കെ.വേണുവിൻ്റെ ജനാധിപത്യ അന്വേഷണങ്ങൾ - 10
ജോയോർമ്മ
എം.ജി.ശശി: കേരളത്തിലെ എം.എൽ പ്രസ്ഥാനത്തിൽ ടി.എൻ.ജോയ് വളരെ സജീവമായിരുന്നല്ലോ. ജോയിയെ പരിചയപ്പെടുന്നത്...
കെ.വേണു: കേരളത്തിലെ നക്സലേറ്റ് പ്രസ്ഥാനത്തിൻ്റെ ചരിത്രത്തിൽ രണ്ടു ഘട്ടങ്ങളുണ്ട്. കുന്നിക്കൽ നാരായണൻ, വർഗീസ്, മുണ്ടൂർ രാവുണ്ണി, വെള്ളത്തൂവൽ സ്റ്റീഫൻ... തുടങ്ങിയവരുടെ മുൻകയ്യിൽ 1968-70 കാലത്ത് നടന്ന പോലീസ് സ്റ്റേഷനുകൾക്കും ജന്മിമാർക്കും എതിരായ ആക്രമണങ്ങളുടെ ഘട്ടമാണ് ആദ്യത്തേത്. 1971 ആരംഭത്തിൽ വെള്ളത്തൂവൽ സ്റ്റീഫൻ അറസ്റ്റു ചെയ്യപ്പെട്ടതോടെ ആ ഘട്ടം അവസാനിച്ചു എന്ന് പറയാം. ഇതിലൊന്നും പങ്കെടുത്തിരുന്നില്ലെങ്കിലും ഗൂഢാലോചനക്കാരനായി ഞാനും അറസ്റ്റുചെയ്യപ്പെട്ടു. കേരളത്തിലെ നക്സൽ പ്രവർത്തനങ്ങൾ കമ്യൂണിസ്റ്റ് മാവോയിസ്റ്റ് ശൈലികളിലൊന്നുമല്ലെന്നും, ലെനിനിസ്റ്റ് സംഘടനാ രീതിയിൽ പാർട്ടി കെട്ടിപ്പടുക്കുകയാണ് വേണ്ടതെന്നും, അതിന് എന്തു ചെയ്യണമെന്നും വിശദീകരിച്ചുകൊണ്ടുള്ള ഒരു രേഖ ജയിലിൽ വെച്ച് ഞാൻ തയ്യാറാക്കുകയുണ്ടായി, 1972-ൽ.
'ശിഥിലീകരണ പ്രവണതകളെ എതിർത്തു തോല്പിയ്ക്കുക' എന്നതായിരുന്നു ആ രേഖ. കേസ് നടക്കുമ്പോൾ എൻ്റെ ചേട്ടൻ രാജൻ ഇടയ്ക്കല്ലാം കോടതിയിൽ വരുമായിരുന്നു. ചിലപ്പോൾ ചേട്ടൻ്റെ കൂടെ ഒരു ചെറുപ്പക്കാരൻ വരാറുണ്ട്. അത് കൊടുങ്ങല്ലൂരിലുള്ള ജോയ് ആണെന്ന് ചേട്ടൻ പരിചയപ്പെടുത്തുകയും ആൾ പ്രവർത്തിയ്ക്കാൻ സന്നദ്ധനാണെന്ന് സൂചിപ്പിയ്ക്കുകയും ചെയ്തു. ഞാൻ തയ്യാറാക്കിയ രേഖ ചേട്ടൻ വഴി ജോയിക്ക് എത്തിച്ചു കൊടുത്തു. ടി.എൻ. ജോയ് ആ രേഖയ്ക്കനുസരിച്ച് കേരളത്തിലെ മിക്ക ജില്ലകളിലും പ്രാഥമിക സംഘടനാ സംവിധാനങ്ങളുണ്ടാക്കി. 1975-ൽ ജയിലിൽ നിന്ന് പുറത്തെത്തുമ്പോൾ ഈ പാർട്ടി ചട്ടക്കൂടാണ് ഞാൻ കാണുന്നത്. ജോയിയുടെ സൃഷ്ടിയായിരുന്നു അതെല്ലാം. തുടർന്ന് ഒന്നര ദശകക്കാലത്തോളം കേരളത്തിൽ നടന്ന സജീവമായ നക്സൽ പ്രവർത്തനങ്ങളുടെ മുഴുവൻ അടിസ്ഥാനം ജോയ് കെട്ടിപ്പടുത്ത ഈ സംഘടനാ ചട്ടക്കൂടായിരുന്നു.
തനിയ്ക്ക് വിപ്ലവകാരിയായി തുടരാൻ അർഹതയില്ലെന്ന് കുറ്റബോധത്തോടെ ജോയ് പിന്നീട് നിലപാടെടുത്തത്...
അസ്തിത്വവാദ സ്വാധീനം ശക്തമായി ഉണ്ടായിരുന്ന ആളായിരുന്നു ജോയ്. അതിനെ മറികടന്നു കൊണ്ടാണ് വിപ്ലവകാരി എന്ന പുതിയ സ്ഥാനം ജോയ് സ്വീകരിച്ചത്. ആ പുതിയ പദവി കോട്ടം തട്ടാതെ നിലനിർത്തണമെന്ന് ജോയിക്ക് നിർബ്ബന്ധമുണ്ടായിരുന്നു. അടിയന്തിരാവസ്ഥാ കാലത്ത് പോലീസ് അറസ്റ്റു ചെയ്തപ്പോൾ അവരുടെ ചോദ്യങ്ങൾക്കൊന്നും മറുപടി പറയില്ലെന്ന നിലപാടാണ് ജോയ് ആദ്യം സ്വീകരിച്ചത്. കുറേ സമയം പിടിച്ചു നില്ക്കുകയും ചെയ്തു. പക്ഷേ, പിന്നീട് തുടർന്ന പോലീസിൻ്റെ രൂക്ഷമായ മർദനത്തിന് മുന്നിൽ പിടിച്ചു നിൽക്കാൻ ജോയിക്ക് കഴിഞ്ഞില്ല. പറയില്ലെന്നു തീരുമാനിച്ച കാര്യങ്ങൾ പോലീസിനു മുന്നിൽ വെളിപ്പെടുത്തുകയും കീഴടങ്ങേണ്ടിവരികയും ചെയ്തു. അത് ജോയിയെ വല്ലാതെ തകർത്തു കളഞ്ഞു. ജയറാം പടിക്കലിൻ്റെ മർദ്ദന മുറിയിൽ വെച്ച് ഞാൻ കാണുമ്പോൾ വിപ്ലവകാരിയാകാൻ തനിക്ക് അർഹതയില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ജോയ്.
തനിയ്ക്ക് തടവിൽ നിന്ന് രക്ഷപ്പെടേണ്ട എന്ന തീരുമാനത്തിലെത്തിയ ജോയ്...
ജോയ് ഉൾപ്പെടെ ഞങ്ങൾ നാലു പേർ, പുറത്തെ പ്രവർത്തനങ്ങൾ സജീവമാക്കാനായി, കേസിന് കൊണ്ടുപോകുന്ന വഴിയിൽ വെച്ച് രക്ഷപ്പെടാൻ ശ്രമിയ്ക്കണമെന്ന നിർദ്ദേശം ഞാൻ മുന്നോട്ടു വച്ചപ്പോൾ ജോയ് അതിൽ സഹകരിക്കില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വീണ്ടും പ്രവർത്തിയ്ക്കാൻ തയ്യാറല്ലെന്ന കുറ്റബോധം നിറഞ്ഞ നിലപാടിലായിരുന്നു ജോയ്. രക്ഷപ്പെടേണ്ടെന്നും മറ്റു മൂന്നു പേർ രക്ഷപ്പെടാൻ ശ്രമിയ്ക്കുമ്പോൾ തടയാതെ നിന്നാൽ മതിയെന്നും ഞങ്ങൾ പറഞ്ഞപ്പോൾ ജോയ് സഹകരിയ്ക്കാൻ തയ്യാറായി. പക്ഷേ, രക്ഷപ്പെടാനുള്ള ആ ശ്രമം നടക്കാതെ പോവുകയാണ് ഉണ്ടായത്.
പിന്നീട് സി.പി.എമ്മിൽ ചേരുന്ന ജോയ്...
ജയിൽവാസം കഴിഞ്ഞ് പുറത്തെത്തിയപ്പോൾ പാർട്ടി പ്രവർത്തനത്തിന് ഒരുങ്ങാതെ 'സൂര്യകാന്തി' എന്ന പേരിൽ ഒരു പുസ്തകശാല കൊടുങ്ങല്ലൂരിൽ തുടങ്ങുകയാണ് ജോയ് ചെയ്തത്. ലോകത്തെമ്പാടും നടന്നു കൊണ്ടിരുന്ന സൈദ്ധാന്തികാന്വേഷണങ്ങളെല്ലാം ജോയ് പിന്തുടരുന്നുണ്ടായിരുന്നു. അസ്തിത്വവാദ സ്വാധീനം നിമിത്തം ജോയ് അവയെക്കുറിച്ചൊന്നും എഴുതുകയോ സംസാരിയ്ക്കുകയോ ചെയ്യുമായിരുന്നില്ല. പിന്നീട് ബി.രാജീവൻ, മൈത്രേയൻ തുടങ്ങിയവരൊത്ത് സി.പി.എമ്മിൽ ചേർന്ന് പ്രവർത്തിയ്ക്കാൻ തുടങ്ങീ ജോയ്. തുടർന്ന് ജോയ് കൊടുങ്ങല്ലൂരിൽ ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടുന്ന ഒരു സി.പി.എം പ്രവർത്തകനായിത്തീർന്നു. കേരളത്തിൽ സാന്ത്വന ചികിത്സാ പ്രസ്ഥാനം ആരംഭിയ്ക്കുന്ന കാലത്ത് ജോയ് അതിൻ്റെ മുൻനിരയിലുണ്ടായിരുന്നു. കൊടുങ്ങല്ലൂരിൽത്തന്നെ സാന്ത്വന ചികിത്സക്കായി ഒരു കേന്ദ്രത്തിനുള്ള സ്ഥലം കണ്ടെത്തുകയും പ്രവർത്തനം ആരംഭിയ്ക്കുകയും ചെയ്തു.
മരണശേഷം തൻ്റെ ഭൗതികശരീരം മുസ്ലീം ആചാര പ്രകാരം അടക്കം ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ജോയ്...
ഇന്ത്യയിൽ ഹിന്ദുത്വ ഫാസിസം ശക്തമായി വളർന്നു വരുന്നതിനോടുള്ള പ്രതികരണമെന്ന നിലയ്ക്ക് ജോയ് ഇസ്ലാം മതത്തിൽ ചേരുന്നതായി പ്രഖ്യാപിയ്ക്കുകയുണ്ടായി. മരിയ്ക്കുമ്പോൾ ഇസ്ലാം മതാചാരപ്രകാരം പള്ളി ശ്മശാനത്തിൽ ഖബറടക്കണമെന്നും പറഞ്ഞു വെച്ചിരുന്നു. ഒരിയ്ക്കൽ ഒരു ലോറി ശരീരത്തിൽ തട്ടാനിടയായത് ജോയിക്ക് നിരന്തരം ശാരീരിക പ്രശ്നങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. അപ്രതീക്ഷിത സന്ദർഭത്തിൽ ജോയിയെ മരണത്തിലേയ്ക്കെത്തിച്ചതും അതു തന്നെയായിരുന്നു. ജോയിയുടെ മരണ സമയത്ത് ഭൗതിക ശരീരത്തിനു ചുറ്റും കൂടിയ കേരളത്തിൻ്റെ എല്ലാ മേഖലകളിൽ നിന്നും പുറത്തു നിന്നുമെത്തിയ നൂറുകണക്കിന് യുവതീ യുവാക്കളുടെ വികാരപ്രകടനം അവർക്കിടയിൽ ജോയിയുടെ സ്വാധീനം എത്ര ആഴത്തിലുള്ളതാണെന്ന് തെളിയിയ്ക്കുന്നതായിരുന്നു. തൻ്റെ മരണശേഷം ശരീരം മുസ്ലീം പള്ളിപ്പറമ്പിൽ അടക്കണമെന്ന ജോയിയുടെ അഭിലാഷം നടപ്പാക്കുന്നതിനെ ജോയിയുടെ വീട്ടുകാർ എതിർത്തപ്പോൾ അവസാനം ശവസംസ്കാരം സാന്ത്വന ചികിത്സാ കേന്ദ്രത്തിൽ നടത്തുകയാണുണ്ടായത്. ഒക്ടോബർ 2-ന് ജോയിയുടെ ഓർമ്മദിനമാണ്.
പി.ടി.തോമസ്
പോലീസിൻ്റെ അതിഭീകരമായ മർദ്ദനത്തെ അതിജീവിച്ച പി.ടി.തോമസിനെക്കുറിച്ച് പ്രത്യേകം തന്നെ പറയേണ്ടതുണ്ട്.
ദേശാഭിമാനി ബുക്സിനു വേണ്ടി എഡിറ്റിംഗും മറ്റും ചെയ്യാനായി തിരുവനന്തപുരത്ത് എത്തി അധികം കഴിയുന്നതിനു മുമ്പുതന്നെ ദേശാഭിമാനി വിട്ട് ഞാൻ വിശ്വവിജ്ഞാനകോശത്തിൽ ജോലിയ്ക്കു ചേർന്ന സമയത്ത് ഏജീസ് ഓഫീസിലും എൽ.ഐ.സിയിലും ജോലി ചെയ്തിരുന്ന ട്രേഡ് യൂണിയൻ നേതാക്കൾ ഉൾപ്പടെയുള്ള ഒരു ചെറുസംഘവുമായി പരിചയപ്പെട്ടത് നേരത്തേ പറഞ്ഞിട്ടുണ്ട്. അവർ പ്രസിദ്ധീകരിയ്ക്കാൻ ഉദ്ദേശിച്ചിരുന്ന ഒരു ആനുകാലികത്തിൻ്റെ (ഇങ്ക്വിലാബിൻ്റെ) കാര്യത്തിൽ ഞാൻ മുൻകയ്യെടുത്തപ്പോൾ അവർക്ക് താല്പര്യമായി. പക്ഷേ, ഞാൻ നക്സലേറ്റ് രാഷ്ട്രീയവുമായി കൂടുതൽ അടുത്തപ്പോൾ അവർ അകലാനും തുടങ്ങി. എന്നാൽ ആ ഗ്രൂപ്പിൽ നിന്ന് എന്നോടൊപ്പം നില്ക്കാൻ മുന്നോട്ട് വന്നത് ഏജീസ് ഓഫീസിൽ നിന്നുള്ള പി.ടി. തോമസ് മാത്രമായിരുന്നു. ഇങ്ക്വിലാബ് 6 മാസം ഞങ്ങൾ ഒരുമിച്ച് പ്രസിദ്ധീകരിയ്ക്കുകയുണ്ടായി. അപ്പോഴേയ്ക്കും ഞാൻ അറസ്റ്റ് ചെയ്യപ്പെട്ടു. പി.ടി ഒറ്റയ്ക്ക് തന്നെ പ്രസിദ്ധീകരണം തുടരാൻ ശ്രമിച്ചു. പോലീസ് വലിയ രീതിയിൽ വല വീശിക്കൊണ്ടിരുന്ന വെള്ളത്തുവൽ സ്റ്റീഫൻ ഇങ്ക്വിലാബ് ഓഫീസിൽ എത്തിയെന്നും പി.ടിയുമായി ബന്ധപ്പെട്ടിരുന്നുവെന്നും പോലീസിന് വിവരം കിട്ടി. ഉടനെ പി.ടി അറസ്റ്റ് ചെയ്യപ്പെട്ടുവെങ്കിലും സ്റ്റീഫനെ കുറിച്ചുള്ള ഒരു വിവരവും പി.ടി നൽകിയില്ല. രണ്ടാഴ്ച്ച തുടർച്ചയായി മർദ്ദിച്ചിട്ടും പി.ടി ഒന്നും തന്നെ പറഞ്ഞില്ല. മർദ്ദനത്തിൻ്റെ രൂക്ഷത നിമിത്തം മരണ വെപ്രാളത്തിൽ പി.ടി ചുമരുകളിൽ അള്ളിപ്പിടിയ്ക്കാൻ ശ്രമിച്ചത് കണ്ട ഒരു പോലീസ് ഉദ്യോഗസ്ഥൻ എന്നോട് അക്കാര്യം പറഞ്ഞിട്ടുണ്ട്. അത്തരം സാഹചര്യത്തിൽ പി.ടി പിടിച്ചു നിന്നതുപോലെ എനിയ്ക്കു കഴിയുമായിരുന്നില്ലെന്ന് ഞാൻ എഴുതിയിട്ടുണ്ട്. ഏജീസ് ഓഫീസ് ജീവനക്കാർ സമരം ചെയ്തിട്ടാണ് രണ്ടാഴ്ച്ച ആയപ്പോഴേയ്ക്കും പി.ടിയെ കോടതിയിൽ ഹാജരാക്കിയത്. വലിയ കേസുകളൊന്നും പി.ടിയ്ക്കെതിരായി ഉണ്ടായിരുന്നില്ല. എങ്കിലും അടിയന്തിരാവസ്ഥ കഴിയും വരെ ജയിലിൽ തന്നെ ആയിരുന്നു. നക്സലേറ്റ് രാഷ്ട്രീയത്തോട് പി.ടി താൽപര്യം നിലനിർത്തിയിരുന്നെങ്കിലും സംഘടനാ പ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്നില്ല. ജോലിയിൽ തുടരുകയും ചെയ്തിരുന്നു. ജോലിക്കാലം കഴിഞ്ഞതിനു ശേഷം കണ്ണൂർ തളിപ്പറമ്പ് ഭാഗത്ത് പരിസ്ഥിതി പ്രശ്നങ്ങളിലും മറ്റും ഇടപെട്ടു ജീവിക്കുന്നതിനിടയ്ക്ക് ആദിവാസി കർഷക പശ്ചാത്തലമുള്ള ഒരു സ്ത്രീയോടൊപ്പം കുടുംബ ജീവിതം ആരംഭിയ്ക്കുകയും അവർക്ക് ഒരു മകൾ ജനിയ്ക്കുകയും ചെയ്തു. ഇപ്പോൾ പ്രായപൂർത്തിയായ ആ മകളോടാപ്പം ജീവിയ്ക്കുന്നു.
എ.വാസു എന്ന ഗ്രോ വാസു എന്ന വാസുവേട്ടൻ
വർഗ്ഗീസിൻ്റെ വലംകയ്യായിരുന്ന, ഇപ്പോഴും മാദ്ധ്യമശ്രദ്ധയിൽ നിറഞ്ഞു നില്ക്കുന്ന, വയോധികനായ വാസുവേട്ടനെക്കുറിച്ച്...
വാസുവേട്ടൻ എന്ന് പരക്കെ വിളിയ്ക്കപ്പെടുന്ന എ.വാസുവിന് ഗ്രോ വാസു എന്നൊരു പേരു കൂടിയുണ്ട്. കോഴിക്കോട് മാവൂരിൽ ബിർള ആരംഭിച്ചിരുന്ന ഗ്വാളിയോർ റയോൺസ് ഫാക്റ്ററിയിലെ തൊഴിലാളികളുടെ ട്രേഡ് യൂണിയൻ്റെ ചുരുക്കപ്പേരാണ് ഗ്രോ (GROW). വാസുവേട്ടനാണ് അത് സംഘടിപ്പിച്ചത്. കോഴിക്കോട് നഗരത്തിൻ്റെ മദ്ധ്യത്തിൽത്തന്നെ, മാനാഞ്ചിറയ്ക്കടുത്ത് ബ്രിട്ടീഷുകാർ ആരംഭിച്ചിരുന്ന കോമൺവെൽത്ത് തുണി മില്ലിലെ തൊഴിലാളിയായിരുന്നു വാസുവേട്ടൻ. കുന്നിക്കൽ നാരായണൻ്റെ നേതൃത്വത്തിൽ തലശ്ശേരി പുൽപ്പള്ളി ആക്രമണത്തിന് വേണ്ടി തലശ്ശേരിയിൽ കൂടിയ യോഗത്തിൽ വാസുവേട്ടനും ഏതാനും തൊഴിലാളികളും പങ്കെടുക്കുകയുണ്ടായി. കെ.പീസ് ട്യൂട്ടോറിയലിൽ കൂടിയ ആ യോഗത്തിലെ തീരുമാനപ്രകാരം നടന്ന തലശ്ശേരിയിലേയും പുൽപ്പള്ളിയിലേയും ആക്രമണങ്ങളിൽ പങ്കെടുത്ത വർഗ്ഗീസും വാസുവേട്ടനും മറ്റും, പോലീസ് സ്റ്റേഷനാക്രമണമല്ല ജന്മിമാർക്കെതിരായ ആക്രമണമാണ് നടത്തേണ്ടതെന്ന ചാരുമജുംദാറിൻ്റെ നിലപാടാണ് ശരിയെന്ന നിഗമനത്തിലെത്തി. വയനാട്ടിലെ തൃശ്ശിലേരിയിലും തിരുനെല്ലിയിലും ജന്മിമാർക്കെതിരായ ആക്രമണങ്ങളിൽ വർഗ്ഗീസിനോടൊപ്പം വാസുവേട്ടനും നേതൃത്വം നൽകി. അവിടെ വെച്ച് വർഗ്ഗീസ് പോലീസ് പിടിയിലാവുകയും കൊല്ലപ്പെടുകയും ചെയ്തപ്പോൾ വാസുവേട്ടനും സഖാക്കളും കഷ്ടിച്ച് രക്ഷപ്പെട്ടു.
പിന്നീട് വാസുവേട്ടൻ നക്സലേറ്റ് പ്രസ്ഥാനത്തോട് അടുപ്പം പുലർത്തിയിരുന്നെങ്കിലും പാർട്ടിയിൽ ചേരുകയോ സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കുകയോ ചെയ്തില്ല. ട്രേഡ് യൂണിയൻ രംഗത്ത് കേന്ദ്രീകരിച്ച വാസുവേട്ടൻ ഗ്രോ കെട്ടിപ്പടുക്കുന്നതിലേയ്ക്കും മറ്റുമാണ് നീങ്ങിയത്. അതോടൊപ്പം ചുറ്റുപാടും കാണുന്ന സാമൂഹ്യ പ്രശ്നങ്ങളിലെല്ലാം സജീവമായി ഇടപെട്ടുകൊണ്ടിരിയ്ക്കുകയും ചെയ്യുന്നു. കോഴിക്കോട് പൊറ്റമ്മലിൽ വർഗ്ഗീസ് സ്മാരക വായനശാല ഒരു സാംസ്കാരിക രാഷ്ട്രീയ കേന്ദ്രമായി വാസുവേട്ടൻ നടത്തിക്കൊണ്ടിരുന്നു. പല ആവശ്യങ്ങളിലായി പല ഘട്ടങ്ങളിലായി വാസുവേട്ടൻ നടത്തിയ ദീർഘമായ നിരാഹാര സമരങ്ങൾ ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അടുത്തിടെ ഇടതുപക്ഷ സർക്കാർ വാസുവേട്ടനെപ്പോലൊരു വയോധികനെ ജയിലിലടച്ചത് വലിയ ചർച്ചയായി മാറി. ഏറ്റുമുട്ടൽ കൊലപാതകങ്ങൾ... പുസ്തകം വായിച്ചതിന് തടവിലാക്കപ്പെട്ട ചെറുപ്പക്കാർ... നാടുഗദ്ദിക പോലൊരു നാടകം പോലും നിരോധിയ്ക്കപ്പെട്ടത്... എല്ലാം ഓർമ്മയിൽ തെളിയുന്നു. ഇടതുപക്ഷത്തിൻ്റെ രാഷ്ട്രീയ നൈതികതയെക്കുറിച്ച് വീണ്ടും ചോദ്യങ്ങൾ ഉയർന്നു. പക്ഷേ, സാമൂഹ്യ സാംസ്കാരിക രാഷ്ടീയ മേഖലകളിലുള്ള പലരും വാസുവേട്ടനെ ജയിലിലടച്ചപ്പോൾ ഒരു പ്രതികരണത്തിന് പോലും തയ്യാറായില്ല എന്നത് അത്ഭുതകരമായിരുന്നു.
എം.എം.സോമശേഖരൻ
കായണ്ണ പോലീസ് സ്റ്റേഷൻ ആക്രമണത്തിൽ കേവിയ്ക്കൊപ്പം തോളോട് തോൾ ചേർന്ന് നിന്ന, സാംസ്കാരിക മേഖലയിൽ ഏറെ സംഭാവനകൾ ചെയ്ത സോമശേഖരനെക്കുറിച്ച്...
1975 ആദ്യം ഞാൻ തിരുവനന്തപുരം ജയിലിൽ നിന്ന് പുറത്തുവന്നപ്പോൾ കോഴിക്കോട് ജില്ലയിൽ പ്രവർത്തിയ്ക്കാനാണ് പാർട്ടി എന്ന ചുമതലപ്പെടുത്തുന്നത്. അതിനായി ടി.എൻ.ജോയ് ദാമോദരൻ മാഷെയാണ് കോഴിക്കോട് എനിയ്ക്ക് ബന്ധപ്പെടുത്തിത്തന്നത്. മാഷ് ജില്ലയിൽ പലരെയും പരിചയപ്പെടുത്തി തന്നു. വടകര മടപ്പള്ളി കോളേജിലെ വിദ്യാർത്ഥികളും അതിൽപ്പെടുന്നു. സോമശേഖരനായിരുന്നു ആ വിദ്യാർത്ഥികളിൽ പ്രധാനി. പിന്നീട് ശ്രദ്ധേയനായ നാടകകൃത്തായി മാറിയ വി.കെ.പ്രഭാകരനെപ്പോലെയുള്ളവരും കൂടെയുണ്ട്. കോളേജിനടുത്ത് ഒരു ലോഡ്ജിൻ്റെ മുകളിൽ ഒരു മുറി അവർ വാടകയ്ക്കെടുത്ത് അത് പ്രവർത്തന കേന്ദ്രമാക്കിയിരുന്നു. സിവിക് ചന്ദ്രൻ മുൻകയ്യെടുത്ത് യെനാൻ എന്ന പേരിൽ പാർട്ടിയ്ക്ക് വേണ്ടി ഒരു സാംസ്കാരിക മാസിക തുടങ്ങാനുള്ള കേന്ദ്രമായും ആ മുറി ഉപയോഗിച്ചിരുന്നു.
കോഴിക്കോട് ജില്ലയിൽ പോലീസ് സ്റ്റേഷൻ ആക്രമണം നടത്താൻ ലക്ഷ്യമിട്ട് എത്തിയ ഞാൻ, ആക്ഷൻ്റെ ഒരുക്കങ്ങൾ താരതമ്യേന എളുപ്പമായ, ഏതെങ്കിലും ഉൾഗ്രാമത്തിലെ ഒരു സ്റ്റേഷൻ കണ്ടു പിടിയ്ക്കാൻ സോമശേഖരനെ ചുമതലപ്പെടുത്തി. കൂരാച്ചുണ്ടിലെ കായണ്ണ പോലീസ് സ്റ്റേഷൻ കണ്ടെത്തുന്നതും സോമശേഖരനാണ്. ആക്രമണത്തിൽ പങ്കെടുക്കാൻ തയ്യാറുള്ള സഖാക്കളെ കണ്ടെത്തുന്നതിലും സോമനാണ് പ്രധാന പങ്ക് വഹിച്ചത്. അടിയന്തിരാവസ്ഥയും ജയിൽ വാസവുമെല്ലാം കഴിഞ്ഞ് ഞങ്ങളെല്ലാം പുറത്തെത്തിയ സമയത്ത് 1980-കളിൽ; അഖിലേന്ത്യാ തലത്തിൽ ആസാം, പഞ്ചാബ്, ഛത്തീസ്ഗഢ് തുടങ്ങിയ ഭാഷാ-ദേശീയപ്രസ്ഥാനങ്ങൾ സജീവമായി രംഗം കയ്യടക്കിയിരിക്കുകയായിരുന്നു.
ഭാഷാ-ദേശീയ സമൂഹങ്ങളുടെ ഒരു സമുച്ചയമാണ് ഇന്ത്യയെന്നും ആ ദേശീയ സമൂഹങ്ങളുടെ ന്യായമായ ആവശ്യങ്ങൾക്ക് പിന്തുണ നൽകേണ്ടതുണ്ടെന്നും ഞാനും മുരളി കണ്ണമ്പിള്ളിയും ഉൾപ്പെടുന്ന അഖിലേന്ത്യാ കമ്മിറ്റി നിലപാട് എടുത്തപ്പോൾ അത് വിഘടനവാദത്തെ പിന്തുണയ്ക്കലാണെന്നും ഇന്ത്യയുടെ അഖണ്ഡത സംരക്ഷിയ്ക്കുന്നതിനാണ് കമ്മ്യൂണിസ്റ്റുകാർ തയ്യാറാകേണ്ടത് എന്നുമുള്ള നിലപാടാണ് സോമശേഖരനും ജയകുമാറും കെ.എൻ.രാമചന്ദ്രനും നേതൃത്വം നൽകിയിരുന്ന കേരള കമ്മിറ്റി സ്വീകരിച്ചത്. പരസ്പര വിരുദ്ധമായ ഈ നിലപാടുകൾ പ്രകടമായ ചേരിതിരിവിലേയ്ക്കും 1987-ൽ ഔപചാരികമായ പിളർപ്പിലേയ്ക്കും നയിച്ചു. സി.പി.ഐ.(എം.എൽ) റെഡ് ഫ്ലാഗ് എന്ന പേരിൽ പുതിയൊരു നക്സൽ പാർട്ടി കൂടി ഉണ്ടായി. 1991-ൽ ഞാൻ അഖിലേന്ത്യാ സെക്രട്ടറി സ്ഥാനം രാജിവെയ്ക്കുകയും തുടർന്ന് കമ്യൂണിസ്റ്റു പ്രസ്ഥാനത്തിൻ്റെ നിലപാടുകൾ -തൊഴിലാളി വർഗ സർവ്വാധിപത്യം, ഏക പാർട്ടി സ്വേച്ഛാധിപത്യം തുടങ്ങിയവ നിരാകരിയ്ക്കുകയും ചെയ്തു.
ഫലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയത്തെ പൂർണ്ണമായും തള്ളിക്കളയുകയാണ് ഞാൻ ചെയ്തത്. പിൽക്കാലത്ത് സോമശേഖരനും ഈ കമ്മ്യൂണിസ്റ്റ് രാഷ്ട്രീയ പദ്ധതിയിൽ നിന്ന് വിട്ടെങ്കിലും മാർക്സിസത്തെ പാടെ തള്ളിക്കളയാൻ തയ്യാറായില്ല. സാംസ്കാരികരംഗത്തും ചരിത്രത്തിൻ്റെ മേഖലയിലും തനതായ ഇടം കണ്ടെത്താൻ സോമശേഖരന് കഴിഞ്ഞിട്ടുണ്ട്. ഗൗരവമേറിയ ഗവേഷണങ്ങളുടെ തലത്തിലേയ്ക്ക് കടന്നു കഴിഞ്ഞു. തനതായ സംഭാവനകൾ പ്രതീക്ഷിയ്ക്കാം. സോമശേഖരനും ഞാനും തമ്മിൽ നല്ല വ്യക്തിബന്ധമാണുള്ളത്. സോമശേഖരൻ രണ്ടു മൂന്നുതവണ വീട്ടിൽ വന്ന് പല വിഷയങ്ങളും ചർച്ച ചെയ്യുകയുണ്ടായി. മണി രോഗാവസ്ഥയിലായിരുന്നപ്പോൾ മണിച്ചേച്ചിയെ കാണാനായി സോമൻ ശശിയ്ക്കൊപ്പം വരികയുണ്ടായല്ലോ. സോമൻ്റെ മകളുടെ വിവാഹത്തിന് എന്നെ ക്ഷണിയ്ക്കുകയും ഞാൻ പങ്കെടുക്കുകയുമുണ്ടായി.
തുടരും...