മോയ് യുടെ കെന്യയിൽനിന്ന് മണ്ടേലയുടെ ദക്ഷിണാഫ്രിക്കയിലേക്ക്; ഒരു പലായന കാലം

‘‘കെന്യയിൽ അഭൂതപൂർവമായ മോയ് വിരുദ്ധ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു തുടങ്ങിയിരുന്നു. അതിനു സമാന്തരമായി വലിയൊരു ‘എക്സോഡസും’. നിരവധി പേർ നിശ്ശബ്ദമായി കെന്യ വിട്ടുപൊയ്ക്കൊണ്ടിരുന്നു. എല്ലാവരും ദക്ഷിണാഫ്രിക്കയിലേക്കാണ്. മണ്ടേല വിമോചിതനായിരുന്നു. ആഫ്രിക്കയ്ക്ക് പുത്തനുണർവ്വ് കിട്ടിയതുപോലെയായിരുന്നു ആ വിമോചനം’’- യു. ജയചന്ദ്രൻ എഴുതുന്ന ആഫ്രിക്കൻ വസന്തങ്ങൾ തുടരുന്നു.

ആഫ്രിക്കൻ
വസന്തങ്ങൾ- 33

കെന്യയിൽ ദേശീയമായി ആഘോഷിക്കുന്ന രണ്ടു ദിനങ്ങളുണ്ട്: മഡറാകാ ഡേ (സ്വാതന്ത്ര്യ ദിനം), ജമൂരി ഡേ (റിപ്പബ്ലിക്ക് ദിനം).
ഈ ദിവസങ്ങളിൽ നയ്റോബിയിലെ ഉഹുറു പാർക്കിൽ വലിയ സമ്മേളനങ്ങൾ നടക്കും. ഇവയുടെ പ്രധാന ‘ആകർഷണം’ മോയ് യുടെ പ്രസംഗമായിരിക്കും. മഡറാ കാ ഡേ സ്ക്കൂൾ ടേമിനിടെ (ജൂൺ1) ആയതിനാൽ അത് അങ്ങനെയങ്ങ് കഴിഞ്ഞുപോകും. എന്നാൽ കെന്യ പൂർണമായും ഒരു സ്വതന്ത്ര റിപ്പബ്ലിക്ക് സ്ഥാനം കൈവരിച്ച ഡിസംബർ 12 അതിനെക്കാളെല്ലാം പ്രാധാന്യമേറിയ ദിനമായാണ് കെന്യൻ ഗവൺമെന്റും പൊലീസും പട്ടാളവും വിശ്വസിച്ചിരുന്നത്. ഓരോ ജാമൂരി ദിനത്തിലും തങ്ങൾക്കുള്ള ‘മട്ടുൻഡാ യാ ഉഹുറു’ വീണു കിട്ടും എന്നു പ്രതീക്ഷിക്കുന്ന ‘മ്വനാഞ്ചി’ (പൊതുജനം) ആഘോഷങ്ങൾക്ക് നിറഭംഗികൾ നൽകി. ‘ബാബാ’ മോയ് ആ ദിവസത്തെ താരസാന്നിദ്ധ്യമായി നിറയുമ്പോൾ സുരക്ഷാസൈന്യ -വ്യൂഹങ്ങൾ നഗരത്തിലുടനീളം വലയങ്ങൾ തീർത്തു നിന്നിരിക്കും.

ആ പശ്ചാത്തലത്തിലാണ് സംഭവങ്ങൾ ചുരുൾ നിവരുന്നത്. ഇതിലെ, ഈ ഭാഗത്തിലെ കഥാപാത്രങ്ങൾ മുരളിയും ഞാനും മാത്രം. കഴിഞ്ഞ അദ്ധ്യായത്തിൽ വിവരിച്ച അലങ്കോലമായ പാർട്ടിയുടെ പിറ്റേന്നായിരുന്നു ആ വർഷത്തെ ജമൂരി ഡേ. ചെറിയൊരു ഫ്ലാഷ് ബാക്ക് ഒഴിവാക്കാനാവില്ല, ക്ഷമിക്കൂ.
ജമൂരി ഡേയിൽ അതിരാവിലെ എന്റെ കോളിംഗ് ബെൽ അടിച്ചു. താഴെ വരുമ്പോൾ കാണുന്നത് മുരളി, രാധിക, അച്ചു എന്നിവർ. ഞാൻ ഒരു നിമിഷത്തേക്ക് സ്തംഭിച്ചുപോയി. തലേന്നത്തെ അവരുടെ പിരിഞ്ഞുപോകലിനുശേഷം ഇത്ര വേഗം ഒരു തിരിച്ചുവരവ് പ്രതീക്ഷിച്ചില്ല. വീട്ടിൽ വന്നു കയറിയ ഉടനെ മുരളി എന്നെ കെട്ടിപ്പിടിച്ച് പറഞ്ഞു; “തന്നോട് ഞാനും രാധീം ചെയ്തത് വലിയ തെറ്റായിരുന്നു….”
മുരളി മറ്റെന്തൊക്കെയോ പറയാൻ തുടങ്ങിയപ്പോൾ ഞാൻ തടഞ്ഞു. അങ്ങനെ ആ ജമൂരി ഡേ ഞങ്ങൾ മാത്രമായി വീട്ടിൽ ആഘോഷിക്കാൻ തീരുമാനിച്ചു. രാധികയും ആധുനിക പാചകവിദ്യ പരീക്ഷിക്കുന്ന ഒരാളാണ്. മുരളിയുടെ പരിഹാസം ഇങ്ങനെയായിരുന്നു, ‘ഹോ, ഇവളുണ്ടാക്കുന്ന പൈനാ‍പ്പിൾ ടേണോവർ ഉണ്ടല്ലോ അത് ഭയങ്കര ഫേമസ് ആണ്’.

കെന്യയിൽ ദേശീയമായി ആഘോഷിക്കുന്ന രണ്ടു ദിനങ്ങളുണ്ട്: മഡറാകാ ഡേ (സ്വാതന്ത്ര്യ ദിനം), ജമൂരി ഡേ (റിപ്പബ്ലിക്ക് ദിനം).
ഈ ദിവസങ്ങളിൽ നയ്റോബിയിലെ ഉഹുറു പാർക്കിൽ വലിയ സമ്മേളനങ്ങൾ നടക്കും.

വാസ്തവത്തിൽ രാധിക നല്ലൊരു പാചകകലാകാരി ആയിരുന്നു. എന്റെ സഖിയും പാചകത്തിൽ മിടുക്കിയായിരുന്നു. കെന്യയിൽ വന്നശേഷം അവളിലെ ഉറങ്ങിക്കിടന്ന പാചകറാണിയെ കണ്ടെത്തിയത് രാധയും ജയനും ആയിരുന്നു. അങ്ങനെ പാചകപുസ്തകങ്ങളുടെ ശക്തമായ പിൻബലത്തോടെ പാചകനൈപുണി വികസിപ്പിച്ചെടുത്ത എന്റെ പ്രിയതമയും നാഗരികപശ്ചാത്തലത്തിൽ വളർന്ന് ആധുനികപാചകം സ്വായത്തമാക്കിയ രാധികയും ജമൂരി പ്രമാണിച്ച് എന്തോ വിശിഷ്ടമായ വിഭവം ഒരുക്കാനുള്ള ശ്രമത്തിലാണ്. മുരളിയാവട്ടെ, തന്റെ പുലർകാലസുന്ദര ലാർജ് എവിടെ നിന്നു കിട്ടും എന്ന അസ്വസ്ഥതയിൽ വെരുകിനെപ്പോലെ ഉഴറി. അയാൾ തന്നെ അതിനു പരിഹാരം കണ്ടെത്തുകയും ചെയ്തു. തലേ രാത്രിയിലെ പ്രകടനം അതിരു കടന്നെന്നു തോന്നി അതിന് ക്ഷമ ചോദിച്ചാണ് മുരളി വന്നത്. പക്ഷെ ജീൻസിന്റെ ഏതോ ഒരു പോക്കറ്റിൽ ഒരു ഓൾഡ് മങ്ക് ഒളിച്ചിരിക്കുന്നുണ്ടാ‍യിരുന്നു. അതിൽ ആരംഭിക്കാം എന്നു കരുതി സന്തോഷിക്കുമ്പോൾ അകമേ നിന്ന് ചില ആവശ്യങ്ങൾ; അടുക്കളയിലേക്ക്. വെളുത്തുള്ളി, ഇഞ്ചി, ഏലക്കായ, കരയാമ്പൂ ഇത്രയും സാധനങ്ങൾ മുരളിയുടെ വീട്ടിൽ പോയി എടുത്തുകൊണ്ടു വരണം. മുരളിയും ഞാനും ഇറങ്ങി. അച്ചു ചിണുങ്ങി നോക്കിയെങ്കിലും അപർണ്ണ അവന് നല്ല കൂട്ടായിരുന്നതു കൊണ്ട് വൻ പ്രതിഷേധമൊന്നും ഉണ്ടായില്ല. വീടിനു മുന്നിൽ നിന്നാൽ മുരളിയുടെ വീടിനടുത്തു കൂടി പോകുന്ന ‘മട്ടാറ്റു’ കിട്ടും. അങ്ങനെ ഒരു മട്ടാറ്റുവിലേറി മുരളിയുടെ വീട്ടിൽ ചെന്ന് ആവശ്യമുള്ള സാധനങ്ങളെല്ലാമെടുത്ത്, തോളിൽ തൂക്കിയിരുന്ന തുണി സഞ്ചിയിൽ വച്ച് ഞങ്ങൾ പങ്ഗാനി മെയ്ൻ ജങ്ക്ഷനിൽ തിരിച്ചു പോകാനുള്ള മട്ടാറ്റു കാത്ത് നിന്നു.

ജമൂരി ഡേയുടേ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ മോയ് യുടെ, പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തിലുള്ള അറുബോറൻ പ്രസംഗമാണ്. ലിഖിതമോ അലിഖിതമോ ആയ വഴക്കമനുസരിച്ച് ആ പ്രസംഗം ഒരു വാ‍ക്കു പോലും വിടാതെ എല്ലാ ‘വനാഞ്ചിയും’ കേട്ടിരിക്കണം. ആ സമയം നയ്റോബി പൂർണമായും ചലനമറ്റു നിൽക്കണം എന്നാണ് അദ്ദേഹത്തിന്റെ ഉത്തരവ്. വഴിയിൽ ഒരു മനുഷ്യനെപ്പോലും കാണില്ല ആ ദിവസം. നിർഭാഗ്യവശാൽ ഞങ്ങൾ നിയമ അല്ലെങ്കിൽ കീഴ് വഴക്ക ലംഘകരും ‘മുയിണ്ടി’കളും ആയിപ്പോയി. ഇതെല്ലാം ഓർത്തുവന്നപ്പോഴാണ് ഞങ്ങൾക്കെതിരേ രണ്ട് പൊലീസുകാർ നിൽക്കുന്നത് ഞങ്ങൾ ശ്രദ്ധിച്ചത്. അവർ പങ്ഗാനിയിൽ ഞങ്ങൾ മുരളിയുടെവീട്ടിൽ നിന്ന് ഇറങ്ങുമ്പോൾ മുതൽ ഞങ്ങളെ പിന്തുടരുകയായിരുന്നു.ഞങ്ങൾ നിന്നേടത്തു തന്നെ നിന്നു. അവർ ഏറെ നേരത്തെ ചർച്ചകൾക്കൊടുവിൽ റോഡ് മുറിച്ചു കടന്ന് ഞങ്ങൾക്കരികിലെത്തി.

ജമൂരി ഡേയുടേ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ മോയ് യുടെ, പാറപ്പുറത്ത് ചിരട്ട ഉരയ്ക്കുന്ന ശബ്ദത്തിലുള്ള അറുബോറൻ പ്രസംഗമാണ്. ലിഖിതമോ അലിഖിതമോ ആയ വഴക്കമനുസരിച്ച് ആ പ്രസംഗം ഒരു വാ‍ക്കു പോലും വിടാതെ എല്ലാ ‘വനാഞ്ചിയും’ കേട്ടിരിക്കണം.

“ഏയ് മുയിണ്ടി, വൈ ആർ യൂ ഹിയർ?” ആക്രമണോത്സുകമായ ചോദ്യം.
മുരളി താൻ അടുത്ത് താമസിക്കുന്നതാണെന്നും ഞാൻ വെറുതേ കൂട്ടിനു വന്നതാണെന്നും പറഞ്ഞു.
കയ്യിലിരുന്ന ബാറ്റൺ കൊണ്ട് സഞ്ചിയിൽ കുത്തിക്കൊണ്ട് ഒരുവൻ ചോദിക്കുന്നു, “വാട്ട് ഈസ് ദിസ് ഇൻസൈഡ് ദ ബാഗ്?”
അയാൾ ബലമായി ആ സഞ്ചി തുറന്നു. ഞങ്ങളുടെ ശ്വാസം നിന്നു പോയി. ഇവർക്ക് ഒരിക്കലും മനസ്സിലാവില്ല അതെല്ലാം പാചകത്തിനുള്ള സാമഗ്രികളാണെന്ന്.
തുറന്നവൻ മറ്റവനോട്, “വെരി സസ്പീഷ്യസ് തിങ്സ്. ടെയ്ക് ദ ബഗേർസ് ഇൻ’’.
“മുയിണ്ടീസ്സ്, യു ഹാവ് ഇല്ലീഗൽ ഡ്രഗ്സ് ഇൻ യുവർ ബാഗ്’’.
ഞങ്ങൾ പരമാവധി വിശദീകരിക്കാൻ നോക്കി.
“കമോൺ, മൂവ്’’, പങ്ഗാനി പൊലീസ് ലോക്ക് അപ് ആണ് അവരുടെ ലക്ഷ്യം. ഞങ്ങൾ അനങ്ങിയില്ല. പരസ്പരം സംസാരിച്ച് രക്ഷപ്പെടാനുള്ള തന്ത്രം കണ്ടുപിടിക്കവുന്ന മാനസികാവസ്ഥയി ലായിരുന്നില്ല ഞങ്ങൾ. മൂവ് എന്നൊക്കെ പറഞ്ഞിട്ടും പൊലീസ് അനങ്ങുന്നില്ല. പെട്ടെന്ന് അവരിലൊരാൾ എന്നോട് ചോദിച്ചു, “എയ്, മുയിണ്ടി, വാട് ഈസ് യുവർ വർത്ത്?” ഞാൻ സ്തംഭിച്ചു പോയി. എന്റെ മറുപടി കിട്ടാത്തതിനാൽ അവൻ മുരളിയോട് ചോദ്യം ആവർത്തിച്ചു. മുരളി അവരറിയാതെ എനിക്ക് ഒരു ആംഗ്യത്താൽ അതിനുത്തരം തന്നു. ഞാൻ എന്റെ പോക്കറ്റിലുണ്ടായിരുന്ന 500 ഷില്ലിംഗിന്റെ ഒറ്റ നോട്ട് എടുത്തു കാണിച്ചു. മുരളിയും ഒരു 500 കാണിച്ചു.

“നൌ യു ഗോ.. ഡോണ്ട് റോം എറൌണ്ട്…” നിയമപാലകർ സ്ഥലംവിട്ടു. വീട്ടിൽ എത്തിയാലുണ്ടാവുന്ന വിചാരണ നേരിടുക എന്നത് അടുത്ത കടമ്പ. ഭാഗ്യവശാൽ വിചാരണയൊന്നും നേരിടാതെ ഞങ്ങൾ രക്ഷപ്പെട്ടു. പാചകം വൈകിയെങ്കിലും മുരളി രണ്ട് ലാർജ് അകത്താക്കി വൈകിപ്പോയ ലഞ്ച് ഗംഭീരമായി കഴിച്ചു. സാധാരണ മുരളി ഒന്നും കഴിക്കില്ല. മുരളിയും രാധികയും രാധയും ജയനും ഉണ്ടെങ്കിൽ സംഗീതം ഉണ്ടായിരിക്കും. രാധിക വലിയ തെറ്റില്ലാതെ പാടും. രാധയും പാടും. മുരളി പാടുമെങ്കിലും സദസ്സുകളിൽ പാടില്ല. ഞാനും ഒരു പാട്ടുകാരനാണല്ലോ. പക്ഷേ ആതിഥ്യമര്യാദയോർത്ത് ഞാൻ ഞങ്ങളുടെ വീട്ടിൽ പാർട്ടി ഉള്ളപ്പോൾ പാടുക പതിവില്ലായിരുന്നു. ആ ദിവസം അങ്ങനെ കടന്നുപോയി. ഏറ്റവും അവസാനം പോയത് മുരളിയും രാധികയും ആയിരുന്നു. ഞങ്ങളുടെ സൗഹൃദത്തിലുണ്ടായ ചെറിയ താളപ്പിഴകൾ ഒത്തു തീർന്നു എന്ന് വിചാരിച്ചെങ്കിലും ഞങ്ങൾ തമ്മിലുള്ള അകലം അതിനു ശേഷം വർദ്ധിച്ചതേയുള്ളു. വാരാന്ത്യത്തിലുള്ള മുരളീ-രാധികമാരുടെ സന്ദർശനം നിലച്ചു.

അങ്ങനെ ഞങ്ങൾ ഒരു വാരാന്ത്യത്തിൽ പാർക്ക് ലാൻഡ്സ് അവന്യൂവിലെ മനോഹരമായ ഒരു വീട്ടിലേക്ക് താമസം മാറ്റി. ആ വർഷത്തിൽ നാലാമത്തെ വീടു മാറ്റം.

ജീവിതം ഇവ്വിധം മുന്നോട്ടു പോകെ, പാർക് ലാൻഡ്സ് അവന്യൂ 2 ൽ താമസിച്ചിരുന്ന കൃഷ്ണമേനോൻ എനിക്ക് ഒരു സന്ദേശമെത്തിച്ചു. മേനോൻ ഓഷ്വാൾ സമുദായത്തിന്റെ സ്ക്കൂളിലായിരുന്നു ജോലി ചെയ്തിരുന്നത്. ഭാര്യ ഗീത, മകൻ രവിശങ്കരൻ. അവർക്ക് ഇന്ത്യയിലെ മുസ്സൂറിയിൽ കെന്യയിലെ എറ്റവും വലിയ ധനികരിൽ ഒരാളായ റാവൽ (RAWAL) ഒരു ഇന്റർനാഷനൽ സ്ക്കൂൾ തുടങ്ങിയിരിക്കുന്നു. അതിൽ ജോലി കിട്ടി മേനോനും കുടുംബവും ഒന്നു രണ്ടാഴ്ചയ്ക്കകം പോകും. അവർ താമസിക്കുന്ന വീട് ഞങ്ങൾക്ക് തരാനാണ് മേനോൻ ഉദ്ദേശിക്കുന്നത്. ഞങ്ങൾക്ക് ആ വീട് അറിയാം. ഉഷാജി എന്ന ഒരു സ്ത്രീയാണ് അതിന്റെ ഉടമ. വളരെ നല്ല സ്ത്രീ. അവർ വീട് വാടകയ്ക്ക് കൊടുത്തിരുന്നത് ലാഭത്തിനുവേണ്ടിയല്ലായിരുന്നു. ങ്ഗാരയിലെ ജീവിതം പ്രതീക്ഷിച്ച പോലെ സുന്ദരമായിരുന്നില്ല. കൌണ്ടി ചീഫിന്റെ ആപ്പീസിൽ നടന്നിരുന്ന ക്രൂരമർദ്ദനങ്ങൾ നിരന്തരം തുടർന്നിരുന്നു. ഒരു രാത്രി പോലും സ്വസ്ഥമായുറങ്ങാനാവുന്നില്ലായിരുന്നു. അങ്ങനെ ഞങ്ങൾ ഒരു വാരാന്ത്യത്തിൽ പാർക്ക് ലാൻഡ്സ് അവന്യൂവിലെ മനോഹരമായ ഒരു വീട്ടിലേക്ക് താമസം മാറ്റി. ആ വർഷത്തിൽ നാലാമത്തെ വീടു മാറ്റം. നയ്റോബിയിലെ ആ വീട്ടിലാണ് ഞങ്ങൾ ഏറ്റവും സന്തോഷത്തോടെയും സമാധാനത്തോടെയും ജീവിച്ചത്. പ്രത്യേകിച്ച് ഞങ്ങളുടെ മകൾ.

കളിക്കാൻ മുറ്റമൊക്കെ ഉള്ള ഒരു വീടായിരുന്നു അത്. വടക്കേ ഇന്ത്യൻ മാതൃകയിലുള്ള സിമന്റിട്ട അകമുറ്റവും വീടിനു പിന്നിലായി വിശാലമായ അടുക്കളയും പാൻട്രിയും ഒരറ്റത്ത് രണ്ടു മുറികളുള്ള ഒരു സർവന്റ് ക്വാർടേഴ്സും. ഞങ്ങൾക്ക് ഒരു സ്വീകരണമുറിയും പിന്നിൽ ഒരു കിടപ്പു മുറിയുമാണുണ്ടായിരുന്നത്. ഞങ്ങളുടെ അടുക്കള ആ അകമുറ്റത്തിന്റെ ഒരു ഭാഗത്തായിരുന്നു. ഞങ്ങൾ മൂന്നു പേർ മാത്രമായതിനാൽ സാധാരണ ദിവസത്തെ ഭക്ഷണമെല്ലാം അടുക്കളയിലുള്ള ഒരു ഫോർ സീറ്റർ ഡൈനിംഗ് സെറ്റിൽ ഗംഭീരമായി കഴിച്ചു മുന്നേറി. ആ വലിയ കെട്ടിടത്തിൽ മൂന്ന് വീടുകൾ ഉഷാജി ഒപ്പിച്ചെടുത്തിരുന്നു. ഞങ്ങളുടെ വീടിനോടുചേർന്ന് ഞങ്ങളെക്കാൾ പ്രായം കുറഞ്ഞ ദമ്പതിമാരായിരുന്നു താമസം. വീടൊക്കെ ഭംഗിയായിരുന്നെങ്കിലും അവരുടെ വീട്ടിൽ നടക്കുന്ന ഉച്ചത്തിലുള്ള സംഭാഷണങ്ങൾ ഞങ്ങൾക്ക് കേൾക്കാമായിരുന്നു. മൂന്നാമത്തെ വീടും ഞങ്ങളുടെ രണ്ട് വീടുകളോടും ചേർന്നാണിരുന്നത്. ഞങ്ങൾ അവിടെ താമസം തുടങ്ങി അധികം കഴിയും മുൻപ് ആ വീടൊഴിഞ്ഞു.
വീടൊഴിയും മുൻപ് ഉഷാജി എന്റെ സഖിയെ വിളിച്ചുചോദിച്ചു, അത് ഞങ്ങൾക്ക് വേണോ എന്ന്. വേണം എന്നു പറഞ്ഞപ്പോൾത്തന്നെ അവർ അതിന്റെ താക്കോൽക്കൂട്ടം അവളെ ഏൽ‌പ്പിച്ചു. ഞങ്ങൾ അപ്പോൾത്തന്നെ ഒപ്പം ജോലി ചെയ്യുന്ന ജമൈക്കയിൽ നിന്നു വന്ന ജോർജ്ജിനെ വിളിച്ചു ചോദിച്ചു, ആ വീട് വേണോ എന്ന്. അങ്ങനെ ഞങ്ങൾ വീടു മാറിയതിനൊപ്പം ജോർജ്ജും കുടുംബവും ഞങ്ങളുടെ തൊട്ടയൽക്കാരായി. ജോർജ്ജിന് മൂന്നു മക്കളുണ്ടായിരുന്നു. അത് കണക്കിലെടുത്ത് ഞങ്ങളുടെ പുതിയ വീട്ടിലെ ഒരു ബെഡ് റൂം ഞങ്ങൾ ജോർജ്ജിനു കൊടുത്തു. ജോർജ്ജ് വിവാഹം ചെയ്തത് ഒരു ആംഗ്ലോ ഇന്ത്യൻ കുട്ടിയെയാണ്. ഹിൽഡ. അവരുടെ മക്കളുടെ പേരുകൾ ജിം റീവ്സിന്റെ പ്രചോദനമായിരുന്നു. ഡാനി (ജോർജ്ജ് ഉറക്കെ “ഡാനി ബോയ്” എന്നു വിളിക്കും), ആൻ മരീ, ജിമ്മി (ബോയ്). ഞങ്ങൾ കുടുംബങ്ങളെന്ന നിലയ്ക്കും, കുട്ടികളിലൂടെയും വളരെ അടുത്തു. ജോർജ്ജ് സാധാരണ മലയാളികളിൽനിന്ന് തീർത്തും വ്യത്യസ്തനായിരുന്നു. അതു കൊണ്ടു തന്നെ മലയാളികളുടെ ‘വിശാല’സമൂഹത്തിൽ ജോർജ്ജ് ചിലപ്പോൾ ഏകാകിയായിരുന്നു.

പാർക്കിൽ ലാൻഡ്‌സിലെ "ഷെയഡ്സ്" ഹോട്ടലിലെ സ്റ്റാളുകൾ.

ജോർജ്ജ് വന്നതോടെ ഞങ്ങൾക്ക് സ്ക്കൂൾ യാത്രകൾ സുഗമമായി. ജോർജ്ജ് ഒരു മാസ്ഡ കാർ വാങ്ങിയിരുന്നു. ഹിൽഡയുടെ സ്ക്കൂൾ ഞങ്ങൾ താമസിച്ചിരുന്നിടത്തു നിന്ന് നടന്നെത്താവുന്ന ദൂരത്തിലായിരുന്നു. അതിനാൽ ഹിൽഡ നേരത്തേ പോകുമായിരുന്നു.

ഇതിനിടയ്ക്ക് കെന്യയിൽ അഭൂതപൂർവമായ മോയ് വിരുദ്ധ പ്രക്ഷോഭങ്ങൾ അലയടിച്ചുയർന്നു തുടങ്ങിയിരുന്നു. അതിനു സമാന്തരമായി വലിയൊരു ‘എക്സോഡസും’. നിരവധി പേർ നിശ്ശബ്ദമായി കെന്യ വിട്ടുപൊയ്ക്കൊണ്ടിരുന്നു. എല്ലാവരും ദക്ഷിണാഫ്രിക്കയിലേക്കാണ്. മണ്ടേല വിമോചിതനായിരുന്നു. ആഫ്രിക്കയ്ക്ക് പുത്തനുണർവ്വ് കിട്ടിയതുപോലെയായിരുന്നു ആ വിമോചനം. പോൾസ് മൂർ ജയിലിൽ നിന്ന് മെറ്റാലിക് ബ്ലൂ നിറമുള്ള സൂട്ടണിഞ്ഞ്, തന്റെ വലം കയ്യാൽ മുഷ്ടി ചുരുട്ടി അഭിവാദ്യമർപ്പിച്ചും മറു കൈ കൊണ്ട് വിന്നിയെ ചേർത്തുപിടിച്ചും മായാത്ത പുഞ്ചിരിയുമായി നടന്നുവന്ന നെൽസൺ ഒരു വാ‍ക്ക് ഉരിയാടും മുൻപുതന്നെ ഈ ലോകത്തിന്റെയാകെ ഓമനക്കുട്ടനായി. ആസന്നഭാവിയിലെ അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ ഉൾപ്പടെയുള്ള ലോകനേതാക്കൾ ആ തിരിച്ചുവരവ് ലൈവ് ടെലിവിഷനിലൂടെ കണ്ട് ആഹ്ലാദിച്ചു. ആർച്ച് ബിഷപ് ഡെസ്മണ്ട് ടുട്ടു മണ്ടേലയെ കാണാൻ കൂടിയ ജനതതിയെ നോക്കി, “ഹിയർ ഇസ് അവർ റെയ്ൻബോ നേഷൻ” എന്ന് പ്രഖ്യാപിച്ചു.

പാർക്ക് ലാൻഡ്‌സിലെ ഏറ്റവും ആആധുനികമായ ആശുപത്രി ഇപ്പോൾ ആഗാ ഖാൻമെഡിക്കൽ യൂണിവേഴ്‌സിറ്റി ആണ്

കെന്യയിൽ നടന്നിരുന്ന അക്രമങ്ങൾ ഞങ്ങളെ ആ സമയത്ത് നേരിട്ട് ബാധിച്ചിരുന്നില്ലെങ്കിലും ആളുകൾ പൊതുവേ അസ്വസ്ഥരായിരുന്നു. കൊലയും കൊള്ളയും ഏതാണ്ട് നിത്യസംഭവങ്ങളായി മാറിയിരുന്നു. പാർക് ലാൻഡ്സ് എന്നത് ഒരു ‘എലീറ്റ്’ ഇന്ത്യൻ ഭൂരിപക്ഷ റസിഡൻഷ്യൽ ഏരിയയാണെന്നു പറഞ്ഞല്ലോ. പാർക്ക് ലാൻഡ്സ് ആരംഭിക്കുന്നത് ഹൈ റിഡ്ജ് എന്നിടത്തു നിന്നാണ്. അവിടെ ഒരു ചെറിയ റിഡ്ജ് ഉണ്ട്. ഞങ്ങൾക്ക് എളുപ്പം ആ പോയിന്റിൽ നിന്ന് മട്ടാറ്റു കയറുന്നതായിരുന്നു. സ്ക്കൂളിലേക്കല്ലാതെയുള്ള യാത്രകൾക്ക് മട്ടാറ്റു തന്നെ ആയിരുന്നു ആശ്രയം. ഒരു ദിവസം രാവിലെ അങ്ങനെ മട്ടാറ്റു കയറി പോകുമ്പോൾ എന്തോ ഒരു ദുർഗ്ഗന്ധം കാറ്റിലൂടെ പടർന്നു. മട്ടാറ്റു മുന്നോട്ട് പോയിക്കഴിഞ്ഞപ്പോൾ അത് അപ്രത്യക്ഷമായി. പിറ്റേന്ന് അതികഠിനമായ ദുർഗ്ഗന്ധം വീണ്ടും വമിക്കുന്നു. യാത്രക്കാരും ഡ്രൈവറും സിറ്റി കൗൺസിലിൽ വിളിച്ചു. അവർ പൊലീസിനെ വിളിച്ചു. ഹൈറിഡ്ജിലെ ഫുട്പാത്തിൽ വളർത്തിയിരുന്ന ക്രൌട്ടൺ ചെടികൾക്കിടയിൽ സിറ്റി കൗൺസിലിന്റെ കറുത്ത ബാഗ്. അതിനുള്ളിൽ ഒരു മനുഷ്യന്റെ ചീഞ്ഞു തുടങ്ങിയ ശവം.

ഇത്തരം കാഴ്ചകൾ സ്ഥിരമായല്ലെങ്കിലും അടിക്കടി സാധാരണക്കാരെ ഞെട്ടിക്കുക തന്നെ ചെയ്തു. ഇനിയോ?

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments