സുഗതകുമാരിയെ ഓർത്ത് സച്ചിദാനന്ദൻ എഴുതുന്നു

സ്വാഭാവികമായും ചിലപ്പോൾ എനിക്ക് അവരുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടുണ്ട്. അത് ഞാൻ അവരോടു തന്നെയും പറയുകയോ പൊതുസമൂഹത്തിൽ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യകാലത്ത്, വൈലോപ്പിള്ളിയ്ക്ക് എന്ന പോലെ, അവർക്ക് അടിയന്തിരാവസ്ഥയുടെ ജനാധിപത്യ വിരുദ്ധത മനസ്സിലായില്ല. എന്നാൽ രണ്ടുപേരും പിന്നീട് ആ തെറ്റു മനസ്സിലാക്കി തിരുത്തുകയും ചെയ്തു, കവിതകളിലൂടെ തന്നെ. കൂടുതൽ സമീപകാലത്ത് വലതുപക്ഷം അവരെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തി. പിന്നീട് ഒരു അഭിമുഖത്തിൽ അവർ, തന്നെ ആർ.എസ്.എസുകാരിയും സ്ത്രീവിരുദ്ധയും ഒക്കെ ആക്കുന്നവർക്കെതിരെ പ്രതികരിക്കുകയും ചെയ്തു

തിനഞ്ചാമത്തെ വയസ്സിലാണ് ഞാൻ സുഗതകുമാരിയുടെ ‘മുത്തുച്ചിപ്പി' എന്ന സമാഹാരം വായിക്കുന്നത്, അതിനു മുൻപേ അവരുടെ പല കവിതകളും വാരികകളിൽ വായിച്ചിട്ടുണ്ടായിരുന്നുവെങ്കിലും. അന്ന് ഞാൻ പത്താം ക്ലാസ് വിദ്യാർഥിയാണ്. സ്‌കൂൾ മാസികകളിലും നാട്ടിൻപുറത്തെ കയ്യെഴുത്തുമാസികകളിലും മാത്രം കവിതയെഴുതുന്ന കാലം. മാതൃഭൂമി വാരികയുടെ സ്ഥിരം വായനക്കാരൻ. അതിലാണ് സുഗതകുമാരിയുടെ ആദ്യ കവിതകൾ പലതും വായിക്കുന്നത്. അൽപം സഹൃദയത്വവും കാവ്യപരിചയവുമുള്ള ഒരു സ്‌കൂൾകുട്ടിക്ക് ഉൾക്കൊള്ളാൻ കഴിയുന്ന സുതാര്യമായ കവിതകൾ. ധിഷണയോടല്ല, ഹൃദയത്തോടാണ് അവ സംസാരിച്ചത്. തുടർന്ന് അവരുടെ കവിതകൾ വായിക്കുക ശീലത്തിന്റെ ഭാഗമായി.

സച്ചിദാനന്ദന്റെ ഭാര്യ ബിന്ദു സുഗതകുമാരിക്കൊപ്പം

വൈലോപ്പിള്ളി, ഇടശ്ശേരി, അക്കിത്തം, ഒളപ്പമണ്ണ , എൻ.വി. കൃഷ്ണവാരിയർ, വിഷ്ണുനാരായണൻ നമ്പൂതിരി, ഒ.എൻ.വി, സുഗതകുമാരി തുടങ്ങിയവരായിരുന്നു അക്കാലത്തെ പ്രിയകവികൾ. പിന്നാലെ അയ്യപ്പപണിക്കർ, എൻ.എൻ. കക്കാട്, മാധവൻ അയ്യപ്പത്ത്, ചെറിയാൻ കെ. ചെറിയാൻ തുടങ്ങിയവർ വന്നു. ആധുനികകവിതയുടെ പ്രാഭവകാലത്തും ഞാൻ സുഗതകുമാരിയെ വിടാതെ വായിച്ചു. നിശാഗന്ധി, ഇരുൾചിറകുകൾ, രാത്രിമഴ, നിന്നെ ഞാൻ സ്‌നേഹിക്കുന്നു, കൊളോസസ്സ്, അത്ര മേൽ സ്‌നേഹിക്കയാൽ, രാജലക്ഷ്മിയോട്, പാതിരാപ്പൂക്കൾ, ധർമ്മത്തിന്റെ നിറം കറുപ്പാണ്, പെൺകുഞ്ഞ് '90, ജെസ്സി, അമ്പലമണി, കുറിഞ്ഞിപ്പൂക്കൾ, തലശ്ശേരികൾ, പാദപ്രതിഷ്ഠ, തുലാവർഷപ്പച്ച, രാധയെവിടെ?, കൃഷ്ണ നീയെന്നെ അറിയില്ല, ദേവദാസി, കൊല്ലേണ്ടതെങ്ങിനെ, കടൽ കാണാൻ പോയവർ, ശ്യാമമുരളി, ഇരുപത്തിഒന്നാം നൂറ്റാണ്ടിനോട്.. സമീപകാലത്ത് എഴുതിയ സഹ്യനെക്കുറിച്ചുള്ള കവിത വരെ എത്രയോ രചനകൾ ഇന്നും മനസ്സിൽ പച്ചപ്പോടെ നിൽക്കുന്നു.

അൽപം മുതിർന്ന കാലം മുതൽ ഞങ്ങൾ പല കവിസമ്മേളനങ്ങളിലും ഒന്നിച്ച് പങ്കെടുക്കാൻ തുടങ്ങി. കുറച്ചുകൂടി മുതിർന്നതോടെ അവർ എന്നെ സഹോദരകവിയായി അംഗീകരിച്ചു. ഇനിയീ മനസ്സിൽ കവിതയില്ല എന്ന അവരുടെ കവിതയോട് പ്രതികരിച്ചുകൊണ്ട് ഞാൻ സുഗതകുമാരിയോട് എന്ന കവിതയെഴുതി.

കൈ പിടിക്കുക സോദരീ, സോദരീ,
കൈത പൂത്ത വരമ്പിൽ വഴുക്കുമേ
എന്നുതുടങ്ങി
പോകയായ് ഇരുൾസ്സോദരി, സോദരീ,
ചോരയാണു വരമ്പിൽ, വഴുക്കുമേ
എന്നവസാനിക്കുന്ന ആ കവിത ഞങ്ങളുടെ സൗഭ്രാത്രം അരക്കിട്ടുറപ്പിച്ചുവെന്നു പറയാം.

പിന്നെ തിരുവനന്തപുരത്ത് പോകുമ്പോൾ അവരെ ‘വരദ' യിൽ പോയി സന്ദർശിക്കുക ഏതാണ്ടൊരു പതിവായി. ഒരു കുറി അവർ ആശുപത്രിയിലായിരുന്നു. ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് സുഖം പ്രാപിക്കയായിരുന്നു. എന്നോട് ചില കവിതകൾ വായിച്ചു കേൾപ്പിക്കാൻ പറയുകയും കയ്യിലുണ്ടായിരുന്ന ചിലത് ഞാൻ വായിച്ചു കേൾപ്പിക്കുകയും ചെയ്തത് ഓർക്കുന്നു. അവർ മുന്നിട്ടിറങ്ങിയ പരിസ്ഥിതി സമരങ്ങളിൽ ഞാൻ നേരിട്ടോ പരോക്ഷമായോ പങ്കെടുത്തു. എന്റെ ബഹുരൂപി എന്ന കവിതാസമാഹാരം അവരാണ് തിരുവനന്തപുരത്ത് പ്രകാശനം ചെയ്തത് . അവർക്ക് ‘സരസ്വതീ സമ്മാൻ ' ലഭിച്ചപ്പോൾ ദൂരദർശനുവേണ്ടി അവരുമായി അഭിമുഖസംഭാഷണം നടത്തിയതും ഞാനായിരുന്നു. ദുബായിയിൽ ഞങ്ങൾ ഒന്നിച്ച് ആറന്മുള വിമാനത്താവളത്തിന്നെതിരായ ഒരു സമ്മേളനത്തിൽ പങ്കെടുത്തു. ഒടുവിൽ ബിന്ദുവിനോടൊപ്പം പോയികണ്ടപ്പോൾ അവർ സുജാതാദേവിയുടെ വേർപാടിൽ ഹൃദയം തകർന്നിരിക്കുകയായിരുന്നു. അതിനു മുൻപ് ഹൃദയകുമാരിയും, സ്വന്തം ഭർത്താവും മരിച്ചിരുന്നു. മകൾക്ക് തുല്യയായിരുന്ന, ഒന്നിച്ച് താമസിച്ചിരുന്ന, അനുജത്തിയുടെ മരണം കൂടി താങ്ങുക അവർക്ക് പ്രയാസമായിരുന്നു.

സുഗതകുമാരിയെ ആദരിക്കാൻ സ്ത്രീ കൂട്ടായ്മ 81 മരത്തെെകൾ നടുന്ന ചടങ്ങ്​ സംഘടിപ്പിച്ചപ്പോൾ

സുഗതകുമാരിയുടെ ധാർമികജീവിതത്തെ നയിച്ചിരുന്നത് ഗാന്ധിയൻ മൂല്യങ്ങളായിരുന്നു. അത് അച്ഛൻ ബോധേശ്വരൻ വഴി കൂടി വന്നതാകാം. ത്യാഗം - ബുദ്ധിസ്റ്റ് ഭാഷയിൽ ‘ഉപേക്ഷ' -അവർക്ക് പ്രിയപ്പെട്ട മൂല്യമായിരുന്നു. അതുകൊണ്ടാണല്ലോ എം.എക്കു ഒന്നാംറാങ്ക് കിട്ടി യൂണിവേഴ്‌സിറ്റി കോളേജിൽ പഠിപ്പിക്കാൻ ക്ഷണിക്കപ്പെട്ടിട്ടും ബാലഭവനിൽ കൊച്ചുകുട്ടികളെ പഠിപ്പിക്കുന്ന ജോലി അവർ തിരഞ്ഞെടുത്തത്. അതോടൊപ്പം കരുണ കൂടി ചേർന്നതോടെ സുഗതയുടെ കവിത ആദ്യകാലത്തെ ആത്മപീഡനപ്രണയം വിട്ടു ദീനരിലേക്കും പ്രകൃതിയിലേക്കും ഒഴുകിപ്പരന്നു. ചരാചരങ്ങളുടെ സൗഭ്രാത്രം അവരുടെ ദർശനത്തിന്റെ ഭാഗമായി മാറി. ഈ പ്രകൃതിസ്‌നേഹത്തിൽ നിന്ന് വന്നതാണ് അവരുടെ പരിസ്ഥിതിസമരങ്ങളുടെ ഊർജ്ജം. അത് ആദ്യമായി ശക്തമായി പ്രകടമായത് സൈലന്റ് വാലി പ്രക്ഷോഭത്തിലായിരുന്നു.

ട്രേഡ് യൂണിയനുകൾ എതിർ നിന്നിട്ടും ശാസ്ത്രസാഹിത്യപരിഷത്ത് പോലുള്ള സംഘടനകൾ അതിനെ പിന്തുണച്ചതോടെ സമരത്തിന് ജനകീയ സ്വഭാവം കൈവന്നു. അന്ന് പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയുടെ നേരിട്ടുള്ള ഇടപെടൽ തന്നെയാണ് ഒടുവിൽ അത് വിജയിക്കാൻ സഹായിച്ചത്. പിന്നീട് എത്രയോ വനസംരക്ഷണ സമരങ്ങൾ, ആദിവാസികൾക്കിടയിലെ പ്രവർത്തനങ്ങൾ, അനാഥകളായ സ്ത്രീകൾക്കും മാനസികപ്രശ്‌നങ്ങൾ ഉള്ളവർക്കും വേണ്ടിയുള്ള അഭയകേന്ദ്രങ്ങൾ.. കവിതയിലെ വിഷാദത്തെ പ്രവർത്തനത്തിലെ ഇച്ഛാശക്തി കൊണ്ട് നേരിടുകയായിരുന്നു അവർ.

സ്വാഭാവികമായും ചിലപ്പോൾ എനിക്ക് അവരുമായി അഭിപ്രായ ഭിന്നതകൾ ഉണ്ടായിട്ടുണ്ട്. അത് ഞാൻ അവരോടു തന്നെയും പറയുകയോ പൊതുസമൂഹത്തിൽ പ്രകടിപ്പിക്കുകയോ ചെയ്തിട്ടുണ്ട്. ആദ്യകാലത്ത്, വൈലോപ്പിള്ളിയ്ക്ക് എന്ന പോലെ, അവർക്ക് അടിയന്തരാവസ്ഥയുടെ ജനാധിപത്യ വിരുദ്ധത മനസ്സിലായില്ല. എന്നാൽ രണ്ടുപേരും പിന്നീട് ആ തെറ്റു മനസ്സിലാക്കി തിരുത്തുകയും ചെയ്തു, കവിതകളിലൂടെ തന്നെ. കൂടുതൽ സമീപകാലത്ത് വലതുപക്ഷം അവരെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തി. അത് അവരെ ആദരിക്കുന്ന എന്നെപ്പോലെ പലരെയും വല്ലാതെ വേദനിപ്പിച്ചു. അവർ നയിച്ച ആറന്മുള സമരം പോലുള്ള ചിലതിനു പിന്തുണയുമായി വന്നാണ് അവരെ വിലയ്‌ക്കെടുക്കാൻ സ്വയംസേവകർ ശ്രമിച്ചത്. ജന്മഭൂമിയിൽ സുഗതകുമാരി ലീലാമേനോന് നൽകിയ അഭിമുഖം എന്നെ വല്ലാതെ പ്രക്ഷുബ്ധനാക്കി, ആ പത്രത്തിന് അഭിമുഖം നൽകിയത് തെറ്റ്, അതിൽ പ്രകടമായ മുസ്‌ലിം വിരോധം അതിലും വലിയ തെറ്റ്, എന്ന് എനിക്ക് തോന്നി, അത് ഞാൻ ഒരു ഫേസ്ബുക്ക് പോസ്റ്റിൽ പറയുകയും ചെയ്തു. പിന്നീട് അവരെ കാണാൻ ചെന്നപ്പോൾ ആരോ പറഞ്ഞ് അവർ അത് അറിഞ്ഞിരുന്നു. പറഞ്ഞയാൾ അൽപ്പം എരിവു കൂട്ടി പറയുകയും ചെയ്തിരുന്നു എന്ന് സംസാരത്തിൽ നിന്ന് ബോധ്യമായി.

താൻ അവർക്ക് അഭിമുഖ സംഭാഷണമൊന്നും നൽകിയിട്ടില്ലെന്നും ലീലാ മേനോൻ ഒന്ന് കാണണം എന്ന് പറഞ്ഞു എന്തൊക്കെയോ സംസാരിക്കുകയും അത് അവരുടെ ചില കൂട്ടിച്ചേർക്കലുകളോടെ അഭിമുഖസംഭാഷണമായി നൽകുകയുമാണ് ചെയ്തതെന്നും സുഗതകുമാരി വിശദീകരിച്ചു. പിന്നീട് ഒരു അഭിമുഖത്തിൽ അവർ, തന്നെ ആർ.എസ്.എസ്‌കാരിയും സ്ത്രീവിരുദ്ധയും ഒക്കെ ആക്കുന്നവർക്കെതിരെ പ്രതികരിക്കുകയും ചെയ്തു.

ഒ.എൻ.വി കുറുപ്പിനൊപ്പം സുഗതകുമാരി

ഏതായാലും ഇപ്പോൾ നമുക്കു മുമ്പിലുള്ളത് അവരുടെ കവിതകളാണ്. അവ തലമുറകളോട് സംസാരിച്ചു കൊണ്ടിരിക്കുമെന്നും മനുഷ്യവംശത്തിന്റെ ആത്മഹത്യയിലേക്കുള്ള നീക്കത്തിനെതിരെ ശക്തസുന്ദരമായ ഒരു താക്കീതായി നിലനിൽക്കുമെന്നും തീർച്ചയാണ്. പ്രളയവും മഹാമാരികളും ആഗോള താപനവും കാലാവസ്ഥാമാറ്റവും മറ്റും വഴി പ്രകൃതി തന്നെ നമുക്കു വിപദ്‌സന്ദേശങ്ങൾ നൽകുന്ന കാലമാണിത്. മനുഷ്യൻ പ്രകൃതിയെ സ്വലാഭത്തിന്നായി ചൂഷണം ചെയ്യുന്നത് നിർത്തണം എന്നും ജൈവശൃംഖലയിൽ വിള്ളലുകൾ വീഴ്ത്തരുതെന്നും, മനുഷ്യർ ലോകത്തിന്റെ പ്രഭുക്കളല്ലെന്നും ഭൂമി ജന്തുക്കൾക്കും സസ്യങ്ങൾക്കും കൂടി അവകാശപ്പെട്ടതാനെന്നും മനുഷ്യചരിത്രം പ്രപഞ്ചചരിത്രത്തിൽ ഒരു ചെറിയ വാക്ക് മാത്രമാണെന്നും പ്രകൃതി നമ്മോടു പറയുന്നു. ഈ വംശ പ്രതിസന്ധിയിലെങ്കിലും നാം നമ്മുടെ പ്രിയപ്പെട്ട കവി നമ്മോടു നിരന്തരം പറഞ്ഞു കൊണ്ടിരുന്ന കാര്യങ്ങൾ ഗൗരവമായി എടുക്കുകയും നമ്മുടെ ‘വികസന' സങ്കൽപങ്ങൾ പുനഃപരിശോധിക്കുകയും വേണ്ടതുണ്ട് .

ആ അർത്ഥത്തിൽ സുഗതകുമാരി ഭൂതകാലത്തിന്റെ കവിയല്ല, നീതിബോധവും ലാവണ്യബോധവും രണ്ടല്ലാത്ത ഭാവിയുടെ കവിയാണ്.


കെ. സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments