കെ.ജെ. ബേബി / Photo: Unni R.

കയ്യൂർ സിനിമക്കിടയിലെ ബേബിക്കാലം

ജനകീയ സാംസ്കാരിക വേദി പിരിച്ചുവിട്ടതിനെതുടർന്ന്, ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കയ്യൂർ സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള കൂട്ടായ്മയിൽ അംഗമായിരുന്ന കെ.ജെ. ബേബിയെ ഓർത്തെടുക്കുന്നു, എൻ. ശശിധരൻ.

1980-കളുടെ ആദ്യ വർഷങ്ങളിലാണ് ‘നാടുഗദ്ദിക ബേബി’ എന്നറിയപ്പെടുന്ന കെ. ജെ. ബേബിയെ ആദ്യമായി കാണുന്നത്. ജനകീയ സാംസ്കാരിക വേദി പിരിച്ചുവിട്ടതിനെതുടർന്ന്, ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കയ്യൂർ സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള കൂട്ടായ്മയിലായിരുന്നു ഞങ്ങളെല്ലാവരും. സച്ചിദാനന്ദൻ, ബി രാജീവൻ, മധു മാഷ് തുടങ്ങിയ ഒട്ടേറെ പ്രഗൽഭരും അറിയപ്പെടാത്ത ഒട്ടനവധി സാംസ്കാരിക വേദി പ്രവർത്തകരും ഈ സംരംഭത്തിനുപിന്നിലുണ്ടായിരുന്നു.

ഇപ്പോൾ, തിരിഞ്ഞുനോക്കുമ്പോൾ, ഇത്രയും വലിയ ഒരു സംരംഭത്തിനുപിന്നിൽ ഞങ്ങളുടെ ആത്മവിശ്വാസം മാത്രമേ മുതൽക്കൂട്ടായി ഉണ്ടായിരുന്നുള്ളൂ എന്ന് നിസംശയം പറയാം. കൗമാരം കടന്നിട്ടില്ലാത്ത ഒരു സുഹൃത്തിനോടാണ് ഈയൊരു സംരംഭത്തിന്റെ പ്രൊഡ്യൂസറാവാൻ ഞങ്ങൾ ആവശ്യപ്പെട്ടത്. അത് ഒരു വിധത്തിൽ പറഞ്ഞാൽ ഞങ്ങളുടെ അമിതമായ ആത്മവിശ്വാസം മാത്രമായിരുന്നു.

ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കയ്യൂർ സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള കൂട്ടായ്മയിലായിരുന്നു കെ.ജെ. ബേബിയെ ആദ്യമായി കാണുന്നത്. / Photo: Venu
ജോൺ എബ്രഹാമിന്റെ നേതൃത്വത്തിൽ കയ്യൂർ സിനിമ എന്ന സ്വപ്നം യാഥാർത്ഥ്യമാക്കാൻ വേണ്ടിയുള്ള കൂട്ടായ്മയിലായിരുന്നു കെ.ജെ. ബേബിയെ ആദ്യമായി കാണുന്നത്. / Photo: Venu

അങ്ങനെയൊരു വലിയ സംഘം അന്ന് ഞാൻ താമസിച്ചിരുന്ന കാസർഗോട്ടെ കാറടുക്ക ഗ്രാമത്തിലുള്ള വീട്ടിലെത്തിപ്പെട്ടു. 20 ദിവസങ്ങളോളം അവർ കയ്യൂർ സിനിമയുടെ തിരക്കഥയുമായി ബന്ധപ്പെട്ട് അവിടെ താമസിച്ചു. ഈ താമസത്തിനിടയിൽ ഒരുപാട് സംഭവവികാസങ്ങളുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും മനസ്സിൽ തട്ടിയ സംഭവം കെ. ജെ. ബേബിയുമായുള്ള പരിചയമാണ്.

അക്കാലത്ത് തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലോ മറ്റേതെങ്കിലും കോളേജുകളിലോ പാർട്ട് ടൈം അധ്യാപകനായി ജോലി നോക്കാനാഗ്രഹിച്ചു നടന്ന ആളായിരുന്നു ബേബി. പക്ഷേ, ഞങ്ങളുടെ സിനിമാ സംരംഭത്തിന്റെ തുടക്കം മുതൽ ബേബി ഞങ്ങളുടെ കൂട്ടത്തിലൊരാളായി. പിന്നീടൊരിക്കലും അദ്ദേഹം അതേക്കുറിച്ച് ആലോചിച്ചിട്ടില്ല. ആ ദിവസങ്ങളിൽ അത്രയും പരസ്പര സൗഹൃദം ഞങ്ങൾക്കുണ്ടായിരുന്നു.

ബേബി നാടകലോകത്ത് എത്തിപ്പെട്ടത് ദൈവനിശ്ചയം പോലെയായിരുന്നു. സാധാരണ പൂരക്കളി എന്ന കല അഭ്യസിക്കാൻ തീയ, ചാലിയ സമുദായക്കാർക്കുമാത്രമേ സന്ദർഭം കിട്ടിയിരുന്നുള്ളൂ. ബേബി വന്നതോടെ പൂരക്കളി പഠനം എല്ലാ വിഭാഗക്കാരുടെയും സ്വന്തമായി.

സച്ചിദാനന്ദൻ, ബി രാജീവൻ, മധു മാഷ്
സച്ചിദാനന്ദൻ, ബി രാജീവൻ, മധു മാഷ്

ബേബി ഒരു മഴക്കാലത്താണ് കാറടുക്കയിലെത്തിയത്. അതോടെ ആ നാടിന്റെ ഒരു പുത്രനായി അദ്ദേഹം മാറി. വയലിൽ പണി നടക്കുന്ന സമയമായിരുന്നു അത്. കൈമെയ് മറന്ന് കൃഷിക്കാരനായി അദ്ദേഹം നാട്ടിപ്പണിയിൽ ഏറെ ഉത്സാഹത്തോടെ മുഴുകി. അതുകഴിഞ്ഞ് രാത്രി ഞങ്ങൾ ഉറങ്ങാൻ കിടക്കുമ്പോൾ വളരെ വൈകുവോളം സംസാരിച്ചിരിക്കുമായിരുന്നു. ആ സമയത്ത് ബേബി പാടുന്ന ഒരു പാട്ടുണ്ട്:

"നാനിതാ കിടാക്കിന്റെ
ഈ കാവല് പളീപള്ളീലോ
ചെറിയ തപ്പ മാത്രക്കിരെൻ്റോ
കൂരിക്കൂടി മുക്കിരെൻ്റോ
ആനയിനി ബരുവോനേനോ"

എല്ലാം കഴിഞ്ഞിട്ട് ഇപ്പോൾ വർഷങ്ങൾ ഒരുപാടായി. ബേബി എന്നും എന്റെ ഓർമയിൽ ജീവിക്കുന്നു. മരിക്കുവോളം അദ്ദേഹം എന്റെയൊരു ഭാഗമായിരിക്കും.


Summary: K.J. was a member of the group to realize the dream of Kayiyur cinema. Remembering Baby, N. Sasidharan


എൻ. ശശിധരൻ

നാടകകൃത്ത്, തിരക്കഥാകൃത്ത്. ചരിത്രഗാഥ, ഉഷ്ണകാലം, വാണിഭം, അടുക്കള, സങ്കടമോചനത്തിന് ഒരു കൈപ്പുസ്തകം (നാടകങ്ങൾ),കഥ കാലം പോലെ (പഠനം) തുടങ്ങിയവയാണ് പ്രമുഖ കൃതികൾ. നെയ്​ത്തുകാരൻ എന്ന സിനിമയുടെ തിരക്കഥ, പുലിജന്മം എന്ന സിനിമയുടെ തിരക്കഥ എൻ.​ പ്രഭാകരനോടൊപ്പം.

Comments