ആഗ്രഹിച്ചതല്ലെങ്കിലും പ്രതീക്ഷിച്ചിരുന്ന ഒരു ഇല്ലാതാകൽ. അത് ഉള്ളിൽ ഉളവാക്കിയ ചലനം ഇത്രത്തോളമുണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചതല്ല. എം.ടി എന്ന വ്യക്തിത്വം എഴുത്തുകാരൻ എന്ന നിലയിൽ എന്നെ സ്വാധീനിച്ചത് എത്രത്തോളം എന്ന് എനിക്കറിയാമായിരുന്നിട്ടും. വൈകാരികമായി ഡിറ്റാച്ച്ഡ് റ്റു എവരിതിംഗ് എന്നൊരു തിയറി കഴിഞ്ഞ കുറച്ചു വർഷങ്ങളായി അതിവിജയകരമായി പരീക്ഷിച്ചു വിജയിച്ചവനാണ് ഞാൻ എന്നാകിലും ക്രിസ്തുമസ് രാത്രിയിൽ എന്തുകൊണ്ടോ ഉലഞ്ഞുപോയി. അതിന്റെ കാരണങ്ങൾ തേടി പോയപ്പോൾ കിട്ടിയത് കുറിക്കാം. വായനക്കാരാണ്… ധൈഷണികരാണ്… എന്ന അഹങ്കാരമൊട്ടുമില്ലാത്ത എന്നൊക്കെയോ പലവിധകാരണങ്ങളാൽ വായന നിർത്തിയ ചില പ്രിയപ്പെട്ടവർ വാർത്ത അറിഞ്ഞപ്പോൾ വിളിച്ച് അവരുടെ ദു:ഖം പങ്കുവെച്ചത്. എന്റെ പത്താം ക്ലാസ് ഗ്രൂപ്പിൽ അപ്രതീക്ഷിതമായി പലരും സങ്കടം പങ്കുവെച്ചത്, അവരിൽ ചിലർ എം.ടി യെ മാത്രമേ വായിച്ചിട്ടുള്ളൂ എന്ന് പറഞ്ഞത്. ഔദ്യോഗിക ജീവിതത്തിന്റെ ഒരു വർഷക്കാലം ഞാൻ കോഴിക്കോട് താമസിച്ചപ്പോൾ കേവലം ഒന്നര മിനിറ്റ് ബൈക്കോടിച്ചാൽ എത്തുന്ന ‘സിതാര’ യിൽ ഒന്ന് കയറി കാണാൻ പറ്റുമായിരുന്നത് വേണ്ട എന്ന് വച്ചത്. ഇതൊക്കെ വെറും ഉടൻ കാരണങ്ങളെങ്കിൽ അടിസ്ഥാനപരമായ ചില കാരണങ്ങളുണ്ട്. എം. ടി എനിക്കെന്തായിരുന്നു എന്നതാണീ കുറിപ്പിന്റെ ലക്ഷ്യമെന്നതിനാൽ ഇതിലെ ഞാനുകൾക്ക് മാപ്പ് തരിക!
1998-99. ബ്ലോഗിന്റെ ആദിരൂപമായിരുന്ന കേരളാ.കോമിന്റെ മലയാളം ഗസ്റ്റ് ബുക്കിൽ മലയാളത്തിൽ അക്ഷരം ടൈപ്പ് ചെയ്യാമെന്ന അഹ്ലാദകരമായൊരു അതിവിസ്മയം കണ്ടെത്തിയത്. അതിൽ ചെറിയ ചെറിയ ഹാസ്യരസക്കുറിപ്പുകളെഴുതിയത്. അക്കാലത്ത് അബുദാബി കേരള സോഷ്യൽ സെന്റർ ലൈബ്രറിയിൽ നിന്ന് കിട്ടിയ കാഥികന്റെ കല, കാഥികന്റെ പണിപ്പുര വായിച്ചത്. എങ്ങനെ എഴുതണം എന്നല്ല അവയിൽക്കൂടി എം.ടി എന്നെ പഠിപ്പിച്ചത്. എങ്ങനെ എഴുതരുത് എന്നാണ്. ചെറുകഥ എന്നാൽ എന്തെന്നും നോവൽ എന്നാൽ എന്തെന്നും എന്നെ പഠിപ്പിച്ചത്. എഴുത്ത് ഗൗരവമായെടുക്കണം എന്ന് ഞാൻ നിശ്ചയിച്ച നിമിഷം ആ പുസ്തകങ്ങൾക്കൊപ്പമായിരുന്നു. അതൊന്നുപോരേ രക്തബന്ധങ്ങളേക്കാൾ ഇഴയടുപ്പം തോന്നാൻ?

എന്നിട്ടും കുറച്ചുകാലം തൊട്ടടുത്തുണ്ടായിരുന്നിട്ടും ഒന്ന് കാണണം എന്നോ മിണ്ടണമെന്നോ തോന്നാതിരുന്നതിന് കാരണം? എഴുതുന്നവർ സാധാരണക്കാർ അല്ലെന്നും അവർക്കെന്തോ ദിവ്യത്വം ഉണ്ടെന്നും വിചാരിച്ച് ആരാധിച്ചിരുന്ന മഹാഭൂരിപക്ഷം വായനക്കാരെയും പോലെയൊരാളായിരുന്നു ഈയുള്ളവനും. 2000 മുതൽ മൂന്നാമിടം.കോം എന്ന ആദ്യകാല ഇന്റെർനെറ്റ് സാംസ്കാരിക മാസികയുടെ പ്രവർത്തകനായി. അന്നുമുതൽ എഴുത്തുകാരുമായി ഇടപഴകൽ തുടങ്ങി. ഇവരെല്ലാം തന്നെ അനുഗ്രഹജീവികളല്ലെന്നും മനുഷ്യർ എന്ന നിലയിൽ അതിസാധാരണക്കാരാണെന്നും, എഴുതും സമയത്തെങ്ങാൻ എന്തെങ്കിലും ഒരു ശക്തി ആവേശിക്കുന്നതാണെന്നുമൊക്കെ എനിക്ക് തോന്നിപ്പോയ ഒരു കാലമുണ്ടായി.
പിന്നീടങ്ങോട്ട് കാലം വിപ്ലവകരമായി മാറുകയായിരുന്നല്ലോ? എഴുതുന്നവർ അപ്രാപ്യരാണെന്നും എഴുത്തുകാരെ നമ്മൾക്കുള്ളിൽ വരയ്ക്കുന്നത് അവർ “എഴുതിയ അക്ഷരങ്ങൾ” മാത്രമാണെന്നുമുള്ള പതിറ്റാണ്ടുകളോ നൂറ്റാണ്ടോ പ്രായമുള്ള വ്യവസ്ഥ മാറി വന്നത് പൊടുന്നനെയാണ്. പണ്ടൊക്കെ അപൂർവ്വമായി അച്ചടിച്ചു വന്നിരുന്ന, ഭാഷയ്ക്കും സാഹിത്യത്തിനും മുതൽക്കൂട്ടായിരുന്ന ‘ധൈഷണിക കലഹങ്ങൾ’ വെറും ‘കലഹങ്ങൾ’ ആയി പരിണാമപ്പെടുന്നതിന് പതുക്കെ പതുക്കെ നമ്മൾ സാക്ഷ്യം വഹിക്കാൻ തുടങ്ങി. സാമൂഹ്യമാദ്ധ്യമങ്ങൾ എന്നൊരു പുതിയ പ്ലാറ്റ്ഫോം എഴുത്തുകാരെ എഴുത്തിലൂടെയല്ലാതെ അവരെ ‘അവരായിത്തന്നെ’ വെളിപ്പെടുത്താൻ ആരംഭിച്ചു. വിഗ്രഹങ്ങൾ ഉലയാൻ തുടങ്ങി. അനാദിയായ കാരുണ്യത്തെപ്പറ്റി എഴുതി നമ്മളെക്കൂടി കാരുണ്യവാന്മാരാക്കിയിരുന്നവർ നാവ് തുരുമ്പിച്ച വാളാക്കാൻ തുടങ്ങി. അതിന്റെ ലോഹസങ്കരത്തിൽ പകയും അസൂയയും വെറിയും അറിയാതെ കയറിക്കൂടി. ഉള്ളിലെ നമ്മളെ വെളിപ്പെടാതെ ജീവിക്കുക അസാധ്യം തന്നെയായി. ഈ സമയങ്ങളിലെല്ലാം വിരലിലെണ്ണാവുന്ന ചിലർ മഹാമേരുവായി നിലകൊണ്ടു. അങ്ങനെയുള്ളവർ നിരന്നു നിന്നാൽ -ക്ലീഷേത്വം ഉപയോഗിക്കട്ടെ- അവർക്ക് നടുവിൽ മസ്തകമുയർത്തി നിൽക്കുന്ന ഗുരുവായൂർ കേശവൻ തന്നെയായിരുന്നു എം. ടി. യാതൊരു സംശയവുമില്ല. ഒട്ടുമേ എളുപ്പമല്ലാത്ത സംഗതിയായിരുന്നു അത്. നീ നിന്റെ അക്ഷരങ്ങളിൽ പണിയെടുക്കുക. നീ എന്തൊന്നൊ ആരെന്നോ എന്നതിൽ പ്രസക്തിയേതുമില്ലെന്ന് അദ്ദേഹം എന്നെ ഉപദേശിക്കുന്നതുപോലെ തോന്നി.

മുക്കാൽ നൂറ്റാണ്ടിന്റെ സാർത്ഥകമായ ജീവിതത്തിൽ കൈവെച്ച മേഖലകളിലെല്ലാം ബെഞ്ച്മാർക്ക് (അളവുകോൽ) സൃഷ്ടിച്ച ഒരു മനുഷ്യൻ ഒരു വിവാദത്തിലും ചെന്ന് തലയിട്ടിട്ടില്ല എന്നത് വരും വർഷങ്ങളിൽ ഒരു ദസ്തവയോസ്കീയൻ കാഴ്ചപ്പാടിലൂടെ തീസിസ് എഴുതാൻ മാത്രം ഉള്ള ഒന്നാണെന്ന് ഞാൻ വിശ്വസിക്കുന്നു. പക്ഷങ്ങളില്ലാത്ത നിഷ്പക്ഷനായി നിൽക്കുന്നവർക്ക് ഇത് എളുപ്പം സാധിക്കും. എന്നാൽ എം.ടി അതായിരുന്നോ? ഒരിക്കലുമല്ല. സമീപകാല ഫാസിസത്തോട് ഏതെങ്കിലും തരത്തിൽ രഞ്ജിപ്പ് ഉണ്ടാക്കിയോ? ഇല്ല. എന്നാൽ മിണ്ടാതിരിക്കുകയായിരുന്നോ? അല്ല! സൂക്ഷ്മമായ കൃത്യതയോടെ മൂർച്ചയേറിയ വാക്കുകളാൽ അദ്ദേഹം നമ്മുടെ ‘സവിശേഷമായ’ ഫാസിസത്തെ പരിക്കേൽപ്പിച്ചിട്ടുണ്ട്. അതെത്രത്തോളമെന്നറിയാൻ ഈ ദിവസങ്ങളിലെ വർഗ്ഗീയതയുടെ ഇരുധ്രുവങ്ങളിലുമുള്ളവരുടെ അശ്ലീല പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മതി.
ചിരിക്കാത്ത, അധികം മിണ്ടാത്ത എം.ടിയ്ക്ക് ഇൻട്രോവെർട്ട് അഥവാ അന്തർമുഖൻ എന്നൊരു പട്ടമുണ്ടല്ലോ പൊതുവേ. എന്നാൽ അത് സ്വന്തം എഴുത്തു ജീവിതത്തിനു അവശ്യമുണ്ടായിരിക്കണം എന്ന് സ്വയം നിശ്ചയിച്ചൊരു സുരക്ഷാകവചമാണെന്ന് ഒന്നു ചുഴിഞ്ഞുനോക്കിയാൽ മനസിലാകും. അദ്ദേഹത്തിന്റെ സൗഹൃദസംഘങ്ങൾ, അവരുടെ കൂടിച്ചേരലുകളൊക്കെ പ്രശസ്തരായ ആ സംഘാംഗങ്ങളുടെ ആത്മകഥകളിലുണ്ടല്ലോ? അവിടെയൊക്കെ അന്തർമുഖനായ എം. ടി യെ കാണാൻ സാധിക്കുമോ? ഇല്ല. തുഞ്ചൻ പറമ്പ് മുതൽ പിറകോട്ട് അദ്ദേഹം വഹിച്ച സ്ഥാനങ്ങൾ, അവിടെയൊക്കെ കൊണ്ടുവന്ന സവിശേഷമായ മാറ്റങ്ങൾ ഇതൊക്കെ ഒരു അന്തർമുഖവ്യക്തിത്വത്തിനു ചെയ്യാൻ കഴിയുന്നതാണെന്ന് എനിക്ക് തോന്നുന്നില്ല. എന്നെ സ്വാധീനിച്ച എം.ടി എന്ന് പറയുമ്പോൾ, സ്വാധീനം എന്ന പദത്തിനിക്കാലം ചാർത്തിക്കൊടുക്കപ്പെട്ട നെഗറ്റീവ് ടച്ച് വെച്ചല്ല കണക്കാക്കേണ്ടത്, ഞാൻ എന്നൊരു എഴുത്തുകാരൻ ഉണ്ടാകാൻ തന്നെ കാരണം എം.ടിയുടെ ആ രണ്ടുപുസ്തകങ്ങൾ വായിച്ചിട്ടാണ് എന്നുള്ളതാണ്.

എഴുത്തിൽ ആ സ്വാധീനം വന്നില്ലെന്നല്ല, അതിൽനിന്ന് കുതറാൻ ഞാൻ തുടക്കത്തിലേ ശ്രമിച്ചിട്ടുണ്ട്. വിജയിച്ചിട്ടുമുണ്ടെന്ന് ഞാൻ അഹങ്കരിക്കുന്നു. എന്ന് വരികിലും, നരേഷൻ സ്റ്റെലിൽ എം.ടി കൊണ്ടുവന്നതാണെന്ന് ഞാൻ കരുതുന്ന, ഞാൻ ഒരു ഭാഷാ ഗവേഷകനല്ല എന്നതുകൊണ്ടാണ് കരുതുന്ന എന്ന പദം- തേഡ് പേഴ്സൺ നരേഷനിലായിരിക്കുമ്പോൾ തന്നെ ഫസ്റ്റ് പേഴ്സൺ എന്ന പ്രതീതി (ഉദാ: ഓപ്പോൾ, നാലുകെട്ട്…മുതൽ ഏറെയേറെ) ജനിപ്പിക്കുന്നൊരു സങ്കേതം പ്രയോഗിക്കാൻ എനിക്കിഷ്ടമാണ്. അതിന്റെ തന്നെ അകന്നതും അടുത്തതുമായ ഭേദങ്ങള്‍ ഞാൻ ഇഷ്ടത്തോടെ പ്രയോഗിക്കാറുമുണ്ട്.
അതിനെല്ലാമപ്പുറം ഇന്നിന്റെ ഒരു പ്രധാന വാക്കായ ഇൻഫ്ലുവെൻസേഴ്സ് എന്നൊരു പദം ഉത്ഭവിച്ചിട്ടില്ലാത്ത കാലത്ത് തന്നെ മുത്തശ്ശിയും അച്ഛനും ഞാനും ഇനി മക്കളും വായിക്കുമ്പോഴും എം.ടിയുടെ അക്ഷരങ്ങൾ അവരെ സ്വാധീനിക്കുമെന്ന് എഴുപതുകളിൽ ജനിച്ച എന്റെ തലമുറ ഒന്നടങ്കം പറയുമെന്നതിന് തർക്കമേയില്ല. തലമുറകൾക്ക് ഇത് തന്റെ അനുഭവങ്ങളല്ലേ എന്ന് റിലേറ്റ് ചെയ്യാൻ സാധിക്കുന്ന സാഹിത്യത്തേക്കാൾ വലുതല്ല ഒരു സാഹിത്യവും. ആയതിനാൽ എം. ടിയെ യുഗപ്രഭാവൻ എന്ന് ഒട്ടും സങ്കോചമില്ലാതെ വിളിക്കാം. അങ്ങനെ വിളിക്കപ്പെടും. തീർച്ച. മറിച്ച് പറയാൻ വെമ്പിനിൽക്കുന്ന ധൈഷണിക നാട്യക്കാർ കുറച്ചുണ്ട്. അവർക്കുള്ള നിത്യമായ പ്രതികരണമാണ് അദ്ദേഹത്തിന്റെ വിഖ്യാതമായ ആ ഇടതുചുണ്ട് കോട്ടിയ ചിരി.