ആദ്യമായി വിദ്യാലയത്തിലെത്തുന്ന കുഞ്ഞുങ്ങളെ കുറിച്ച് ഓർത്തിട്ടുണ്ടോ? അമ്മയുടെ പരിലാളനകൾ നിറഞ്ഞ ലോകത്തു നിന്നുള്ള അപ്രതീക്ഷിതമായ മാറ്റം കുഞ്ഞു മനസിലുണ്ടാക്കുന്ന അസ്വസ്ഥതകളും നൊമ്പരങ്ങളും അവർക്ക് ഉൾക്കൊള്ളാൻ പറ്റാത്തത്രയുമാണ്. അധ്യാപകരുടെ സ്നേഹോഷ്മളമായ സാമീപ്യം വളരെ വേഗം പുതിയ ലോകവുമായി അവരെ ഇണക്കിചേർക്കുന്നു. അവരുടെ വേദനകളും, വേവലാതികളും കുടുംബ വിശേഷങ്ങളും അധ്യാപകർക്കു മുന്നിൽ പ്രതിഫലിക്കപ്പെടുന്നുവെന്നത് യാഥാർത്ഥ്യമാണ്.
ഒരു സർക്കാർ എൽ.പി സ്‌കൂളിലെ നാലാം ക്ലാസ് അധ്യാപികയായ എന്റെ അനുഭവങ്ങളുടെ നേർക്കാഴ്ചയാണിതെല്ലാം. നിഷ്‌കളങ്കരായ കുഞ്ഞുങ്ങളുമായി ഇടപഴകുന്നത് മനോഹരമായ അനുഭവങ്ങൾ സമ്മാനിക്കുന്നതാണ്. നാട്യങ്ങളറിയാത്ത, കുറുമ്പും കുസൃതിയും, ഇണക്കവും പിണക്കവും നിറഞ്ഞ ബാല്യം. എന്തിനെ കുറിച്ചും അറിയാനുള്ള ഒരു ത്വര അവരിൽ നിക്ഷിപ്തമാണ്. സാങ്കൽപികമായി കഥകൾ മെനയാനും, രസകരമായി പറയാനുള്ള മിടുക്കും കാണുമ്പോൾ ഉള്ളിൽ ചിരി വരാറുണ്ട്.
അധ്യാപകർ ഫെസിലിറ്റേറ്റർ എന്ന റോളിലേക്ക് മാറിയപ്പോൾ അവർക്കിടയിൽ പുതിയ വൈകാരിക ബന്ധങ്ങൾ ശക്തിപ്പെട്ടു. ഒരേ സമയം അധ്യാപകനും, രക്ഷിതാവും, സുഹൃത്തുമായി അധ്യാപകർ മാറ്റപ്പെട്ടുകൊണ്ടിരുന്നു. ഇത്തരം മാറ്റം ഭയരഹിതമായി അഭിപ്രായങ്ങൾ പറയാനും തുറന്നു പ്രതികരിക്കാനും കുട്ടികളെ പ്രാപ്തരാക്കി. രക്ഷിതാക്കളുമായുള്ള സൗഹൃദം കുട്ടികളുടെ പ്രശ്‌നങ്ങൾ പരസ്പരം മനസിലാക്കാനും പങ്കുവെക്കാനുമുള്ള വേദിയൊരുക്കി. പത്രവാർത്തകൾ വായിച്ച് വിശകലനം ചെയ്തുകൊണ്ടായിരുന്നു ഓരോ ദിവസത്തെയും എന്റെ ക്ലാസ് ആരംഭിച്ചിരുന്നത്. മിക്കവാറും കുട്ടികളുടെ വീടുകളിൽ ദിനപത്രം വാങ്ങാറില്ല എന്നറിയാവുന്നതുകൊണ്ടാണ് ഇത്തരമൊരു പ്രവർത്തനത്തിന് തുടക്കം കുറിച്ചത്. മാത്രമല്ല പത്രവായനയിൽ പലരും മടിയൻമാരാണെന്ന് എനിക്കറിയാമായിരുന്നു. വ്യക്തികളും സന്നദ്ധ സംഘടനകളും സംഭാവനയായി നൽകിയ പത്രങ്ങൾ ഇതിനായി ഉപയോപ്പെടുത്തി.
ആ സങ്കടക്കടലിലേക്ക് ഞാനും എറിയപ്പെട്ടു. വാ തുറന്നാൽ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുമെന്ന് എനിക്കു തോന്നി. കേട്ടറിവു പോലുമില്ലാത്ത ഒരു സമ്പ്രദായത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഇനിയെന്ത്? എന്ന ചിന്ത ഓരോ മനസിലും നോവിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു.
വാർത്തകൾ കൃത്യമായി എഴുതി അവതരിപ്പിക്കുന്ന ഒരു മിടുക്കിയുണ്ടായിരുന്നു ക്ലാസിൽ (പേര് പറയുന്നില്ല) പഠനത്തിലെന്ന പോലെ പാഠ്യേതര പ്രവർത്തനങ്ങളിലും സജീവ പങ്കാളിത്തമായിരുന്നു. വർണകടലാസിൽ മനോഹരമായ പൂക്കളുണ്ടാക്കുന്നവൾ, പാട്ടും നൃത്തവും ഒരു പോലെ വഴങ്ങുന്നവൾ, അറിയാത്തതിനെ കുറിച്ച് നൂറ് നൂറ് ചോദ്യങ്ങൾ ചോദിക്കുന്നവൾ. ഒരു ബഹുമുഖപ്രതിഭ.
2019 ഡിസംബറിൽ ചൈനയെ ഭീതിയിലാഴ്ത്തിയ കൊറോണ വാർത്തകൾ കുട്ടികളെ ചെറിയ തോതിൽ ആശങ്കപ്പെടുത്തിയിരുന്നു. പിന്നീട് ഇറ്റലിയിലേയും മറ്റു പാശ്ചാത്യ രാജ്യങ്ങളിലേയും ഭീതിജനകമായ വാർത്തകൾ കുഞ്ഞു ഹൃദയങ്ങളെ കോറിക്കൊണ്ടിരിക്കുന്നത് ഞാൻ തിരിച്ചറിഞ്ഞിരുന്നു.
ഇന്ത്യയിലേക്ക് രോഗം വ്യാപിക്കുമോ?
വേഗത്തിൽ മരുന്നു കണ്ടെത്തുമോ?
മരുന്നു കണ്ടെത്തിയില്ലെങ്കിൽ എന്തു ചെയ്യും? ഇങ്ങനെയുള്ള ചോദ്യങ്ങൾ അവരിൽ നിന്നു വന്നു തുടങ്ങി. ക്ലാസിലെ മിടുക്കി കുട്ടിക്കു തന്നെയായിരുന്നു ഏറെ സംശയങ്ങൾ. പേടിക്കേണ്ട കാര്യമില്ലെന്നും, വാക്‌സിൻ ഉടനെ കണ്ടെത്തുമെന്നുമുള്ള എന്റെ വാക്കുകളിൽ അവർ ആശ്വാസം കണ്ടെത്തി.
സ്‌കൂൾ വാർഷികാഘോഷങ്ങളുടെ ഒരുക്കവും വാർഷിക പരീക്ഷക്കായുള്ള റിവിഷനും തുടങ്ങിയതോടെ പത്രവായന മനപ്പൂർവം ഒഴിവാക്കി. കലാ പരിപാടികളുടെ റിഹേഴ്‌സൽ ഒരു പരിധി വരെ അവരെ വാർത്തകളുടെ ലോകത്തിൽ നിന്നും അകറ്റിയിരുന്നു. വാർഷികാഘോഷത്തിന് രണ്ടു ദിവസം ബാക്കി നിൽക്കേ മാർച്ച് 10ന് ഉച്ചകഴിഞ്ഞപ്പോഴാണ് ആ വാർത്തയറിഞ്ഞത്. നാളെ മുതൽ സ്‌കൂളുകൾക്ക് അവധിയായിരിക്കും. രാജ്യത്ത് സമ്പൂർണ ലോക്ഡൗൺ പ്രഖ്യാപിച്ചു, എല്ലാവരും അവരവരുടെ വീടുകളിൽ കഴിയുക. വിവരം പറഞ്ഞു തീർന്നതു ഒരു നിമിഷം കൊണ്ട് ക്ലാസ് പൂർണ നിശബ്ദതയിലേക്കാണ്ടു. ആർക്കും സംശയങ്ങളില്ല. എല്ലാവരും ഡസ്‌ക്കിലേക്ക് തല ചായ്ച്ചു. കുഞ്ഞുകുഞ്ഞു നെടുവീർപ്പുകൾക്കിടയിൽ ഒരു തേങ്ങൽ ഉയർന്നു. അതെന്റെ മിടുക്കി കുട്ടിയായിരുന്നു. അടുത്തുചെന്നു തലയിൽ കൈവെച്ചപ്പോൾ അതൊരു കരച്ചിലായി മാറി. പിന്നീട് ഞാൻ കേട്ടത് ഒരു കൂട്ട കരച്ചിലായിരുന്നു. അതുവരെ അവരുടെ മനസിൽ അടുക്കി വെച്ച കോവിഡ് ഭീതിയോ, നഷ്ടപ്പെട്ട വാർഷികാഘോഷമോ, എന്താണെന്നെനിക്കറിയില്ലായിരുന്നു. ആശ്വാസവാക്കുകൾ പറയാനറിയാതെ എന്റെ തൊണ്ട വരണ്ടുപോയിരുന്നു. ആ സങ്കട കടലിലേക്ക് ഞാനും എറിയപ്പെട്ടു. വാ തുറന്നാൽ എല്ലാ നിയന്ത്രണങ്ങളും കൈവിട്ടു പോകുമെന്ന് എനിക്കു തോന്നി. കേട്ടറിവു പോലുമില്ലാത്ത ഒരു സമ്പ്രദായത്തിലേക്ക് എടുത്തെറിയപ്പെട്ടപ്പോൾ ഇനിയെന്ത്? എന്ന ചിന്ത ഓരോ മനസിലും നോവിന്റെ വേലിയേറ്റങ്ങൾ സൃഷ്ടിച്ചു കൊണ്ടിരുന്നു. ലോങ്ങ് ബെൽ അടിച്ചിട്ടും ആരും എഴുന്നേറ്റില്ല. ആർക്കും ഓടി മുറ്റത്തിറങ്ങനോ, വീട്ടിലേക്കെത്താനോ തിടുക്കമുണ്ടായിരുന്നില്ല. കണ്ണിൽ നോക്കാതെ കൈ പിടിച്ച് വികാരാധീനമായ യാത്ര പറയൽ.
രണ്ടു ദിവസം കഴിഞ്ഞു മനസിനേറ്റ മുറിവ് പതിയെ കരിഞ്ഞു തുടങ്ങിയിരുന്നു. സന്ധ്യക്ക് ഒരു ഫോൺ കോൾ വന്നു. ഫോണിൽ സേവ് ചെയ്ത നമ്പറാണ് ക്ലാസിലെ മിടുക്കി കുട്ടിയുടെത്. അവൾ നേരത്തെ പലപ്പോഴും എന്നെ വിളിക്കാറുണ്ടായിരുന്നു. മുഖവുരയില്ലാതെ ഞാൻ സംസാരത്തിലേക്ക് കടന്നു മറുവശത്ത് അവളുടെ അമ്മയായിരുന്നു. ആ ശബ്ദത്തിൽ തെല്ല് ആശങ്ക നിഴലിച്ചിരുന്നു.
മുതിർന്നവരെ പോലും അസ്വസ്ഥപ്പെടുത്തിയ വാർത്തകൾ ആ കുഞ്ഞിനെ എത്രകണ്ട് വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. ആ കുഞ്ഞു മനസിനെ തണുപ്പിക്കാനുള്ള ഒരു ഉപാധിയും എനിക്ക് പറഞ്ഞു കൊടുക്കാനായില്ല.
"ടീച്ചറെ മോളുടെ വിഷമം മാറിയിട്ടില്ല, ഭക്ഷണം കഴിക്കുന്നില്ല കളിക്കാറില്ല, മുഴുവൻ സമയവും മുറിയിലാണ്, ടീച്ചറൊന്ന് സംസാരിക്ക് '
നടക്കാതെ പോയ വാർഷികാഘോഷത്തെ കുറിച്ചോർത്ത സങ്കടമായിരിക്കുമെന്നാണ് കരുതിയത്. ഞാൻ കുറെ നേരം അവളുമായി സംസാരിച്ചിട്ടു വെറും മൂളലിലൊതുക്കി അവളുടെ മറുപടി.
ഒരാഴ്ച കഴിഞ്ഞു കാണും വീണ്ടും അവരുടെ ഫോൺ വന്നു. ഇത്തവണ അവരുടെ വാക്കുകളിൽ നിഴലിച്ച ആധി ആദ്യ സംബോധനയിൽ തന്നെ തിരിച്ചറിഞ്ഞു. "മോള് TV ഓൺ ചെയ്യാൻ സമ്മതിക്കുന്നില്ല. വാർത്ത കാണരുതെന്നും പറഞ്ഞ് അലമുറയിട്ട് കരയുകയാ, ആരെയും പത്രം വായിക്കാൻ സമ്മതിക്കുന്നില്ല, ഇനി പത്രം വാങ്ങേണ്ടെന്നാണ് പറയുന്നത്, ഭക്ഷണം കഴിക്കുന്നില്ല, ഉറക്കമില്ല ടീച്ചറൊന്ന് അവളോട് സംസാരിക്ക് '
ടീച്ചർ വിളിക്കുന്നെന്ന് പറഞ്ഞിട്ടു അവൾ ഫോൺ വാങ്ങിയില്ല. മുതിർന്നവരെ പോലും അസ്വസ്ഥപ്പെടുത്തിയ വാർത്തകൾ ആ കുഞ്ഞിനെ എത്രകണ്ട് വേദനിപ്പിച്ചിട്ടുണ്ടാവുമെന്ന് എനിക്കറിയാമായിരുന്നു. ആ കുഞ്ഞു മനസിനെ തണുപ്പിക്കാനുള്ള ഒരു ഉപാധിയും എനിക്ക് പറഞ്ഞു കൊടുക്കാനായില്ല.
അവളെ ഒരു വാർത്തകളും അറിയിക്കാതെ ശ്രദ്ധിക്കുക എന്നു മാത്രം പറഞ്ഞു. ഞാൻ ഇടയ്ക്കിടെ വിളിച്ച് അന്വേഷിച്ചു കൊണ്ടിരുന്നു. TV ഓൺ ചെയ്യാറില്ലെന്നും പത്രം വാങ്ങാറില്ലെന്നും പറഞ്ഞു.
വാർത്തകളും വർത്തമാനങ്ങളും അറിയാത്ത ലോകത്തിൽ അവൾ പതിയെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചു നടന്നു. കുഞ്ഞനിയനോടൊപ്പം കളിച്ചും കടലാസു പൂക്കളുണ്ടാക്കിയും. കഴിഞ്ഞ ദിവസം അവളെന്നെ വിളിച്ചു. കുറെ നേരം കുശലം പറഞ്ഞു, ഒരു കൂട്ടുകാരിയെ പോലെ.▮