താടി വളർത്തിയവരെയും യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവരെയും പേടിച്ച ഭരണാധികാരിയുടെ രാജ്യം

കെന്യൻ ജനതയുടെ കളക്റ്റീവ് പേഷ്യൻസും അവരിൽ അന്തർലീനമായ സ്വാഭാവികമായ ശാന്തതയും തന്നെ ആയിരുന്നിരിക്കണം മോയി യെപ്പോലെ നിഷ്ഠൂരനായ ഒരു വ്യക്തിയെ ഏറെക്കാലം അധികാരം കയ്യാളാൻ പ്രാപ്തനാക്കിയത്.

ആഫ്രിക്കൻ
വസന്തങ്ങൾ- 24

കെന്യയുടെ ഔദ്യോഗിക ഭാഷ ‘കിസ്വാഹിലി’ ആണ്. നാം പലപ്പോഴും തെറ്റിപ്പറയുകയും എഴുതുകയും ചെയ്യാറുള്ളത് ‘സ്വാഹിലി’ എന്നു മാത്രമാണ്. മലയാളം എന്നും മലയാളി എന്നും പറയുമ്പോഴുള്ള വ്യത്യാസമാണ് ‘കിസ്വാഹിലി’ക്കും ‘സ്വാഹിലി’ക്കും തമ്മിലുള്ളത്.

സ്വാഹിലി വംശം (സാഹിലി ജനത ഒരു വംശമാണോ അതോ ഒരു ‘എത് നിക്’ ഗ്രൂപ്പ് മാത്രമാണോ എന്ന് എനിക്ക് പറയാനാവില്ല.) എങ്ങനെ ഉണ്ടായി, അവരുടെ ഭാഷയുടെ ഉൽഭവം എവിടെ എന്നൊന്നും ചർച്ച ചെയ്യുന്ന ഒരു പ്രബന്ധമല്ലല്ലോ ഞാൻ എഴുതുന്നത്. ‘സഹേൽ’ എന്ന വാക്കിന്റെ അർത്ഥം കടലോരം എന്നാണത്രെ. അതിൽ നിന്നാവാം സ്വാഹിലിയുടെ ഉദ്ഭവം.

ക്രിസ്തുവർഷം 1498-ലാണല്ലോ ഡാ ഗാമാ കാപ്പാട് വന്നിറങ്ങിയതായി ഗണിക്കപ്പെടുന്നത്. അതിനു മുൻപ് അയാൾ മൊംബാസയിൽ നങ്കൂരമിട്ടിരുന്നു. 1499-ലാ‍ണത്രേ അയാൾ മലിന്ദിയിൽ വാസ്കോ ഡാ ഗാമാ സ്തൂപം സ്ഥാപിച്ചത്. ഫോർട്ട് ജീസസിന്റെ സ്ഥാപനം 1593-നും 1596-നും ഇടയിലെപ്പോഴോ ആണ് നടന്നത്. സ്പെയിനിലെ ഫിലിപ് രണ്ടാമനാണത് ഡിക്രി ചെയ്തത്. 2011- ൽ യുനെസ്കോയുടെ ലോക പൈതൃക സൈറ്റുകളിൽ ഒന്നായി ഫോർട്ട് ജീസസ് തെരഞ്ഞെടുക്കപ്പെട്ടു. മൊംബാസ തുറമുഖത്തിന്റെ സുരക്ഷയ്ക്കു വേണ്ടിയായിരുന്നു ഫോർട്ട് ജീസസ് സ്ഥാപിച്ചത്. രണ്ടു തവണകളായി ഈ കോട്ട ആക്രമണത്തിന് വിധേയമായി.

