നമ്മുടെ കപ്പയും നേന്ത്രക്കായയും കുളിരുമുള്ള നൈറോബി

ഏഷ്യൻ (ഇന്ത്യൻ) വംശജരായ കെന്യൻ പൗരരിൽനിന്ന് ഇവിടത്തെ കറുത്തവർക്ക് കടുത്ത ചൂഷണമാണ് നേരിടേണ്ടിവന്നത്. വംശവെറിയന്മാരായ അവർ ആ ചൂഷണവും വംശീയതയും ഇന്ന് പണ്ടത്തെക്കാൾ എത്രയോ മടങ്ങ് രൂക്ഷമായി പ്രാവർത്തികമാക്കുന്നുണ്ടാവും എന്നൂഹിക്കാവുന്നതേയുള്ളു.

ആഫ്രിക്കൻ
വസന്തങ്ങൾ- 15

1984 മെയ് 7.
അന്നു മുതൽ എന്റെ യാത്രകൾ വീണ്ടും ആരംഭിച്ചു. കെന്യയിൽ ഇംഗ്ലീഷ് പത്രങ്ങളുണ്ടായിരുന്നു. കോമൺവെൽത്തിലുൾപ്പെട്ട രാജ്യമായതിനാൽ അങ്ങനെയുള്ള സൗകര്യങ്ങൾ വലിയ അനുഗ്രഹമാണ്. ഏറ്റവും പ്രചാരമേറിയ പത്രം ഡെയ്ലി നേഷൻ ആയിരുന്നു. ദ സ്റ്റാൻഡാർഡ് ആയിരുന്നു മറ്റൊരു പത്രം. കെന്യയിലെ ഏക രാഷ്ട്രീയ പാർട്ടിയായ കാനു (കെന്യ ആഫ്രിക്കൻ നാഷണലിസ്റ്റ് യൂണിയൻ. ആ പാർട്ടി നിലവിലില്ലെന്നു തോന്നുന്നു.) സ്വന്തം നിലയിൽ തുടങ്ങിയ പത്രമായിരുന്നു കെന്യ ടൈംസ്. അവരുടേതായ കെന്യ ടൈംസ് നെറ്റ് വർക്ക് അഥവാ കെ ടി എൻ ആയിരുന്നു കെന്യയിലെ ആദ്യ സ്വകാര്യമേഖലാ ടി.വി ചാനൽ.

മോയ് യുടെ ഏകാധിപത്യം ഒരുപട്ടാളവിപ്ലവത്തെ അതിജീവിച്ചതിന്റെ അഹങ്കാരത്തിലാണ് പെരുമാറിയിരുന്നത്. എങ്ങും മോയ് മയം. എല്ലാ സ്ക്കൂളുകളിലും ക്ലാസുമുറികളിലും അയാളുടെ വലിയ ഛായാചിത്രം പ്രദർശിപ്പിക്കണം എന്നത് പ്രസിഡന്റിന്റെ ഉത്തരവായിരുന്നു. നമ്മൾ കുട്ടികളെ പഠിപ്പിക്കുമ്പോൾ ചുമരിലിരുന്ന് ‘വലിയേട്ട’ന്റെ കണ്ണുകൾ നമ്മെ പിന്തുടർന്നുകൊണ്ടിരുന്നു.

ഡാനിയൽ അറപ് മോയ്, മുന്‍ കെനിയന്‍ പ്രസിഡന്റ്

നയ്റോബിയിൽ നിന്ന് ഒരു രാത്രി മുഴുവൻ ബസിലിരിക്കണം മൊംബാസയിൽ എത്താൻ. മൊംബാസ ഒരു കടലോരനഗരമാണ്. വലിയ തോതിൽ അറബ്- ഇന്ത്യൻ സ്വാധീനമുള്ള സാമൂഹ്യഘടനയും സൗഹൃദം നിറഞ്ഞ അന്തരീക്ഷവുമുള്ള ഒരു കൊച്ചുനഗരം. മൊംബാസയിലും ഞാൻ താമസിച്ചത് ഒരു ഗുരുദ്വാരയിലായിരുന്നു. മൊംബാസയിലെ ഓഷ് വാൾ ഹൈസ്ക്കൂളിൽ പ്രിൻസിപ്പലായിരുന്നത് തിരുവല്ല സ്വദേശി കുര്യൻ ജോസഫായിരുന്നു. അദ്ദേഹം വർഷങ്ങൾക്കു മുൻപേ കെന്യയിൽ താമസമാക്കിയ ആളാണ്. ഞാൻ കാണുന്ന സമയത്തും, താൻ ബ്രിട്ടീഷ് പാസ്പോർട്ട് ഹോൾഡർ ആണെന്ന് അല്പം അഹങ്കാരത്തോടെ പറഞ്ഞിരുന്നയാളാണ്.

