ശാസ്ത്രീയ പാരിസ്ഥിതികാവബോധത്തിന്റെ ഏറ്റവും വ്യക്തവും ശക്തവുമായ മുഖവും സ്വരവുമാണ് പ്രൊഫ. എം.കെ. പ്രസാദിന്റെ (1933 -2022 ) നിര്യാണത്തിലൂടെ കേരളത്തിനു നഷ്ടമാവുന്നത്. വസ്തുതകളെ ആധാരമാക്കിയുള്ള ശാസ്ത്രീയാപഗ്രഥനമായിരുന്നു അദ്ദേഹത്തിന്റെ നിലപാടുതറ. നിരന്തരമായ ജനബന്ധം അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തും.
സൈലൻറ്വാലി കാടുകൾ നിരവധി വട്ടം സന്ദർശിച്ചും അവയെക്കുറിച്ച് നേരിട്ട് പഠിച്ച വ്യക്തികളും സംഘടനകളുമായി തുടർച്ചയായി സംവദിച്ചുമാണ് അദ്ദേഹം അവയുടെ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കിയത്. സ്വയം മനസ്സിലാക്കിയ കാര്യങ്ങൾ ചിട്ടയായും സ്പഷ്ടമായും മറ്റുള്ളവരെ ബോധ്യപ്പെടുത്തനുള്ള അദ്ദേഹത്തിന്റെ കഴിവ് അസാധാരണമായിരുന്നു.
വാദങ്ങൾ മുറുകുന്നതിനിടയിൽ ചിലപ്പോൾ അദ്ദേഹം പോക്കേറ്റിൽ നിന്ന് കറുത്ത ചട്ടയുള്ള ഒരു കൊച്ചു ഡയറി പുറത്തേക്കെടുക്കും. അതുകാണുമ്പോൾ ഞങ്ങൾ പരസ്പരം പറയും, ‘ഇനി രക്ഷയില്ല !'
‘നമ്മുടെ നിലപാടുകളെ ഏറ്റവും ശക്തമായി എതിർക്കുന്നവരുമായി നേരിട്ട് സംവദിക്കാൻ കിട്ടുന്ന ഒരവസരവും നഷ്ടപ്പെടുത്തരുതെടോ '- സ്വതസിദ്ധമായ നർമഭാവത്തിൽ അദ്ദേഹം ഞങ്ങളോടു പറയുമായിരുന്നു. നമ്മുടെ വാദങ്ങളുടെയും നിലപാടുകളുടെയും മൂർച്ച തീർച്ചകൾ പരിശോധിക്കാനും പരിഷ്കരിക്കാനും അത്തരം സന്ദർഭങ്ങൾ ഏറെ പ്രയോജനപ്പെടും. വസ്തുതകൾ വ്യക്തമായി മനസ്സിലാക്കാതെ എഴുതുകയോ അവതരിപ്പിക്കുകയോ ചെയ്യുന്നവരെ അദ്ദേഹം നിർത്തിപ്പൊരിക്കുന്ന സന്ദർഭങ്ങളും വിരളമായിരുന്നില്ല. വാദങ്ങൾ മുറുകുന്നതിനിടയിൽ ചിലപ്പോൾ അദ്ദേഹം പോക്കേറ്റിൽ നിന്ന് കറുത്ത ചട്ടയുള്ള ഒരു കൊച്ചു ഡയറി പുറത്തേക്കെടുക്കും. അതുകാണുമ്പോൾ ഞങ്ങൾ പരസ്പരം പറയും, ‘ഇനി രക്ഷയില്ല !'
അത് സത്യം തന്നെയാവും. കിറുകൃത്യം കണക്കുകളും ഉദ്ധരണികളും വച്ചുകൊണ്ടായിരിക്കും പിന്നെ മാഷ് മുന്നേറുക.
സൈലൻറ് വാലി വന സംരക്ഷണത്തിന്റെ പേരിലാണ് മിക്കവാറും ആളുകൾ പ്രസാദ് മാഷെ ഓർമിക്കാറ്. പക്ഷേ സൈലൻറ് വാലി അടക്കമുള്ള ഒരു പരിസ്ഥിതി പ്രശ്‌നത്തെ സംബന്ധിച്ചും പ്രത്യേകമായ ഒരു അവകാശവാദവും ഉന്നയിക്കാൻ മാഷ് മുതിർന്നു കണ്ടിരുന്നില്ല. അവിടെയും വസ്തുതകളാണ് അദ്ദേഹത്തിന് കൂട്ട്. സൈലൻറ് വാലിയുടെ സവിശേഷതകളിലേക്ക് തന്റെ ശ്രദ്ധയാകർഷിച്ച നിരവധി പേരെ അദ്ദേഹം ഓർമിക്കാറുണ്ടായിരുന്നു. പ്രശസ്ത പക്ഷി നിരീക്ഷകനായ സാലിം അലി, പയ്യന്നൂർ കോളേജിലെ ജോൺ സി. ജേക്കബ്, പക്ഷി നിരീക്ഷകൻ ഇന്ദുചൂഡൻ, ഏറെ എതിർപ്പുകൾ അവഗണിച്ച് തന്റെ ലേഖങ്ങൾക്കും ആശയങ്ങൾക്കും നിരന്തരം പ്രോത്സാഹനം നല്കിക്കൊണ്ടിരുന്ന എൻ. വി. കൃഷ്ണവാരിയർ എന്നിങ്ങനെ നീളുന്നു ആ ഗുരുവൃന്ദം. എല്ലായ്‌പ്പോഴും എല്ലാവരെയും കൂട്ടിക്കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം.
നിരവധി പേർ പല വഴികളിലൂടെ നടത്തിയ ഒട്ടനവധി പ്രവർത്തനങ്ങളുടെ ഫലമായാണ് സൈലൻറ് വാലി സംരക്ഷിക്കപ്പെട്ടത് എന്ന് ഏറ്റവും ബോധ്യമുണ്ടായിരുന്ന ആളായിരുന്നു അദ്ദേഹം. പക്ഷേ, വ്യത്യസ്ത മണ്ഡലങ്ങളിൽ പ്രവർത്തിക്കുന്ന നിരവധി വ്യക്തികളെയും സംഘടനകളെയും അടിസ്ഥാന വസ്തുതകൾ ബോധ്യപ്പെടുത്തി സൈലൻറ് വാലി സംരക്ഷണത്തിനായി അണിനിരത്തുന്നതിൽ എം. കെ. പി വഹിച്ച പങ്ക് അവിസ്മരണീയമാണ്. അതുകൊണ്ടുതന്നെ സൈലൻറ് വാലി സംരക്ഷണത്തിനായുള്ള പ്രക്ഷോഭത്തെ വിജയ വഴിയിലേക്ക് നയിക്കുന്നതിൽ നിർണായക പങ്ക് വഹിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.
മാധ്യമങ്ങൾ, വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ശാസ്ത്രഞ്ജന്മാർ, രാഷ്ട്രീയ നേതാക്കന്മാർ, പരിസ്ഥിതി വിഷയങ്ങളിൽ പ്രത്യേക താൽപര്യം പ്രകടിപ്പിക്കുന്ന ഉദ്യോഗസ്ഥന്മാർ എന്നിങ്ങനെ അദ്ദേഹത്തിന്റെ അമ്പുകൊള്ളാത്തവർ ആരുമുണ്ടായിരുന്നില്ല. തുടക്കത്തിൽ സൈലൻറ് വാലി പ്രശ്‌നത്തെ തീർത്തും അവഗണിച്ചിരുന്ന മാധ്യമങ്ങളുടെ ബധിരകർണം തുറപ്പിക്കുന്നതിന് താൻ തന്നെ പല പേരുകളിൽ പത്രാധിപന്മാർക്ക് കത്തുകളെഴുതിയിരുന്ന കാര്യം അദ്ദേഹം കുസൃതിച്ചിരിയോടെ വിവരിച്ചിരുന്നത് ഓർത്തുപോകുന്നു. അതിവിപുലമായ തന്റെ സൗഹൃദവൃന്ദത്തെ മുഴുവൻ സൈലൻറ് വാലി വനങ്ങളുടെ സംരക്ഷണത്തിന് അദ്ദേഹത്തിന് അണിനിരത്താൻ കഴിഞ്ഞത് വലിയൊരത്ഭുതം തന്നെയായിരുന്നു. ഡൽഹിയിലും മുംബൈയിലും കൊൽക്കത്തയിലുമൊക്കെ നിരവധി പേരെ അദ്ദേഹം അണിനിരത്തി. ഡൽഹിയിൽ പ്രശസ്ത എഴുത്തുകാരനായ ഒ.വി. വിജയനും തലമുതിർന്ന പത്രപ്രവർത്തകനായ വി. കെ. മാധവൻകുട്ടിയും അടക്കം നിരവധി പേർ അദ്ദേഹത്തിന് ശക്തമായ പിന്തുണ നല്കിയിയിരുന്നു.
ജനങ്ങളെ വൻതോതിൽ പങ്കാളികളാക്കിക്കൊണ്ടല്ലാതെ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുണ്ടായിരുന്ന പ്രസാദ് മാഷ്, അതിന്നുതകുന്ന ശൈലി ആവിഷ്‌കരിച്ചു.
പരിസ്ഥിതി സംരക്ഷണത്തെ കേരളത്തിലെ പൊതു മണ്ഡലത്തിൽ വ്യാപകമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാക്കി മാറ്റുന്നതിൽ പ്രസാദ് മാസ്റ്റർക്കുള്ള പങ്ക് വിസ്മരിക്കാനാവില്ല. ഇവിടെയാണ് ഒരു ജനകീയ പരിസ്ഥിതി പ്രവർത്തകൻ അല്ലെങ്കിൽ ജനകീയ ശാസ്ത്ര പ്രവർത്തകൻ എന്ന നിലയിലേക്കുള്ള മാഷുടെ അത്ഭുതകരമായ ഭാവപ്പകർച്ചയും വളർച്ചയും നമുക്ക് കാണാനാവുക. പരിസ്ഥിതി പ്രശ്‌നങ്ങൾ ഗഹനമായി പഠിച്ച പലർക്കും അവ ജനങ്ങൾക്ക്മനസ്സിലാകുന്ന ഭാഷയിലും ശൈലിയിലും അവതരിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. അതേസമയം, ജനങ്ങളെ വൻതോതിൽ പങ്കാളികളാക്കിക്കൊണ്ടല്ലാതെ പരിസ്ഥിതി പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാൻ കഴിയില്ല എന്ന ഉത്തമ ബോധ്യമുണ്ടായിരുന്ന പ്രസാദ് മാഷ്, അതിന്നുതകുന്ന ശൈലി ആവിഷ്‌കരിച്ചു. ഇക്കാര്യത്തിൽ പങ്കുവഹിക്കാൻ കഴിയുന്ന ശാസ്ത്ര സാഹിത്യ പരിഷത്ത് പോലുള്ള സംഘടനകളെ പരിസ്ഥിതി പ്രശ്‌നത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തി. നിരവധി ചെറുപ്പക്കാരെ വസ്തുതകൾ വിശദീകരിച്ചു പരിശീലിപ്പിച്ചെടുത്തു.
സൈലൻറ് വാലി വന സംരക്ഷണം സംബന്ധിച്ച് എം.കെ.പി. അവതരിപ്പിച്ച ആദ്യത്തെ പ്രമേയം പരിഷത്ത് കൂടുതൽ ചർച്ചക്കായി മാറ്റിവയ്ക്കുകയാണ് ഉണ്ടായത്. അതേക്കുറിച്ച് പിന്നെ ഒരിക്കൽ മാഷ് പറഞ്ഞത് ഇങ്ങനെയാണ്: ‘‘പരിഷത്ത് എന്നെ കുറെ പുതിയ കാര്യങ്ങൾ പഠിപ്പിച്ചു. ഞാൻ പരിഷത്തിനെ കുറച്ചും... രണ്ടു കൂട്ടർക്കും അതുകൊണ്ട് ഗുണം കിട്ടി എന്നാണ് എനിക്കു തോന്നുന്നത്.’’
സൈലൻറ് വാലി സംരക്ഷണ പ്രവർത്തനത്തിനുണ്ടായ വിജയം കേരളത്തിൽ പുതിയൊരു പാരിസ്ഥിതിക അവബോധം സൃഷ്ടിക്കാൻ ഏറെ
സഹായകമായി. ആ അവബോധത്തിന്റെ അനുരണനം കേരളത്തിൽ മാത്രമല്ല ഇന്ത്യയിലൊട്ടാകെ മുഴങ്ങിത്തുടങ്ങി. അതുവരെ പാരിസ്ഥിതിക പ്രശ്‌നങ്ങൾക്കുനേരെ മുഖം തിരിച്ചു നിന്നിരുന്ന പല രാഷ്ട്രീയ പ്രസ്ഥാനങ്ങളും തങ്ങളുടെ നിലപാടുകളിൽ വലിയ മാറ്റം വരുത്താൻ തയ്യാറായി. സൈലൻറ് വാലി സംരക്ഷണ പ്രവർത്തനം ഇന്ത്യയിലെ പരിസ്ഥിതി പ്രവർത്തകർക്ക് ഒരു പാഠപുസ്തകമായി. പരിസ്ഥിതി സംരക്ഷണം വികസന വിരുദ്ധമാണ് എന്ന കാഴ്ചപ്പാടിന് സ്വീകാര്യത ഗണ്യമായി കുറഞ്ഞു. ലോകത്തെമ്പാടും ഉയർന്നുവന്ന പാരിസ്ഥിതിക ചർച്ചകളും പശ്ചാത്തലത്തിലുണ്ടായിരുന്നു.
ഈ പുതിയ പാരിസ്ഥിക അവബോധം കേരളത്തിൽ വലിയ ചലനങ്ങളുണ്ടാക്കി. ആലുവ, ചാലിയാർ, കല്ലട, വൈക്കം തുടങ്ങിയ പ്രദേശങ്ങളിൽ വ്യാവസായിക മലിനീകരണത്തിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങൾ ആരംഭിച്ചു. കേരളത്തിൽ വ്യാപകമായിക്കൊണ്ടിരുന്ന വന നശീകരണത്തിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്തടക്കമുള്ള നിരവധി സംഘടനകൾ വിപുലമായ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. എം.കെ. പ്രസാദിന്റെ നേതൃത്വത്തിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച വന നശീകരണ വിരുദ്ധ ജാഥ ഏറെ ജനശ്രദ്ധ ആകർഷിച്ചു. സർക്കാരിന്റെ വനനയത്തിൽ ഗണ്യമായ മാറ്റങ്ങൾ വരുത്താതെ നിർവാഹമില്ല എന്നു ബോധ്യപ്പെടുത്തുന്നതിൽ ഈ പ്രവർത്തനങ്ങൾ വലിയ പങ്ക് വഹിച്ചു.
കേരളത്തിലെ നിരവധി പരിസര പ്രശ്‌നങ്ങളുടെ വിശദമായ ഒരു ഇൻവെന്ററി തയ്യാറാക്കണമെന്നത് പ്രസാദ് മാസ്റ്ററുടെ വലിയൊരു സ്വപ്നമായിരുന്നു. അതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്തുമായും മറ്റ് പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകളുമായും അദ്ദേഹം നിരന്തരം ചർച്ച ചെയ്തിരുന്നു.
ചെറുതും വലുതുമായ നൂറു കണക്കിന് പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകൾ രൂപം കൊണ്ടു. നിരവധി ചെറുപ്പക്കാർ പരിസ്ഥിതി സംരക്ഷണ രംഗവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കാൻ സന്നദ്ധരായി മുന്നോട്ടുവന്നു. ഇത്തരം എല്ലാ ഗ്രൂപ്പുകളുമായും അവയിൽ പ്രവരത്തിക്കുന്ന യുവാക്കളുമായും നേരിട്ട് ബന്ധം സ്ഥാപിക്കാനും അവരെ ആവും വിധം പ്രോത്സാഹിപ്പിക്കാനും പ്രസാദ് മാഷ് തയ്യാറായിരുന്നു. അവരിൽ പലർക്കും ആവശ്യമായ നിയമസഹായവും വിദഗ്ധ സഹായവും ലഭ്യമാക്കുന്നതിന് പ്രശസ്തരായ പല അഭിഭാഷകരെയും അദ്ദേഹം സമീപിച്ചിരുന്നു. നിലവിലുള്ള പരിസ്ഥിതി നിയമങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തിയും പുതിയ നിയമങ്ങൾ നിരമിക്കുന്നതിന് സർക്കാറിൽ സമ്മർദം ചെലുത്തിയും പല മേഖലകളിലും നിർണായക ഇടപെടലുകൾ നടത്താൻ അദ്ദേഹം ശ്രദ്ധിച്ചു. കേരളത്തിലെ നിരവധി പരിസര പ്രശ്‌നങ്ങളുടെ വിശദമായ ഒരു ഇൻവെന്ററി തയ്യാറാക്കണമെന്നത് പ്രസാദ് മാസ്റ്ററുടെ വലിയൊരു സ്വപ്നമായിരുന്നു. അതിനുള്ള ഒട്ടേറെ പ്രവർത്തനങ്ങൾ ശാസ്ത്ര സാഹിത്യ പരിഷത്തുമായും മറ്റ് പ്രാദേശിക പരിസ്ഥിതി ഗ്രൂപ്പുകളുമായും അദ്ദേഹം നിരന്തരം ചർച്ച ചെയ്തിരുന്നു.
അതുപോലെ, അനിൽ അഗർവാൾ പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് എൻവയോൺമെൻറ് എന്ന പുസ്തകത്തിന്റെ മാതൃകയിൽ കേരള പരിസ്ഥിതിയുടെ യഥാസ്ഥിതി വ്യക്തമാക്കുന്ന ഒരു കേരള പരിസ്ഥിതിയുടെ സ്ഥിതി (സ്റ്റേറ്റ് ഓഫ് എൻവയോൺമെൻറ് ഇൻ കേരള) അദ്ദേഹത്തിന്റെ മറ്റൊരു വലിയ സ്വപ്നമായിരുന്നു. ഈ പ്രസിദ്ധീകരണം തയ്യാറാക്കാനുള്ള പരിശ്രമത്തിലൂടെ നിരവധി യുവാക്കളെ പരിസ്ഥിതി പഠന രംഗത്തേക്ക് ആകർഷിക്കാൻ കഴിയും എന്ന് അദ്ദേഹത്തിന് പ്രതീക്ഷയുണ്ടായിരുന്നു. അദ്ദേഹത്തെയും അദ്ദേഹത്തിന്റെ ആശയങ്ങളെയും മാനിക്കുന്നവർ ഈ സ്വപ്നങ്ങൾ ഓർമയിൽ സൂക്ഷിക്കുമെന്നു പ്രതീക്ഷിക്കാം.
പരിസ്ഥിതി സംരക്ഷണം സംബന്ധിച്ച് സമഗ്ര കാഴ്ചപ്പാട് വച്ചുപുലർത്തിയിരുന്ന അദ്ദേഹം, പരിസ്ഥിതി പ്രശ്‌നങ്ങളിൽ ഫലപ്രദമായി ഇടപെടാൻ കഴിയുന്ന നിരവധി സംഘടനകളും സ്ഥാപനങ്ങളും കേരളത്തിലുണ്ടെന്നും അവയെ ഫലപ്രദമായി പ്രയോജനപ്പെടുത്താൻ സർക്കാരിനും പരിസ്ഥിതി വിഷയങ്ങളിൽ താൽപര്യമുള്ള പൊതുജനങ്ങൾക്കും കഴിയുന്നില്ല എന്നുമുള്ള വിമർശനം ഇടയ്ക്കിടെ ഉന്നയിക്കുമായിരുന്നു. മാത്രമല്ല അത്തരം സ്ഥാപനങ്ങളുടെയെല്ലാം നയ പരിപാടികൾ മെച്ചപ്പെടുത്തുന്നതിനുള്ള നിരവധി നിർദേശങ്ങൾ മുന്നോട്ട് വയ്ക്കുകയും ചെയ്യുമായിരുന്നു. ഇത്തരം സ്ഥാപനങ്ങൾ പലതും വേണ്ടത്ര സുതാര്യമായി പ്രവർത്തിക്കാതെ ഭരിക്കുന്ന സർക്കാരുകളുടെ ആ ജ്ഞാനുവർത്തികളായി മാറുന്നത് ഖേദകരമാണ് എന്ന് ഏറെ രോഷത്തോടെ അദ്ദേഹം പറയുമായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ നടന്ന അനുസ്മരണ സമ്മേളനങ്ങളിലെല്ലാം നിരവധി പേർ തങ്ങൾക്ക് എം.കെ.പിയിൽ നിന്നു ലഭിച്ച പിന്തുണയും സഹായവും എത്രമാത്രമായിരുന്നു എന്നു വിശദീകരിക്കുന്നത് കേട്ടപ്പോൾ സത്യത്തിൽ ആശ്ചര്യം തോന്നി.
കേരളത്തിന് എന്നും അഭിമാനിക്കാവുന്ന ഒന്നാണ് പ്രാദേശിക ജൈവ വൈവിധ്യ രജിസ്റ്ററുകൾ എന്ന ആശയം. ആദ്യമായി ബഹുജന പങ്കാളിത്തതോടെ എറണാകുളം ജില്ലയിലെ മുഴുവൻ പഞ്ചായത്തുകളും സമയബന്ധിതമായി ജൈവ വൈവിധ്യ രജിസ്റ്റർ നിർമിച്ചത് എം.കെ. പ്രസാദിന്റെ നേതൃത്വത്തിലാണ്. അദ്ദേഹം ആവേശപൂർവം അതിന്റെ സംഘാടനത്തിൽ ഒരു ചെറുപ്പക്കാരനെ പോലെ ഓടി നടന്നു പങ്കെടുത്തിരുന്നത് മറക്കാനാവില്ല. പ്രസ്തുത പ്രവർത്തനത്തിന്റെ തുടർച്ചയായി എല്ലാ പഞ്ചായത്തുകളും ജൈവ വൈവിധ്യ റജിസ്റ്റർ നിർമിക്കേണ്ടതാണെന്ന് നിയമമുണ്ടായി. പക്ഷേ ഇപ്പോഴും ആ ജോലി പാതി വഴിയിലാണെന്ന് എം.കെ.പി. ദുഃഖത്തോടെ പറയുമായിരുന്നു. പരിസ്ഥിതി പ്രശ്‌നങ്ങളിൽ അദ്ദേഹം ഇടപെടുന്ന രീതി കണ്ടു പഠിക്കേണ്ടതാണ്. പ്രദേശത്തെ ഓരോ പ്രശ്‌നവും ജനങ്ങളോട് ചോദിച്ചു മനസ്സിലാക്കും. ഓരോ വിഷയവും വിദഗ്ധരുമായി ചർച്ച ചെയ്യും. ചാലിയാർ മലിനീകരണ പ്രശ്നകാലത്ത് മാസങ്ങളോളം എല്ലാ ആഴ്ചയും മാവൂർ പ്രദേശത്ത് എത്തി അദ്ദേഹം വിവരങ്ങൾ മനസ്സിലാക്കിക്കൊണ്ടിരുന്നു. വനനശീകരണം കൊടുമ്പിരിക്കൊണ്ടിരുന്ന കാലത്ത് ഓരോ ദിവസവും രാത്രി പുതിയ വിശദാംശങ്ങൾ ശേഖരിച്ച് അദ്ദേഹം വിളിച്ചു കൊണ്ടിരുന്നത് ഇന്നും ഓർക്കുന്നു.
അദ്ദേഹത്തിന് തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിൽ രേഖപ്പെടുത്താൻ അവസരമുണ്ടായില്ല എന്നത് ഭാവിതലമുറയ്ക്ക് വലിയ നാശം തന്നെ ആയിരിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി അനുഭവങ്ങൾ രേഖപ്പെടുത്താനുള്ള ചില ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അത് വേണ്ടത്ര ഫലപ്രദമാക്കാനായില്ല
ശാസ്ത്രീയ നിലപാടുകൾ ആരുടെ മുന്നിലും തുറന്നു പറയുന്ന ശീലമായിരുന്നു എം.കെ.പിക്ക്. അക്കാര്യത്തിൽ രാഷ്ട്രീയവും സൗഹൃദവും മറ്റ് പരിഗണനകളും ഒന്നും അദ്ദേഹത്തെ ഒരു തരത്തിലും സ്വാധീനിച്ചിരുന്നില്ല. സൈലൻറ് വാലി പ്രക്ഷോഭകാലം മുതൽ ഇപ്പോൾ ഏറെ ചർച്ച ചെയ്യപ്പെടുന്ന കെ- റെയിൽ കാര്യത്തിൽ വരെ ഇക്കാര്യത്തിൽ അദ്ദേഹത്തിന് സംശയം ഉണ്ടായിരുന്നില്ല. വസ്തുതകൾ അപഗ്രഥിക്കാനും പഠിക്കാനും തയ്യാറുള്ള ആർക്കും ശാസ്ത്രത്തെയും പരിസ്ഥിതിയെയും അവഗണിക്കാനാവില്ല. അതിനിടക്ക് ചില രാഷ്ട്രീയ സമ്മർദങ്ങളും നിലപാടുകളും ഒക്കെ വരും. ‘സാരമില്ലടോ’, സൈലൻറ് വാലി പ്രക്ഷോഭകാലത്ത് ചില പ്രമുഖ രാഷ്ട്രീയ നേതാക്കന്മാർ നടത്തിയിരുന്ന ആക്ഷേപ പ്രസ്താവനകൾ കാണുമ്പോൾ അദ്ദേഹം പറഞ്ഞിരുന്നത് മനസ്സിൽ തെളിഞ്ഞു നിൽക്കുന്നു.
കേരളത്തിനുപുറത്ത് പരിസ്ഥിതി രംഗത്ത് ശ്രദ്ധേയ പ്രവർത്തങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പ്രമുഖ സ്ഥാപനങ്ങളുമായി പ്രൊഫ. പ്രസാദ് നിരന്തര ബന്ധം പുലർത്തിയിരുന്നു. അനിൽ അഗർവാളും സുനിതാ നാരായണനും ചേർന്ന് ഡൽഹി കേന്ദ്രമാക്കി ആരംഭിച്ച CSE , കാർത്തികേയ സാരാഭായിയുടെ നേതൃത്വത്തിലുള്ള CEE , പ്രൊഫ. എസ്. സ്വാമിനാഥൻ നേതൃത്വം നൽകുന്ന സ്വാമിനാഥൻ ഫൗണ്ടേഷൻ തുടങ്ങി നിരവധി സംഘടനകളുടെ ഉപദേശക സമിതിയിൽ സജീവ അംഗമായിരുന്നു അദ്ദേഹം. ഐക്യരാഷ്ട്രസഭയുടെ പരിസ്ഥിതി സംബന്ധമായ പല പഠന ഗ്രൂപ്പുകളിലും അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ഉണ്ടായിരുന്നു. ഐക്യരാഷ്ട്രസഭയുടെ മില്ലേനിയം അസ്സെസ്സ്മെൻറ് കമ്മറ്റിയിൽ മൂന്നോ നാലോ വർഷം തുടർച്ചയായി അദ്ദേഹം അംഗത്വം വഹിച്ചിരുന്നു. പക്ഷെ ഈ കാര്യങ്ങളൊന്നും തൊപ്പിയിൽ തൂവലായി അണിയുന്ന സ്വഭാവമേ അദ്ദേഹത്തിനുണ്ടായിരുന്നില്ല.
കോളേജ് അദ്ധ്യാപകൻ മുതൽ കോഴിക്കോട് സർവകലാശാലാ പ്രോ-വൈസ് ചാൻസലർ വരെയുള്ള നിരവധി പദവികൾ അദ്ദേഹം അലങ്കരിച്ചിട്ടുണ്ട്. പഠിപ്പിച്ചിട്ടുള്ള വിദ്യാർഥികളുടെയെല്ലാം സുഹൃത്തും പ്രിയങ്കരനായ മാഷും ആയിരുന്നു അദ്ദേഹം. ഒട്ടേറെ പ്രവർത്തങ്ങളിൽ ഏർപ്പെടുകയും ഔപചാരികവും അനൗപചാരികവുമായ നിരവധി സ്ഥാനങ്ങളും ചുമതലകളും വഹിക്കുകയും ചെയ്ത അദ്ദേഹത്തിന് തന്റെ അനുഭവങ്ങൾ പുസ്തകരൂപത്തിൽ രേഖപ്പെടുത്താൻ അവസരമുണ്ടായില്ല എന്നത് ഭാവിതലമുറയ്ക്ക് വലിയ നാശം തന്നെ ആയിരിക്കും. കഴിഞ്ഞ ഏതാനും വർഷങ്ങളായി അനുഭവങ്ങൾ രേഖപ്പെടുത്താനുള്ള ചില ശ്രമങ്ങൾ അദ്ദേഹം നടത്തിയിരുന്നു. പക്ഷേ അത് വേണ്ടത്ര ഫലപ്രദമാക്കാനായില്ല എന്നാണ് മനസ്സിലാവുന്നത്. എം.കെ.പിയുടെ അടുത്ത സുഹൃത്തുക്കളുടെയും സഹപ്രവർത്തകരുടെയും സഹായത്തോടെ അദ്ദേഹത്തിന്റെ ഒരു ജീവിത രേഖ തയ്യാറാക്കേണ്ടത് അത്യാവശ്യമാണ്. പരിസ്ഥിതി അടക്കമുള്ള വിവിധ വിഷയങ്ങളെക്കുറിച്ച് അദ്ദേഹം പല ഘട്ടങ്ങളിലായി തയ്യാറാക്കിയ ലേഖനങ്ങൾ സമഹാരിക്കേണ്ടതും അത്യാവശ്യമാണ്.
പ്രസാദ് മാസ്റ്ററുടെ പിതാവ് കോരു വൈദ്യൻ ഒരു ആയൂർവേദ ചികിൽസകനായിരുന്നു. പ്രശസ്ത സാമൂഹ്യ പ്രവർത്തകനും കേരളത്തിലെ ഏറ്റവും ആദ്യത്തെ ശാസ്ത്ര പ്രചാരകനും ആയിരുന്ന സഹോദരൻ അയ്യപ്പന്റെ സഹചരിയായിരുന്നു അദ്ദേഹം. അച്ഛന്റെ ചികിൽസാ പാരമ്പര്യവും സഹോദരൻ അയ്യപ്പന്റെ പുരോഗമ ശാസ്ത്ര വിചാരങ്ങളും തന്നെ ചെറുപ്പം മുതൽ സ്വാധീനിച്ചിരുന്നതായി എം.കെ.പി. അഭിമാനപൂർവം പറയറുണ്ടായിരുന്നു. കേരളീയ നവോതാന പാരമ്പര്യവുമായി കുട്ടിക്കാലം മുതലുള്ള ബന്ധം പ്രസാദ് മാസ്റ്റുടെ പിൽക്കാല നിലപാടുകളിൽ പ്രതിഫലിച്ചു കാണാം. അദ്ദേഹത്തെ സംബന്ധിച്ച് കേവലം യാന്ത്രികമായോ കാൽപനികമായോ കാണാൻ കഴിയുന്ന ഒന്നായിരുന്നില്ല പ്രകൃതി. പിൽക്കാലത്ത് പ്രകൃതിശാസ്ത്ര വിദ്യാർഥിയും അദ്ധ്യാപകനും ഒക്കെ ആയി മാറിയപ്പോഴും നവോത്ഥാന സ്മരണകളും അദ്ദേഹത്തെ വിട്ടു പോയില്ല. എന്നു മാത്രമല്ല അവക്കിടയിൽ തന്റെ മനസ്സിലും പ്രവർത്തനങ്ങളിലും മനോഹരമായ ഒരു പാലം പണിയാൻ അദ്ദേഹത്തിന് കഴിയുകയും ചെയ്തു. ഒരു പക്ഷേ കേരളീയ നവോഥാനത്തെ ശാസ്ത്രീയ പാരിസ്ഥിതിക അവബോധവുമായി ഇണക്കി ചേർത്ത്, അടുത്തൊരു ഘട്ടത്തിലേക്ക് നയിച്ചവരിൽ പ്രമുഖൻ എന്ന സ്ഥാനം ഭാവി തലമുറ പ്രൊഫ. എം.കെ. പ്രസാദിന് നല്കുന്നുവെങ്കിൽ അത്ഭൂതപ്പെടാനില്ല.
കൊടും വേനലിൽ ഒരു വൻ തണൽമരം നമുക്ക് നഷ്ടമായിരിക്കുന്നു. പക്ഷേ, 90ാം വയസ്സിൽ വിട പറയുമ്പോൾ ഒരു പാട് ചെറു തൈകൾ നമുക്കുചുറ്റും നട്ടുനനച്ചു വളർത്തിയാണ് ആ യാത്ര. അവ വളർന്നു പന്തലിക്കുക തന്നെ ചെയ്യും.▮
വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.