ഡോ. എം.കെ. പ്രസാദ് / Photo: Biju Kumar, Fb

അനിവാര്യമായും പ്രസാദ്​ മാഷ്​ ഉണ്ടാകേണ്ട
ഒരു കാലമായിരുന്നു ഇത്​...

കേരളത്തെ വലിയൊരു പരിസ്ഥിതി ദുരന്തത്തിനിരയാക്കിയേക്കാവുന്ന കെ- റെയിൽ പദ്ധതിക്കെതിരായി പരിസ്ഥിതി/ അക്കാദമിക് വിദഗ്ധരുടെ പൊതു പ്രസ്താവന തയ്യാറാക്കാനിടയായത് അദ്ദേഹവുമായി നടത്തിയ സംഭാഷണമായിരുന്നു. ഒരിക്കലും അത് അവസാന സംഭാഷണമായിരുന്നെന്ന് കരുതിയിരുന്നില്ല.

കേരളം എം.കെ.പി. എന്ന് വിളിച്ചുവന്ന പ്രൊഫ. എം.കെ. പ്രസാദിന്റെ മരണത്തോടെ, ഇന്ത്യയിൽ പൊതുവിലും കേരളത്തിൽ പ്രത്യേകിച്ചും പരിസ്ഥിതി പ്രസ്ഥാനത്തിന് തുടക്കം കുറിക്കുകയും നേതൃത്വം നൽകുകയും ചെയ്ത ഒരു മുന്നണിപ്പോരാളി ഇല്ലാതായി. മരണം ഒരു അനിവാര്യതയാണെങ്കിലും എം.കെ.പിയുടെ അന്ത്യത്തോടെ, പരിസ്ഥിതി വിഷയങ്ങളിൽ പല രീതിയിൽ പകരക്കാരനില്ലാതായിരിക്കുന്നു എന്നതൊരു യാഥാർത്ഥ്യമാണ്. എറണാകുളം സ്വദേശിയായ പ്രസാദ് മാഷ് സസ്യശാസ്ത്രത്തിലെ ഉന്നതപഠനത്തിനുശേഷം കേരളത്തിലെ വിവിധ സർക്കാർ കോളേജുകളിൽ അധ്യാപകനായിരുന്നു. ഔദ്യോഗിക ജീവിതത്തിന്റെ ഒടുവിൽ കോഴിക്കോട് സർവകലാശാലയിൽ പ്രോ വൈസ് ചാൻസലർ ആയിരുന്നു അദ്ദേഹം.

കേരളത്തിലെ നവോത്ഥാന പ്രവർത്തനങ്ങളിൽ ആഴ്ന്നിറങ്ങിയ സഹോദരൻ അയ്യപ്പനുമായി നിരന്തര ബന്ധത്തിലായിരുന്ന ഒരു കുടുംബത്തിലായിരുന്നു മാഷ് ജനിച്ചതും വളർന്നതും. ഈ ആർജിത വിജ്ഞാനത്തെ, യുക്തിചിന്ത, വികസനം, പരിസ്ഥിബോധം, ജനാധിപത്യം, മനുഷത്വം, എന്നിവയുമായി വിളക്കിച്ചേർത്ത് തന്റേതായൊരു പ്രവർത്തന രീതി വികസിപ്പിക്കാനും പ്രയോഗിക്കാനും എം.കെ.പിയ്ക്ക് കഴിഞ്ഞിരുന്നു. അതിന്റെ പരിണിതഫലമാണ് ഇന്ന് കേരളത്തിലുടനീളം കാണുന്ന പാരിസ്ഥിതിക അവബോധം. എം.കെ.പി.യുടെ തനത് പ്രവർത്തനങ്ങളിൽ നിന്നല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നത്തേതു പോലെ ഒരു പരിസ്ഥിതി പ്രസ്ഥാനം ഉണ്ടാകുമായിരുന്നില്ലെന്ന് ഉറപ്പിച്ചു പറയാം.

ശാസ്ത്രത്തിന്റേയും യുക്തിചിന്തയുടേയും അടിത്തറയിൽ പരിസ്ഥിതി- വികസന ബന്ധത്തെ മാനവികമായി പുനരാവിഷ്‌ക്കരിക്കാനും പ്രയോഗിക്കാനും കഴിഞ്ഞു എന്നതാണ് എം.കെ.പിയുടെ പ്രധാന സംഭാവനയായി ഞാൻ കാണുന്നത്

1980-കളിൽ ഈ ലേഖകൻ കോഴിക്കോട് ഗവ. ആർട്‌സ് കോളേജിൽ ഒരു ഓഫീസ്​ക്ലർക്കായി ജോലിയിൽ ചേർന്നപ്പോൾ അവിടെ ബോട്ടണി വകുപ്പ് തലവനായിരുന്നു എം.കെ.പി. ആർട്‌സ് കോളേജ് കാമ്പസിൽ ഇന്ന് ഉയർന്നു നിൽക്കുന്ന മരങ്ങളെല്ലാം അദ്ദേഹത്തിന്റെ വകയാണ്. പല കാര്യങ്ങളും ഓഫീസ് പണിക്കാരായ ഞങ്ങളുമായിപ്പോലും അദ്ദേഹം പങ്കുവെക്കുമായിരുന്നു. 1987-നുശേഷം എളിയൊരു പരിഷത്ത്​ പ്രവർത്തകനെന്ന നിലയിൽ എനിക്ക് എം.കെ.പിയോടൊപ്പം പ്രവർത്തിക്കാൻ കഴിഞ്ഞിരുന്നു എന്നത് വലിയൊരു അനുഭവമായിരുന്നു.

ശാസ്ത്രത്തിന്റേയും യുക്തിചിന്തയുടേയും അടിത്തറയിൽ പരിസ്ഥിതി- വികസന ബന്ധത്തെ മാനവികമായി പുനരാവിഷ്‌ക്കരിക്കാനും പ്രയോഗിക്കാനും കഴിഞ്ഞു എന്നതാണ് എം.കെ.പിയുടെ പ്രധാന സംഭാവനയായി ഞാൻ കാണുന്നത്. 1971-ൽ തന്നെ ഏലൂരിലെ ചില വ്യവസായശാലകളിലെ തെറ്റായ രാസപദാർത്ഥ പ്രയോഗം ഉണ്ടാക്കിയ പ്രശ്‌നങ്ങളെ മുൻനിർത്തിയാണ് എം.കെ.പി. ഈ രംഗത്തെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് അദ്ദേഹത്തോട് സംസാരിച്ച് ഒരനുഭവക്കുറിപ്പ് ഞാൻ തയ്യാറാക്കിയിരുന്നു. ഷിഫ്റ്റ് കഴിഞ്ഞ് തൊഴിലാളികൾ പുറത്തേക്ക് വരുമ്പോൾ അവരെ ബോധവൽക്കരിക്കാനായി ഗേറ്റിൽ നിന്ന് പ്രസംഗിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ഒരു രീതി. മാനേജുമെൻറി​ന്റെയും തൊഴിലാളികളുടെയും എതിർപ്പുകൾ ഒരേസമയം നേരിട്ടായിരുന്നു ഈ പ്രവർത്തനം എന്നുണ്ടെങ്കിലും ക്രമേണ അതൊരു പാരിസ്ഥിതിക ആരോഗ്യ പ്രശ്‌നമായി മാറുകയും തൊഴിലാളികൾക്കുതന്നെ അതിന്റെ ഗുണം അനുഭവിക്കാനും കഴിഞ്ഞു.

എസ്. പ്രഭാകരൻ നായർ, സുഗതകുമാരി, എം.കെ. പ്രസാദ്, കെ.എസ്.എസ്.പി. ജനറൽ സെക്രട്ടറി കൊടക്കാട് ശ്രീധരൻ എന്നിവർ 1984-ൽ സംഘടിപ്പിച്ച പരിസ്ഥിതി സംരക്ഷണ മീറ്റിനിടെ. / Photo: Kerala Sastra Sahitya Parishad

പിന്നീട് മാവൂർ ഗ്വാളിയോർ റയൺസുമായി ബന്ധപ്പെട്ട സമരങ്ങൾ; മലിനീകരണമില്ലാതെ ഫാക്ടറി നടത്താൻ കഴിയും, പക്ഷെ മുതലാളിയുടെ ലാഭത്തിൽ ഒരംശം അതിനായി മാറ്റിവെക്കണം എന്നതായിരുന്നു ആവശ്യം. ലാഭം കുറക്കാൻ ആഗ്രഹിക്കാത്ത മുതലാളി മലിനീകരണത്തിന്റെ പ്രത്യഘാതങ്ങളെയെല്ലാം പൊതുസമൂഹത്തിലേക്ക് ബോധപൂർവം ഇറക്കിവെച്ചപ്പോഴാണ് ഫാക്ടറി ഇന്നത്തെ അവസ്ഥയിലായത്.

സൈലൻറ്​ വാലി സംരക്ഷണത്തെപ്പറ്റി മാതൃഭൂമി ആഴ്ചപ്പതിപ്പിൽ എം.കെ.പി. എഴുതിയ ലേഖനം പല രീതിയിൽ കേരള സമൂഹത്തിൽ അനുരണനങ്ങളുണ്ടാക്കി. പത്രാധപർ എൻ.വി. കൃഷ്ണവാര്യരുടെ ഉറച്ച നിലപാടായിരുന്നു മാഷിന്റെ പ്രധാന പിൻബലം. ഈ ലേഖനം സൈലൻറ്​ വാലി സംരക്ഷണത്തിനായി എല്ലാ അർത്ഥത്തിലും ഒരു തുടക്കമായിരുന്നു. പത്രാധിപർക്കുള്ള കത്തെഴുത്തായിരുന്നു ഒരു പ്രചാരണ രീതി. പലരുടേയും പേരിൽ പ്രസാദ് മാഷ് കത്തെഴുതിയിരുന്നു. കേസ് നടത്താൻ പല കടലാസ് സംഘടനകളേയും ഉണ്ടാക്കിയിരുന്നു, പ്രധാന വിവരങ്ങളെല്ലാം ചോർത്തിയെടുക്കാൻ സഹായിക്കുന്ന ഒരു സുഹൃദ്​ വലയത്തെ / ചാരസംഘത്തെ എല്ലാ രംഗത്തും കണ്ടെത്തിയിരുന്നു. ശാസ്ത്രത്തിന്റെ അടിത്തറയിൽ തന്നെ ആ സമരം വിജയിച്ചു. സൈലൻറ്​ വാലി സംരക്ഷിക്കപ്പെട്ടു. Temples or Tombs എന്ന ഗ്രന്ഥം ഇക്കാര്യം വളരെ നന്നായി തന്നെ വിശദീകരിക്കുന്നുണ്ട്.

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനായി മാഷ് നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് എം.കെ.പി. എഴുതിയ കത്ത് ഈ വിഷയത്തിൽ പുതിയൊരു ദിശാബോധം നൽകുന്നതായിരുന്നു.

മാഷ് ശാസ്ത്രസാഹിത്യ പരിഷത്തിന്റെ പ്രസിഡന്റായിരുന്നു. പരിഷത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന പരിസ്ഥിതി /വന സംരക്ഷണ സമരങ്ങളുടെയെല്ലാം നേതൃത്വം മാഷിനായിരുന്നു. ഇതിൽ മുണ്ടേരി വനസംരക്ഷണ സമരം പ്രത്യേക പരാമർശം അർഹിക്കുന്നു. ഒന്നാം മുണ്ടേരി മാർച്ച് വലിയൊരു മഴക്കാലത്തായിരുന്നു. പ്രാഥമിക ആവശ്യങ്ങൾക്കു പോലും സൗകര്യമില്ലാത്ത ഒരു എൽ.പി. സ്‌കൂളിലായിരുന്നു സമരക്കാരുടെ താമസം. അവിടെ കപ്പയും കട്ടൻ കാപ്പിയും ഉണ്ടാക്കാനുള്ള വിറക് കീറലായിരുന്നു എം.കെ.പിയുടെ അണിയറ ജോലി. കേരളത്തിന് പുറത്ത് പരിഷത്തിന്റെ പ്രധാന പ്രതിനിധികളിലൊരാളായിരുന്നു എം.കെ.പി. അഖിലേന്ത്യാ ജനകീയ ശാസ്ത്രസാഹിത്യ ശൃംഖല (AIPSN) യുടെ പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു.

ജൈവവൈവിധ്യ സംരക്ഷണം, ഭൂമിയുടെ വാഹകശേഷി പഠനം, തദ്ദേശീയ ജൈവവൈവിധ്യ റജിസ്റ്റർ തയ്യാറാക്കൽ എന്നിങ്ങനെയുള്ള പ്രവർത്തനങ്ങൾ വഴി കേരളത്തിലെ ജൈവവൈവിധ്യ സംരക്ഷണത്തിന് പുതിയൊരു മാനം നൽകിയത് എം.കെ.പി. ആയിരുന്നു. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കാനായി മാഷ് നടത്തിയ ശ്രമങ്ങൾ ശ്രദ്ധേയമാണ്. അന്നത്തെ കേന്ദ്ര പരിസ്ഥിതി മന്ത്രിക്ക് എം.കെ.പി. എഴുതിയ കത്ത് ഈ വിഷയത്തിൽ പുതിയൊരു ദിശാബോധം നൽകുന്നതായിരുന്നു.

ദേശീയ- അന്തർദേശീയ വേദികളിലെ എം.കെ.പി. ബന്ധങ്ങളെ നമുക്ക് വേണ്ടത്ര ഗൗരവത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞിട്ടില്ല. അവയൊന്നും പറയാൻ മാഷിന് താൽപര്യമുണ്ടായിരുന്നില്ല. UN, WWF, MSSRF എന്നിവക്കൊപ്പം ചേർന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. അന്താരാഷ്ട്ര അവാർഡുകളും ലഭിച്ചിരുന്നു. മാഷിനെ അനുസ്മരിച്ച് പ്രൊഫ. ഗാഡ്ഗിൽ എഴുതിയ കുറിപ്പിൽ, തന്നെ ആഴത്തിൽ സ്വാധീനിച്ച പ്രധാനപ്പെട്ട നാലു പേരിൽ ഒരാളായി എം.കെ.പി.യെ അടയാളപ്പെടുത്തിയിരിക്കുന്നു. നേരത്തെ ഗാഡ്ഗിൽ എഴുതിയ ഒരു ഗ്രന്ഥം സമർപ്പിച്ചത് എം.കെ.പിക്കായിരുന്നു.

ഏതൊരു പ്രശ്‌നത്തിനും പരിഹാരം നിർദേശിക്കാൻ അസാമാന്യ കഴിവുള്ള വ്യക്തിയായിരുന്നു എം.കെ.പി. പ്രത്യേകിച്ചും നിയമപരമായ പ്രശ്‌നങ്ങളിൽ. പരിസ്ഥിതി നിയമങ്ങളിൽ അദ്ദേഹത്തിന് നല്ല അവഗാഹമുണ്ടായിരുന്നു. കേരളത്തെ വലിയൊരു പരിസ്ഥിതി ദുരന്തത്തിനിരയാക്കിയേക്കാവുന്ന കെ- റെയിൽ പദ്ധതിക്കെതിരായി പരിസ്ഥിതി/ അക്കാദമിക് വിദഗ്ധരുടെ പൊതു പ്രസ്താവന തയ്യാറാക്കാനിടയായത് അദ്ദേഹവുമായി നടത്തിയ സംഭാഷണമായിരുന്നു. ഒരിക്കലും അത് അവസാന സംഭാഷണമായിരുന്നെന്ന് കരുതിയിരുന്നില്ല. വളരെ ശക്തമായിരുന്നു മാഷിന്റെ പ്രതികരണം. സൈലൻറ്​ വാലി സമരകാലത്തെ പോലെ പത്രാധിപർക്ക് നൂറ് കണക്കിന് കത്തുകൾ തയ്യാറാക്കി അയക്കാൻ ആവശ്യപ്പെട്ടിരുന്നു.

ജനപക്ഷത്തുനിന്ന് ഒരു പദ്ധതിയുടെ സാമൂഹ്യ- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്ത്, വികസന പദ്ധതികളുടെ നേട്ട-കോട്ടങ്ങൾ വിലയിരുത്തി, വികസനത്തിന്റെ രാഷ്ട്രീയത്തിന് പുതിയൊരു മാനം നൽകത്തക്ക ഒരു രീതിശാസ്ത്രം വികസിപ്പിക്കാനും എം.കെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്.

വ്യക്തിതാൽപര്യമില്ലാതെ സമൂഹത്തിന്റെ പൊതുനന്മയ്ക്കായി പ്രവർത്തിക്കുക എന്നതായിരുന്നു മാഷിന്റെ ജീവിത ദൗത്യം. ഇന്നത്തെ കാലത്ത് പരിസ്ഥിതിയും മൂലധനവും തമ്മിലുള്ള സംഘർഷം പുതിയൊരു തലത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രതിസന്ധികൾ മറനീക്കി പുറത്തുവന്നുകൊണ്ടിരിക്കുന്നു. പാരിസ്ഥിതിക സോഷ്യലിസത്തിന്റെ നാമ്പുകൾ ലോകത്തിന്റെ പലയിടങ്ങളിലും ശക്തിപ്പെടുന്നുണ്ടെങ്കിലും നമ്മുടെ നാട്ടിൽ അവയൊന്നും ഗൗരവമേറിയ ചർച്ചകളായിട്ടില്ല. എന്നാൽ പാരിസ്ഥിതിക ജനാധിപത്യത്തെ ഉയർത്തിപ്പിടിക്കാനും, ജനപക്ഷത്തുനിന്ന് ഒരു പദ്ധതിയുടെ സാമൂഹ്യ- പാരിസ്ഥിതിക പ്രത്യാഘാതങ്ങൾ കൂടി കണക്കിലെടുത്ത്, വികസന പദ്ധതികളുടെ നേട്ട-കോട്ടങ്ങൾ വിലയിരുത്തി, വികസനത്തിന്റെ രാഷ്ട്രീയത്തിന് പുതിയൊരു മാനം നൽകത്തക്ക ഒരു രീതിശാസ്ത്രം വികസിപ്പിക്കാനും എം.കെ.പി.ക്ക് കഴിഞ്ഞിട്ടുണ്ട്. ഈ നിലപാടിലൂന്നിയുള്ള, അതായത് പരിസ്ഥിതി സംരക്ഷണമെന്നാൽ ദരിദ്രജന സംരക്ഷണമാണെന്നുള്ള, ദരിദ്രരാണ് ഉപജീവനത്തിനായി പ്രകൃതിയെ പ്രതീക്ഷയായി ആശ്രയിച്ചിരിക്കുന്നെന്ന ബോധത്തിൽ നിന്നുകൊണ്ട്, വികാരമല്ല വിചാരമാണ് കാര്യങ്ങളെ നയിക്കേണ്ടതെന്ന നിലപാടായിരുന്നു മാഷിന്റേത്. അത് അനിവാര്യമായും പ്രാവർത്തികമാക്കേണ്ടിയിരുന്ന ഒരു സവിശേഷ സാഹചര്യത്തിലാണ് അദ്ദേഹം നമ്മോടൊപ്പം ഇല്ലാതെ പോയത്. കഠിനാധ്വാനത്തിലൂടെ മാത്രമേ ആ വിടവ് നികത്താൻ കഴിയൂ.​▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​


ടി.പി. കുഞ്ഞിക്കണ്ണൻ

കേരള ശാസ്​ത്രസാഹിത്യ പരിഷത്ത്​ മുൻ ജനറൽ സെക്രട്ടറി. ഗാഡ്​ഗിൽ റിപ്പോർട്ടും കേരള വികസനവും, കേരളം 2020 (എഡിറ്റർ), കേരളം സുസ്​ഥിര വികസനത്തിന്​ ഒരു രൂപ​രേഖ, നെഹ്​റുവിയൻ ഇന്ത്യ: പുനർവായനയുടെ രാഷ്​ട്രീയം എന്നിവയാണ്​ പ്രധാന പുസ്​തകങ്ങൾ.

Comments