നയ്റോബിയിലെ ഓഷ്വാൾ ഹൈസ്ക്കൂൾ പ്രിൻസിപ്പലായിരുന്ന മി. ഗുപ്ത ആണ് എന്നെ മൊംബാസയിലെ ജോസഫ് സാറുമായി ബന്ധപ്പെടുത്തി തന്നത്. അദ്ദേഹത്തിന്റെ സ്ക്കൂളിൽ വേക്കൻസിയില്ലെങ്കിലും ലാസർ എന്ന മറ്റൊരു മലയാളി പ്രിൻസിപ്പലായിരിക്കുന്ന പട്ടേൽ സെക്കന്ററി സ്ക്കൂളിൽ വേക്കൻസിയുണ്ടെന്ന് പറഞ്ഞതനുസരിച്ച് ഞാൻ മി. ലാസറിന്റെയടുത്ത് എത്തി. ഈ സ്ഥലങ്ങളൊന്നും അടുത്തടുത്തെങ്ങുമല്ല. നടന്നുതന്നെ എത്തണം. നടക്കുമ്പോൾ സൂക്ഷിക്കുകയും വേണം. മൊംബാസ ഏതാണ്ട് ഒരു മദ്ധ്യ- പൂർവേഷ്യൻ സ്വഭാവങ്ങളുള്ള നഗരമാണെങ്കിലും പിടിച്ചുപറി പോലുള്ള കാര്യങ്ങൾ സുലഭമായിരുന്നു.

പട്ടേൽ സെക്കന്ററിയിലെ പ്രശ്നം, വർക്ക് പെർമിറ്റിന്റെ പൈസ ജോലിക്കാരൻ നൽകണം. എന്റെ കയ്യിൽ പണമുണ്ടെങ്കിലും, എന്തോ അതൊരു നല്ല ഏർപ്പാടായി തോന്നിയില്ല. അതിനാൽ മൊംബാസയോട് വിടവാങ്ങി തിരികെ നയ്റോബിയിലെത്തി. എനിക്ക് ജോലി വാഗ്ദാനം ചെയ്തിരുന്ന റുയിറു ഹൈസ്ക്കൂളിൽ പിറ്റേന്നു തന്നെ പോയി റിപ്പോർട്ട് ചെയ്തു. റുയിറു എന്ന സ്ഥലം നയ്റോബിയിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ ദൂരം മാത്രമുള്ള, കെന്യൻ നിലവാരത്തിൽ ഒരു വ്യാവസായിക നഗരമായി വളരുന്ന ഇടമായിരുന്നു. (അവിടെയുണ്ടായിരുന്ന ഒരു പ്രധാന വ്യവസായം ആണി നിർമ്മാണ യൂണിറ്റ് ആയിരുന്നു. അവിടെ തൃശൂർക്കാരനായ മി. മേനോൻ ജോലി ചെയ്തിരുന്നു. അക്കാര്യമൊന്നും എനിക്കന്നറിവില്ലായിരുന്നു. കേന്യയിൽ വന്നതിനു ശേഷം അന്നുവരെ ഞാൻ കോൺറാഡ് ഡിക്രൂസ്, ഫ്ലോറി എന്നിവരെയല്ലാതെ മറ്റ് മലയാളികളെ കാണുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല. ഡിക്രൂസ് മലയാളിയാണ് എന്നു പറയാനാവില്ലായിരുന്നു, ആംഗ്ലോ ഇന്ത്യൻ എന്നു പറയുന്നതാവും ശരി.).
ആ സ്ക്കൂളിന്റെ ഉടമസ്ഥൻ നിഖിൽ ചന്ദ്ര ഭട്ട് (എൻ. സി. ഭട്ട്) എന്ന ഗുജറാത്തിയായിരുന്നു. അയാളുടെ സ്ക്കൂളിലെ തൊണ്ണൂറു ശതമാനം അദ്ധ്യാപകരും യുഗാണ്ടന്മാർ ആയിരുന്നു. ഒരു സിഖ് ദമ്പതികൾ ഉണ്ടായിരുന്നു. ഭർത്താവ് സ്ക്കൂളിലെ ബർസറും (കാഷ്യർ) ഭാര്യ കണക്കദ്ധ്യാപികയും (ഫോം 4 വരെ). മി & മിസിസ് ഉത്താൾ. ഒരു ബ്രിട്ടീഷുകാരിയും ഉണ്ടായിരുന്നു; ഇംഗ്ലീഷ് വിഭാഗത്തിൽ, ജെന്നിഫർ. ജെന്നി എന്ന് എല്ലാവരും അവളെ വിളിച്ചു. ഇംഗ്ലീഷ് വിഭാഗത്തിന്റെ അദ്ധ്യക്ഷൻ അലക്സ് എന്നു മാത്രം പറഞ്ഞു പരിചയപ്പെട്ട സൗമ്യനായ ചെറുപ്പക്കാരനായിരുന്നു.

റുയിറു എന്ന സ്ഥലം നയ്റോബിയിൽനിന്ന് ഏതാണ്ട് 10 കിലോമീറ്റർ ദൂരം മാത്രമുള്ള, കെന്യൻ നിലവാരത്തിൽ ഒരു വ്യാവസായിക നഗരമായി വളരുന്ന ഇടമായിരുന്നു.

കെന്യയിലേക്കുള്ള യുഗാണ്ടൻ അഭയാർത്ഥികളുടെ പ്രവാഹം നിലച്ചിരുന്നില്ല. ഇദി അമീൻ സ്ഥാനഭ്രഷ്ടനാക്കപ്പെട്ടശേഷം അധികാരത്തിലേറിയ മിൽട്ടൺ ഒബോട്ടെ അമീനെ വെല്ലുന്ന ക്രൂരതകൾ പരീക്ഷിച്ചിരുന്നു എന്നാണ് കേട്ടറിഞ്ഞിട്ടുള്ളത്. അഭയാർത്ഥികളിൽ വലിയൊരു വിഭാഗം വേണ്ടത്ര രേഖകളൊന്നുമില്ലാതെ വന്നവരാകയാൽ അവർക്ക് യു എൻ എച്ച് സി ആർ-ൽ (യുണൈറ്റഡ് നേഷൻസ് ഹൈ കമീഷൻ ഫോർ റെഫ്യൂജീസ്) രജിസ്റ്റർ ചെയ്യാതെ ജോലി കിട്ടുക പ്രയാസമായിരുന്നു. ഭട്ടിന്റെ സ്ക്കൂളിലുണ്ടായിരുന്ന എത്ര പേർക്ക് അത്തരം രേഖകളുണ്ടായിരുന്നു എന്ന് അറിയില്ല. മിക്കവാറും ഉണ്ടായിരുന്നിരിക്കില്ല. ഭട്ടിന് ഇമിഗ്രേഷനിലും മറ്റും വലിയ പിടിപാടുണ്ടായിരുന്നു എന്ന് പിന്നീട് കേട്ടിട്ടുണ്ട്. അഴിമതിയിലും അധാർമ്മികമായ എല്ലാ അഴുക്കുകളിലും മുങ്ങിയ ഭരണമായിരുന്നു ദാനിയൽ ആരാപ്മോയിയുടേത് എന്നതിൽ സംശയമില്ല. ഇന്നു നാം ഇന്ത്യയിൽ കാണുന്നതുപോലെ അധികാര സ്ഥാനങ്ങളിലിരിക്കുന്ന വരേണ്യതക്കുമുന്നിൽ ശയനപ്രദക്ഷിണം നടത്തുന്ന ജോലി മാത്രമേ കെന്യയിലെ രണ്ട് പത്രങ്ങളും നിർവഹിച്ചിരുന്നുള്ളൂ.

