‘കനവ്’ എന്ന ബദൽ വിദ്യാഭ്യാസ പദ്ധതിയിലൂടെ കെ.ജെ. ബേബി ആദിവാസി മേഖല നേരിടുന്ന പലവിധത്തിലുള്ള പ്രശ്നങ്ങളാണ് സമൂഹത്തിന് മുന്നിലേക്ക് വെച്ചത്. തങ്ങൾ ജീവിക്കുന്ന സമൂഹത്തിലെ പ്രശ്നങ്ങളെയും പ്രതിസന്ധികളെയും വിദ്യാർഥികൾ കൃത്യമായ വ്യാപ്തിയിൽ മനസ്സിലാക്കി, അതിനുള്ള പരിഹാരമാർഗ്ഗം അവരിൽ നിന്നു തന്നെ ഉണ്ടാവാൻ അവരെ പ്രാപ്തരാക്കുക എന്നതായിരുന്നു അതിൻെറ ആത്യന്തികമായ ലക്ഷ്യം. നേതൃത്വ ബോധമുള്ള ഒരു തലമുറയെ വാർത്തെടുക്കുവാനുള്ള പരിശ്രമമാണ് ഇതിലൂടെ മുന്നോട്ടുവെച്ചത്. ഈ ബദൽ വിദ്യാഭ്യാസ പ്രക്രിയയിലൂടെ മുന്നോട്ടുവരുന്ന വിദ്യാർത്ഥികൾക്ക് അവരുടെ ഊരുകളിൽ ശാക്തീകരണ പ്രവർത്തനങ്ങൾ മുന്നോട്ടു നയിക്കാൻ കഴിയണമെന്നതും കനവിന്റെ ലക്ഷ്യമായിരുന്നു.
ആദിവാസി സമൂഹം കാലങ്ങളായി നേരിട്ടിരുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു വേദി കൂടിയായിരുന്നു ‘കനവ്’. അവരുടെ മുന്നിലുള്ള പ്രതിസന്ധികൾക്ക് അങ്ങനെ പരിഹാരം കാണാനും സാധിച്ചു.
വിദ്യാഭ്യാസ - സാമൂഹ്യ മേഖലയിലെ വിദഗ്ദരുടെ അഭിപ്രായങ്ങൾ ഇതിനായി ഉപയോഗപ്പെടുത്തി. കലയും വായനയും പുതിയ ചിന്തയും എല്ലാം ആദിവാസി യുവതീ യുവാക്കൾക്ക് പുതിയ കാഴ്ചയായി മാറി. അവരുടെ സാംസ്കാരിക തനിമയെയും മൂല്യങ്ങളെയും ഉയർത്തിപ്പിടിച്ച് കൊണ്ട് തന്നെയാണ് മുന്നോട്ട് പോയത്. ആദിവാസികളുടെ അറിവും പാരമ്പര്യവും സംയോജിപ്പിച്ച് കൊണ്ട് കൂടിയായിരുന്നു കനവിൻെറ പോക്ക്.
കെ.ജെ. ബേബിയുടെ കുടുംബവും അദ്ദേഹത്തിനുണ്ടായിരുന്ന ബൃഹത്തായ സുഹൃദ് വലയവും പ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടി. ആദിവാസി സമൂഹം കാലങ്ങളായി നേരിട്ടിരുന്ന വിഷയങ്ങൾ ചർച്ച ചെയ്യാനുള്ള ഒരു വേദി കൂടിയായിരുന്നു ‘കനവ്’. അവരുടെ മുന്നിലുള്ള പ്രതിസന്ധികൾക്ക് അങ്ങനെ പരിഹാരം കാണാനും സാധിച്ചു. വനഭൂമിയിൽ നിന്ന് ആദിവാസികളെ പുറത്താക്കാനുള്ള ശ്രമങ്ങളോട് ചെറുക്കുമ്പോഴും തങ്ങൾക്ക് പുറത്തുള്ള സമൂഹത്തെ അവർ സഹിഷ്ണുതയോടെ കണ്ടു.
ആദിവാസി സമൂഹത്തിൻെറ സാമൂഹ്യമായും സാമ്പത്തികമായുമുള്ള ഉന്നമനമായിരുന്നു ‘കനവ്’ മുന്നോട്ട് വെച്ച ആശയം. കുട്ടികൾക്ക് സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് എത്തിച്ചേരുവാനുള്ള ചവിട്ടുപടിയായും ഈ ഇടപെടൽ മാറുന്നുണ്ടായിരുന്നു. സമൂഹത്തിൻെറ മുഖ്യധാരയിൽ നിന്ന് ഏറെക്കാലമായി മാറ്റിനിർത്തി, അവഗണിക്കപ്പെട്ടിരുന്ന പണിയ, കാട്ടുനായ്ക വിഭാഗങ്ങൾക്കാണ് ‘കനവ്’ കൂടുതൽ പ്രാധാന്യം നൽകിയത്.
‘കനവി’ൽ മാത്രം കെ.ജെ. ബേബിയെ ഒതുക്കരുത്. അദ്ദേഹത്തിൻെറ എഴുത്തിലും മറ്റെല്ലാ തരത്തിലുള്ള ഇടപെടലുകളിലും ആദിവാസി സമൂഹത്തോടുള്ള പ്രതിബദ്ധത ഉണ്ടായിരുന്നു. അദ്ദേഹത്തിൻെറ രചനകളിലും ഇത് പ്രകടമായിരുന്നു. മാവേലി മൻറം പോലുള്ള ശക്തമായ എഴുത്തിലൂടെ ആദിവാസി ജീവിതത്തെ പൊതുധാരയിലേക്ക് എത്തിക്കുവാൻ കെ ജെ ബേബി നടത്തിയ ശ്രമം വിജയം കണ്ടുവെന്ന് പറയാം.
കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയ്ക്ക് തന്നെ അക്കാലത്ത് വലിയ അപചയങ്ങളുണ്ടായിരുന്നു. ആദിവാസി മേഖല വിദ്യാഭ്യാസത്തിൻെറ കാര്യത്തിൽ വളരെ പിന്നിലായിരുന്നു. ‘കനവ്’ പോലുള്ള വിദ്യാഭ്യാസ മാതൃകകൾ പൊതു വിദ്യാഭ്യാസത്തിൻറെ ഭാഗമാക്കുവാൻ നമ്മൾ ശ്രമിക്കേണ്ടതുണ്ട്. അധ്യാപക പരിശീലനത്തിലും ‘കനവ്’ മുന്നോട്ട് വെച്ച മാതൃകകൾ ഏറ്റെടുക്കേണ്ടതുണ്ട്.
പട്ടികവർഗ്ഗ വികസന വകുപ്പിന്റെ കീഴിലുള്ള സ്ഥാപനങ്ങളിലൂടെ ഇത്തരം ബദൽ വിദ്യാഭ്യാസ മാതൃകകളെ പ്രോത്സാഹിപ്പിച്ചാൽ അത് ആദിവാസി മേഖലയിൽ ഉണ്ടാക്കാൻ പോവുന്ന മാറ്റം ചെറുതാവില്ല. ബദൽ വിദ്യാഭ്യാസ പദ്ധതികൾക്ക് വലിയ പിന്തുണ നൽകാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ആദിവാസി വിദ്യാർത്ഥികൾക്ക് കേവലം പ്രാഥമിക വിദ്യാഭ്യാസം മാത്രം നൽകിയാൽ ഉത്തരവാദിത്വം തീരുന്നില്ല. ഉന്നത വിദ്യാഭ്യാസ മേഖലയിൽ അവർ എവിടെ നിൽക്കുന്നുവെന്നത് കൂടി പരിശോധിക്കേണ്ടതുണ്ട്.