എം.ജി.ശശി: കേരളത്തിലെ എം.എൽ പ്രസ്ഥാനത്തിൽ ടി.എൻ.ജോയ് വളരെ സജീവമായിരുന്നല്ലോ. ജോയിയെ പരിചയപ്പെടുന്നത് എങ്ങനെയാണ്?
കെ.വേണു: കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ രണ്ടു ഘട്ടങ്ങളുണ്ട്. കുന്നിക്കൽ നാരായണൻ, വർഗീസ്, മുണ്ടൂർ രാവുണ്ണി, വെള്ളത്തൂവൽ സ്റ്റീഫൻ തുടങ്ങിയവരുടെ മുൻകയ്യിൽ 1968-70 കാലത്ത് നടന്ന പോലീസ് സ്റ്റേഷനുകൾക്കും ജന്മിമാർക്കും എതിരായ ആക്രമണങ്ങളുടെ ഘട്ടമാണ് ആദ്യത്തേത്.
1971 ആരംഭത്തിൽ വെള്ളത്തൂവൽ സ്റ്റീഫൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ആ ഘട്ടം അവസാനിച്ചു എന്നു പറയാം. ഇതിലൊന്നും പങ്കെടുത്തിരുന്നില്ലെങ്കിലും ഗൂഢാലോചനക്കാരനായി ഞാനും അറസ്റ്റുചെയ്യപ്പെട്ടു. കേരളത്തിലെ നക്സൽ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ശൈലികളിലൊന്നുമല്ലെന്നും, ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പാർട്ടി കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും, അതിന് എന്തു ചെയ്യണമെന്നും വിശദീകരിച്ചുകൊണ്ടുള്ള ഒരു രേഖ ജയിലിൽ വെച്ച് ഞാൻ തയ്യാറാക്കുകയുണ്ടായി, 1972-ൽ.
'ശിഥിലീകരണ പ്രവണതകളെ എതിർത്തു തോല്പിക്കുക' എന്നതായിരുന്നു ആ രേഖ. കേസ് നടക്കുമ്പോൾ എൻ്റെ ചേട്ടൻ രാജൻ ഇടയ്ക്കല്ലാം കോടതിയിൽ വരുമായിരുന്നു. ചിലപ്പോൾ ചേട്ടൻ്റെ കൂടെ ഒരു ചെറുപ്പക്കാരൻ വരാറുണ്ട്. അത് കൊടുങ്ങല്ലൂരിലുള്ള ജോയ് ആണെന്ന് ചേട്ടൻ പരിചയപ്പെടുത്തുകയും ആൾ പ്രവർത്തിയ്ക്കാൻ സന്നദ്ധനാണെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തു. ഞാൻ തയ്യാറാക്കിയ രേഖ ചേട്ടൻ വഴി ജോയിക്ക് എത്തിച്ചു കൊടുത്തു. ടി.എൻ. ജോയ് ആ രേഖയ്ക്കനുസരിച്ച് കേരളത്തിലെ മിക്ക ജില്ലകളിലും പ്രാഥമിക സംഘടനാ സംവിധാനങ്ങളുണ്ടാക്കി. 1975-ൽ ജയിലിൽ നിന്ന് പുറത്തെത്തുമ്പോൾ ഈ പാർട്ടി ചട്ടക്കൂടാണ് ഞാൻ കാണുന്നത്. ജോയിയുടെ സൃഷ്ടിയായിരുന്നു അതെല്ലാം. തുടർന്ന് ഒന്നര ദശകക്കാലത്തോളം കേരളത്തിൽ നടന്ന സജീവമായ നക്സൽ പ്രവർത്തനങ്ങളുടെ മുഴുവൻ അടിസ്ഥാനം ജോയ് കെട്ടിപ്പടുത്ത ഈ സംഘടനാ ചട്ടക്കൂടായിരുന്നു.
തനിക്ക് വിപ്ലവകാരിയായി തുടരാൻ അർഹതയില്ലെന്ന് കുറ്റബോധത്തോടെ ജോയ് പിന്നീട് നിലപാടെടുത്തത്...
അസ്തിത്വവാദ സ്വാധീനം ശക്തമായി ഉണ്ടായിരുന്ന ആളായിരുന്നു ജോയ്. അതിനെ മറികടന്നുകൊണ്ടാണ് വിപ്ലവകാരി എന്ന പുതിയ സ്ഥാനം ജോയ് സ്വീകരിച്ചത്. ആ പുതിയ പദവി കോട്ടം തട്ടാതെ നിലനിർത്തണമെന്ന് ജോയിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് അറസ്റ്റു ചെയ്തപ്പോൾ അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയില്ലെന്ന നിലപാടാണ് ജോയ് ആദ്യം സ്വീകരിച്ചത്. കുറേ സമയം പിടിച്ചുനില്ക്കുകയും ചെയ്തു. പക്ഷേ, പിന്നീട് തുടർന്ന പോലീസിൻ്റെ രൂക്ഷമായ മർദനത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ജോയിക്ക് കഴിഞ്ഞില്ല. പറയില്ലെന്നു തീരുമാനിച്ച കാര്യങ്ങൾ പോലീസിനു മുന്നിൽ വെളിപ്പെടുത്തുകയും കീഴടങ്ങേണ്ടിവരികയും ചെയ്തു. അത് ജോയിയെ വല്ലാതെ തകർത്തു കളഞ്ഞു. ജയറാം പടിക്കലിൻ്റെ മർദ്ദന മുറിയിൽ വെച്ച് ഞാൻ കാണുമ്പോൾ വിപ്ലവകാരിയാകാൻ തനിക്ക് അർഹതയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജോയ്.
തനിയ്ക്ക് തടവിൽ നിന്ന് രക്ഷപ്പെടേണ്ട എന്ന തീരുമാനത്തിലെത്തിയ ജോയ്...
ജോയ് ഉൾപ്പെടെ ഞങ്ങൾ നാലു പേർ, പുറത്തെ പ്രവർത്തനങ്ങൾ സജീവമാക്കാനായി, കേസിന് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിയ്ക്കണമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടുവച്ചപ്പോൾ ജോയ് അതിൽ സഹകരിക്കില്ലെന്ന് ഉറപ്പിച്ചുപറഞ്ഞു. വീണ്ടും പ്രവർത്തിയ്ക്കാൻ തയ്യാറല്ലെന്ന കുറ്റബോധം നിറഞ്ഞ നിലപാടിലായിരുന്നു ജോയ്. രക്ഷപ്പെടേണ്ടെന്നും മറ്റു മൂന്നു പേർ രക്ഷപ്പെടാൻ ശ്രമിയ്ക്കുമ്പോൾ തടയാതെ നിന്നാൽ മതിയെന്നും ഞങ്ങൾ പറഞ്ഞപ്പോൾ ജോയ് സഹകരിയ്ക്കാൻ തയ്യാറായി. പക്ഷേ, രക്ഷപ്പെടാനുള്ള ആ ശ്രമം നടക്കാതെ പോവുകയാണുണ്ടായത്.
പിന്നീട് ജോയ് സി.പി.എമ്മിൽ ചേരുന്നുണ്ട്.
ജയിൽവാസം കഴിഞ്ഞ് പുറത്തെത്തിയപ്പോൾ പാർട്ടി പ്രവർത്തനത്തിന് ഒരുങ്ങാതെ 'സൂര്യകാന്തി' എന്ന പേരിൽ ഒരു പുസ്തകശാല കൊടുങ്ങല്ലൂരിൽ തുടങ്ങുകയാണ് ജോയ് ചെയ്തത്. ലോകത്തെമ്പാടും നടന്നുകൊണ്ടിരുന്ന സൈദ്ധാന്തികാന്വേഷണങ്ങളെല്ലാം ജോയ് പിന്തുടരുന്നുണ്ടായിരുന്നു. അസ്തിത്വവാദ സ്വാധീനം നിമിത്തം ജോയ് അവയെക്കുറിച്ചൊന്നും എഴുതുകയോ സംസാരിയ്ക്കുകയോ ചെയ്യുമായിരുന്നില്ല. പിന്നീട് ബി. രാജീവൻ, മൈത്രേയൻ തുടങ്ങിയവരൊത്ത് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിയ്ക്കാൻ തുടങ്ങി, ജോയ്. തുടർന്ന് ജോയ് കൊടുങ്ങല്ലൂരിൽ ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു സി.പി.എം പ്രവർത്തകനായിത്തീർന്നു. കേരളത്തിൽ സാന്ത്വന ചികിത്സാ പ്രസ്ഥാനം ആരംഭിയ്ക്കുന്ന കാലത്ത് ജോയ് അതിൻ്റെ മുൻനിരയിലുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽത്തന്നെ സാന്ത്വന ചികിത്സക്കായി ഒരു കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തുകയും പ്രവർത്തനം ആരംഭിയ്ക്കുകയും ചെയ്തു.
മരണശേഷം തൻ്റെ ഭൗതികശരീരം മുസ്ലീം ആചാരപ്രകാരം അടക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്നുണ്ട് ജോയ്.
ഇന്ത്യയിൽ ഹിന്ദുത്വ ഫാഷിസം ശക്തമായി വളർന്നുവരുന്നതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ജോയ് ഇസ്ലാം മതത്തിൽ ചേരുന്നതായി പ്രഖ്യാപിയ്ക്കുകയുണ്ടായി. മരിയ്ക്കുമ്പോൾ ഇസ്ലാം മതാചാരപ്രകാരം പള്ളി ശ്മശാനത്തിൽ ഖബറടക്കണമെന്നും പറഞ്ഞു വെച്ചിരുന്നു. ഒരിയ്ക്കൽ ഒരു ലോറി ശരീരത്തിൽ തട്ടാനിടയായത് ജോയിക്ക് നിരന്തരം ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അപ്രതീക്ഷിത സന്ദർഭത്തിൽ ജോയിയെ മരണത്തിലേയ്ക്കെത്തിച്ചതും അതു തന്നെയായിരുന്നു. ജോയിയുടെ മരണസമയത്ത് ഭൗതിക ശരീരത്തിനു ചുറ്റും കൂടിയ കേരളത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും പുറത്തു നിന്നുമെത്തിയ നൂറുകണക്കിന് യുവതീ യുവാക്കളുടെ വികാരപ്രകടനം അവർക്കിടയിൽ ജോയിയുടെ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിയ്ക്കുന്നതായിരുന്നു. തൻ്റെ മരണശേഷം ശരീരം മുസ്ലീം പള്ളിപ്പറമ്പിൽ അടക്കണമെന്ന ജോയിയുടെ അഭിലാഷം നടപ്പാക്കുന്നതിനെ ജോയിയുടെ വീട്ടുകാർ എതിർത്തപ്പോൾ അവസാനം ശവസംസ്കാരം സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ നടത്തുകയാണുണ്ടായത്.
ട്രൂകോപ്പി തിങ്കിൽ പ്രസിദ്ധീകരിച്ച അഭിമുഖത്തിന്റെ പൂർണരൂപം വായിക്കാം