ഭട്ടിന്റേത് ബോർഡിംഗ് സ്ക്കൂളായിരുന്നു. സ്ക്കൂളിനു സ്വന്തമായ ബാൻഡും മറ്റുമുണ്ടായിരുന്നു. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ബാൻഡിന്റെ അകമ്പടിയോടെയാണ് ഭട്ടും ഹെഡ്മാസ്റ്റർ മി. എൻഗോബിയും സ്ക്കൂൾ അസംബ്ലിക്ക് വന്നിരുന്നത്. വെള്ളിയാഴ്ചകളിൽ അസംബ്ലിയെ അഭിമുഖീകരിച്ച് ഭട്ട് പ്രസംഗിക്കും. ആ പ്രസംഗത്തിൽ, തന്റെ അപദാനങ്ങൾ നീട്ടിപ്പരത്തി പറയുന്നതിൽ അദ്ദേഹം വല്ലാത്ത ആനന്ദം അനുഭവിച്ചിരുന്നു. ആദ്യത്തെ പ്രാവശ്യം കേട്ടപ്പോൾ അന്തംവിട്ടെങ്കിലും എല്ലാ വെള്ളിയാഴ്ചയും അത് ആവർത്തിക്കാൻ തുടങ്ങിയപ്പോൾ അതൊരു തമാശയായിത്തന്നെ ഞാൻ കണക്കാക്കി.

മുന്‍ ഉഗാണ്ടന്‍ പ്രസിഡന്റായ ഇദി അമീൻ

വിദ്യാർത്ഥികൾ പൊതുവേ ശല്യക്കാരായിരുന്നില്ല. എത്യോപ്യൻ വിദ്യാർത്ഥികളേക്കാൾ കൂടുതൽ പഠനത്തിൽ ഗൗരവമായി ശ്രദ്ധിച്ചിരുന്നവർ ഏറെ ഉണ്ടായിരുന്നു. കെന്യയിൽ ഞാൻ ചെല്ലുന്ന സമയത്തെ വിദ്യാഭ്യാസ സമ്പ്രദായം ബ്രിട്ടീഷ് മാതൃക പിന്തുടരുന്നതായിരുന്നു. ഏഴു വർഷം പ്രൈമറി സ്ക്കൂൾ, നാലു വർഷം (ഫോം 1 മുതൽ 4 വരെ) സെക്കന്ററി സ്ക്കൂൾ, രണ്ടു വർഷം ഹൈസ്ക്കൂൾ (ഫോം 5, ഫോം 6). 13 വർഷത്തെ സ്ക്കൂൾ വിദ്യാഭ്യാസം കഴിഞ്ഞ് സർവകലാശാലയിൽ എത്തുന്നവർ അവിടെയും ഗൗരവമായ അക്കാദമിക് തെരഞ്ഞെടുപ്പുകൾ നടത്തുകയും ചിന്താശക്തി മുരടിച്ചിട്ടില്ലാത്ത തലമുറയായി വളരുകയും ചെയ്തു. അവരിലൂടെയാണ് കെന്യയുടെ ഭാഗധേയം ഒരു മോയ് യുടെയോ കിബാക്കിയുടെയോ കൈകളിലല്ല എന്ന് ദശാബ്ദങ്ങൾക്കു ശേഷം കെന്യൻ ജനത ഒന്നിച്ച് ഉണർന്നെണീറ്റ് പ്രഖ്യാപിച്ചത്.

ലണ്ടൻ ജി.സി.ഇയുടെ മാതൃകയിലായിരുന്നു ഹൈ സ്ക്കൂൾ പൂർത്തിയാക്കും വരെ കുട്ടികൾ പഠിച്ചത്. എത്യോപ്യയിലെപ്പോലെ ഹിന്ദ് അസ്തമാരിയെ കണ്ടാലുടൻ സ്നേഹം കൊണ്ട് പൊതിയുന്നവരല്ല കെന്യക്കാർ. അവർ വിവിധ വർണങ്ങളിലുള്ള അപരിചിതഭാഷകളിൽ വ്യവഹരിക്കുന്ന ഏഷ്യൻമാരെയാണ് കണ്ടിട്ടുള്ളത്. അതിൽ സിഖ്, തലക്കെട്ടില്ലാത്ത പഞ്ചാബി, ഗുജറാത്തി, ഉർദു സംസാരിക്കുന്ന പാകിസ്ഥാനി, സായ്‌വിന്റെ അനന്തരാവകാശികൾ എന്ന് സ്വയം അഭിമാനിച്ചിരുന്ന ഗോവൻമാർ, അങ്ങനെയങ്ങനെ, ദക്ഷിണേഷ്യയുടെ ഒരു മിനിയേച്ചർ അവർ കണ്ടു തുടങ്ങിയിട്ട് തലമുറകൾ എത്രയോ ആയി. ഇവിടെ വീണ്ടും (ഇഷ്ടമില്ലയെങ്കിലും) വി.എസ്. നയ്പോളിന്റെ ഇളയ സഹോദരൻ ശിവാ നയ്പോളിന്റെ വാക്കുകൾ തേടേണ്ടിവരുന്നു. അദ്ദേഹം തന്റെ നോർത്ത് ഓഫ് സൗത്ത് എന്ന യാത്രക്കുറിപ്പുകളിൽ പറയുന്നുണ്ട്; കറുത്തവരായ കെന്യന്മാർക്ക് ഒരു സൂത്രവാക്യം പങ്കിട്ടിട്ടാണ് ബ്രിട്ടീഷുകാർ കെന്യ വിട്ടുപോയത് എന്ന്:
“ബ്രിട്ടീഷ് കൊളോണിയലിസം ഇപ്പോൾ മുതൽ വെറും പ്രതീകാത്മക ചൂഷകനായിത്തീർന്നിരിക്കുന്നു. യഥാർത്ഥ ചൂഷകൻ ഇവിടെ ഞങ്ങളുടെ കൂലികളായി വന്ന് വേരുറപ്പിച്ച ഏഷ്യൻ വംശജരാണ്’’.

കെന്യ- ടാൻസാനിയ റെയിൽവേലൈൻ പാകുന്നതിനുള്ള കൂലിത്തൊഴിലാളികളായിട്ടാണ് പഞ്ചാബിൽനിന്ന് നൂറു കണക്കിന് സിഖ് യുവാക്കളെ കെന്യക്ക് കപ്പൽ കയറ്റിയത്.

പല തരത്തിലും അത് ശരിവെക്കുംവിധത്തിലുള്ള പെരുമാറ്റമാണ് ഏഷ്യൻ (ഇന്ത്യൻ) വംശജരായ കെന്യൻ പൗരരിൽനിന്ന് ഇവിടത്തെ കറുത്തവർ നേരിടേണ്ടിവന്നിട്ടുള്ളത്. വംശവെറിയന്മാരായ അവർ ആ ചൂഷണവും വംശീയതയും ഇന്ന് പണ്ടത്തെക്കാൾ എത്രയോ മടങ്ങ് രൂക്ഷമായി പ്രാവർത്തികമാക്കുന്നുണ്ടാവും എന്നൂഹിക്കാവുന്നതേയുള്ളു.

കെന്യ- ടാൻസാനിയ റെയിൽവേലൈൻ പാകുന്നതിനുള്ള കൂലിത്തൊഴിലാളികളായിട്ടാണ് പഞ്ചാബിൽനിന്ന് നൂറു കണക്കിന് സിഖ് യുവാക്കളെ കെന്യക്ക് കപ്പൽ കയറ്റിയത്. നയ്റോബിയിൽ നിന്ന് മൊംബാസയ്ക്കുള്ള ഹൈവേയിൽ റ്റ്സാവോ എന്നൊരിടമുണ്ട്. അവിടെയായിരുന്നത്രേ തൊഴിലാളികളുടെ വലിയ ക്യാമ്പ്. റ്റ്സാവോ എന്ന പ്രദേശം മുഴുവൻ അക്രമകാരികളായ വന്യമൃഗങ്ങളുണ്ടായിരുന്നു. അനേകം സിഖ് വംശജർ അവിടെ സിംഹത്തിന്റെയും പുള്ളിപ്പുലികളുടെയും മറ്റും ആക്രമണങ്ങൾക്ക് വിധേയരായി മരിച്ചിട്ടുണ്ട്. റ്റ്സാവോ എന്ന വാക്ക് “കാംബാ” എന്ന കെന്യൻ ഗോത്രവർഗ്ഗഭാഷയിൽ നിന്നാണുണ്ടായത്. ആ വാക്കിന്റെ അർത്ഥം “കശാപ്പ് ചെയ്യുന്ന സ്ഥലം” എന്നാണ്. അറിഞ്ഞായാലും അല്ലെങ്കിലും ആ പേര് സാർത്ഥകമാക്കും വിധമായിരുന്നു റെയിൽവേ നിർമാണത്തിനിടയിൽ അവിടെ ആടിയ യഥാതഥമായ ദുരന്തജീവിതനാടകം.