old Mombasa

1696-ൽ; അതായത് പണി കഴിപ്പിച്ച് ഒരു ശതാബ്ദം തികയുമ്പോൾ ഒമാനി സേന ഫോർട്ട് ആക്രമിക്കുകയും നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തു. രണ്ടു കൊല്ലം (1698 വരെ) അവരുടെ അധീശത്വം നിലനിന്നു. ബ്രിട്ടിഷ് ആധിപത്യം മൊംബാസ ഉൾപ്പടെയുള്ള പൂർവ്വാഫ്രിക്കൻ തീരദേശങ്ങളിൽ നിലയുറപ്പിച്ചതോടെ സ്വാഭാവികമായും ഫോറ്ട്ട് ജീസസ്സിനു നേരെയുള്ള ആക്രമണങ്ങൾ തീർത്തും നിലച്ചു. മാറിവന്ന കൊളോണിയൽ ശക്തികൾ അടിസ്ഥാനപരമായി ‘ക്രിസ്ത്യൻ ഹെജിമണി’ ലോകമെമ്പാടും വ്യാപിപ്പിക്കുക എന്ന ഉദ്ദേശ്യവും കൂടി വച്ച് നടന്നിരുന്നവരാകയാൽ, ജീസസിന്റെ പേരിലുള്ള ഒരു കോട്ട പൊളിച്ചടുക്കാൻ തുനിഞ്ഞതുമില്ല.

സ്വാഹിലികൾ ആഫ്രോ- അറബ് സങ്കരവംശമാണ്. ആഫ്രിക്കൻ ഗോത്രങ്ങൾ വ്യാപാരങ്ങളിലൂടെ സൗഹൃദങ്ങൾ ഊട്ടിയുറപ്പിച്ച നൂറ്റാണ്ടുകളിൽ വംശങ്ങൾ തമ്മിൽ സ്വാഭാവികമായി ഉണ്ടാവുന്ന സങ്കലനമുണ്ടായി. അങ്ങനെയാവണം സ്വാഹിലി വംശം ഉടലെടുത്തത്. ക്രമേണ ഇസ്‍ലാമൈസ് ചെയ്യപ്പെട്ടു കഴിഞ്ഞിരുന്ന മദ്ധ്യപൂർവ്വദേശ ജനതതിയെപ്പോലെ സ്വാഹിലികളും ഇസ്‍ലാമൈസ് ചെയ്യപ്പെട്ടു. കിസ്വാഹിലി എന്ന മൊഴിയും അവരിലൂടെ ആഫ്രിക്ക മുതൽ മദ്ധ്യപൂർവ്വദേശം വരെ കാലാന്തരത്തിൽ പ്രചരിച്ചു.

ഗോത്രവർഗ്ഗഭാഷകളായ കിക്കുയു, ലുവോ തുടങ്ങിയവയെപ്പോലെ സ്വാഹിലി വംശത്തിൽ ഒതുങ്ങിനിന്നില്ല കിസ്വാഹിലി. അതിനു പ്രധാന കാരണം തീരദേശവുമായി ആ ഭാഷയ്ക്കുള്ള ജീവബന്ധം തന്നെ ആയിരിക്കണം. അറബ് സ്വാധീനത്തിൽനിന്ന് കിസ്വാഹിലി വിമുക്തമായത് കൊളോണിയൽ കാലത്തായിരിക്കണം. അങ്ങനെ അറബിക് ലിപികളിൽ എഴുതപ്പെട്ടിരുന്ന കിസ്വാഹിലി റോമൻ അക്ഷരമാലാക്രമത്തിലേക്ക് അനായാസമായി രൂപഭേദം കൈക്കൊണ്ടു. വിദേശ മിഷനറിമാർ ആയിരുന്നിരിക്കണം ആ മാറ്റത്തിന്റെ ആസൂത്രകർ. തങ്ങളെ ഒഴിവാക്കുന്ന ഒരു വലിയ ഭാഷാസാമ്രാജ്യം തങ്ങളെ കാലക്രമേണ അവരുടെ സംവാദങ്ങളിൽനിന്ന് പുറം തള്ളിയേക്കുമോ എന്ന ആശങ്ക തീർത്തും ഇല്ലാതാക്കാൻ കിസ്വാഹിലിയുടെ റോമൻ ലിപിവൽക്കരണം കൊണ്ട് കൊളോണിയലിസ്റ്റുകൾക്ക് സാധിച്ചു. അതേക്കുറിച്ച് ശാസ്ത്രീയമായി ഞാൻ പഠിച്ചിട്ടില്ല. സാമാന്യ യുക്തി കാണിച്ചു തന്ന ഉത്തരമാണിത്.

കെന്യയുടെ പ്രധാന തുറമുഖവും വ്യാപാരകേന്ദ്രവുമായി മൊംബാസ വളർന്നെങ്കിലും കെന്യയുടെ ഇതരഭാഗങ്ങളിൽനിന്ന് തുലോം വ്യത്യസ്തമാണ് മൊംബാസയുടെ സമൂഹിക- സാംസ്കാരിക ‘വൈബ്’. പൊതുവേ ഇസ്‍ലാമിക സമൂഹങ്ങളിൽ കണ്ടുവരാറുള്ള കൂട്ടായ്മകളിലൂടെ ഉരുത്തിരിയാറുള്ള ഊഷ്മളമായ ബന്ധങ്ങൾ മൊംബസയ്ക്ക് ജൈവികമായി മറ്റ് കെന്യൻ പട്ടണങ്ങളിൽ നിന്ന് വ്യത്യസ്തതയുള്ള പ്രസന്നമായ ‘വൈബ്’ സൃഷ്ടിക്കാനായി. ദാനിയൽ ആരാപ് മോയ് യുടെ നൃശംസനിഴലിനുപോലും അതിന്മീതെ പാളി വീഴാനായില്ല.

new Mombasa

മൊംബാസയിൽ നിന്ന് മടക്കയാത്ര ആരംഭിക്കുമ്പോൾ ഉച്ച കഴിഞ്ഞിരുന്നു. സ്വാഭാവികമായും എല്ലാവരും തളർന്നിരുന്നു; ഡ്രൈവറും അയാളുടെ അസിസ്റ്റന്റും ഉൾപ്പടെ. മൊംബാസയിൽ നിന്നു വിട്ടാൽ പിന്നെ സമാധാനത്തോടെ വണ്ടി നിർത്താനാവുന്ന ഒരിടം മക്കിൻഡു ആണ്. മക്കിൻഡുവിലേക്ക് മൊംബാസയിൽ നിന്ന് 400 കിലോമീറ്ററോളം ദൂരമുണ്ട്. ഇരുട്ട് വീഴും മുൻപ് എത്ര ശ്രമിച്ചാലും അങ്ങെത്തില്ല. ഞങ്ങളുടെ ഡ്രൈവർ അൽ‌പ്പം ബോധമുള്ളവ നായതിനാൽ വലിയ സ്പീഡൊന്നുമെടുക്കാതെയാണ് പോയത്.

മൊംബാസ- നയ്റോബി ഹൈവേയിൽ ഇടയ്ക്ക് ഹൈവേ മെൻ യാത്രക്കാരെ ശല്യം ചെയ്തിരുന്നു. ഇന്നത്തെ അവസ്ഥ എങ്ങനെ ആയിരിക്കുമെന്ന് പറയാനാവില്ല. അന്ന് രാത്രിയാത്ര മൊംബാസ- നയ്റോബി റൂട്ടിൽ ഒട്ടും സുരക്ഷിതമല്ലായിരുന്നു. റ്റ്സാവോ നാഷണൽ പാർക്കിനു സമീപം പലപ്പോഴും വന്യമൃഗങ്ങൾ വാഹനങ്ങളെ ആക്രമിച്ചതായി കേട്ടിട്ടുണ്ട്. പൂർണമായ അന്ധകാരം നിറഞ്ഞ വീഥിയായതിനാൽ ഹൈജാക്കിംഗ് സംഘങ്ങൾക്കും വളരെ ഫലഭൂ യിഷ്ടമായ ഇടമാണ് രാത്രിയിലെ ഈ ഹൈവേ. വണ്ടിയിൽ കയറി അധികം കഴിയും മുൻപ് കൂടുതൽ പേരും ഉറങ്ങി.

മക്കിൻഡു എത്തുന്നതിനിപ്പുറത്തെവിടെയോ വച്ച് “ന്യാമാ, ന്യാമാ” എന്നൊരു വിളികേട്ടു. “ന്യാമ” എന്നാൽ വന്യമൃഗം. ഡ്രൈവറുടെ അസിസ്റ്റന്റ് റോഡിലേക്ക് ചൂണ്ടി “ഡാമു, ഡാമു” (ചോര) എന്നും പറഞ്ഞുകൊണ്ടിരുന്നു. റോഡിൽ ചോര കാണുന്നുണ്ടെന്നും വന്യമൃഗങ്ങൾ അടുത്തുതന്നെ പതുങ്ങി നടക്കുന്നുണ്ടെന്നുമാണ് അവൻ പറഞ്ഞത്. ഡ്രൈവർ ഉൾക്കിടിലത്തിലായിരുന്നു. ഡ്രൈവർ മാത്രമല്ല, വണ്ടിയിലുണ്ടായിരുന്നവർ മുഴുവൻ കിടിലം കൊണ്ടിരിക്കുകയായിരുന്നു. അടുത്തൊരു പെട്രോൾ സ്റ്റേഷൻ കണ്ട് അയാൾ വണ്ടി അങ്ങോട്ട് ഓടിച്ചുകയറ്റി.

മക്കിൻഡു സിഖ് ക്ഷേത്രം

കാറിന്റെ നാലു വീലുകളും ചോരയിൽ കുതിർന്നിരിക്കുന്നു. ആരെയും പുറത്തിറങ്ങാൻ പെട്രോൾ സ്റ്റേഷനിലെ ജോലിക്കാരും അവിടെ അപ്പോഴുണ്ടായിരുന്ന വന്യമൃഗ വകുപ്പിന്റെ രണ്ട് ഔദ്യോഗിക -സൈനികന്മാരും സമ്മതിച്ചില്ല. അവർ ഞങ്ങളോട് പറഞ്ഞത് മക്കിൻഡു സിഖ് ക്ഷേത്രത്തിലേക്ക് പൊയ്ക്കൊള്ളാനാണ്. ആ സൈനികർ ഞങ്ങളെ മക്കിൻഡു ക്ഷേത്രം വരെ അനുഗമിക്കയും ചെയ്തു.

അതിനുള്ളിൽ കടന്നപ്പോൾത്തന്നെ ശ്വാസം നേരെ വീണു. നിറയെ വെളിച്ചവും ആൾപ്പെരുമാറ്റവുമുള്ള ഒരു സമാധാനത്തിന്റെ ദ്വീപായി ആ മന്ദിരം നിന്നു. ഓഫീസിൽ ചെന്ന് കാര്യങ്ങൾ പറഞ്ഞപ്പോൾ ആദ്യം അവർ ഭക്ഷണം തന്നു. സ്വാദിഷ്ടമായ പറാത്തയും ആലു സബ്ജിയും ലസ്സിയും. അതിനുശേഷം സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ ഡോർമിറ്ററികളും തയാറാക്കിത്തന്നു. നാടക്കേണ്ടിയിരുന്ന ഒരു മഹാവിപത്തിൽനിന്ന് രക്ഷപ്പെട്ടതിന്റെ ആശ്വാസമായിരുന്നു എല്ലാവർക്കും.

പിറ്റേന്ന് രാവിലെ ലങ്ഗറിൽ നിന്ന് ചൂടു ചായയും വാങ്ങിക്കഴിച്ച് ഒരു തുക അവരുടെ ഭണ്ഡാരത്തിൽ നിക്ഷേപിച്ച് ഞങ്ങൾ മക്കിൻഡു ക്ഷേത്രസമുച്ചയത്തിന്റെ പടിയിറങ്ങി.

1926- ൽ സ്ഥാപിച്ച ആ ക്ഷേത്രം ഇന്ന് ഉയർന്നുനിൽക്കുന്നയിടത്ത് ഒരു തണൽമരമുണ്ടായിരുന്നു. ആ മരച്ചുവട്ടിൽ മൊംബാസാ- കം പാലാ റെയിൽവേലൈൻ പണിക്കു വന്ന ഹിന്ദു- മുസ്‍ലിം- സിഖ് സഹോദരങ്ങൾ ഒന്നിച്ച് പ്രാർത്ഥിച്ചിരുന്നു. സിഖുകാരാണ് അതിനു മുൻകൈയെടുത്തത് എന്നതിനാൽ കാലാന്തരത്തിൽ ആ ഇടം സിഖ് ക്ഷേത്രനിർമിതിക്ക് ആവശ്യപ്പെട്ടപ്പോൾ മറ്റു മതസ്ഥർ അതിനെ പിന്തുണച്ചു. അങ്ങനെയാണ് മക്കിൻഡു ക്ഷേത്രം ഉയർന്നത്. അന്നും ഇന്നും 24/7 അവിടുത്തെ അടുപ്പ് അണഞ്ഞിട്ടില്ല. അവരുടെ ക്ഷേത്രത്തിലെ ദീപങ്ങൾ അണഞ്ഞിട്ടില്ല. ഓപ്പറേഷൻ ബ്ലൂ സ്റ്റാർ നടന്ന ദിവസം രാത്രിയിലും ഉള്ളിൽ ഖിന്നതയോടെയെങ്കിലും മക്കിൻഡു- വിലെ സിഖ് സമൂഹം വന്നവർക്ക് പറാത്തയും സബ്ജിയും നൽകി; കിടക്കാൻ ഇടം നൽകി. മറ്റിടങ്ങളിലെ സിഖ് വംശജരെപ്പോലെ തന്നെ കെന്യയിലെ സിഖുകാരും ആ അതിക്രമം മറന്നില്ല.

തന്റെ അപദാനങ്ങൾ കേട്ട് സന്തുഷ്ടനാവുന്ന മോയ്

കെന്യയിൽ ഉപരിപ്ലവമായ സമാധാനം പ്രകടമായിയിരുന്നെങ്കിലും പൊതുവേ രാജ്യത്ത് പ്രശ്നങ്ങളായിരുന്നു. പാവപ്പെട്ടവരുടെ പ്രശ്നങ്ങൾ പരിഹരിക്കുക എന്നത് മോയ് യുടെ രാജ്യതന്ത്രജ്ഞതയുടെ കണക്കിൽ പെടില്ലായിരുന്നല്ലോ. സർവകലാശാലയിലും മറ്റും തനിക്കെതിരേ അപശബ്ദങ്ങളുയരുന്നത് കേട്ടറിഞ്ഞിരുന്ന മോയ് കിട്ടിയ ഏതവസരത്തിലും എതിരാളികളെ തേജോവധം ചെയ്തുകൊണ്ട് ചന്തമുക്കുകളിൽ‌പ്പോലും പ്രസംഗിച്ചിരുന്നു. അങ്ങനെ ഒരു സംഭവം ഞങ്ങളുടെ അടുത്ത ജില്ലയായ കിയാംബു എന്ന സ്ഥലത്ത് നടന്നിരുന്നു. ഏതോ ഒരു സ്കൂളിനു മുന്നിലൂടെ പോകുമ്പോൾ മോയ് തന്റെ വാഹനവ്യൂഹം നിർത്താനാജ്ഞാപിച്ചു.
ഉടൻ സ്കൂളിലെ കുട്ടികൾ “ബാബാ മോയ് ബാബാ മോയ്” എന്നിങ്ങനെയുള്ള വാഴ്ത്തുപാട്ടുകളുമായി അണിനിരന്നു, ഒപ്പം അദ്ധ്യാപകരും. അന്ന് അയാൾ പറഞ്ഞു, “താടി വളർത്തുന്നവരെയും യൂണിവേഴ്സിറ്റി വിദ്യാഭ്യാസമുള്ളവരെയും സൂക്ഷിക്കുക. അവന്മാർ നിങ്ങളെ ചതിക്കും.”
തന്റെ സദസ്സിനെ ഒന്നു വീക്ഷിച്ചശേഷം അദ്ധ്യാപകനായിരുന്ന ഒരു താടിക്കാരനെ ചൂണ്ടി മോയ് പറഞ്ഞു, “അവനെ ഇവിടെ ഈ സ്റ്റേജിന്റെ മുന്നിൽ കൊണ്ടുവന്നിരുത്ത്’’
സുരക്ഷാഭടന്മാർ കല്പന നിർവഹിച്ചയുടനെ മോയ് ഗർജ്ജിച്ചു; ഇവനെ നോക്കിൻ, എത്ര വൃത്തികെട്ട താടിമീശ, ഇപ്പോൾത്തന്നെ ഇവന്റെ ഈ വൃത്തിഹീനമായ താടിമീശ പിഴുതു കളയണം.
ആ അദ്ധ്യാപകന്റെ തന്നെ തുപ്പൽ ഷേവിംഗ് ക്രീമാക്കി, ആരുടെയോ പഴകിദ്രവിച്ച കത്തി കൊണ്ട് അയാളെ അവിടെയിരുത്തി ക്ഷൗരം ചെയ്യിച്ചു. കുട്ടികൾ സ്തംഭിച്ചു നിൽക്കെ, മോയ് തന്റെ അപദാനങ്ങൾ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നു. കുറെ കഴിഞ്ഞ് ആ ഹെഡ് മാസ്റ്ററെ വിളിച്ച് തന്റെ കാറിൽ കൊണ്ടുനടക്കാറുള്ള കറൻസി നോട്ടുകെട്ടുകളിൽ നിന്ന് കുറേ കെട്ടുകളെടുത്ത് “പിള്ളേർക്ക് ഭക്ഷണം വാങ്ങിക്കൊടുക്ക്’’ എന്നു പറഞ്ഞ് അയാൾ പോയി. ആ താടി വളർത്തിയ അദ്ധ്യാപകന്റെ ജോലിയും പോയി.

പിറ്റേന്ന് പത്രവാർത്ത കണ്ടപ്പോഴാണ് വിവരമറിയുന്നത്.

ഞങ്ങളുടെ സ്കൂളിൽ താടിയുള്ള രണ്ടു പേർ തിയോഫിലിസും ഞാനും ആയിരുന്നു. റാവലിന്റെ സ്കൂളിനടുത്തുകൂടി വരാൻ മോയ് മെനക്കെടുകയില്ല. ഹൈവേയിൽ നിന്ന് അകലെയാണ് ഞങ്ങളുടെ സ്കൂൾ. മാത്രമല്ല, ‘താടിയുള്ളവർ ശരിയല്ല’ എന്ന് പറഞ്ഞപ്പോൾ അയാൾ ഉദ്ദേശിച്ചത് ആഫ്രിക്കൻ വംശജരായ അദ്ധ്യാപകരെത്തന്നെയായിയിരുന്നു. അതിലും പ്രത്യേകിച്ച് കിക്കുയുകളെ. കെന്യാറ്റയുടെ ‘ഔറ’യുടെ ഒരു ഭാഗമായി കരുതിയിരുന്നത് അദ്ദേഹത്തിന്റെ താടിയും, ചുഴിഞ്ഞുനോക്കുന്ന കണ്ണുകളും, സദാ സമയവും കയ്യിലിട്ട് ചുഴറ്റിയിരുന്ന “ഫ്ലൈ വിസ്കും” ആയിരുന്നു. കെന്യാറ്റയോടുള്ള വിരോധം അയാൾ തീർക്കുകയാണ്.

കെന്യാറ്റ

മോയ് സ്വന്തം ഉടമസ്ഥതയിൽ ഒരു സ്കൂൾ നടത്തിയിരുന്നു; നക്കുറുവിനടുത്തുള്ള കബറാക് എന്ന തന്റെ ജന്മദേശത്ത്. അവിടെ ഒരു മലയാളി ടീച്ചറുണ്ടായിരുന്നതായും കേട്ടിട്ടുണ്ട്. രാജ്യത്തെ വിദ്യാഭ്യാസത്തെപ്പറ്റി സംസാരിക്കുമ്പോൾ മോയ് സ്ഥിരമായി പറഞ്ഞിരുന്ന ഒരു കാര്യം ഇതാണ്: “നിങ്ങൾക്കൊന്നും സ്കൂൾ നടത്താനറിയില്ലെങ്കിൽ കബറാക്കിൽ വന്നു കാണ്, ഞാൻ സ്കൂൾ നടത്തുന്നത് എങ്ങനെയാണെന്ന്”

കെന്യൻ ജനതയുടെ കളക്റ്റീവ് പേഷ്യൻസും അവരിൽ അന്തർലീനമായ സ്വാഭാവികമായ ശാന്തതയും തന്നെ ആയിരുന്നിരിക്കണം മോയ് യെപ്പോലെ നിഷ്ഠൂരനായ ഒരു വ്യക്തിയെ ഏറെക്കാലം അധികാരം കയ്യാളാൻ പ്രാപ്തനാക്കിയത്. അത് പക്ഷെ അധികം നീണ്ടുനിൽക്കില്ല.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments