എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടിയുള്ള പ്രതിഷേധ പരിപാടിയിൽ കെ.ജെ. ബേബി / Photo: A.J. Joji

ഒരു തിരോധാനത്തിന്റെ നാനാർത്ഥങ്ങൾ;
കെ. ജെ. ബേബിയെ ഓർക്കുമ്പോൾ

ഇറങ്ങാതെ തന്നെ ഐതിഹ്യമായി മാറിയ ജോൺ എബ്രഹാമിന്റെ കയ്യൂർ സിനിമയുടെ കൊറിയോഗ്രഫിക്ക് മാതൃകയായി ജോൺ കണ്ടിരുന്നത് പൂരക്കളിയുടെ പരിശീലനത്തിൽ ചടുലമായ ചുവടുകൾ വെയ്ക്കുന്ന, അന്നും യൗവനം നിലനിർത്തിയിരുന്ന, ഒരു മഹാനർത്തകനെയാണ്. അങ്ങനെ തന്നെ മരിക്കും വരെ ബേബിയെ മനസ്സിൽ സൂക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്നു- സച്ചിദാനന്ദന്റെ കെ.ജെ. ബേബി ഓർമ.

കെ. ജെ. ബേബിയുടെ മരണവാർത്ത – പിന്നീടാണ് അത് ആത്മഹത്യയായിരുന്നു എന്ന് ഒരു സ്നേഹിതൻ പറഞ്ഞ് അറിഞ്ഞത്, പിറ്റേന്ന് പത്രങ്ങളിലൂടെയും - ഉണ്ടാക്കിയ ആഘാതത്തിൽ നിന്ന് ഞാൻ, മറ്റു പലരെയും പോലെ, ഇപ്പോഴും മുക്തനായിട്ടില്ല. അതിന്റെ ഹേതുക്കൾ അപഗ്രഥിക്കാൻ ഞാൻ പ്രാപ്തനല്ല, അദ്ദേഹം അന്ത്യകാലത്ത്, വിശേഷിച്ചും തന്റെ പങ്കാളിയുടെ വേർപാടിനുശേഷം, അനുഭവിച്ച ഏകാകിതയും വ്യക്തിപരമായ മറ്റു ചില മാനസിക സമ്മർദ്ദങ്ങളും അതുണ്ടാക്കിയിരിക്കാവുന്ന രോഗതുല്യമായ വിഷാദവും നന്നായി മനസ്സിലാകുമ്പോഴും എന്നും ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിൽ ശ്രദ്ധിക്കുകയും വിട്ടുവീഴ്ച ചെയ്യാത്ത മൂല്യബോധം സൂക്ഷിക്കുകയും ചെയ്ത ഒരാളെന്ന നിലയിൽ, എഴുപതാം വയസ്സിലെ ആ ആത്മഹനനം അംഗീകരിക്കാൻ കഴിയുന്നില്ല. ഒരുപക്ഷെ അതെല്ലാം തന്നെയാകാം അദ്ദേഹത്തിന് ഈ പ്രായത്തിൽ സ്വയം ജീവനൊടുക്കാൻ ശക്തി നൽകിയതും.

ബേബിയെ ലോകമാസകലമുള്ള ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരയിൽ പെടുത്തിയാണ് ഞാൻ കാണുക. അത് വിമോചന ദൈവശാസ്ത്രത്തോളം- കാമിലോ തോറെ, ഹെൽഡർ കാമെറാ മുതൽ പേർ- എത്തുന്നതും ഇന്നും തുടരുന്നതുമായ ഒരു പാരമ്പര്യമാണ്. സ്ഥാപനവത്കൃതമായ ക്രിസ്തുമതത്തിലല്ല അവർ വിശ്വസിച്ചത്, അഥവാ, വിശ്വസിക്കുന്നത്; മറിച്ച് ക്രിസ്തുവിലേക്കുതന്നെ പോയി അദ്ദേഹം ഒരു മത സ്ഥാപകൻ എന്നതിനേക്കാൾ പീഡിതരുടെ നേതാവായിരുന്നു എന്ന് മനസ്സിലാക്കുകയും വേദപുസ്തകത്തെ നിന്ദിതർക്ക് കൈമാറ്റം ചെയ്യപ്പെട്ട വിമോചനരഹസ്യമായി അവതരിപ്പിക്കുകയും ചെയ്യുന്നതിലാണ്.

ബേബിയെ ലോകമാസകലമുള്ള  ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരയിൽ പെടുത്തിയാണ് ഞാൻ കാണുക. അത് വിമോചന ദൈവശാസ്ത്രത്തോളം- കാമിലോ തോറെ, ഹെൽഡർ കാമെറാ  മുതൽ പേർ-  എത്തുന്നതും ഇന്നും തുടരുന്നതുമായ ഒരു പാരമ്പര്യമാണ്.
ബേബിയെ ലോകമാസകലമുള്ള ക്രിസ്ത്യൻ കമ്മ്യൂണിസ്റ്റുകളുടെ പരമ്പരയിൽ പെടുത്തിയാണ് ഞാൻ കാണുക. അത് വിമോചന ദൈവശാസ്ത്രത്തോളം- കാമിലോ തോറെ, ഹെൽഡർ കാമെറാ മുതൽ പേർ- എത്തുന്നതും ഇന്നും തുടരുന്നതുമായ ഒരു പാരമ്പര്യമാണ്.

ബേബിയുടെ പ്രവർത്തനങ്ങളുടെ വേരുകൾ അത്തരം ഒരു കണ്ടെത്തലിലാണ് - അദ്ദേഹം മേൽപ്പറഞ്ഞവരുടെ പുസ്തകങ്ങൾ വായിച്ചിരുന്നാലും ഇല്ലെങ്കിലും. അത്തരം ഒരാൾക്ക് ഹിംസ ചെയ്യാതെ തന്നെ പാവങ്ങളുടെ മേലുള്ള മേലാളരുടെ ഹിംസയെ എതിർക്കുന്ന ഒരു കമ്മ്യൂണിസത്തിൽ, എല്ലാ വിവേചനങ്ങളും അധികാരസ്ഥാപനങ്ങളും ഇല്ലാതാവുന്ന, സമത്വപൂർണ്ണമായ ഒരു വ്യവസ്ഥയെക്കുറിച്ചുള്ള സ്വപ്നത്തിൽ, വിശ്വസിക്കുക പ്രയാസമല്ല.

അതുവരെ മലയാള നാടകവേദിയിൽ അവതരിപ്പിക്കാതെ കിടന്ന ഒരു പ്രമേയം, ശക്തമായ, പാട്ടുകളോടു കൂടിയുള്ള, അവതരണം ഇവയെല്ലാം ‘നാടുഗദ്ദിക’ യെ വ്യത്യസ്തമാക്കി.

സാധാരണ ക്രിസ്ത്യൻ ‘ചാരിറ്റി’ പ്രവർത്തനങ്ങളിൽ നിന്ന് ബേബിയുടെ ആദിവാസികളുമായുള്ള താദാത്മ്യത്തെയും അതിൽനിന്നുണ്ടായ രചനകളെയും കർമപദ്ധതികളെയും ഉയർത്തി നിർത്തുന്നതും ആത്മീയതയുടെയും നൈതികതയുടെയും ഈ ഐക്യമാണ്.

വേണമെങ്കിൽ വയനാട്ടിൽ പോകാതെ കണ്ണൂരിൽ നിന്ന് പുറത്തുകടന്ന്, ഐ.ടി പഠനം മുഴുവനാക്കി, അൽപകാലം കഴിച്ച ബോംബെയിലോ മറ്റോ ജോലി തേടി ഒരു സാധാരണ മദ്ധ്യവർത്തിജീവിതം നയിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു. പക്ഷെ ആദിവാസിസംസ്കാരം അടുത്തറിഞ്ഞ, അവരുടെ നഷ്ടലോകത്തിന്റെ സൗഭാഗ്യങ്ങൾ കേട്ട് തിരിച്ചറിവ് നേടിയ, നഗ്നപാദനായ ഒരു കലാപകാരിയാകാനായിരുന്നു ബേബിയുടെ തീരുമാനം. വർഗീസിനെക്കുറിച്ചുള്ള ആദിവാസികളുടെ ആരാധനാപൂർണ്ണമായ ഓർമ്മകളും അദ്ദേഹത്തിന് പ്രചോദനമായി. തന്റെ സംഗീതം അദ്ദേഹത്തെ വേഗം തന്നെ ആദിവാസികളുമായി അടുപ്പിച്ചു. ബേബിയുടെ എഴുത്തിലും പ്രവർത്തനത്തിലും അപൂർവ്വമായ ഒരു ഐക്യം അങ്ങനെ സാദ്ധ്യമായി.

നഗ്നപാദനായ ഒരു കലാപകാരിയാകാനായിരുന്നു ബേബിയുടെ തീരുമാനം. വർഗ്ഗീസിനെക്കുറിച്ചുള്ള ആദിവാസികളുടെ ആരാധനാപൂർണ്ണമായ ഓർമ്മകളും അദ്ദേഹത്തിന് പ്രചോദനമായി.  / Photo: M.M. Lawrence via Facebook
നഗ്നപാദനായ ഒരു കലാപകാരിയാകാനായിരുന്നു ബേബിയുടെ തീരുമാനം. വർഗ്ഗീസിനെക്കുറിച്ചുള്ള ആദിവാസികളുടെ ആരാധനാപൂർണ്ണമായ ഓർമ്മകളും അദ്ദേഹത്തിന് പ്രചോദനമായി. / Photo: M.M. Lawrence via Facebook

ബേബിയെക്കുറിച്ച് ഞാൻ ആദ്യം കേൾക്കുന്നത്, വയനാട്ടിനു പുറത്തുള്ള മറ്റു പലരെയും പോലെ, നാടുഗദ്ദിക എന്ന നാടകവുമായി ബന്ധപ്പെട്ടാണ്. ജനകീയ സാംസ്കാരികവേദിയെ ശരിക്കും ജനകീയമാക്കുന്നതിൽ അക്കാലത്തെ നാടകങ്ങൾ- മധുവിന്റെ ‘സ്നാതമശ്വം’, ‘പടയണി’, ‘ശക്തൻ തമ്പുരാൻ’, രാമചന്ദ്രൻ മൊകേരിയുടെ ‘അമ്മ’, സിവിക് ചന്ദ്രന്റെ ഏകാങ്കങ്ങളും തെരുവുനാടകങ്ങളും - ഒപ്പം കാമ്പസിലും തെരുവിലും കോളനികളിലും ഞങ്ങൾ പലരും നടത്തിയിരുന്ന കവിയരങ്ങുകളും -വഹിച്ച പങ്ക് ചെറുതല്ല. സുരാസുവും സ്റ്റെല്ലയും ജോയ് മാത്യുവും മറ്റും ഉൾപ്പെടെ അറിയപ്പെട്ടവരും അറിയപ്പെടാത്തവരുമായ എത്രയോ അഭിനയപ്രതിഭകൾ അന്ന് ആ പ്രസ്ഥാനവുമായി ചേർന്നുനിന്നിരുന്നു.

‘നാടുഗദ്ദിക’ നിരോധിക്കപ്പെടുകയും ബേബി അറസ്റ്റിലാവുകയും ചെയ്തത് നമ്മുടെ സർക്കാരുകളുടെ പൊതുസ്വഭാവം നോക്കുമ്പോൾ അത്ഭുതകരമല്ല.

അവയുടെ തുടർച്ച എന്ന നിലയിലും, അതേസമയം വ്യത്യസ്തമായ ഒരു നാടകം എന്ന നിലയിലുമാണ് ബേബിയുടെ ‘നാടുഗദ്ദിക’ പ്രചാരം നേടിയത്. വയനാട്ടിലെ ആദിവാസികളുടെ ബാധയൊഴിക്കുന്ന ഗദ്ദിക എന്ന അനുഷ്ഠാനത്തിന്റെ ഭാഷ ഉപയോഗിച്ച് ആദിവാസികളെ ചൂഷണം ചെയ്തിരുന്ന ജന്മിമാരും മതപുരോഹിതരും മുതൽ രാഷ്ട്രീയകക്ഷികൾ വരെയുള്ളവരെ, അധികവും ആദിവാസികൾ തന്നെയായ അഭിനേതാക്കളെ ഉപയോഗിച്ച് – ബേബി തന്നെയായിരുന്നു സൂത്രധാരൻ- വിമർശിക്കുന്ന, വിമോചനോന്മുഖമായ ഒരു ഗംഭീര നാടകമായിരുന്നു അത്. അതുവരെ മലയാള നാടകവേദിയിൽ അവതരിപ്പിക്കാതെ കിടന്ന ഒരു പ്രമേയം, ശക്തമായ, പാട്ടുകളോടു കൂടിയുള്ള, അവതരണം ഇവയെല്ലാം ‘നാടുഗദ്ദിക’ യെ വ്യത്യസ്തമാക്കി.

സുരാസു, രാമചന്ദ്രൻ മൊകേരി, സിവിക് ചന്ദ്രൻ, ജോയ് മാത്യു
സുരാസു, രാമചന്ദ്രൻ മൊകേരി, സിവിക് ചന്ദ്രൻ, ജോയ് മാത്യു

ചില നോവലിസ്റ്റുകളും മറ്റും ചെയ്തിട്ടുള്ളതുപോലെ അവിടെ പോയി ആദിവാസിജീവിതം പഠിച്ച് അത് പ്രമേയമാക്കുകയല്ല, അവരോടൊപ്പം ജീവിച്ച്, അവരുമായി താദാത്മ്യം പ്രാപിച്ച്, അവരെക്കൊണ്ടു തന്നെ അവരുടെ വേഷം തന്നെ അണിയിച്ച്, പാട്ടുകൾപാടിച്ച്, ഉപകരണങ്ങൾ പ്രയോഗിച്ച്, കഥ പറയിക്കുകയായിരുന്നു നാടകകൃത്ത്. കേരളം മുഴുവൻ അത് വലിയ കോളിളക്കം സൃഷ്ടിച്ചു. പതിവ് സ്റ്റേജുകൾ വിട്ട് നാടകം സാമാന്യരായ കാണികളിലേക്കിറങ്ങിവന്നു.

പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസസങ്കൽപ്പത്തിന്റെ സാക്ഷാത്കാരമാണ് ബേബി ‘കനവി’ലൂടെ സാധിച്ചത്.

അന്ന് ഇരിഞ്ഞാലക്കുടയിൽ അദ്ധ്യാപകനായിരുന്ന, ജനകീയ സാംസ്കാരിക വേദിയുടെ ഭാഗമായിരുന്ന, ഞാനും കൂട്ടുകാരും ചേർന്ന് അവിടെയും ആ നാടകത്തിന് അരങ്ങൊരുക്കിയതും വലിയൊരു ജനക്കൂട്ടം നാടകത്തെ സ്വാഗതം ചെയ്തതും ഓർക്കുന്നു. ജനകീയ സാംസ്കാരികവേദി ഏറ്റെടുത്തതോടെയാണ് അത് അത്രയേറെ പ്രചരിച്ചത്- ആ പ്രചാരത്തിന് ആവശ്യമായ സാമഗ്രികളെല്ലാം അതിലുണ്ടായിരുന്നെങ്കിലും. നാടകം നിരോധിക്കപ്പെടുകയും ബേബി അറസ്റ്റിലാവുകയും ചെയ്തത് (1981, ഞാനും അറസ്റ്റു ചെയ്യപ്പെട്ട വർഷം) നമ്മുടെ സർക്കാരുകളുടെ പൊതുസ്വഭാവം നോക്കുമ്പോൾ അത്ഭുതകരമല്ല, നാടകം ‘മഞ്ഞുമലൈമക്കൾ’ പിന്നീട് ഏറ്റെടുത്ത് പലയിടത്തും കളിച്ചെങ്കിലും.

കെ.ജെ. ബേബിയുടെ നാടുഗദ്ദിക, തൃശ്ശൂർ ഡ്രാമ സ്കൂളിലെ വിദ്യാർഥികൾ 2017-ൽ പുതുവൈപ്പിൽ പ്രതിഷേധത്തിന്റെ ഭാഗമായി പുനരാവിഷ്കരിച്ചപ്പോൾ
കെ.ജെ. ബേബിയുടെ നാടുഗദ്ദിക, തൃശ്ശൂർ ഡ്രാമ സ്കൂളിലെ വിദ്യാർഥികൾ 2017-ൽ പുതുവൈപ്പിൽ പ്രതിഷേധത്തിന്റെ ഭാഗമായി പുനരാവിഷ്കരിച്ചപ്പോൾ

തുടർന്ന് അദ്ദേഹം മാവേലിമറവത്തെയ്യം എന്ന ആദിവാസി മിത്തിനെയും മാവേലിയുടെ മക്കളാണ് ആദിവാസികൾ എന്നും അവർക്ക് നഷ്ടപ്പെട്ട സമത്വലോകമാണ് അവർ തേടുന്നത് എന്നുമുള്ള അവരുടെ വിശ്വാസത്തെയും അടിസ്ഥാനമാക്കി, ‘മാവേലി മന്റം’ എന്ന നോവലെഴുതി. കേരള സാഹിത്യ അക്കാദമി അവാർഡ് നേടിയ ആ കൃതിയിലൂടെ പുതിയൊരു നോവൽ സ്വരൂപം സൃഷ്ടിച്ചു. ബെസ്പുർക്കാന, ഗുഡ് ബൈ മലബാർ എന്നീ നോവലുകൾ പുറകെ വന്നു. ‘അപൂർണ്ണ’ എന്ന നാടകം ‘നാടുഗദ്ദിക’ യ്ക്കും മുൻപേ അദ്ദേഹം എഴുതിയിരുന്നു. കുഞ്ഞപ്പന്റെ കുരിശുമരണം, കീയൂലോകത്ത് നിന്ന്, ഉയിർപ്പ്, കുഞ്ഞിമായിൻ എന്തായിരിക്കും പറഞ്ഞത് എന്നീ നാടകങ്ങളും ഗുഡ എന്ന സിനിമയും പിറകേ വന്നു.

ഇറങ്ങാതെ തന്നെ ഒരു ഐതിഹ്യമായി മാറിയ കയ്യൂർ സിനിമയുടെ സ്ക്രിപ്റ്റ് ഞങ്ങൾ കുറേപ്പേർ ചേർന്നാണ് എഴുതിയത്.
ഇറങ്ങാതെ തന്നെ ഒരു ഐതിഹ്യമായി മാറിയ കയ്യൂർ സിനിമയുടെ സ്ക്രിപ്റ്റ് ഞങ്ങൾ കുറേപ്പേർ ചേർന്നാണ് എഴുതിയത്.

നടവയലിലെ ചിങ്ങോട് എന്ന ഗ്രാമത്തിൽ ‘കനവ്’ എന്ന സമാന്തര വിദ്യാകേന്ദ്രം ആരംഭിച്ചതോടെയാണ് (1994) ബേബി ‘കനവു ബേബി’ എന്ന് അറിയപ്പെടാൻആരംഭിച്ചത്. പൗലോ ഫ്രയറിന്റെ വിദ്യാഭ്യാസസങ്കൽപ്പത്തിന്റെ സാക്ഷാത്കാരമാണ് ബേബി ‘കനവി’ലൂടെ സാധിച്ചത്. അദ്ദേഹം ഫ്രയറിന്റെ ‘ പെഡഗോജി ഓഫ് ദി ഒപ്രസ്ഡ്’ വായിച്ചിട്ടുണ്ടോ എന്നെനിക്കറിയില്ലെങ്കിലും.

ബേബിയെക്കുറിച്ചുള്ള എന്റെ അവസാനത്തെ ഓർമ, ജോൺ എബ്രഹാം കയ്യൂർ സിനിമയ്ക്ക് ഒരുങ്ങുന്ന കാലത്തേതാണ്. ഇറങ്ങാതെ തന്നെ ഒരു ഐതിഹ്യമായി മാറിയ അതിന്റെ സ്ക്രിപ്റ്റ് ഞങ്ങൾ കുറേപ്പേർ ചേർന്നാണ് എഴുതിയത്. ആ സിനിമയുടെ കൊറിയോഗ്രഫിക്ക് മാതൃകയായി ജോൺ കണ്ടിരുന്നത് പൂരക്കളിയുടെ പരിശീലനത്തിൽ ചടുലമായ ചുവടുകൾ വെയ്ക്കുന്ന, അന്നും യൗവനം നിലനിർത്തിയിരുന്ന, ഒരു മഹാനർത്തകനെയാണ്. അങ്ങനെ തന്നെ മരിക്കും വരെ ബേബിയെ മനസ്സിൽ സൂക്ഷിക്കാൻ ഞാനിഷ്ടപ്പെടുന്നു.


Summary: KJ Baby and his political life. About Nadugadhika drama and Kanavu School. K. Satchidanandan writes.


സച്ചിദാനന്ദൻ

കവി, വിവർത്തകൻ, എഡിറ്റർ. കേരള സാഹിത്യ അക്കാദമി അധ്യക്ഷൻ. കേന്ദ്ര സാഹിത്യ അക്കാദമി സെക്രട്ടറിയായിരുന്നു. അഞ്ചുസൂര്യൻ, പീഡനകാലം, ഇവനെക്കൂടി, സാക്ഷ്യങ്ങൾ, സമുദ്രങ്ങൾക്ക്​ മാത്രമല്ല തുടങ്ങിയ കവിതാ സമാഹാരങ്ങൾക്കുപുറമേ വിവിധ കാലഘട്ടങ്ങളിൽ എഴുതിയ കവിതകളുടെ സമാഹാരങ്ങൾ, നാടകം, പഠനങ്ങൾ തുടങ്ങിയ മേഖലകളിൽ നിരവധി കൃതികൾ. കവിതകൾ ലോകഭാഷകളിലേക്ക്​ വിവർത്തനം ചെയ്യപ്പെട്ടു.

Comments