റ്റ്‌സാവോയില്‍ തൊഴിലാളികളെ ആക്രമിച്ച സിംഹങ്ങളെ ഷിക്കാഗോയിലെ ഫീല്‍ഡ് മ്യൂസിയത്തില്‍ സ്റ്റഫ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു

1898-ലാണ് ഇത് നടന്നത്. 130 ഇന്ത്യൻ “കൂലികൾ” (ഇങ്ങനെയാണ് ചരിത്രം ആ ഹതഭാഗ്യരെ വിശേഷിപ്പിക്കുന്നത്) രണ്ട് സിംഹങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. നൂറു വർഷങ്ങൾക്കിപ്പുറം ​ചൈനീസ് ഗവൺമെണ്ടിന്റെ സഹായത്തോടെ റ്റ്സാവോയിലെ റെയിൽവേ ലൈൻ പുതുക്കിപ്പണിയുന്നതിനിടെ രാത്രി കാവൽ നിന്നിരുന്ന ഒരു സെക്യൂരിറ്റി ഗാർഡിനെ ഒരു പുള്ളിപ്പുലി ആക്രമിച്ചു. അയാൾ മരിച്ചില്ല, ഗുരുതര പരുക്കുകളോടെ രക്ഷപ്പെട്ടു. റ്റ്സാവോ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നതിനടുത്തു തന്നെയാണ് ഈ റെയിൽവേ ലൈനുള്ളത്. നോക്കെത്തുവോളം വിജനത മാത്രമുള്ള ഒരിടം. പകൽ പോലും ആ വഴി യാത്ര ചെയ്യുമ്പോൾ നാം അറിയാതെ ആകാംക്ഷാഭരിതരായിപ്പോകും.

നൈറോബിയുടെ ഏറ്റവും വലിയൊരു സവിശേഷതയായി കെന്യൻ ടൂറിസം വകുപ്പും കെന്യക്കാർ പൊതുവേയും പറയുന്ന ഒരു കാര്യം; പ്ലെയിനിറങ്ങിയാൽ അനേക നാഴികകളൊന്നും സഞ്ചരിക്കാതെ തന്നെ ആഫ്രിക്കയിലെ “ബിഗ് ഫൈവ്” ഉള്ള ഒരു നാഷണൽ പാർക്കിലേക്ക് എത്തിച്ചേരാം എന്നാണ്. അതാണ് നയ്റോബി നാഷണൽ പാർക്ക്. അവിടെ “ബിഗ് ഫൈവ്” എന്നു പറയുന്നത് ഇപ്പറയുന്ന മൃഗങ്ങളെയാണ്: സിംഹം, പുള്ളിപ്പുലി, ആന, കാണ്ടാമൃഗം. കാട്ടുപോത്ത്. കാണ്ടാമൃഗം വെളുത്തതും കറുത്തതും ഉണ്ടായിരുന്നു. “ഹടാരി” എന്ന ഹോളിവുഡ് സിനിമ ഏതാണ്ട് മുഴുവനായും കെന്യൻ നാഷണൽ പാർക്കുകളിലാണ് ചിത്രീകരിച്ചത്. ഹടാരി എന്ന കിസ്വാഹിലി വാകിന്റെ അർത്ഥം “അപകടം” എന്നാണ്. കണ്ടാമൃഗ വേട്ട ആ ചിത്രത്തിലെ പ്രധാന തീം ആണ്. കെന്യയുടെ വിനോദസഞ്ചാരവകുപ്പ് ഏതാണ്ട് പൂർണമായും സ്വകാര്യവൽകൃതമായിരുന്നു, എൺപതുകളിൽത്തന്നെ. വിപുലമായ സഫാരികൾ സംഘടിപ്പിക്കാൻ അനേകം കമ്പനികൾ പരസ്പരം മത്സരിച്ചു. അങ്ങനെ കെന്യൻ ടൂറിസം തഴച്ചുവളരുന്ന കാലത്താണ് ഞാൻ കെന്യയിൽ എത്തുന്നത്.

“ഹടാരി” എന്ന ഹോളിവുഡ് സിനിമ ഏതാണ്ട് മുഴുവനായും കെന്യൻ നാഷണൽ പാർക്കുകളിലാണ് ചിത്രീകരിച്ചത്. ഹടാരി എന്ന കിസ്വാഹിലി വാകിന്റെ അർത്ഥം “അപകടം” എന്നാണ്. കണ്ടാമൃഗ വേട്ട ആ ചിത്രത്തിലെ പ്രധാന തീം ആണ്.

എല്ലാ ശനിയാഴ്ചയും രാവിലെ താമസിച്ചിരുന്നിടത്തുനിന്ന് നയ്റോബിയിലെ പ്രധാന ടെലികമ്യൂണിക്കേഷൻ ഓഫീസിലേക്ക് ഞാൻ പായും. അന്നാണ് അഡീസിലേക്ക് വിളിക്കാൻ പറ്റുന്ന ദിവസം.

എത്യോപ്യയിൽ സ്ക്കൂളുകൾ അടയ്ക്കാൻ ഇനിയും ദിവസങ്ങളുണ്ട്.

വലിയ കുഴപ്പമില്ലാത്ത ഒരിടത്ത് ജോലി ശരിയായല്ലോ എന്നറിഞ്ഞപ്പോൾ കുടുംബത്തിനും ആശ്വാസമായി. ജോലി തുടങ്ങി ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ ഞാൻ ഹെഡ്മാസ്റ്ററോട് വർക്ക് പെർമിറ്റ് എടുക്കുന്ന കാര്യം സൂചിപ്പിച്ചു. പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നത് കണ്ടു പിടിച്ചാൽ ഡിപ്പോർട്ടേഷനാണ് ശിക്ഷ. അതിനു മുൻപ് കെന്യൻ ഇമിഗ്രേഷൻ ഓഫീസർമാരുടെ കഠിനമായ ചോദ്യം ചെയ്യലും ഉണ്ടാവും. ഇതെല്ലാം ഞാൻ മി. എൻഗോബിയോട് പറഞ്ഞപ്പോൾ അയാൾ പറഞ്ഞു, “സാരമില്ല. ഞങ്ങൾ എല്ലാം നോക്കിക്കൊള്ളാം.”

Photo: Heifer International / flickr

കെന്യയിൽ ജനുവരി മുതൽ ഡിസംബർ വരെയാണ് അദ്ധ്യയനവർഷം. കാലാവസ്ഥ കൊണ്ടും പ്രകൃതിലാവണ്യം കൊണ്ടും ഇത്ര അനുഗ്രഹിക്കപ്പെട്ട മറ്റിടങ്ങളുണ്ടോ എന്ന് സംശയമാണ്. വർഷം മുഴുവൻ ഏതാണ്ട് വളരെ നേർത്ത ശക്തിയിൽ പ്രവർത്തിക്കുന്ന ഒരു എയർ കണ്ടീഷനർ നമുക്ക് ആശ്വാസം പകരുന്ന കുളിർമ നൽകുന്നുണ്ടെന്ന് തോന്നും. അത്ര സുന്ദരമാണ് കാലാവസ്ഥ. നയ്റോബിയിൽ കിട്ടാത്ത ഒരു സാധനവുമൊട്ടില്ലതാനും. പ്രത്യേകിച്ച് നമ്മുടേതെന്ന് നാം അഹങ്കാരത്തോടെ പറയുന്ന കപ്പയും നേന്ത്രക്കായയും. അവ നൈറോബിയിലും പ്രാന്തപ്രദേശങ്ങളിലും സുലഭമായിരുന്നു. കെന്യന്മാരിൽ നേന്ത്രക്കായ പുഴുങ്ങിക്കഴിച്ചിരുന്ന ഒരേയൊരു ഗോത്രമേ ഉണ്ടായിരുന്നുള്ളു: കിക്കുയു. അവരുടെ ഹൃദയഭൂമിയാണ് നയ്റോബിയും മദ്ധ്യപ്രവിശ്യ എന്ന സെൻട്രൽ പ്രോവിൻസും. എനിക്കുള്ള അപ്രസന്നമായ ചില അദ്ഭുതങ്ങൾ അപ്പോഴൊക്കെ അണിയറയിൽ ആരോ തയാറാക്കുന്നുണ്ടായിരുന്നു.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments