മ​ണ്ടേല ലാറി​ ബേക്കറോട് ചോദിച്ചു, ഞങ്ങൾക്ക് ചെലവു കുറഞ്ഞ വീടുകളുണ്ടാക്കിത്തരുമോ, സംഭവിച്ചതോ?

നെൽസൺ മണ്ടേലയുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു ലാറി ബേക്കർ. അദ്ദേഹത്തിന്റെ ചെലവു കുറഞ്ഞ വീടുകളുടെ ചില ഡോക്യുമെന്ററികൾ കാണാനിടയായ മണ്ടേല ബേക്കറെ നേരിട്ടു വിളിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അത്തരം ഒരു പദ്ധതി തയാറാക്കാമോ എന്ന് അന്വേഷിച്ചു. ബേക്കർ അതിനായി ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയും ചില പ്ലാനുകൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു, എന്നാൽ സംഭവിച്ചതോ?.

ആഫ്രിക്കൻ
വസന്തങ്ങൾ- 44

ഹോളി ക്രോസ് ഹൈസ്കൂൾ ചെറിയ സ്ഥാ‍പനമായിരുന്നു. 250 കുട്ടികൾ, 10 അദ്ധ്യാപകർ. ദക്ഷിണാഫ്രിക്കൻ അതിർത്തിയ്ക്കകത്ത് മിഷനറിമാർക്ക് സ്കൂളുകൾ നടത്താൻ അനുവാദമില്ലായിരുന്നു. എന്നാൽ അസംപ്ഷൻ സിസ്റ്റേഴ്സ് ആ നിയമവും ലംഘിച്ച് കത്തോലിക്കാ സഭയിൽ വിശ്വസിക്കുന്നവരും തങ്ങൾക്ക് സ്വാധീനം ചെലുത്താനാവുന്നരുമായ ‘പ്രമാണി’മാരെ ചേർത്ത് ട്രസ്റ്റുകൾ രൂപീകരിച്ച് കത്തോലിക്കാ മിഷൻ സ്കൂളുകളെ ആ ട്രസ്റ്റിനു കീഴിലാക്കി. അങ്ങനെയുള്ള ‘ഫുണ്ടാ ട്രസ്റ്റ്’ (എജ്യുക്കേഷൻ ട്രസ്റ്റ്) ആയിരുന്നു ഹോളി ക്രോസിന്റെ മാനേജ്മെന്റ്.

ദക്ഷിണാഫ്രിക്കയിൽ മിഷനറി സ്കൂളുകൾ കൂടുതൽ പ്രതിബന്ധങ്ങൾ നേരിട്ടു തുടങ്ങിയപ്പോഴാണ് അവർ ബാന്റുസ്ഥാനുകളിലേക്ക് ശ്രദ്ധ തിരിച്ചത്. അതിന് വലിയ പ്രയോജനമുണ്ടായി. അംടാട്ട കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾക്ക് പുതുജീവൻ നൽകാൻ അംടാട്ടയിലെ പ്രശസ്ത വിദ്യാലയമായ സെയ്ന്റ് ജോൺസ് സ്കൂളിലെ കണക്ക് അദ്ധ്യാപികയായി വന്നെത്തിയ അയർലന്റ് സ്വദേശി സിസ്റ്റർ സെലസ്റ്റീനിനു കഴിഞ്ഞു.

സെയ്ന്റ് ജോൺസ് , അംടാട്ട

‘കറുത്തവർ’ കണക്കും സയൻസും പഠിച്ചിട്ട് കാര്യമില്ല എന്നു പറഞ്ഞവരോട്, ‘അവരും ദൈവത്തിന്റെ മക്കളാണ്’ എന്നു തിരിച്ചടിച്ച് സിസ്റ്റർ സെലെസ്റ്റീൻ (അപ്പോഴേക്കും നാട്ടുകാർ അവരെ സ്നേഹാതിരേകം കൊണ്ട് ‘സിസ്റ്റർ ലെയ്ൻ’ എന്നാണ് വിളിച്ചിരുന്നത്) ഫുണ്ടാ ട്രസ്റ്റിലൂടെ പുതിയൊരു ‘മാത്ത്സ് ആൻഡ് സയൻസ്’ സ്കൂൾ ആരംഭിച്ചു. അതാണ് ഹോളി ക്രോസ് ഹൈ സ്കൂൾ. അതിന് ഒരു അനൗപചാരിക ‘ഫീഡർ’ സ്കൂളായി പ്രവർത്തിച്ചത് അധികം ദൂരെയല്ലാത്ത സെന്റ് ജോസഫ്സ് പ്രൈമറി സ്കൂളായിരുന്നു. അവിടെ പഠിച്ചിരുന്ന കുട്ടികൾ കൂടുതൽ പേരും പ്രൈമറി കഴിഞ്ഞ് നാട്ടിൽ പൊയിട്ടാണ് വിദ്യാഭ്യാസം തുടർന്നിരുന്നത്.

സി. ലെയ്നിന്റെ സ്കൂൾ വന്നതോടെ അങ്ങനെയുള്ള കുട്ടികൾക്കും അവരുടെ രക്ഷാകർത്താക്കൾക്കും വലിയൊരു അനുഗ്രഹമായി. സ്കൂളിന് വേണ്ടത്ര സ്ഥലസൗകര്യമില്ലാത്തതിനാൽ ആൾ സെയ്ന്റ്സ് കത്തീഡ്രലിനോട് ചേർന്നുള്ള ഒരു ഹാൾ സ്ക്രീനുകൾ വച്ച് മറച്ചാണ് ക്ലാസ് മുറികളാക്കിയത്. 1983 ജനുവരിയിൽ തുടങ്ങിയ ആ സ്കൂളിലെ ആദ്യത്തെ ആഫ്രിക്കൻ ടീച്ചർ മിസിസ് ലുട്ടാങ്ഗോ എന്ന ക്ലോസ അദ്ധ്യാപികയായിരുന്നു. എന്റെ എച്ച്.ഒ.ഡിയും പിന്നീട് ഡെപ്യൂട്ടി പ്രിൻസിപ്പലും അതിനുശേഷം ഞാൻ ഡെപ്യൂട്ടി പ്രിൻസിപ്പലായപ്പോൾ എന്റെ പ്രിൻസിപ്പലുമായി അവർ. അവരുടെ മക്കളെല്ലാം ആ സ്കൂളിൽ തന്നെ പഠിച്ചു. ഞാൻ സ്കൂൾ വിട്ടു പോന്ന് രണ്ട് വർഷത്തിനുള്ളിൽ അവർ മരിച്ചു. ഒരു കുടുംബം എന്ന നിലയ്ക്ക് അവരുമായി വളരെ നല്ല ബന്ധമാണ് ഞങ്ങൾക്കുണ്ടായിരുന്നത്. ക്ലോസ ഭാഷയിലേക്ക് ധാരാളം കൃതികൾ മൊഴിമാറ്റം നടത്തുകയും ചെയ്തു അവർ. അതിൽ പ്രധാനം ചിനുവാ അച്ചെബെയുടെ “തിംഗ്സ് ഫാൾ എപാർട്ട്” ആയിരുന്നു എന്ന് കേട്ടിട്ടുണ്ട്.

ഹോളി ക്രോസ് സ്കൂള്‍

ഹോളി ക്രോസ് നാട്ടിലെ ഒരു മിഷനറി സ്കൂളിന്റെ അന്തരീക്ഷം ഉൾക്കൊണ്ട സ്ഥാപനമായിരുന്നു. കോർപ്പറൽ പണിഷ്മെന്റ് (തല്ല് ഒരു ഔദ്യോഗിക ശിക്ഷാവിധിയായി നടപ്പാക്കുക) ഹോളി ക്രോസ്സിൽ തുടക്കം മുതൽ ഇല്ലായിരുന്നു. കഴിയുന്നതും കുട്ടികൾക്ക് അഭിമാനക്ഷതമുണ്ടാക്കാത്ത വിധത്തിലുള്ള ശിക്ഷണനടപടികളാണ് ‘ഫുണ്ടാ ട്രസ്റ്റ്’ അവരുടെ എല്ലാ സ്കൂളുകളിലും സ്വീകരിച്ചിരുന്നത്. മിസ് മത്തായി, സിസ്റ്റർ പാട്രിക് എന്നിവർ ഒരു കുട്ടിയെപ്പോലും ശബ്ദമുയർത്തി ശാസിക്കുന്നത് ഞാൻ കേട്ടിട്ടില്ല.

“When we punish them, we are punishing ourselves” എന്നാണ് സിസ്റ്റർ പാട്രിക് പറഞ്ഞു തന്നിരുന്നത്. സിസ്റ്റർ പാട്രിക്കിന്റെ വിളിപ്പേര് സിസ്റ്റർ ടാട്ടൻ എന്നായിരുന്നു. ഇംഗ്ലീഷ് ഫസ്റ്റ് ലാംഗ്വേജ് പഠിപ്പിക്കുന്നതിൽ ആ സിസ്റ്ററായിരുന്നു എന്റെ മെന്റർ. ദക്ഷിണാഫ്രിക്കയുടെ സവിശേഷമായ സാഹചര്യത്തിൽ കൂടുതൽ കറുത്ത വർഗ്ഗക്കാരും ഇംഗ്ലീഷ് സെക്കന്റ് ലാംഗ്വേജായിട്ടാണ് പഠിച്ചിരുന്നത്. മറ്റു വിഷയങ്ങളെല്ലാം ഇംഗ്ലീഷ് മാദ്ധ്യമമായി ഉപയോഗിച്ചിരുന്നതിനാൽ ഏറെ പ്രയാസമുള്ള ഇംഗ്ലീഷ് ഫസ്റ്റ് ലാംഗ്വേജ് പഠിക്കാൻ അവർക്ക് താൽ‌പര്യം കുറവായിരുന്നു. അതുകൊണ്ട് ആ വിഷയം പഠിച്ചിരുന്ന വിദ്യാർത്ഥികൾ കൂടുതലും ഇന്ത്യക്കാരും സങ്കരവർഗ്ഗക്കാരും ഇംഗ്ലീഷ് പൈതൃകഭാഷയായ വെള്ളക്കുട്ടികളും കുറച്ച് ‘എലീറ്റ്’ നാട്യങ്ങളുള്ള ധനികരായ കറുത്തവരും ആയിരുന്നു. അത്തരം തികച്ചും വൈരുദ്ധ്യമാർന്ന ഒരു മിശ്രിതത്തിൽ ഇംഗ്ലീഷ് ഒന്നാം ഭാഷയായി പഠിപ്പിക്കുന്നത് അങ്ങേയറ്റം ദുഷ്കരമായ അനുഭവം ആയിരുന്നു. വീട്ടിൽ ഇംഗ്ലീഷ് ഉപയോഗിച്ച് വളരുന്ന വെള്ള, ഇന്ത്യൻ കുട്ടികളൊഴിച്ച് മറ്റുള്ളവർക്കെല്ലാം മാതൃഭാഷയുടെ സ്വാധീനത്തിൽ നിന്ന് മോചനം നേടുക എളുപ്പമല്ലായിരുന്നു. കുട്ടികളുടെ എണ്ണം കുറവാണെങ്കിലും അവരുടെ സിലബസ് കടുകട്ടി ആയിരുന്നു. സിസ്റ്റർ ടാട്ടൻ അതിനെയെല്ലാം മറികടക്കാൻ ഫ്ലാഷ് കാർഡുകളും മറ്റും ഉപയോഗിക്കുമായിരുന്നു.

ഞങ്ങൾക്ക് സ്കൂളിലുണ്ടായിരുന്ന ഏറ്റവും വലിയ മേൽക്കൈ, ഫീഡർ സ്കൂളിൽ നിന്ന് വരുന്ന കുട്ടികൾ ഹൈസ്കൂളിലെ വെല്ലുവിളികൾ ഏറ്റെടുക്കാൻ പ്രാപ്തരായിട്ടാണ് വന്നിരുന്നത് എന്നതാണ്. അവിടെ ഇംഗ്ലീഷ് അദ്ധ്യാപിക സിസ്റ്റർ ടാട്ടന്റെ സ്നേഹിത സിസ്റ്റർ ആൻ പട്രിഷ്യ ആയിരുന്നു. പ്രസന്നവദനയായ ആ സിസ്റ്റർ ചെറിയ ക്ലാസുകൾ മുതൽ ഇംഗ്ലീഷ് ഭാഷയുടെ ഇന്ദ്രജാലത്തിലേക്ക് തന്റെ കുട്ടികളെ എളുപ്പം നയിച്ചു.

സെയ്ന്റ് ജോൺസ് , അംടാട്ട

സിസ്റ്റർ ടാട്ടന്റെ മെന്ററിങ് എനിക്ക് നൽകിയ ആത്മവിശ്വാസം ചെറുതല്ല. സിസ്റ്റർ റിട്ടയർ ചെയ്തശേഷം സ്കൂളിലെ ആ വിഭാഗത്തിന്റെ ചുമതല ഏറ്റെടുക്കേണ്ടിവന്നപ്പോൾ അവർ തന്ന വിദ്യ എനിക്കൊരു വരമായിരുന്നു. പന്ത്രണ്ടാം ക്ലാസിന്റെ സെൻട്രലൈസ്ഡ് വാലുവേഷൻ വരെ ചെന്നെത്താൻ അത് എന്നെ സഹായിച്ചു. സിസ്റ്റർ ടാട്ടനും മിസ് മത്തായിയും കുറെ വർഷങ്ങൾക്കു മുൻപേ നിര്യാതരായി. സിസ്റ്റർ പോർട്ട് ആൽഫ്രഡ് എന്ന കൊച്ചു ദക്ഷിണാഫ്രിക്കൻ ടൗണിലെ സീനിയർ നൺസ് താമസിച്ചിരുന്ന ഒരു സ്ഥാപനത്തിലാണ് അന്ത്യവർഷങ്ങൾ ചെലവഴിച്ചത്. ചേച്ചി നാട്ടിൽ തിരിച്ചു വന്ന് അനുജന്റെ കുടുംബത്തോടൊപ്പം കഴിയുമ്പോഴായിരുന്നു ഞങ്ങളെ വിട്ടുപോയത്. അതിനു മുൻപ് നാട്ടിൽ വന്നപ്പോൽ ഞാൻ ചേച്ചിയെ ഫോണിൽ വിളിച്ചു സംസാരിച്ചു. ആലപ്പുഴയായിരുന്നു ചേച്ചി. പ്രവാസികൾ പറയുമ്പോലെ, “ഞാൻ അതിലേ വരാം ചേച്ചീ” എന്നോ മറ്റോ ഞാൻ പറഞ്ഞു. അതു പറഞ്ഞയുടൻ എനിക്ക് മനസ്സിലായി, അത് ഒരിക്കലും നടക്കാത്ത കാര്യമായിരിക്കുമെന്ന്.

സോണി ഇപ്പോഴും ഞങ്ങളുമായുള്ള സ്നേഹം കാത്തുവച്ചിട്ടുണ്ട്.

അനേകം സുഹൃത്തുക്കൾ അങ്ങനെ മാഞ്ഞു പോയിത്തുടങ്ങി. കാലത്തിന്റെ ഗതിവേഗം നമുക്ക് അളക്കാനാവില്ലല്ലോ. 1996-ൽ ഞങ്ങൾ കുടുംബസമേതം നാട്ടിൽ വന്നു, എന്റെ സഖിയുടെ അനുജൻ സിബിയുടെ വിവാഹത്തിന്. ഞങ്ങളുടെ മകൾ കൃത്യമായ അക്ഷരശുദ്ധിയോടെ മലയാളം പറയുന്നത് കേട്ടവരിൽ പലർക്കും അതിശയമായിരുന്നു. അതേസമയം അവൾ ‘അച്ചടി’ ഭാഷയിലാണ് വർത്തമാനം പറയുന്നതെന്ന് കുറ്റം പറഞ്ഞവരായിരുന്നു കൂടുതൽ. അവളും ഞങ്ങളും അത് കാര്യമാക്കിയില്ല. പത്തു വർഷത്തിനു ശേഷമാണ് ഞാൻ ഇന്ത്യയിൽ വന്നത്. തിരുവനന്തപുരത്ത് വലിയ മാറ്റങ്ങൾ. ഫ്ലൈ ഓവറുകൾ, പുതിയ കാറുകൾ, നഗരത്തിന്റെ തിരക്ക്; ഇതെല്ലാം കൊണ്ട് നഗരം അപരിചിതമായിക്കൊണ്ടിരിക്കയാണെന്ന് തോന്നി. ഞങ്ങളുടെ പ്രണയവെയിൽക്കാലങ്ങളിൽ ഞങ്ങൾ തിരുവനന്തപുരത്ത് നടക്കാത്ത വഴികളില്ലായിരുന്നു. ആ വഴികളിൽ പലതും ഇല്ലാതായി.

ഞങ്ങൾ പതിവുപോലെ യൂണിവേഴ്സിറ്റി കോളേജിൽ ഒന്നു കയറി. ജിയോഗ്രഫിയിൽ അവൾക്ക് പരിചയമുള്ള ആരോ ഉണ്ടായിരുന്നു. ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റിൽ ആരുമില്ല. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷിൽ അയ്യപ്പപ്പണിക്കർ സർ വിദേശപര്യടനത്തിനു പോയിരിക്കുന്നു എന്നറിഞ്ഞു.

യൂണിവേഴ്സിറ്റി കോളേജ്, തിരുവനന്തപുരം

1986-ൽ തിരികെപ്പോകുമ്പോൾ എത്ര വേദന തോന്നിയോ, അതിന്റെ പതിന്മടങ്ങ് ഹൃദയഭാരവുമായാണ് ഞാൻ തിരുവനന്തപുരം വിട്ടത്.

ഞങ്ങളുടെ ഒരു കാപട്യമില്ലാത്ത അഭ്യുദയകാംക്ഷി ആയിരുന്നു മഹാനായ ലാറി ബേക്കർ. വലിയ യാത്രകൾ കഴിഞ്ഞുവരുമ്പോൾ ഞങ്ങൾ സാധാരണ അദ്ദേഹത്തെ ഒന്നു പോയി കണ്ടിരുന്നു; വിശേഷങ്ങൾ അറിയിക്കാൻ. ദക്ഷിണാ ഫ്രിക്കയിലാണ് ഞങ്ങൾ എന്നു അദ്ദേഹം അറിഞ്ഞിരുന്നു.

മണ്ടേലയുമായി വളരെ അടുപ്പമുള്ള വ്യക്തിയായിരുന്നു ലാറി ബേക്കർ. അദ്ദേഹത്തിന്റെ ചെലവു കുറഞ്ഞ വീടുകളുടെ ചില ഡോക്യുമെന്ററികൾ കാണാനിടയായ മണ്ഡേല ബേക്കറെ നേരിട്ടു വിളിച്ച് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി അത്തരം ഒരു പദ്ധതി തയാറാക്കാമോ എന്ന് അന്വേഷിച്ചു. എന്റെ ഓർമ, ബേക്കർ അതിനായി ദക്ഷിണാഫ്രിക്ക സന്ദർശിക്കുകയും ചില പ്ലാനുകൾ ചെയ്യാൻ ആരംഭിക്കുകയും ചെയ്തു എന്നാണ്. എന്നാൽ അതിന് ഇന്ത്യ ഗവൺമെന്റിന്റെ അനുവാദം വേണം. മുഴുവൻ പദ്ധതിയും തയാറാക്കിക്കഴിഞ്ഞ്, നരസിംഹറാവുവുമായി (റാവു ആയിരുന്നു പ്രധാനമന്ത്രി എന്നു തോന്നുന്നു) അപ്പോയിന്റ്മെന്റ് ഒക്കെ ശരിയാക്കി ബേക്കർ ദൽഹിയിലെത്തി. എല്ലാം വിശദീകരിച്ചു കഴിഞ്ഞപ്പോൾ പ്രധാനമന്ത്രി അദ്ദേഹത്തോട് പറഞ്ഞു, ‘രണ്ടു ദിവസത്തിനകം ഈ പദ്ധതിയുടെ കാര്യത്തിൽ അവസാന തീരുമാനം അറിയിക്കാം’. ബേക്കർ പറഞ്ഞു; ആ മറുപടിയിൽത്തന്നെ സംശയം ചുവയ്ക്കുന്നുണ്ടായിരുന്നു എന്ന്.

ലാറി ബേക്കർ / Photo: https://www.lauriebakercentre.org

രണ്ട് ദിവസം കഴിഞ്ഞപ്പോൾ ലാറി ബേക്കർക്ക് കേന്ദ്ര പൊതുമരാമത്ത് വകുപ്പിന്റെ ഒരു സന്ദേശം വരുന്നു: താങ്കളുടെ നിർദ്ദേശം ഖേദപൂർവം നിരസിക്കുന്നു. ഇന്ത്യയിൽ ‘എക്കോണമി ഹൗസസ്’ ഏറ്റവും അത്യാവശ്യമായിരിക്കുന്ന ഘട്ടത്തിൽ മറ്റൊരു രാജ്യത്ത് അങ്ങ് അതേപോലുള്ള ഒരു പദ്ധതി നടത്താൻ ശ്രമിക്കുന്നത് അംഗീകരിക്കാനാവില്ല.

ഇതേ വാക്യങ്ങളാവില്ല ആ കത്തിലേത്. പക്ഷേ ഇന്ത്യ ഗവൺമെന്റിന് അങ്ങേയറ്റം പ്രയോജനപ്രദമായ ഒരു പദ്ധതി മുടക്കിത്തീർക്കാൻ ആ കത്തിനു കഴിഞ്ഞു. ബേക്കർ നിരാശനായിരുന്നു; മണ്ടേലയും.

(തുടരും)


യു. ജയചന്ദ്രൻ

എഴുപതുകളിലെ ശ്രദ്ധേയനായ കവി. ദേശാഭിമാനി, പമ്പരം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ ജോലി ചെയ്തു. 1980 മുതൽ 37 വർഷം ദക്ഷിണാഫ്രിക്കയിലെ അംടാട്ട ഹോളിക്രോസ് ഹൈസ്കൂളിൽ. ഡെപ്യൂട്ടി പ്രിൻസിപ്പലായി വിരമിച്ചു. സൂര്യന്റെ മാംസം കവിതാ സമാഹാരം

Comments