വരയ്ക്കാനായി മേതിലിനെപ്പോലെ അപൂർവ്വം എഴുത്തുകാരെ കൈയ്യിൽ കിട്ടുമ്പോൾ പ്രത്യേകം ഉത്സാഹം തോന്നാറുണ്ട്. മേതിലിനെത്തന്നെ കിട്ടുമ്പോൾ അത് ലേശം കൂടുതലാവും.
ഓരോ സാഹിത്യകൃതിയെയും ഒരു സവിശേഷ ഭൂഭാഗമായി കാണുന്നതാണ് ഒന്നാം വായനയിൽ എനിക്കിഷ്ടം. രണ്ടാം വായന, ചിത്രം കണ്ടെടുക്കാനുള്ള അലച്ചിലാണ്. മേതിലിന്റെ ഭൂമിയിൽ അലച്ചിലിനുള്ള സാധ്യത ഏറുന്നു.
അത്യപൂർവ്വമായ ജനുസുകളിൽപ്പെട്ട സസ്യങ്ങളും ചെറുജീവികളും സൂക്ഷ്മപ്രാണികളും നിറഞ്ഞ, സൂര്യൻ ജലത്തെയും പക്ഷികൾ ആകാശത്തെയും പല ഭാഷകളിൽ പരാവർത്തനം ചെയ്യുന്ന, ഏകാന്തദ്വീപ് പോലെ ഓരോ മേതിൽ രചനയും അനുഭവപ്പെടുന്നു.

പതിനാറ് പതിനേഴ് വർഷങ്ങൾക്കു മുമ്പ് ഒരു രാത്രി ബാംഗ്ലൂരിൽ നിന്നു വിളിച്ച സുഹൃത്തിന്റെ ഫോണിൽ എനിക്ക് ഒരു സർപ്രൈസ് കരുതിയിരുന്നു. ഒരാൾക്ക് ഫോൺ കൊടുക്കാമെന്നുപറഞ്ഞ് അവൻ ഫോൺ കൈമാറി. അപ്പുറത്ത് സംസാരിക്കുന്നത് മലയാളത്തിലെ അപൂർവ്വ എഴുത്തുകാരൻ മേതിൽ രാധാകൃഷ്ണൻ ആയിരുന്നുവെന്ന് വിശ്വസിക്കാനായില്ല. ‘ഇങ്ങള് മേതില് തന്നെയാണോ, അല്ലേ? എന്ന അന്ധാളിപ്പോടെയാണ് ഞാൻ സംസാരിക്കുന്നത്.
ചുരുക്കത്തിൽ പറഞ്ഞത്; ‘മൂന്നുവര' എന്ന കോളം എഴുത്തുകൾ പുസ്തകമാകുകയാണ്, അതിന് ഒരു പ്രത്യേക തരത്തിൽ ഇല്ലസ്ട്രേഷൻ വേണം, പുസ്തകത്തിന്റെ മാർജിൻ സ്പെയിസിൽ മാത്രമാണ് വര വേണ്ടത്, എത്രയ്ക്ക് ചെറുതാക്കി വരക്കാമോ അത്രയും നല്ലത്, ചെറുജീവികളും സൂക്ഷപ്രാണികളും സസ്യങ്ങളും മറ്റും നിറയുന്ന ഡൂഡിൽ വരകൾ പോലെ ഒന്ന്.
അത് വരക്കാൻ എന്നെയാണ് മേതിൽ തിരഞ്ഞെടുക്കുന്നതെന്ന് പറഞ്ഞപ്പോൾ അഭിമാനമായി. വിരസമായ സ്കൂൾ നോട്ടുകളിലെ മാർജിൻവരആശ്വാസങ്ങൾ ഞാനോർത്തു. മൂന്നു വരയ്ക്ക് വരക്കാൻ എനിക്കുത്സാഹമായി. പക്ഷെ ചില സ്വകാര്യ കാരണങ്ങളാൽ അത് നടന്നില്ല.

പിന്നീട് മാതൃഭൂമി ആഴ്ചപ്പതിപ്പിൽ ആർട്ടിസ്റ്റായി ജോലിക്ക് ചേരുന്നതോടെ, അപൂർവ്വമായി എത്തുന്ന ചില മേതിൽ കവിതകൾക്ക് വരക്കാൻ അവസരമുണ്ടായി. ‘സൂര്യമത്സ്യത്തെ വിവരിക്കൽ’ എന്ന നോവലൈറ്റിനും വരച്ചു. പിന്നിട് കൊറോണാ കാലത്തെ മേതിൽ പരമ്പരയായ '19' ന് വരച്ചു. അടുത്ത കാലത്ത് മാതൃഭൂമി ഓൺലൈനിൽ ‘ആത്മകഥ ആവാതെ ഞാൻ’ എന്ന പരമ്പരയ്ക്കും വരക്കാനായി. മേതിലിന്റെ തന്നെ പ്രത്യേക നിർദ്ദേശപ്രകാരമാണ് അതിന് വരക്കാനുള്ള ചുമതല എന്നിൽ ഏൽപ്പിക്കപ്പെട്ടത്. ഞാനത് വലിയ അംഗീകാരമായിത്തന്നെ കാണുന്നു.
‘തിളങ്ങുന്ന ഇളംമഞ്ഞ’ എന്ന പേരിൽ ഹാർമോണിയം ബുക്സ് പ്രസിദ്ധീകരിച്ച എന്റെ ചെറുകവിതകളുടെ പുസ്തകത്തിന്റെ pdf ഞാൻ തികഞ്ഞ സഭാകമ്പത്തോടെയും കുറ്റബോധത്തോടെയും മേതിലിന് അയച്ചു. സൗകര്യപ്പെടുമെങ്കിൽ അതൊന്നു വായിച്ചു നോക്കണമെന്നും താൽപര്യമെങ്കിൽ മാത്രം കുറച്ച് വരികൾ എഴുതിത്തരണമെന്നും അഭ്യർത്ഥിച്ചു. ഞാനതിന് മറുപടിയൊന്നും പ്രതീക്ഷിച്ചിരുന്നില്ല. പക്ഷെ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് വേഗം തന്നെ അദ്ദേഹം പ്രതികരിച്ചു. കണ്ണിന് പ്രയാസമുണ്ട്, വായിക്കാനും എഴുതാനും ബുദ്ധിമുട്ടാണ്, എന്നിട്ടും ദിവസങ്ങൾക്കുള്ളിൽ തന്നെ കുറച്ച് വരികൾ ആ ചെറുപുസ്തകത്തിന് എഴുതിത്തന്ന് അനുഗ്രഹിച്ചു.
‘‘ആമകളെ ഇഷ്ടപ്പെടാൻ
എനിക്ക് വേറെ
ന്യായങ്ങളൊന്നുമില്ല
അവ ആമകളാണെന്നതല്ലാതെ’’
പുസ്തകത്തിലെ ഈ വരികളായിരുന്നു ആ കുറിപ്പ് എഴുതിത്തരാനുള്ള പ്രത്യേക കാരണം.
മേതിലിനെ ഇഷ്ടപ്പെടാനും എനിക്ക് വേറെ ന്യായങ്ങളൊന്നുമില്ല, അത് മേതിലാണെന്നതല്ലാതെ, കാരണം വേറെ മേതിലില്ല.

‘ക്ലീഷെ’യുടെ എതിർപദത്തെ മേതിൽ എന്നും വിളിക്കാം.
മേതിലിനെ ഒരു മലയാളം എഴുത്തുകാരനെന്ന് വിളിക്കാമോ?
മേതിൽ ഭാഷാതീതൻ!
ഭാഷയിൽ എഴുതുന്ന ഒരു എഴുത്തുകാരന്റെ പേരല്ല, മേതിൽ ഒരു ഭാഷയുടെ തന്നെ പേര്.
അക്ഷരങ്ങൾ ഉറുമ്പുകളെ പോലെ നിരന്നു നിൽക്കുന്ന ഒരു മേതിൽ പുസ്തകം തുറന്നു വെച്ചിരിക്കുന്നു. അക്ഷരങ്ങൾ കറുത്ത ഉറുമ്പുകൾ തന്നെ.
ഉറുമ്പ് ലിപി,
ഉറുമ്പ് ഭാഷ!
അവ അനങ്ങുന്നു,
വെളുത്ത താളുകളിലൂടെ
അരിച്ച് നീങ്ങുന്നു…
▮
മേതിൽ
Ars Longa Vita Brevis
വ്യാഴാഴ്ചകൾ മാത്രമുള്ള ഏഴു ദിവസങ്ങൾ
റാറ്റ് ബുക്സ്.
