Photo: tranquilkilimanjaro.com

കിക്കുയു മണ്ണിലെ തൊഴിൽ രഹിതനായ മലയാളി

കെന്യയിൽ എല്ലാക്കാലവും കമ്യൂണിസം ഭയപ്പെടേണ്ട ഒരു ദുഷ്ടശാസ്ത്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്.

ആഫ്രിക്കൻ
വസന്തങ്ങൾ- 16

കെന്യയിലെ ഏറ്റവും പുരോഗമനോന്മുഖമായ ഗോത്രമാണ് കിക്കുയു. നയ്റോബി ഉൾപ്പെടുന്ന നഗരങ്ങൾ സ്ഥിതി ചെയ്യുന്ന മദ്ധ്യപ്രവിശ്യയിലെ പ്രധാന ഗോത്രം. ഗോത്രവൈരത്തിന്റെ അങ്കക്കലികളും തീ പാറുന്ന യുദ്ധങ്ങളും ഏറ്റവും കൂടുതൽ ഉണ്ടായിട്ടുള്ളത് കിക്കുയുക്കളും ലുവോ ഗോത്രവും തമ്മിലാണ്. ജോമോ കെന്യാറ്റ, മ്വാ‍യ് കിബാക്കി, വങ്ഗാരി മതായ്, ങ്ഗൂഗി വാ തിയോങോ തുടങ്ങിയ പ്രഗൽഭരുടെ ഒരു നിര തന്നെയുണ്ട്, കിക്കുയു ഗോത്രത്തിന്റെ കാലം മായ്ക്കാത്ത താരങ്ങളായി!.

ഇന്ത്യയിൽ ദില്ലിക്കുള്ളതു പോലെ കെന്യയിൽ നയ്റോബി നഗരത്തിന് ഒരു പ്രവിശ്യ എന്ന സ്ഥാനം ഉണ്ടായിരുന്നു. അഡീസ് അബാബയെക്കാൾ അടിസ്ഥാന സൗകര്യങ്ങൾ നന്നായി വികസിച്ച ഒരു നഗരമാണ് നയ്റോബി. 1973-ൽ യുനെപ് (UNEP) അവരുടെ ആസ്ഥാനമായി നയ്റോബി തെരഞ്ഞെടുത്തു. ഈ വർഷം അതിന്റെ സുവർണ ജൂബിലിയാണ്. പിന്നീടൊരിക്കൽ നൊബേൽ സമ്മനത്തിനർഹയായ വങ്ഗാരി മത്തായ് (Wangari Mathaai) യുടെ പരിസ്ഥിതി പ്രവർത്തനങ്ങൾ ഊർജ്ജസ്വലമായിക്കൊണ്ടിരുന്ന കാലത്തായിരുന്നു ഞങ്ങൾ നഗരത്തിലെത്തിച്ചേർന്നത്.

വങ്ഗാരി മത്തായ്

എന്റെ ജോലിസ്ഥലത്ത് കൂടുതൽ യുഗാണ്ടന്മാരുയിരുന്നതിനാൽ കെന്യൻ സാമൂഹ്യജീവിതമോ രാഷ്ട്രീയമോ ഒന്നും അവിടെ ചർച്ചയാവാറില്ലായിരുന്നു. അവിടെയുള്ള വിരലിലെണ്ണാവുന്ന കെന്യന്മാരിൽ ആരായിരിക്കും ഒരു “ഇൻഫോർമർ” എന്ന് നമുക്കൊരിക്കലും കണ്ടു പിടിക്കാനാവില്ലായിരുന്നു. പരസ്പരം അവിശ്വസിച്ചും ദുഷിച്ചുമുള്ള സഹവർത്തിത്വമായിരുന്നു കെന്യയിൽ തദ്ദേശീയരും യുഗാണ്ടന്മാരുമായും ഉള്ളത്. കെന്യക്കാരെക്കാൾ വലിയ ബുദ്ധിജീവികളാണ് തങ്ങൾ എന്ന് യുഗാണ്ടന്മാർ ധരിച്ചു. അങ്ങനെ നടിച്ചു. ങ്ഗൂഗി വാ തിയോങോ (Ngugi wa Thiong’o) യുടെ നാട്ടിൽ അഭയം തേടി വന്നവരാണ് ഇങ്ങനെ ചിന്തിക്കുന്നതെന്ന് ഓർമ്മിക്കണം. കെന്യയിൽ എല്ലാക്കാലവും കമ്യൂണിസം ഭയപ്പെടേണ്ട ഒരു ദുഷ്ടശാസ്ത്രമായാണ് കണക്കാക്കപ്പെട്ടിരുന്നത്. കെന്യയുടെ രാഷ്ട്രപിതാവ് എന്ന് വിളിക്കാവുന്ന ജോമോ കെന്യാറ്റ തന്റെ രാഷ്ട്രീയജീവിതം ആരംഭിച്ചത് സോഷ്യലിസ്റ്റ് ആയിട്ടാണെങ്കിലും പിന്നീട് അതിൽനിന്ന് പിന്മാറി അമേരിക്കൻ മോഡൽ മുതലാളിത്ത ധനശാസ്ത്രത്തിൽ അഭയം തേടുകയാണ് ചെയ്തത്.

കെന്യാറ്റ റഷ്യയിൽ പഠിച്ചിരുന്നു. വലിയ വ്യക്തിപ്രഭാവമുള്ള നായകനായിരുന്നു കെന്യാറ്റ. എന്നിട്ടും അദ്ദേഹമുള്ളപ്പോഴും ഗോത്രവൈരങ്ങൾ ഇളവില്ലാതെ തുടർന്നു. ദാനിയൽ അരാപ് മോയ് തന്റെ “സിംഹാസനം” ഉറപ്പിക്കാൻ പാടുപെടുന്ന അവസരത്തിലാണ് ഞാൻ കെന്യയിലെത്തിയത്. കെന്യയിലെ “പ്രസിഡൻഷ്യൽ പ്രെസെൻസ്“ നമ്മെ വല്ലാതെ അസ്വസ്ഥരാക്കും. എല്ലാം മോയ് മയമാണ്.

ങ്ഗൂഗി വാ തിയോങോ

ജൂണിൽ മൂന്നാഴ്ച അവധിയുണ്ട്. ആ മാസവും കഴിഞ്ഞ് ജൂലൈ എത്തിയാലെ എന്റെ കുടുംബത്തിന് വരാൻ പറ്റുകയുള്ളൂ. എത്യോപ്യൻ സിലബസ് അല്ലല്ലോ കെന്യയിൽ പഠിപ്പിക്കേണ്ടത്. നന്നായി ചോദ്യങ്ങൾ ചോദിക്കുന്ന കുട്ടികളാണ്. അവർക്കു മുന്നിൽ ചെന്ന് വെറുതേ കഥ പറഞ്ഞാൽ ഒരാഴ്ച പോലും ജോലിയിൽ തുടരാനാവില്ല. അതിനാൽ നല്ല പ്രിപ്പറേഷൻ ചെയ്യേണ്ടതുണ്ടായിരുന്നു. എത്യോപ്യയിലെപ്പോലെ എഫ്. റ്റി. വുഡ്ഡിന്റെ റെമെഡിയൽ ഇംഗ്ലീഷ് മാത്രം പിന്തുടരാനാവില്ല. തന്നെയുമല്ല, കെന്യയിലെ ഇംഗ്ലീഷ് സിലബസ്സിൽ “സ്ട്രക്ചറൽ ഗ്രാമർ” ആയിരുന്നു ഉൾപ്പെടുത്തിയിരുന്നത്. അതിനോടൊപ്പം നയ്റോബിയിൽ വീടന്വേഷണവും നടത്താനുണ്ട്. വാടകവീടുകൾ ധാരാളമുള്ള നഗരമാണ് നയ്റോബി. തലസ്ഥാനനഗരം എന്നതു കാരണം വാടക വളരെ കൂടുതലാണ്. അന്വേഷിച്ച് അവസാനം എത്തിച്ചേർന്നത് ലാസറസും മറ്റും താമസിച്ചിരുന്ന പങ്ഗാനി എന്ന സ്ഥലത്തു തന്നെ. അവിടെ ഒരു “കാലാസിൻഗ’’ (kaalaasinga)യുടെ വീട്ടിൽ. ഈ “കാലാസിൻഗ’’ എന്ന സംജ്ഞ കെന്യയിലെ കറുത്തവർ നമ്മുടെ പഞ്ചാബി സർദാർമാർക്ക് അറിഞ്ഞുനൽകിയ ഒരു “പട്ടം” ആയിരിക്കണം. കെന്യന്മാർക്ക് സർദാർജിമാരെ പൊതുവേ ഇഷ്ടമായിരുന്നു എന്നു വേണം കരുതാൻ. മാത്രമല്ല, “റ്റ്സാവോ” നാഷണൽ പാർക്ക് പ്രദേശത്ത് പണ്ട് റെയിൽവേ ലൈനിടാൻ വന്ന് ജീവൻ ഹോമിച്ച സർദാർജിമാരെപ്പറ്റി നാട്ടറിവുകൾ ധാരാളമുണ്ടായിരുന്നു. അതിന്റെയെല്ലാം അടിസ്ഥാനത്തിൽ തോന്നുന്ന ഭയം കലർന്ന ഒരു ആദരം. ഇഷ്ടമല്ല. അദ്ദേഹത്തിന്റെ പേര് മറന്നുപോയി. അദ്ദേഹത്തിന്റെ മകന്റെ പേര് ജർണൈൽ എന്നായിരുന്നു, ഒരു L ആകൃതിയായിരുന്നു ആ വീടിന്. അതിൽ രണ്ട് മുറി. ഒന്ന് അടുക്കള, മറ്റൊന്ന്, ലിവിങ്, ഡൈനിങ് എന്നിവ ചേർന്ന അല്പം വലിയ മുറി.

ജർണൈലിന് ഞാൻ ഒരു പ്രത്യുപകാരം ചെയ്യണം. അത് എന്തായിരിക്കണം എന്ന് നിശ്ചയമില്ലായിരുന്നെങ്കിലും അയാൾക്ക് നല്ല ഉറപ്പുണ്ടായിരുന്നു.
നിസ്സാരകാര്യം, ഞാനയാളെ ഇംഗ്ലീഷ് പഠിപ്പിക്കണം, ആവശ്യം കേട്ടപ്പോൽ ഞാൻ ഒന്നു ഞെട്ടി. ജർണൈൽ ഒരു ചെറിയ കുട്ടിയല്ല. ആലോചിച്ച് പറയാം എന്ന എന്റെ പ്രതികരണത്തോട് അയാൾ നീരസം പ്രകടിപ്പിച്ചില്ല. “ഇറ്റ്സ് ഓകെ ജയൻ, ഇറ്റ്സ് ഓകെ’’, അയാൾ ചിരിച്ചുകൊണ്ട് പിൻവാങ്ങി. അങ്ങനെ നയ്റോബിയിൽ തലയ്ക്കുമീതെ “ശൂന്യാകാശം” എന്ന അവസ്ഥയിൽ നിന്ന് അപ്രതീക്ഷിതമായ വേഗത്തിൽ കാര്യങ്ങൾ നടന്നു വന്നു. അവനവനെപ്പറ്റി നമുക്ക് “ഞാൻ അത്ര മോശക്കാരനല്ല” എന്ന തോന്നലുണ്ടാവില്ലേ; അതു തന്നെ എനിക്കും തോന്നി. കെന്യൻ ജീവിതത്തിന്റെ യഥാർഥ തിക്തകം അപ്പോൾ എവിടെയോ ആരോ തയാറാക്കിത്തുടങ്ങിയിട്ടേയുള്ളൂ. അതിന്റെ ആദ്യത്തെ സ്വാദ് സ്ക്കൂളിൽ നിന്നു തന്നെ കിട്ടി.

“കാലാസിൻഗ’’ എന്ന സംജ്ഞ കെന്യയിലെ കറുത്തവർ നമ്മുടെ പഞ്ചാബി സർദാർമാർക്ക് അറിഞ്ഞുനൽകിയ ഒരു “പട്ടം” ആയിരിക്കണം.

അർദ്ധവാർഷികപ്പരീക്ഷ കഴിഞ്ഞയുടൻ ഹെഡ് മാസ്റ്റർ എന്നെ വിളിച്ചു. അദ്ദേഹത്തിന് ഒന്നും പറയാനല്ല വിളിച്ചത്. പ്രിൻസിപ്പൽ, അതായത് മി. ഭട്ട്, എന്നെ കാണാനാവശ്യപ്പെട്ടിരിക്കുന്നു. അങ്ങനെ ഞാൻ അദ്ദേഹത്തിനെ കണ്ടു. കുശലാന്വേഷണങ്ങൾക്കുശേഷം അദ്ദേഹം പറഞ്ഞു, “എനിക്ക് നിങ്ങളെയും നിങ്ങളുടെ സ്പൌസിനെയും ഇവിടെ നിർത്തണമെന്നാഗ്രഹമുണ്ട്. പക്ഷേ രണ്ടു പേർക്കുള്ള വേക്കൻസി ഇവിടെ ഇപ്പോൾ ഇല്ല. അതുകൊണ്ട് തൽക്കാലം നിങ്ങൾ സോട്ടിക് എന്ന സ്ഥലത്തുള്ള എന്റെ സോട്ടിക് ഹൈസ്ക്കൂളിൽ ജോയിൻ ചെയ്യൂ. സ്ക്കൂൾ തുറന്ന് ഒരു മാസത്തിനകം തിരിച്ച് ഇങ്ങോട്ടുതന്നെ വരാനാവും.’’

ആദ്യമായാണ് സോട്ടിക് എന്ന സ്ഥലപ്പേരു തന്നെ കേൾക്കുന്നത്. തന്നെയുമല്ല, ആ പറഞ്ഞതിൽ ഒരു കാര്യം എന്നെ ചിന്തിപ്പിച്ചു; “സ്ക്കൂൾ തുറന്ന് ഒരു മാസത്തിനകം തിരിച്ച് ഇങ്ങോട്ടു വരാനാവും” എന്ന വാഗ്ദാനമായിരുന്നു ആ കാര്യം. അതെങ്ങനെ സാധിക്കും? ഇമിഗ്രേഷൻ വർക്ക് പെർമിറ്റ് നൽകുക ഏതെങ്കിലും ഒരു സ്ക്കൂളിനുവേണ്ടിയായിരിക്കും. റുയിറു ഹൈ സ്ക്കൂളിനുവേണ്ടി തെരഞ്ഞെടുത്ത എനിക്ക് എങ്ങനെ നയ്റോബിയിൽ നിന്ന് 200 കിലോമീറ്റർ ദൂരെയുള്ള സോട്ടിക് ഹൈസ്ക്കൂളിൽ പോയി ജോലി ചെയ്യാനാവും?

എന്നോട് ഇക്കാര്യങ്ങൾ സംസാരിച്ച വിവരം സ്ക്കൂളിൽ വകുപ്പ് മേധാവി അലക്സ് അറിഞ്ഞിരുന്നു. അലക്സ് എന്നോട് പറഞ്ഞു; “ചന്ദ്രാ, നീ ഇയാളുടെ പൊള്ളവാഗ്ദാനങ്ങളിൽ വീണുപോകരുത്. ഇനി ഇതേപ്പറ്റി സംസാരമുണ്ടായാൽ, മകളെ പഠിപ്പിക്കാനായി നയ്റോബിക്കടുത്ത് താമസിക്കണം എന്നുപറഞ്ഞ് ഇവിടെ നിൽക്കാൻ ശ്രമിക്കണം. ചിലപ്പോൾ ഇത് വേറൊരു കെണിയായിരിക്കും.”

സോട്ടിക് , കെന്യ

അതിനിടെ, ജൂലൈ പകുതിയോടെ എന്റെ സഖിയും മോളും അവരോടൊപ്പം, ഞാൻ മുൻപൊരിക്കൽ സൂചിപ്പിച്ചിരുന്ന ഹരിയും വന്നിറങ്ങി. (ഹരി അധികനാൾ കെന്യയിൽ നിന്നില്ല.) അങ്ങനെ ഞങ്ങൾ നയ്റോബിയിലെ മറ്റൊരു കുടിയേറ്റ കുടുംബമായി. സ്ക്കൂൾ അടയ്ക്കുന്ന സമയമായി. മൂന്നാഴ്ച അവധിയുണ്ട്. അതിനിടെ സോട്ടിക് വരെ പോയി അവിടത്തെ ഹെഡ് മാസ്റ്ററോട് സംസാരിക്കാം എന്നു കരുതി ഒരുനാൾ ഞങ്ങൾ കുടുംബമായി സോട്ടിക്കിലേക്ക് യാത്രയായി. നയ്റോബിയിൽ അക്കാലത്ത് ഇ.പി എസ് അഥവാ എവെരിടൈം പൂഷോ സർവീസ് എന്ന ടാക്സി സർവീസുണ്ടായിരുന്നു. 300+ കിലോമീറ്റർ അകലെയുള്ള സോട്ടിക്ക് എന്ന ചെറുഗ്രാമത്തിലേക്ക് എപ്പോഴും സർവീസ് ഉണ്ടായെന്നുവരില്ല. നൈറോബിയിൽ നിന്ന് നക്കുറു എന്ന സാമാന്യം വലിയ ഒരു ടൗണിലെത്തുക; അവിടെ നിന്ന് വേറെ ബസോ 18 സീറ്റർ “കോംബി”യോ പിടിച്ച് വൈകുമ്പോഴേക്കും സോട്ടിക്കിൽ എത്തുക. അതു മാത്രമായിരുന്നു മാർഗം. അങ്ങനെ ഞങ്ങൾ സോട്ടിക് എന്ന ചെറു ഗ്രാമത്തിലെത്തി. അപ്പോഴേക്കും വൈകുന്നേരമായിരുന്നു. സ്ക്കൂൾ കണ്ടു പിടിക്കാൻ ഒട്ടും പ്രയാസമില്ലായിരുന്നു.

സോട്ടിക് എന്ന പ്രദേശം കെന്യയിലെ തേയിലത്തോട്ടങ്ങളുടെ നാടായ “കെരീച്ചോ” (Kericho) എന്ന പട്ടണത്തിനടുത്താണ്. സോട്ടിക്കിലും ചില ചെറിയ തോട്ടങ്ങളും തോട്ടമുതലാളിമാരുമുണ്ട്. സ്ക്കൂൾ ഇരിക്കുന്ന സ്ഥലം ഏതാണ്ട് ഒരു വനപ്രദേശമായിട്ടാണ് തോന്നിയത്. അവിടുത്തെ പ്രിൻസിപ്പലിന്റെ വീട് കണ്ടുപിടിച്ചു. അദ്ദേഹം വീട്ടിൽത്തന്നെ ഉണ്ടായിരുന്നു. അയാളും ഒരു ഭട്ട് ആയിരുന്നു. ഞങ്ങൾ വന്ന കാര്യം ഞാൻ പറഞ്ഞു. ഞങ്ങളെ ഇങ്ങോട്ട് ട്രാൻസ്ഫർ ചെയ്തിരിക്കുകയാണ് എന്നും സ്ക്കൂൾ തുറക്കും മുൻപ് ഒന്നു പോയി കാണട്ടെ എന്ന് പറഞ്ഞതനുസരിച്ചാണ് ഈ യാത്ര എന്നും പറഞ്ഞുകഴിഞ്ഞപ്പോൾ അയാൾ ചിരിച്ചു. “ക്ഷമിക്കണം സർ. ഈ സ്ക്കൂളിൽ ഇപ്പോൾ വേക്കൻസി ഒന്നുമില്ല. നിങ്ങൾ തിരികെ റുയിറുവിൽ തന്നെ പോകൂ. മി. ഭട്ടിനോട് ഇവിടെ വന്ന വിവരമെല്ലാം പറയൂ. അദ്ദേഹം നിങ്ങൾക്ക് പറ്റിയ ഒരു സൊല്യൂഷൻ കണ്ടു പിടിക്കും.’’

അന്ന് എങ്ങോട്ടും പോകാൻ പറ്റില്ലായിരുന്നു. അത്രയ്ക്ക് ഇരുട്ടായിരുന്നു സോട്ടിക്കിൽ, കൊടും തണുപ്പും. ആ ഹെഡ്മാസ്റ്റർ തന്ന ഒരു മുറിയിൽ ഞങ്ങൾ രാത്രി കഴിച്ചുകൂട്ടി. രാവിലെ തന്നെ യാത്ര പറഞ്ഞിറങ്ങി.
തിരിച്ച് നയ്റോബിയിൽ. പിറ്റേന്ന് ഞാൻ റുയിറുവിൽ പോയി ഭട്ടിനെ അന്വേഷിച്ചു. അദ്ദേഹം അവധി പ്രഖ്യാപിച്ച് ഇംഗ്ളണ്ടിലേക്ക് പോയിരിക്കുന്നു. ഇനി സ്ക്കൂൾ തുറക്കുന്നതിന് ഒരാഴ്ച മുമ്പേ തിരികെയെത്തൂ. അങ്ങനെ ഹതാശനായി ഞാൻ ൻഗ്ഗോബിയെ കാണാൻ ചെന്നു. “എല്ലാം ശരിയാവും, ധൈര്യമായിരിക്കൂ’’ എന്നയാൾ പറഞ്ഞു. എന്തോ, ആ പറഞ്ഞത് പൊള്ള വാക്കാണെന്ന് തോന്നി. തൽക്കാലം ജോലിയില്ലെങ്കിലും പിടിച്ചു നിൽക്കാൻ കഴിയും. അതിനുള്ള സാമ്പത്തികം ഞങ്ങളുടെ പക്കലുണ്ടായിരുന്നു. അങ്ങനെ തൽക്കാലത്തേക്ക് ജോലി സംബന്ധിച്ച ആശങ്കകൾ വലിച്ചെറിഞ്ഞ് നയ്റോബിയിൽ മുഴുകി.

സോട്ടിക് എന്ന പ്രദേശം കെന്യയിലെ തേയിലത്തോട്ടങ്ങളുടെ നാടായ “കെരീച്ചോ” (Kericho) എന്ന പട്ടണത്തിനടുത്താണ്

തൊട്ടടുത്ത വീട്ടിൽ മലയാളികളായിരുന്നു. അവരാണ് കെന്യയിലെ ഞങ്ങളുടെ ആദ്യ സുഹൃത്തുക്കൾ. ഹരിപ്പാട്ടുകാരായ ജയദേവൻ പിള്ളയും ഭാര്യ രാധയും ഞാൻ നയ്റോബിയിൽ പ്ലെയിനിറങ്ങിയ ദിവസം (മെയ് 6) ജനിച്ച രഞ്ജു എന്ന കുഞ്ഞും. ജയനും രാധയും ജോലി ചെയ്തിരുന്നത് കിക്കുയു മണ്ണിന്റെ ഹൃദയമെന്നൊക്കെ വിളിക്കാവുന്ന കിയാംബുവിലാണ്. കെന്യയിലെ സ്ക്കൂളുകൾ പലതരമാണ്. ഗവൺമെന്റ് നേരിട്ട് നടത്തുന്നവ, സ്വകാര്യ- മിഷനറി സ്ക്കൂളുകൾ, പിന്നെ കെന്യാറ്റയുടെ ‘റാലിയിംഗ് ക്രൈ’ എന്നു പറയാവുന്ന “ഹറാംബേ സ്ക്കൂളുകൾ. (ഹറാംബേ എന്ന കിസ്വാഹിലി വാക്കിന്റെ അർത്ഥം, “all pull together” എന്നാണ്) ഹറാംബേ സ്ക്കൂളുകൾ ഗ്രാമങ്ങളിലെ ജനത സ്വയം നന്നാവാൻ തീരുമാനിച്ച് സ്വന്തം വിഭവങ്ങളുപയോഗിച്ച് പടുത്തുയർത്തുകയും അദ്ധ്യാപകരെ കണ്ടു പിടിക്കുകയും ചെയ്ത് അവർ നേരിട്ടു നടത്തുന്ന സ്ക്കൂളൂകളായിരുന്നു. മിക്കവാറും ഹറാംബേ സ്ക്കൂളുകൾ തീർത്തും ദരിദ്രമായിരുന്നു. അത്തരത്തിലുള്ള ഒരു സ്ക്കൂളിലാണ് ഞങ്ങളുടെ അയൽക്കാർ പഠിപ്പിച്ചിരുന്നത്.

ഓണാട്ടുകരയുടെ സർവനന്മകളും ഉള്ള ദമ്പതികൾ. അവരുടെ മകൾ രഞ്ജു വളരെ വേഗം ഞങ്ങളോട് പരിചയത്തിലായി. ജയന്റെ കെന്യൻ ജീവിതം ആരംഭിക്കുന്നതു തന്നെ വലിയൊരു ദുരന്തവുമായായിരുന്നു. ഞങ്ങൾ എത്യോപ്യയിൽ എത്തിയ സമയത്താവണം ജയൻ നയ്റോബിയിൽ എത്തിയത്. ജയന്റെ അച്ഛന്റെ അനുജൻ അവിടെ കിസുമു എന്ന നഗരത്തിൽ വർഷങ്ങളായി സിവിൽ എഞ്ചിനീയറായിരുന്നു. അദ്ദേഹത്തിന്റെ അടുത്തേക്കാണ് ജയൻ ആദ്യം വന്നത്. ആ കഥകൾ പറയുമ്പോൾ ജയന്റെ തൊണ്ടയിടറുന്നത് ശ്രദ്ധിച്ചിട്ടുണ്ട്. ബി.എസ് സി പാസായി നിൽക്കുന്ന കാലത്താണ് ചിറ്റപ്പൻ ജയനെ കെന്യക്ക് ക്ഷണിച്ചത്. ജയൻ ചിറ്റപ്പനോടൊപ്പം നയ്റോബിയിൽ നിന്ന് 350+ കിലോമീറ്റർ അകലെയുള്ള കിസുമുവിലേക്ക് യാത്രയായി. ജയന് അപ്പോഴൊന്നും പരിഭ്രമം വിട്ടുമാറിയിട്ടില്ലായിരുന്നു. പുതിയ രാജ്യം, രാത്രിയിലെ ദീർഘയാത്ര, ശബ്ദായമാനമായ തെരുവുകളും കുടിയിടങ്ങളും. വീട്ടിലെത്തി ചിറ്റപ്പൻ ജയന് കുളിമുറിയും മറ്റും കാണിച്ചുകൊടുത്തു. ജയൻ കുളിച്ചിറങ്ങി വന്നപ്പോഴേക്ക് ഭക്ഷണം റെഡി. അതെല്ലാം കഴിച്ച് അൽ‌പ്പം നാട്ടു- വീട്ടു വിശേഷങ്ങളെല്ലാം പറഞ്ഞിരുന്ന് ഉറങ്ങാനുള്ള തയാറെടുപ്പിലായി.

ഹറാംബേ സ്ക്കൂളുകൾ ഗ്രാമങ്ങളിലെ ജനത സ്വയം നന്നാവാൻ തീരുമാനിച്ച് സ്വന്തം വിഭവങ്ങളുപയോഗിച്ച് പടുത്തുയർത്തുകയും അദ്ധ്യാപകരെ കണ്ടു പിടിക്കുകയും ചെയ്ത് അവർ നേരിട്ടു നടത്തുന്ന സ്ക്കൂളൂകളായിരുന്നു.

ജയന് കിടന്നിട്ട് ഉറക്കം വരുന്നില്ല. അമ്മയെ വിട്ട് ആദ്യമായാണ് ഇത്ര ദൂരെ ഒരിടത്ത് കഴിയുന്നത്. ഇവിടെ ഒന്നും ശരിയായില്ലെങ്കിൽ തിരികെ നാട്ടിൽച്ചെന്ന് എന്തെങ്കിലും ചെയ്യാം എന്നായിരുന്നു ജയൻ വിചാരിച്ചിരുന്നത്. ഇങ്ങനെയൊക്കെയുള്ള ചിന്തകളുമായി തിരിഞ്ഞും മറിഞ്ഞും കിടന്ന് വിഷമിക്കവേ ചിറ്റപ്പന്റെ മുറിയിൽ നിന്ന് വിളിക്കുന്നതു പോലെ തോന്നി. വേഗം ലൈറ്റിട്ടു നോക്കി. ചിറ്റപ്പൻ വേദനകൊണ്ട് പുളയുകയാണ്. ജയൻ ചെന്ന് ചിറ്റപ്പന്റെ തല മടിയിൽ വച്ച് അല്പം വെള്ളം വായിലൊഴിച്ചു കൊടുത്തു. അദ്ദേഹത്തിന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല. അടുത്ത നിമിഷം ജയനെ അന്ധകാരത്തിലാക്കിക്കൊണ്ട് ജയന്റെ ചിറ്റപ്പൻ കടന്നുപോയി.

ജയൻ സ്തംഭിച്ചിരുന്നു. അവിടെ നിന്ന് പുറത്തേക്കിറങ്ങിയാൽ ഇടത്തോട്ടു പോകണോ വലത്തോട്ടു പോകണോ എന്നു പോലും ജയനറിയില്ല. ചിറ്റപ്പന് അവിടെ സുഹൃത്തുക്കൾ ആരാണെന്നോ എവിടെയാണെന്നോ അറിയില്ല. ഒരു ജഡവും കയ്യിൽ വച്ച് ലോകം കണ്ടിട്ടില്ലാത്ത ഒരു ചെറുപ്പക്കാരൻ എന്തു ചെയ്യാൻ?

അവസാനം ജയൻ ചിറ്റപ്പന്റെ ഡയറിയിൽ കുറിച്ചിട്ടിരുന്ന ചില പേരുകൾ കണ്ടെത്തി അവരെ ഫോൺ ചെയ്തു. അവരിലൊരാൾ, രമേഷ് ബാബു എന്നാണ് പേര് എന്നു തോന്നുന്നു, അപ്പോൾത്തന്നെ എത്തി, ജയനെ സമാശ്വസിപ്പിച്ച് ചിറ്റപ്പനെ കിസുമുവിലെ ഹിന്ദു ശ്മശാനത്തിൽ ദഹിപ്പിച്ചു. അതിനുശേഷമാണ് ജയൻ കിസുമു വിട്ട് നയ്റോബിയിലേക്ക് ചേക്കേറിയത്.

കിസുമുവിലെ ഹിന്ദു ശ്മശാനം / Photo: Kisumu Archive

ഈ സംഭവം ഇത്രയും വിസ്തരിക്കാൻ കാരണം, ഞാൻ എഴുതുന്നത് ഓർമ്മകളിലെ മനുഷ്യരെക്കുറിച്ചായതുകൊണ്ടാണ്. ഓണട്ടുകരഭാഷ സംസാരിച്ച്, ചെല്ലുന്നിടത്തെ മലയാളി സമാജങ്ങളിലെല്ലാം പ്രഥമൻ തയാറാക്കുന്നതിന്റെ അമരക്കാരനായി മാറിയ ജയദേവൻ എന്ന സുഹൃത്ത് ദക്ഷിണാഫ്രിക്കയോളം ഞങ്ങൾക്കൊപ്പം വന്നു. വർഷങ്ങൾക്കുശേഷം ദക്ഷിണാഫ്രിക്കയിലാരംഭിച്ച ഒരു മാരകമായ രോഗം ജയദേവൻ പിള്ള എന്ന ശുദ്ധനായ ആ നാട്ടിൻപുറത്തുകാരനെ തോൽ‌പ്പിച്ചുകളഞ്ഞു.

ഞങ്ങളുടെ പ്രശ്നങ്ങൾ തുടങ്ങിയതേയുള്ളൂ എന്ന് മനസ്സിലായി. എന്തു വന്നാലും നമുക്ക് നേരിടാം എന്ന വിശ്വാസത്തോടെ ഞങ്ങൾ എന്തിനും തയാറായിനിന്നു. വിസ്മയങ്ങൾക്ക് വിരിയാൻ മരുഭൂമി പോലും ഒരുക്കിക്കൊടുക്കുന്ന പടച്ചോൻ അടിക്കടി ഓരോ ‘ഡക്കു വേല’കൾ കൊണ്ട് ഈയുള്ളവനെ “സ്പീച്ലെസ്സ്“ (അയ്യയ്യോ, അറിയാതെ ഇംഗ്ലീഷ് വന്നു പോയി) അഥവാ സ്തബ്ധനാക്കിയിരുന്നു. അതിനു നന്ദി.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments