവിലാണ് ജിനേഷ് മടപ്പള്ളിയും ഞാനും ആദ്യം കണ്ടുമുട്ടുന്നത്. രണ്ടായിരത്തി അഞ്ചോ ആറോ ആണ് കാലം. ഏതോ സമാന്തര മാസികയിൽ വന്ന എൻ്റെ ‘രാവിലത്തെ അപ്പം’ എന്ന കവിത വായിച്ച് ജിനേഷ് എനിക്കെഴുതി: "ഒരിയാന എന്ന വാക്ക് എന്നെ വിട്ടുപോവുന്നില്ല'.
അതൊരു സങ്കടത്തിൻ്റെ കവിതയായിരുന്നു. ദുരിതങ്ങളുടെ വീട്ടിൽ ഒരു മുഴുവൻ ദിവസത്തിൻ്റെ ആയുസ്സ് ജീവിക്കുന്ന ഒട്ടും രുചികരമല്ലാത്ത ഒരപ്പത്തെക്കുറിച്ചായിരുന്നു ആ കവിത. ആദ്യസമാഹാരമായ റേഷൻകാർഡിൽ ആ കവിത പിന്നീട് ഉൾപ്പെടുത്തി.
സമാന്തരമാസികകളിൽ നിരന്തരമായി എഴുതുന്ന ജിനേഷിൻ്റെ പേരും കവിതകളും അതിനുമുമ്പെ ഞാൻ വായിച്ചുതുടങ്ങിയിരുന്നു. ചെറുതെങ്കിലും പലതിൻ്റെയും മൂർച്ചയുടെ കൊത്ത് എന്നെയും മുറിവേൽപ്പിച്ചിരുന്നു. ഞങ്ങളുടെ ജീവിതവഴികൾ അതുവരേക്കും നേരിൽ കൂട്ടിമുട്ടിയിരുന്നില്ല എന്നു മാത്രം. ആ പോസ്റ്റ്കാർഡിൽ തുടങ്ങിയ സൗഹൃദം വളരെ വേഗം ഞങ്ങളെ അടുപ്പിച്ചു. വിശേഷങ്ങളും ആശങ്കകളും ചേർത്ത് തുന്നിയ കത്തുകൾ രണ്ടു വഴിക്കും പാഞ്ഞു.
ആ കാലത്ത് ജിനേഷിൻ്റെ കവിതകളെകുറിച്ച് ശ്രീജിത്ത് അരിയല്ലൂർ എന്ന കവി, വളരെ ശക്തമെന്ന് കുട്ടിച്ചേർത്ത ഒരവസരത്തിൽ, ഞാൻ വിമർശിച്ചു: ‘ഒരുപാട് എഴുതുന്നതിൻ്റെ പ്രശ്നം അവൻ്റെ കവിതകൾക്കുമുണ്ട് എന്നാണ് എൻ്റെ തോന്നൽ’.
ആ തർക്കം പിന്നെയും കുറേനേരം തുടർന്നു. പിന്നീട് കവിതാവേദികളിൽ ജിനേഷും ഞാനും കൂട്ടിരിപ്പുകാരും കവിതവായനക്കാരുമായി. പലയിടങ്ങളിലും വെച്ച് ഉറങ്ങാതെ കവിതയെക്കുറിച്ച് സംസാരിച്ചു. കവിത എല്ലാ മുറിവുകളെയും കൊതിപ്പിച്ചുറക്കുന്ന തുരുത്തായ് ഞങ്ങൾക്കിടയിലെ നേരങ്ങളെ ഉഴുതുമറിച്ചിട്ടു.
യുവജനോത്സവങ്ങളിലും പല ഇരുന്നെഴുത്തു മത്സരങ്ങളിലും ജിനേഷ് കവിത കൊണ്ട് പൂത്തുലഞ്ഞ കാലമായിരുന്നു അത്. പൊതുവെ അത്തരം മത്സരങ്ങളോട് എനിക്ക് താൽപര്യക്കുറവുണ്ടായിരുന്നു. അത്തരം മത്സരങ്ങളിൽനിന്ന് മാറിനിന്നെങ്കിലും കവിതയുടെ പേരിലുള്ള മറ്റു ചില തെരഞ്ഞെടുപ്പുകളിൽ ആയിടെ ഞങ്ങളുടെ കവിതകൾ പരസ്പരം മത്സരിച്ചു. കവിത തന്നെയായിരുന്നു ഞങ്ങൾ രണ്ടുപേർക്കും വഴിയും വെളിച്ചവും.
ഒരു വർഷം വടകരയിലെ കവി മുറവശ്ശേരിയുടെ പേരിലുള്ള പുരസ്കാരം കിട്ടിയ ദിവസം ജിനേഷ് വിളിച്ചു: ‘അടുത്ത വർഷം ഞാൻ മത്സരിക്കില്ല: അവാർഡ് നീയെടുത്തോ.’
ജിനേഷിൻ്റെ വാക്ക് പോലെ അടുത്തവർഷം അതെന്നെ തേടിയെത്തി.
ഇടയ്ക്ക് അവൻ ചോദിക്കും: ‘നമ്മൾ ഇപ്പോൾ മരിച്ചാൽ പത്രത്തിൽ ഏതു പേജിൽ വരും?’
ആ തമാശ എന്നെ ശരിക്കും രസിപ്പിച്ചു. അങ്ങനെയൊരു ചിന്ത എൻ്റെ ഉള്ളിലൂടെ അതുവരേക്കും കടന്നുപോയിരുന്നില്ല.
‘ചരമ പേജ്’, ഞാൻ മറുപടി പറഞ്ഞു.
‘മിനിമം ഒരു നാട്ടുവാർത്തയിലെങ്കിലും ഇടേണ്ടതല്ലേ?’
‘എന്തിന്?, ഞാൻ ജിനേഷിനെ കളിയാക്കി.
കാണുമ്പോൾ പലപ്പോഴും ജിനേഷ് ആ തമാശ ആവർത്തിച്ചു. അത് കേൾക്കുന്നത് എനിക്കും എന്തെന്നില്ലാത്ത ഊർജ്ജം തന്നു.
വടകരയിലെ ഒരു പ്രിൻ്ററുടെ ഓർമയിലായിരുന്നു എൻ്റെ ആദ്യസമാഹാരമായ റേഷൻകാർഡ് പുറത്തിറങ്ങുന്നത്. അതും ഒരു തിരഞ്ഞെടുപ്പിലൂടെ. ഞാനന്ന് മലബാർ ക്രിസ്ത്യൻ കോളേജിൽ വിദ്യാർഥിയാണ്. പൊതുവെയുള്ള ഉൾവലിയലുകളാൽ സ്വയം അപരിതനായ് വന്നുനിന്ന ആ പരിപാടിയിലേക്ക് ഞാൻ വിളിച്ചവരിൽ ജിനേഷുമുണ്ടായിരുന്നു. പരിപാടിയുടെ കെട്ടുകാഴ്ചകളൊക്കെ അവസാനിച്ച നേരം വളരെ വൈകി ജിനേഷ് വന്നു. ഒഴിച്ചുകൂടാനാവാത്ത സംഘടന മീറ്റിങ്ങ് ഉണ്ടായിരുന്നെന്ന് പറഞ്ഞു. പുസ്തകം വാങ്ങി രാത്രിവർത്താനങ്ങൾക്ക് ഉറക്കൊഴിക്കാതെ, അമ്മയൊറ്റക്കാണെന്നോ മറ്റോ പറഞ്ഞ് ജിനേഷ് വടകരയിൽ നിന്ന് കെ. ടി ബസാറിലേക്ക് ബസ് കേറി.
ഒറ്റയ്ക്കായി പോകുന്നതിൻ്റെ ഇടിമിന്നലുകൾ അന്നൊന്നും അവനെ കൊളുത്തി വലിച്ചിരുന്നതായ് ഞാനറിഞ്ഞിരുന്നതേയില്ല. അത്രമാത്രം, ഇടപെടുന്ന നിമിഷങ്ങളെ കത്തിച്ചുപിടിക്കാൻ അവനുത്സാഹിച്ചിരുന്നു. അതുകൂടാതെ, ആളുകളിലേക്ക് മുന്നറിയിപ്പുകളില്ലാതെ ഇടിച്ചുകേറാനുള്ള അവൻ്റെ വാസനയിൽ പലവട്ടം ഞാൻ തരിച്ചിരുന്നിട്ടുണ്ട്.
യൂണിവേഴ്സിറ്റിയിലേക്ക് ഞാനെൻ്റെ താവളം മാറ്റിയ കാലം. ജിനേഷ് ഇടതടവില്ലാതെ വിളിച്ചു. ആ ആഴ്ച്ചകളിൽ വന്ന പുതിയ കവിതകളെക്കുറിച്ചും മത്സരങ്ങളെക്കുറിച്ചും സംസാരിച്ചു. അപ്പൊഴേക്കും ജിനേഷിൻ്റ ആദ്യസമാഹാരം ‘കച്ചിത്തുരുമ്പ്’ ഇറങ്ങിക്കഴിഞ്ഞിരുന്നു. അതിനെ ചേർത്തുപിടിക്കുന്ന ചെറിയ കൂട്ടം വായനക്കാരും അവനുണ്ടായിക്കഴിഞ്ഞിരുന്നു.
പതിവുപോലെ ഇടയ്ക്കിടെ പലയിടങ്ങളിലേയും കവിയരങ്ങ് വേദികളിൽ ഞങ്ങൾ സ്വപ്നങ്ങൾ വെയിലത്തിറക്കിവെച്ചു. കവിത ചൊല്ലിക്കഴിഞ്ഞ് തിരിച്ചുപോകാനുള്ള വണ്ടിക്കാശെങ്കിലും സംഘാടകർ തരുന്നതും കാത്ത് നിരാശരായ് എന്നത്തേയും പോലെ മടങ്ങി. ഒരവസരം തന്ന് സഹായിച്ചതാണെന്നുള്ള സംഘാടകഭാവങ്ങളെ പിന്നീട് കാണുമ്പോൾ ഓർത്തെടുത്തു ചിരിച്ചു. എഴുത്തുകാരനാവുക എന്നാൽ ഏത് നേരത്തും അപമാനിക്കപ്പെടാൻ തയ്യാറാവുക എന്ന് തിരുത്തി വായിച്ചു തുടങ്ങി. പല വഴിക്ക് ഓടി കുടുംബം നോക്കിയിരുന്ന അവനെ അത്തരം വേദികൾ നിരന്തരമായ് അപമാനിച്ചതിന് എൻ്റെ കൂടി കാത്തിരിപ്പുകൾ സാക്ഷി പറഞ്ഞു.
അതിനിടയിൽ അവൻ്റെ സംഘാടനത്തിൽ പലയിടത്തേക്കും കവിത വായിക്കാൻ ജിനേഷ് എന്നെ വിളിച്ചുകൊണ്ടുപോയി. തിരിച്ചു പോകുമ്പോൾ മറന്നുപോകാതെ യാത്ര ചെലവെങ്കിലും തരാൻ ജിനേഷ് അണിയറക്കാരെ ഒരുക്കിയിരുന്നു. വളരെ സങ്കടത്തോടെ മടങ്ങിപ്പോയ വൈകുന്നേരങ്ങളെ അവൻ അത്രമേൽ ഓർമ്മിച്ചിരുന്നു. അതിൻ്റെ പൊള്ളലുകൾ തമാശയുടെ നേരങ്ങളിൽ അവൻ വീണ്ടും വീണ്ടും അഴിച്ചെടുത്തു.
യൂണിവേഴ്സിറ്റി വിദ്യാർഥിയായ കാലത്ത് എൻ്റെ രണ്ടാമത്തെ സമാഹാരമായ ആനയുടെ വളർത്തു മൃഗമാണ് പാപ്പാൻ ഡി.സി ബുക്സ് പുറത്തിറക്കി. ജീവിതത്തിലും കാവ്യധാരണകളിലും സമൂല മാറ്റങ്ങൾ സംഭവിച്ച വർഷങ്ങൾ കൂടിയായിരുന്നു അത്. അതുകൊണ്ടുതന്നെ കവിതയിലും അതിൻ്റെ പ്രതിഫലനങ്ങൾ പ്രകടമായിരുന്നു. പുസ്തകം വായിച്ച് ജിനേഷ് എഴുതി: ‘റേഷൻ കാർഡിൻ്റെയത്ര പോരാ. നിൻ്റെ എഴുത്തിലെ പരീക്ഷണങ്ങളോട് എനിക്ക് ഒട്ടും താൽപ്പര്യമില്ല.’
പറയാനുള്ളത് എത്രയും കടുപ്പത്തിൽ പറയാൻ കൂടിയുള്ളതായിരുന്നു സൗഹൃദമെന്ന് ജിനേഷ് ഉറച്ച് വിശ്വസിച്ചു.
ഹൃദയത്തിൻ്റെ ഭാഷകളിൽ മാത്രമായിരുന്നു അവന് താൽപര്യം. എല്ലാവരും ഉപേക്ഷിച്ച ചൂണ്ടക്കൊളുത്തിലെ ഇരകളെ എഴുതിവെക്കാനായിരുന്നു അവനു തിടുക്കം. അവൻ്റെ തന്നെ തുന്നിക്കെട്ടാനാവാത്ത നിമിഷങ്ങളുടെ പുനർവായന കൂടിയായിരുന്നു ആ കവിതകൾ. ജീവിതത്തിൻ്റെ അഴിച്ചെടുക്കാനാവാത്ത ഒരു മുറുക്കിനെ അവൻ കവിതയിൽ പകർത്തി. അത് ഭാഷയ്ക്കപ്പുറമുള്ള പ്രവർത്തനമാണെന്ന് അവൻ വിശ്വസിക്കുന്നതു പോലെ തോന്നി. അവൻ്റെ കവിതകളുടെ ചെറിയ വിടവുകളിൽ നിന്ന് വെളിച്ചവും ചോരയും ഒരുമിച്ചിറങ്ങി വരുന്നത് കണ്ട് ഞാൻ പലവട്ടം അന്തിച്ചിട്ടുണ്ട്.
ഒരിക്കൽ ആയിടക്ക് പ്രസിദ്ധീകരിച്ചുകൊണ്ടിരുന്ന എൻ്റെ ബാലസാഹിത്യകൃതിയുടെ വാർത്ത കണ്ട് ജിനേഷ് ഓർമ്മിപ്പിച്ചു: ‘നീ ബാലസാഹിത്യത്തിലേക്ക് കടന്നത് നന്നായി. ഇനി എന്നോട് മത്സരിക്കാൻ വടകരയിൽ ആരുമില്ല.’
അവൻ്റെ തമാശ കേട്ട് ഞാൻ തലകുലുക്കി. കവിതയെ അത്രമേൽ മുറുകെ പിടിച്ച ഒരു മനുഷ്യൻ്റെ ചിതറിയ നേരങ്ങളെ കൂട്ടിയൊട്ടിക്കാനുള്ള നുറുങ്ങുകളായിരുന്നു അതെല്ലാം.
യൂണിവേഴ്സിറ്റിക്കാലത്തിന് ശേഷം ജോലിക്കായി മഞ്ചേശ്വരത്തേക്കും അധികം താമസിയാതെ ലക്ഷദ്വീപിലേക്കും ഞാൻ കൂടുമാറി. നാട്ടിൽ തന്നെയുണ്ടെന്ന ധാരണയിൽ ജിനേഷ് ഇടയ്ക്കിടെ വിളിച്ചു. ഹൊ, മറന്നുപോയെന്നു പറഞ്ഞ് പുതിയ സാഹിത്യവർത്താനങ്ങൾ പറഞ്ഞു. വരുമ്പോൾ നമുക്കിരിക്കണമെന്നും കവി ശ്രീജിത്ത് അരിയല്ലൂരിൻ്റെ വീട്ടിൽ പോവണമെന്നും ഇടയ്ക്കിടെ ഓർമ്മിപ്പിച്ചു.
അതിനിടയിലായിരുന്നു എൻ്റെ കല്യാണം. അതൊരു തിരക്കുപിടിച്ച കാലം കൂടിയായിരുന്നു. കല്ലാണത്തിന് വിളിച്ച വിരലിലെണ്ണാവുന്നവരിൽ ജിനേഷുമുണ്ടായിരുന്നു. ജിനേഷ് പക്ഷേ അന്ന് വന്നില്ല. പിറ്റേന്ന് പെണ്ണിന്റെ വീട്ടിൽപോയ എന്നെ ഏട്ടൻ വിളിച്ചു: ‘ജിനേഷ് മടപ്പളളി വന്നിട്ടുണ്ട്’. ജിനേഷ് പിറ്റേന്ന് വരികയും 200 രൂപ കവറ് തരികയും ചെയ്തു. ജിനേഷിൻ്റ സമയങ്ങൾ പലപ്പോഴും എനിക്കങ്ങനെ വിചിത്രമായി തോന്നി.
വർഷങ്ങൾക്കുശേഷം നാട്ടിൽ തിരിച്ചെത്തി മലപ്പുറത്ത് പെരിന്തൽമണ്ണയിൽ താമസമാക്കിയ സമയത്ത് കോളേജിലേക്ക് ഒരു കവിതക്യാമ്പിനായ് ജിനേഷിനെ ഞാൻ വിളിച്ചു. പേരു വെച്ച് ഞാൻ പോസ്റ്റർ ചെയ്തു. പെട്ടെന്ന് ഒരു ദിവസം അവൻ വിളിച്ചു പറഞ്ഞു: ‘അമ്മ ആശുപത്രിയിലാണ്. വരാനാവുമെന്ന് തോന്നുന്നില്ല.’
അവൻ്റെ സങ്കടങ്ങളിൽ വാക്കുകൾ കൊണ്ട് ഞാൻ കൂട്ടിരുന്നു. പരിപാടിയുടെ അവസാന സമയം വരെ അവനുവേണ്ടി ഞാൻ കാത്തിരുന്നു. പിന്നീട് അമ്മ മരിച്ചെന്നറിഞ്ഞ് പൊതുവെ മരണവീടുകളിൽ പോവാൻ ഇഷ്ടമില്ലാതിരുന്ന ഞാൻ ജിനേഷിൻ്റ വീട്ടിലേക്കുപോയി. മുമ്പ് ഒന്നുരണ്ട് വട്ടം കവിയരങ്ങുകൾക്ക് പോകുന്ന വഴി അവൻ്റെ വീട്ടിലെ ഊണ് ഞാനും പങ്കിട്ടെടുത്തിരുന്നു. എന്നെ കണ്ടതും അവനിറങ്ങി വന്നു. അന്ന് ജിനേഷ് അധികം സംസാരിച്ചില്ല. ഒരേയൊരു പെങ്ങളുടെ കല്യാണത്തിനുശേഷം അമ്മയുടെ ഒറ്റയ്ക്കുള്ള കാത്തിരിപ്പ് അവൻ്റെ വീട്ടിലെത്താനുള്ള ധൃതികളിൽ ഞാൻ നേരത്തെ വായിച്ചുകഴിഞ്ഞിരുന്നു. അന്ന്, കാണാമെന്ന് പറഞ്ഞ് ഒരു ചിരിയും കളിയുമില്ലാത്ത ജിനേഷ് എന്നെ പറഞ്ഞുവിട്ടു.
പലപ്പോഴും ജിനേഷിൻ്റെ വിളികൾ വാക്കുകളെക്കുറിച്ചുള്ള സംശയങ്ങളുമായാണ് വണ്ടി കേറുക. ചിലപ്പോൾ കൂട്ടക്ഷരങ്ങളെക്കുറിച്ച്, സന്ധികളെകുറിച്ച്, പ്രയോഗങ്ങളെകുറിച്ച്. ആദിവാസി യുവാവ് മധു കൊല്ലപ്പെട്ട അവസരത്തിൽ ജിനേഷ് വിളിച്ചു. ആദികവി എന്ന വാക്കിനെക്കുറിച്ചായിരുന്നു സംശയം. എൻ്റെ അറിവുകേടുകളും തോന്നലുകളും കുറച്ചാത്മവിശ്വാസവും അപ്പോഴൊക്കെ പങ്കുവെച്ചു. അധികം താമസിയാതെ അൽപം ദീർഘമായ ആ കവിത ജിനേഷ് ഫേയ്സ്ബുക്കിൽ പങ്കുവെക്കുകയും ചെയ്തു. ജിനേഷ് അവസാനം പോസ്റ്റ് ചെയ്ത കവിത ‘ആദികവിത ചോര തുപ്പുമ്പോൾ‘ എന്ന ആ കവിതയായിരുന്നു. അത്രമാത്രം ലോകം അവനെ പെട്ടെന്ന് പെട്ടെന്ന് ബാധിച്ചുകൊണ്ടിരുന്നു.
കെ.എൽ.എഫിൻ്റെ വേദിയിൽ കവിത വായിക്കാനിരുന്നപ്പോഴും ഏത് കവിത വായിക്കണമെന്ന് ചോദിച്ചുചോദിച്ച് ജിനേഷ് അടുത്തിരുന്ന് എന്നെ കുഴപ്പിച്ചു. അന്ന് അവൻ ചൊല്ലിയ കവിതകളുടെ ആഴം ഇരട്ടിക്കുന്നത് പിന്നീടുള്ള ദിവസങ്ങളിൽ ഞാൻ കണ്ടറിഞ്ഞു.
ചുഴി ആയിരുന്നു അതിലൊരു കവിത.
ചുഴി
ചൂണ്ടക്കൊളുത്തിൽ നിന്ന്
വേർപെട്ട് പോയ
ഇരയാണ്
ചൂണ്ടക്കാരൻ അന്വേഷിക്കില്ല
ഉടൽമുറിഞ്ഞതിനാൽ
ജീവിതത്തിലേക്ക് തിരിച്ചുവരാനാവില്ല
കെണിയെന്ന് കരുതി
മത്സ്യങ്ങൾ തൊടില്ല.
എൻ്റെ പ്രിയപ്പെട്ട കവിതകളിൽ ഈ കവിത ഇപ്പോഴും തുടരുന്നു.
ജിനേഷ് കൂടി പങ്കെടുക്കേണ്ടിയിരുന്ന സുധീഷ് കോട്ടേമ്പ്രത്തിൻ്റെ നാട്ടിലെ കവിയരങ്ങിനുവേണ്ടി എപ്പോൾ എത്തുമെന്നും മറ്റും അറിയാൻ വിളിക്കാനിരുന്നതായിരുന്നു. വിളിച്ചില്ല. ജിനേഷ് പുതിയ കവിത എഴുതാനുള്ള തീരുമാനത്തിലായിരുന്നെന്ന് പിന്നീട് അടുത്ത സുഹൃത്തുക്കൾ പറഞ്ഞറിഞ്ഞു. അങ്ങനെയൊരു ജിനേഷിനെ എനിക്ക് പരിചയമേ ഉണ്ടായിരുന്നില്ല.
ജിനേഷിൻ്റെ ആത്മഹത്യയുടെ ഒന്നാം വാർഷികത്തിൽ അവൻ്റെ നാട്ടുകാർ ഒരുക്കിയ സ്മൃതിപുരസ്കാരം ഏറ്റുവാങ്ങാൻ അവൻ്റെ ശവമാടത്തിൻ്റെ മുമ്പിൽ ഞാൻ പോയിനിന്നു. അവൻ്റെ മുഖത്ത് അപ്പോഴും എനിക്കപരിചിതമായ ഗൗരവമുണ്ടായിരുന്നു. മരിച്ചു കഴിഞ്ഞാൽ ആളുകൾ വല്ലാതെ മാറിപ്പോകുമെന്ന് ഞാനുറപ്പ് വരുത്തുന്നത് അങ്ങനെയാണ്.
ജിനേഷേ, ഇന്നിപ്പോൾ ആറുവർഷമാവുന്നു. എഴുതാനുള്ള കവിതകളെല്ലാം വേഗത്തിൽ എഴുതിതീർക്കാനുള്ള നിൻ്റെ തിടുക്കം എനിക്ക് ഇന്ന് നന്നായി മനസ്സിലാവുന്നുണ്ട്. നമ്മുടെ കവിതകൾക്ക് സഞ്ചരിക്കാവുന്ന വലിയ തെരുവുകൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു കാലത്ത് നീ മാത്രം കണ്ടുപിടിക്കാനാവാത്ത ഒരിടത്ത് ഒളിച്ചിരിക്കുന്നു. നിൻ്റെ പുതിയ കവിതക്കുവേണ്ടിക്കൂടിയാണ് ഞാൻ മാസികകൾ പരതി വായിക്കുന്നത്. പുതിയ മത്സരങ്ങളിലേക്ക് നീ കവിതകളയക്കുന്നില്ലേ? ഇത്തവണ ഞാനെങ്കിൽ അടുത്ത തവണ നീയെന്ന് വരാറുള്ള ഒരു ഫോൺകോൾ ഞാൻ കാത്തിരിക്കുന്നു. ഇനിയും പരിഹരിച്ചു തീർന്നിട്ടില്ലാത്ത നമ്മുടെ ഭാഷയുമായുള്ള ഏറ്റുമുട്ടലുകൾക്ക് ഞാൻ ഒരുങ്ങിനിൽക്കുകയാണ്…
ഓർമ, എത്ര കത്തിക്കരിഞ്ഞിട്ടും പൊടിച്ചുതുടങ്ങുന്ന ഏത് മരത്തിൻ്റെ കായയാണ്?